· 5 മിനിറ്റ് വായന

പ്രതീക്ഷയുണർത്തി കോവിഡ് വാക്‌സിനുകൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
വാക്സിൻ വരും എല്ലാം ശരിയാകും എന്ന മട്ടിലുള്ള വാചകങ്ങൾ കുറെയായി നമ്മൾ കേൾക്കുന്നു . മരിച്ചാലും ഇല്ലേലും നാളെ ഉച്ചക്ക് ശവമടക്കും എന്നാരോ പറഞ്ഞ പോലെ,പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കും മുൻപ് തന്നെ വിവിധ രാഷ്ട്രത്തലവന്മാർ അവരുടെ രാജ്യത്തെ വാക്‌സിൻ ഇറങ്ങാൻ പോകുന്നുവെന്ന് മഹാമാരിയുടെ തുടക്കനാളുകളിൽ മൽസരബുദ്ധിയോടെ പറഞ്ഞിരുന്നു. ഇപ്പ ശരിയാക്കി തരാന്ന് പറയുന്നതല്ലാതെ വല്ലതും നടക്കുമോന്ന് ആളുകൾ സ്വാഭാവികമായും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
അതെ, ലോകമിന്ന് ഏറ്റവും കാത്തിരിക്കുന്നത് കൊവിഡ്- 19നെതിരെ ഒരു വാക്സിനാണ്. വൈദ്യശാസ്ത്രം അതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
അതിനെ പറ്റി ചില കാര്യങ്ങളറിഞ്ഞാലത്ഭുതം തോന്നാം. ലോകത്തിന്ന് വരെ മറ്റൊരു രോഗത്തിനും ഇത്രയും വ്യാപകമായും, ഇത്രയും വേഗത്തിലും, ഇത്രയും വൈവിധ്യപൂർണവുമായ വാക്സിൻ ഗവേഷണം നടന്നിട്ടില്ല. ഇതുവരെയും 321 വാക്സിൻ കാൻഡിഡേറ്റുകളാണ് ലോകത്താകമാനമുള്ള ലാബുകളിൽ മനുഷ്യൻ്റെ ഭാവി നിർണയിക്കുന്ന ഈ പരീക്ഷണങ്ങളിൽ പെടുന്നതെന്നാണ് CEPI (Coalition of Epidemic Preparedness Innovations) പറയുന്നത്.
ഒരു വൈറസിനെതിരെ എങ്ങനെയാണ് ഇത്രയധികം വാക്സിൻ കാൻഡിഡേറ്റുകൾ ഉണ്ടാകുന്നതെന്ന് പലർക്കും സംശയം തോന്നാം. അതറിയണമെങ്കിൽ ഏതൊക്കെ തരം വാക്സിനുകൾ ഉണ്ടെന്നറിയണം. ഒരു വാക്സിനിൽ പ്രസ്തുത രോഗാണു ഏതവസ്ഥയിലാണ് അടങ്ങിയിരിക്കുന്നതെന്ന് അനുസരിച്ചാണത്.
വാക്സിനുകൾ പലതരമുണ്ട്. കിൽഡ് വാക്സിനുകൾ, ലൈവ് അറ്റനുവേറ്റഡ് വാക്സിനുകൾ, DNA or RNA വാക്സിനുകൾ, സബ് യൂണിറ്റ് വാക്സിനുകൾ, വെക്റ്റർ വാക്സിനുകൾ ഇങ്ങനെ നിരവധി. മേൽപറഞ്ഞ തരം വാക്സിനുകളാണ് കോവിഡ് 19-നു വേണ്ടി പല ലാബുകളിലെയും അണിയറയിൽ ഒരുങ്ങുന്നത്.
1.ലൈവ് അറ്റന്വേറ്റഡ് വാക്സിൻ
ഈ തരം വാക്സിനിൽ ജീവനുള്ള മുഴുവൻ വൈറസിനെയാണ് ഉപയോഗിക്കുന്നത്. പക്ഷെ രോഗമുണ്ടാക്കാനുള്ള അതിൻ്റെ കഴിവ് പലരീതിയിൽ ഇല്ലാതാക്കിയതിന് ശേഷമാണത്. ഒരു യഥാർത്ഥ വൈറൽ രോഗം വരുമ്പോൾ നമ്മുടെ പ്രതിരോധസംവിധാനം എങ്ങനെ പ്രവർത്തിക്കുമോ, അതേരീതിയിൽ, അത്രയും കാര്യക്ഷമതയോടെ ഇവിടെയും വൈറസിനെതിരെ ആൻറിബോഡികൾ നിർമ്മിക്കപ്പെടും. പക്ഷേ അപൂർവമായി ഈ വാക്സിൻ വൈറസുകൾ കാരണം തന്നെ രോഗം ഉണ്ടാകാനുള്ള സാധ്യതയും ഇത്തരം വാക്സിനുകളുടെ ഒരു പ്രധാനപ്രശ്നമാണ്, പ്രത്യേകിച്ചും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ സ്ഥിരമായെടുക്കുന്നവരിലും മറ്റും. നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന മീസിൽസ്, റൂബെല്ല, ഓറൽ പോളിയോ വാക്സിൻ തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നവയാണ്. കൊവിഡിനെതിരേ Codagenix, Indian immunologicals limited തുടങ്ങിയവർ ഈ തരത്തിലുള്ള വാക്സിൻ്റെ നിർമ്മാണജോലികളിലാണ്.
2. കിൽഡ് (ഇനാക്റ്റിവേറ്റഡ്) വാക്സിൻ
ഇവിടെയും വൈറസിനെ മുഴുവനായിട്ടാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. പക്ഷേ, അതിന് ജീവനില്ല. താപമോ ഏതെങ്കിലും രാസവസ്തുക്കളോ ഉപയോഗിച്ച് വൈറസിനെ കൊന്നതിനു ശേഷമാണിതിൽ ഉപയോഗിക്കുന്നത്. വൈറസിന് ജീവൻ ഇല്ലാത്തതുകൊണ്ട് തന്നെ, വാക്സിനിൽ നിന്നും രോഗബാധയുണ്ടാകുന്നതിനുള്ള സാധ്യത തീരെ ഇല്ല. പക്ഷേ ജീവനുള്ള വൈറസിനോട് ശരീരം പ്രതികരിക്കുന്ന അത്രയും കാര്യക്ഷമതയോടെ ഇവിടെ ആൻറിബോഡി നിർമാണം നടക്കില്ല. നമ്മൾ ഇഞ്ചക്ഷൻ ആയിട്ട് കൊടുക്കുന്ന പോളിയോ വാക്സിൻ ഈ ഗണത്തിലെ ഒരു വാക്സിനുദാഹരണമാണ്. Sinovac, SinoPharm തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് ഇപ്പോൾ ഇനാക്ടിവേറ്റഡ് കൊവിഡ് വാക്സിൻറെ നിർമ്മാണത്തിന് പുറകിലുള്ളത്.
3. DNA or RNA വാക്സിൻ
ഒരു വൈറസ് എന്നു പറയുന്നത്, കുറച്ചു ജനിതക പദാർത്ഥവും, അതായത് DNA or RNA യും, അതിനെ പൊതിഞ്ഞുകൊണ്ട് ഒരു കവചവും മാത്രമാണ്. ഈ ജനിതക പദാർത്ഥം ഓരോ വൈറസിനും വളരെ സ്പെസിഫിക് ആയിരിക്കും. അത് വേർതിരിച്ചെടുത്താൽ വാക്സിൻ നിർമ്മിക്കാൻ വളരെ എളുപ്പവുമാണ്. പക്ഷേ രോഗമുണ്ടാക്കുമോ എന്ന ഭയം കാരണം ഇത്രയും നാളും ഇത്തരത്തിൽ ഒരു വാക്സിൻ ഒരു രോഗത്തിനെതിരെയും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിൻ്റെ മറ്റ് പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള മുൻ പഠനങ്ങളൊന്നും തന്നെ നമ്മുടെ കയ്യിലില്ല. അമേരിക്കയിലെ മോഡേണ, Pfizer-BioNTech തുടങ്ങിയ മരുന്ന് നിർമ്മാതാക്കൾ കൊവിഡിനെതിരെ ഒരു RNA വാക്സിനും Inovio എന്നുപറയുന്ന വാക്സിൻ നിർമാതാക്കൾ ഒരു DNA വാക്സിനും നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ.
4. സബ് യൂണിറ്റ് അഥവാ ഉപഘടകവാക്സിൻ
ഒരു രോഗാണുവിൻ്റെ കോശത്തിൽ നിന്ന് ഏതെങ്കിലും ഒരു പ്രത്യേക സ്വഭാവമുള്ള ഒരു ഭാഗം മാത്രം വേർതിരിച്ചെടുത്ത്, അതിനെ വാക്സിനായി ഉപയോഗിക്കുന്നതാണ് ഈ രീതിയിൽ ചെയ്യുന്നത്. അത് ചിലപ്പോൾ വൈറസിനെ മനുഷ്യശരീര കോശത്തിലേക്ക് കടക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാവാം, അല്ലെങ്കിൽ ആ വൈറസിന് മാത്രമുള്ള ഒരു പ്രത്യേക എൻസൈം ആവാം, അങ്ങനെ എന്തുമാവാം. ആവശ്യത്തിനുള്ള ആൻറിബോഡി നിർമ്മാണത്തിനുള്ള കാര്യക്ഷമത ഇത്തരം വാക്സിനുകൾക്ക് പൊതുവേ കുറവാണ്. അതുകൊണ്ട് തന്നെ അത് കൂട്ടുന്നതിനുള്ള ചില രാസവസ്തുക്കൾ കൂടി വാക്സിനിൽ ചേർക്കേണ്ടി വരാറുണ്ട്. നമ്മൾ ഇന്നുപയോഗിക്കുന്ന വില്ലൻചുമ, ഹെപ്പറ്റൈറ്റിസ് C, ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ തുടങ്ങിയവയൊക്കെ സബ് യൂണിറ്റ് വാക്സിനുകളാണ്. Novavax, AdaptVac തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് കോവിഡിനെതിരെ ഒരു സബ്യൂണിറ്റ് വാക്സിൻ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രമുഖർ.
5. വൈറൽ വെക്റ്റർ വാക്സിൻ
നിരുപദ്രവകാരിയായ ഒരു വൈറസിൻ്റെ ജനിതക പദാർത്ഥത്തിലേക്ക് വാക്സിൻ ഉണ്ടാക്കേണ്ട വൈറസിൻ്റെ ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്തു, ആ വൈറസിനെ വാക്സിനിൽ ഉപയോഗിക്കുന്നതാണ് ഇവിടെ ചെയ്യുന്ന രീതി. ജീവനുള്ള വൈറസിനെ തന്നെ വാക്സിനിൽ ഉപയോഗിക്കുന്നതിനാൽ ആൻറിബോഡി നിർമ്മാണത്തിൻ്റെ കാര്യക്ഷമതയിൽ കിൽഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകൾ. പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് എബോളക്കെതിരെ ഇത്തരമൊരു വാക്സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. കോവിഡിനെതിരെ ഒരു വൈറൽ വെക്ടർ വാക്സിൻ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജന്നർ ഇൻസ്റ്റ്യൂട്ടും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുമാണ്. റഷ്യ വിജയകരമായി വികസിപ്പിച്ചു എന്നവകാശപ്പെടുന്ന സ്പുട്നിക് വാക്സിൻ ഈ ജനുസിൽ പെടുന്നതാണ്.
പലതരം വാക്സിനുകൾ പണിപ്പുരയിലുണ്ടെങ്കിലും ഏറ്റവും ആവേശവും കൗതുകവുമുണർത്തുന്നത് ഇപ്പോൾ വാർത്തകളിൽ നിറയുന്നതും mRNA വാക്സിനുകളാണ്. കഴിഞ്ഞ ദിവസം Pfizer-BioNTech സംയുക്ത കൊവിഡ് വാക്സിൻ അന്താരാഷ്ട്ര ശ്രദ്ധനേടിയപ്പോൾ പ്രത്യേകിച്ചും.
mRNA വാക്സിനെ പറ്റി അൽപ്പം സംഗതികൾ ലളിതമായി പറയാം.
രോഗാണു ശരീരത്തെ ബാധിച്ചാൽ സാധാരണ ഗതിയിൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ അവയെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും. സാധാരണ വാക്സിനുകൾ മിക്കവാറും പ്രവർത്തിക്കുന്നത് , നിർജ്ജീവമായ വൈറസുകളോ, അവയുടെ പ്രോട്ടീനുകളോ നമ്മുടെ ശരീരത്തിൽ കുത്തിവെച്ച്, ഒരു പ്രതിരോധ പ്രവർത്തനത്തിന് ഉത്തേജനം നൽകി, ആ പ്രതികരണം പ്രയോജനപ്പെടുത്തുക വഴിയാണ്. mRNA വാക്സിനുകൾ വൈറസിനെ നേരിടുന്നത് നമ്മുടെ ശരീരത്തെക്കൊണ്ട് തന്നെ വൈറസ് പ്രോട്ടീനുകൾ നിർമ്മിക്കാൻ നിർദ്ദേശം നൽകി കൊണ്ടാണ്‌.
അൽപ്പം അതിലളിതവത്കരിച്ചാൽ ഏതൊക്കെ പ്രോട്ടീനുകൾ ശരീരം നിർമ്മിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുന്ന നിർണ്ണായക സോഫ്റ്റ് വെയർ ആണ് mRNA. ഏത് പ്രോട്ടീനാണോ നിർമിക്കപ്പെടേണ്ടത് എന്നതിൻ്റെ നിർദ്ദേശങ്ങളങ്ങിയ ഒരു മെമ്മറിസ്റ്റിക് കണക്ക് mRNA വാക്സിനിലൂടെ കോശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. mRNA ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണ യൂണിറ്റായ റൈബോസോമുകളിലേക്കെത്തുന്നു.
അവിടെ വൈറസിൻ്റെ പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു, ഉദാഹരണത്തിന് വൈറസിൻ്റെ പുറത്തുള്ള, തനിയെ നിന്നാൽ ഹാനികരമല്ലാത്ത സ്പൈക് പ്രോട്ടീൻ. ശരീരത്തിൻ്റെ സഹജമായ പ്രതിരോധശേഷി ഇതിനെ തിരിച്ചറിയുന്നു. അതിനെ നേരിടാൻ ഉണർന്നു പ്രവർത്തനം ആരംഭിക്കുന്നു. അതിനെതിരെ ആൻ്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നതടക്കമുള്ള പരിപാടികൾ ഊർജിതമാകുന്നു .
ഇതിൽ പറഞ്ഞത്ര ലളിതമല്ല പ്രായോഗികതലത്തിൽ കാര്യങ്ങൾ എന്ന് എടുത്ത്
പറയേണ്ടതില്ലല്ലോ. കൃത്യമായ രീതിയിൽ ഉദ്ദേശിക്കുന്ന കോശങ്ങളിലേക്ക് mRNA എത്തിക്കുക (delivery) ഉറപ്പാക്കുക, പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതിപ്രവർത്തനങ്ങളുണ്ടാകുന്നത് ഒഴിവാക്കുക, വിതരണ ശൃംഖലയിൽ പെടുത്താവുന്ന രീതിയിൽ ഗുണസ്ഥിരത (Stable) ആയ രൂപത്തിൽ നിർമ്മിക്കുക തുടങ്ങിയവയടക്കം പല വെല്ലുവിളികൾ ഇതിലുണ്ട്.
എന്തേ ഇനിയും വന്നീലാ…
വാക്സിൻ വികസിപ്പിച്ചെടുത്ത് അംഗീകരിക്കപ്പെട്ട് ഉപയോഗത്തിന് ലഭ്യമാക്കുന്നതിന് പല ഘട്ടങ്ങളുണ്ട്. ഒരു ചെറിയ സംഘത്തിൽ പ്രാഥമികമായി സുരക്ഷ വിലയിരുത്തുന്ന ആദ്യഘട്ടം, വാക്സിൻ്റെ പ്രതിരോധശേഷി വിലയിരുത്തുവാനും വാക്സിൻ Preparation, ഡോസ്, ഏത് പ്രായത്തിൽ ആദ്യ ഡോസ് സ്വീകരിക്കണം തുടങ്ങിയ നിരവധി പ്രധാന ചോദ്യങ്ങൾക്കുത്തരം തേടുന്ന നിയതമായ സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങളടങ്ങിയ രണ്ടാംഘട്ടം, ആയിരകണക്കിന് ആളുകളെ ഉൾപ്പെടുത്തി വാക്സിൻ്റെ സംരക്ഷണശേഷി ഉറപ്പു വരുത്തുന്ന മൂന്നാംഘട്ടം എന്നിങ്ങനെ പലഘട്ടങ്ങൾ വിജയകരമായി തരണം ചെയ്ത് സുരക്ഷയെ കുറിച്ചും ഫലശ്രുതിയെ കുറിച്ചും ആശങ്കകളകറ്റിയാണ് വാക്സിൻ വിപണിയിലെത്തേണ്ടത്.
മഹാമാരിയുണ്ടാക്കിയ സമ്മർദത്താലും രാഷ്ട്രീയ കാരണങ്ങളാലും ഇതിൽ വെള്ളം ചേർക്കുന്നതും അയഞ്ഞ സമീപനം സ്വീകരിക്കുന്നതും എത്ര കണ്ട് ആശാസ്യകരമാണെന്നത് ആശങ്കകൾ പതിയെ മാറി വരുന്നു .
വാക്സിൻ ലഭ്യമായാൽ ആർക്കാണ് ആദ്യം ലഭ്യമാക്കേണ്ടത് എന്ന ചർച്ചകളും ഉയർന്ന് തുടങ്ങിട്ടുണ്ട്. ഇതിനായി മുൻഗണനാ പ്രോട്ടോക്കോളുകൾ ഒക്കെ രൂപപ്പെട്ടു വരുന്നു.
അതിനെ കുറിച്ചുള്ള ചർച്ചകളും തർക്കങ്ങളും ധാർമിക പ്രതിസന്ധികളും പിന്നീടൊരിക്കൽ ചർച്ച ചെയ്യാം.
കഴിഞ്ഞ ദിവസം പുറത്തുവന്ന BBC ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത ആശാവഹമായ ആ വാർത്ത എല്ലാവരും ശ്രദ്ധിച്ചുകാണും. ഫൈസർ & BioNTech കമ്പനികൾ സംയുക്തമായി നടത്തിയിരുന്ന Covid 19 വാക്സിൻ ഗവേഷണങ്ങളുടെ ഫേസ് 3 ക്ലിനിക്കൽ ട്രയലിൻ്റെ ഇടക്കാലഫലമാണ് വാർത്തയായത്.
3 ആഴ്ചയുടെ ഇടവേളയിൽ 2 ഡോസുകളായാണ് വാക്സിൻ പരീക്ഷിച്ചത്. ഈ mRNA വാക്സിന് 90% ഫലപ്രാപ്തിയുണ്ടെന്നാണ് നിലവിലെ ഫലങ്ങൾ എന്നാണ് അവർ അവകാശപ്പെടുന്നത്. 43000 വോളൻ്റിയർമാർ ഈ പഠനത്തിൽ പങ്കെടുത്തിട്ടുണ്ട്.
എന്തായാലും നിലവിലുള്ള കണ്ടെത്തലുകൾ അധികാരികൾക്ക് സമർപ്പിച്ചിരിക്കുന്നു. അടിയന്തിര ആവശ്യങ്ങൾക്കായി ഉപയോഗയുക്തമാക്കേണ്ടി വന്നാൽ ഈ നീക്കം ഗുണകരമാവുമെന്ന് കരുതുന്നു. ഗവേഷണങ്ങളുടെ അന്തിമഫലം ഡിസംബർ ആദ്യവാരം ലഭ്യമാവുകയും, പരിശോധനയും അംഗീകാരവും ദ്രുതഗതിയിൽ കിട്ടുകയും ചെയ്താൽ ഈ വർഷം അവസാനം വാക്സിൻ ലഭ്യമായേക്കാൻ സാധ്യതയുണ്ട്.
അങ്ങനെയാണെങ്കിൽ ഈ രോഗത്തിൻ്റെ ചികിൽസയ്ക്ക് ആദ്യമായി അംഗീകരിക്കപ്പെടുന്ന വാക്സിനാകും അത്. ഏതെങ്കിലും രോഗത്തിനെതിരെ നൽകുന്ന ആദ്യ mRNA വാക്സിനും.
ഇത്തരം വാർത്തകൾ ആശാവഹമാണെങ്കിലും കൊവിഡ് വാക്സിൻ്റെ കാര്യത്തിൽ ആശങ്കകളും കടമ്പകൾ ഇനിയും നിരവധിയാണ്. ശാസ്ത്രമതിനെയൊക്കെ മറികടക്കാൻ ഉറങ്ങാതെ പ്രവർത്തിക്കുന്നുണ്ട്. കാരണം, കൊവിഡിനെതിയുള്ള ഒരു വാക്സിൻ എന്നത് ശാസ്ത്രത്തിൻ്റെ ഗുണഫലമെന്നതിനേക്കാൾ മനുഷ്യരാശിയുടെ പ്രതീക്ഷയുടെ കൂടി പേരാണ്..
This article is shared under CC-BY-SA 4.0 license. 
ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ