· 5 മിനിറ്റ് വായന

ബയോപ്സി: എന്ത്? എന്തിന്? എങ്ങനെ?

Pathologyആരോഗ്യ അവബോധംസാങ്കേതികവിദ്യ
‘ബയോപ്സി’ എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഇന്നത്തെ കാലത്തുണ്ടാവില്ല. കേൾക്കുന്നവന്റെയുള്ളിൽ ഭയത്തിന്റെ ചെറുവിത്തുകൾ കൂടി വിതറിയിടാറുണ്ട് ഈ വാക്ക്, പ്രത്യേകിച്ചും നമുക്കോ വേണ്ടപ്പെട്ടവർക്കോ ആണ് ആ പരിശോധന വേണ്ടതെങ്കിൽ. കാരണം, ഒരു സാധാരണക്കാരനെ സംബന്ധിച്ച് ‘ബയോപ്സി’ കാൻസറിന്റെ രോഗനിർണ്ണയോപാധിയാണ്.

ഡോക്ടർ ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ തനിക്കു കാൻസർ പിടിപെട്ടുവെന്ന് വിശ്വസിച്ചു, പേടിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. ‘ബയോ’ എന്നാൽ ജീവനുള്ളതെന്നും ‘ഓപ്സി’ എന്നാൽ കാണുകയെന്നുമാണർത്ഥം. ജീവനുള്ളവയുടെ സ്വഭാവസവിശേഷതകൾ സസൂക്ഷ്മം വീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനെയാണ് പൊതുവേ ബയോപ്സി എന്ന് പറഞ്ഞാൽ തെറ്റില്ല.

അറബ് ചികിത്സകനായിരുന്ന അബുൽകാസിസ് ആണ് രോഗനിർണയാവശ്യത്തിനായി ആദ്യമായി ബയോപ്സി പരിശോധന നടത്തിയതെന്നാണ് കരുതപ്പെടുന്നത്. അതും പതിനൊന്നാം നൂറ്റാണ്ടിൽ. എന്നാൽ മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇതിത്രയും വിപുലവും വിശ്വസനീയവുമായ രോഗനിർണയോപാധിയായി മാറിയത്. മെഡിക്കൽ ഡിക്ഷണറിയിലേക്ക് ‘ബയോപ്സി’ എന്ന വാക്ക് സംഭാവന ചെയ്തത് ഏണസ്റ്റ് ബസ്നിയർ എന്ന ഫ്രഞ്ച് ഡെർമറ്റോളജിസ്റ്റാണ്.

മനുഷ്യനെന്നാൽ നൂറായിരം കോടി കോശങ്ങളുടെ ഒരു കൂട്ടായ്മയാണെന്ന് നമുക്കറിയാം. ഓരോ അവയവങ്ങളിലും അതാതിന്റെ കടമകൾ അനുസരിച്ചുള്ള വിവിധ പ്രകൃതക്കാരായ, വ്യത്യസ്തമായ ഘടനയും സ്വഭാവസവിശേഷതകളുമുള്ള കോശങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒരു മൈക്രോസ്കോപ്പിന്റെ സഹായത്തോടെ കോശങ്ങളുടെ ഈ സവിശേഷതകളെയും അവയിലുണ്ടാകുന്ന മാറ്റങ്ങളെയും കൃത്യമായി അപഗ്രഥിച്ചാണ് അവ രോഗബാധിതമാണോ, ആണെങ്കിൽ ഏത് രോഗമെന്നൊക്കെ മനസിലാക്കുന്നത്.

ബയോപ്സി: എന്ത്? എന്തിന്?

ഏതെങ്കിലും ഒരു ശരീരഭാഗത്ത് ശരീരകലകളെ (tissues) ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിക്കുമ്പോൾ, ആ ശരീരകലയുടെ ഒരു സാമ്പിൾ (Specimen) എടുത്ത് പരിശോധിക്കുകയാണ് പൊതുവേ ബയോപ്സിയിൽ ചെയ്യുന്നത്. ബയോപ്സി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം,

1. പ്രാഥമികമായ രോഗനിർണയത്തിന് (To make a new diagnosis)

ഉദാഹരണത്തിന്, മാറിൽ പുതുതായി കണ്ടെത്തിയ ഒരു മുഴ കാൻസറാണോന്നറിയാൻ, അല്ലെങ്കിൽ കഴുത്തിലെ കഴലവീക്കം ക്ഷയരോഗത്തിന്റേതാണോന്നറിയാൻ ഒക്കെ ബയോപ്സി ചെയ്യണം. അതുപോലെ, ദീർഘനാളായി മലത്തിലൂടെ രക്തസ്രാവമുണ്ടാകുന്ന പ്രായമായ ഒരു രോഗിയ്ക്ക് അതിന്റെ കാരണം കണ്ടെത്താൻ. ആ രക്തസ്രാവത്തിനു കാരണം നിസാരമായ മൂലക്കുരു മുതൽ കാൻസർ വരെയാകാം. ഒരു കുഴൽ പരിശോധനയിലൂടെ (Colonoscopy) രക്തസ്രാവമുണ്ടാകുന്ന കുടലിന്റെ ഭാഗത്തു നിന്നും കുറച്ചുഭാഗം ബയോപ്സി പരിശോധനയ്ക്കെടുത്ത് രോഗനിർണയം നടത്താം.

2.സംശയത്തിലിരുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും ടെസ്റ്റിലൂടെ കണ്ടെത്തിയതോ ആയ ഒരു രോഗം അതു തന്നെയാണെന്നുറപ്പിക്കാൻ വേണ്ടി (To confirm a suspected or established clinical diagnosis)

ചില രോഗങ്ങൾ സ്കാൻ വഴിയോ രക്തപരിശോധനയിലൂടെയോ ശരീരപരിശോധനയിലൂടെയോ ഒക്കെത്തന്നെ നിർണയിക്കാൻ സാധിക്കും. അപ്പോഴും 100 % അത് ആ രോഗമാണെന്നുറപ്പിക്കാൻ പലപ്പോഴും ബയോപ്സി ആവശ്യമായി വരാറുണ്ട്. ഉദാ: കുടലിലെ കാൻസർ, തൈറോയിഡ് മുഴകൾ. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ പലതും ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാമെങ്കിലും രോഗനിർണ്ണയം കൃത്യമാണെന്നുറപ്പിക്കാൻ ഒരു സ്കിൻ ബയോപ്സി ചെയ്യാം. ഉദാ: സോറിയാസിസ്. നെർവ് ബയോപ്സി, മസിൽ ബയോപ്സി ഒക്കെ രോഗമുറപ്പിക്കാൻ സാധാരണയായി ചെയ്യപ്പെടുന്ന ബയോപ്സികളാണ്.

3.ചികിത്സാ രീതികൾ തീരുമാനിക്കാൻ (To help Plan management)

രോഗമേതാണെന്ന് മാത്രമല്ല, രോഗത്തിന്റെ സ്വഭാവമെന്താണെന്നും കൂടി കൃത്യമായി മനസിലാക്കിയാൽ മാത്രമേ ഏറ്റവും അനുയോജ്യമായ ചികിത്സ നൽകാൻ സാധിക്കൂ. അതിനും പലപ്പോഴും ബയോപ്സി ഒഴിവാക്കാനാകാത്ത ഒരുപാധിയാണ്.

4.ചികിത്സയുടെ വിജയപരാജയ സാധ്യതകൾ പ്രവചിക്കാൻ (To assist with Prognosis)

ബയോപ്സി പരിശോധനയിലൂടെ ഒരു രോഗത്തിന്റെ തീവ്രതയും സ്വഭാവവും മറ്റും മനസിലാക്കാൻ ഒരു പത്തോളജിസ്റ്റിന് സാധിക്കും. മരുന്നിനോടും മറ്റു ചികിത്സാവിധികളോടും ആ രോഗിയെങ്ങനെ പ്രതികരിക്കുമെന്നും, താരതമ്യേന നൽകാൻ പറ്റിയ മികച്ച ചികിത്സ എന്താണെന്നും ചികിത്സിക്കുന്ന ഡോക്ടർക്ക് മനസിലാക്കാനും അതൊക്കെ മുൻകൂട്ടി രോഗിയെയോ ബന്ധുജനങ്ങളെയോ അറിയിക്കാനും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാധിക്കും. പ്രത്യേകിച്ചും കാൻസർ ചികിത്സയിൽ ഇതൊരുപാട് ഗുണം ചെയ്യുന്നുണ്ട്.

5.പ്രത്യക്ഷത്തിൽ സമാനസ്വഭാവമുള്ള, എന്നാൽ തികച്ചും വ്യത്യസ്തമായ മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാൻ (To exclude additional diagnosis)

ഉദാഹരണത്തിന് കഴുത്തിലെ കഴലവീക്കം തന്നെയെടുക്കാം. അതൊരു വൈറൽ പനിയുടെ ഭാഗമാകാം, ക്ഷയരോഗത്തിന്റെ ലക്ഷണമാകാം, തൊണ്ടയിലെ അണുബാധയുടെ ഫലമാകാം, ലുക്കീമിയ പോലുള്ള കാൻസറിന്റെ ലക്ഷണമാകാം അല്ലെങ്കിൽ മറ്റേതെങ്കിലും അവയവത്തിനെ ബാധിച്ച കാൻസറിൽ നിന്നുള്ള പകർച്ചയാവാം. ഒരൊറ്റ ബയോപ്സി വഴി എന്താണ് കാരണമെന്ന് വളരെയെളുപ്പത്തിൽ കണ്ടെത്താം.

ബയോപ്സി: എങ്ങനെ?

ശരീരകലകളെ ശേഖരിച്ച് പരിശോധിക്കുകയാണല്ലോ ബയോപ്സിയിൽ ചെയ്യുന്നത്. രണ്ടുരീതിയിലാണ് സാധാരണയായി ബയോപ്സി വഴിയുള്ള രോഗപഠനം നടത്തുന്നത്. ഒന്ന്, സൈറ്റോപത്തോളജിക്കൽ അഥവാ കോശങ്ങളെ ഒന്നൊന്നായി അവയുടെ സ്വഭാവ-ഘടനാവ്യത്യാസങ്ങൾ പരിശോധിച്ച് രോഗനിർണയം നടത്തുന്ന രീതി. രണ്ട്, ഹിസ്റ്റോപത്തോളജിക്കൽ അഥവാ ഒരു കോശസമൂഹത്തെയാകെ പഠനവിധേയമാക്കുന്ന രീതി.

സൈറ്റോളജി/സൈറ്റോപത്തോളജി

സൈറ്റോളജി പരിശോധനയിൽ ഏത് ശരീരഭാഗമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് അടിസ്ഥാനമാക്കി വ്യത്യസ്ത രീതികളുണ്ട്. അതിൽ തന്നെ നമ്മൾ പലർക്കും ഏറെ പരിചിതമായ ഒന്നാണ്, FNAC അഥവാ Fine Needle Aspiration Cytology. ഒരു ചെറിയ സൂചികൊണ്ട് എന്തെങ്കിലും കട്ടിയോ തടിപ്പോ ഉള്ള ശരീരഭാഗത്തുനിന്നും കോശങ്ങൾ കുത്തിയെടുത്ത് പരിശോധിക്കുന്നതിനാണ് FNAC എന്ന് പറയുന്നത്. മാറിലോ, തൈറോയിഡ് ഗ്രന്ഥിയിലോ ഉണ്ടായ മുഴകൾ, കഴുത്തിലെയോ ഇടുപ്പിലെയോ കഴലവീക്കം, ഒക്കെ ഒരു നേർത്ത സൂചികൊണ്ട് കുത്തിയെടുത്ത് ഒരു ഗ്ലാസ് സ്ലൈഡിൽ തേച്ചുപിടിപ്പിച്ച് പരിശോധിക്കാൻ കൊണ്ടുപോകുന്നത് പലർക്കും അനുഭവമുണ്ടാവും. അതുപോലെ ഗർഭാശയഗള കാൻസറിന്റെ സാധ്യത (Cancer cervix) പരിശോധിക്കുന്ന ‘പാപ് സ്മിയർ’ (Pap smear) ടെസ്റ്റും ഒരു സൈറ്റോളജിക്കൽ ബയോപ്സിയാണ്. ഐസ് ക്രീം കഴിക്കുന്ന തടിക്കരണ്ടി പോലുള്ള ചെറിയൊരുപകരണം കൊണ്ട് ഗർഭാശയഗളത്തിൽ നിന്നും കോശങ്ങൾ ചുരണ്ടിയെടുത്ത്, ഒരു ഗ്ലാസ് സ്ലൈസിലാക്കി ചില പ്രത്യേകതരം കളറുകൾ പുരട്ടി (പാപ്പിനിക്കോളോൺ സ്റ്റെയിൻ- അതിന്റെ ചുരുക്കപ്പേരാണ് പാപ്സ്മിയർ) മൈക്രോസ്കോപ്പിലൂടെ നോക്കിയാണിത് ചെയ്യുന്നത്. ഇങ്ങനെ നോക്കുമ്പോൾ ആ കോശങ്ങളുടെ ന്യൂക്ലിയസ്, സൈറ്റോപ്ലാസം, മറ്റു ഭാഗങ്ങൾ ഒക്കെ വ്യക്തമായി കാണാൻ സാധിക്കുകയും അതുവഴി രോഗസാധ്യത മനസിലാക്കാൻ സാധിക്കുകയും ചെയ്യുന്നു.

പരിശോധന നടത്താനുള്ള എളുപ്പം, കുറഞ്ഞ സമയത്തിനുള്ളിൽ (1-2 ദിവസങ്ങൾ) തന്നെ പരിശോധനാഫലം ലഭിക്കുമെന്നത്, കുറഞ്ഞ ചെലവ് ഒക്കെ ഈ സൈറ്റോളജി പരിശോധനയുടെ മേന്മയാണ്. അതിനാൽ പലപ്പോഴും രോഗനിർണയത്തിലേക്കുള്ള ആദ്യപടിയായി സൈറ്റോളജി പരിശോധനയെയാണ് ഡോക്ടർമാർ ഉപയോഗിക്കുന്നത്. എന്നാൽ ചികിത്സാവിധികൾ നിർണയിക്കാൻ സഹായിക്കുന്നതിൽ ഈ പരിശോധനയ്ക്ക് പരിമിതികളുണ്ട്. അതിന് ഹിസ്റ്റോപത്തോളജിക്കൽ പരിശോധന തന്നെ വേണ്ടിവരാറുണ്ട്.

ഹിസ്റ്റോപത്തോളജി

ശസ്ത്രക്രിയ ചെയ്തോ, വലിയ സൂചികൊണ്ട് കുത്തിയോ ഒക്കെ ശരീരഭാഗങ്ങളിൽ നിന്ന് കലകൾ പരിശോധനയ്‌ക്കെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുതന്നെ പലവിധമുണ്ട്. കുടലിനെ ബാധിക്കുന്ന ഒരു മുഴയാണെങ്കിൽ, ശസ്ത്രക്രിയവഴി കുടലിന്റെ ആ ഭാഗം മുഴയുടെ രണ്ടുവശത്തുനിന്നും മുറിച്ചെടുത്ത് പരിശോധിക്കുന്നതിനെ റിസക്ഷൻ ബയോപ്സിയെന്ന് പറയും. നാക്കിലെ (മറ്റേത് ശരീരഭാഗവുമാകാം) ഉണങ്ങാത്ത മുറിവിന്റെ ഒരറ്റത്തെ ചെറിയൊരു ഭാഗം മാത്രം മുറിച്ചെടുക്കുന്നതിന് വെഡ്ജ് ബയോപ്സിയെന്ന് പറയും. ഒരു മുഴയെ അങ്ങനെതന്നെ ശസ്ത്രക്രിയ ചെയ്തെടുക്കുന്നതിന് എക്സിഷൻ ബയോപ്സിയെന്നും അതിന്റെ ഒരു കഷണം മാത്രം മുറിച്ചെടുക്കുന്നതിന് ഇൻസിഷൻ ബയോപ്സിയെന്നും പറയും. വലിയൊരു സൂചി മുഴകൾക്കുള്ളിലേക്ക് കടത്തി ചെറുചെറു കഷ്ണങ്ങൾ ശേഖരിക്കുന്നതിന് കോർ ബയോപ്സിയെന്നാണ് പറയുന്നത്.

സാധാരണഗതിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്തയിടങ്ങളിലുള്ള മുഴകളിൽ, അല്ലെങ്കിൽ രോഗം ബാധിച്ചിട്ടുള്ള ഭാഗം വളരെ ചെറുതാണെങ്കിൽ ഒക്കെ ചില സ്കാനുകളുടെ സഹായത്തോടെ ബയോപ്സി പരിശോധന നടത്താറുണ്ട്. ഉദാഹരണത്തിന്, വിരലുകൊണ്ട് തൊട്ട് മനസിലാക്കാൻ കഴിയാത്തത്ര ചെറിയ തൈറോയിഡ് മുഴകളിൽ അൾട്രാസൗണ്ട് സ്കാനിന്റെ സഹായത്തോടെ FNAC എടുക്കാറുണ്ട്. ഇതിനെ Ultrasound guided FNAC എന്ന് പറയും. അതുപോലെ ശ്വാസകോശത്തെയോ തലച്ചോറിനെയൊ ബാധിക്കുന്ന മുഴകളിൽ നിന്നും CT സ്കാനിന്റെ സഹായത്തോടെ ചെയ്യുന്ന ബയോപ്സിയെ CT guided biopsy എന്നും പറയും.

ഇങ്ങനെയൊക്കെ ശേഖരിക്കുന്ന ശരീരകലകളുടെ സാമ്പിളുകളെ ഫോർമാലിൻ (10% ഫോർമാൽഡിഹൈഡ്) നിറച്ച ഒരു ബോട്ടിലിലാക്കി, അതിൽ രോഗിയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തി പത്തോളജി ലാബിലയക്കുകയാണ് ചെയ്യുന്നത്.

അവിടെ വിദഗ്ദരായ പത്തോളജിസ്റ്റുകളുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ഈ സ്പെസിമൻ കടന്നുപോകേണ്ടതുണ്ട്. ആദ്യം ഫോർമാലിനിൽ നിന്ന് ശരീരകലകളെ പുറത്തെടുത്ത് ചെറിയ ചെറിയ കഷണങ്ങളായി മുറിക്കും. ശേഷം ഓരോന്നിനെയും ചെറിയ പ്ലാസ്റ്റിക് കാസറ്റുകളിലേക്ക് മാറ്റും. എന്നിട്ട് പാരഫിൻ വാക്സിൽ പൊതിയും. ഇപ്പോളതൊരു ടിഷ്യു ബ്ലോക്കായി. ഈ ബ്ലോക്കിനെ മൈക്രോട്ടോം (Microtome) എന്ന ഉപകരണമുപയോഗിച്ച് അഞ്ച് മൈക്രോൺ ( 1 മൈക്രോൺ = 1 മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന്) മാത്രം കട്ടിയുള്ള ഷീറ്റുകളായി മുറിക്കും. ശേഷം ഓരോ ഷീറ്റിനെയും ഒരു ഗ്ലാസ് സ്ലൈഡിലെടുത്ത്, ഇയോസിൻ, ഹെമറ്റോക്‌സൈലിൻ (Eosin & Hematoxylin) തുടങ്ങിയ വർണദ്രാവകങ്ങൾ കൊണ്ട് നനയ്ക്കും. തുടർന്ന് ഒരു മൈക്രോസ്കോപ്പിലൂടെ നോക്കി വിശദമായ വിശകലനങ്ങൾ നടത്തി രോഗനിർണയം നടത്തും.

ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഈ പരിശോധനാഫലത്തിന് വേണ്ടിവരുമെങ്കിലും ഏറ്റവും വിശ്വസനീയമായ രോഗനിർണയരീതി ഇതു തന്നെയാണ്. കാൻസർ പോലുള്ള രോഗങ്ങളിൽ ഇത് പരമപ്രധാനമാണ്.

രോഗനിർണയം മാത്രമല്ല ഹിസ്റ്റോപത്തോളജി പരിശോധന ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ. കാൻസറാണെങ്കിൽ ഏത് തരത്തിലുള്ള കാൻസറാണ് (കാർസിനോമ, സാർക്കോമ, മെലനോമ, ലിംഫോമ etc), അതിന്റെ ഗ്രേഡ് എന്താണ് (low grade/high grade or ഗ്രേഡ് 1,2,3,4), കോശങ്ങളുടെ അവകലനം (differentiation- well, moderate or poorly differentiated) , രക്തക്കുഴലുകളെയൊ നാഡികളെയോ ബാധിച്ചിട്ടുണ്ടോയെന്നത് (Vascular or perineural invasion), ശസ്ത്രക്രിയ ചെയ്തത് പൂർണമാണോ (Negative resection margins) എന്നൊക്കെ അറിയാൻ ഈയൊരു പരിശോധനയിലൂടെ സാധിക്കും. ഇവയെല്ലാം തന്നെ രോഗത്തിന്റെ തുടർചികിത്സയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ബയോപ്സി എന്നാൽ കാൻസറിന്റെ മാത്രം രോഗനിർണയ രീതിയല്ലെന്ന് ഇപ്പോൾ മനസിലായില്ലേ. മാത്രമല്ല ഒരുപാടധ്വാനവും കഴിവും സാങ്കേതിക സഹായങ്ങളും ആവശ്യമായ ഒരു മേഖലയും കൂടിയാണത്. മുഖക്കുരു മുതൽ മൂലക്കുരു വരെയും കഷണ്ടി മുതൽ ആണി രോഗം വരെയും ക്ഷയം മുതൽ വാതം വരെയും ഏത് രോഗത്തിന്റെയും കാരണം ഒരു ബയോപ്സി പരിശോധനയിലൂടെ മനസിലാക്കാവുന്നതാണ്. മാത്രമല്ല, വിശേഷപ്പെട്ട ചില സ്റ്റെയിനുകളുടെയും (special stains) ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയുടെയും (Immunohistochemistry) വരവോടെ ബയോപ്സിയിലൂടെയുള്ള രോഗനിർണയത്തിനുള്ള കൃത്യതയും വേഗതയും പതിന്മടങ്ങ് ഉയർന്നിട്ടുമുണ്ട്.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ