പക്ഷിപ്പനിയെ പേടിക്കേണ്ടതുണ്ടോ?
2014 ലും, പിന്നീട് 2016 ലും നമ്മുടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ട് ചെറിയ ഭീഷിണി ഉയർത്തിയ പക്ഷിപ്പനിയെ നമ്മൾ അന്നെല്ലാം തുരത്തി വിട്ടിരുന്നു. വീണ്ടും ഇതാ കോഴിക്കോട് രണ്ടു ഫാമുകളിൽ കോഴികളിൽ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.
പക്ഷേ അമിത ആശങ്ക വേണ്ടാ…കാരണം നിലവിൽ കേരളത്തിൽ മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗനിയന്ത്രണത്തിനുള്ള മാർഗ്ഗങ്ങൾ അധികാരികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പൊതു സമൂഹം ചെയ്യേണ്ടത് പക്ഷിപ്പനിയെ അറിഞ്ഞിരിക്കുക എന്നതാണ്. എന്താണ് പക്ഷിപ്പനി എന്നും, നാം എന്തൊക്കെ കരുതലുകൾ സ്വീകരിക്കണം എന്നുമൊക്കെ ശരിയായി അറിവ് നേടിക്കഴിഞ്ഞാൽ തന്നെ നാം സജ്ജരായി.
A. എന്താണ് പക്ഷിപ്പനി (Bird Flu ) അഥവാ ഏവിയൻ ഇൻഫ്ലുവൻസ?
❇️ഏവിയൻ ഇൻഫ്ലുവൻസ Type A വൈറസ് മൂലം ഉള്ള ഒരു രോഗബാധയാണ് പക്ഷിപ്പനി.
❇️സാധാരണഗതിയിൽ പക്ഷികളിൽ കാണുന്ന ഈ രോഗം അവയിൽ നിന്നും അപൂർവ്വമായി മനുഷ്യരിലേക്ക് പടരാം.
ഈ വൈറസിന് അനേകം സബ് ടൈപ്പുകൾ ഉണ്ട്,
❇️വൈറസിന്റെ പുറം ഭാഗത്തു കാണുന്ന ഹെമഗ്ലൂട്ടിനിൻ , ന്യൂറമിനിഡേസ് എന്ന രണ്ടു പ്രോട്ടീനുകൾ ആണ് ഇൻഫ്ലുവൻസ വൈറസുകളുടെ ടൈപ്പുകൾ നിശ്ചയിക്കാൻ ഘടകം ആവുന്നത്.
❇️5 സബ് ടൈപ്പുകളാണ് പ്രധാനമായും മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നത് – H5N1, H7N3, H7N7, H7N9, & H9N2.
❇️എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളായി H10N8 ടൈപ്പും മനുഷ്യരിൽ രോഗം ഉണ്ടാക്കിയിട്ടുണ്ട്, അത്യപൂർവ്വമായി ഒരാൾ മരണപ്പെട്ടിട്ടും ഉണ്ട്.
❇️മനുഷ്യരിൽ ഗുരുതര രോഗം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ H5N1, H7N9 എന്നീ ടൈപ്പുകൾ ആണ്. 50-60 % ഒക്കെ മരണ നിരക്ക് ഉണ്ടായിരുന്നു ഈ ടൈപ്പുകൾക്ക്.
❇️വളർത്തു പക്ഷികൾ, ദേശാടനപക്ഷികൾ ഉൾപ്പെടെ പലയിനം പക്ഷികളിൽ ഈ വൈറസ് രോഗബാധ ഉണ്ടാക്കാം.
B. പക്ഷിപ്പനിയുടെ ചരിത്രം.
✳️1878 ൽ വടക്കൻ ഇറ്റലിയിൽ പൗൾട്രി ഫാമുകളിൽ അതി വേഗതയിൽ കോഴികളെ കൊന്നൊടുക്കിയ ഈ രോഗത്തെ അവർ “Fowl Plague” എന്ന പേര് വിളിച്ചു. കോഴികളിൽ കാണുന്ന ഒരു തരം കോളറ ആണെന്നൊക്കെയാണ് അന്ന് കരുതിയത്. എന്നാൽ 1955 ലാണ് ഇത് ഉണ്ടാക്കുന്നത് ടൈപ്പ് A ഇൻഫ്ലുവെൻസ വൈറസ് ആണെന്ന് തിരിച്ചറിഞ്ഞത്. 1981 ൽ നടന്ന ആദ്യ അന്താരാഷ്ട്ര Symposium on Avian Influenza ഈ രോഗത്തെ HPAI ( Highly pathogenic avian influenza) എന്ന് പുനഃനാമകരണം ചെയ്തു.
✳️മനുഷ്യരിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത് 1997 ലാണ്, ഹോങ്കോങ്ങിൽ. 2003 മുതൽ H5N1 ന്റെ 700 ലധികം മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
✳️2013 ൽ ചൈനയിലാണ് ഇൻഫ്ലുവൻസ എ വൈറസ് സബ്‌ടൈപ്പ് H7N9 മനുഷ്യരെ ബാധിച്ചതായി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മനുഷ്യരിൽ നാൾ അതു വരെയുള്ളതിൽ ഏറ്റവും ഗുരുതരമായ വിധമുള്ള പക്ഷിപ്പനി ആയിരുന്നു ഇത്. 133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 43 പേർ മരണപ്പെട്ടു.
C. രോഗപ്പകർച്ച എങ്ങനെ ?
?പക്ഷികൾക്കിടയിൽ രോഗം വളരെ വേഗം പടർന്നു പിടിക്കുകയും, അവ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്യുന്നതാവും രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
?പക്ഷികളുമായി അടുത്തിടപഴകുന്ന ആള്ക്കാര് – പക്ഷി വളര്ത്തുകേന്ദ്രങ്ങളിലെ ജീവനക്കാര്, അവയുടെ കാഷ്ടങ്ങള് കൈകാര്യം ചെയ്യുന്നവര്, ഇറച്ചിക്കടയിലെ ജീവനക്കാര്, ആരോഗ്യപ്രവര്ത്തകര് തുടങ്ങിയവർക്കാണ് ഇത് പകര്ന്നു കിട്ടാന് കൂടുതല് സാധ്യത. മനുഷ്യനില് നിന്നും മനുഷ്യനിലേക്ക് ഈ പനി പകരുന്നത് വിരളമാണ്.
?രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, സ്രവങ്ങൾ, കാഷ്ടം എന്നിവയിൽ ഉള്ള വൈറസുകൾ,
ഇവയുമായി ഇടപെടുമ്പോൾ വായുവിലൂടെ നേരിട്ട് ശ്വാസ കോശത്തിലേക്കു എത്തി രോഗം ഉണ്ടാക്കാം.
?കൈകൾ മുഖേനയോ മറ്റു ശരീരഭാഗങ്ങളിലൂടെയോ ഒരു വ്യക്തിയുടെ കണ്ണുകൾ, മൂക്ക്, വായ് എന്നിവിടങ്ങളിൽ രോഗാണുക്കൾ എത്തപ്പെടുമ്പോൾ ആണ് സാധാരണഗതിയിൽ രോഗാണു സംക്രമണം നടക്കുന്നത്.
?വേണ്ടത്ര രീതിയിൽ പാചകം ചെയ്യാത്ത പക്ഷി മാംസം, മുട്ട എന്നിവ കഴിക്കുന്നത് വഴിയും രോഗബാധ ഉണ്ടാവാം.
?മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന അവസരങ്ങൾ വളരെ കുറവാണ്, എന്നാൽ ഇത്തരം വൈറസുകൾ വേഗതയിൽ ജനിതക മാറ്റങ്ങൾ സംഭവിച്ചു സ്വഭാവം തന്നെ മാറാൻ ഇടയുള്ളവ ആയതിനാൽ നാം കരുതലോടെ തന്നെ ഇതിനെ നേരിടണം.
D. മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ എന്തൊക്കെ ?
⏺️സാധാരണ വൈറൽ ജലദോഷപ്പനികളുടെ പൊതു ലക്ഷണങ്ങൾ പലതും തന്നെയാണ് പക്ഷിപ്പനിയ്ക്കും.
⏺️പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്
ശരീരവേദന, ക്ഷീണം, തലവേദന, കണ്ണ് ചുവപ്പ് ,
ശ്വാസം മുട്ട്, വയറിളക്കം, ഓക്കാനം, ഛർദ്ദി ഇത്യാദി.
⏺️മറ്റു രോഗബാധകൾ ഉള്ളവർ, രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ, ഗർഭിണികൾ, പ്രായമേറെ ഉളളവർ എന്നിവർക്ക് അപകട സാധ്യത കൂടുതലാണ്.
E. രോഗം കടുത്താൽ എന്തൊക്കെ ഗുരുതരാവസ്ഥകൾ ഉണ്ടാവാം?
⏹️ശ്വാസകോശ അണുബാധ കൂടിയാൽ കഠിനമായ ന്യുമോണിയ ഉണ്ടാവാം.
⏹️രക്തത്തിലെ അണുബാധ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോംഎന്ന ശ്വാസകോശത്തകരാർ, എന്നീ അവസ്ഥകൾ ശ്വസന വ്യവസ്ഥയുടെയും രക്തചംക്രമണ വ്യവസ്ഥയുടെയും തകരാറുകൾക്കും മരണത്തിനും വരെ കാരണമാവാം.
⏹️ചില സബ് ടൈപ്പ് വൈറസ് ബാധകൾ
കണ്ണിൽ കൺജങ്ക്റ്റിവിറ്റിസ്, ഉദര സംബന്ധമായ പ്രശ്നങ്ങൾ,
മസ്തിഷ്‌ക അണുബാധ എന്നിവയും ഉണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
F. രോഗനിർണ്ണയം എങ്ങനെ?
വൈറസിന്റെ സാന്നിധ്യം രക്തത്തിലും, ശ്വാസകോശ സ്രവങ്ങളിലും, കോശങ്ങളിലും സ്ഥിരീകരിക്കാൻ പോന്ന PCR, വൈറൽ ആന്റിജൻ നിർണ്ണയം ഇങ്ങനെയുള്ള പലവിധ പരിശോധനകൾ ഉപയോഗയുക്തമാക്കാറുണ്ട്.
G. പ്രതിരോധം എങ്ങനെ ?
▶️രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പൗൾട്രി മേഖലയില് പ്രവര്ത്തിക്കുന്ന കര്ഷകര്, ഫാം തൊഴിലാളികള്, ആരോഗ്യപ്രവര്ത്തകര് എന്നിവര് കരുതലോടെ പ്രവർത്തിക്കണം.
▶️വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട, കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള് ചില മുന്കരുതലുകള് എടുത്താല് ഭയപ്പെടേണ്ട കാര്യമില്ല :
1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല് കൈകള് വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള് മറ്റു ഭക്ഷണങ്ങളില് നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് മാത്രം അതു ചെയ്യുക.
3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാതി വേവിച്ചതോ ബുള്സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില് ചേര്ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.
5. വൈറസ് 70°C ന് മുകളിൽ ജീവനോടെയിരിക്കില്ല എന്നതിനാൽ ശരിയായി പാചകം ചെയ്ത ഭക്ഷണങ്ങൾ സുരക്ഷിതമാണ്.
6. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്ത്ഥങ്ങളുമായി ഇടകലര്ത്തി വയ്ക്കരുത്. വാങ്ങിയാല് കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്ക്കണം.
7. പക്ഷിപ്പനിയുടെ പേരില് വീട്ടില് വളര്ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. വളര്ത്തു പക്ഷികള്ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള് കണ്ടാല് മൃഗഡോക്ടറെ കാണിക്കാന് ഒട്ടും അമാന്തിക്കരുത്.
8. പനിയെക്കാൾ വേഗം പരക്കുന്ന സോഷ്യൽ മീഡിയ വ്യാജ പ്രചരണങ്ങൾ ആധികാരികത ഉറപ്പു വരുത്താതെ വിശ്വസിക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്.
9. ആധികാരിക ഉറവിടങ്ങളിൽ നിന്നും, ബന്ധപ്പെട്ട അധികാരികളിൽ നിന്നും വരുന്ന വാർത്തകളും നിർദ്ദേശങ്ങളും പ്രകാരം ഉള്ള കാര്യങ്ങൾ മാത്രം അനുവർത്തിക്കുക.
H. ഇനി അഥവാ മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ?
?മനുഷ്യനില് നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നത് പ്രധാനമായും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേയ്ക്ക് തെറിയ്ക്കുന്ന സ്രവങ്ങളില്ക്കൂടിയാണ്.
വ്യക്തിഗത സംരക്ഷണ നടപടികൾ സ്വീകരിക്കുക.
?കൈകൾ വൃത്തിയായി സൂക്ഷിക്കുക – കൈകൾ ഇടയ്ക്കിടെ ആൾക്കഹോൾ അംശമുള്ള ഹാൻഡ് വാഷ് അല്ലെങ്കിൽ റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. വൃത്തിയാക്കിയ ശേഷം dryer ഉപയോഗിച്ച് ഉണക്കാം, അല്ലെങ്കിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക.
?ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും മൂടുക, ടിഷ്യൂകൾ ഉപയോഗിക്കുകയും അവ ശരിയായി നശിപ്പിച്ചു കളയുകയും ചെയ്യുക.
?പനി, ഇൻഫ്ലുവൻസയുടെ മറ്റ് ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടുന്നവർ മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ എങ്കിലും സ്വയം അകലം പാലിക്കുക. എത്രയും വേഗം ആരോഗ്യകേന്ദ്രത്തെ സമീപിക്കുക.
?അനാവശ്യ രോഗീ സന്ദർശനവും, രോഗികളുമായുള്ള അടുത്ത ബന്ധവും കഴിയുന്നതും ഒഴിവാക്കുക.
I. സമൂഹത്തിൽ രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ എങ്ങനെ?
?മനുഷ്യർക്ക് അപകടസാധ്യത കുറയ്ക്കുന്നതിന് പക്ഷികളുടെ ഉറവിടത്തിൽ തന്നെ രോഗം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്.
?രോഗലക്ഷണങ്ങള് റിപ്പോര്ട്ട് ചെയ്ത സ്ഥലത്തു നിന്നും ഒരു കിലോമീറ്റര് വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്ഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാര്ഗ്ഗം.
?പത്തു കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും, പക്ഷികളിലോ മൃഗങ്ങളിലോ മനുഷ്യരിലോ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ അധികൃതരെ അറിയിക്കാനുള്ള നിർദ്ദേശവും, വേണ്ട ബോധവൽക്കരണവും നൽകും.
?പക്ഷിപ്പനി റിപ്പോര്ട്ട് ചെയ്ത സ്ഥലത്തു നിന്നും 10 കിലോമീറ്റര് വിസ്തൃതിയിലുള്ള സ്ഥലത്തുനിന്നുമുള്ള കോഴിമുട്ട, ഇറച്ചി എന്നിവ ഒഴിവാക്കാൻ നിർദ്ദേശം ഉണ്ടെങ്കിൽ അത് പാലിക്കണം. രോഗംബാധിച്ച സ്ഥലത്തു നിന്നുള്ള കോഴി, താറാവ്, മുട്ട, കാഷ്ഠം, തീറ്റ എന്നിവ മറ്റു സ്ഥലങ്ങളിലേക്ക് കടത്തരുത്.
J. മനുഷ്യരിൽ ചികിത്സ എങ്ങനെ?
?ആന്റി വൈറൽ മരുന്നുകളായ oseltamivir, peramivir, and zanamivir എന്നിവ പക്ഷിപ്പനി രോഗികൾക്ക് നൽകാം എന്നാണു നിലവിലെ മാർഗ്ഗ നിർദ്ദേശങ്ങൾ പറയുന്നത്. (ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം)
?വൈറസ് ബാധ ഉള്ളയിടങ്ങളിൽ ഇടപെട്ട രോഗസാധ്യത ഉള്ള ആൾക്കാർക്ക് പ്രതിരോധം എന്ന നിലയിൽ ഇതേ മരുന്നുകൾ നൽകാം, ഡോസ് വത്യസ്തം ആയിരിക്കും എന്ന് മാത്രം.
?രോഗലക്ഷണങ്ങൾ തുടങ്ങി 48 മണിക്കൂറിനുള്ളിൽ മരുന്ന് തുടങ്ങുന്നതാണ്, രോഗതീവ്രത കുറയ്ക്കാനും, ഗുരുതരാവസ്ഥകൾ ഉണ്ടാവാതിരിക്കാനും മെച്ചപ്പെട്ട മാർഗ്ഗം.
K. പക്ഷിപ്പനിക്ക് വാക്സിൻ ഉണ്ടോ?
പക്ഷിപ്പനിക്ക് വാക്സിൻ വികസിപ്പിച്ചെടുക്കുക സാധ്യമാണ്, എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്ന അവസ്ഥകൾ അധികം ഇല്ലാത്തതിനാൽ അത്തരം വാക്സിനുകൾ വ്യാവസായിക ഉൽപ്പാദനം നടത്തുന്നില്ല.
ചില സബ് ടൈപ്പുകൾക്കു എതിരായ വാക്സിനുകൾ അമേരിക്കൻ സർക്കാർ വികസിപ്പിച്ചു സൂക്ഷിച്ചിട്ടുണ്ട്, അടിയന്തിര സാഹചര്യം വന്നാൽ ഉപയോഗിക്കാൻ.
ഈ വൈറസുകൾക്ക് വേഗം ജനിതക വ്യതിയാനം വരുന്നതിനാൽ വാക്സിൻ വികസനത്തിന്റെ ആദ്യപടവുകൾ പൂർത്തിയാക്കി സജ്ജമാക്കിയിട്ടുണ്ട് CDC പോലുള്ള സ്ഥാപനങ്ങൾ.
ഫാമിലെ പക്ഷികളായാലും വളർത്തു പക്ഷികളായാലും കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരുന്ന സാഹചര്യം ഖേദകരമാണ്, എന്നാലിത് അനിവാര്യമായ കാര്യമാണ് എന്നത് ഉൾക്കൊള്ളണം. കാരണം മനുഷ്യരിലേക്ക് പടരാൻ എളുപ്പമുള്ള ഒരിനം ആയി ഈ വൈറസ് ജനിതക വ്യതിയാനം ഉണ്ടായാൽ മനുഷ്യ കുലത്തിന് വിനാശ കാരിയായി മാറും എന്നതിനാലാണ് ഇത്തരമൊരു നടപടി.
കരുതൽ മുഖ്യം എന്ന് ചുരുക്കാം ….