· 6 മിനിറ്റ് വായന

പ്രതീക്ഷകൾക്കു തുടക്കം വാക്‌സിൻ വരവായി

കോവിഡ്-19പകര്‍ച്ചവ്യാധികള്‍
ഇന്ന് മുതൽ കേരളത്തിൽ കോവിഷീൽഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകപ്പെടുകയാണ്. സമീപ ഭാവിയിൽ പൊതുജനങ്ങൾക്കും മുൻഗണനാ ക്രമത്തിൽ സൗജന്യമായി ഈ വാക്സിൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
▪️ എന്താണ് കോവിഷീൽഡ് വാക്സിൻ ?
ഓക്സ്ഫോർഡ് യൂണിവേഴ്സ്റ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും, ആസ്ട്ര സെനേക്ക കമ്പനിയുമായുള്ള സഹകരണത്തോടെ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്സിൻ ആണ് കോവിഷീൽഡ്.
ചിമ്പാൻസിയിൽ അസുഖമുണ്ടാക്കുന്ന ഒരിനം അഡിനോ വൈറസിനെ മനുഷ്യർക്ക് ദോഷകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഈ വാക്സിനിൽ വെക്ടർ ആയി ഉപയോഗിക്കുന്നത്. സാർസ് CoV2 – 19 എന്ന കൊറോണ വൈറസിന്റെ ആവരണത്തിലെ മുള്ളുകൾ പോലെയുള്ള സ്പൈക് പ്രോട്ടീൻ നിർമ്മിക്കുന്നതിനാവശ്യമായ ജനിതക ശ്രേണി മേൽപറഞ്ഞ വെക്ടർ വൈറസിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇതുവഴി ഈ വാക്സിൻ സ്വീകരിക്കുന്ന ആളിൽ സ്പൈക് പ്രോട്ടീൻ ഉൽപ്പാദിപ്പിക്കപ്പെടുകയും തുടർന്ന് അതിനെതിരായ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കപ്പെടുകയും രോഗ പ്രതിരോധം ആർജിക്കപ്പെടുകയും ചെയ്യും.
കോവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ മാത്രമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക എന്നതിനാൽ വാക്സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് രോഗബാധ ഒരു രീതിയിലും ഉണ്ടാവില്ല. വെക്ടർ ആയി ഉപയോഗിക്കുന്ന ചിമ്പാൻസി അഡിനോ വൈറസിന് നമ്മുടെ ശരീരത്തിൽ പെരുകി വർധിക്കാൻ സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതിനാൽ ഇതുമൂലമുള്ള അസുഖങ്ങളും ഉണ്ടാവില്ല.
▪️ ആർക്കൊക്കെ കോവിഷീൽഡ് നൽകാം ?
പതിനെട്ട് വയസ്സിന് മേലെയുള്ളവരിലെ ഉപയോഗത്തിനുള്ള അനുമതിയാണ് ഇപ്പോൾ ഈ വാക്സിന് ലഭ്യമായിട്ടുള്ളത്.
പതിനെട്ടു വയസ്സിന് താഴെയുള്ളവരിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വാക്സിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും സംബന്ധിച്ച പഠനഫലങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.
▪️ വാക്സിനേഷന് മുന്നോടിയായി നാം ആരോഗ്യ പ്രവർത്തകരോട് താഴെപ്പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.
➡️ നിലവിലെ നമ്മൾ ഏതെങ്കിലും അസുഖ ബാധിതരാണെങ്കിൽ അതിന്റെ വിശദാംശങ്ങൾ
➡️ മരുന്ന്, ഭക്ഷണപദാർത്ഥങ്ങൾ, കോവിഷീൽഡ് ഉൾപ്പടെയുള്ള വാക്സിനുകൾ എന്നിവയോടുള്ള ഗുരുതരമായ അലർജി.
➡️ നിലവിൽ പനിയുണ്ടോ എന്നത്.
➡️ ഏതെങ്കിലും ബ്ലീഡിംഗ് ഡിസോർഡർ നമുക്കുണ്ടോ എന്നതും രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നതും
➡️ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള അസുഖങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ അതിന് വഴിതെളിക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലോ ആ വിവരങ്ങൾ (immunocompromised)
➡️ ഗർഭിണിയോ മുലയൂട്ടുന്ന ആളോ ആണോ എന്നത്
➡️ നേരത്തേ ഏതെങ്കിലും തരത്തിലുള്ള കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നത്.
▪️ വാക്സിനേഷൻ ഷെഡ്യൂൾ
0.5 മില്ലി വീതം രണ്ട് ഡോസ് വാക്സിൻ ആണ് എടുക്കേണ്ടത്. ഇടത്തേ ഉരത്തിന്റെ പേശിയിലാണ് കുത്തിവെപ്പ് എടുക്കേണ്ടത്. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 4 മുതൽ 12 ആഴ്ച വരെ ആകാമെങ്കിലും ഇന്ത്യൻ ഗവണ്മെന്റും വാക്സിൻ നിർമ്മാതാക്കളും നാല് ആഴ്ചത്തെ ഇടവേളയാണ് നിഷ്കർഷിച്ചിട്ടുള്ളത്.
▪️കോവിഷീൽഡ് വാക്സിൻ എടുക്കരുതാത്തത് ആർക്കാണ്?
കോവിഡ് വാക്സിനോടോ വാക്സിനിലെ ഏതെങ്കിലും ഘടകത്തോടോ ഗുരുതരമായ അലർജി റിയാക്ഷൻ ഉണ്ടായിട്ടുള്ളവരിൽ നിർബന്ധമായും വാക്സിൻ നൽകാൻ പാടുള്ളതല്ല.
▪️കോവിഷീൽഡ് വാക്സിനിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തൊക്കെയാണ്?
L Histidine
L Histidine hydrochloride monohydrate
Magnesium chloride hexahydrate
Polysorbate 80
Ethanol
Sucrose
Sodium chloride
EDTA
Water for injection
ഈ ഘടകങ്ങൾ ഒക്കെ കമ്പനി ഫാക്ട് ഷീറ്റിൽ നിന്നും എടുത്തെഴുതിയിരിക്കുന്നത് ഇതിൽ ഓരോ ഭീകര ഘടകങ്ങളുണ്ട് എന്ന പതിവ് അപവാദ പ്രചരണങ്ങൾ മുൻകൂട്ടി കാണുന്നത് കൊണ്ടാണ്.
▪️ ഈ വാക്സിൻ എത്ര മാത്രം കാര്യക്ഷമമാണ്?
ഏകദേശം 70 ശതമാനമാണ് ഈ വാക്സിന്റെ കാര്യക്ഷമത. എന്നാൽ കോവിഡ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്നതിന് എതിരെ 100% കാര്യക്ഷമത ലഭിക്കും എന്നാണ് ഇതുവരെയുള്ള അറിവ്.
പൂർണമായ രോഗ പ്രതിരോധ ശേഷി ലഭിക്കണമെങ്കിൽ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് നാല് ആഴ്ചകൾ കഴിയേണ്ടതുണ്ട്.
▪️ എന്തൊക്കെയാണ് ഈ വാക്സിന്റെ സൈഡ് ഇഫക്ടുകൾ ?
താരതമ്യേന സുരക്ഷിതമായ, ഗുരുതര പാർശ്വഫലങ്ങൾ ഇല്ലാത്ത വാക്സിനാണ് ഇത്.
➡️ വളരെ സാധാരണമായ പാർശ്വഫലങ്ങൾ (പത്ത് ശതമാനത്തിൽ കൂടുതൽ ആൾക്കാരിൽ വരാവുന്നത്)
വാക്സിൻ എടുത്ത സ്ഥലത്ത് വേദന, ചൂട്, തടിപ്പ്, ചുവപ്പ്, ചൊറിച്ചിൽ എന്നിവ.
ക്ഷീണം
കുളിര്
തലവേദന
ഓക്കാനം
സന്ധി / പേശി വേദന
➡️ സാധാരണ പാർശ്വഫലങ്ങൾ (പത്ത് ശതമാനത്തിൽ താഴെ)
പനി
ഇഞ്ചക്ഷൻ എടുത്ത സ്ഥലത്ത് മുഴയ്ക്കൽ
ഛർദ്ദി
ഫ്ലൂ ലക്ഷണങ്ങൾ – പനി, തൊണ്ടവേദന, കുളിര്, ജലദോഷം, ചുമ
➡️ അത്ര സാധാരണമല്ലാത്ത പാർശ്വഫലങ്ങൾ (ഏകദേശം ഒരു ശതമാനം)
തലകറക്കം
വിശപ്പില്ലായ്മ
വയറുവേദന
അമിതമായ വിയർപ്പ്, പരുക്കൾ പൊന്തൽ
ലിംഫ് നോഡ് (കഴല) വീക്കം
പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.
➡️ അനാഫൈലക്സിസ് (അപകടകരമായ അലർജി) സാധ്യത ഉണ്ടോ ?
അനാഫൈലക്സിസ് സാധ്യത അത്യപൂർവമാണ് എന്ന് തന്നെ പറയാം. ലോകത്ത് പല രാജ്യങ്ങളിലായി ഇതുവരെ വിവിധ കൊവിഡ് വാക്സിനുകൾ ലക്ഷക്കണക്കിന് പേരിൽ കുത്തി വെച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന ഗുരുതരമായ അലർജി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് ഒരു രീതിയിലുമുള്ള ആശങ്ക വേണ്ട. വാക്സിൻ സ്വീകരിച്ചശേഷം ഏകദേശം അരമണിക്കൂർ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും. ഇതിനായി വാക്സിൻ കുത്തിവെപ്പ് എടുത്ത ശേഷം കുറച്ച് സമയം കുത്തിവെപ്പ് കേന്ദ്രത്തിൽ തന്നെ വിശ്രമിക്കണം. കുത്തിവെപ്പ് കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കണം. അനാഫൈലാക്സിസ് കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആരോഗ്യ പ്രവർത്തകരും അതിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും സജ്ജമാണ്.
▪️ മറ്റു വാക്സിനുകളുടെ കൂടെ കോവിഷീൽഡ് എടുക്കാമോ?
വിശദമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്. നിലവിലെ നിർദ്ദേശമനുസരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മറ്റ് വാക്സിൻ ഏതെങ്കിലും എടുത്തിട്ടുള്ളവർ കൊവിഡ് വാക്സിൻ സ്വീകരിക്കരുത്.
▪️ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കോവി ഷീൽഡ് വാക്സിൻ എടുക്കാമോ?
ഡോക്ടറുമായി ചർച്ച ചെയ്ത്, അദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി അമ്മയ്ക്കും കുഞ്ഞിനുമുള്ള റിസ്കുകൾ അവധാനതയോടെ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കേണ്ടതാണ്.
▪️ നിലവിൽ ഫെയ്സ് 3 ട്രയൽ പൂർത്തിയാകാത്ത ഭാരത് ബയോടെക്കിന്റെ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതം ആണോ എന്നൊരു സംശയം പലരും ചോദിക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ വിതരണം ചെയ്യുന്നത് കോവാക്സിൻ അല്ല എന്നാണ് അറിവ്. ഫേസ് ത്രീ ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്ത ഒരു വാക്സിൻ ബൃഹത്തായ ഒരു വാക്സിനേഷൻ പദ്ധതിയിൽ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. വാക്സിന്റെ കാര്യക്ഷമത സംബന്ധമായ പഠനങ്ങൾ പ്രധാനമായും നടക്കുന്ന ഘട്ടമാണ് ഫേസ് ത്രീ ക്ലിനിക്കൽ ട്രയൽ. ഈ മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കി, ആ വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത്, കാര്യക്ഷമത തെളിയിക്കപ്പെട്ട ശേഷം കോവാക്സിൻ കൂടി വൈകാതെ ലഭ്യമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
▪️ അശാസ്ത്രീയതയുടെ പ്രചാരകരുടെ വിഷലിപ്തമായ അപവാദ പ്രചാരണത്തെ മറി കടന്ന് എം. ആർ. ക്യാമ്പെയിൻ വിജയപ്രാപ്തി നേടിയത് നമ്മളുടെ സ്മൃതി മണ്ഡലത്തിൽ നിന്നും മാഞ്ഞു പോകാനുള്ള സമയമായിട്ടില്ല. വാക്സിൻ സ്വീകരിച്ചാൽ ജനസംഖ്യാ വർദ്ധനവ് തടയുമെന്നും അതിനുവേണ്ടി ബിൽഗേറ്റ്സ് ശ്രമിക്കുന്നു എന്നുമൊക്കെയുള്ള മണ്ടത്തരങ്ങൾ ഇപ്പോൾതന്നെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അസുഖങ്ങളുടെ ചരിത്രം നോക്കിയാൽ ഏറ്റവുമധികം അബദ്ധ/അശാസ്ത്രീയ പ്രചരണങ്ങൾ നടന്നത് ഈ കോവിഡ് കാലത്തായിരുന്നു. സാധാരണ ഏതെങ്കിലും പോക്കറ്റുകളിൽ ചിലർ മാത്രം പ്രചരിപ്പിച്ചു കൊണ്ടിരുന്ന അശാസ്ത്രീയ പ്രചരണങ്ങൾ ഇത്തവണ ഏറ്റെടുത്ത് പ്രചരിപ്പിച്ചവരിൽ ജനപ്രതിനിധികളും, ചില മാധ്യമങ്ങളും വരെ ഉണ്ടായിരുന്നു എന്നത് മറക്കരുത്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ ഒരു വാക്സിൻ വിരുദ്ധ ക്യാമ്പയിൻ തന്നെ പ്രതീക്ഷിക്കണം.
അത്യന്തം സുരക്ഷിതമായും കാര്യക്ഷമമായും കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞു.
ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനാളുകൾ സുരക്ഷിതരായി കോവിഡ് വാക്സിനുകൾ സ്വീകരിച്ച വാർത്തകൾ നാം നിത്യേന കേട്ടുകൊണ്ടിരിക്കുന്നു.
ഇനി നമ്മുടെ ഊഴമാണ്.
ഏത് മഹാവ്യാധിയേയും ശാസ്ത്രത്തിന്റെ വഴിയിലൂടെ കീഴടക്കാം എന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഒരു മഹാസംരംഭത്തിൽ പങ്കുചേരാനുള്ള അവസരമാണിത്. സയൻസും സാമൂഹ്യസുരക്ഷയും ആണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള വഴി എന്ന് നമ്മൾ തിരിച്ചറിയേണ്ട അവസരമാണിത്. ഓരോ വ്യക്തിക്കും ലഭിക്കുന്ന പ്രതിരോധം എന്നതിലുപരി കോവിഡിനെതിരെ സാമൂഹ്യമായ പ്രതിരോധം കെട്ടിപ്പടുക്കുന്ന അവസ്ഥയിലേക്ക് നമുക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിൽ നമുക്ക് ഓരോരുത്തർക്കും പങ്കാളിയാകാം… നിയന്ത്രണങ്ങളുടെ, പൊറുതികളുടെ, ഇല്ലായ്മകളുടെ, നഷ്ടങ്ങളുടെ ഒരു വർഷത്തിൽ നിന്നും പ്രതീക്ഷയുടെ പുലരിയിലേക്ക് സയൻസിന്റെ കൈപിടിച്ച് നമുക്ക് സഞ്ചരിക്കാം.
This article is shared under CC-BY-SA 4.0 license. 
ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ