· 7 മിനിറ്റ് വായന

“രൂപം മാറ്റി” കൊറോണ : ബ്രിട്ടിഷ് സ്ട്രെയിൻ ഭീഷണിയാകുമോ ?

Current AffairsInfectious Diseasesകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
?ഇംഗ്ലണ്ടിൽ ഒരു പുതിയ തരം SARS Cov-2 കൊറോണാവൈറസ് സ്ട്രെയിൻ കണ്ടെത്തി എന്ന വാർത്ത ലോകമെമ്പാടും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്.
?പ്രതീക്ഷിച്ചതു പോലെ മാദ്ധ്യമങ്ങളിലെ, വിശിഷ്യാ ഞെട്ടിക്കൽ ഓൺലൈൻ വാർത്താ വിഭാഗത്തിന് സ്തോഭജനകമായ തലക്കെട്ടുകളുണ്ടാക്കാൻ പോന്ന ഒന്നായിട്ടുണ്ട് ഈ വാർത്ത.
?എന്നാൽ തലക്കെട്ടുകൾക്കുമപ്പുറം എന്താണ് വസ്തുതകൾ ? പുതിയ സ്ട്രെയിൻ അപ്രതീക്ഷിതമാണോ ? അതു കൂടുതൽ അപകടകരമാണോ ? നിലവിൽ ലഭ്യമായ വിവരങ്ങൾ വച്ച് ഇക്കാര്യങ്ങൾ പരിശോധിക്കാം.
?ജനിതക വ്യതിയാനം ഉള്ള പുതിയ വൈറസിനെ കണ്ടെത്തി എന്നത് ശരിയാണ്, എന്നാൽ ഇത് കൂടുതൽ അപകട സാധ്യതകൾ ഉയർത്തുന്നു എന്നതിന് തെളിവുകൾ ഇത് വരെ ലഭ്യമായിട്ടില്ല.
?എന്നാൽ രണ്ടു കാര്യങ്ങൾ കൊണ്ടാവാം ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ റിസ്ക് ഒഴിവാക്കാൻ ശ്രമിക്കുന്നത്.
?a. കൂടുതൽ വെളിച്ചം വീശുന്ന തരത്തിലുള്ള ഗവേഷണ ഫലങ്ങൾ വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ.
ആയതിനാൽ പല രാജ്യങ്ങളിലെ അധികാരികളും പുതിയ ഇനം വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയിരിക്കുന്നത്.
?b. ഭൂമിയിലെ മിക്കവാറും രാജ്യങ്ങളും ഉൾക്കൊള്ളുന്ന ഉത്തരാർദ്ധഗോളത്തിൽ ശൈത്യകാലവും കൂടെ ക്രിസ്തുമസ് ആഘോഷ വേളയും ആയതിനാൽ അടഞ്ഞ മുറികൾക്കുള്ളിൽ ജനങ്ങൾ കൂടുതൽ അടുത്തിടപഴകുന്ന സാഹചര്യമാണ് വരാൻ പോവുന്നത്.
?എന്നാൽ ഇതിൽ അമിത ആശങ്കൾ വേണ്ട, എന്ത് കൊണ്ടെന്നു വിശദമാക്കാം.
❓1. എന്താണ് ഒരു വൈറസിന്റെ ജനിതക വ്യതിയാനം (മ്യൂട്ടേഷൻ)?
✅ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. പല നിറങ്ങളിലുള്ള നൂറു കണക്കിന് മുത്തുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു മാല സങ്കൽപ്പിക്കുക. ഇതിൽ ഒരു മുത്ത് അങ്ങോട്ടോ ഇങ്ങോട്ടോ സ്ഥലം മാറിയാൽ മാലയുടെ മൊത്തത്തിലുള്ള ഉള്ള രൂപത്തിന് മാറ്റം സംഭവിക്കുമോ? സംഭവിക്കണമെന്നില്ല. എന്നാൽ മാലയുടെ ഒരു ഭാഗത്തെ മുത്തുകൾ ഒന്നിച്ചു ഒരു പ്രത്യക നിറം സ്വീകരിച്ചു എന്നിരിക്കട്ടെ, മാലയുടെ രൂപം മാറിയതായി അനുഭവപ്പെടാം. മാലക്ക് രണ്ടറ്റം ബന്ധിപ്പിക്കുന്ന ഒരു കൊളുത്തു കൂടി ഉണ്ടെന്നു വിചാരിക്കുക, ആ കൊളുത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാലോ, രൂപത്തിൽ മാത്രം അല്ല, ചിലപ്പോൾ മാല ഉപയോഗിക്കാ നേ കഴിയാത്ത സ്ഥിതി ഉണ്ടാകാം.
മുത്തുകൾ പോലെയുള്ള ന്യൂക്ലിയോടൈഡുകൾ കോർത്തിണക്കിയാണ് കോവിഡ് വൈറസിന്റെ ആർ എൻ എ ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ ന്യൂക്ലിയോടൈഡുകൾക്ക് സ്ഥലംമാറ്റം സംഭവിച്ചാൽ വൈറസിന്റെ പൊതുസ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കണമെന്നില്ല. എന്നാൽ കുറേ ന്യൂക്ലിയോറ്റൈടുകൾ ഒന്നിച്ചു മാറുകയോ അല്ലെങ്കിൽ വൈറസിന്റെ ചില നിർണായക സ്ഥാനങ്ങളിൽ മാറ്റം സംഭവിക്കുകയോ ചെയ്‌താൽ വൈറസിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം.
ഇങ്ങനെ പ്രാധാന്യം ഉള്ളതോ ഇല്ലാത്തതോ ആയ വൈറസിന്റെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങൾക്കാണ് മ്യൂട്ടേഷൻ എന്ന് പറയുന്നത്.
❓2. വൈറസിന്റെ ജനിതക വ്യതിയാനം അസാധാരണമാണോ ?
✅അല്ല. സൂക്ഷ്മ ജീവികളിലെ ഇത്തരം ജനിതക വ്യതിയാനങ്ങൾ (Mutation) വളരെ പണ്ടേ ശാസ്ത്ര ലോകത്തിനറിയാവുന്ന പ്രതിഭാസമാണ്.
പെരുകി പുതിയവ ഉണ്ടാവുന്തോറും മ്യൂട്ടേഷനുണ്ടാവാനുള്ള സാധ്യത കൂടുന്നു. ജനിതക പദാർഥത്തിൽ അബദ്ധവശാൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്താനുള്ള സംവിധാനം വൈറസുകൾക്ക് ഇല്ലാത്തതിനാൽ താരതമ്യേന വൈറസുകളിൽ ഇതിന്റെ സാധ്യത കൂടുതലാണ്‌. അതുകൊണ്ടുതന്നെ ഇത്തരം നിരവധി സ്ട്രെയിനുകളുടെ ഉത്ഭവം ശാസ്ത്ര ലോകം പ്രതീക്ഷിച്ചിരുന്നതാണ്. കൊറോണ വൈറസിന്റെ കാര്യത്തിലാണെങ്കിൽ ഓരോ മാസവും ഒന്നോരണ്ടോ പുതിയ പ്രധാന ജനിതക വ്യതിയാനങ്ങളാണ് കണ്ടുപിടിക്കപ്പെടുന്നത്. ഈ മ്യൂട്ടേഷൻ കണ്ടെത്തിയതു പോലും ബോധപൂർവ്വമായ ഗവേഷണ-അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.
ഇംഗ്ലണ്ടിലെ വിദഗ്ധർ പറയുന്നത് പ്രകാരം, 4000 ത്തോളം ജനിതക വ്യതിയാനങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ടെന്നാണ്. എന്നാൽ ഒട്ടു മിക്കവാറും വ്യതിയാനങ്ങൾ പ്രസക്തമായ മാറ്റങ്ങൾ വൈറസിന്റെ “സ്വഭാവ സവിശേഷതകളിൽ” ഉണ്ടാക്കിയിട്ടില്ല.
❓3. ഈ ജനിതക വ്യതിയാനം കണ്ടെത്തിയത് എങ്ങനെ?
✅കോവിഡ് -19 ജീനോമിക്സ് യുകെ കൺസോർഷ്യം ആണ് ഈ വ്യതിയാനം ഗവേഷണത്തിലൂടെ കണ്ടെത്തിയത്. UK യിലെ നാല് പൊതുജനാരോഗ്യ ഏജൻസികൾ, സംഗേർ ഇന്സ്റ്റിറ്റിയൂട്ട് കൂടാതെ 12 ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സംരംഭമായ ഈ കൺസോർഷ്യം ഇക്കഴിഞ്ഞ ഏപ്രിലിൽ സ്ഥാപിതമായത് മുതൽ നിരന്തരം റാൻഡം സാമ്പിളുകളിൽ ജനിതക പഠനങ്ങൾ നടത്തിപ്പോന്നിരുന്നു. ഏപ്രിൽ മുതൽ 140,000 വൈറസ് ജീനോമുകൾ പഠനവിധേയമാക്കിയിട്ടുണ്ട്.
❓4. UK യിലെ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ എന്താണ് ?
✅ B.1.1.7 എന്നാണ് പുതിയ സ്ട്രെയിന്‌ പേരിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനു തെക്കുകിഴക്കു ഭാഗത്തായിട്ടാണ് ഈ വൈറസ് സ്ട്രെയിൻ കൂടുതലായി കാണപ്പെടുന്നത്. ലണ്ടൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ കേസുകളും ഇപ്പോൾ ഈ വൈറസ് മൂലമാണ്. ഇതിനെത്തുടർന്ന് യുകെയിലെ ചിലഭാഗങ്ങളിൽ കടുത്ത ലോക്ഡൗൺ നടപ്പാക്കിക്കഴിഞ്ഞു. ഡിസംബർ 13 വരെ 1108 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.
❓5. എന്തൊക്കെ വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളത് ?
✅ പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളതായി സംശയിക്കപ്പെടുന്നത് ഇതിൽ ഏറ്റവും പ്രധാനം കോശങ്ങൾക്ക് ഉള്ളിലേക്ക് വൈറസിന് കടക്കാനുള്ള താക്കോലായി പ്രവർത്തിക്കുന്ന സ്പൈക് പ്രോട്ടീന്റെ മേലുള്ള വ്യതിയാനമാണ്. കുന്തമുനയുടെ രൂപത്തിലുള്ള ഈ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഭാഗത്തു വന്ന N501Y എന്ന പേരിൽ വിളിക്കപ്പെടുന്ന വ്യതിയാനം കൂടുതൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കാം എന്ന് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ വൈറസിനെക്കാൾ എഴുപതു ശതമാനം കൂടുതൽ വേഗത്തിൽ പുതിയ സ്ട്രെയിനിനു പടർന്നുപിടിക്കാനാകും എന്നാണ്.
*എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയാക്കാനുള്ള വിവരങ്ങൾ കിട്ടിയിട്ടില്ല.*
❓6. എത്രത്തോളം സാധാരണമാണ് പുതിയ സ്ട്രെയിൻ ?
✅ ലണ്ടനിലെ ഏതാണ്ട് മുക്കാൽഭാഗം കൊറോണാവൈറസ് കേസുകളും ഈ സ്ട്രെയിൻ മൂലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു സംശയിക്കപ്പെടുന്നു. കൂടുതൽ വേഗത്തിൽ പടർന്നുപിടിക്കാൻ ഇതിനു കഴിവുണ്ട് എന്നതുകൊണ്ടാണ് ഈ വ്യതിയാനമെന്നു സംശയിക്കുന്നവരുണ്ട്. നോർത്തേൺ ഐർലൻഡിൽ ഒഴിച്ച് യൂക്കേയുടെ മിക്കവാറും ഭാഗങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ വൈറസ് എത്തിയതായി വിവരമുണ്ട്. ഇന്ത്യയിലേക്ക് ഈ വൈറസ് എത്താതിരിക്കാൻ ഡിസംബർ 31 വരെ യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കഴിഞ്ഞു. വരുന്ന ബുധനാഴ്ച മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
❓7. വ്യതിയാനം വന്ന കൊറോണ വൈറസ് വേഗം പടരുമോ?
✅ നേരത്തെ പറഞ്ഞതുപോലെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസിന് 70 ശതമാനം വരെ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാനാകും എന്നാണ് (വൈറസിന്റെ R0 യിൽ 0.4 ന്റെ വർദ്ധന). അതുകൊണ്ടാണ് ലണ്ടൻ നഗരത്തിലെ വൈറസ് ബാധകളിൽ കൂടിയ പങ്കും പുതിയ വേരിയന്റ് മൂലമുള്ളതായത് എന്നും ചില ഗവേഷകർ വിശ്വസിക്കുന്നു.
എന്നാൽ ഈ കാഴ്ചപ്പാടിന് വിമർശനങ്ങളും കുറവല്ല. ലണ്ടൻ പോലെ തിരക്കു കൂടിയ ഒരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് ഈ സ്ട്രെയിൻ പെട്ടെന്ന് പടർന്നു പിടിക്കുന്നതായി തോന്നുന്നത് എന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരും ഉണ്ട്.
❓8. ഇത് കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ ?
✅*കൂടുതൽ വേഗം പടർന്നു പിടിക്കാൻ കഴിവുണ്ടായാൽ പോലും കൂടുതൽ അപകടകാരിയാവണം എന്നില്ല.*
ഇതിന് ഉദാഹരണം D614G എന്ന പേരിൽ അറിയപ്പെടുന്ന വ്യതിയാനം വന്ന വേരിയന്റ് ആണ്, യു.കെ യിലും എന്തിനു നമ്മുടെ കേരളത്തിലും ഒക്കെ കണ്ടെത്തിയ ഈ വേരിയന്റ് വേഗം പടർന്നു പിടിക്കുമെങ്കിലും കൂടിയ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ല.
സാധാരണ നോവൽ കൊറോണ വൈറസിനെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ ഈ സ്ട്രെയിനിനു കഴിവില്ല എന്ന കാര്യത്തിൽ നിലവിൽ ഏതാണ്ട് എല്ലാവരും യോജിക്കുന്നു.
എങ്കിലും പെട്ടെന്ന് പടർന്നു പിടിക്കുന്ന വേരിയന്റുകൾ കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അങ്ങനെ ആരോഗ്യ സംവിധാനത്തിന്റെ ഭാരം കൂട്ടുകയും ചെയ്യാൻ സാധ്യതയുണ്ടെന്നതാണ് പ്രസക്തമായ കാര്യം.
മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളിലും കൂടുതൽ കൃത്യമായ വിവരങ്ങൾ വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
❓9. ജനിതക വ്യതിയാനങ്ങളുണ്ടായാൽ വാക്സിൻ ഫലപ്രദമാവുമോ?
✅വൈറസിന്റെ മേലുള്ള പ്രോട്ടീനുകൾക്കെതിരെ ആൻറിബോഡി നിർമ്മിക്കാൻ ശരീരത്തെ പ്രേരിപ്പിച്ചു കൊണ്ടാണ് വാക്സിൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വൈറസ് അതിൻറെ പ്രോട്ടീനിൽ വ്യതിയാനം വരുത്തിയാൽ വാക്സിൻ പ്രവർത്തിക്കാതെയാകാം. എന്നാൽ നിലവിലെ ഈ സാഹചര്യത്തിൽ അത്തരമൊരു പേടി വേണ്ടതില്ല എന്നാണ് ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. അത്രയെളുപ്പം നഷ്ടപ്പെടുന്നതല്ല വാക്സിന്റെ ഫലം. ചില വൈറൽ രോഗങ്ങൾക്കുള്ള വാക്സിനുകൾ സമാനമായ ഘടനയുള്ള മറ്റു വൈറസുകൾക്കെതിരെ വരെ പ്രവർത്തിക്കാറുണ്ട്.
ഇതിനൊരു അപവാദം ഫ്ലൂ വാക്സിൻ ആണ്. പെട്ടെന്ന് സ്വന്തം ജനിതകഘടന മാറ്റാൻ ഇൻഫ്ലുവൻസ വൈറസിനു കഴിവുള്ളതുകൊണ്ട് ഫ്ലൂ അഥവാ ഇൻഫ്ലുവൻസാ രോഗത്തിന് ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ പുതിയ വാക്സിൻ ഇറക്കേണ്ട ഗതികേടിലാണ് നാം. എന്നാൽ കൊറോണവൈറസ് ഇത്തരത്തിലുള്ള കഴിവുകളുള്ള ഒരു വൈറസ് അല്ലാത്തതിനാൽ ഈ ആശങ്കയ്ക്ക് നിലവിൽ അടിത്തറയില്ല.
നിലവിൽ നാം നിർമ്മിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സിനുകളും വൈറസിന്റെ സ്പൈക് പ്രോട്ടീന് എതിരെയാണ്. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ട് എങ്കിലും വാക്സിന്റെ ഫലം പൂർണമായും തടയാൻ നിലവിലുള്ള വ്യതിയാനങ്ങൾ മതിയാകില്ല. എന്നാൽ ഇത്തരത്തിൽ സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനങ്ങൾ തുടർന്നാൽ ഭാവിയിൽ ചില വാക്സിനുകളുടെ ഫലം കുറഞ്ഞേക്കാം. പക്ഷേ, നാം ഇപ്പോൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന വാക്സിനുകൾ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താൻ പറ്റുന്നവയാണ്. ഭാവിയിൽ വൈറസ് വാക്സിനെതിരെ പ്രതിരോധം നേടിയാലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പുതിയ വാക്സിൻ ഇറക്കാൻ അധികം സമയമെടുത്തേക്കില്ല.
❓10. പുതിയ വൈറസിന് ജനിതക മാറ്റങ്ങൾ ഉള്ളതിനാൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകൾ ഉപയോഗിച്ച് ഇതിനെ കണ്ടുപിടിക്കാൻ ആകുമോ ?
✅ പുതിയ വ്യതിയാനങ്ങളൊന്നും നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ടെസ്റ്റുകളുടെ റിസൾട്ടിനെ ബാധിക്കുന്ന തരത്തിലുള്ളവയല്ല. അതുകൊണ്ട് നിലവിലുള്ള ടെസ്റ്റുകൾ ഉപയോഗിച്ചാലും പുതിയ സ്ട്രെയിൻ മൂലമുള്ള കോവിഡ് രോഗവും നിർണയിക്കാൻ കഴിയും.
❓11. ഈ പുതിയ ഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് കൂടുതൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ?
✅ ഇത് ഇനി ഇൻഡ്യയിൽ എത്തിയാൽ തന്നെയും നമുക്ക് നിലവിൽ അറിയാവുന്ന പ്രതിരോധ നടപടികൾ കൊണ്ടുതന്നെ ഇതിനെ തടയാവുന്നതാണ്.
സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ് എന്നിവ കൃത്യമായി പ്രയോഗത്തിലാക്കുന്നതിലൂടെയും, ആൾക്കൂട്ടങ്ങൾ / വായൂ സഞ്ചാരമില്ലാത്ത മുറികളിലെ ഇടപഴകൽ എന്നിവ ഒഴിവാക്കുന്നതിലൂടെയും ജനിതക വ്യതിയാനം വന്ന വൈറസിനെയും അകറ്റി നിർത്താൻ നമ്മുക്ക് കഴിയും.
വീണ്ടും ആവർത്തിക്കുന്നു – വൈറസ് ഇവിടെത്തന്നെയുണ്ട് ആകാംഷ വേണ്ടതില്ല കരുതൽ വേണം, ജാഗ്രത തുടരണം.
ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ