· 5 മിനിറ്റ് വായന

അനസ്തേഷ്യയും റിസ്കും.

Anaesthesia
?വേദനയില്ലാത്ത ശസ്ത്രക്രിയ എന്ന വലിയ പുരോഗതി മനുഷ്യരാശിക്ക് സമ്മാനിച്ചതിന്റെ ഓർമദിവസമാണ് ഇന്ന്, ഒക്ടോബർ 16 – ലോക അനസ്തേഷ്യ ദിനം.
?അനസ്തേഷ്യ എന്ന വിഷയത്തിൽ പൊതുവിൽ ഒരുപാട് മിഥ്യാധാരണകൾ ജനങ്ങൾക്കിടയിൽ ഉണ്ട്.
?അനസ്തേഷ്യ സമം മയക്കുവിദ്യ എന്നത് തെറ്റിദ്ധാരണയാണ്.
?മറ്റേതൊരു സ്പെഷ്യാലിറ്റിയെയും പോലെ തന്നെ മോഡേൺ മെഡിസിന്റെ ഭാഗമായ ഒരു ശാസ്ത്ര ശാഖയാണ് അനസ്തേഷ്യോളജി. മോഡേൺ മെഡിസിൻ പഠനത്തിന് ശേഷം അനസ്തേഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു ഡോക്ടറാണ് അനസ്തേഷ്യ നൽകുക. അനസ്തേഷ്യ ടീമിൽ പരിശീലനം സിദ്ധിച്ച പാരാമെഡിക്കൽ സ്റ്റാഫ് ആയ അനസ്തേഷ്യ ടെക്നീഷ്യൻസ്, തീയറ്റർ ടെക്നീഷ്യൻസ് മുതലായവരും ഉണ്ടാകും.
?വേദനസംഹാരികൾ , ബോധം മറയ്ക്കുന്ന മരുന്നുകൾ , അനസ്തേഷ്യ വാതകങ്ങൾ തുടങ്ങി അനസ്തേഷ്യയിൽ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് എല്ലാം തന്നെ കൃത്യമായ പഠനവും, നിരന്തരമായ തുടർഗവേഷണങ്ങളും ഉണ്ട്. ടെക്നോളജിയുടെ ഏറ്റവും പുതിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു ഇടം കൂടിയാണ് അനസ്തേഷ്യ പ്രാക്ടീസ്.
ചുരുക്കത്തിൽ മന്ത്രവാദവും മയക്കുമരുന്നുമൊന്നുമല്ല, സയൻസും ടെക്നോളജിയും ആണ്.
❓അനസ്തേഷ്യ ഭയങ്കര റിസ്കല്ലേ എന്നതാണ് ഒരു പൊതു ആശങ്ക.
?ഏത് മെഡിക്കൽ പ്രോസീജ്യറിനും റിസ്ക് ഉണ്ട്. അനസ്തേഷ്യയ്ക്കും സർജറിക്കും ഉള്ള റിസ്കിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അത് രോഗാവസ്ഥ, രോഗിയുടെ പൊതുവായ ആരോഗ്യ നില തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഏറിയും കുറഞ്ഞും ഇരിക്കും. ഈ റിസ്കിനെക്കുറിച്ച് അനസ്തേഷ്യയ്ക്കു വിധേയരാകുന്നവരെപ്പോലെ തന്നെ ജാഗ്രതയുള്ളവരാണ് അനസ്തേഷ്യ ടീമും.
✅ഒരു വ്യക്തിക്ക് ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടി വരുന്ന അനസ്തേഷ്യ ഏതു തരത്തിൽ പെട്ടതാണ് എന്നത് തീരുമാനിക്കുന്നത്, ആ ഓപ്പറേഷന് ഏത് തരം അനസ്തേഷ്യ ആണ് ആവശ്യം, ആ വ്യക്തിയുടെ നിലവിലെ ശാരീരികാവസ്ഥ, ഓപ്പറേഷൻ നടത്തുന്ന ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ, സുരക്ഷിതത്വം തുടങ്ങി വിവിധ വശങ്ങൾ പരിഗണിച്ച ശേഷമാണ്.
✅അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളോട് വിവിധ വ്യക്തികളുടെ ശരീരങ്ങൾ പ്രതികരിക്കുന്നത് വ്യത്യസ്ത തരത്തിലാകാം.
?ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ഉദാഹരണം. അപൂർവമായി മരുന്നുകളോടുള്ള അലർജി, അതിനെത്തുടർന്നുള്ള അനാഫിലാക്സിസ് തുടങ്ങിയ സങ്കീർണതകൾ സംഭവിക്കാം.
?റീജിയണൽ അനസ്തേഷ്യയ്ക്കു ഉപയോഗിക്കുന്ന ബ്ലോക്കുകൾ മുതലായവ ചെയ്യുമ്പോൾ സങ്കീർണതകൾ ഉണ്ടാകാം.
?ഈ സങ്കീർണതകൾ പരമാവധി മുൻകൂട്ടി കണ്ടുകൊണ്ട് വേണ്ട കരുതലുകൾ എടുത്താൽ പോലും അപ്രതീക്ഷിതമായ സങ്കീർണതകൾക്ക് സാധ്യത എപ്പോഴുമുണ്ട്.
?അതുകൊണ്ട് തന്നെ പലപ്പോഴും അനസ്തേഷ്യയെ വിമാനഗതാഗതത്തോട് ഉപമിക്കാറുണ്ട്. അത്രത്തോളം ശ്രദ്ധ ആവശ്യപ്പെടുന്ന, സൂക്ഷ്മതലങ്ങളുള്ള ഒന്നാണെന്ന് സാരം.
രോഗിയുടെ വിവിധ അവയവ വ്യവസ്ഥകൾ എത്രത്തോളം രോഗാതുരമാണോ അതിനനുസരിച്ച് അനുബന്ധ റിസ്കുകളും കൂടുന്നു.
❓റിസ്ക് നിർണയം
?അമേരിക്കൻ സോസൈറ്റി ഓഫ് അനസ്തേഷ്യോളജിയുടെ ഒരു തരംതിരിക്കൽ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ ഒരു രോഗിയിൽ അനസ്തേഷ്യയുടെ പൊതുവായ റിസ്ക് കണക്കാക്കാറ്.
?ഈ തരംതിരിവ് അനുസരിച്ച് ഏറ്റവും റിസ്ക് കുറവുള്ളവരെ ASA 1 എന്ന് രേഖപ്പെടുത്തുന്നു. അതിനർത്ഥം അവർക്ക് മറ്റസുഖങ്ങൾ ഇല്ല എന്നാണ്.
?അടുത്ത പടി ASA 2 . നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ, മറ്റസുഖങ്ങൾ ഒന്നുമില്ലെങ്കിലും നിങ്ങൾ 2 ലാണ് ഉൾപ്പെടുക. മറ്റസുഖങ്ങൾ ഇല്ലാത്ത ഗർഭിണികൾ 2 ലാണ് ഉൾപ്പെടുക, അതിനർത്ഥം അവർക്ക് സാധാരണ ആളുകളെക്കാൾ ഒരു പടി കൂടി അധികം റിസ്ക് ഉണ്ട് എന്നാണ്. അസുഖങ്ങൾ, അവയുടെ തീവ്രത, ശാരീരിക ക്ഷമതക്കുറവ് ഇതൊക്കെ അനുസരിച്ച് റിസ്ക് കൂടുതലായി വരും.
?ASA 1 എന്ന് നിർവചിച്ചിരിക്കുന്ന ആളുകളിൽ തന്നെയും ഗുരുതരാവസ്ഥകൾ സംഭവിക്കാം. അതുകൊണ്ടുതന്നെ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുൻപ് ശസ്ത്രക്രിയയെക്കുറിച്ചും അനസ്തേഷ്യയെക്കുറിച്ചും അതിന്റെ ഭാഗമായി ഉണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും മനസിലാക്കിയിരിക്കുകയും, സമ്മതപത്രം പൂർണമായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം ശസ്ത്രക്രിയക്ക് സമ്മതം നൽകുകയും വേണം.
✅കാലങ്ങളായി ഈ ശാസ്ത്ര ശാഖയിൽ നടക്കുന്ന ഗവേഷണങ്ങളിൽ ഭൂരിഭാഗവും രോഗികളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ മുൻപെന്നത്തെക്കാളും സുരക്ഷിതമാണ് അനസ്തേഷ്യ എന്ന് പൊതുവായി പറയാം. കൂടുതൽ മെച്ചപ്പെട്ട മരുന്നുകൾ, പല തലങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള പുതിയ അനസ്തേഷ്യ വർക്സ്റ്റേഷനുകൾ ഒക്കെ അനസ്തേഷ്യയുടെ ദൈനംദിന പ്രാക്ടീസ് കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. നിരന്തരമായ നിരീക്ഷണത്തിനുള്ള സാങ്കേതിക ഉപകരണങ്ങൾഅതിലൊരു വലിയ പങ്ക് വഹിക്കുന്നുണ്ട്.
✅പൾസ് ഓക്സിമീറ്റർ എന്ന കുഞ്ഞനുപകരണമാണല്ലോ ഇപ്പോൾ താരം. വെന്റിലേറ്റർ സൂപ്പർസ്റ്റാർ പദവിയിലും. ഈ ഉപകരണങ്ങളെല്ലാം അടിസ്ഥാനപരമായി അനസ്തേഷ്യയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നവയാണ്.
✅നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയിലൊക്കെയും പുതിയ പരിഷ്കാരങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ ഓക്സിജൻ നൽകുന്നതിനുള്ള വിവിധ ഉപകരണങ്ങൾ മുതലായവ ഈ കൊവിഡ് കാലത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി കൂടുതൽ പ്രയോജനപ്പെടുത്താനുമാകുന്നു.
?ചരിത്രത്തിലാദ്യമായി ടൈം മാഗസിന്റെ മുഖചിത്രമായി ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ ചിത്രം വന്നത് ഈ ഏപ്രിലിൽ ആയിരുന്നു.
കൊവിഡ് പിടി മുറുക്കിയ ലോകത്ത് എമർജൻസി മാനേജ്മെന്റും, വെന്റിലേറ്റർ ചികിത്സയും ആവശ്യമായി വന്ന ഓരോ ഇടത്തും അനസ്തേഷ്യ വിദഗ്ധരുടെ സേവനം പ്രധാനമാണ്.
ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ധാരാളം അനസ്തേഷ്യ വിദഗ്ധരുടെ സേവനം കൂടി ചേരുമ്പോൾ ഈ മഹാമാരിക്കാലത്ത് ലോകത്തിനായി റിസ്ക് എടുക്കാൻ ഈ ശാസ്ത്രശാഖ ഏറ്റവും മുൻ നിരയിൽ തന്നെ നിലകൊള്ളുന്നു.
ലേഖകർ
Dr Pallavi Gopinathan. MBBS MD DNB Anaesthesiology. Graduated from government medical college Kottayam. Did post graduation in Anaesthesiology from government medical college Thrissur. Presently working as junior consultant anaesthesiologist in Kerala health services. Areas of interest are promotion of scientific temper, public health and strengthening of health services in public sector.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ