· 4 മിനിറ്റ് വായന
കോവിഡ് വാക്‌സിനേഷൻ – കുട്ടികളിൽ എപ്പോൾ?
പല രാജ്യങ്ങളിലും മൂന്നും നാലും തരംഗങ്ങൾ ആയി കഴിഞ്ഞു. മുതിർന്നവരിലെ വാക്സിനേഷൻ പ്രക്രിയ അത്യധികം പ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടുപോവുകയാണ് ലോകരാജ്യങ്ങൾ. കോവിഡിനെതിരെ നിലവിൽ ലഭ്യമായ ഏറ്റവും മികച്ച പ്രതിരോധമാർഗം വാക്സിനേഷൻ തന്നെയാണ് എന്നതിനാൽ പരമാവധി പൗരന്മാർക്ക് വാക്സിനേഷൻ നൽകാനാണ് ലോകരാജ്യങ്ങളെല്ലാം ലക്ഷ്യമിടുന്നത്. ഇവിടെയാണ് 18 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷൻ എന്ന വിഷയം ചർച്ചയാവുന്നത്. ചില രാജ്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകിത്തുടങ്ങി.
18 വയസിനു മുകളിലുള്ള ബഹുഭൂരിപക്ഷം പേർക്കും വാക്സിനേഷൻ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ ഇനി രോഗം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് 18 വയസ്സിൽ താഴെയുള്ളവരിലായിരിക്കാം. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിൽ 18 വയസ്സിൽ താഴെയുള്ളവർക്ക് അടിയന്തരമായി വാക്സിനേഷൻ നൽകണോ?
പല കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ആദ്യമായി നമുക്ക് വേണ്ടത് ഡാറ്റ ആണ്. രാജ്യത്ത് ആകെ വന്ന കോവിഡ് കേസുകളിൽ എത്ര ശതമാനം 18 വയസ്സിനു താഴെ ഉള്ളവരിലായിരുന്നു, അവരിലെ മരണ നിരക്ക് എത്ര, എത്ര ശതമാനം പേർ സങ്കീർണ സാഹചര്യങ്ങളിലൂടെ കടന്നു പോയി, അവർക്ക് മുൻപേതന്നെ ഗുരുതരമായ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോ ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി അപഗ്രഥിക്കണം. അതോടൊപ്പം 18 വയസ്സിൽ താഴെയുള്ളവരിൽ ഓരോ വാക്സിനും നടത്തിയ ഫേസ് ത്രീ ട്രയൽ വിവരങ്ങൾ വിലയിരുത്തണം. ഖേദകരമെന്ന് പറയട്ടെ, ഈ വിവരങ്ങൾ പലതും നമ്മുടെ രാജ്യത്ത് സുതാര്യമായി ലഭിക്കുന്നില്ല. 18 വയസ്സിൽ താഴെയുള്ളവർക്ക് കൊടുക്കാം എന്ന് അവകാശപ്പെടുന്ന സൈക്കോവ് ഡി വാക്സിൻ പോലും ട്രയൽ വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല.
നമ്മുടെ രാജ്യത്ത് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളിൽ എന്ത് സംഭവിച്ചു എന്ന് നമുക്കൊന്ന് വിലയിരുത്തി നോക്കാം.
ഓഗസ്റ്റ് 19 ആം തീയതി വരെ ലഭ്യമായ അമേരിക്കയിൽ നിന്നുള്ള വിവരങ്ങൾ നമുക്കൊന്നു പരിശോധിക്കാം. അവിടെ ഇതുവരെ 18 വയസ്സിൽ താഴെയുള്ള 45 ലക്ഷത്തിലധികം (45,93,721) പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതായത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 14.6%. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 20 ശതമാനത്തിലധികം 18 വയസ്സിൽ താഴെയുള്ളവരിലായിരുന്നു. മുതിർന്നവരിൽ വാക്സിനേഷൻ തോത് വർധിച്ചുവരുന്നത് ആയിരിക്കാം ഇതിന് പ്രധാനകാരണം. ഇതു വരെയുള്ള കാര്യങ്ങൾ അപഗ്രഥിച്ചാൽ അമേരിക്കയിൽ ആകെ 14.6% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 18 വയസ്സിൽ താഴെയുള്ളവരിൽ ആയിരിക്കെ, വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ആകെയുള്ള ആശുപത്രി അഡ്മിഷനുകളുടെ 1.6% – 3.6% മാത്രമാണ് ഈ വിഭാഗത്തിൽ വരുന്നത്. അതായത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അത്ര ഗുരുതരമാകുന്ന സാഹചര്യം മുതിർന്നവരുമായി താരതമ്യം ചെയ്താൽ വളരെ കുറവാണ് എന്ന്. 18 വയസ്സിൽ താഴെയുള്ളവരിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 46 ലക്ഷത്തോളം കേസുകളിൽ വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ 0.2% – 1.9% കുട്ടികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ഈ വിഭാഗത്തിൽ മരണനിരക്കും താരതമ്യേന വളരെ കുറവാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ 0.00% – 0.22% മാത്രമാണ് 18 വയസ്സിൽ താഴെയുള്ളവരുടേത്. 18 വയസ്സിൽ താഴെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളിൽ വിവിധ സംസ്ഥാനങ്ങളിൽ 0.00% – 0.03% കേസുകളിൽ മാത്രമാണ് മരണം സംഭവിച്ചിട്ടുള്ളത്. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ള കുട്ടികളിൽ ആയിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. (കണക്കുകൾ ലഭിച്ചത് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വെബ്സൈറ്റിൽ നിന്നും)
അമേരിക്കയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപഗ്രഥിച്ചാൽ 18 വയസ്സിന് മുകളിലുള്ളവർക്ക് പൂർണമായി വാക്സിനേഷൻ നൽകുന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് മനസ്സിലാക്കാം. അതോടൊപ്പം വിവിധ വാക്സിനുകളുടെ, വിവിധ പ്രായപരിധിയിലുള്ളവരെ പങ്കെടുപ്പിച്ച ഫേസ് ത്രീ ട്രയൽ വിവരങ്ങൾ പുറത്തുവരുന്നത് അനുസരിച്ച് തീരുമാനമെടുക്കണമെന്നും മനസ്സിലാക്കാം.
കോവിഡിനെ ഏറ്റവും ശക്തമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. അവിടെ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 47,000-ൽ താഴെ മാത്രം. നിലവിൽ വിക്റ്റോറിയ സംസ്ഥാനത്ത് 538 ആക്ടീവ് കേസുകളാണ് ഉള്ളത്. അതിൽ 225 പേർ 18 വയസ്സുവരെ പ്രായമുള്ളവരാണ്. പല രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ചിത്രങ്ങൾ ഒന്ന് അവലോകനം ചെയ്തു എന്ന് മാത്രമേയുള്ളൂ. മിക്കയിടങ്ങളിലും തന്നെ കുട്ടികളിൽ കേസുകൾ വർധിച്ചുവരികയാണ്. എന്നാൽ ആ വിഭാഗത്തിൽ ഗുരുതരാവസ്ഥയും മരണങ്ങളും താരതമ്യേന കുറവാണ് താനും.
യുകെയിൽ 18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ 12 – 18 പ്രായപരിധിയിലുള്ള, മറ്റ് അസുഖങ്ങൾ ഉള്ളവരിൽ കോവിഡ് വന്നാൽ സങ്കീർണ സാഹചര്യങ്ങൾ കൂടുതൽ വരാമെന്നുള്ളവർക്ക് വാക്സിൻ ആവാമെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഫൈസർ വാക്സിന് മാത്രമാണ് നൽകാൻ അനുമതി ഉള്ളതും.
എന്നാൽ കാനഡയിൽ 18 വയസ്സിനു താഴെയുള്ളവരിലും വാക്സിനേഷൻ ആരംഭിച്ചുകഴിഞ്ഞു. ഫൈസർ തന്നെയാണ് അവിടെയും നൽകുന്നത്.
കേരളത്തെ സംബന്ധിച്ച് വിലയിരുത്തുകയാണെങ്കിൽ 70 ലക്ഷത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഒരു ഡോസ് മാത്രം സ്വീകരിച്ചവരുടെ എണ്ണം 1.2 കോടി കഴിഞ്ഞു. കേരളത്തിൽ ആകെ 38.5 ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. രോഗം വന്ന് മാറിയവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും പ്രതിരോധശേഷി ലഭിച്ചിട്ടുണ്ട് എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഏറ്റവും കുറഞ്ഞത് ഏതാനും മാസങ്ങളിലേക്കെങ്കിലും, കുറഞ്ഞത് ഗുരുതരമായ കോവിഡ് സങ്കീർണതകൾക്കെതിരെ. ഈ പറഞ്ഞ കണക്കിൽ ചിലപ്പോൾ ഓവർലാപ്പ് സംഭവിച്ചു എന്നിരിക്കാം. അതായത് അസുഖം മാറിയവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാനുള്ള സാധ്യതയും അതുപോലെ എണ്ണത്തിൽ കുറവാണെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പിന്നീട് രോഗം സ്ഥിരീകരിച്ച സാഹചര്യവും (breakthrough infections) ഉണ്ടായി എന്നിരിക്കാം. എങ്കിലും കേരള സമൂഹത്തിലെ 30 ശതമാനം പേർക്കെങ്കിലും പ്രതിരോധം ലഭിച്ചു എന്ന് വിലയിരുത്താം എന്ന് തോന്നുന്നു.
അമേരിക്കയിൽ സംഭവിച്ചതു പോലുള്ള കാര്യങ്ങൾ അതേപോലെ ഇന്ത്യയിലോ കേരളത്തിലോ സംഭവിക്കണമെന്നില്ല. നമ്മുടെ നാട്ടിൽ നിന്നുള്ള ഡാറ്റ ലഭിക്കുകയാണെങ്കിൽ നമുക്ക് ഒരു അവലോകനം സാധിക്കുമായിരുന്നു. 2020 കാലത്ത് ഒരു വീട്ടിലൊരാൾക്ക് കോവിഡ് ബാധിച്ച കേസുകളായിരുന്നു നമ്മൾ കൂടുതൽ കേട്ടിരുന്നത് എങ്കിൽ, ഇപ്പോൾ ഡെൽറ്റയുടെ വരവോടെ രോഗം വരുന്ന വീടുകളിൽ കുട്ടികളെ അടക്കം എല്ലാവരെയും ബാധിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടുതന്നെ മുതിർന്നവരിൽ വാക്സിനേഷൻ പുരോഗമിക്കുന്ന തോതനുസരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 18 വയസ്സിൽ താഴെയുള്ളവരുടെ ശതമാനം കൂടി വരാനുള്ള സാധ്യതയാണ് കാണുന്നത്.
കേരളത്തിലെ ജനസംഖ്യയിൽ ഏതാണ്ട് 25 ശതമാനം പേർ 18 വയസ്സിൽ താഴെ വരുന്നു എന്ന് കണക്കാക്കുന്നു. ഏതാണ്ട് അമേരിക്കക്കും ഓസ്‌ട്രേലിയക്കും തുല്യം.
കോവിഡ് പ്രാരംഭ കാലഘട്ടം മുതൽ നമ്മൾ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായി അടച്ച്, കുട്ടികളിൽ രോഗം വരാനുള്ള സാധ്യത പരമാവധി കുറയ്ക്കുകയും, അതുവഴി കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പകരാനുള്ള സാധ്യത പരമാവധി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതുമൂലം കുട്ടികളുടെ സാമൂഹ്യമായ ഇടപെടലുകളെ പൂർണമായി തന്നെ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലം അടച്ചിട്ട്, ഓൺലൈൻ വിദ്യാഭ്യാസം എന്നത് പ്രായോഗികമല്ല. കോവിഡ് രണ്ടാം തരംഗം ഒന്ന് അവസാനിച്ചശേഷം ഇക്കാര്യത്തിൽ കൂടുതൽ വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട്.
ഇതുവരെ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ചാൽ രോഗതീവ്രത, മരണ സാധ്യത, കോസ്റ്റ് എഫക്ടീവ്നെസ് എന്നിവ ഒക്കെ പരിഗണിച്ചാൽ കുട്ടികളിൽ ഉടനടി വാക്സിൻ നൽകുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽക്കുന്നതിനാണ് എന്നതിൽ തർക്കമില്ല. ഗുരുതരാവസ്ഥ താരതമ്യേന കുറവാണെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് വരുന്ന സാഹചര്യമുള്ളതിനാൽ (breakthrough infections) ഹെർഡ് ഇമ്യൂണിറ്റി എത്രമാത്രം ഫലപ്രദമാകും എന്ന കാര്യത്തിൽ ഇപ്പോൾ സംശയമുണ്ട്. രോഗം അനിയന്ത്രിതമായി പകരുന്ന സ്ഥലങ്ങളിലൊക്കെ പുതിയ വേരിയന്റിന് സാധ്യത നിലനിൽക്കുകയും ചെയ്യുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികളിലെ വാക്സിനേഷൻ സംബന്ധിച്ച ചർച്ചകൾക്ക് പ്രാധാന്യം ഉണ്ടാവുന്നത്. കണ്ണടച്ച് എതിർക്കുകയോ കണ്ണുംപൂട്ടി സ്വാഗതം ചെയ്യുകയോ അല്ല വേണ്ടത് എന്നാണ് അഭിപ്രായം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച തീരുമാനമെടുക്കുകയാണ് വേണ്ടത്. അവിടെ പരിഗണിക്കേണ്ടത് 18 വയസ്സിൽ താഴെയുള്ളവരിൽ നടത്തിയ വാക്സിൻ ട്രയൽ വിവരങ്ങളും നിലവിൽ നമ്മുടെ നാട്ടിൽ കോവിഡ് സ്ഥിരീകരിച്ച 18 വയസ്സിൽ താഴെയുള്ളവരുടെ രോഗ വിവരങ്ങളും തീവ്രതയുമാണ്. ഇത് കണക്കാക്കാതെയുള്ള ചർച്ചകളും തീരുമാനങ്ങളും അപക്വമായേ കരുതാനാവൂ. അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ 18 വയസിൽ താഴെയുള്ള എല്ലാവർക്കും വാക്സിനേഷൻ ആവശ്യമാണോ അല്ലയോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങളും ചർച്ചകളും ആവശ്യമാണ്. കുട്ടികളിലെ വാക്സിനേഷൻ പരിഗണിക്കുമ്പോൾ കോവിഡ് വന്നാൽ സങ്കീർണ്ണതകൾക്കും ഗുരുതരാവസ്ഥയ്ക്കും സാധ്യത കൂടുതലുള്ള മറ്റു കോമോർബിഡിറ്റീസ് ഉള്ളവർക്കാണ് മുൻഗണന നൽകേണ്ടത് എന്ന് മാത്രം നമുക്ക് നിലവിൽ മനസ്സിലാക്കാം. ഇതൊന്നും ഒരു സംസ്ഥാനത്തിന് മാത്രമായി തീരുമാനിക്കാവുന്ന കാര്യമല്ല. ഈ വിഷയത്തിൽ സമഗ്രമായ ഒരു ദേശീയനയം രൂപീകരിക്കേപ്പെടേണ്ടതുണ്ട്.