· 2 മിനിറ്റ് വായന
കോവിഷീൽഡ് വാക്സിൻ ഇടവേള വസ്തുതകൾ?
കോവിഷീൽഡ് രണ്ടു ഡോസുകൾ തമ്മിൽ നാലാഴ്ച ഇടവേള മതിയോ?
2021 മാർച്ച് മാസത്തിൽ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേർ പങ്കെടുത്ത ഒരു പഠനത്തിന്റെ റിപ്പോർട്ട് ആണിത്.
ആസ്ട്രസെനക്കയുടെ കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് തമ്മിലുള്ള ഇടവേള 6 ആഴ്ചയിൽ താഴെയാണെങ്കിൽ എഫിക്കസി 55.1% ആണെന്നും ഇടവേള 12 ആഴ്ച ആണെങ്കിൽ എഫിക്കസി 81.3% ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആദ്യ ഡോസ് എടുത്തതിനുശേഷം ഏകദേശം 90 ദിവസം ആകുമ്പോഴേക്കും ആണ് വാക്സിന് ഏറ്റവും കൂടുതൽ എഫിക്കസി (80% ന് മുകളിൽ) ലഭിക്കുന്നത് എന്ന് പഠനം പറയുന്നു. ഈ കാര്യങ്ങൾ അവലോകനം ചെയ്താണ് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള 8 മുതൽ 12 ആഴ്ചവരെ ആവുന്നതാണ് നല്ലത് എന്ന് ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്നത്.
ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് മാർച്ച് മാസത്തിലാണ്. അന്ന് നമ്മുടെ ചിന്തയിൽ ഇല്ലാതിരുന്ന ഒന്ന് ഇന്നുണ്ട്, ഡെൽറ്റ വേരിയന്റ്. ഡെൽറ്റ വേരിയന്റിന് എതിരെ ആസ്ട്രസെനക്ക വാക്സിന് എത്ര പ്രതിരോധശേഷി ഉണ്ട് എന്നുകൂടി നമുക്ക് നോക്കാം.
സിംഗിൾ ഡോസിൽ 33% പ്രതിരോധം മാത്രമേ ലഭിക്കൂ. രണ്ടു ഡോസ് സ്വീകരിച്ചാൽ 60% പ്രതിരോധം മാത്രമാണ് ലഭിക്കുന്നത്.
ഇപ്പോൾ ഇന്ത്യ അടക്കം ലോകത്തെല്ലായിടത്തും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ജനിതകവ്യതിയാനം ഡെൽറ്റ ആണ്. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് നമ്മൾ വാക്സ് ഇടവേള എത്ര ആവണം എന്ന് വിലയിരുത്തുന്നത്.
നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ അപഗ്രഥിച്ചാൽ വാക്സിൻ ഇടവേള 6 ആഴ്ചയിൽ കുറയുന്നത് ശാസ്ത്രീയമല്ല. എന്നാൽ ഡെൽറ്റയുടെ വളരെയധികം വ്യാപകമായി പടർന്നു പിടിക്കുന്ന പ്രത്യേകതകൾ പരിഗണിച്ചാൽ, വാക്സിൻ 12 ആഴ്ചവരെ വൈകിച്ചാൽ സിംഗിൾ ഡോസ് കൊണ്ട് പ്രതിരോധിക്കാനും സാധിക്കില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ എട്ടാഴ്ച എന്നതായിരിക്കും ഏറ്റവും മികച്ച ഇടവേള എന്ന് അനുമാനിക്കാം എന്നു തോന്നുന്നു. ലഭ്യമായ പഠനങ്ങൾ അധികരിച്ച് 6 – 8 ആഴ്ച ഇടവേള നിശ്ചയിക്കുന്നത് ആയിരിക്കും അഭികാമ്യം എന്നു തോന്നുന്നു. ഡെൽറ്റയുടെ വ്യാപനത്തോടെ പല രാജ്യങ്ങളും ഈ ഇടവേളയിലേക്ക് മാറിയിട്ടുണ്ട്.
ജോലിക്കും മറ്റുമായി വിദേശത്ത് പോകുന്നവർക്ക് ഇപ്പോൾ വാക്സിൻ നിർബന്ധമാണ്. അങ്ങനെയുള്ളവരുടെ ജോലി നഷ്ടപ്പെടാതിരിക്കാനും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും മാത്രമായി ആദ്യം കോവിഷീൽഡ് എടുത്തവർ 28 ദിവസത്തെ ഇടവേളയിൽ വാക്സിൻ സ്വീകരിക്കാമെന്ന നയം മുൻപ് വന്നിരുന്നു. തൊഴിൽ നഷ്ടവും ജീവനോപാധി നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ താൽക്കാലികമായി എടുത്ത ഒരു തീരുമാനം എന്നേ കരുതാൻ ഉള്ളൂ. അങ്ങനെയുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ എത്തിയശേഷം ചിലപ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതായി വന്നേക്കാം. ചില രാജ്യങ്ങൾ ഇപ്പോളേ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയല്ലോ. പക്ഷേ കോവിഷീൽഡ് വാക്സിൻ ഇടവേള താല്പര്യമുള്ളവർക്ക് എല്ലാം നാലാഴ്ചയിലേക്ക് മാറ്റുന്നത് ഗുണകരമാവില്ല.
അശാസ്ത്രീയമാണ് എന്നത് കൂടാതെ രണ്ട് പ്രശ്നങ്ങൾ കൂടിയുണ്ട്. സ്വകാര്യ ആശുപത്രിയിൽ പണമടച്ച് രണ്ടാം ഡോസ് എടുക്കുന്നവർക്ക് മാത്രമേ താല്പര്യമുണ്ടെങ്കിൽ 28 ദിവസത്തിനു ശേഷം വാക്സിൻ സ്വീകരിക്കാം എന്ന ഓപ്ഷൻ ലഭിക്കുകയുള്ളൂ. ഇത് ഒരു അസമത്വമാണ്. ഇത് കൂടാതെ മറ്റൊരു പ്രശ്നം കൂടിയുണ്ട്. 130 കോടിയിൽ അധികം ജനസംഖ്യയുള്ള രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ ഉടനെ തീർക്കാൻ മാത്രമുള്ള വാക്സിൻ നിർമാണം നടക്കുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ പണമുള്ളവർക്ക് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാൻ അവസരം ലഭിക്കുമ്പോൾ, പണംമുടക്കി വാക്സിൻ സ്വീകരിക്കാൻ പറ്റാത്തവർക്ക് ലഭിക്കേണ്ട വാക്സിൻ പരിമിതമാകാൻ ഒരു സാധ്യതയുണ്ട്. ഇത് അനീതിയും അസമത്വവും ആണ്.
ഒരു മഹാമാരിയെ നേരിടുമ്പോൾ ശാസ്ത്രീയത ആവണം എപ്പോഴും മുന്നിൽ നിൽക്കേണ്ടത്. ശാസ്ത്രീയതയും മാനവികതയും അവസര സമത്വവും ഉണ്ടാവണം.