· 4 മിനിറ്റ് വായന

അർബുദ ചികിത്സയിലെ പ്രതിരോധ വിപ്ലവം

Oncologyആരോഗ്യമേഖലഗവേഷണം

 

“എന്റെ ജീവൻ രക്ഷിച്ചതിന് നന്ദി”

ഒരു നന്ദി പറച്ചിലാണീ ചിത്രത്തിൽ. ഇടതുവശത്തുള്ളത് തോമസ് ഡാൾ (Thomas Dahl) എന്ന രോഗി. അദ്ദേഹത്തിന് ടോൺസിൽസിൽ കാൻസറായിരുന്നു. നിലവിലുള്ള ചികിത്സാരീതികളൊന്നും ഫലപ്രദമല്ലായിരുന്നു അദ്ദേഹത്തിന്റെ കാര്യത്തിൽ. പക്ഷെ കാൻസർ ഇമ്യൂണോതെറാപ്പിയിലൂടെ അദ്ദേഹം രോഗമുക്തനായി. കാൻസർ ചികിത്സയിൽ ഇമ്യൂണോതെറാപ്പിയെന്ന പുതിയ ചികിത്സാമാർഗം ആവിഷ്കരിച്ച ജയിംസ് ആലിസനും (James P Allison) ടസുകു ഹോൻജോ (Tasuku Honjo) യുമാണ് ചിത്രത്തിൽ കൂടെയുള്ളവർ. അവർക്കായിരുന്നു 2018-ലെ മെഡിസിനുള്ള നോബൽ സമ്മാനം.

എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന ക്യാൻസർ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണെന്ന് നമുക്കറിയാം. ഈ ട്യൂമർ സെല്ലുകളെ ആക്രമിക്കാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അന്തർലീനമായ കഴിവിനെ ഉത്തേജിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന കണ്ടെത്തലിനായിരുന്നു ഈ സമ്മാനം. കാൻസർ ചികിത്സയിലെ പുതിയമാനം. എന്താണീ ഇമ്യൂൺ തെറാപ്പിയെന്നറിയാൻ താൽപ്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.

അർബുദകോശങ്ങൾ അതി തന്ത്രശാലികളാണ്. വെറുതേ സ്വന്തം പാടുനോക്കിയിരിക്കേണ്ട ഈ കോശങ്ങൾ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ച് വിഭജിച്ച് അവരുടെ സമൂഹം (ട്യൂമർ) സൃഷ്ടിച്ചെടുക്കുകയാണ്. കൂടുതൽ പോഷകങ്ങൾ കിട്ടാൻ പുതിയ രക്തക്കുഴലുകൾ അങ്ങോട്ട് പൈപ് ലൈൻ പോലെ വലിയ്ക്കും. മര്യാദയുടെ ചില ചെക്ക് പോയിന്റുകൾ അതിലംഘിക്കും. കോശങ്ങളുടെ സർവ്വനിയന്ത്രണങ്ങളുമുള്ള, മദർ സുപ്പീരിയർ ആയ ന്യൂക്ളിയസിലെ ഡി എൻ എ യിൽ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിനു കാരണം. നേരത്തെ “കീമോതെറാപ്പി” യ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിനു തടയിടുന്നവ ആയിരുന്നുവെങ്കിൽ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടി കോശങ്ങളെ നിലയ്ക്കു നിറുത്തുന്നത്. പ്രധാനമായും നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥ (Immune system)യെ ഊർജ്ജതരമാക്കുന്ന വിദ്യകളാണ് ചികിൽസാപദ്ധതിയിൽ. കഠിനമായ രാസവസ്തുക്കൾ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഒരുകാലത്ത് ഇന്നലത്തെ കഥയായി മാറിയേക്കാം.

നമ്മുടെ രക്തത്തിലുള്ള റ്റി കോശങ്ങൾ (T cells) ആണ് അനധികൃതമായി കടന്നു കൂടുന്ന ബാക്റ്റീരിയയോ മറ്റ് അന്യമായ കോശങ്ങളേയോ നശിപ്പിക്കുന്നത്. ഈ റ്റി കോശങ്ങൾ നേരിട്ട് വെട്ടി കൊലപാതകം ചെയ്യുന്ന ആയോധനകലയിൽ പ്രത്യേകം പരിശീലനം നേടിയവരാണ്. അന്യകോശങ്ങളോട് പറ്റിനിന്ന് അവയെ നശിപ്പിക്കുകയാണ് ജന്മോദ്ദേശം. അർബുദകോശങ്ങളേ നേരിടാൻ ഈ T cells നെ തയാറാക്കുക എന്നതാണ് പുതിയ അടവ്. പക്ഷേ അർബുദകോശങ്ങൾ നമ്മുടേത് തന്നെ ആയതിനാൽ ഈ റ്റി കോശങ്ങൾക്ക് അവയെ തിരിച്ചറിയാൻ പറ്റാതെ പോകുകയാണ്. എന്നാൽ അതിചാതുര്യവാന്മാരായ ക്യാൻസർ കോശങ്ങൾക്ക് അറിയാതെ ചില വിഡ്ഢിത്തങ്ങൾ പറ്റുന്നുണ്ട്. അവയുടെ ഡി എൻ എയിലെ ചില പാകപ്പിഴകളാൽ (ഇതുകൊണ്ടാണ് അവ നിയന്ത്രണങ്ങളില്ലാത്ത അർബുദകോശങ്ങളായി മാറിയതു തന്നെ) പുതിയചില പ്രോട്ടീൻ തന്മാത്രകൾ ഉപരിതലത്തിൽ പ്രദർശിപ്പിച്ച് “ഞങ്ങൾ ക്യാൻസർ കോശങ്ങളാണേ” എന്ന് അറിയിച്ചു കൊണ്ടിരിക്കും. ഈ കോശങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും. നമ്മുടെ റ്റി സെല്ലുകളെ ഇവരുടെ നേരേ തിരിയ്ക്കുകയാണ് ഇന്നത്തെ വിദ്യകളിലൊന്ന്. അതിലും എളുപ്പമായ വിദ്യ ക്യാൻസർ കോശങ്ങൾ പ്രദർശിപ്പിക്കുന്ന മേൽപ്പറഞ്ഞ പ്രത്യേക തന്മാത്രകൾക്കെതിരെ പ്രവർത്തിക്കുന്ന “ആന്റി ബോഡി” എന്ന പ്രോട്ടീൻ കുത്തിവച്ചാലും മതി. ഈ ‘ആന്റിബോഡികൾ’ അർബുദകോശങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിച്ചുകൊള്ളും. ഈ തന്മാത്രകളോട് കൂട്ടിച്ചേർക്കപ്പെട്ട കീമോതെറാപ്പി രാസവസ്തുക്കൾ ഇതിനു ആക്കം കൂട്ടുന്ന വിദ്യയും ഉണ്ട്. ക്യാൻസർ കോശങ്ങളെ മാത്രം ഇവകൾ ഉന്നം വയ്ക്കുന്നതുകൊണ്ട് ശരീരം ആകമാനം വിഷമതകളിൽ പെടുന്നില്ല. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങൾക്കിടയിൽ പലേ ക്യാൻസറുകൾക്കുമുള്ള ഈ കുത്തിവയ്പ്പ് മരുന്നുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.

അർബുദകോശങ്ങൾ അതീവ സാർത്ഥ്യക്കാരാണെന്നതിൽ സംശയമില്ല. കൊല്ലാൻ വരുന്ന റ്റി സെൽസിനെ നിർവ്വീരീകരിച്ച് ആക്രമണോൽസുകതയിൽ നിന്ന് പിൻതിരിപ്പിക്കാൻ അവയ്ക്കറിയാം. റ്റി സെൽസിന്റെ ഉപരിതലത്തിലെ ഒരു കൂട്ടം പ്രോടീനുകളെ പൊത്തി അമർത്തിയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഈ പ്രവണത പാടേ അകറ്റാനുള്ള ചില പ്രോടീനുകൾ കുത്തിവയ്ക്കുന്നത് ഇന്ന് ക്യാൻസർ ചികിൽസയിലെ നൂതനവും പ്രഭാവശാലിയും ആയ മാർഗ്ഗമാണെന്നുള്ളത് വിപ്ലവം തന്നെ. “ചെക്ക് പോയിന്റ് അമർത്തൽ’ (Check point inhibition) എന്ന് വിളിയ്ക്കുന്ന ഈ ചികിൽസാപദ്ധതി വൻ വിജയമാണ്; 2010 ഇനു മുൻപ് 12% മാത്രം അതിജീവനം സാദ്ധ്യമായിരുന്ന ചർമ്മാർബുദക്കാർ 60% ഇലേക്കാണ് ഇതുമൂലം കുതിച്ചുയർന്നത്.

പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാർന്ന ചികിൽസാപദ്ധതിയാണ് “ജീവിക്കുന്ന മരുന്ന്’ (Living drug) എന്ന വിശേഷിക്കപ്പെട്ട Car-T ഉപായം. രോഗിയുടെ സ്വന്തം റ്റി സെൽസിനെ പുതിയ കളരിയഭ്യാസം പഠിപ്പിച്ചെടുത്ത് ശരീരത്തിൽ കടത്തിവിടുകയാണ് സൂത്രപ്പണി. ജീൻ തെറാപ്പി (പുതിയ ജീനുകൾ സന്നിവേശിപ്പിച്ച കോശങ്ങൾ ഉപയോഗിച്ചുള്ള ചികിൽസ) പുതിയ മാനങ്ങൾ തേടുന്ന ആധുനിക രീതിയാണിത്. മേൽപ്പറഞ്ഞ റ്റി കോശങ്ങളിൽ പുതിയ ജീനുകൾ കൊരുത്താണ് അർബുദകോശങ്ങളെ നേരിടാൻ തയാറാക്കുന്നത്. രോഗിയുടെ രക്തത്തിൽ നിന്നും തന്നെ വേർതിരിച്ചെടുത്ത റ്റി കോശങ്ങളിൽ ക്യാൻസർ കോശങ്ങളെ നേരിടാനുള്ള ആയോധാനവിദ്യകൾ പെറുന്ന ജീനുകൾ സന്നിവേശിപ്പിക്കുകയും (പരീക്ഷണശാലയിൽ അത്യാധുനിക മോളിക്യുലാർ ട്രിക്കുകൾ ഉപയോഗിച്ചണിത്) പിന്നെ ഇവയുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. രോഗിയ്ക്കുള്ള പ്രത്യേക അർബുദകോശങ്ങളെ മാത്രം നേരിടുന്നവയാണിവ,ഈ റ്റി സെൽസ് രോഗിയിൽ കുത്തിവച്ചാൽ ഇവ നേരേ പോയി ക്യാൻസർ കോശങ്ങളെ നശിപ്പിച്ചുകൊള്ളും. റ്റി സെൽസിനു മറ്റൊരു പ്രവണതയുമുണ്ട്. ഒരു തവണ ക്യാൻസർ കോശങ്ങളുമായി ഏറ്റുമുട്ടിയാൽ അവ പെട്ടെന്ന് സ്വന്തം രൂപത്തിൽ ആയിരക്കണക്കിനു അതേ റ്റി സെൽസ് ആയി വിഭജിച്ചു പെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഈ റ്റി സെൽസ് കുത്തി വച്ചാൽ മതി. അമേരിക്കയിലെ ഭക്ഷ്യ-ഔഷധി ഭരണസമിതി (Food and Drug Administration) ഈയിടെ അനുമതി നൽകിയ ഈ ചികിൽസാ പദ്ധതി ഏറേ വിജയം കാണുകയാണ് പല ക്യാൻസർ രോഗികളിലും.

പല ക്യാൻസറിനും ഒരേ ചികിൽസ അനുവദിക്കുന്ന മറ്റൊരു ആധുനിക രീതി വികാസം പ്രാപിച്ചിച്ചിരിക്കുന്നു കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ. ഓരോ അവയവത്തിനും ഓരോ ക്യാൻസർ എന്ന പതിവ് നിശ്ചയരീതി മാറി മൂലകാരണമെന്താണ് എന്നതനുസരിച്ച് ചികിൽസ നിശ്ചയിക്കുകയാണ് ഈ പദ്ധതിയിൽ. വ്യക്തിപരമായ ഈ സമ്പ്രദായം-നിഷ്കൃഷ്ട ചികിൽസാപദ്ധതി (Precision medicine)എന്ന് അറിയപ്പെടുന്നു. ഒരു അവയവത്തിന്റെ ക്യാൻസറിനു പൊതു ചികിൽസാരീതി എന്ന വ്യവസ്ഥ മാറ്റിയിട്ട് അർബുദകോശങ്ങളുടെ ഡി എൻ എ വിശദാംശങ്ങൾ നിരീക്ഷിച്ച് ഒരാൾക്ക് അനുയോജ്യമായ ഒരു ചികിൽസ എന്ന് നിജപ്പെടുത്തുകയാണിവിടെ..ചിലപ്പോൾ പലേ ക്യാൻസറിനും ഒരേ ചികിൽസ ആകാനും മതി. 12 വിവിധ ക്യാൻസറുകൾക്ക് ഒരേ ഡി എൻ എ പ്രശ്നങ്ങളാണെന്ന് കണ്ടു പിടിയ്ക്കപ്പെട്ടിട്ടുണ്ട്. കോശങ്ങൾ വിഭജിക്കുമ്പോൾ അവയിലെ ഡി എൻ എ പകർപ്പെടുക്കുമ്പോൾ ചില തെറ്റുകൾ വരാറുണ്ട്, ഉടൻ റിപ്പയർ ചെയ്യാറുമുണ്ട്. പക്ഷേ ചിലപ്പോൾ ഈ അറ്റകുറ്റപ്പണിയിൽ പാളിച്ച വന്നുഭവിക്കും, ക്യാൻസറിലെക്ക് നയിക്കും. ഇത്തരം ക്യാൻസറുകളെ ഒറ്റയടിക്കു നേരിടാൻ പ്രാപ്തമായ മരുന്നുകൾ -നേരത്തെ പ്രസ്താവിച്ച “ചെക്ക് പോയിന്റ് അമർച്ച’ തന്നെ-ഇക്കഴിഞ്ഞ വർഷമാണ് വിപണിയിൽ ഇറങ്ങിയത്. രോഗിയുടെ ക്യാൻസർ ഡി എൻ എ പരിശോധനയിലാണു തുടക്കം.

T കോശങ്ങളിലെ രണ്ടു വ്യത്യസ്ത ‘ചെക്ക് പോയിന്റു’കളെയാണ് ആലിസനും ഹോൻജോയും കണ്ടെത്തിയത്. ആലിസൺ കണ്ടെത്തിയത് CTLA- 4 ഉം ഹോൺജോയുടേത് PD-1 ഉം. രണ്ടുപേരും ഈ ചെക്ക് പോയിന്റുകൾക്കെതിരായ ആന്റിബോഡികൾ നിർമ്മിക്കുകയും അവ കാൻസർ രോഗികളിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. രണ്ടുപേരുടെയും കണ്ടുപിടിത്തങ്ങളെ സംയോജിപ്പിക്കുമ്പോൾ അതു കൂടുതൽ കാര്യക്ഷമമാണെന്നും കണ്ടെത്തുകയുണ്ടായി. പ്രത്യേകിച്ചും ശ്വാസകോശാർബുദം, വൃക്ക കാൻസർ, സ്കിൻ കാൻസർ, ലിംഫോമ തുടങ്ങിയവയ്ക്ക്.

(ചിത്രത്തിനും വിവരങ്ങൾക്കും കടപ്പാട്- നോബൽ അക്കാഡമിയുടെ ട്വിറ്ററിനും വെബ്സൈറ്റിനും എതിരൻ കതിരവന്റെ ലേഖനത്തിനും.
https://www.nobelprize.org/pri…/medicine/2018/press-release/
https://twitter.com/NobelPrize/status/1092366409454227456…
https://m.facebook.com/story.php?story_fbid=10217629838208666&id=1560103482 )

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ