· 7 മിനിറ്റ് വായന

ലോക അൽഷിമേഴ്സ് ദിന സന്ദേശം

Geriatrics
“അൽഷിമേഴ്സ് ചികിത്സ മരുന്നുകൾക്കപ്പുറം”
?ലോക അൽഷിമേഴ്സ് ദിനമാണ് സെപ്റ്റംബർ 21. മേധാക്ഷയത്തെ കുറിച്ച് നമ്മൾക്ക് സംസാരിക്കാം എന്നതാണ് ഇത്തവണത്തെ തീം.
?ലോകത്തേറ്റവും കൂടുതല് മരുന്ന് ഗവേഷണങ്ങള് നടക്കുന്നതും, ഒന്നുംതന്നെ തൃപ്തികരമായ ഫലം തരാത്തതും ഏതുരോഗത്തെ ചെറുക്കാനാണെന്നു ചോദിച്ചാല് നിങ്ങളെന്ത് പറയും? പലരുടെയും മനസ്സില് ആദ്യമെത്തുന്നത് ‘കാന്സര്‘ ആയിരിക്കുമല്ലേ. അത് തെറ്റാണ്.
കാന്സറിനെതിരായ മരുന്ന് ഗവേഷണങ്ങള് ഭൂരിഭാഗവും വിജയകരമായതിനാൽ മിക്ക കാന്സറുകളെയും ഇന്നു നമുക്ക് ചികിത്സിച്ചു തോല്പ്പിക്കുവാൻ കഴിയുന്നത്. ഇന്ന് ആ ചോദ്യത്തിന്റെ ശരി ഉത്തരം ‘അല്ഷിമേഴ്‌സ് എന്നാണ്.
?100 ബില്യൺ ന്യൂറോണുകൾ (നാഡീകോശങ്ങൾ) തിങ്ങിവിങ്ങി പാർക്കുന്ന ഒരു ആമസോൺ വനമാണല്ലോ നമ്മുടെ തലച്ചോറ്. അതിലെ ന്യുറോണുകൾ തമ്മിൽ ആശയക്കൈമാറ്റം നടക്കുന്ന ഭാഗത്തിന്റെ പേരാണ് സിനാപ്സ്. തലച്ചോറിലെ ഭാഗങ്ങളായ ഹിപ്പോകാമ്പസ്, പ്രീഫ്രണ്ടൽ കോർട്ടക്സ് തുടങ്ങിയവയിൽ ആണ് നാം ഓർമ്മകൾ സൂക്ഷിക്കുന്നത്. ഈ ഭാഗങ്ങളിലെയും, അതുപോലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗമായ ലിമ്പിക് സിസ്റ്റത്തിലെയും, പെരുമാറ്റത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ മുൻവശത്തെ ഫ്രന്റൽ കോർട്ടക്സിലെയുമൊക്കെ ന്യൂറോണുകൾക്കും അവയുടെ സിനാപ്സുകൾക്കും ക്രമേണ നാശം സംഭവിക്കുന്ന രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മേധാക്ഷയം.
?ഡിമൻഷ്യ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. അതിൽ ഏറ്റവും പ്രധാനമാണ് അൽഷിമേഴ്സ്. (മുൻപ് ഈ അവസ്ഥയെക്കുറിച്ച് ഇൻഫോ ക്ലിനിക് എഴുതിയ ലേഖനം കമൻറ് ആയി പങ്കുവയ്ക്കാം). രക്തക്കുഴലുകളുടെ അടവ് മൂലമുണ്ടാവുന്ന വാസ്കുലർ ഡിമെൻഷ്യ, ഓർമ്മകളെക്കാൾ പെരുമാറ്റത്തെ കൂടുതൽ ബാധിക്കുന്ന ഫ്രണ്ടോ ടെമ്പൊറൽ ഡിമെൻഷ്യ (FTD) , ഭ്രമം(Hallucinations), വിറയൽ ഇവ കാണുന്ന ലൂയി ബോഡി ഡിമെൻഷ്യ ഒക്കെയാണ് മേധാക്ഷയത്തിന് പ്രാധാന കാരണങ്ങൾ.
?അൽഷിമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണം പതിയെ പതിയെ കുറയുന്ന ഓർമകളാണ്. പലരിലും വർഷങ്ങൾ എടുക്കും ലക്ഷണങ്ങൾ തന്നെ ശ്രദ്ധിച്ചു തുടങ്ങാൻ. കൂടാതെ രോഗം മൂർച്ഛിക്കുന്നതനുസരിച്ച് തലച്ചോറിന്റെ പ്രധാന കഴിവുകളെല്ലാം നശിക്കാറുണ്ട്. ഓർമ്മക്കുറവിന് പുറമേ പെരുമാറ്റത്തിലുള്ള മാറ്റം,വികാര നിയന്ത്രണം, ശ്രദ്ധ കുറവ്, സ്ഥലവും സമയവും തിരിച്ചറിയാനുള്ള കഴിവ്, കാര്യങ്ങൾ അപഗ്രഥിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്, ഒക്കെ ഇങ്ങനെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
?അൽഷിമേഴ്സ് രോഗത്തിന്റെ ചികിത്സ പ്രധാനമായും മരുന്നുകൾ വഴിയാണ്. രോഗബാധകാരണം തലച്ചോറിൽ കുറവു വരുന്ന നാഡീ സംവേദകരസങ്ങളുടെ അളവ് ക്രമീകരിക്കുന്ന മരുന്നുകളാണ് ഇതിനായി അധികവും ഉപയോഗിക്കുക. രോഗത്തിന്റെ കാരണം തടയാൻ സാധിക്കുന്നില്ല എങ്കിലും, രോഗത്തിന്റെ ഗതിവേഗം കുറയാൻ ഇത്തരം മരുന്നുകൾ കൊണ്ട് സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷേ, ഓർമയുടെ താളപ്പിഴകൾ കൂടാതെയുള്ള മറ്റു രോഗലക്ഷണങ്ങൾ കുറയ്ക്കാൻ ഈ മരുന്നുകൾ കാര്യമായി സഹായിക്കുന്നില്ല.
?കടുത്ത ഡിമൻഷ്യ രോഗമുള്ളവരിൽ, പെരുമാറ്റത്തിലും, വികാര നിയന്ത്രണത്തിലും കാര്യമായ മാറ്റങ്ങൾ കാണാറുണ്ട് എന്ന് സൂചിപ്പിച്ചല്ലോ! രോഗികൾക്കും അതുപോലെ രോഗികളെ പരിചരിക്കുന്നവർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണിത്. Behavioral and psychological symptoms of dementia (BPSD) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഏകദേശം 90 ശതമാനം ആളുകളിലും അവരുടെ രോഗ കാലയളവിൽ എപ്പോഴെങ്കിലും ഈ ലക്ഷണങ്ങൾ ഏതെങ്കിലും തരത്തിൽ ഉണ്ടാവാറുണ്ട്. അമിതമായ ദേഷ്യം, വിഷാദം, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, വിഭ്രാന്തി, വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന അവസ്ഥ, വസ്ത്രങ്ങൾ കൃത്യമായി ധരിക്കാതിരിക്കുക, പഴയതും ഉപയോഗ ശൂന്യമായ വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുക, പെരുമാറ്റ വൈകല്യങ്ങൾ ഇവയൊക്കെ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളപ്പോൾ രോഗിയായ വ്യക്തിക്ക് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
?മരുന്നു ചികിത്സ പലപ്പോഴും ഈ ലക്ഷണങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാക്കാറില്ല. ഉറക്കം ശരിയാവാനും , ദേഷ്യം വിഷാദം , വിഭ്രാന്തി, ഇവ നിയന്ത്രിക്കാനും മാനസികാരോഗ്യ ഔഷധങ്ങൾ കുറച്ചൊക്കെ സഹായിക്കാറുണ്ട്. എന്നാൽ പ്രായമായവരിൽ ഈ മരുന്നുകളുടെ പാർശ്വഫല സാധ്യതയും കൂടുതലാണ്. ഈ അവസ്ഥയെ കൂടുതൽ മികച്ചതായി പരിചരിക്കാൻ സഹായിക്കുന്ന ചില ചികിത്സകളുണ്ട്. അവയെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയാൻ ആഗ്രഹിക്കുന്നത്. ഇതിൽ പലതും വ്യക്തിയെ പരിചരിക്കുന്നവർക്ക് കാര്യമായ പരിശീലനം ഇല്ലാതെതന്നെ പഠിക്കാനും നടപ്പിലാക്കാനും പറ്റുന്നതും , ചെലവു ചുരുങ്ങിയതുമാണ്. അതിനായി കുറച്ചു സമയവും താൽപര്യവും ഉണ്ടാകണമെന്ന് മാത്രം. രോഗമുള്ള വ്യക്തിയുടെയും അതുപോലെ പരിചരിക്കുന്നവരുടെയും ബുദ്ധിമുട്ടുകൾ നല്ല രീതിയിൽ ഇത്തരം ചികിത്സകൾ വഴി കുറയാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
1. ചുറ്റുപാടുകളിലെ ക്രമീകരണം
A. വിസ്താരവും വായുസഞ്ചാരമുള്ള മുറി, ആവശ്യത്തിന് പ്രകാശം നൽകുന്ന രീതിയിൽ ക്രമീകരിക്കണം.
B. മുറിയിലേക്ക് കയറാനുള്ള ഭാഗത്ത് സ്റ്റെപ്പുകളും മറ്റും ഒഴിവാക്കണം.
C. പിടിച്ചുനിൽക്കാനും ,എണീക്കാനും സഹായിക്കുന്ന രീതിയിലുള്ള റെയിലുകൾ ക്രമീകരിക്കുന്നത് വീഴ്ചകൾ ഒഴിവാക്കാൻ സഹായിക്കും.
D. മുറികളിലും ചുറ്റുപാടും പെട്ടെന്ന് പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കണം. അതുപോലെ രോഗിയെ പരിചരിക്കുന്നവർ കൂടെക്കൂടെ മാറുന്നതും ഒഴിവാക്കണം.
E. വസ്തുക്കളും മറ്റും കൃത്യമായി മാർക്ക് ചെയ്ത് വെക്കുന്നത് അവ കണ്ടെത്താൻ അവരെ സഹായിക്കും.
F. മുറിയിലും നടക്കുന്ന വഴികളിലും തട്ടി വീഴാൻ സാധ്യതയുള്ള ഉപകരണങ്ങളും, മറ്റു വസ്തുക്കളും ഒഴിവാക്കണം.
G. സമയത്തെ കുറിച്ചും , സ്ഥലത്തെ കുറിച്ചും ഇടക്ക് ഓർമ്മിപ്പിക്കുന്നത് ( reorientation therapy)
2. സി.എസ്.ടി ചികിത്സ :- Cognitive Stimulation Therapy ( CST)
ഡിമൻഷ്യ ചികിത്സയ്ക്കു മരുന്നുകൾക്കപ്പുറം ഏറ്റവുമധികം ശാസ്ത്രീയ പിന്തുണയുള്ള ഒരു ചികിത്സാരീതിയാണ് സി എസ് ടി. NICE അടക്കം ഈ ചികിത്സ റെക്കമെൻറ് ചെയ്യുന്നുണ്ട്. നമ്മുടെ ധാരണ ശേഷിയെ വർധിപ്പിക്കുന്ന ചില പരിശീലന മുറകൾ തുടക്കത്തിൽ ഒരു ട്രെയിനറുടെ സഹായത്തോടുകൂടിയും, അതിനുശേഷം പരിചരണം നൽകുന്നവർക്കും ചെയ്യുവാൻ സാധിക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആണ് ആദ്യകാലങ്ങളിൽ ഈ പരിശീലനം നടത്തുന്നത്. വാക്കുകൾ കണ്ടുപിടിക്കുക, പ്ലെയിങ് കാർഡ്( ചീട്ട്) ഉപയോഗിച്ചുള്ള ഗെയിംസ്, വ്യത്യാസങ്ങൾ കണ്ടുപിടിക്കുക, രൂപത്തിലുള്ള മാറ്റം തിരിച്ചറിയുക, പസ്സിൽ രൂപത്തിലുള്ള ഗെയിമുകൾ , പ്രശ്നോത്തരി ഇവയൊക്കെ ഇതിനായി ഉപയോഗിക്കാറുണ്ട്. വീട്ടിലാണെങ്കിൽ, പല തരത്തിലുള്ള മുത്തുകൾ വേർതിരിക്കുക, മുത്തുകൾ കോർക്കുക, പയറും മഞ്ചാടിയും വേർതിരിക്കുക, വ്യത്യസ്ത രൂപങ്ങൾ വരക്കുക, വസ്തുക്കൾ കണ്ട് പിടിക്കുക, ഇവ ചെയ്യാൻ പറ്റും. വ്യക്തികളുടെ ചിന്തിക്കാനുള്ള കഴിവും, ധാരണ ശേഷിയും, ഓർമ്മയും ഒക്കെ നിലനിർത്താൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കും.
3. വാലിഡേഷൻ തെറാപ്പി
ഡിമൻഷ്യ ഉള്ളവരുടെ പല പെരുമാറ്റ പ്രശ്നങ്ങളും അവർക്ക് ആഗ്രഹിക്കുന്ന കാര്യം കൃത്യമായി സംവദിക്കാൻ സാധിക്കാത്തതുകൊണ്ട് ഉണ്ടാവുന്നതാണ് എന്നതാണ് ഈയൊരു ചികിത്സാ രീതിയുടെ അടിസ്ഥാന തത്വം. ഇവരുമായി ശരിയായ രീതിയിൽ സംവദിക്കുന്നതിലൂടെ അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനും പല പെരുമാറ്റ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. തന്മയിഭാവത്തൊടും, കരുതലോടും കൂടി ഇവരെ കേൾക്കുക, ഇതിലെ ഏറ്റവും പ്രധാനഭാഗം. അതുപോലെ വഴക്കു പറച്ചിലും ദേഷ്യപ്പെടലും കുറച്ച് ഇവരുടെ ആവശ്യം എന്തെന്ന് ചോദിച്ചറിയുകയും അതനുസരിച്ച് കാര്യങ്ങൾ ചെയ്യുകയും വേണം. ഉദാഹരണത്തിന് എപ്പോഴും പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്ന വ്യക്തിയെ ആണ് നിങ്ങൾ പരിചരിക്കുന്നതെങ്കിൽ, ഇവർ പുറത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നത് പല കാരണങ്ങൾ കൊണ്ടാവാം. ആരോടെങ്കിലും സംസാരിക്കാൻ, മൂത്രം ഒഴിക്കാൻ, അല്ലെങ്കിൽ പുറത്ത് ചുമ്മാ ഇരിക്കാൻ.. അവരെ വഴക്ക് പറഞ്ഞാല് പലപ്പോഴും തിരിച്ച് ദേഷ്യപ്പെടാൻ സാധ്യതയുണ്ട്. അതിനുപകരം അവരുടെ ആവശ്യം ചോദിച്ചറിഞ്ഞ് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. അതുവഴി സംഘർഷങ്ങൾ ഒഴിവാക്കാം.
4. Reminiscence Therapy (അനുസ്മരണ ചികിത്സ).
ഡിമൻഷ്യ ഉള്ളവരിൽ പുതിയ ഓർമ്മകളുടെ രൂപീകരണമാണ് ആദ്യകാലങ്ങളിൽ നഷ്ടപ്പെടുക. രോഗം കൂടുന്നതനുസരിച്ച് പഴയ ഓർമ്മകളും പതിയെപതിയെ നഷ്ടപ്പെടാം. ഇവരെക്കൊണ്ട് ജീവിതത്തിലെ പഴയകാല സംഭവങ്ങളും, ഓർമ്മകളും പറയിപ്പിക്കുന്ന ഒരു രീതിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒരുമിച്ചിരുത്തിയാണ് പലപ്പോഴും ഈ ചികിത്സ നൽകുക. അതുവഴിയായി പല വ്യക്തികളുടെ ജീവിതാനുഭവങ്ങളും, കഥകളും ഇവർക്ക് കേൾക്കാൻ സാധിക്കും. പ്രത്യേക സ്ഥലവുമായോ സംഭവുമായോ അല്ലെങ്കിൽ ഏതെങ്കിലും മണം, നിറം ഇവയുമായി ബന്ധപ്പെട്ട ഓർമ്മകളോ ഓർത്തെടുപ്പിക്കാൻ ശ്രമിക്കാം. വളരെ കടുത്തതല്ലാത്ത ഓർമ്മക്കുറവ് ഉള്ളവരിൽ ഈ ചികിത്സാരീതി നല്ല റിസൾട്ട് തരാറുണ്ട്.
5. ജീവിതചര്യ ക്രമീകരണങ്ങൾ.
പ്രായത്തിനും, ആരോഗ്യശേഷിക്കും അനുസരിച്ചുള്ള കൃത്യമായ വ്യായാമം, പോഷകം നിറഞ്ഞ ഭക്ഷണക്രമം, രക്തസമ്മർദ്ദം, പ്രമേഹം ഇവ നിയന്ത്രിച്ചു നിർത്തുന്നത്, പുകവലി നിർത്തുന്നത് , ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കുന്നത് ഇവയൊക്കെ ഡിമൻഷ്യ വേഗം ഗുരുതരമാകുന്നത്‌ തടയാൻ സഹായിക്കും. കൃത്യമായ വ്യായാമം ശാരീരിക പ്രവർത്തനങ്ങൾക്ക് വേണ്ട ആരോഗ്യവും പ്രധാനം ചെയ്യുന്നു. വ്യായാമത്തിൽ ഏർപ്പെടുന്ന അൾഷിമേഴ്സ് ബധിതർക്ക് കൂടുതൽ കാലം ചലതാത്മകമാക്കാൻ സാധിക്കും. പ്രതിവാരം 30 മിനുറ്റ് മുതൽ 60 മിനുറ്റ് വരെ നീളുന്ന 2 – 3 സെഷനുകൾ ആണ് അനുയോജ്യം. നടത്തം, പേശിബലം വർദ്ധിപ്പിക്കാൻ ഉള്ള വ്യായാമങ്ങൾ, ശാരീരിക ക്ഷമത കൂട്ടുവാനുള്ള വ്യായാമങ്ങൾ എല്ലാം രോഗത്തിന്റെ സ്ഥിതി അനുസരിച്ചും അപകടരഹിതമായും ചെയ്യുന്നതിന് ശുശ്രൂഷകന് രോഗബാധിതനായ വ്യക്തിയെ സഹായിക്കാവുന്നതാണ്.
6. Multi sensory തെറാപ്പി.
പലതരത്തിലുള്ള സെൻസേഷൻസ് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്. മ്യൂസിക് തെറാപ്പി, അരോമ തെറാപ്പി ( വിവിധ മണങ്ങൾ) , പലതരം ശബ്ദങ്ങൾ, കാഴ്ചകൾ, രുചികൾ ഒക്കെ ഇതിനായി ഉപയോഗിക്കാറുണ്ട്. വിശ്രമരഹിതരും പ്രകോപിതരും ആകുന്ന രോഗബാധയുള്ള വ്യക്തികളിൽ ഇവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. വിവിധ ഉദ്ദീപനങ്ങൾ നൽകുക വഴി തലച്ചോറിനെ ഉണർത്തി നിർത്തുകയും,തമ്മിൽ വേർതിരിച്ചറിയാൻ പ്രാപ്തരാക്കുകയുമാണ് ചെയ്യുന്നത്. ഈ മാർഗങ്ങൾക്ക് വലിയ പഠനങ്ങളുടെ പിന്തുണ ഇല്ലെങ്കിലും കേസ് റിപ്പോർട്ടുകൾ , ചെറിയ പഠനങ്ങൾ ഇവയൊക്കെ പോസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന മുറികളുണ്ട് (Snoezelen Room).
7. പരിചരണം നൽകുന്നവർക്ക് വേണ്ടിയുള്ള സേവനങ്ങൾ.
ഡിമൻഷ്യ ബാധിച്ച ഒരു വ്യക്തിക്ക് പരിചരണം നൽകുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണ്. ഇവരുടെ പല തരത്തിലുള്ള പെരുമാറ്റം പ്രശ്നങ്ങളും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും പരിചരണം നൽകുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. കാര്യങ്ങൾ പോസിറ്റീവ് ആയി എടുത്ത പലർക്കും ഇത് അനുഭവങ്ങളുടെ ഖനി തന്നെ ലഭിക്കുന്ന ഒന്നാണ്. എങ്കിലും, പ്രകോപന സ്വഭാവത്തിന്റെ ഭാഗമായ തർക്കങ്ങളും, വഴക്കും, മോശം വാക്കുകളുടെ ഉപയോഗവും വിശ്രമരഹിതത്വവും ശ്രുശ്രൂഷകന് പലപ്പോഴും വിഷമം ഉണ്ടാകാനും, മടുപ്പ് തോന്നാനും ഇടയാക്കും.
അതുകൊണ്ട് തന്നെ കെയർ നൽകുന്നവരുടെ ശാരീരികവും മാനസികവും ആയിട്ടുള്ള ആരോഗ്യം നിലനിർത്താൻ വേണ്ട മാർഗ്ഗങ്ങളും ഡിമെൻഷ്യ ചികിത്സയുടെ ഭാഗം ആകണം. രോഗമുള്ള വ്യക്തിയുടെ പ്രകോപനസ്വഭാവവും വിശ്രമരഹിതത്വവും നേരിടുന്നതിന് പരിശീലന സൗകര്യം തേടുന്നത് ശുശ്രൂഷകനെ വലിയ അളവിൽ സഹായിക്കും. സപ്പോർട്ട് ഗ്രൂപ്പുകളും മറ്റും ഇതിന് സഹായിക്കും.
മരുന്നു ചികിത്സ പലപ്പോഴും ഡിമൻഷ്യ രോഗികൾക്ക്‌ ലഭിക്കാറുണ്ടെങ്കിലും, മുകളിൽ പ്രതിപാദിച്ച തരത്തിലുള്ള സേവനങ്ങൾ കിട്ടാറില്ല. രോഗ ലക്ഷണങ്ങൾ കുറയുന്നതിനും, രോഗിയുടെ അവസ്ഥ മോശമാകാതെ സൂക്ഷിക്കുന്നതിനും, അതോടൊപ്പം പെരുമാറ്റ പ്രശ്നങ്ങൾ കുറയാനും അതുവഴി നല്ല ക്വാളിറ്റിയുള്ള ജീവിതം ഉറപ്പിക്കാനും ഇത്തരം ചികിത്സകൾക്ക് സാധിക്കും. ചെറിയ പരിശീലനം വഴിയായി വ്യക്തിയെ പരിചരിക്കുന്നവർക്ക് ഇവ പഠിച്ചെടുക്കാൻ സാധിക്കും. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കനുള്ള നടപടികൾ ഉണ്ടാകണം. അതുവഴി ഡിമെൻഷ്യ രോഗത്തെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് കഴിയും.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ