രക്തവും രക്തദാനവും- അറിയേണ്ടതെല്ലാം
മനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രക്തം ജീവന്‍റെ ആധാരമാണ്. രക്തദാനം ജീവദാനമാണ്. ലോകാരോഗ്യസംഘടന (WHO) യുടെ കണക്കു പ്രകാരം ഭാരതത്തില്‍ ആറു ദശലക്ഷം യൂണിറ്റു രക്തം വര്‍ഷംതോറും വേണ്ടിവരുന്നു. അതിന്‍റെ നേര്‍പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആയിരത്തില്‍ പത്തുപേരില്‍ താഴെ മാത്രമേ നമുക്കിടയില്‍ രക്തദാനം നടത്തുന്നുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം രക്തദാനത്തില്‍ വളരെ പിന്നാക്കമാണ്. രക്തദാതാക്കളില്‍ ഏറിയ പങ്കും, തന്‍റെ പ്രത്യേക രോഗിക്കുമാത്രം രക്തദാനം ചെയ്യുന്നവരാണ്. സ്വമേധയാ രക്തദാനം (voluntary blood donors) നടത്തുന്നവര്‍ ധാരാളമായി രക്തദാനത്തിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
രക്തം- ചില അടിസ്ഥാന വസ്തുതകള്‍
പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച് ലിറ്റർ രക്തം ആണുള്ളത്. ഒരു വ്യക്തിയുടെ രക്തത്തിന്‍റെ അളവ് അയാളുടെ പൊക്കം, തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരഭാരത്തിന്‍റെ എട്ടു ശതമാനം രക്തത്തിന്‍റെതാണ്. അതായത് ശരീരത്തില്‍ രക്തം ആവശ്യത്തിലധികം കരുതലുണ്ട്. എങ്കിലും നാലിലൊരു ഭാഗം രക്തം വാര്‍ന്നുപോവുകയും യഥാസമയം അത് രകതസന്നിവേശം (blood transfusion) വഴി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്‌താല്‍ മരണം സംഭവിക്കുക തന്നെ ചെയ്യും.
രക്തത്തിലെ ഘടകങ്ങളെ പൊതുവേ രണ്ടായി തിരിക്കാം.
1.പ്ലാസ്മ
2. രക്തകോശങ്ങള്‍
പ്ലാസ്മ
രക്തത്തിന്‍റെ പ്രധാന അംശമായ പ്ലാസ്മയ്ക്ക് വയ്ക്കോലിന്‍റെ (STRAW COLOUR- ഇളംമഞ്ഞ) നിറമാണ്. ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ തുടങ്ങിയ പ്രോട്ടീനുകൾ ജലത്തില്‍ ലയിച്ചുണ്ടാകുന്നതാണ് പ്ലാസ്മ. പ്ലാസ്മയുടെ 93 ശതമാനവും ജലമാണ്. രക്തത്തിനു രക്തക്കുഴലിനുള്ളില്‍ നിലനില്‍ക്കാനുള്ള ഒസ്മോട്ടിക് പ്രെഷര്‍ നല്‍കുന്നത് ആല്‍ബുമിന്‍ എന്ന പ്രോട്ടീനാണ്. ഗ്ലോബുലിന്‍റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. വിവിധ കാരണങ്ങളാല്‍ ശരീരത്തിലുണ്ടാക്കുന്ന ആൻറിബോഡികളെല്ലാം ഗ്ലോബുലിന്‍റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക് പുറമെ പ്ലാസ്‌മയിൽ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് മുതലായ പോഷകങ്ങളും അയോണുകളും,യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയവ പോലുള്ള വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്.
രക്തകോശങ്ങള്‍
ഇവ മൂന്നു തരമുണ്ട്
1.അരുണരക്താണുക്കള്‍ [red blood cells]
2.ശ്വേതരക്താണുക്കള്‍ [white blood cells]
3.പ്ലേറ്റ്ലറ്റുകള്‍.
അറുനൂറു ചുവന്ന രക്താണുക്കള്‍ക്ക്, നാല്‍പ്പതു പ്ലേറ്റ്ലറ്റുകളും ഒരു ശ്വേതരക്താണുവും എന്ന തോതിലാണ് രക്തത്തില്‍ ഇവ കാണപ്പെടുന്നത്.
1.അരുണരക്താണുക്കള്‍ [red blood cells]
ചുവന്ന രക്താണുക്കളാണ് രക്തത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇതിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകം രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ഹീമോഗ്ലോബിനാണ് ശ്വാസകോശങ്ങളില്‍ നിന്നും ഓക്സിജന്‍ സ്വീകരിച്ചു ശരീരകോശങ്ങള്‍ക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്‌സയിഡ് സ്വീകരിച്ചു ശ്വസകോശം വഴി പുറംതള്ളുകയും ചെയ്യുന്നത്. ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏതാണ്ട് 50 ലക്ഷം ചുവന്ന രക്താണുക്കള്‍ കാണും. സാധാരണഗതിയിൽ 100 മി.ലി. രക്തത്തിൽ 12 മുതൽ15 ഗ്രാം വരെ ഹീമോഗ്ലോബിൻ ഉണ്ടാവും
2.ശ്വേതരക്താണുക്കള്‍ [white blood cells]
ശ്വേതരക്താണുക്കള്‍ ചുവന്ന രക്താണുക്കളെക്കാള്‍ വലിപ്പം കൂടിയവയാണ്. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്റ്റീരിയകളെയും മറ്റു അണുക്കളെയും ഒരു വലയം[engulf] സൃഷ്ടിച്ച് നശിപ്പിക്കുന്നു. ഇതോടൊപ്പം രോഗപ്രതിരോധത്തിനാവശ്യമായ പ്രതിവസ്തുക്കളും [antibodies] നിര്‍മ്മിക്കുന്നു. ശ്വേതരക്താണുക്കള്‍ വിവിധതരമുണ്ട്
1.ന്യൂട്രോഫില്‍ 2.ലിംഫോസൈറ്റ് 3.ഈസിനോഫില്‍ 4.ബേസോഫില്‍ 5.മോണോസൈറ്റ്
ഇവ ഓരോന്നിനും പ്രത്യേകം പ്രത്യേകം ധർമ്മങ്ങളുമുണ്ട്.
3.പ്ലേറ്റ്ലറ്റുകള്‍.
മജ്ജയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്നതും കോശമര്‍മ്മം ഇല്ലാത്തതുമായ ചെറിയ ഇനം കോശങ്ങളാണ് പ്ലേറ്റ്ലറ്റുകള്‍. ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏകദേശം 250,000 മുതൽ 400,000 വരെ പ്ലേറ്റ്ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തസ്രാവം തടയുക എന്നതാണ് ഇവയുടെ പ്രധാനജോലി.
ചുവന്ന രക്താണുക്കള്‍ 120 ദിവസംവരെ ജീവിച്ചിരിക്കും. പ്ലേറ്റ്ലെറ്റുകള്‍ 7 മുതല്‍ 9 ദിവസം വരെയും. വിവിധതരം ശ്വേതരക്താണുക്കളുണ്ട്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഓരോ ഇനത്തിലും വ്യത്യസ്തമായിരിക്കും.
രക്തഗ്രൂപ്പുകള്‍
16-ആം നൂറ്റാണ്ടു മുതൽക്കുതന്നെ ആവശ്യക്കാരായ രോഗികൾക്ക് രക്തം നല്‍കി വന്നിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമേ നാം ഇന്നു കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്തസന്നിവേശ മാര്‍ഗങ്ങള്‍ നിലവില്‍ വന്നുള്ളൂ. ഇതിനുകാരണം വിവിധതരം രക്തഗ്രൂപ്പുകളുടെ കണ്ടെത്തലാണ്. കാൾ ലാൻസ്റ്റെനർ എന്ന ആസ്ട്രിയക്കാരനായ ശാസ്ത്രജ്ഞനാനു എ, ബി, ഓ (ABO) എന്ന , ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന രക്തഗ്രൂപ്പുകളുടെ ഉപജഞാതാവ്.
ചുവന്ന രക്താണുക്കളുടെ ആവരണത്തിൽ ചില പ്രത്യേകതരം ആന്റിജനുകൾ [ഒരു പ്രോട്ടീന്‍ പദാര്‍ത്ഥം] കാണപ്പെടുന്നു. അവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യമോ അസാനിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകളെ തരംതിരിക്കുക [blood grouping]. മൂന്നാമതായി ‘H ‘ ആന്റിജൻ എന്നൊരു ഘടകം കൂടി RBC യുടെ ആവരണത്തിൽ പ്രധാനപ്പെട്ട ഒന്നായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
A ആന്റിജന്‍ ഉള്ള രക്തം ‘A’ ഗ്രൂപ്പെന്നും, B ആന്റിജന്‍ ഉള്ളത് ‘B’ ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് ‘AB’ ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് ‘O’ ഗ്രൂപ്പെന്നും അറിയപ്പെടുന്നു. A ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ B ആന്റിജനെതിരായ ആന്റിബോഡിയും B ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ A ആന്റിജനെതിരായ ആന്റിബോഡിയും കാണപ്പെടുന്നു. O ഗ്രൂപ്പുകാരില്‍ ഈ രണ്ടു ആന്റിബോഡികളുമുള്ളപ്പോള്‍ AB ഗ്രൂപ്പില്‍ രണ്ടു ആന്റിബോഡികളും ഉണ്ടാകില്ല. മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ‘ഒ’ ഗ്രൂപ്പുകാരാണ്. പിന്നീട് ബി,എ,എബി എന്നാ ക്രമത്തിലും.
ഇനി ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് മറ്റൊരു ഘടകമായ ‘D” ആന്റിജന്‍റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്‍റെ രക്തപരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്. അതുകൊണ്ട് റീസസ്സിന്‍റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ളൂട്ടിനോജൻ അറിയപ്പെടുന്നത്. Rh’ഡി’ ആന്റിജന്‍ ഉള്ളവരെ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജന്‍ ഇല്ലാത്തവരെ Rh ‘നെഗറ്റീവ്’ എന്നും പറയുന്നു. വിവിധതരത്തില്‍പ്പെട്ട 600-ല്‍ അധികം ആന്റിജനുകള്‍ തരംതിരിച്ചിട്ടുണ്ടെങ്കിലും ABO-യും Rh-ഉം തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവ. ഇവ രണ്ടും കൂടി യോജിപ്പിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് ഏതെന്നു തീരുമാനിക്കുന്നത്. താങ്കളുടെ രക്തഗ്രൂപ്പ് താഴെക്കാണുന്നവയില്‍ ഏതെങ്കിലും ഒന്നാകാം.
(O+ve/ O-ve)
(B+ve/ B-ve)
(A+ve/ A-ve)
(AB+ve/ AB-ve)
രക്തഗ്രൂപ്പുകള്‍ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. അതായത് ഒരാളുടെ മാതാപിതാക്കളുടെ രക്തഗ്രൂപ്പിനനുസൃതമായിരിക്കും അയാളുടെ രക്തഗ്രൂപ്പ്. രക്തഗ്രൂപ്പുകള്‍ ഒരാളിന്‍റെ വ്യക്തിമുദ്രയുടെ ഭാഗമാണ്. അയാളുടെ ജീവിതകാലത്തില്‍ ഇതിനു ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. നമ്മുടെ ജനസംഖ്യയില്‍ ഓരോ രക്തഗ്രൂപ്പുകളുടെയും അനുപാതം ചുവടെ ചേര്‍ക്കുന്നു.
ഒ – 42%
ബി – 27%
എ – 25%
എബി – 6%
നമ്മുടെ ജനസംഖ്യയുടെ 93% പേരും Rh പോസ്സിറ്റീവ് ആയിട്ടുള്ളവരാണ്. ബാക്കി 7 ശതമാനം ആള്‍ക്കാര്‍ മാത്രമേ Rh നെഗറ്റീവുള്ളൂ. Rh ഘടകത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. Rh നെഗറ്റീവായിട്ടുള്ള വ്യക്തിക്ക് ആര്‍ എച്ച് പോസ്സിറ്റീവായിട്ടുള്ള രക്തം നല്‍കുകയോ, Rh നെഗറ്റീവ് സ്ത്രീ Rh പോസ്സിറ്റീവ് ആയിട്ടുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ ചെയ്കവഴി ത്വരിതഗതിയില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയുടെയും കുഞ്ഞിന്‍റെയും Rh ഘടകത്തിലെ വ്യത്യാസം നവജാത ശിശുക്കളില്‍,
രക്തക്കുറവ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണംതന്നെ സംഭവിക്കാനും ഇടയാക്കുന്നു.
ബോംബേ ബ്ലഡ്ഗ്രൂപ്പ്
ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്‍റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ ‘എച്ച്’ (H) ആൻറിജൻ ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. H ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ABO ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 1952-ൽ മുംബൈയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം. ബോംബേ രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല. അവർക്ക് ബോംബേ ഗ്രൂപ്പ് തന്നെ വേണം.
രക്തദാനത്തിന്‍റെ ആവശ്യകത
അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പൊള്ളല്‍, പ്രസവസംബന്ധമായ രക്തസ്രാവം, അര്‍ബുദങ്ങള്‍ തുടങ്ങി നിരവധി സന്ദര്‍ഭങ്ങളില്‍ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്നു. അടിക്കടി രക്തം ആവശ്യമായി വരുന്ന ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രക്തസംബന്ധിയായ രോഗങ്ങള്‍ക്കും അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന അവസരങ്ങളിലും രക്തം ആവശ്യമാണ്. രക്തത്തിന്‍റെ ലഭ്യത അതിന്‍റെ ആവശ്യകതയേക്കാള്‍ എത്രയോ കുറവാണ്. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിന് മുതിരുകയാണെങ്കില്‍ ഈ ആവശ്യം നിറവേറ്റപ്പെടാവുന്നതേയുള്ളൂ. അര്‍പ്പണബോധമുള്ള ചുരുക്കം ചില ദാതാക്കളാലാണ് രക്തദാനം എന്ന മഹത് സംരംഭം നിലനിന്നുപോകുന്നത്. ഒരു നിശ്ചിത സമയത്തെക്കുമാത്രമേ രക്തം സൂക്ഷിക്കാനാകു എന്നത് കൊണ്ടാണ് അടിക്കടി രക്തദാനം ആവശ്യമായി വരുന്നത്.
ആരോഗ്യവാനായ ഒരു പുരുഷന് കൃത്യമായി മൂന്നുമാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് നാലുമാസത്തില്‍ ഒരിക്കലും രക്തദാനം നടത്താം. ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ ഇടവേളയിട്ടും രക്തം നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ ചില പ്രത്യേകരീതികളില്‍, ഉദാഹരണത്തിന് പ്ലാസ്മാ അല്ലെങ്കില്‍ പ്ലേറ്റ്ലേറ്റ് മാത്രമായിട്ടും ദാനം ചെയ്യാം.
രക്തദാനം രണ്ടു വിധം
- സന്നദ്ധ രക്തദാനം (VOLUNTARY BLOOD DONATION)
- റീപ്‌ളേസ്‌മെന്റ് രക്തദാനം
1.സന്നദ്ധ രക്തദാനം
ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്‌ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം. നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ആകെയുള്ള രക്തദാനത്തിന്‍റെ 27% മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ നടക്കുന്നുള്ളൂ. അതു 60% എങ്കിലും ആക്കണം.
2. റീപ്‌ളേസ്‌മെന്റ് ബ്ലഡ് ഡൊണേഷന്‍
അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്‌ളേസ്‌മെന്റ് ബ്‌ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്‌ളഡ്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനമാണിത്.
മൂന്നാമതൊരു രക്തദാനരീതി കൂടിയുണ്ട്. ഓട്ടലോഗസ് രക്തദാനം (AUTOLOGUS BLOOD DONATION). നമുക്ക് നമ്മുടെ തന്നെ രക്തം മുന്‍കൂട്ടി രക്തബാങ്കില്‍ ശേഖരിച്ചുവയ്ക്കുന്ന രീതിയാണിത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയയ്ക്കോ ഒക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ രക്തദാനമാര്‍ഗ്ഗവും ഇത് തന്നെ. ചില പ്രായോഗിക- സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഓട്ടലോഗസ് രക്തദാനം അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല നമ്മുടെയിടയില്‍.
ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം
ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. 45 കിലോഗ്രാമിനു മുകളില്‍ തൂക്കം ഉള്ളവരും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് 12.5 ഗ്രാമിനു മുകളിലുള്ളവര്‍ക്കും 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും രക്തദാനം നടത്താം. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം (70 ml /kg) ഉണ്ടാകും. ഇതില്‍ ഒരു കിലോ ഗ്രാമിന് 50 മി. ലി. എന്ന തോതിലുള്ള രക്തമേ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് വേണ്ടിവരുന്നുള്ളൂ. ബാക്കി വരുന്ന രക്തം ശരീരത്തില്‍ അധികമായി (surplus) സൂക്ഷിച്ചിരിക്കുന്നു. ഇങ്ങനെ അധികമുള്ള രക്തതില്‍നിന്നു കിലോ ഗ്രാമിന് 8 ml വെച്ച് ദാനം ചെയ്യുക വഴി ആരോഗ്യത്തിനു യാതൊരുവിധ ദോഷവും സംഭവിക്കുന്നില്ല. എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം, നമുക്ക് നഷ്ടപ്പെടുന്നത് ½ പൈന്റ് രക്തം; എന്നാല്‍, നേടുന്നതോ ഒരു ജീവനും! ഒരാളില്‍ നിന്നും 350 ML രക്തമാണ് ഒരു സമയം ശേഖരിക്കുന്നത്.
രക്തദാനം നടത്തിയാലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരത്തില്‍ പഴയകോശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പ്രകൃത്യാ നശിപ്പിക്കപ്പെടുകയും പുതിയവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. അതേസമയം പുതിയ കോശങ്ങളുടെ ഉല്‍പ്പാദനത്തിന് രക്തദാനം പ്രചോദനമാകുന്നു. രക്തം നല്‍കി അല്‍പ്പസമയത്തിനുള്ളില്‍ രക്തക്കുഴലുകള്‍ അവയുടെ വലിപ്പം (വ്യാസം) ക്രമപ്പെടുത്തുകയും എപ്പോഴും അവ നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ അവയിലെ ദ്രാവകം രക്തത്തിലേക്ക് ഒഴുക്കിവിടുന്നു. അങ്ങനെ 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ക്കകം രക്തത്തിന്‍റെ അളവ് പൂര്‍വസ്ഥിതിയിലെത്തുന്നു. രക്തദാനത്തിനും മുമ്പുള്ള ഹീമോഗ്ലോബിന്‍റെ അളവ്, രക്തം നല്‍കി 3 മുതല്‍ 4 വരെ ആഴ്ചകള്‍ക്കകം ക്രമീകരിക്കപ്പെടുന്നു. അതായത് ഒരുമാസത്തിനകം നിങ്ങളുടെ രക്തം രക്തദാനത്തിനു മുമ്പുള്ള അവസ്ഥയില്‍ എത്തുന്നു. എന്നാലും ചുരുക്കം ചിലരിലെങ്കിലും വിളര്‍ച്ച ബാധിക്കാതിരിക്കാനാണ് രക്തദാനം മൂന്നുമാസത്തിലൊരിക്കല്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നത്.
രക്തദാനം പാടില്ലാത്തത് ആര്‍ക്കൊക്കെ?
സുരക്ഷിതമായ രക്തദാനത്തിനു ഏറ്റവും പ്രധാനം ദാതാക്കളെ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ്. രക്തദാനം ധാതാവിന്‍റെ ആരോഗ്യത്തെ ബാധിക്കുകയോ സ്വീകര്‍ത്താവിനു രക്തതില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ പിടിപെടാനോ ഇടയാക്കരുത്.
1.മലമ്പനി പിടിപ്പെട്ടിട്ടുള്ള ആള്‍ അസുഖം ഭേദമായി കഴിഞ്ഞും മൂന്നു വര്‍ഷത്തേക്ക് രക്തദാനതിനു അയോഗ്യനാണ്. ഈ രോഗം പടര്‍ന്നുപ്പിടിച്ചിട്ടുള്ള ഇടങ്ങളില്‍ (endemic) പോകേണ്ടി വന്നിട്ടുള്ള ആള്‍ ആറുമാസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ല.
2.മഞ്ഞപ്പിത്തം പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല. അതുപോലെ തന്നെ മഞ്ഞപ്പിതബാധയുള്ള രോഗികളെ പരിചരിക്കുന്ന ആളും ഒരു വര്‍ഷത്തേക്ക് രക്തദാനം നടത്തുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്.
3.ചില മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരെ അസുഖത്തിന്‍റെ സ്വഭാവം, കഴിക്കുന്ന മരുന്ന്, എന്നിവയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിച്ച് നിറുത്തിയിരിക്കുന്നു.
4.രക്തസമ്മര്‍ദ്ദം 180/100 mmHg ക്ക് താഴെ ആയിരിക്കേണ്ടതാണ്. രക്തമര്‍ദ്ദം ഈ അളവില്‍നിന്നും കൂടുതലുള്ള വ്യക്തിയെ രക്തദാനത്തില്‍ നിന്ന് താല്‍കാലികമായി ഒഴിച്ച് നിര്‍ത്തുന്നു. കാരണം, രക്തദാനസമയത്ത് രക്തമര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തിയെ പ്രതികൂലമായി ബാധിക്കാം.
5.പ്രമേഹ രോഗത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
6.ചികിത്സയില്‍ കഴിയുന്ന ഹൃദ്‌രോഗികള്‍ ,ക്ഷയരോഗ ലക്ഷണം പ്രകടമായിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, നിയന്ത്രണാതീതമായി ആസ്മ പിടിപ്പെട്ടിട്ടുള്ളവര്‍ – ഇവര്‍ രക്തം നല്‍കാന്‍ പാടില്ല.
7.ഗുഹ്യരോഗമുള്ളവര്‍ രോഗബാധ ചികിത്സിച്ചു മാറ്റി ഒരു വര്‍ഷക്കാലത്തേക്ക് രക്തദാനം നടത്താന്‍ പാടുള്ളതല്ല.
8.ദന്തരോഗചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രസ്തുത ചികിത്സ നടത്തിയ ശേഷം മാത്രമേ രക്തദാനം നടത്താവൂ.
9.ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ അസുഖം ഭേധമായിട്ടും, പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും രക്തം സ്വീകരിച്ചിട്ടുള്ളവരും ആറു മാസത്തിനുശേഷവും മാത്രമേ രക്തദാനം നടത്താവൂ.
10.സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
11.ചെറിയ മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന വ്യക്തികളും രക്തദാനം ചെയ്യാന്‍ പാടില്ല.
പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍..
ടെറ്റനസ് ടോക്സോയിഡ് (TT), ടൈഫോയിഡ്, കോളറ, ഇവയ്ക്കെതിരായി കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കിലും രക്തദാനം ചെയ്യാവുന്നതാണ്. എന്നാല്‍, ചില വാക്സിനുകളായി, വളരെ വീര്യം കുറഞ്ഞ ജീവനുള്ള അണുക്കളെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വാക്സിന്‍ ഉപയോഗിക്കുന്ന അവസരത്തില്‍ രക്തദാനതിനായി മൂന്നാഴ്ച കാത്തിരിക്കേണ്ടതാണ്. ഉദാ: പോളിയോ, മണ്ണന്‍ (MEASLES), മുണ്ടിനീര്(MUMPS) etc.
പേവിഷബാധയ്ക്കെതിരായ കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷമേ രക്തം നല്‍കാവൂ.
ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍
1.മഞ്ഞപ്പിത്തത്തിന്റെ ‘ബി’ വൈറസുകളെ ‘സി’ വൈറസുകളെ ബാധിച്ചിട്ടുണ്ടെന്ന് (HEPATITIS B or C) രക്ത പരിശോധനയില്‍ തെളിച്ചിട്ടുള്ള വ്യക്തികള്‍.
മുന്‍പ് തന്‍റെ രക്തം സ്വീകരിച്ച ആളില്‍ മഞ്ഞപ്പിത്തബാധ ഉണ്ടായിട്ടുള്ളതായി അറിവുള്ളവര്‍
2.അപസ്മാരരോഗമോ മനസികാസ്വാസ്ഥ്യമോ ഉള്ള ആള്‍.
3.എച്ച്.ഐ.വി. പോസ്സിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുള്ളവര്‍.
4.എയിഡ്സ് (AIDS) ഉണ്ടെന്നു സംശയിക്കുന്ന ആളുകളില്‍ പ്രകടമായി കാണുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍.(ഉദാ:വിട്ടുമാറാത്ത പനി, അകാരണമായി ശരീരഭാരം കുറയുക, ഗ്രന്ഥിവീക്കം, തുടര്‍ച്ചയായിട്ടുള്ള വയറിളക്കം, സ്ഥായിയായ ചുമ, ശ്വാസതടസ്സം.)
5.മയക്കുമരുന്നിന്‍റെ അടിമകള്‍.
നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്ത് സംഭവിക്കുന്നു?
നിങ്ങള്‍ നല്‍കിയ രക്തം പലവിധ പരിശോധനകള്‍ക്ക് വിധേയമാകുന്നു
1.രക്ത ഗ്രൂപ്പ് നിര്‍ണ്ണയം,
2.പ്രതിവസ്തുക്കളുടെ ANTIBODY) പരിശോധന
3.രക്തംവഴി സ്വീകര്‍ത്താവിനു പകരാവുന്ന അസുഖങ്ങള്‍
4.സ്വീകര്‍ത്താവിന്‍റെ രക്തത്തോട് ദാനം ചെയ്യപെട്ട രക്തം ചേരുമോ എന്ന് കണ്ടുപിടിക്കല്‍ -തുടങ്ങി നിരവധി പരിശോധനകള്‍ നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നും രക്തം നമുക്ക് സൗജന്യമായാണ് ലഭിക്കുന്നതെങ്കിലും ഒരു യൂണിറ്റ് രക്തം നാലഞ്ചു ടെസ്റ്റുകള്‍ക്കു വിധേയമാകുമ്പോഴേക്കും 650 രൂപയോളം ചെലവ് വരുന്നുണ്ട്.
രക്തം അപ്രകാരംതന്നെയോ (WHOLE BLOOD TRANSFUSION) അല്ലെങ്കില്‍ അതിനെ ഘടകങ്ങളായി വേര്‍തിരിച്ചോ ഉപയോഗിക്കുന്നു.
നാം നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുക വഴി ഒന്നിലധികം രോഗികള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയും. താഴെ പറയും വിധമാണ് അവ സാധാരണയായി വേര്‍തിരിക്കുന്നത്.
അരുണരക്താണുക്കള്‍ മാത്രമായിട്ട് (PACKED REDCELL- PRC)
വേര്‍തിരിച്ചെടുക്കുന്ന ചുവന്ന രക്താണുക്കളെ SAG-M (SALINE-ADENINE-GLUCOSE-MANNITOL) മിശ്രിതവുമായി ചേര്‍ത്ത് സൂക്ഷിക്കുന്നു. 2 മുതല്‍ 6 ഡിഗ്രീ സെല്‍ഷ്യസ് വരെ തണുപ്പില്‍ സൂക്ഷിക്കുന്ന ഇത് 5 ആഴ്ചവരെ കേടുകൂടാതിരിക്കും.
PLATELETS മാത്രമായിട്ട്
ഇത് സൂക്ഷിക്കുന്നതിന് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകതരം കണ്ടെയിനര്‍ ആവശ്യമാണ്. 5 ദിവസം വരെ പ്ലേറ്റ്ലറ്റ് ഇങ്ങനെ സൂക്ഷിക്കാം.
അല്ലെങ്കില്‍ പ്ലസ്മയില്‍ നിന്നുള്ള ഘടകങ്ങള്‍ വേര്‍തിരിച്ചും.
ഉദാ: A. FRESH FROZEN PLASMA
- CRYOPRECIPITATE
വ്യാവസായികാടിസ്ഥാനത്തില്‍ പ്ലാസ്മയില്‍ നിന്നും ഘടകങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഇങ്ങനെ രക്തം കട്ടപ്പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളെ വേര്‍തിരിക്കാനും സാധിക്കുന്നു. ഈ ഘടകങ്ങള്‍ ഹീമോഫീലിയ പോലുള്ള (ജന്മനാല്‍ രക്തം കട്ടപ്പിടിക്കാതിരിക്കുന്ന അവസ്ഥ) രോഗങ്ങളുടെ ചികിത്സയ്ക്ക് വിലപ്പെട്ടതാണ്. മൈനസ് 30 ഡിഗ്രീ സെല്‍ഷ്യസിലും താഴെ സൂക്ഷിക്കുന്ന ഇവ അഞ്ചുവര്‍ഷം വരെ കേടുകൂടാതെ ഇരിക്കും.
ക്രോസ്മാച്ചിംഗ്
രക്തം നല്‍കുന്നതിനുമുന്‍പ് ദാതാവിന്‍റെ രക്തവും സ്വീകര്‍ത്താവിന്‍റെ രക്തവും തമ്മിലുള്ള ചേര്‍ച്ച നോക്കുന്ന പ്രക്രിയയാണ് ക്രോസ് മാച്ചിംഗ്.
ABO രക്തഗ്രൂപ്പുകളില്‍ പ്രകൃത്യാ ചില പ്രതിവസ്തുക്കള്‍ (ANTIBODY) ഉള്ള കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. ഈ വസ്തുക്കള്‍, ജനിച്ച് ആറേഴു മാസം പ്രായം ആകുമ്പോള്‍ മുതല്‍ ശിശുവിന്‍റെ രക്തത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നു. രക്തം നല്‍കുമ്പോള്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട രക്തം [ABO യും Rh ഘടകവും] തന്നെ നല്‍കിയില്ലെങ്കില്‍ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവര്‍ത്തിച്ചു, സ്വീകരിക്കുന്ന ആളിന് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിംഗ് ചെയ്യുന്നത്.
സ്വന്തമായി ആന്റിജനുകള്‍ ഇല്ലാത്ത ‘O’ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകര്‍ത്താവിന്‍റെ രക്തവുമായി പ്രതിപ്രവര്‍ത്തിക്കാത്തതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്രോസ്മാച്ച് ചെയ്യാതെയും നല്കാറുണ്ട്. ആര്‍ക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാല്‍ O NEGATIVE ഗ്രൂപിനെ ‘സാര്‍വത്രിക ദാതാവ്’ (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആന്റിബോഡികള്‍ ഇല്ലാത്ത AB ഗ്രൂപ്പിന് ആരില്‍ നിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ ‘സാര്‍വത്രിക സ്വീകര്‍ത്താവ്’ (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.
രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യം
- തലേദിവസം ഉറക്കം കിട്ടിയിരിക്കണം
- രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം
സന്നദ്ധ രക്തദാനത്തിന്‍റെ ഗുണങ്ങൾ
- സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
- ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്‍റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
- അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
- പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
So Give blood. Save a Life…