ഓട്ടിസം: ജീൻസും ജീനുകളും
ചര്ച്ചകളിലും വിവാദങ്ങളിലും ഇടയ്ക്കിടെ കടന്നുവരാറുണ്ട്, ഓട്ടിസം. മാതാപിതാക്കള് ജീന്സ് ധരിച്ചാലോ സ്വയംഭോഗം ചെയ്താലോ താന്തോന്നികളാണെങ്കിലോ ഒക്കെ കുട്ടികള്ക്ക് ഓട്ടിസം വരാം എന്നൊക്കെയുള്ള വാദങ്ങള് ഈയിടെയായി രംഗത്തുണ്ട്. ഓട്ടിസം ചികിത്സയുടെ പേരില് അനേകം തട്ടിപ്പുകള് പ്രചരിക്കുന്നുമുണ്ട്. അവയ്ക്കു പിറകേ പോകുന്നത്, ഓട്ടിസം ബാധിതരായ കുട്ടികള്ക്കു തക്ക സമയത്ത് യഥാര്ത്ഥ ചികിത്സകള് ലഭിക്കാതെ പോവാനും മാതാപിതാക്കള്ക്കു ധനനഷ്ടത്തിനും ഹേതുവാകുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്, എന്താണ് ഓട്ടിസം, എന്തുകൊണ്ടാണ് അതുണ്ടാകുന്നത്, ഏതൊക്കെ ചികിത്സകള്ക്കാണ് ശാസ്ത്രീയ പിന്തുണയുള്ളത് എന്നെല്ലാമൊന്നു പരിശോധിക്കാം.
?എന്താണ് ഓട്ടിസം??
ജനനത്തോടെയോ ആദ്യമാസങ്ങളിലോ കുട്ടികളെ പിടികൂടുന്ന ഒരു പ്രശ്നമാണിത്. നൂറിലൊരാളെ വെച്ച് ഓട്ടിസം ബാധിക്കുന്നുണ്ട്. മാനസികവും ബൌദ്ധികവുമായ വളര്ച്ചയെ ഓട്ടിസം താറുമാറാക്കാം. ഇതിന്റെ ചില പതിവുലക്ഷണങ്ങള് താഴെപ്പറയുന്നവയാണ്:
? സംസാരിക്കാന് തുടങ്ങാന് വൈകുക
? കുറച്ചു മാത്രം സംസാരിക്കുക
? സംസാരിക്കുമ്പോള് മറ്റുള്ളവരുടെ മുഖത്തോ കണ്ണിലോ നോക്കാതിരിക്കുക
? ഭാവപ്രകടനങ്ങള് സാധാരണമല്ലാതിരിക്കുക
? ഒറ്റയ്ക്കിരിക്കാന് താല്പര്യമുണ്ടാവുക
? ഒരേ വാക്കുകള് നിരന്തരം പറയുക
? പ്രത്യേകിച്ച് അര്ത്ഥമൊന്നുമില്ലാത്ത ചില ചലനങ്ങള് ആവര്ത്തിച്ചുകൊണ്ടിരിക്കുക
? അപ്രധാന കാര്യങ്ങളോട് അമിത താല്പര്യം കാണിക്കുക
ഈ ലക്ഷണങ്ങള് മിക്കപ്പോഴും നേരിയ തോതിലെങ്കിലും ജീവിതകാലം മുഴുവന് നിലനില്ക്കാറുണ്ട്.
?എന്തുകൊണ്ട് അതു വരുന്നു??
കൃത്യമായ കാരണങ്ങള് വ്യക്തമല്ല. തലച്ചോറിന് ഗര്ഭാവസ്ഥയില് ഏല്ക്കുന്ന കേടുപാടുകളാണ് ഓട്ടിസത്തിനു നിദാനമാകുന്നത് എന്നാണു പൊതുവെയുള്ള വിലയിരുത്തല്. ഇത് പലകാരണങ്ങളാല് സംഭവിക്കാം.
ജനിതക വൈകല്യങ്ങള്:
ഓട്ടിസം ബാധിതരില് പതിനഞ്ചോളം ശതമാനത്തിന് ഏതെങ്കിലും ജീനിലോ ക്രോമസോമിലോ കുഴപ്പം ദര്ശിക്കപ്പെട്ടിട്ടുണ്ട്. ഫ്രജൈല് എക്സ് സിണ്ട്രോം, ട്യൂബറസ് സ്ക്ലീറോസിസ് തുടങ്ങിയ ജനിതകരോഗങ്ങള് ഉള്ളവര്ക്ക് ഒപ്പം ഓട്ടിസവും വരാന് സാദ്ധ്യത കൂടുതലുണ്ട്. ഓട്ടിസം ബാധിതരുടെ കുടുംബാംഗങ്ങളിലും അതിന്റെ ലക്ഷണങ്ങള് നേരിയ തോതില് കണ്ടുവരുന്നെന്നതും ജനിതക ഘടകങ്ങളുടെ പങ്കിനുള്ള തെളിവാണ്. മസ്തിഷ്കകോശങ്ങള് തമ്മിലുള്ള ബന്ധങ്ങളുടെയും അവയിലെ ഡി.എന്.എ.യുടെയും കെട്ടുറപ്പിനെ താറുമാറാക്കിയാകാം ജനിതക വൈകല്യങ്ങള് ഓട്ടിസത്തിനു വഴിവെക്കുന്നത്.
മറ്റു കാരണങ്ങള്:
അച്ഛന് അമ്പതോ അമ്മയ്ക്ക് മുപ്പതോ വയസ്സു കഴിഞ്ഞുണ്ടാകുന്ന കുട്ടികളില് ഓട്ടിസം കൂടുതലായി കാണുന്നുണ്ട്. ജനിതകപ്രശ്നങ്ങള്ക്കു സാദ്ധ്യതയേറുന്നതിനാലാകാം ഇത്.
ഗര്ഭവേളയില് സോഡിയം വാല്പ്രോവേറ്റ് എന്ന മരുന്നെടുക്കുന്നവര്ക്കു ജനിക്കുന്ന കുട്ടികളില് ഓട്ടിസം അമിതമായി കണ്ടുവരുന്നുണ്ട്.
പ്രസവവേളയില് ഏറെ രക്തസ്രാവമുണ്ടാവുകയോ വേണ്ടത്ര ഓക്സിജന് കിട്ടാതെ പോവുകയോ ചെയ്യുക, ജനനസമയത്ത് തൂക്കക്കുറവ് എന്നിവ ഓട്ടിസം ബാധിതരില് കൂടുതലായി കാണുന്നുണ്ട്. എന്നാല് അവ മൂലം ഓട്ടിസം വരുന്നതാണോ മറിച്ച് ഓട്ടിസം മൂലം അത്തരം ക്ലിഷ്ടതകള് സംജാതമാകുന്നതാണോ എന്നതു വ്യക്തമല്ല.
കീടനാശിനികള് അമിതമായി ഉപയോഗിക്കുന്ന പ്രദേശങ്ങളില് ഓട്ടിസം കൂടുതലാണെന്നു നിരീക്ഷണങ്ങളുണ്ട്. എന്നാല് ഇതുവെച്ച്, കീടനാശിനികള് തന്നെയാണ് അവിടങ്ങളില് ഓട്ടിസം വര്ദ്ധിക്കാന് കാരണം എന്നു സമര്ത്ഥിക്കാനാവില്ല.
വാക്സിനുകള് ഓട്ടിസമുണ്ടാക്കുമെന്ന പ്രചരണം വ്യാപകമാണെങ്കിലും അത് ശാസ്ത്രീയാടിത്തറ തീരെയില്ലാത്തൊരു വ്യാജാരോപണം മാത്രമാണ്. വയറ്റിലെ ചില ബാക്ടീരിയകള് ഓട്ടിസത്തിനു കാരണമാകാം എന്നു വാദമുണ്ടെങ്കിലും പഠനങ്ങള് അതു ശരിവെച്ചിട്ടില്ല.
?പ്രതിരോധിക്കാന്?
ഗര്ഭകാലത്ത് ചില നടപടികള് സ്വീകരിക്കുന്നത് കുട്ടിയില് ഓട്ടിസം തടയാന് സഹായിച്ചേക്കാം:
? പ്രമേഹമുണ്ടെങ്കില് നിയന്ത്രണവിധേയമാക്കുക.
? അമിതവണ്ണം വരാതെ നോക്കുക.
? പനി വന്നാല് ചികിത്സ തേടുക.
? അന്തരീക്ഷ മലിനീകരണം അധികം ബാധിക്കാതെ സൂക്ഷിക്കുക.
? ഫോളിക് ആസിഡ്, വിറ്റാമിന് ഡി, ഒമേഗ ത്രീ ഫാറ്റി ആസിഡ്, മള്ട്ടി വിറ്റാമിന് തുടങ്ങിയ ഗുളികകള് കഴിക്കുക.
പ്രസവം വിദഗ്ദ്ധമേല്നോട്ടത്തില് ആക്കുക, മതിയായത്ര കാലം മുലയൂട്ടുക, ഗര്ഭങ്ങള് തമ്മില് ഒന്നര വര്ഷത്തിന്റെ ഇടവേളയെങ്കിലും ഉറപ്പുവരുത്തുക എന്നിവയും ഫലപ്രദമാകാം.
?ചികിത്സ?
ഓട്ടിസത്തെ വേരോടെ പിഴുതുമാറ്റുകയോ അതിന്റെ ലക്ഷണങ്ങള്ക്കൊരു സമ്പൂര്ണ പരിഹാരമോ നിലവില് സാദ്ധ്യമല്ല. എന്നാല്, പരിശീലനങ്ങളും മനശ്ശാസ്ത്രചികിത്സകളും മരുന്നുകളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല് നല്ലൊരു ശതമാനം പേര്ക്കും മിക്ക ലക്ഷണങ്ങള്ക്കും ശമനം കിട്ടാറുണ്ട്. ആശയവിനിമയപാടവം മെച്ചപ്പെടുത്തുക, സ്വന്തം കാര്യങ്ങള് നോക്കാന് പ്രാപ്തി വരുത്തുക, പെരുമാറ്റപ്രശ്നങ്ങള് ലഘൂകരിക്കുക, പഠനം പ്രോത്സാഹിപ്പിക്കുക എന്നീ മുഖ്യ ഉദ്ദേശങ്ങളാണ് ചികിത്സയ്ക്കുണ്ടാകാറ്. ഓരോ കുട്ടിയുടെയും കഴിവുകളും ന്യൂനതകളും തിരിച്ചറിഞ്ഞ് തദനുസരണമുള്ള ചികിത്സാപദ്ധതി രൂപപ്പെടുത്തുകയാണു ചെയ്യുക. പ്രശ്നം നേരത്തേ തിരിച്ചറിയേണ്ടതും അവിളംബം ചികിത്സകള് തുടങ്ങേണ്ടതും അതിപ്രധാനമാണ്.
⚡പരിശീലനങ്ങള്⚡
മറ്റുള്ളവരുടെ സാന്നിദ്ധ്യം അരോചകമായിത്തോന്നാത്ത സാഹചര്യം സൃഷ്ടിക്കാനും ദൈനംദിനചര്യകള് ചിട്ടപ്പെടുത്താനുമെല്ലാം പരിശീലനങ്ങള് സഹായിക്കും. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കുന്നതെങ്ങനെ, ആംഗ്യങ്ങള് പ്രയോജനപ്പെടുത്തുന്നതെങ്ങനെ, ആഗ്രഹങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കുന്നതെങ്ങനെ എന്നെല്ലാം പഠിപ്പിക്കാനും സാധിക്കാറുണ്ട്.
⚡മനശ്ശാസ്ത്ര ചികിത്സകള്⚡
സ്വയമോ മറ്റുള്ളവരെയോ ഉപദ്രവിക്കുന്ന ശീലം ബിഹേവിയര് തെറാപ്പി കൊണ്ടു ചികിത്സിക്കുന്നത് ഉദാഹരണമാണ്. നല്ല രീതിയില് പെരുമാറിയാല് സമ്മാനങ്ങള് കൊടുക്കുക പോലുള്ള വിദ്യകളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
⚡മരുന്നുകള്⚡
അക്രമാസക്തി, അടങ്ങിയിരിക്കായ്ക, ഉറക്കക്കുറവ് തുടങ്ങിയ ചില ലക്ഷണങ്ങള്ക്ക് മരുന്നുകള് പ്രയോജനപ്പെടാറുണ്ട്.
⚡ആഹാര ചികിത്സകള്⚡
കുറച്ചൊക്കെ പ്രചാരം കിട്ടുന്നുണ്ടെങ്കിലും ഇവയ്ക്ക് ശാസ്ത്രീയാടിത്തറ തുച്ഛമാണ്. ഒമേഗാ ത്രീ, വിറ്റാമിനുകള് എന്നിവയ്ക്കാണ് കൂട്ടത്തില് അല്പം ഗവേഷകപിന്തുണയുള്ളത്.
ഗ്ലൂട്ടന് ഫ്രീ കസീന് ഫ്രീ ഡയറ്റ്: ഏറെക്കാലം ഈ ആഹാരരീതി പിന്തുടര്ന്നാല് ചില കുട്ടികളില് പെരുമാറ്റ പ്രശ്നങ്ങളും വയറ്റിലെ ബുദ്ധിമുട്ടുകളും കുറയാമെന്നു സൂചനകളുണ്ട്. എന്നാല് ഇതിനായി സമയവും അദ്ധ്വാനവും ചെലവിടേണ്ടിവരുന്നത് കുട്ടിക്കു കൂടുതല് പ്രധാനമായ മറ്റു പരിശീലനങ്ങള്ക്ക് വിഘാതമാകാം എന്നതിനാല് മിക്ക വിദഗ്ദ്ധരും ഇതു പ്രോത്സാഹിപ്പിക്കാറില്ല.
കീറ്റോജനിക് ഡയറ്റ്: പഠനങ്ങള് വിരളമാണ്. വേണ്ട പോഷകങ്ങള് ലഭിക്കാതെ പോകാന് കാരണമാകാം.
പ്രോബയോട്ടിക്കുകള്: പഠനങ്ങളില് ഫലപ്രാപ്തി തെളിഞ്ഞിട്ടില്ല.
?REFERENCES?
https://doi.org/10.1186/s13099-020-0346-1
https://doi.org/10.1016/j.mehy.2019.03.012
https://doi.org/10.1093/nutrit/nuz092
https://escholarship.org/uc/item/3bk2b3r0