· 3 മിനിറ്റ് വായന

ദീപാവലി; ശബ്ദം ദു:ഖമാണുണ്ണീ…

Life Styleആരോഗ്യ അവബോധംപൊതുജനാരോഗ്യം

ഏതാണ്ടൊന്നര വർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ഒരു ഡൈവോഴ്സ് കേസ് ദേശീയശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചുവർഷത്തെ പ്രണയത്തിന്റെ തുടർച്ചയായി വിവാഹിതരായ അവരുടെ ഡൈവോഴ്സ് കേസ് രണ്ടു കാരണങ്ങൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഒന്ന്, ഭർത്താവ് ദേശീയ തലത്തിൽ അറിയപ്പെടുന്ന ബാസ്കറ്റ് ബോൾ പ്ലേയറായിരുന്നു. രണ്ട്, ഭാര്യ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടതിന്റെ കാരണത്തിലെ കൗതുകമാണ്.

ഭർത്താവിന്റെ വീടിന് ചുറ്റും ധാരാളം ആരാധനാലയങ്ങളുണ്ടായിരുന്നു. അവിടുന്നെല്ലാം, എപ്പോഴും റിക്കോർഡ് ചെയ്ത പാട്ടായിട്ടും, ഉച്ചത്തിലുള്ള പ്രാർത്ഥനകളായിട്ടും, നേർച്ചവെടിയുടേതായിട്ടും ഒരു ശബ്ദകോലാഹലം തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ശബ്ദമലിനീകരണം. പുതുപ്പെണ്ണിനത് അസഹ്യമായിരുന്നു. സഹികെട്ടപ്പോൾ അവൾ ഭർത്താവിനോട് അവിടുന്ന് മാറിത്താമസിക്കുന്ന കാര്യം പറഞ്ഞു. അയാൾക്കതിന് ഒട്ടും സമ്മതമല്ലായിരുന്നു, അതും ഈ നിസാരകാര്യത്തിന്..

എന്നാൽ പരാതിപ്പെടാമെന്നായി അവൾ. ആരാധനാലയങ്ങളിൽ ഈ വിഷയം അവതരിപ്പിച്ചു. ഒന്നും സംഭവിച്ചില്ല. പഞ്ചായത്തിലും പോലീസിലും പരാതി പറഞ്ഞു. സ്ഥിതി തഥൈവ. ജില്ലാ കളക്ടറെ കണ്ടു. പിന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒടുവിൽ പ്രധാനമന്ത്രിക്കു വരെ കത്തെഴുതി. പക്ഷെ ആ ശബ്ദശല്യം കൂടിയതല്ലാതെ കുറഞ്ഞില്ല.

ഈ അമിതമായ ശബ്ദകോലാഹലങ്ങൾ തന്നെ ഭ്രാന്തുപിടിപ്പിക്കുന്നെന്ന് പലവട്ടം അവൾ ഭർത്താവിനോട് പറഞ്ഞതാണ്. പക്ഷെ, അയാൾക്കതിന്റെ സീരിയസ്നെസ് മനസിലായില്ല. ഒടുവിലവൾ തീരുമാനിച്ചു, ഡൈവോഴ്സ്.. യഥാർത്ഥത്തിൽ ആ അസഹ്യവും അരോചകവുമായ മനുഷ്യനിർമ്മിത ബഹളങ്ങളിൽ നിന്നായിരുന്നു അവൾക്ക് ഡൈവോഴ്സ് വേണ്ടിയിരുന്നത്. കാരണം, ആ അമിത ശബ്ദം അവളെ മാനസികമായും ശാരീരികമായും അത്രയും തളർത്തിയിരുന്നു.

വാർത്തയിലെ കൗതുകത്തിനപ്പുറം ഒരുപാട് സാമൂഹിക- ആരോഗ്യ-മാനസികപ്രശ്നങ്ങളിലേക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ട്. അമിത ശബ്ദം കാരണമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി നമ്മൾ ഒട്ടുംതന്നെ ബോധവാന്മാരല്ല. ഓരോ മനുഷ്യനും മറ്റൊരാളിൽ നിന്നും വ്യത്യസ്തനാണ്. നമ്മൾ കാണുകയും കേൾക്കുകയും രുചിക്കുകയും ചെയ്യുന്നത് പോലല്ലാ, മറ്റൊരാൾക്ക് അതേ വസ്തുവിൽ നിന്നുണ്ടാവുന്ന അനുഭൂതിയെന്ന് നമ്മളോർക്കണം. ജുനൈദ് അബൂബക്കറിന്റെ ‘പോനോം ഗോംബെ’ എന്ന നോവലിൽ നായകന് വളരെ ഇഷ്ടമുള്ള പാട്ട് ഉച്ചത്തിൽ ആവർത്തിച്ച് പ്ലേ ചെയ്താണയാളെ CIA മാനസികമായി തളർത്തുന്നത്. അതാണ്, ഇഷ്ടമുള്ള പാട്ടുപോലും ശബ്ദമൊന്നുയർന്നാൽ ചിലപ്പോളൊരു പീഢനമായി മാറാം.

നാളെ ദീപാവലിയാണ്. ദീപങ്ങളുടെ ഉത്സവമെന്നാണ് പറയുന്നതെങ്കിലും ദീപങ്ങളേക്കാൾ കഠിനമായ ശബ്ദങ്ങളുടെ ആഘോഷമായിട്ടാണ് നമ്മളതിനെ കാണുന്നത്. പക്ഷെയീ ശബ്ദഘോഷങ്ങൾ നമ്മളിലുണ്ടാക്കുന്ന ശാരീരിക-മാനസിക പ്രശ്നങ്ങൾ നമുക്കറിയില്ലാ. അതിന്, ശബ്ദത്തെ പറ്റിയുള്ള നമ്മുടെ ധാരണകൾ മാറണം.

ശബ്ദമളക്കുന്ന യൂണിറ്റാണ് ഡെസിബെല്‍(dB). മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദമാണ് 0 (zero)dB. ഇതൊരു ലോഗരിത്മിക് നമ്പരാണ്. പൂജ്യത്തിൽ നിന്ന് ശബ്ദം 10dB ആവുമ്പോ ശബ്ദതീവ്രത 10 മടങ്ങ് കൂടും. ഇനി ശബ്ദം 10dB യില്‍ നിന്നും 20dB ആകുമ്പോളത് 100 മടങ്ങാണ് കൂടുന്നത്. നമ്മള്‍ സാധാരണ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതീവ്രത 60dB യാണ്. ജനനിബിഡമായ ഒരു സിറ്റിയിലെ പകല്‍ സമയത്തെ ശബ്ദം 70dB യാണ്. ആലോചിച്ചുനോക്കുക 60dBയില്‍നിന്നും 70dB ആയപ്പോള്‍ ശബ്ദം എത്രമാത്രം വലുതായെന്ന്. ഒരു ഹെലിക്കോപ്റ്റര്‍ ഉണ്ടാക്കുന്നശബ്ദം 100dB യാണ്. പടക്കങ്ങളും അമിട്ടുകളും ഉൾപ്പെടെയുള്ളവ പൊട്ടുമ്പോള്‍ ഉണ്ടാകുന്നത് 130 dBനും 160 dB നും ഇടയിലുള്ള ശബ്ദങ്ങളാണ്. എത്ര മടങ്ങ് വലിയ ശബ്ദമാണതെന്ന് ചിന്തിച്ചാ തന്നെ പേടിയാവും.

85dB യ്ക്ക് മുകളിലുള്ള ശബ്ദം വീണ്ടും വീണ്ടും കേള്‍ക്കുന്നത് കേള്‍വിക്കുറവിന് കാരണമാകും. ശബ്ദതീവ്രത എത്രകൂടുമോ കേള്‍വിക്കുറവ് വരാനുള്ള കാലതാമസം അത്രയും കുറയും. ലോകത്താകമാനം കേൾവിക്കുറവിന്റെ ഏറ്റവും പ്രധാനകാരണം ഈ അമിതശബ്ദമാണ്.

കേള്‍വിക്കുമാത്രമല്ല തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ഒക്കെ പ്രവര്‍ത്തനങ്ങളെ വലിയശബ്ദങ്ങള്‍ ബാധിക്കും. ചെവിയിൽ മൂളലും (Tinnitus), തലകറക്കവും തലവേദനയുമൊക്കെ സ്ഥിരമായിട്ടുണ്ടാവും. തലച്ചോറിനെ അമിത ശബ്ദം എളുപ്പത്തിൽ ബാധിക്കും. ഇത് ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, ഉത്കണ്ഠ, ഓർമ്മക്കുറവ് തുടങ്ങി മാനസികരോഗങ്ങള്‍ വരെ ഉണ്ടാക്കും.

രക്തത്തിൽ സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയവയുടെ അളവ് കൂടും. അത് പിരിമുറുക്കം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ ഒക്കെയുണ്ടാക്കാം. ശബ്ദമലിനീകരണമുള്ളയിടങ്ങളിൽ ജീവിക്കുന്നവരിൽ ചെറുപ്പത്തിലേ രക്താതിമർദ്ദവും പ്രമേഹവും കൂടുന്നതായാണ് കണക്കുകൾ. ക്രിമിനൽ വാസന വർദ്ധിക്കുമെന്നും പഠനങ്ങൾ പറയുന്നു. അമിത ശബ്ദത്തിനിടയിൽ ജോലി ചെയ്യുന്നവരിൽ അമിതമായ ദേഷ്യവും ആത്മവിശ്വാസക്കുറവും സർഗാത്മകമായ കഴിവുകളുടെ മുരടിപ്പും പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങളെ പറ്റിയാണ് ഇത്രനേരം പറഞ്ഞത്. പക്ഷെ നമ്മൾ മാത്രമല്ലല്ലോ ഭൂമിയുടെ അവകാശികൾ. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നമ്മള്‍ അനുഭവിക്കുന്ന ഈ ലോകം നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയാണെന്ന്. നമുക്കുചുറ്റും നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ് ശരിയെന്ന് വാദിക്കാന്‍ നമുക്ക് പറ്റുമോ? ഇല്ല. ഒരു നായയ്ക്ക് നമ്മള്‍ കാണുന്ന ചില നിറങ്ങള്‍ കാണാന്‍ പറ്റില്ല. പക്ഷെ നമ്മള്‍ അറിയാത്ത ആവൃത്തിയിലുള്ള ശബ്ദങ്ങളും നമ്മളറിയാത്ത ഗന്ധങ്ങളും അതിനറിയാം. അതിന്‍റെ ഇന്ദ്രിയങ്ങള്‍ പറയുന്നതാണ് ആ നായയെ സംബന്ധിച്ച് ഈ ലോകം. നമ്മള്‍ അനുഭവിക്കുന്നതല്ല, അതേ തീവ്രതയിലല്ല, മറ്റേതൊരു ജീവിയും ഈലോകത്തെ അനുഭവിക്കുന്നത്. നമ്മള്‍ കാട്ടിക്കൂട്ടുന്ന ഓരോ കാര്യങ്ങളും നമ്മളേക്കാള്‍ ഭീകരമായി ബാധിക്കുന്ന എന്തുമാത്രം ജീവജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ശബ്ദമലിനീകരണം കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും കഷ്ടത അനുഭവിക്കുന്ന, ജീവൻ പോലും നഷ്ടപ്പെടുന്ന, വംശനാശം സംഭവിക്കുന്ന മറ്റു ജീവികളെക്കൂടി നമ്മൾ പരിഗണിക്കണം.

ആവശ്യത്തിലധികമുള്ള ശബ്ദം മറ്റേതൊന്നും പോലെ തന്നെ ഒരു മാലിന്യമാണ്. അതുച്ചഭാഷിണിയായാലും വണ്ടിയുടെ ഹോണായാലും ഉറക്കെയുള്ള സംഭാഷണമായാലും ദീപാവലി പടക്കമായാലും അങ്ങനെയാണ്. നമ്മുടെ നാട്ടിൽ ഉത്സവങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും ഒക്കെ സീസണായാൽ ഈ ശബ്ദമാലിന്യം വലിയൊരു കൂമ്പാരമാകുന്നത് നമ്മൾ കാണുന്നുണ്ട്. അധികനേരം ഇയർഫോൺ വച്ച് സംസാരിക്കുന്നതും പാട്ടുകേൾക്കുന്നതും ഈ ഗണത്തിൽ വരും, ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

ഇത്തരം അമിതശബ്ദങ്ങൾ ശീലമാകുമ്പോൾ നമുക്കത് അരോചകമാകില്ലായിരിക്കും, ആദ്യം പറഞ്ഞ സംഭവത്തിലെ ഭർത്താവിനെ പോലെ. പക്ഷെയത് നമ്മളറിയാതെ ഗുരുതരമായ മാറ്റങ്ങൾ നമ്മളിലും സഹജീവികളിലും ആ ശബ്ദം കാരണമുണ്ടാകുന്നുണ്ടെന്ന് കൂടി അറിയണം. അങ്ങനെയുണ്ടാകുന്ന പല പ്രശ്നങ്ങളും ജീവിതകാലം മുഴുവൻ കൂടെയുണ്ടാവുകയും ചെയ്യും.

ശബ്ദമലിനീകരണം 100% മനുഷ്യനിർമ്മിതമാണ്. അത് തടയാനും നമുക്കേ കഴിയൂ.. ശബ്ദരഹിതമായ, അന്തരീക്ഷ മലിനീകരണമില്ലാത്ത എന്നാൽ നയനാനന്ദകരമായ ദീപാവലി കോപ്പുകളിന്ന് ലഭ്യമാണ്. അത് പ്രചരിപ്പിക്കേണ്ടതാവശ്യമാണ്. വെടിശബ്ദങ്ങളില്ലാത്ത, ആർക്കും ആസ്വദിക്കാനാവുന്ന, സുരക്ഷിതമായ കാലത്തിനനുസരിച്ചുള്ള ആഘോഷങ്ങളിലേക്ക് നമ്മൾ പുരോഗമിക്കണം. ഈ സുരക്ഷിത ശബ്ദമെന്ന സന്ദേശം ദീപാവലിയിലോ ക്ഷേത്രോത്സവങ്ങളിലോ പള്ളിപ്പെരുന്നാളുകളിലോ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിലോ മാത്രം ഒതുങ്ങേണ്ടതല്ല. ഒരു ശീലമായി, ദിനചര്യയായി തന്നെ ശബ്ദമലിനീകരണമുണ്ടാക്കാതെ, സഹജീവികളെക്കൂടി പരിഗണിച്ചുകൊണ്ട് ജീവിക്കാൻ വേണ്ട ശ്രദ്ധ നമ്മൾ നൽകേണ്ടതാണ്.

അപ്പൊ എല്ലാവർക്കും ശ്രവണസുന്ദരമായ, നയനമനോഹരമായ ദീപാവലി ആശംസകൾ.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ