പ്രണയത്തിന്റെ രസതന്ത്രം
മനസ്സില്‍ പ്രണയം മൊട്ടിട്ടുകഴിഞ്ഞാല്‍ പിന്നെ ആകെയൊരു പരവേശമാണ്. സംസാരിക്കുമ്പോള്‍ ശബ്ദമിടറുന്നു. കാലുകള്‍ക്ക് വിറയല്‍ ബാധിക്കുന്നു. ശബ്ദം നേര്‍ത്തുപോകുന്നു. നെഞ്ചിടിപ്പ് സ്വയമറിയുന്നു. ടെന്‍ഷന്‍. ഉത്കണ്ഠ. ഒരാള്‍ കാമുകനോ കാമുകിയോ ആയിക്കഴിയുമ്പോള്‍ സംഭവിക്കുന്ന ജൈവസവിശേഷതകളാണിവയൊക്കെ. ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്ക് കടക്കുമ്പോഴാണല്ലോ ഇത്തരം സ്വഭാവസവിശേഷതകൾ ആദ്യമായി സംഭവിക്കുന്നത്. അത് സ്വാഭാവികമാണ്. പ്യൂപ്പക്കുള്ളില്‍ നിന്നും ഹോര്‍മോണുകളുടെ ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ പുറത്തുചാടുന്ന “ഹോര്‍മോണ്‍ വസന്തകാല”മാണ് കൗമാരം. ഈ ഹോര്‍മോണുകളും നാഡീവ്യൂഹത്തിലെ “പോസ്റ്റ്‌മാന്‍” മാരായ ന്യൂറോട്രാന്‍സ്മിറ്റേഴ്സും അവരുടെ സഹായികളായ ചില രാസസംയുക്തങ്ങളും ചേര്‍ന്നാണ് പ്രണയം സൃഷ്ടിക്കുന്നത്. തലച്ചോറാണ് പ്രണയത്തിന്‍റെ കേന്ദ്രമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹൈപോതലാമസാണ് പ്രണയത്തിന്‍റെ ഉത്തേജനകേന്ദ്രം. പ്രണയത്തിന്‍റെ ജൈവഘടകങ്ങളായ സ്പര്‍ശം, കാഴ്ച, ഗന്ധം, കേള്‍വി തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗങ്ങള്‍ ഹൈപോതലാമാസുമായി ആശയസംവാദത്തില്‍ ഏര്‍പ്പെടുകയും പ്രണയം പോലുള്ള നിര്‍മ്മലവികാരങ്ങള്‍ ജനിപ്പിക്കുകയും ചെയ്യുന്നു.
പ്രണയഹോര്‍മോണുകള്‍
ഒരാൾ കൗമാരത്തിലേക്ക് കടക്കുമ്പോള്‍, പ്രണയത്തിന്‍റെ അപ്പോസ്തലനായ ഹൈപോതലാമസ് ഗൊണാഡോട്രോപ്പിന്‍ റിലീസിംഗ് ഹോർമോൺ (GRH) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് തലച്ചോറിന്‍റെ തന്നെ ഭാഗമായ പീയുഷഗ്രന്ധിയെ (PITUITARY GLAND) ഉത്തേജിപ്പിച്ചു ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണും (FSH) ല്യൂട്ടിനൈസിംഗ് ഹോര്‍മോണും (LH) പുറപ്പെടുവിക്കും. ഇവ ആണ്‍കുട്ടികളുടെ വൃഷണങ്ങളില്‍ ചെന്ന് ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണും പുംബീജവും ഉണ്ടാകാന്‍ സഹായിക്കും. പെണ്‍കുട്ടികളുടെ അണ്ടാശയങ്ങളില്‍ ചെന്ന് അണ്ഡവും ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളും ഉത്പാദിപ്പിക്കും. ഈ അവസാനം പറഞ്ഞ മൂന്നുഹോര്‍മോണുകളാണ് കൗമാരകാല പ്രണയങ്ങള്‍ക്കും പ്രണയചാപല്യങ്ങള്‍ക്കും കാരണം. ഓക്സിട്ടോസിന്‍, വാസോപ്രെസ്സിന്‍ എന്നൊക്കെ പറയുന്ന പ്രണയസഹായികളും ഹോര്‍മോണുകളുടെ കൂട്ടത്തില്‍ ഉണ്ട്. കൂടാതെ പ്രണയത്തിന്‍റെ വിസ്മയലോകത്തേക്ക് പ്രവേശിച്ചവരുടെ രക്തത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
പ്രണയത്തിന്‍റെ നാഡീരസങ്ങള്‍
നാഡീരസങ്ങള്‍ എന്നാല്‍ ഞരമ്പുകള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനും അതുവഴി ഒരാളുടെ ചിന്തകള്‍, പെരുമാറ്റം, ശരീരഭാഷ, വിശപ്പ്, കാമം തുടങ്ങി നൂറായിരം കാര്യങ്ങളുടെ ഗതിവിഗതികൾ കൈകാര്യം ചെയ്യുന്ന രാസവസ്തുക്കളാണ്. നേരത്തെ സൂചിപ്പിച്ച ന്യൂറോട്രാന്‍സ്മിറ്റേഴ്സ് ഇക്കൂട്ടത്തില്‍ പെടുന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഈ നാഡീരസങ്ങളാണ് ഒരാളെ പ്രണയിതാവാക്കുന്നത്. ഹോര്‍മോണുകള്‍ അതിനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. നമുക്കൊരാളോട് ഇഷ്ടം തോന്നുന്ന നിമിഷം മുതലുള്ള പ്രണയസംബന്ധിയായ സകലമാനചെയ്തികള്‍ക്കും ഉത്തരവാദി ഈ നാഡീരസങ്ങളാണ്. ഒരാളോട് തോന്നുന്ന ആകര്‍ഷണം മുതല്‍ പ്രണയത്തിന്‍റെ പാര്‍ശ്വഫലങ്ങളായ വിശപ്പില്ലായ്മ, വിറയല്‍, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കൊക്കെയും കാരണം ഇവർ തന്നെ.
പ്രണയത്തിന്‍റെ ജീവശാസ്ത്രം പറയുമ്പോള്‍ മൂന്ന് തലങ്ങളായാണ് പ്രധാനമായും ഇതിനെ വ്യാഖ്യാനിക്കാറ്.
1.പങ്കാളിയെ കണ്ടെത്തല്‍ (PARTNER PREFERENCE)
2.സ്നേഹം/മമത (ATTACHMENT)
3.ലൈംഗിക വിചാരങ്ങള്‍ (SEX DRIVE)
കാലക്രമേണ ഒരാളിലെ തന്നെ പ്രണയത്തിന് സംഭവിക്കുന്ന സ്വാഭാവികമായ പരിണാമത്തെയും ശാസ്ത്രം 3 തലങ്ങളിലാണ് നോക്കിക്കാണാറ്.
1.Lust (ഇന്ദ്രിയാഭിനിവേശം)
2.Attraction (വശ്യത)
3.Attachment (മമത)
ഇങ്ങനെ ഏതുവിധത്തിൽ വർഗ്ഗീകരിച്ചാലും നിർവചിക്കാൻ ശ്രമിച്ചാലും ഏതൊരു നിർവചനങ്ങൾക്കും ശാസ്ത്രത്തിനുമപ്പുറമാണ്, പ്രണയമെന്ന വികാരം. എന്നാലും അതിനുപിന്നിലും ജീവശാസ്ത്രപരമായ പല രസതന്ത്രസമവാക്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. അതൊക്കെ കുറേയേറെ നമ്മൾ മനസിലാക്കിയിട്ടുമുണ്ട്. പ്രണയം, മനോഹരമായ ഒരു പെയിന്റിംഗാണെങ്കിൽ അത് വരയ്ക്കാനുള്ള ക്യാൻവാസ് ഒരുക്കുകയാണ് മുകളിൽ പറഞ്ഞ പ്രണയഹോർമോണുകൾ ചെയ്യുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. ആ ചിത്രം വരയ്ക്കാനുള്ള വിവിധ വർണ്ണങ്ങളാകുന്നത് ഇനിപ്പറയുന്ന പ്രണയത്തിന്റെ നാഡീരസങ്ങളാണ് <3 .
തലച്ചോറിലെ ഡോപ്പമിന്‍ എന്ന് പറയുന്ന നാഡീരസമാണ് ഈ കാര്യങ്ങളെയൊക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നത്. ചിലര്‍ക്ക് ചിലതരം ആള്‍ക്കാരോട് മാത്രമേ പ്രണയം തോന്നാറുള്ളൂ. അതിനുകാരണം ഈ ഡോപ്പമിനാണ്. അതുപോലെ ഡോപ്പമിനും ഒപ്പം വാസോപ്രെസ്സിനും ഹൈപോതലാമസ്സില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ് നമുക്കൊരാളോട് സ്നേഹമോ ഇഷ്ടമോ ആകര്‍ഷണമോ ഒക്കെ തോന്നുന്നത്. ഇതേ ഡോപ്പമിന്‍ തലച്ചോറിന്‍റെ ലിംബിക് സിസ്റ്റം എന്ന് പറയുന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നതിന്‍റെ ഫലമാണ് ലൈംഗികചോദനകള്‍. ഡോപ്പമിന്‍റെ അളവും പ്രവര്‍ത്തനക്ഷമതയും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് പ്രണയം ഓരോ വ്യക്തിയിലും ഓരോ രീതിയില്‍ സംഭവിക്കുന്നത്.
അതുപോലെ ഫിനൈല്‍ ഈഥൈല്‍ അമീന്‍ (Phenylethylamine, PEA) എന്ന മറ്റൊരു നാഡീരസത്തിനും പ്രണയത്തില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. അതിന് ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും നല്‍കാനുള്ള കഴിവുണ്ട്. പ്രണയിതാക്കളുടെ വൈകാരികമായ ഇഴയടുപ്പത്തെ നിർണയിക്കുന്നത് ഈ കുഞ്ഞു രാസസംയുക്തമാണ്. ഒരാളുടെ തലച്ചോറില്‍ എത്രത്തോളം കൂടുതല്‍ PEA ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവോ, അത്രത്തോളം അയാള്‍ സ്വന്തം പ്രണയത്തോട് വൈകാരികമായി അടുത്തിരിക്കും. അതുകൊണ്ടു തന്നെ ചിലരതിനെ MOLECULE OF LOVE അഥവാ ‘പ്രണയതന്മാത്ര’ എന്നും വിളിക്കാറുണ്ട്. PEA-യ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു മയക്കുമരുന്നിനോടോ മദ്യത്തോടോ എന്നപോലെ ആസക്തി (Addiction) ഉണ്ടാക്കാന്‍ കഴിവുണ്ടതിന്. എന്നുവച്ചാല്‍ ഈ പ്രണയിക്കുന്നവരുടെ ജീവിതത്തിന്‍റെ നിലനില്‍പ്പ് തന്നെ ഈ രാസവസ്തുവിൽ അല്ലെങ്കില്‍ അത് പുറപ്പെടുവിക്കാന്‍ കാരണമായ സ്രോതസ്സില്‍ അധിഷ്ടിതമാണെന്ന് തോന്നിപ്പോവും. ആ സ്രോതസ്സിവിടെ കാമുകനോ കാമുകിയോ ആകുമെന്ന് മാത്രം. പ്രിയപ്പെട്ട ആളെ കാണുന്നതോ ഒന്ന് തൊടുന്നതോ പോലും ഈ കെമിക്കല്‍ രക്തത്തിലേക്ക് ഒഴുകാന്‍ കാരണമാകും. നമ്മള്‍ പങ്കാളിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതും, കാണാത്തപ്പോള്‍ ‘മിസ്’ ചെയ്യുന്നതും വിരഹവേദന തോന്നുന്നതുമൊക്കെ ഈ PEA യുടെ അളവിലുണ്ടാകുന്ന വ്യതിയാനം കാരണമാണ്. ഏതെങ്കിലും ലഹരിയോടു ആസക്തിയുള്ളവരില്‍ അത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന WITHDRAWAL SYMPTOMS ഇല്ലേ, അതുപോലെ PEA ആവശ്യത്തിനു കിട്ടാതെ വരുമ്പോഴുണ്ടാകുന്ന withdrawal symptom ആണ് വിരഹം. പ്രണയശാസ്ത്രത്തില്‍ അതിനെ SEPARATION ANXIETY എന്ന് പറയും.
ഡോപ്പമിനും PEA യും കൂടാതെയും ചിലരുണ്ട്. പ്രണയത്തിന്‍റെ പാര്‍ശ്വഫലങ്ങളായ ടെന്‍ഷന്‍, ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കൊക്കെ കാരണം സെറോട്ടോണിന്‍, എപിനെഫ്രിന്‍, നോര്‍-എപിനെഫ്രിന്‍, അസറ്റൈല്‍ കോളിന്‍ തുടങ്ങിയ നാഡീരസങ്ങളുടെ അളവിലും പ്രവർത്തനത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. PEA യ്ക്കും ഡോപമിനും മേൽപ്പറഞ്ഞവയുടെ ഉത്പാദനത്തിൽ നിർണായക സ്വാധീനമുണ്ട്.
ഇങ്ങനെയൊക്കെ പ്രണയിച്ചു നടന്നു, മൂന്നാലു വര്‍ഷം കഴിയുമ്പോള്‍ നമുക്കതിലുള്ള ത്രില്‍ പോകും, അല്ലേ? “മുമ്പൊക്കെ എന്തായിരുന്നു? നീയിപ്പോ ആ പഴയ ആളേ അല്ല, ഒരുപാടങ്ങ് മാറിപ്പോയി” എന്നൊക്കെ പരസ്പരം പരാതിപ്പെടാന്‍ തുടങ്ങും. മോളൂ, ചക്കരേ, തേനേ, ഡാർലിംഗ് എന്നൊക്കെ വിളിച്ചിരുന്നവർക്ക് ഇപ്പോഴങ്ങനെ വിളിക്കുമ്പോൾ ഒരു ജാള്യത പോലും തോന്നും. എന്തൊരുമാറ്റം അല്ലേ? ശരിക്കും മാറിയത് ആ ആളല്ലാ, അയാളുടെ തലച്ചോറിലെ PEA യുടെയും ഡോപ്പമിന്‍റെയും അളവുകളാണ്. ഇവരുടെയൊക്കെ പ്രതാപകാലം (period of dominance) കഴിയുന്നതുകൊണ്ടാണങ്ങനെ തോന്നുന്നത്. ഇപ്പോള്‍ പരസ്പരമുള്ളതും ചുറ്റുപാടുകളുടെയുമൊക്കെ വിലയിരുത്തല്‍ കൂടുതല്‍ വസ്തുനിഷ്ഠമാകുന്നു. യുക്തിസഹമാകുന്നു. കാരണം, നിങ്ങളുടെ കണ്ണുകളെ അന്ധമാക്കിയിരുന്ന കെമിക്കലുകള്‍ പണിനിര്‍ത്തി പിന്‍വാങ്ങിത്തുടങ്ങി. ആരംഭത്തിലുണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ കെട്ടടങ്ങാന്‍ തുടങ്ങുന്നു.
അപ്പോപ്പിന്നെ എത്രയോ കാലമായി സന്തുഷ്ടമായ പ്രണയ-ദാമ്പത്യജീവിതം നയിക്കുന്ന എത്രയെത്ര പേരെ നമുക്കറിയാം, അവരുടെ കാര്യമോ? എന്നൊക്കെയുള്ള ചിന്തകൾ ഇതുവായിച്ച പലർക്കും ഉണ്ടായിട്ടുണ്ടാകും. അതിനുള്ള ഉത്തരം, ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍സ് ചേര്‍ന്ന് നൽകും. ആലിംഗനത്തിന്റെ ഹോര്‍മോണ്‍ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഈ ഓക്സിറ്റോസിന്‍.
ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിവ നമുക്ക് സ്പര്‍ശനത്തോട് സംവേദനം കൂടുതൽ ഉണ്ടാക്കുകയും സ്നേഹപൂര്‍ണമായ ശാരീരിക ഇടപെടലുകള്‍ക്ക് സുഖമുണ്ടാക്കുകയും ചെയ്യുന്നു. രതിമൂര്‍ഛ അനുഭവിക്കുന്ന വേളയിലും സ്ത്രീകളിലാണെങ്കിൽ പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും ഓക്സിറ്റോസിന്‍ കൂടുതലായി ഉണ്ടാകുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെ വിവാഹിതരായ ദമ്പതികളെ ദീര്‍ഘകാലം സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു ഓക്സിറ്റോസിനും വാസോപ്രസിനുമാണ്. ഈ ഹോർമോണുകൾ നൽകുന്ന അനുഭൂതി പലപ്പോഴും വ്യക്തി കേന്ദ്രീകൃതമാകണമെന്നില്ല. നമുക്ക് അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, ഒരു കൊച്ചു കുഞ്ഞിനോടൊക്കെ തോന്നുന്ന നിർമ്മലവും നിസ്വാർത്ഥവുമായ സ്നേഹം എല്ലാം ഈ കെമിക്കൽ കുഞ്ഞന്മാരുടെ പണിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഒപ്പം ഒന്നിലധികം പേരോട് ശാരീരികമായ പ്രണയം തോന്നുന്നതിലും ഇവർക്ക് പങ്കുണ്ടത്രേ (ഒക്കെ ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെ പണിയാണ്. അല്ലാതെ, നമ്മളങ്ങനേന്നും.. അയ്യേ..! 🙂 )
ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ എത്രയോ സൂക്ഷ്മകണങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രണയം സാധ്യമാകുന്നത്. ”ഓ.. ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഇത്രേം നാള് ആൾക്കാര് പ്രേമിച്ചത്” എന്നും “ശാസ്ത്രത്തിനെന്താ പ്രണയിക്കുന്നവരുടെ വീട്ടിൽ കാര്യ”മെന്നുമൊക്കെ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. ശരിയാണ്, പ്രണയത്തിന്റെ തറവാട്ടിൽ ശാസ്ത്രമൊരു അധികപ്പറ്റാണ്. ഒരു പൂവിന്റെ നിറവും മണവുമെന്താണെന്നും എന്തുകൊണ്ടാണതങ്ങനെയെന്നും പറഞ്ഞു തരുന്ന ശാസ്ത്രം ആ കാഴ്ചയും സുഗന്ധവും നമ്മുടെ മനസിൽ പകരുന്ന അനുഭൂതിയെ വിശദീകരിക്കാൻ പരാജയപ്പെടുന്നപോലെ പ്രണയം പകരുന്ന അനുഭൂതിയെ, വേവലാതികളെയൊന്നും വിശദീകരിക്കാൻ ശാസ്ത്രത്തിനാവില്ല. ഒരിക്കലുമൊരു പ്രണയമാപിനിയോ ഏകകമോ കണ്ടെത്താനും ശാസ്ത്രത്തിനാവില്ല. പിന്നെയിങ്ങനെ ശാസ്ത്രീയമായി വിശദീകരിച്ചാലൊന്നും പ്രണയത്തിന്റെ ഊഷ്മളതയ്ക്ക് ഭംഗമൊട്ടുവരാനും പോകുന്നില്ല.
പിന്നെന്താ, ഇതിനെല്ലാറ്റിനും പിന്നിലൊരു ശാസ്ത്രമുണ്ടെന്നറിഞ്ഞിരിക്കാമല്ലോ. ഏതെങ്കിലും ഏടാകൂടങ്ങളിൽ ചെന്നുപെടുമ്പോൾ പറയാല്ലോ, ഏയ്.. ഞാനല്ലാ, എന്റെ ശരീരത്തിലെ കുറേ രാസവസ്തുക്കൾ പറ്റിക്കുന്ന പണിയാണിതൊക്കെയെന്ന്.!! 😀
( റഫറൻസ് –