കുട്ടികളിലെ അപായ സാധ്യതകൾ
നമ്മൾ വലിയവർക്കു എന്തെങ്കിലും അസുഖം വരുമ്പോൾ ഉള്ളതിനേക്കാൾ ,വീട്ടിലെ കുഞ്ഞുങ്ങൾക്ക് അസുഖം ഉണ്ടാവുമ്പോഴാണ് നമ്മൾ ഏറെ മനോവിഷമം അനുഭവിക്കുന്നത് .അസുഖം മുഴുവൻ മാറി ,കുഞ്ഞു പൂർണ ആരോഗ്യാവസ്ഥ പ്രാപിക്കും വരെ നമ്മൾ അനുഭവിക്കുന്ന ആധി ചെറുതല്ല .എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞു ഒരപകടത്തിൽ പെടുമ്പോഴോ ചിലപ്പോഴെങ്കിലും അത് മൂലം മരണം സംഭവിക്കുമ്പോഴോ ,അതൊരിക്കലും മറക്കാൻ ആവാത്ത മുറിവായി ജീവിതകാലം മുഴുവൻ നമ്മളെ വേട്ടയാടും .
കുട്ടികൾക്ക് സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് കുറച്ചൊക്കെ അറിവും അത് തടയാനുള്ള ശ്രദ്ധയും മുൻകരുതലും നമ്മൾ കാട്ടിയാൽ ഇവയിൽ പലതും ഒഴിവാക്കാൻ പറ്റും
മുതിർന്നവർക്കു സംഭവിക്കാറുള്ള രീതിയിലുള്ള അപകടങ്ങളിൽ പലതും കുട്ടികളിലും ഉണ്ടാവാറുണ്ട് എങ്കിലും കുട്ടികളുടെ ഇടയിലുള്ള അപകടങ്ങളുടെ കാരണങ്ങൾ പലപ്പോഴും വ്യത്യസ്തമാ ആണ് . ഈ അപകടങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നിരിക്കെ നമ്മൾ സാധാരണമായി അഭിമുഘീകരിക്കുന്ന ചിലതിനെ കുറിച്ച് മാത്രം ഇവിടെ പറയാം .
കുട്ടികൾക്ക് മുട്ടിലിഴയുന്ന പ്രായം തൊട്ടു ഏകദേശം ആറു വയസ്സ് ആവുന്നത് വരെയുള്ള കാലത്താണ് അപകടങ്ങൾ ഏറെയും ഉണ്ടാവുന്നത് .ഇതിനു ശേഷം ഇത്തിരി കാലം ഒന്ന് കുറഞ്ഞ ശേഷം കൗമാര പ്രായം ആവുമ്പൊ അപകടങ്ങളുടെ കണക്കുകൾ കൂടുന്നതായാണ് കാണുന്നത് പ്രത്യേകിച്ച് ആൺകുട്ടികളിൽ . ഇത്രയും പറഞ്ഞത് കൊണ്ട് നവജാത ശിശുക്കളിലും തീരെ ചെറിയ പ്രായത്തിലും അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്നർത്ഥമില്ല . അമ്മയും കുഞ്ഞും എന്ന സങ്കല്പം ആദ്യം നമ്മുടെ മനസ്സിൽ ഉണർത്തുന്ന ചിത്രം ഉണ്ണിയെ തൊട്ടിലിൽ കിടത്തി താരാട്ടു പാടി ഉറക്കുന്ന അമ്മയുടേതാണ് .ഇത് തുണി കൊണ്ട് കെട്ടിയ തൊട്ടിൽ ആവുമ്പൊ അമ്മയുടെ കണ്ണ് തെറ്റിയാൽ ചിലപ്പോ തൊട്ടിലില് തുണിയോ ചെറിയ തലയിണയോ കൊണ്ട് ശ്വാസ തടസ്സം വന്നു കുഞ്ഞിന് അപകടം സംഭവിക്കാം .
മറ്റൊരു കാര്യം ആഹാര പദാർത്ഥങ്ങൾ കുഞ്ഞിന്റെ ശ്വാസ നാളത്തേക്ക് കയറുന്നതാണ് .തല ഉയർത്തി വെച്ച് ആഹാരങ്ങൾ കൊടുക്കുന്നതിനു പകരം കാലിൽ മലർത്തി കിടത്തി വായിൽ കോരി ഒഴിച്ച് കൊടുക്കുന്നത് ഇതിനു ഇടയാക്കും .
ഏട്ടൻമ്മാരുടെ ഇഷ്ടം കൂടിയാൽ
വീട്ടിൽ ഒരുണ്ണി പിറക്കുമ്പോ ഇത്തിരി മൂത്ത ഏട്ടനോ ചേച്ചിക്കൊ ഇഷ്ട്ടം കൂടി അവർക്കും തോന്നും കുഞ്ഞിന് ആഹാരങ്ങൾ വായിൽ വെച്ച് കൊടുക്കാൻ . അമ്മയുടെ കണ്ണ് തെറ്റുമ്പോ കയ്യിലുള്ള മിട്ടായിയും , കളിപ്പാട്ടത്തിന്റെ ഇത്തിരി ഭാഗങ്ങളും , വായിലോ മൂക്കിലോ ചെവിയിലോ വെച്ച് കൊടുക്കും ,ഇഷ്ട്ടം കൊണ്ടാവും .ചിലപ്പോ കുഞ്ഞിനെ പൊക്കിയെടുത്തു നടക്കാനും അപ്പൊ താഴെ ഇടാനും സാധ്യത ഏറും . ഇത്തിരിയും കൂടി വല്യ ഏട്ടൻമ്മാർ കുഞ്ഞുങ്ങളെ കളിപ്പിക്കാൻ വായുവിൽ എറിഞ്ഞു പിടിക്കുന്നതും അബദ്ധത്തിൽ നിലത്തു വീണു ഗൗരവമുള്ള അപകടങ്ങൾ ഉണ്ടാവുന്നതും കുറവല്ല .