· 6 മിനിറ്റ് വായന

മലയാളിയുടെ മറ്റു രോഗങ്ങൾ എവിടെ പോയി?

Current Affairsകോവിഡ്-19ശിശുപരിപാലനംസാങ്കേതികവിദ്യ
”മലയാളിയ്ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളിലെങ്ങും ആരുമില്ലല്ലോ. ഇത്രയും ദിവസങ്ങളായിട്ട് ടെസ്റ്റുകൾ നടത്താത്തതുകൊണ്ടും ഡോക്റ്ററെ കാണാത്തതുകൊണ്ടും ആർക്കും ഒരു പ്രശ്നവുമില്ല. ഹാർട്ടറ്റാക്കുകളും ഇല്ല. ആൻജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നുമില്ല. അപ്പൊ എല്ലാം നമ്മുടെ തോന്നൽ മാത്രമായിരുന്നില്ലേ…?”
കൊറോണയെക്കാൾ വേഗത്തിൽ വാട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറലാകുന്ന ഒരു മെസ്സേജിൻ്റെ സാരാംശമാണിത്.
ശരിയാണ്, കേരളത്തിലെ ഒരു രീതി വച്ചിട്ട് പറഞ്ഞാൽ, ആശുപത്രികളിൽ വരുന്ന എല്ലാവർക്കും അസുഖം ഉണ്ടാവണമെന്നില്ല. രോഗികളായി വരുന്നവർക്ക് തന്നെ ചിലപ്പോൾ ചെറിയ ബുദ്ധിമുട്ടുകളോ ഒരു ചികിത്സയും ഇല്ലാതെ മാറുന്ന പ്രശ്നങ്ങളോ ആയിരിക്കാം ഉണ്ടായിരുന്നത്. അങ്ങനെയുള്ളവർ പക്ഷെ ന്യൂനപക്ഷമാണ്. അവരെ മാറ്റി നിർത്തിയാൽ ഭൂരിപക്ഷവും യഥാർത്ഥ, ചികിത്സ ലഭ്യമാക്കേണ്ട രോഗികൾ തന്നെയാണ്. അല്ലാതെ ഇത്തരം വാചാടോപ സന്ദേശങ്ങളിൽ പറയുന്നതുപോലെ മലയാളികൾക്കെല്ലാം രോഗമുണ്ടെന്നത് അവരുടെ വെറും തോന്നലല്ല.
എങ്കിൽ എന്തുകൊണ്ടാണ് ഇപ്പോൾ ആശുപത്രികളിൽ രോഗികൾ കുറവ്?
1.കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമാണ്. കൂടുതൽ രോഗികളും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, തൈറോയ്ഡ് രോഗങ്ങൾ, അപസ്മാരം, പിന്നെ ഇതിൻ്റെയെല്ലാം സങ്കീർണ്ണതകളും ഒക്കെ ആയിട്ട് വരുന്നവരാണ്.
ഈ സങ്കീർണ്ണതകൾ എന്ന് പറഞ്ഞാൽ വൃക്കത്തകരാറ് വന്ന് ഡയാലിസിസ് ചെയ്യേണ്ടി വരിക, ഹൃദയസ്തംഭനം ഉണ്ടാവുക, പക്ഷാഘാതം വരിക, കാലിൽ ഉണങ്ങാത്ത വ്രണങ്ങൾ വരുക, ബ്ലഡ് ഷുഗർ പെട്ടെന്ന് കൂടി ഡയബറ്റിക് കീറ്റോ അസിഡോസിസ് പോലുള്ള അവസ്ഥയിലേക്ക് പോവുക ഒക്കെയാണ്. അങ്ങനെ ഉണ്ടാവുന്നവരെല്ലാം ഇപ്പോഴും ആശുപത്രിയിൽ വരുന്നുണ്ട് സർ.
വലിയ സങ്കീർണതകളിലേക്ക് പോകാത്തിടത്തോളം ഇവയിൽ മിക്കവയയ്ക്കും പ്രത്യേകിച്ചും രോഗലക്ഷണങ്ങളുണ്ടാവില്ല. അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുവാണ്. അവർ അവരുടെ ആശുപത്രി സന്ദർശനം കുറച്ചുനാളത്തേക്ക് നീട്ടിവെച്ചിരിക്കുന്നു എന്ന് മാത്രമാണ് അതിനർത്ഥം.
2. മദ്യപാനമില്ലാ, വാഹനങ്ങൾ പുറത്തിറക്കുന്നത് കുറവ്, റോഡുകളിൽ ആളും കുറവ് – അതുകൊണ്ടു വാഹനാപകടങ്ങൾ നന്നേ കുറഞ്ഞു.
3. കൺസ്ട്രക്ഷൻ ജോലികൾ നടക്കാത്തതിനാൽ ജോലി സ്ഥലങ്ങളിൽ നിന്നുള്ള അപകടങ്ങളും വളരെ കുറവാണ്.
4. ക്യാൻസറിൻ്റേത് ഒഴികെയുള്ള എല്ലാ ഇലക്റ്റീവ് സർജറികളും മാറ്റിവെച്ചു.
5. ഒരു രോഗി ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ കാണാൻ വരുന്ന ബന്ധുജനങ്ങളുടെയും നാട്ടുകാരുടെയും തിരക്ക് ഇപ്പോഴില്ല. മിക്ക ആശുപത്രികളിലെയും തിരക്കിൻ്റെ പകുതിയിലധികവും രോഗികളുടെ കൂടെ വരുന്നവർ ഉണ്ടാക്കുന്നതാണ്.
6. അടുത്ത് എവിടെയെങ്കിലും കല്യാണത്തിന് പോയിട്ട് വരുമ്പോഴോ വെറുതെ പുറത്തിറങ്ങിയപ്പോഴോ ഒന്ന് ബിപി ചെക്ക് ചെയ്തേക്കാം എന്ന് കരുതി ആശുപത്രിയിൽ കയറിയിറങ്ങുന്നവരും ഇപ്പോൾ വരാറില്ല.
പിന്നെയതിലുള്ള വന്ന വേറൊരു പരാമർശം, ‘ഇപ്പോൾ ഹൃദ്രോഗം വന്ന് ആരും മരിക്കുന്നില്ല, ആർക്കും പക്ഷാഘാതം വരുന്നില്ലേ’ എന്നൊക്കെ ആയിരുന്നു.
ഉത്തരം: വരുന്നുണ്ട്. ഈ പറഞ്ഞവയൊന്നും വൈറസോ പ്രളയമോ വന്നതുകൊണ്ട് പേടിച്ചു പോകുന്ന രോഗങ്ങളൊന്നുമല്ല. ആർക്കും, ആ വ്യാജസന്ദേശം എഴുതിയുണ്ടാക്കിയ ആളിനുൾപ്പെടേ, എപ്പൊ വേണേലും വരാവുന്നവയാണ്. ഈ അസുഖങ്ങളുമായി ഇപ്പോഴും രോഗികൾ ആശുപത്രികളിൽ എത്തുന്നുണ്ട്, അവർക്ക് ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സകൾ കിട്ടുന്നുണ്ട്, കുറച്ചു പേർ മരിച്ചു പോകുന്നുമുണ്ട്. ആശുപത്രികളിൽ ധാരാളം എമർജൻസി ഓപ്പറേഷനുകളും നേരത്തെ പോലെ തന്നെ നടക്കുന്നുണ്ട്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും മാത്രം ജീവിക്കുന്നവർ ഇതൊന്നും അറിയുന്നില്ല എന്നേ ഉള്ളു. അതറിയണമെങ്കിൽ ആശുപത്രിയിൽ തന്നെ പോണം.
ഇത്തരം വ്യാജ മെസ്സേജുകളിൽ വിശ്വസിച്ചു സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കാതിരുന്നാൽ നമുക്ക് തന്നെയാണ് ദോഷം വരാൻ പോകുന്നത്.
നമ്മൾ കൊവിഡാനന്തര നാളുകളിൽ അഭിമുഖീകരിക്കാൻ പോകുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ജീവിത ശൈലീ രോഗങ്ങളുടെ വർദ്ധനവും നിയന്ത്രണമില്ലായ്മയും. അത് ഓരോരുത്തരുടെയും ആരോഗ്യത്തെ മാത്രമല്ലാ, ആകെ തളർന്നിരിക്കുന്ന ആരോഗ്യമേഖലയെ തന്നെ തളർത്തും.
ഇപ്പോൾ ആശുപത്രികളിൽ തിരക്കില്ലാത്തത് രോഗങ്ങളില്ലാത്തതു കൊണ്ടല്ലാ, നേരത്തെ പറഞ്ഞ പോലെ അവരെല്ലാം ആശുപത്രി സന്ദർശനം നീട്ടി വയ്ക്കുന്നത് കൊണ്ടാണ്. പ്രമേഹത്തിനും ഹൈപ്പർടെൻഷനും കൊളസ്ട്രോൾ കൂടുന്നതിനുമൊന്നും പ്രത്യേക ലക്ഷണങ്ങൾ വേണമെന്നില്ലല്ലോ.
ദീർഘനാൾ ജീവിതശൈലി രോഗങ്ങൾക്ക് കൃത്യമായി മരുന്നു കഴിക്കാതിരിക്കുകയും കൃത്യമായി ഫോളോ അപ് ചെയ്യാതിരിക്കുകയും പരിശോധനകൾക്ക് വിധേയരാകാതിരിക്കുകയും ചെയ്യുന്നത് ചിലപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും.
ജീവിതശൈലീ രോഗങ്ങൾക്കും അപസ്മാരത്തിനും തൈറോയ്ഡ് രോഗങ്ങൾക്കും മാനസിക രോഗങ്ങൾക്കും മരുന്നു കഴിക്കുന്നവർ ഒരു കാരണവശാലും അതു മുടക്കരുത്
അങ്ങനെയുള്ളവർ നേരിട്ട് ഡോക്ടറെ കാണാൻ പറ്റിയില്ലെങ്കിലും ടെലിമെഡിസിൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
വീട്ടിൽ BP അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ ഒക്കെ ഉള്ളവർ ഇടയ്ക്കൊന്ന് ചെക്ക് ചെയ്യണം. കൂടുതലെങ്കിൽ ഡോക്ടറുടെ സഹായം തേടുക.
ഭക്ഷണത്തിലെ നിയന്ത്രണം, വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ഒക്കെ ചെയ്യണം. ലോക്ക് ഡൗൺ കാലത്ത് ശരീരഭാരം അമിതമായി കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇതുവരെയും പ്രമേഹമോ രക്തസമ്മർദ്ദമോ ഇല്ലാത്ത ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും ഇതൊക്കെ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. പിന്നെ ഓർക്കുക, Prevention is better than cure
മറ്റൊന്ന് കാൻസറുകളാണ്. നിലവിൽ കാൻസർ കണ്ടെത്തിയവർ അതിൻ്റെ ചികിത്സ തുടരുന്നുണ്ടാവണം.
പക്ഷെ നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന കാൻസറുകൾ ലോക്ക് ഡൗൺ കാരണം ചിലപ്പോൾ കണ്ടെത്താൻ വൈകുകയും പിന്നെ ചികിത്സിക്കാൻ പ്രയാസമാവുകയും ചെയ്യാം.
അതുകൊണ്ട് മാറിലെ മുഴകൾ, മലത്തിലൂടെയുള്ള രക്തം പോക്ക്, മലം കറുത്തു പോകൽ തുടങ്ങിയവയൊക്കെ കണ്ടെത്തിയാൽ അടുത്ത ദിവസം തന്നെ ആശുപത്രിയിൽ പോണം. ലോക്ക് ഡൗൺ തീരാൻ കാത്തിരിക്കണ്ടാ.
അസാധാരണവും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ ഏതൊരു മനുഷ്യനും മാനസികമായി തളരാനുള്ള സാധ്യത ഉണ്ട്. ഇപ്പോഴുള്ള ഈ സാഹചര്യങ്ങൾ ഭാവിയിൽ ഏത് രീതിയിൽ ആയിരിക്കും മനുഷ്യൻ്റെ മാനസികാരോഗ്യത്തിൻ്റെ കാര്യത്തിൽ പ്രതിഫലിക്കുക എന്ന് നമുക്ക് പറയാനാവില്ല. മാനസികാരോഗ്യം നിലനിർത്താൻ വേണ്ടിയുള്ള പോംവഴികൾ ഇപ്പോഴേ കണ്ടെത്തിയില്ലെങ്കിൽ ഭാവിയിൽ നമ്മുടെ മനുഷ്യവിഭവശേഷിയുടെ കാര്യക്ഷമതയെ കാര്യമായി ബാധിക്കുകയും ആത്മഹത്യകളും വിഷാദരോഗങ്ങളും കൂടാനുള്ള സാധ്യതയും വളരെയധികമാണ്.
നമ്മുടെ നാട്ടിൽ അടുത്തുണ്ടാകാൻ പോകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കൊവിഡിൻ്റെ വ്യാപനത്തെ എത്രത്തോളം സ്വാധീനിക്കുമെന്നത് കണ്ടറിയേണ്ടതാണ്. വേനൽക്കാലത്തെ ഉഷ്ണം രോഗവ്യാപനത്തിനെ സ്വാധീനിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.
എന്നാൽ ഒരു മാസം കഴിയുമ്പോൾ വരാൻപോകുന്ന ഇടവപ്പാതി ചിലപ്പോൾ കാര്യങ്ങളെ കീഴ്മേൽ മറിക്കാൻ സാധ്യതയുണ്ട്. അത് കൊവിഡിൻ്റെ രോഗവ്യാപനത്തെ നേരിട്ട് സ്വാധീനിച്ചില്ലെങ്കിൽ പോലും, നിലവിൽ തളർന്ന ആരോഗ്യമേഖലയെ ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും എലിപ്പനിയും പോലുള്ള രോഗങ്ങൾ കൂടി വരുമ്പോൾ കൂടുതൽ തളർത്താൻ തന്നെയാണ് സാധ്യത. അതുകൊണ്ട് ഇപ്പോഴേ ആവശ്യം വേണ്ട കൊതുകുനിവാരണ പരിപാടികളും പരിസര ശുചീകരണ മാർഗങ്ങളും നമ്മൾ സ്വീകരിക്കണം.
ഓർക്കണം, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ജീവിതശൈലിരോഗങ്ങൾ വരുന്നത് ദൗർഭാഗ്യകരമാണ്. ദുർബലരാക്കും നമ്മെ അത്. കൊറോണയെ നമ്മൾ ഈസിയായി റ്റാറ്റാ ബൈ ബൈ പറഞ്ഞുവിടും. പക്ഷേ ഇതൊക്കെ ആയിരിക്കും ഏറ്റവും വലിയ ദുരന്തം ആകുന്നത്. അങ്ങനെയുണ്ടാവാതിരിക്കാൻ നമ്മൾ ഇപ്പോഴേ ജാഗ്രതയോടെ ശീലങ്ങളിൽ വ്യത്യാസം വരുത്തുക തന്നെ വേണം..

 

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ