· 5 മിനിറ്റ് വായന

കോണ്ടം നല്ലതിന്

ആരോഗ്യ അവബോധംപൊതുജനാരോഗ്യം

പണ്ട്, പണ്ട് ജനനനിരക്ക് വളരെ കൂടുതലുള്ള ഒരു ഗ്രാമത്തിൽ നാട്ടുകാരെ വിളിച്ച് കൂട്ടി ഒരു സർക്കാർ സംഘം ജനന നിയന്ത്രണത്തെക്കുറിച്ച് ക്ലാസെടുത്തു. കോണ്ടം ഉപയോഗിക്കുന്നത് എങ്ങനെയെന്നും ഒക്കെ വിശദീകരിച്ചു. ഉറ സൗജന്യമായി എത്ര വേണമെങ്കിലും നൽകാമെന്ന് പറഞ്ഞു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. സപ്ലൈ എത്തുന്ന ഉറ അപ്പോഴപ്പോൾ തീരുന്നുണ്ട്. പക്ഷേ ചെറുതായി കൂടുന്നതല്ലാതെ ജനനനിരക്ക് കുറയുന്നില്ല.

എന്തോ പ്രശ്നമുണ്ട്… ഒരിക്കൽ കൂടി സമ്മേളനം കൂടി. ഇത്രയും ഉറ വാങ്ങി കൊണ്ട് പോയിട്ടും എന്താണ് ജനനനിരക്ക് കുറയാത്തത്. നിങ്ങള് ശരിക്കും തന്നെയല്ലേ ഉപയോഗിക്കുന്നത്. മേധാവി ചോദിച്ചു.

ഗ്രാമമുഖ്യൻ പറഞ്ഞു.
”എന്റെ സാറേ, ക്ലാസെടുത്ത മാഷ് ചൂണ്ട് വിരലിട്ടാണ് ഇത് ഉപയോഗിക്കണ്ടത് എങ്ങനെയെന്ന് കാണിച്ചത്. ഇവിടെ എന്തോ അത് ഫലിക്കുന്നില്ല. ഇപ്പം നാട്ടുകാര് അതോണ്ട് ബന്ധപ്പെടുമ്പം ഒരു വിരലിലല്ല പത്ത് വിരലിലും ഇതിടുന്നുണ്ട്. ഗർഭം പക്ഷേ നിൽക്കുന്നില്ല…”

മെഡിക്കൽ കോളേജിൽ പഠിച്ചപ്പോൾ കമ്മ്യൂണിറ്റി മെഡിസിനിലെ ഒരു മാഷ് പറഞ്ഞ കഥയാണ്. സംഗതി റോമാക്കാരുടെ കാലത്തെ ബ്ലാക്ക് ആൻറ് വൈറ്റ് കോമഡിയാണ്. ലോകത്ത് എവിടെയും അത്ര ബുദ്ധിയില്ലാത്ത മനുഷമ്മാര് കാണാൻ വഴിയില്ല താനും . എന്നാലും പോട്ടെ, ഒരു കാര്യം ശരിയായി പറഞ്ഞ് മനസിലാക്കുന്നത് എത്ര പ്രധാനമാണ് എന്നത് വ്യക്തമാക്കാനുള്ള, രസമുള്ള സാരോപദേശ കഥയല്ലേ.

ഏതായാലും ഈയിടെയായി കോണ്ടം വാർത്തകളിൽ നിറയുകയാണ്. ആ കോളേജീന്ന് കോണ്ടം കിട്ടി.. ഈ കോളേജിന്ന് കിട്ടി. ഉപയോഗിച്ചതും ഉപയോഗിക്കാത്തതും കിട്ടി. കിട്ടിയത് ചാക്ക് കണക്കുണ്ട്. കോണ്ടം കൊണ്ട് മുടി കെട്ടുന്നവരുണ്ട് എന്ന് വേണ്ട പല ജാതി കഥകൾ മെനഞ്ഞു പൊലിപ്പിക്കാൻ കുറേ ടീംസും!

രണ്ടു ദിവസം മുമ്പ് ലോക എയ്ഡ്സ് ദിനം കൂടെയായിരുന്നല്ലോ. അപ്പോ ഇത്തിരി കോണ്ടം കഥ പറയാം.

കോണ്ടം അഥവാ ഗർഭനിരോധന ഉറയുടെ സായ്പ്പിന്റെ നാട്ടിലെ ചില പേരുകൾ കേൾക്കാൻ നല്ല രസമാണ്. വെറ്റ് കോട്ട്, ജിമ്മി, റബ്ബർ, നൈറ്റ് ക്യാപ് ഇത്യാദി.. നമ്മള് മായ്ക്കാനുള്ള eraser ന് സാധാരണ റബർ എന്ന് പറയുന്ന രീതിയിൽ മലയാളി അവിടുത്തെ കടയിൽ പോയി റബർ ചോദിച്ച തമാശ കഥകളൊക്കെ പ്രശസ്തമാണ്. കഥ കുറെയായ സ്ഥിതിക്ക് ഇത്തിരി കാര്യമാവാം ഇനി.

ഉറയുടെ ഉറവിടം – ഇത്തിരി ചരിത്രം.

ചിരപുരാതന കാലം മുതലേ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഏതെങ്കിലും വിധത്തിൽ ഒരു തടയോ ആവരണമോ ഉണ്ടാക്കിയെടുത്താൽ ഗർഭനിരോധനത്തിന് പുറമേ ലൈംഗിക രോഗങ്ങളെ തടയുകയും സാധ്യമാണ് എന്ന് മനുഷ്യർ മനസ്സിലാക്കിയിരുന്നു.

BC 11000 കാലത്തേതെന്ന് കരുതപ്പെടുന്ന, ഫ്രാൻസിലെ ഒരു ഗുഹയിലെ ചുവരിൽ ആലേഖനം ചെയ്യപ്പെട്ട ഒരു മൈഥുന ചിത്രത്തിൽ ആണിന്റെ ലിംഗത്തിൽ ഗർഭനിരോധന ഉപാധി എന്ന പോലെ തോന്നുന്ന ഒരു സംഗതി കണ്ടെത്തിയിരുന്നു.

ഗ്രീക്ക് ഐതിഹ്യത്തിലെ മിനോസ് രാജാവ് (ബി.സി. 3000) “സർപ്പങ്ങളും തേളുകളും ” വമിക്കുന്ന തന്റെ ശുക്ലം മൂലം കാലപുരിക്ക് യാത്രയാകുന്ന കാമിനിമാരുടെ ദുരന്തത്തിൽ മനം മടുത്ത് ആടിന്റെ മൂത്രാശയം കൊണ്ടുണ്ടാക്കിയ ഗർഭനിരോധന ഉറ സംഘടിപ്പിച്ച് ഉപയോഗിച്ചിരുന്നുവത്രേ!

ഗ്രീക്കുകാരും റോമക്കാരും ലിനൻ ഉപയോഗിച്ചും ആട് തുടങ്ങിയ മൃഗങ്ങളുടെ കുടൽ, മൂത്രാശയം, എന്നിവ ഉപയോഗിച്ചും ഗർഭനിരോധന ഉറകൾ നിർമ്മിച്ചിരുന്നു. ജപ്പാൻകാർ ആമത്തോടാണ് ഇക്കാര്യത്തിനുതകുന്നതായി കണ്ടെത്തിയത്!

ആധുനിക കാലത്തേക്ക് വന്നാൽ ചാൾസ് ഗുഡ് ഇയർ 1839 ൽ റബ്ബർ വൾക്കനൈസേഷൻ കണ്ടുപിടിച്ചത് ഗർഭ നിരോധന ഉറകളുടെ സുവർണ കാലത്തിന് തുടക്കം കുറിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ റബ്ബർ കോണ്ടം വ്യാപകമായിത്തുടങ്ങി.

നേരത്തേ റബ്ബർ കോണ്ടം നിർമ്മാണത്തിനിടെ ഗ്യാസോലിൻ, ബെൻസീൻ എന്നിവ ഉപയോഗിച്ചിരുന്നതിനാൽ നിർമ്മാണ പ്രക്രിയ തന്നെ തികച്ചും സ്ഫോടനാത്മകമായിരുന്നു!

പതിനാറാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ നാടുകളിൽ സിഫിലിസ് പടർന്നു പിടിച്ചപ്പോൾ ഗബ്രിയേൽ ഫാലോപ്പിനോ എന്ന ഡോക്ടർ ആയിരത്തിലധികം പേരിൽ പുതിയ റബ്ബർ കോണ്ടംസ് പരീക്ഷിക്കുകയും അവ സിഫിലിസ് തടയുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടക്കത്തിൽ ലിംഗമകുടത്തിൽ മാത്രം ഇടാവുന്ന തരത്തിലുള്ള കോണ്ടംസ് ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടെയും അളവിനനുസരിച്ച് കോണ്ടം ഉണ്ടാക്കേണ്ടിയിരുന്നു.

റബ്ബർ കോണ്ടത്തിന്റെ പ്രധാന പോരായ്മകളിലൊന്ന് അതിന്റെ താങ്ങാനാവാത്ത വിലയായിരുന്നു. അന്നത്തെ കാലത്ത് ഒരാൾ ഒരു സെക്സ് വർക്കറിന് കൊടുക്കേണ്ട തുകയുടെ പല ഇരട്ടി ഒരു കോണ്ടത്തിനായി ചിലവാക്കണമായിരുന്നു.തന്മൂലം കോണ്ടം ഉന്നതകുലജാതരുടേയും പണക്കാരുടെയും കുത്തകയായി മാറി.

1920 കളിലാണ് ലാറ്റക്സ് കണ്ടു പിടിക്കപ്പെട്ടത്. കോണ്ടം മിനുസമുള്ളതും നേർത്തതും ഇലാസ്തികതയുള്ളതും ആയി മാറി. ഏവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഒരൊറ്റ വലിപ്പത്തിലും അവ ലഭ്യമായി. പിന്നീട് വിവിധ ലൂബ്രിക്കന്റുകളും സ്പെർമിസൈഡ് ജെല്ലിയും അടങ്ങിയതുമായ ലാറ്റക്സ് കോണ്ടംസ് വിപണിയിൽ ലഭ്യമായി. വിവിധ നിറത്തിലും മണത്തിലുമെല്ലാം ഇവ മാർക്കറ്റിലിറങ്ങിത്തുടങ്ങി.

ലാറ്റക്സ് കോണ്ടംസിന് പുറമേ പോളിയൂറെത്തേൻ, പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗർഭനിരോധന ഉറകൾ എന്നിവ വിപണിയിൽ ലഭ്യമാണ്.

പോളിയൂറെത്തേൻ ഉറകൾ ലാറ്റക്സ് അലർജി ഉള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാം.

പ്രകൃതിദത്തമായ ഉറവിടത്തിൽ നിന്നുള്ള കോണ്ടംസ് (മൃഗങ്ങളുടെ കുടൽ സ്തരത്തിൽ നിന്നും മറ്റും) കൂടുതൽ നേർത്തതും നനുത്തതും അനുഭൂതി പകരുന്നതുമത്രേ. പക്ഷേ അവയിലെ നേർത്ത സുഷിരങ്ങൾ എച്ച്.ഐ.വി അടക്കമുള്ള ലൈംഗിക രോഗങ്ങൾ തടയുന്നതിൽ പിന്നോക്കമാണ് .

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന തരം യൂണിസെക്സ് കോണ്ടംസും ഇപ്പോൾ ലഭ്യമാണ്.

പ്രചുരപ്രചാരം നേടുന്നതിനൊപ്പം തന്നെ ഗർഭനിരോധന ഉറകൾക്കെതിരായ പ്രചരണവും ശക്തമായിരുന്നു. മതപരമായ എതിർപ്പിനൊപ്പം തന്നെ (പ്രത്യേകിച്ച് കൃസ്ത്യൻ സഭകളുടേത്), പുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുന്നത് എന്ന കാരണത്താൽ ഫെമിനിസ്റ്റുകളുടേയും എതിർപ്പു സമ്പാദിച്ചു കോണ്ടംസ്. സ്ത്രീകൾക്കായുള്ള കോണ്ടംസും യൂണിസെക്സ് കോണ്ടംസും വിപണിയിലെത്താൻ പിന്നെയും ഏറെക്കാലമെടുത്തു.

കോണ്ടം കൗതുകങ്ങൾ

1. ഇറ്റലിയിലെ Amatore Bolzoni എന്നയാളുടെ കൈയിൽ 2077 തരം കോണ്ടങ്ങൾ ഉണ്ടത്രേ. അതും 1800 കളിൽ ആടിന്റെ കുടലിൽ നിന്നുണ്ടാക്കിയ ടൈപ്പ് കോണ്ടം മുതൽ രണ്ടാം ലോകമഹായുദ്ധകാലത്ത് യു. എസ്. സൈനികർ ഉപയോഗിച്ച കോണ്ടം വരെയുണ്ട്. രാജ്യങ്ങൾ തോറും നടന്ന് കോണ്ടം ശേഖരിച്ച മനുഷ്യനാണദ്ദേഹം. അതാണ് പുള്ളിയുടെ ഹോബി. ഗിന്നസ് റെക്കോർഡൊക്കെയുണ്ട് പുള്ളിക്ക്. അയാളുടെ കൈയിൽ പാട്ടു പാടുന്ന കോണ്ടവുമുണ്ടത്രേ, റിയലി ഇന്ററസ്റ്റിംഗ്. ഏത് പാട്ടായിരിക്കും!?

2. കോണ്ടങ്ങൾ കൂട്ടിക്കെട്ടി കയറാക്കിയ മനുഷ്യനുമുണ്ട്. ഒരു റൊമേനിയക്കാരൻ. Cristian Branea എന്നാണ് പേര്. 25,773 കോണ്ടങ്ങൾ കൂട്ടിക്കെട്ടി അയാളുണ്ടാക്കിയ ആ കോണ്ടവള്ളിയുടെ നീളമെത്രാന്നോ, മൂന്നേകാൽ കിലോമീറ്റർ! (2007 -ൽ). ഒരറ്റത്ത്ന്ന് മറ്റേ അറ്റത്തേക്ക് ഓട്ടോ ചാർജ് തന്നെ 60 രൂപയാവും.

3. ലോകത്തേറ്റവും വലിയ കോണ്ടം ഉണ്ടാക്കിയതും ഫ്രാൻസിലാണ്. 1993-ലെ ഇതുപോലൊരു എയിഡ്സ് ഡേക്ക്, കോണ്ടം ബോധവത്കരണത്തിന്റെ ഭാഗമായിട്ട്. 72 അടി നീളമുണ്ടായിരുന്ന യമണ്ടൻ കോണ്ടമാണ് ഉണ്ടാക്കിയത് അതും ഗിന്നസ് റിക്കോർഡാണ് കേട്ടോ.. ലോക്കത്തേറ്റവും നീളമുള്ള ശിവലിംഗം നെയ്യാറ്റിൻകരയിലുള്ള സ്ഥിതിക്ക് നമുക്ക് ഈ വിഷയത്തിൽ No.1 ആവാൻ ഇനിയും അവസരമുണ്ട്.

കോണ്ടം വിശേഷങ്ങളിനിയുമുണ്ട്. നമുക്ക് കാര്യത്തിലേക്ക് മടങ്ങാം.

കോണ്ടംസ് – ഗുണങ്ങൾ

കൃത്യമായി ഉപയോഗിച്ചാൽ (സംഭോഗ സമയത്ത് തുടക്കം മുതൽ ഒടുക്കം വരെ) ഗർഭധാരണം തടയാനുള്ള മികച്ച ഉപാധികളിലൊന്നാണിത്.

എച്ച്. ഐ. വി യും മറ്റു ലൈംഗികരോഗങ്ങളും തടയുന്നു. (87% മുതൽ 96 % വരെ കേസുകളിൽ എച്ച്.ഐ.വി ബാധ പകരുന്നത് കോണ്ടം തടയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.)

എളുപ്പത്തിൽ ലഭ്യമാവുന്ന ഇവ, കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. താരതമ്യേന വിലയും കുറവ് !

2 – 3 ശതമാനം ആളുകളിൽ ലാറ്റക്സ് അലർജി ഉണ്ടാകാനിടയുണ്ട് എന്നതൊഴിച്ചാൽ പാർശ്വഫലങ്ങളില്ല എന്നു തന്നെ പറയാം.

ശുക്ലം ഉറയിൽ തന്നെ സംഭരിക്കപ്പെടുന്നതിനാൽ കൂടുതൽ വൃത്തിയും ഉറപ്പു വരുത്താൻ കഴിയുന്നു.

ഗൊണേറിയ, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങൾ തടയുന്നതിലൂടെ സ്ത്രീ പങ്കാളികളിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസും (PID) അതുവഴി അണ്ഡവാഹിനിക്കുഴൽ സംബന്ധമായ വന്ധ്യതയും ഉണ്ടാകാനുള്ള സാധ്യത കോണ്ടംസ് കുറയ്ക്കുന്നു.

ഒരു പരിധി വരെഹ്യൂമൻ പാപ്പില്ലോമ വൈറസിന്റെ വ്യാപനവും അതുവഴി ഗർഭാശയമുഖ അർബുദവും തടയാൻ സഹായിക്കുന്നു.

ചില പുരുഷന്മാരിലെങ്കിലും ഉദ്ധാരണം നീണ്ടു നിൽക്കാനും ഇവ പ്രയോജനപ്പെടുന്നു.

? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടിപ്പോകാനുള്ള സാധ്യത 2% ആണ്.

ലിംഗത്തിൽ നിന്നും കോണ്ടം വഴുതിപ്പോകാനും 2 % സാധ്യതയുണ്ട്.

കൃത്യമായി ഉപയോഗിക്കാതിരിക്കുക, വീണ്ടും ഉള്ള ഉപയോഗം, ലൂബ്രിക്കന്റ് ഓയിൽ കൂട്ടത്തിൽ ഉപയോഗിക്കുക എന്നിവയെല്ലാം കോണ്ടത്തിന്റെ ഫലപ്രാപ്തി കുറയ്ക്കും.

നഖമോ മോതിരമോ കൊണ്ട് കോണ്ടം കീറാനും ഇടയുണ്ടെന്ന് ഓർക്കുക.

കോണ്ടം പൊട്ടിയാലോ വഴുതിപ്പോയാലോ ശുക്ലം യോനിയിലെത്തി ഗർഭധാരണം നടക്കാനിടയുണ്ട്. അത് ഒഴിവാക്കാൻ എമർജൻസി പില്ലുകൾ ഉപയോഗിക്കുക.

ഉപയോഗക്രമം.

നമ്മുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപ്രദമായ കോണ്ടം തിരഞ്ഞെടുത്തു വാങ്ങുക. എക്സ്പയറി ഡേറ്റ് നോക്കാൻ മറക്കരുത്.

തുടക്കത്തിൽ പങ്കാളിയോട് കോണ്ടം ഉപയോഗത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നത് നന്നായിരിക്കും.

കോണ്ടം പാക്കറ്റ് തുറന്ന് കോണ്ടത്തിന്റെ തുമ്പിൽ അമർത്തി അധികമുള്ള വായു കളയുക. തുടർന്ന് തുറന്ന വളയമുള്ള വശം ഉദ്ധരിച്ച ലിംഗമകുടത്തിലൂടെ അണിയുക. കോണ്ടം ലിംഗത്തിന്റെ കടഭാഗം എത്തുന്നത് വരെ അൺറോൾ ചെയ്യണം. ലിംഗം പൂർണമായും ആവരണം ചെയ്യുന്ന തരത്തിലായിരിക്കണം കോണ്ടം ധരിക്കേണ്ടത്. ശുക്ലം ശേഖരിക്കാനായി ഉറയുടെ തുമ്പത്ത് ഇത്തിരി സ്ഥലം വേണം.

ശുക്ല സ്ഖലനത്തിന് ശേഷം കോണ്ടത്തിന്റെ വളയത്തിൽ അമർത്തി ലിംഗത്തോട് ചേർത്ത് പിടിക്കുക (ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെടും മുമ്പ് തന്നെ). ലിംഗം വലിച്ചെടുക്കുമ്പോൾ ഉറയും കൂടെപ്പോരുന്നു എന്ന് ഉറപ്പാക്കണം.

ലിംഗം പുറത്തെടുത്തതിന് ശേഷം കോണ്ടം മാറ്റുക. കോണ്ടത്തിൽ സുഷിരങ്ങളോ മറ്റോ ഉണ്ടോ എന്ന് നിരീക്ഷിക്കുക. ലീക്കേജ് ഉണ്ടായി എന്നു തോന്നിയാൽ ഗർഭധാരണം തടയാൻ സ്ത്രീ പങ്കാളി എമർജൻസി പിൽ കഴിക്കേണ്ടതായി വരും.

കഥയില്ലായ്മയും കഥയും എന്തുമാവട്ടെ

കാര്യം മറക്കല്ലേ…

കോണ്ടം നല്ലതിന്

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ