വരൂ..നമുക്കിത്തിരി നേരം സംസാരിക്കാം വിഷാദത്തെക്കുറിച്ച്
ഇന്നു ലോകാരോഗ്യദിനം. “വിഷാദത്തെപ്പറ്റി നമുക്കു സംസാരിക്കാം” എന്നതാണ് ലോകാരോഗ്യസംഘടന ഈ വര്‍ഷം ഈ ദിനാചരണത്തിനു നിശ്ചയിച്ച പ്രമേയം. അഞ്ചുപേരില്‍ ഒരാളെ വെച്ച് ഒരിക്കലെങ്കിലും പിടികൂടുന്ന വിഷാദം എന്ന രോഗം രണ്ടായിരത്തിയിരുപതോടെ മനുഷ്യരെ കൊല്ലാതെകൊല്ലുന്ന അസുഖങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന കുറച്ചുകാലമായി മുന്നറിയിപ്പു തരുന്നുമുണ്ട്.
ഒരാള്‍ക്കു വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നത് അകാരണമായ സങ്കടം, ഒന്നിലും ഉത്സാഹമില്ലായ്ക, തളര്‍ച്ച, സന്തോഷം കെടുത്തുന്ന ചിന്തകള്‍, ഉറക്കത്തിലോ വിശപ്പിലോ ഉള്ള വ്യതിയാനങ്ങള്‍ തുടങ്ങിയ കഷ്ടതകള്‍ നിത്യജീവിതത്തെ ബാധിക്കത്തക്ക തീവ്രതയോടെ കുറച്ചുനാള്‍ നിലനില്‍ക്കുമ്പോഴാണ്. വിഷാദത്തിന് ആശ്വാസമേകുന്ന ഒട്ടനവധി മരുന്നുകളും മറ്റു ചികിത്സകളും ഇന്നു ലഭ്യമാണ്. എന്നിട്ടും രോഗബാധിതരില്‍ പകുതിയോളവും ഒരു ചികിത്സയും തേടുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. വിഷാദത്തെ അവഗണിക്കുന്നത് ബന്ധങ്ങളുടെ തകര്‍ച്ച, തൊഴില്‍നഷ്ടം, വിവാഹമോചനം, മദ്യത്തിന്‍റെയോ ലഹരിമരുന്നുകളുടെയോ ഉപയോഗം, പ്രമേഹവും ഹൃദ്രോഗവും പോലുള്ള മാരകരോഗങ്ങള്‍, ആത്മഹത്യ തുടങ്ങിയവക്ക് വഴിവെക്കാറുണ്ട്. വിഷാദചികിത്സയെക്കുറിച്ച് എല്ലാവരുമറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും ചില പതിവുസംശയങ്ങള്‍ക്കുള്ള മറുപടികളുമാണ് ഈ ലേഖനത്തിലുള്ളത്.
……………………………………………………………
മരുന്നെടുക്കണോ വേണ്ടയോ
……………………………………………………………
രൂക്ഷമല്ലാത്ത വിഷാദങ്ങള്‍ക്ക് മരുന്നുകള്‍ മാത്രമോ അല്ലെങ്കില്‍ ഔഷധേതരചികിത്സകള്‍ മാത്രമോ സ്വീകരിക്കാവുന്നതാണ്. മരുന്നുകള്‍ മുമ്പു ഫലം ചെയ്തിട്ടുള്ളവര്‍ക്കും, തീവ്രമായ രോഗമുള്ളവര്‍ക്കും, ദീര്‍ഘകാലചികിത്സ ആവശ്യമുള്ളവര്‍ക്കും മരുന്നുകളാണ് കൂടുതല്‍ അനുയോജ്യം. ഔഷധേതരചികിത്സകള്‍ കൊണ്ട് മുമ്പു പ്രയോജനം ലഭിച്ചിട്ടുള്ളവര്‍, തുടക്കത്തിലേ മരുന്നെടുക്കാന്‍ താല്പര്യമില്ലാത്തവര്‍, ഉടനെ ഗര്‍ഭം ധരിക്കാനുദ്ദേശിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവര്‍ക്ക് ഔഷധേതരചികിത്സകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
ഇനിയും ചിലര്‍ക്ക് മരുന്നുകളും ഔഷധേതരചികിത്സകളും ഒന്നിച്ചാവശ്യമായേക്കാം. അതികഠിനമായ വിഷാദമുള്ളവരും, ഗുരുതരമായ ജീവിതപ്രശ്നങ്ങളെ നേരിടുന്നവരും, വ്യക്തിബന്ധങ്ങളില്‍ ക്ലേശതയനുഭവിക്കുന്നവരും, കടുത്ത അന്തസംഘര്‍ഷങ്ങള്‍ സഹിക്കുന്നവരും, വ്യക്തിത്വവൈകല്യങ്ങളുള്ളവരും, നിശ്ചിതകാലം മരുന്നുകളോ ഔഷധേതരചികിത്സകളോ എടുത്തിട്ടും തക്കഫലം കിട്ടാത്തവരുമൊക്കെ ഈ ഗണത്തില്‍പ്പെടുന്നു. മരുന്നുകളെപ്പറ്റി അമിതമായ ആശങ്കകളുള്ളവര്‍ക്ക് അവ ദൂരീകരിക്കാനുതകുന്ന കൌണ്‍സലിങ്ങുകള്‍ വേണ്ടിവന്നേക്കാം.
ഏതു ചികിത്സാരീതി തെരഞ്ഞെടുക്കുന്നവരും വിഷാദത്തിനു പിന്നില്‍ മറ്റു ശാരീരികപ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പുവരുത്താന്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തക്ക പരിശോധനകള്‍ക്കു വിധേയരാകുന്നത് നല്ലതാണ്.
……………………………………………………………
മരുന്നുകളെപ്പറ്റി ചിലത്
……………………………………………………………
മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഏകദേശം നാലില്‍ മൂന്നുപേര്‍ക്ക് ആശ്വാസം കിട്ടാറുണ്ട്. തീവ്രമായ വിഷാദമുള്ളവര്‍ക്കാണ് മരുന്നുകള്‍ കൂടുതല്‍ ഫലംചെയ്യുന്നത്. ലഭ്യമായ മരുന്നുകള്‍ തമ്മില്‍ കാര്യശേഷിയുടെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളില്ല. ഒരു രോഗിക്ക് ഏതു മരുന്നു കൊടുക്കണമെന്ന് നിശ്ചയിക്കുന്നത് വില, പാര്‍ശ്വഫലങ്ങള്‍, മുമ്പ് ഏതു മരുന്നുകള്‍ ഫലിച്ചിട്ടുണ്ട്, രോഗിയുടെ താല്പര്യം, അയാള്‍ ഉപയോഗിക്കുന്ന മറ്റു മരുന്നുകളുമായുള്ള ചേര്‍ച്ച തുടങ്ങിയവ പരിഗണിച്ചാണ്.
മരുന്നു തുടങ്ങി ഒന്നുരണ്ടാഴ്ച കഴിഞ്ഞുമാത്രമാണ് അവയുടെ ഗുണഫലങ്ങള്‍ ദൃശ്യമാവുക. വിഷാദം വല്ലാതെ പഴകിയവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും ഇതു പിന്നെയും വൈകിയേക്കാം. മരുന്ന് ഫലംചെയ്യുന്നുണ്ടോ, പാര്‍ശ്വഫലങ്ങള്‍ തലപൊക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാന്‍ ആദ്യത്തെ ഒന്നൊന്നര മാസക്കാലം അടുപ്പിച്ചുള്ള ഫോളോഅപ്പുകള്‍ അത്യാവശ്യമാണ്.
……………………………………………………………
പാര്‍ശ്വഫലങ്ങള്‍: നാട്ടറിവും വസ്തുതകളും
……………………………………………………………
“കിഡ്നി കേടാക്കും”, “തുടങ്ങിയാല്‍പ്പിന്നെ നിര്‍ത്താനേ പറ്റില്ല”, “എല്ലാം വെറും ഉറക്കഗുളികകളാണ്” എന്നിങ്ങനെ ഒട്ടേറെ തെറ്റിദ്ധാരണകള്‍ വിഷാദമരുന്നുകളെപ്പറ്റി നമ്മുടെ നാട്ടിലുണ്ട്.
ഇപ്പോള്‍ ഉപയോഗത്തിലുള്ള മരുന്നുകളില്‍ ഒന്നുപോലും കിഡ്നിയെ ബാധിക്കുന്നില്ല. മറ്റു പാര്‍ശ്വഫലങ്ങളുടെ കാര്യത്തിലും കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ട മരുന്നുകള്‍ അവയുടെ മുന്‍ഗാമികളെക്കാള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇവക്കും മറ്റേതൊരു രോഗത്തിനുള്ള മരുന്നുകളെയുംപോലെ അവയുടേതായ പാര്‍ശ്വഫലങ്ങള്‍ തീര്‍ച്ചയായുമുണ്ട്. അവയെല്ലാംതന്നെ തക്കസമയത്ത് ഡോക്ടറെ ബന്ധപ്പെടുക വഴി പരിഹരിച്ചെടുക്കാവുന്നവയുമാണ്. ഡോസ് കുറച്ചോ, മരുന്നു മാറ്റിയോ, പാര്‍ശ്വഫലങ്ങളെ നിയന്ത്രിക്കാനുള്ള വല്ല മരുന്നുകളും കുറിച്ചോ ഒക്കെ പ്രശ്നത്തിന് ആശ്വാസം തരാന്‍ ഡോക്ടര്‍ക്കു പറ്റും.
ഏറെനാളായി കഴിച്ചുകൊണ്ടിരുന്ന ഒരു മരുന്ന് ഒറ്റയടിക്കു നിര്‍ത്തുമ്പോള്‍ ചില വൈഷമ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. മരുന്നു വഴി കിട്ടിക്കൊണ്ടിരുന്ന സംരക്ഷണം പെട്ടെന്നു മുടങ്ങുമ്പോള്‍ തലച്ചോറില്‍ നിന്നുണ്ടാകുന്ന ചില പ്രതികരണങ്ങള്‍ മാത്രമാണിവ. ഏറിയാല്‍ ഒന്നുരണ്ടാഴ്ചയേ ഇവ നീണ്ടുനില്‍ക്കൂ. മരുന്ന്‍ പൊടുന്നനെ നിര്‍ത്താതെ ഡോസ് അല്പാല്പമായി കുറച്ചുകൊണ്ടു വരുന്നത് ഈ വൈഷമ്യങ്ങളെ തടയാന്‍ സഹായിക്കും. ഇതല്ലാതെ മരുന്നിനോട് അമിതമായ ആസക്തിയോ നിയന്ത്രണം നഷ്ടപ്പെട്ട് കൂടുതല്‍ക്കൂടുതല്‍ മരുന്നെടുക്കാനുള്ള പ്രവണതയോ ഒരിക്കലും രൂപപ്പെടുന്നില്ല എന്നതിനാല്‍ മരുന്നിന് “അഡിക്ഷനാവും” എന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.
വിഷാദം ഒരിക്കല്‍ വിരുന്നുവന്നാല്‍ നാലു തൊട്ട് ഒമ്പതു മാസങ്ങള്‍ വരെ കഴിഞ്ഞേ തിരിച്ചുപോകൂ. അതുകൊണ്ടുതന്നെ മരുന്നിന്‍റെ സഹായത്തോടെ വിഷാദത്തെ ഓടിച്ചുവിടുന്നവര്‍ അത്രയും മാസങ്ങള്‍ ചികിത്സ തുടരുന്നത് പോയ വിഷാദം പെട്ടെന്നു തിരിച്ചുവരാതിരിക്കാന്‍ സഹായിക്കും. ഭൂരിഭാഗം രോഗികള്‍ക്കും ഈയൊരു കാലയളവിനു ശേഷം മരുന്ന് നിര്‍ത്താന്‍ പറ്റാറുണ്ട്. ഭാഗികമായ ആശ്വാസം മാത്രം കിട്ടിയവര്‍ക്കും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ജീവിതപ്രശ്നങ്ങള്‍ ബാക്കിയുള്ളവര്‍ക്കും ചിലപ്പോള്‍ പിന്നെയും കുറച്ചുകാലം കൂടി മരുന്നു തുടരേണ്ടിവന്നേക്കാം.
വിഷാദം ഒരിക്കല്‍ പിടിപെട്ടവരില്‍ നാലില്‍ മൂന്നുപേര്‍ക്ക് അത് ഭാവിയില്‍ വീണ്ടും വരാം. ചെറുപ്രായത്തിലേ രോഗം തുടങ്ങുന്നവര്‍ക്കും വിഷാദത്തിന്‍റെ ശക്തമായ കുടുംബപാരമ്പര്യമുള്ളവര്‍ക്കുമാണ് ഈ സാദ്ധ്യത കൂടുതലുള്ളത്. ഇങ്ങിനെയുള്ളവര്‍ക്ക്, അവര്‍ക്കു താല്പര്യമുണ്ടെങ്കില്‍, ദീര്‍ഘകാലത്തേക്ക് മരുന്നുകളെടുക്കാവുന്നതാണ്. ഇതിനുപുറമെ രണ്ടില്‍ക്കൂടുതല്‍ തവണ രോഗം വന്നവരും, വിഷാദം ഏറെക്കാലം വിട്ടുമാറാതെ നിന്നവരും, മാനസികമോ ശാരീരികമോ ആയ മറ്റു രോഗങ്ങള്‍ കൂടിയുള്ളവരും അനിശ്ചിതകാലത്തേക്ക് ചികിത്സയെടുക്കുന്നതാവും നല്ലത്. എന്നാലും ഇവര്‍ക്കൊക്കെപ്പോലും അസുഖം ആവര്‍ത്തിക്കാനുള്ള സാദ്ധ്യത ബോദ്ധ്യപ്പെട്ട ശേഷവും സ്ഥിരമായി മരുന്നു കഴിക്കാന്‍ താല്പര്യമില്ല എന്നു തീരുമാനിക്കാനും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് പതിയെ അളവുകുറച്ചുകൊണ്ടുവന്ന് നിര്‍ത്താനും തടസ്സങ്ങളൊന്നുമില്ല.
പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക മൂലം മരുന്നില്ലാത്ത ചികിത്സകള്‍ മാത്രം മതി എന്നു തീരുമാനിക്കുന്നവരുണ്ട്. എന്നാല്‍ ഔഷധേതരചികിത്സകള്‍ കൊണ്ടും അവയുടേതായ പ്രശ്നങ്ങള്‍ വരാം. ഏറെ ക്ഷമയും ഏകാഗ്രതയും സമയവും ആവശ്യപ്പെടുന്ന പല ചികിത്സാരീതികളും ചില രോഗികള്‍ക്കെങ്കിലും താങ്ങാനാവാറില്ല. ജീവിതപ്രശ്നങ്ങളെയും അന്തസംഘര്‍ഷങ്ങളെയുമൊക്കെക്കുറിച്ചുള്ള മനസ്സുതുറന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന കടുത്ത ഉത്ക്കണ്ഠയും മറ്റു തീവ്രവികാരങ്ങളും ചിലരിലെങ്കിലും വിപരീതഫലം സൃഷ്ടിക്കാറുമുണ്ട്.
……………………………………………………………
കൌണ്‍സലിങ്ങോ സൈക്കോതെറാപ്പിയോ?
……………………………………………………………
മരുന്നില്ലാത്ത ചികിത്സകള്‍ തേടുന്നവര്‍ കൌണ്‍സലിങ്ങും സൈക്കോതെറാപ്പിയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതുണ്ട്. കൌണ്‍സലിങ്ങിന്‍റെ പ്രധാന കര്‍ത്തവ്യം ഒരു നിശ്ചിത വൈഷമ്യത്തെയോ സാഹചര്യത്തെയോ തരണംചെയ്യാന്‍ ഒരാളെ സഹായിക്കുക എന്നതാണ്. സൈക്കോതെറാപ്പികളാകട്ടെ, ഏറേനാളായി സഹിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിവേരുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനും അവയെ പിഴുതുകളയാനും രോഗികളെ പ്രാപ്തരാക്കുകയാണു ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക ലക്ഷണങ്ങളെയല്ല, മറിച്ച് രോഗിയുടെ ചിന്താശൈലിയിലും ഇടപെടലുകളിലുമൊക്കെയുള്ള അടിസ്ഥാനപരമായ പിഴവുകളെയാണ് സൈക്കോതെറാപ്പികള്‍ ഉന്നംവെക്കുന്നത്. ഇവ കൌണ്‍സലിങ്ങുകളെക്കാള്‍ കൂടുതല്‍ സമയമെടുക്കുന്നവയുമാണ്.
നിര്‍ദ്ദിഷ്ടയോഗ്യതകളൊന്നുമില്ലാത്ത പലരും പരസഹായകാംക്ഷയുടെയും മറ്റും പേരില്‍ കൌണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സങ്കീര്‍ണങ്ങളായ സൈക്കോതെറാപ്പികള്‍ ലഭ്യമാക്കാന്‍ പക്ഷേ കുറച്ചുകൂടെ യോഗ്യതയും പരിശീലനവും വൈദഗ്ദ്ധ്യവും ആവശ്യമാണ്. എന്നിരിക്കിലും ഇവ രണ്ടിലുമേതാണു കിട്ടുന്നത് എന്നതല്ല, മറിച്ച് രോഗിയും ചികിത്സകനും തമ്മില്‍ നല്ലൊരു ബന്ധം രൂപപ്പെടുന്നുണ്ടോ എന്നതാണ് രോഗശമനത്തിനു കൂടുതല്‍ പ്രസക്തം.
കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി, മൈന്‍ഡ്ഫുള്‍നസ്സ് മെഡിറ്റേഷന്‍ തുടങ്ങിയ സൈക്കോതെറാപ്പികള്‍ വിഷാദത്തില്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം കാര്യശേഷി ഏകദേശം തുല്യവുമാണ്. ചികിത്സ അവസാനിപ്പിച്ചതിനു ശേഷവും നിലനില്‍ക്കുന്ന ഗുണഫലങ്ങള്‍ തരുന്ന കാര്യത്തില്‍ ഇവയെല്ലാം മരുന്നുകളെക്കാള്‍ മുന്നിലാണ്. എന്നാല്‍ ഒന്നോരണ്ടോ മാസങ്ങള്‍ ഇവയിലേതെങ്കിലും ശ്രമിച്ചുനോക്കിയിട്ട് പ്രയോജനമൊന്നും കാണുന്നില്ലെങ്കില്‍ മറ്റൊരു തെറാപ്പിയിലേക്കു മാറുകയോ മരുന്നുകള്‍ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ട്.
ചില കൌണ്‍സിലര്‍മാര്‍ വിഷാദചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് റിലാക്സേഷന്‍ വ്യായാമങ്ങള്‍. ഒരു ചികിത്സയും എടുക്കാതിരിക്കുന്നതിലും നല്ലത് ഇവയെങ്കിലും സ്വീകരിക്കുന്നതാണെങ്കിലും ഇത്തരം വ്യായാമങ്ങള്‍ സൈക്കോതെറാപ്പികളുടെയത്ര ഫലപ്രദമല്ല എന്നും, മരുന്നുകളോടുള്ള അനിഷ്ടം മൂലം ഇവ തെരഞ്ഞെടുക്കുന്നവര്‍ നിശ്ചിതസമയത്തിനുള്ളില്‍ ഫലം ദൃശ്യമാകുന്നില്ലെങ്കില്‍ സൈക്കോതെറാപ്പികളിലേക്കു മാറുകയാവും നല്ലത് എന്നുമാണ് ചികിത്സാരീതികളുടെ കാര്യശേഷിയുടെ വിഷയത്തില്‍ അവസാനവാക്കായ കോക്രെയ്ന്‍ കൊളാബറേഷന്‍റെ അനുമാനം.
……………………………………………………………
വിഷാദകാലേ വിപരീതബുദ്ധി
……………………………………………………………
തക്കപരിശീലനം ലഭിച്ച ചികിത്സകര്‍ ഏറ്റവുമുള്ള സൈക്കോതെറാപ്പി നമ്മുടെ നാട്ടില്‍ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (സി.ബി.റ്റി.) ആണ്. വരുംകാലത്തെയും പുറംലോകത്തെയും തന്നെത്തന്നെയുമൊക്കെക്കുറിച്ച് യുക്തിരഹിതമായ വിശ്വാസങ്ങളും അനാരോഗ്യകരമായ മനോഭാവങ്ങളും വെച്ചുപുലര്‍ത്തുന്നതാണ് വിഷാദം ആവിര്‍ഭവിക്കുന്നതിനും ചിരപ്രതിഷ്ഠ നേടുന്നതിനും വഴിവെക്കുന്നത് എന്നാണ് സി.ബി.റ്റി.യുടെ അടിസ്ഥാനതത്വം. (ഏറെനാള്‍ നീണ്ടുനിന്ന വിഷാദത്തിന്‍റെ മിക്ക ലക്ഷണങ്ങള്‍ക്കും കുറച്ചുദിവസത്തെ ചികിത്സകൊണ്ട് നല്ല ആശ്വാസം ലഭിച്ചിട്ടും മുഖത്ത് അതിന്‍റെ തെളിച്ചമൊന്നും കാണിക്കാതിരുന്ന ഒരമ്മച്ചിയോട് അതെന്തേ അങ്ങനെ എന്നു തിരക്കിയപ്പോള്‍ കിട്ടിയ മറുപടി “ഓ, ഇതൊക്കെ അണയാന്‍ പോണ വെളക്കിന്‍റെ ആളിക്കത്തലല്ലേ?” എന്നായിരുന്നു!) ഇത്തരം വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും തിരിച്ചറിയാനും തള്ളിക്കളയാനും രോഗിയെ പ്രാപ്തനാക്കുകയാണ് സി.ബി.റ്റി.യുടെ രീതിശാസ്ത്രം.
……………………………………………………………
പ്രതീക്ഷയേകുന്ന പുത്തന്‍സങ്കേതങ്ങള്‍
……………………………………………………………
തലക്കരികെ പിടിക്കുന്ന ഒരു കോയിലില്‍ നിന്നുള്ള കാന്തികപ്രഭാവമുപയോഗിച്ച് ചില മസ്തിഷ്കകേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചെടുക്കുന്ന രീതിയാണ് ട്രാന്‍സ്ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍. മരുന്നുകള്‍ ഫലം ചെയ്യാത്തവരില്‍ മാത്രമാണ് ഇപ്പോഴിത് ഉപയോഗിച്ചുവരുന്നത്. ഇന്ത്യയിലെ ചില കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണ്.
നമ്മുടെ ഭാവനില, ഉറക്കം എന്നിവയെ സ്വാധീനിക്കുന്ന വാഗസ് എന്ന ഞരമ്പിനെ നെഞ്ചിലെ തൊലിക്കടിയില്‍ പിടിപ്പിക്കുന്ന ഒരുപകരണം വഴി ഉത്തേജിപ്പിക്കുന്ന വാഗസ് നെര്‍വ് സ്റ്റിമുലേഷന്‍ എന്ന രീതി മറ്റു ചികിത്സകള്‍ പരാജയപ്പെട്ട രോഗികള്‍ക്കായി ചില വിദേശനാടുകളില്‍ ഉപയോഗിക്കുന്നുണ്ട്.
മൊബൈല്‍ഫോണ്‍ വലിപ്പത്തിലുള്ള ഒരുപകരണവും ചെവിക്കുടയിലും മറ്റും പിടിപ്പിക്കുന്ന ഇലക്ട്രോഡുകളും വെച്ച് തലച്ചോറിലേക്ക് നേരിയ വൈദ്യുതി കടത്തിവിടുന്ന രീതിയാണ് ക്രാനിയല്‍ ഇലക്ട്രോതെറാപ്പി സ്റ്റിമുലേഷന്‍. വീട്ടില്‍ വെച്ചും തുടരാവുന്ന ഈ ചികിത്സക്ക് അമേരിക്കയില്‍ ഉപയോഗാനുമതി കിട്ടിയിട്ടുണ്ട്.
അനസ്തീഷ്യക്കുപയോഗിക്കുന്ന കീറ്റമിന്‍ എന്ന ഇഞ്ചക്ഷന്‍ മറ്റു മരുന്നുകള്‍ അടിയറവു പറഞ്ഞ രോഗികളില്‍പ്പോലും ഉടനടി ശമനമുണ്ടാക്കുന്നുണ്ടെന്ന് ഈയിടെ വെളിപ്പെടുകയുണ്ടായി. ഏതാനും ദിവസങ്ങളേ ഈ ആശ്വാസം നീണ്ടുനില്‍ക്കൂ എന്ന പോരായ്മയുണ്ടെങ്കിലും ആത്മഹത്യാപ്രവണതയുള്ളവര്‍ക്കും മറ്റും കീറ്റമിന്‍ ഒരു ജീവൌഷധമായേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഈ മരുന്നിനെക്കുറിച്ചുള്ള അനേകം ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
മറ്റു ചികിത്സകള്‍ പരാജയപ്പെട്ടവര്‍ക്കുള്ള, പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം നല്‍കപ്പെടുന്ന, ഒരു ചികിത്സയാണ് ഡീപ്പ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍. തലച്ചോറില്‍ നിവേശിപ്പിക്കുന്ന ഇലക്ട്രോഡുകളെ നെഞ്ചിനുള്ളില്‍ ഘടിപ്പിക്കുന്ന പേസ്മേക്കര്‍ പോലുള്ള ഒരുപകരണം കൊണ്ട് നിരന്തരം ഉത്തേജിപ്പിക്കുകയാണ് ഇതിന്‍റെ രീതി.
……………………………………………………………
രോഗികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
……………………………………………………………
മുമ്പ് ഇഷ്ടമുണ്ടായിരുന്ന പ്രവൃത്തികള്‍ക്കായി ദിവസവും കുറച്ചുനേരം മാറ്റിവെക്കുന്നതും, എഴുത്ത്, വര തുടങ്ങിയ സര്‍ഗവൃത്തികളില്‍ ഏര്‍പ്പെടുന്നതും, പുതിയ ഹോബികള്‍ വളര്‍ത്തിയെടുക്കുന്നതും നല്ലതാണ്. ശാരീരികവ്യായാമങ്ങള്‍ സിറോട്ടോണിനെ വര്‍ദ്ധിപ്പിച്ച് നിരാശയും ക്ഷീണവുമകറ്റാന്‍ സഹായിക്കും. ചെയ്യാതെ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളെ ചെറുഭാഗങ്ങളായി വിഭജിച്ച് അല്പാല്പമായി പൂര്‍ത്തീകരിക്കുന്നത് ആത്മവിശ്വാസം തിരിച്ചുകിട്ടാന്‍ വഴിയൊരുക്കും. ഉറക്കം വരുന്നില്ലെങ്കില്‍ തിരിഞ്ഞുംമറിഞ്ഞും കിടക്കാതെ, എഴുന്നേറ്റ്, കുറച്ചു നേരം മറ്റെന്തെങ്കിലും പ്രവൃത്തികള്‍ ചെയ്ത്, മയക്കം തോന്നുമ്പോള്‍ മാത്രം വീണ്ടും കിടക്കുന്നത് ഉറക്കക്കുറവ് വഷളാവാതിരിക്കാന്‍ ഉപകരിക്കും.
വിശപ്പോ ഉറക്കമോ സന്തോഷമോ തിരിച്ചുകിട്ടാനായി മദ്യത്തെ ആശ്രയിക്കാന്‍ തീരുമാനിക്കുന്നവര്‍ മദ്യം വിഷാദത്തെ വഷളാക്കും എന്നോര്‍ക്കണം. ആത്മഹത്യാചിന്തകളുള്ളവര്‍ അതു രഹസ്യമാക്കി വെക്കാതെ വിശ്വാസമുള്ള ആരോടെങ്കിലും കാര്യം തുറന്നുപറയാന്‍ ശ്രദ്ധിക്കണം.
……………………………………………………………
കാശുവേണ്ടാത്ത ചില ഡിജിറ്റല്‍ ആയുധങ്ങള്‍
……………………………………………………………
MoodGym (https://moodgym.anu.edu.au/) എന്ന വെബ്സൈറ്റും Cognitive Diary CBT Self-Help, Depression CBT Self-Help Guide എന്നീ ആണ്ട്രോയ്ഡ് ആപ്പുകളും വിഷാദചിന്തകളെ തുരത്താന്‍ കൂട്ടുതരും. www.findingoptimism.comതരുന്ന സോഫ്റ്റ്‌വെയര്‍ ഭാവനില, ഉറക്കം, വ്യായാമം തുടങ്ങിയവയിലെ വ്യതിയാനങ്ങള്‍ രേഖപ്പെടുത്താനും, അവ തമ്മിലുള്ള പരസ്പരബന്ധം തിരിച്ചറിയാനും, വിഷാദത്തിലെ ഏറ്റക്കുറച്ചിലുകളെ നേരത്തേ മനസ്സിലാക്കാനും സഹായിക്കും. Operation Reach Out എന്ന ആപ്ലിക്കേഷന്‍ ആത്മഹത്യാപ്രേരണകളെ മറികടക്കാന്‍ കൈത്താങ്ങായി നില്‍ക്കും. ഇവയെല്ലാം പക്ഷേ ഇംഗ്ലീഷില്‍ മാത്രമാണു ലഭ്യമായിട്ടുള്ളത്.
……………………………………………………………
കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍
……………………………………………………………
മറ്റസുഖങ്ങള്‍ സൃഷ്ടിക്കുന്ന കഷ്ടതകളെപ്പോലെതന്നെ വിഷാദത്തിന്‍റെയും ലക്ഷണങ്ങള്‍ നമ്മുടെ നിയന്ത്രണത്തിനു പുറത്താണ്. അതുകൊണ്ടുതന്നെ അവരൊന്നാഞ്ഞുശ്രമിച്ചാല്‍ വിഷാദം പമ്പകടക്കുമെന്ന വ്യാമോഹത്തില്‍ രോഗികളെ പറഞ്ഞുപഴകിയ ഉപദേശങ്ങള്‍ കൊണ്ടു മൂടാതിരിക്കുക. രോഗം വന്നതോ മാറാതിരിക്കുന്നതോ നിങ്ങളുടെ പിടിപ്പുകേടു കൊണ്ടാണെന്ന്‍ അനുമാനിക്കാതിരിക്കുക. ആത്മഹത്യാചിന്തകള്‍ വെളിപ്പെടുത്തുന്നവരെ ഗൌരവത്തിലെടുക്കുക. അവരെ തനിയെ വിടാതിരിക്കുക. വിഷാദബാധിതരോടൊത്തു ജീവിക്കുന്നതും അവരെ ശുശ്രൂഷിക്കുന്നതും സമ്മര്‍ദ്ദജനകമാകാമെന്നതിനാല്‍ സ്വന്തം മാനസികാരോഗ്യവും ശ്രദ്ധിക്കുക. ഒരു കുറ്റബോധവും കൂടാതെ ഇടക്ക് ചെറിയ ഇടവേളകള്‍ എടുക്കുക.