· 3 മിനിറ്റ് വായന

അനസ്തേഷ്യക്കും ഉണ്ടോ ജാതിയും മതവും

Anaesthesia
അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്നൊരു ന്യൂസുണ്ട്. സംഗതിയുടെ ശാസ്ത്രം ആദ്യം പറയാം.
അനസ്തേഷ്യ എന്ന് പറയുന്നത് ഒരു ഒറ്റ മരുന്നോ വാതകമോ തന്ന് ഉറക്കിക്കിടത്തുന്ന ഏർപ്പാടല്ല. പൂർണമായും ബോധരഹിതമാക്കുന്ന ജനറൽ അനസ്തേഷ്യയിൽ രോഗിയുടെ ശ്വസന പ്രക്രിയ സ്വാഭാവികമായി നടക്കില്ല. ശ്വാസനാളിയിലേക്ക് ഒരു ട്യൂബ്, എൻഡോട്രക്കിയൽ ട്യൂബ് കടത്തി അതുവഴി ആണ് ശ്വാസം നൽകുക. ഈ ട്യൂബ് ഇടുന്ന പ്രക്രിയ ആണ് ഇൻട്യുബേഷൻ.
ഇതിന് മുൻപ്, ബോധം കെടുത്തുന്ന മരുന്നുകൾക്കൊപ്പം പേശികളുടെ ബലം ഇല്ലാതാക്കി ഇൻട്യുബേഷൻ സുഗമമാക്കാൻ മസിൽ റിലാക്സൻ്റ്സ് എന്ന തരം മരുന്നുകൾ നൽകും. ഈ മസിൽ റിലാക്സൻ്റ് മരുന്നുകൾ, വളരെ കുറച്ച് നേരം മാത്രം ഇഫക്ട് ഉണ്ടാക്കുന്നവയും, കൂടുതൽ നേരം ഇഫക്ട് ഉണ്ടാക്കുന്നവയും ഉണ്ട്.
ഇൻട്യുബേഷൻ സുഗമമാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു മരുന്നാണ് സക്സിനൈൽ കൊളിൻ. ഈ മരുന്ന് കുറച്ചു സമയം മാത്രം പ്രവർത്തിക്കുന്ന ഒന്നാണ്. ഇതിനെ വിഘടിപ്പിക്കുന്ന എൻസൈം മരുന്നിൻമേൽ പ്രവർത്തിച്ച്, വിഘടിപ്പിക്കപ്പെട്ട് പോകുന്നതോടെ അതിന്റെ പ്രവർത്തനം അവസാനിക്കുന്നു. ഈ എൻസൈമിൻ്റെ അളവ് അപൂർവമായി ചില ആളുകളിൽ കുറവായിരിക്കും. ബ്യൂട്ടൈറൈൽകോളിൻ എസ്റ്ററേസ് എന്ന എൻസൈമിൻ്റെ കുറവ് ജനിതകപരമായ പ്രശ്നം മൂലം ഉണ്ടാകുന്നതാണ്. ജനിതകപരമായ ഈ പ്രത്യേകത ഉള്ളവരിൽ സക്സിനൈൽ കൊളിൻ മരുന്നിന്റെ പ്രവർത്തന ദൈർഘ്യം സാധാരണയിൽ കൂടുതൽ ആയിരിക്കും. സ്വജാതി വിവാഹങ്ങൾ വളരെ കർശനമായി നടപ്പാക്കുന്ന താരതമ്യേന ജനസംഖ്യ കുറഞ്ഞ സമുദായങ്ങളിൽ ജനിതകപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. ഈ എൻസൈമിൻ്റെ കുറവ് ഇന്ത്യയിൽ പൊതുസമൂഹത്തെ അപേക്ഷിച്ച് വൈശ്യ സമുദായ അംഗങ്ങളിൽ കൂടുതൽ ആണ് എന്ന് പഠനങ്ങൾ ഉണ്ട്. താരതമ്യേന വളരെ അപൂർവമായ ഈ അവസ്ഥ ഒരിക്കൽ കണ്ടെത്തപ്പെട്ടാൽ രക്തബന്ധുക്കളെ സ്ക്രീൻ ചെയ്യാൻ പരിശോധനകൾ നടത്തുവാൻ സാധിക്കും. ജനിതക പരിശോധനകളും അല്ലാത്ത പരിശോധനകളും ലഭ്യമാണ്.
ഇങ്ങനെ സംഭവിക്കുന്ന സാഹചര്യം അപകടകരമാണോ? സാധാരണ പ്രതീക്ഷിക്കുന്നതിലുമപ്പുറം സക്സിനൈൽ കൊളിൻ്റെ പ്രവർത്തനം നീണ്ടുപോയാൽ സ്വാഭാവിക ശ്വസനം വീണ്ടെടുക്കാൻ താമസം നേരിടും. സക്സിനൈൽ കൊളിൻ അപ്നിയ എന്ന ഈ അവസ്ഥ എത്രത്തോളം സമയം നീണ്ടുനിൽക്കും എന്നത് എൻസൈമിൻ്റെ കുറവ് എത്രത്തോളം എന്നതിന് ആനുപാതികമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ സ്വയം ശ്വസിക്കാനുള്ള കഴിവ് തിരികെ ലഭിക്കും വരെ രോഗിയ്ക്ക് വെന്റിലേറ്ററിൻ്റെ സഹായം ആവശ്യമായി വരും. പുറമേ നിന്ന് എൻസൈം ലഭ്യമാക്കാനുള്ള ചികിത്സ എന്ന നിലയിൽ രക്തഘടകമായ പ്ലാസ്മ നൽകാനാകും.
പലതരം മരുന്നുകളുടെ ലഭ്യത, ഇൻട്യുബേഷൻ സുഗമമാക്കാൻ വിവിധതരം ഉപകരണങ്ങളുടെയും ടെക്നിക്കുകളുടെയും ഉപയോഗം ഒക്കെ വന്നതോടെ പൊതുവേ സാധാരണ ഗതിയിൽ സക്സിനൈൽ കൊളിൻ ഉപയോഗിക്കുന്നത് തന്നെ കുറഞ്ഞു വരുന്നുണ്ട്. എങ്കിൽ തന്നെയും അടിയന്തര ഘട്ടങ്ങളിൽ ഇൻട്യുബേഷൻ എളുപ്പമാക്കുന്ന, ഒരു ജീവൻരക്ഷാ മരുന്നുമാണ് അത്.
ഇത്തരം ഒരു സംഗതിയെക്കുറിച്ച് സാധാരണ ജനം ഭയപ്പെടേണ്ടതുണ്ടോ? വളരെ അപൂർവമായി മാത്രം കാണുന്ന ഒരു സങ്കീർണതയാണ് സക്സിനൈൽ കൊളിൻ അപ്നിയ. വൈശ്യ സമുദായാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനസ്തേഷ്യ പൂർവ്വപരിശോധന സമയത്ത് ഈ വിവരം ചോദ്യാവലിയിൽ ഉൾപ്പെടുത്താറുണ്ട്. മുൻപൊരിക്കൽ സക്സിനൈൽ കൊളിൻ അപ്നിയ സംഭവിച്ച ആളുകളോട്, വീണ്ടും ശസ്ത്രക്രിയക്ക് വിധേയരാകുകയാണെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം എന്ന് നിർദേശിക്കുകയും, മെഡിക്കൽ റെക്കോഡുകളിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരം ആളുകളുടെ രക്തബന്ധുക്കളെ ആവശ്യമായ പക്ഷം സ്ക്രീൻ ചെയ്യുന്നതിന് ചില ലബോറട്ടറി പരിശോധനകളും ലഭ്യമാണ്. ഇത്തരം റിസ്ക് കൂടുതൽ ഉള്ളവരിൽ സ്വാഭാവികമായും സക്സിനൈൽ കൊളിൻ ഉപയോഗിക്കുന്നത് ഒഴിവാക്കും.
ജനിതകപരമായ പ്രത്യേകതകൾ പല മരുന്നുകളുടെയും പ്രവർത്തനത്തെ സ്വാധീനിക്കാറുണ്ട്. അത് അനസ്തേഷ്യയിൽ ഉപയോഗിക്കുന്ന മരുന്നുകളാകണം എന്നുമില്ല.
ഒരേ പ്രവർത്തനം നിർവഹിക്കുന്ന നിരവധി മരുന്നുകളിൽ ഓരോ രോഗിയുടെയും രോഗാവസ്ഥയ്ക്കും ശാരീരിക പ്രത്യേകതകൾക്കുമനുസരിച്ച് ഓരോ ശസ്ത്രക്രിയക്കും വേണ്ട വണ്ണമുള്ള മരുന്നുകൾ തെരഞ്ഞെടുത്തു നൽകുക എന്നതാണ് അനസ്തേഷ്യ ഡോക്ടറുടെ ഒരു പ്രധാന ജോലി.
സക്സിനൈൽ കൊളിൻ ഉപയോഗിക്കുമ്പോൾ അപൂർവമെങ്കിലും സക്സിനൈൽ കൊളിൻ അപ്നിയ എന്ന സാധ്യത ഉണ്ട്. ഇപ്പറഞ്ഞ കാര്യത്തെ കുറച്ചധികം സ്തോഭജനകമായും തരക്കേടില്ലാതെ വളച്ചൊടിച്ചും എഴുതി വന്നപ്പോൾ സാമാന്യ ജനത്തിന് ഭയവും, ജാതി അനുസരിച്ച് പലതരം അനസ്തേഷ്യ കൊടുക്കുമോ എന്നൊരു സംശയവും ജനിപ്പിക്കും മട്ടിലായി എന്നതാണ് വാസ്തവം.
എപ്പോഴും ഓർത്തിരിക്കേണ്ട വളരെ പ്രാധാന്യമുള്ള പൊതുവായ ഒരു കാര്യം കൂടി ചേർക്കുന്നു.
ചില ജീനുകളിലുള്ള വ്യതിയാനങ്ങളാണ് പല ജനിതക രോഗങ്ങളുടെയും കാരണം. മനുഷ്യരിൽ ഓരോ കോശത്തിലും 23 ജോഡി ക്രോമോസോമുകളിലായി 20,000 ഓളം ജോഡി ജീനുകളുണ്ട്. ഒരു ജോഡി ജീൻ എന്നാൽ അമ്മയിൽ നിന്നു കിട്ടുന്ന ഒന്നും അച്ഛനിൽ നിന്നു കിട്ടുന്ന ഒന്നും. ഈ 20,000 ജോഡിയിൽ ഒരു ജീനിൽ വരുന്ന വ്യതിയാനമാണ് ഇവിടെ പറഞ്ഞ പ്രശ്നത്തിന് ആധാരം. ആ പ്രത്യേക ജീനുകളിൽ രണ്ടിലും വ്യതിയാനമുണ്ടായാലാണ് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാകുന്നത്. അച്ഛനും അമ്മയ്ക്കും ഓരോ ജീനിൽ മാത്രം വ്യതിയാനം ഉണ്ടാവുകയും (അവർക്ക് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാവുകയില്ല, കാരണം ജോഡിയിലെ മറ്റേ ജീൻ നോർമൽ ആണ്, ചിലപ്പോൾ വളരെ മൈൽഡ് ആയ രീതിയിൽ ഉണ്ടായി എന്നും വരാം) വ്യതിയാനമുളള രണ്ട് ജീനും കുഞ്ഞിന് ലഭിക്കുകയും ചെയ്താൽ കുഞ്ഞിന് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാകും. വിവാഹം സ്വജാതിയിൽ മാത്രമായി ഒതുക്കുമ്പോളാണ് ഇത്തരം പ്രശ്നങ്ങൾ തലമുറകൾ കൈമാറി നിലനിൽക്കുന്നത്.
ലേഖകർ
Dr Pallavi Gopinathan. MBBS MD DNB Anaesthesiology. Graduated from government medical college Kottayam. Did post graduation in Anaesthesiology from government medical college Thrissur. Presently working as junior consultant anaesthesiologist in Kerala health services. Areas of interest are promotion of scientific temper, public health and strengthening of health services in public sector.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ