· 6 മിനിറ്റ് വായന

ഡെലീറിയം

Psychiatryആരോഗ്യ അവബോധം

“ഐ.സി.യു.വില്‍ പകല്‍ ഞങ്ങളാരെങ്കിലും കയറിക്കാണുമ്പോഴോന്നും അമ്മൂമ്മക്ക് സംസാരത്തിനോ മെമ്മറിക്കോ ഒരു കുഴപ്പവും കണ്ടിട്ടില്ല. പക്ഷേ എന്നും മോണിംഗില്‍ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത് നൈറ്റുമുഴുവന്‍ ഓര്‍മക്കേടും പിച്ചുംപേയുംപറച്ചിലും ആയിരുന്നെന്നാ.”

“അച്ഛന് മൂത്രത്തില്‍പ്പഴുപ്പു തുടങ്ങിയാലത് എനിക്ക് പെട്ടെന്നു മനസ്സിലാവും. കാരണം അപ്പൊ അച്ഛന്‍ വല്ലാതെ മൌനിയാവും. എല്ലാം പതുക്കെമാത്രം ചെയ്യാനും പതിവിലേറെ ഉറങ്ങാനും തുടങ്ങും.”

“ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നപ്പൊ അമ്മ മനുഷ്യനെ നാണംകെടുത്തിക്കളഞ്ഞു. ട്യൂബെല്ലാം പിടിച്ചുവലിക്കുക… ഉടുതുണി പറിച്ചുകളയുക… നഴ്സുമാരെ പച്ചത്തെറി വിളിക്കുക… എന്‍റെ തൊലിയുരിഞ്ഞുപോയി!”

മേല്‍വിവരിച്ച സംഭവങ്ങളോരോന്നും ഒറ്റനോട്ടത്തില്‍ വ്യത്യസ്തമെന്നു തോന്നാമെങ്കിലും അവ മൂന്നിലും വില്ലന്‍ ഒരേ പ്രശ്നമാണ് — ഡെലീരിയം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെയാക്രമിച്ച് ഓര്‍മയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ സംജാതമാക്കുന്ന അവസ്ഥയെയാണ് ഈ പേരു വിളിക്കുന്നത്. ആശുപത്രികളില്‍ക്കിടക്കുന്നവരില്‍, പ്രധാനമായും ചില വിഭാഗങ്ങളില്‍, ഡെലീരിയം ഏറെ സാധാരണവുമാണ്.

ഡെലീരിയം എത്ര ശതമാനത്തോളം പേരില്‍ കാണാം?

  • ആശുപത്രികളില്‍ കിടക്കുന്നവരില്‍: 30
  • ഓപ്പറേഷന്‍ കഴിഞ്ഞയുടന്‍: 50
  • ആശുപതികളില്‍ക്കിടക്കുന്ന പ്രായംചെന്നവരില്‍: 65
  • ഐ.സി.യു.വിലുള്ള പ്രായംചെന്നവരില്‍: 80

വെറുമൊരു “മാനസിക”പ്രശ്നമെന്നു വിളിച്ചോ പ്രായമായാല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നു ന്യായീകരിച്ചോ ഇതിനെയവഗണിക്കുന്നത് ബുദ്ധിയല്ല — പല മാരകരോഗങ്ങളും ആദ്യമായി സാന്നിദ്ധ്യമറിയിക്കുന്നത് ഡെലീരിയത്തിന്‍റെ രൂപത്തിലാവാം. ഡെലീരിയം നീണ്ടുപോയാല്‍ അത് സ്ഥായിയായ ഓര്‍മക്കുറവിനും ശാരീരിക പ്രശ്നങ്ങള്‍ മരുന്നുകള്‍ക്കു വഴങ്ങാതാവുന്നതിനും ആശുപത്രിവാസം നീളുന്നതിനും ചികിത്സാച്ചെലവു കൂടുന്നതിനും നിമിത്തമാവാമെന്നും മരണസാദ്ധ്യത പോലും ഉയര്‍ത്താമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, ഡെലീരിയത്തെ എങ്ങനെ തടയാം, എങ്ങനെ തിരിച്ചറിയാം, എങ്ങനെ നേരിടാം എന്നൊക്കെയറിഞ്ഞുവെക്കേണ്ടത് ഏവര്‍ക്കും അതിപ്രസക്തമാണ്.

ബാധിക്കുന്നതാരെ?

പ്രായമായവര്‍ക്ക്, ഒരെണ്‍പതു കഴിഞ്ഞവര്‍ക്കു വിശേഷിച്ചും, ഡെലീരിയത്തിനുള്ള സാദ്ധ്യത വളരെയാണ്. അതുപോലെതന്നെ, ദുര്‍ബലമായ ശരീരപ്രകൃതമുള്ളവര്‍ക്കും കാഴ്ചക്കോ കേള്‍വിക്കോ പരിമിതികളുള്ളവര്‍ക്കും ഡെമന്‍ഷ്യ ബാധിച്ചവര്‍ക്കും ഗുരുതരമായ ശാരീരികരോഗങ്ങളുള്ളവര്‍ക്കും ശയ്യാവലംബികളായവര്‍ക്കും ഏറെയിനം മരുന്നുകളെടുക്കുന്നവര്‍ക്കും ഡെലീരിയം വരാന്‍ എളുപ്പമുണ്ട്.

തലച്ചോറിനെ ബാധിക്കുന്ന, പ്രത്യക്ഷമോ പരോക്ഷമോ ആയ, ഏതു പ്രശ്നവും ഡെലീരിയത്തിന് ഹേതുവാകാം. മൂത്രത്തില്‍പ്പഴുപ്പോ ന്യൂമോണിയയോ പോലുള്ള അണുബാധകള്‍, ശരീരത്തില്‍ വെള്ളത്തിന്‍റെയോ സോഡിയത്തിന്‍റെയോ അളവു താഴുന്നത്, രക്തക്കുറവ്, കടുത്ത പനി, കഠിനമായ വേദന, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ ഡെലീരിയത്തിന്‍റെ പ്രധാന കാരണങ്ങള്‍. (കോഴിക്കോട് മുക്കം കെ.എം.സി.റ്റി. മെഡിക്കല്‍കോളേജില്‍ അമ്പത്തിമൂന്ന് ഡെലീരിയം ബാധിതരില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയത്, അക്കൂട്ടത്തില്‍ മൂന്നിലൊന്നോളം പേരില്‍ സോഡിയത്തിന്‍റെ കുറവും മറ്റൊരു മൂന്നിലൊന്നോളം പേരില്‍ അണുബാധകളും ആണ് പ്രശ്നനിമിത്തമായതെന്നാണ്.) അമിതമദ്യപാനമുള്ളവര്‍ കുടി നിര്‍ത്തുന്നത്, പ്രത്യേകിച്ചുമത് മരുന്നുകളൊന്നും എടുക്കാതെയാണെങ്കില്‍, ഡെലീരിയത്തിനിടയാക്കാം. ചില വേദനാസംഹാരികളും ചില ആന്‍റിബയോട്ടിക്കുകളും പോലുള്ള മരുന്നുകളും, കരളിന്‍റെയോ വൃക്കയുടെയോ പ്രശ്നങ്ങളും, തലക്കേല്‍ക്കുന്ന പരിക്കുകളും, അപസ്മാരമോ പക്ഷാഘാതമോ പോലുള്ള മസ്തിഷ്കരോഗങ്ങളും ഡെലീരിയത്തിനു വഴിവെക്കാറുണ്ട്.

ഡെലീരിയം പിടിപെടുന്ന മിക്കവരിലും ഒന്നിലധികം കാരണങ്ങള്‍ക്കു പങ്കുകാണാറുണ്ട്. മേല്‍പ്പറഞ്ഞവയില്‍നിന്നു രണ്ടിലേറെ കാരണങ്ങളുടെ സാന്നിദ്ധ്യമുള്ളവര്‍ക്ക് ഡെലീരിയത്തിനുള്ള സാദ്ധ്യത അറുപതു ശതമാനത്തോളമാണ്. ഇങ്ങിനെയുള്ളവരില്‍ നേരിയൊരു മലബന്ധമോ ആശുപത്രി പോലൊരു പുതിയ സാഹചര്യത്തിലേക്കു മാറുന്നതോ പോലുള്ള കുഞ്ഞുവ്യതിയാനങ്ങള്‍ക്കു പോലും ഡെലീരിയത്തെ വിളിച്ചുവരുത്താനാവും.

തിരിച്ചറിയാം

ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നൊരു ദു:സ്വപ്നം പോലെയാണ് ഡെലീരിയം എന്നു സാമാന്യമായിപ്പറയാം. ഡെലീരിയത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

  • ഏകാഗ്രത കുറയുക. അങ്ങോട്ടു പറയുന്ന കാര്യങ്ങള്‍ തിരിഞ്ഞുകിട്ടാതെ പോവുക.
  • ഏതു സ്ഥലത്താണ്, ദിവസമേതാണ്, മണിയെത്രയായി എന്നൊന്നും പറയാനാവാതിരിക്കുക. ആളുകളെ തിരിച്ചറിയാന്‍ കഴിയാതാവുക.
  • സമീപകാല സംഭവങ്ങള്‍ ഓര്‍മയില്ലാതിരിക്കുക.
  • പകല്‍ ഉറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്യുക.
  • നടക്കാനും ആഹാരം കഴിക്കാനുമൊക്കെ വിഷമമുണ്ടാവുക.
  • ചുറ്റുമുള്ള വസ്തുക്കളെ മറ്റുവല്ലതുമായി തെറ്റിദ്ധരിക്കുക. (മൂക്കില്‍ ട്യൂബിട്ടു കിടത്തിയ രോഗി ഒരിക്കല്‍ച്ചോദിച്ചത് “എന്നെയെന്തിനാ മൂക്കുകയറിട്ടു കിടത്തിയിരിക്കുന്നത്?” എന്നായിരുന്നു.)
  • വികാരനിലയില്‍ പൊടുന്നനെ മാറ്റങ്ങളുണ്ടാവുക. ദേഷ്യം, സങ്കടം, പേടി, ഉത്ക്കണ്ഠ തുടങ്ങിയവ മാറിമാറിവരിക.
  • വര്‍ത്തമാനം വല്ലാതെ പതുക്കെയോ വേഗത്തിലോ ആവുക. ഒച്ച വെക്കുക. പരസ്പരബന്ധമില്ലാതെ സംസാരിക്കുക.
  • അടങ്ങിയിരിക്കായ്കയും അക്രമാസക്തതയും പ്രകടമാക്കുക.
  • ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക. (മരിച്ചുപോയ മാതാപിതാക്കള്‍ കാണാനും മിണ്ടാനുമെത്തുന്ന അനുഭവം സാധാരണമാണ്.)
  • ആരോ കൊല്ലാന്‍ വരുന്നെന്ന പോലുള്ള ഭീതികള്‍ പുലര്‍ത്തുക.

ഇവയുടെ തീവ്രത എപ്പോഴും ഒരുപോലെ നില്‍ക്കുകയല്ല, വിവിധ നേരങ്ങളില്‍ ഏറ്റക്കുറച്ചിലോടെ കാണപ്പെടുകയാണു പതിവ്. കുറച്ചുസമയത്തേക്ക് ചിലപ്പോള്‍ ആള്‍ തികച്ചും നോര്‍മലായിപ്പെരുമാറുക പോലും ചെയ്യാം. രാത്രികളില്‍ പ്രശ്നം പൊതുവെ വഷളാവുകയാണു ചെയ്യാറ്.

ഒച്ചയിടുകയും ഓടിനടക്കുകയുമൊക്കെച്ചെയ്യുന്ന രീതിക്കു പേര് ‘ഹൈപ്പറാക്റ്റീവ് ഡെലീരിയം’ എന്നാണ്. ഇതു സ്വാഭാവികമായും കുടുംബാംഗങ്ങളുടെയും ചികിത്സകരുടെയുമൊക്കെക്കണ്ണില്‍ പെട്ടെന്നു പെടുകയും ചെയ്യും. എന്നാല്‍ ‘ഹൈപ്പോആക്റ്റീവ് ഡെലീരിയം’ എന്ന, കൂടുതല്‍ സാധാരണമായ, രണ്ടാമതൊരിനം കൂടിയുണ്ട്. അതു പ്രകടമാവുക ശാന്തതയും മൂകതയും നിര്‍വികാരതയും ഉള്‍വലിച്ചിലും ഉറക്കച്ചടവുമൊക്കെയായാണ്. ലക്ഷണങ്ങള്‍ ഇവ്വിധമായതിനാല്‍ ഇതു പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാമെന്നതും, ഈയൊരു വകഭേദത്തിനു വഴിവെക്കുന്ന ശാരീരികപ്രശ്നങ്ങള്‍ പൊതുവെ കൂടുതല്‍ തീവ്രവും ചികിത്സക്കു വഴങ്ങാത്തവയുമാവാമെന്നു കണ്ടെത്തലുകളുള്ളതും ഇതേപ്പറ്റി പ്രത്യേകം ജാഗ്രത വെക്കുക അതിപ്രധാനമാക്കുന്നുണ്ട്.

ചിലരില്‍ ഇപ്പറഞ്ഞ രണ്ടുതരം ഡെലീരിയങ്ങളും മാറിമാറി ദൃശ്യമാവുകയുമാവാം.

അത്യാപത്താവുന്ന അമിതപ്രതികരണം::

അണുബാധകളെയും പരിക്കുകളുടെ പ്രഭാവത്തെയുമൊക്കെ ചെറുക്കുവാനുദ്ദേശിച്ചുള്ള നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ ചിലയവസ്ഥകളോട് അമിതമായി പ്രതികരിച്ചു പോവുന്നതാണ് ഡെലീരിയത്തിനു വഴിവെക്കുന്നത് എന്ന വാദത്തിന് വിദഗ്ദ്ധര്‍ക്കിടയില്‍ ഈയിടെ സ്വീകാര്യത ലഭിച്ചുതുടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധവ്യവസ്ഥയുടെ കര്‍മനിരതയുടെ സൂചകങ്ങളായ IL-2, IL-6 എന്നീ തന്മാത്രകളുടെ അമിതമായ സാന്നിദ്ധ്യം ഡെലീരിയം ബാധിതരുടെ രക്തത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഈ തന്മാത്രകളുടെ ബാഹുല്യം വിവിധ അവയവങ്ങളെ താറുമാറാക്കുന്നതാവാം ഡെലീരിയം പിടിപെട്ടവരില്‍ മരണനിരക്കു കൂടാനിടയാക്കുന്നതും. ഇപ്പറഞ്ഞ അമിതപ്രതികരണത്തെ മയപ്പെടുത്താനുള്ള മരുന്നുകള്‍ ഡെലീരിയത്തിനൊരു ഫലപ്രദമായ പരിഹാരമാണെന്ന് ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ജെരിയാട്രിക്ക് സൈക്ക്യാട്രിയില്‍ 2016 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തിയത് പ്രതീക്ഷക്കു വക നല്‍കുന്നുമുണ്ട്.

ഡെമന്‍ഷ്യയുമായുള്ള അന്തരം

‘തന്മാത്ര’ എന്ന സിനിമയിലൂടെ മലയാളികള്‍ക്കു സുപരിചിതമാണ് ഡെമന്‍ഷ്യ എന്ന പ്രശ്നം. ഡെലീരിയത്തിനും ഡെമന്‍ഷ്യക്കും ഓര്‍മക്കുറവൊരു പൊതുലക്ഷണമാണെങ്കിലും ഈ രണ്ടവസ്ഥകളും തമ്മില്‍ ഏറെ ഭിന്നതകളുണ്ട്. ഡെമന്‍ഷ്യ തുടങ്ങാറും പുരോഗമിക്കാറും പൊതുവെ മന്ദഗതിയിലാണെങ്കില്‍ ഡെലീരിയത്തിന് ഇക്കാര്യങ്ങളില്‍ ത്വരിതഗതിയാണ്. ഏകാഗ്രതയില്ലായ്മയും പരസ്പര ബന്ധമില്ലാത്ത സംസാരവും ഡെലീരിയത്തിലാണ് കൂടുതല്‍ സാധാരണം. ഡെലീരിയത്തിന്‍റെ കാരണങ്ങള്‍ മിക്കവയും ചികിത്സിച്ചു മാറ്റാവുന്നതാണ് എങ്കില്‍ ഡെമന്‍ഷ്യയുടെ മിക്ക കാരണങ്ങളും പൂര്‍ണമായി ഭേദപ്പെടുത്താനാവാത്തവയാണ്. അതുകൊണ്ടുതന്നെ, ഡെലീരിയം ദിവസങ്ങളോ ആഴ്ചകളോ കൊണ്ടു വിട്ടുമാറാമെങ്കില്‍ മിക്ക ഡെമന്‍ഷ്യകളും വര്‍ഷങ്ങളോളം, രോഗിയുടെ മരണം വരേക്കും, നിലനില്‍ക്കാറുണ്ട്.

ഡെമന്‍ഷ്യയുടെ പ്രാരംഭദശയിലുള്ളവര്‍ക്ക് നേരിയ പ്രകോപനങ്ങളാല്‍പ്പോലും ഒപ്പം ഡെലീരിയം കൂടി വരാനും സാദ്ധ്യതയുണ്ട്. അതിനാല്‍ത്തന്നെ, പ്രായമായവര്‍ക്ക് ഡെലീരിയം വന്നുകണ്ടാല്‍ ഒപ്പം ഡെമന്‍ഷ്യയുടെ തുടക്കംകൂടിയുണ്ടോ എന്നറിയാന്‍ തൊട്ടുമുമ്പുള്ള ആറുമാസക്കാലത്ത് ആ വ്യക്തി താഴെക്കൊടുത്ത ലക്ഷണങ്ങളേതെങ്കിലും പ്രകടമാക്കിയിരുന്നോയെന്ന് കുടുംബാംഗങ്ങള്‍ സ്വയംചോദിക്കേണ്ടതുണ്ട്:

  • ഒരേ കാര്യത്തെപ്പറ്റി ആവര്‍ത്തിച്ചു പറയുകയോ ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുകയോ ചെയ്യുക.
  • വിശേഷ ദിവസങ്ങളോ കുടുംബത്തിലെയും മറ്റും ചടങ്ങുകളുടെ തിയ്യതികളോ മറന്നുപോവുക.
  • ഷോപ്പിങ്ങോ സാമ്പത്തിക ഇടപാടുകളോ നടത്താന്‍ വിഷമം നേരിടുക.
  • മരുന്നുകളെടുക്കാന്‍ വിട്ടുപോവുക.
  • വഴികള്‍ മാറിപ്പോവുക.
  • ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആയാസപ്പെടേണ്ടിവരിക.

ഇപ്പറഞ്ഞതില്‍ ഒന്നിലധികം പ്രശ്നങ്ങള്‍ പലതവണ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരം ചികിത്സകരോടു പങ്കുവെക്കുന്നതും, ഡെലീരിയം കലങ്ങിത്തെളിഞ്ഞ ശേഷം ഓര്‍മശക്തി വിശകലനം ചെയ്യാനുള്ള 3MS പോലുള്ള പരിശോധനകള്‍ക്കു വിധേയരാക്കുന്നതും ഡെമന്‍ഷ്യ അധികം വഷളാവുംമുമ്പേതന്നെ തക്ക ചികിത്സകള്‍ തുടങ്ങിക്കിട്ടാന്‍ അവസരമൊരുക്കും.

പ്രതിരോധിക്കാം

ആശുപത്രികളില്‍ അഡ്മിറ്റാവുന്ന പ്രായമായവര്‍ക്കു ഡെലീരിയം വരാന്‍ സാദ്ധ്യതയേറെയാണ്‌, കൂനിന്മേല്‍ക്കുരു പോലെ അതുംകൂടി പിടിപെട്ടാല്‍ മുമ്പു വിശദീകരിച്ച പല സങ്കീര്‍ണതകള്‍ക്കും കളമൊരുങ്ങാം എന്നൊക്കെയുള്ളതിനാല്‍ ‘പ്രതിരോധം ചികിത്സയേക്കാള്‍ ഉത്തമം’ എന്ന തത്വത്തിന് ഡെലീരിയത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാര്‍ഹതയുണ്ട്. ആശുപത്രിയില്‍ കൂടെനില്‍ക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തുന്നത് ഡെലീരിയത്തിന്‍റെ ആവിര്‍ഭാവം തടയാന്‍ ഉപകരിച്ചേക്കും:

  • വീട്ടില്‍ ഉപയോഗിക്കാറുണ്ടായിരുന്ന പുതപ്പോ തലയിണയോ പ്ലേറ്റുകളോ ഒക്കെ ആശുപത്രിയിലേക്കും കൂടെക്കൊണ്ടുപോവുന്ന കാര്യം പരിഗണിക്കുക.
  • കണ്ണടയുടെയോ ശ്രവണസഹായിയുടെയോ വെപ്പുപല്ലുകളുടെയോ ആശ്രയം വേണ്ടവര്‍ക്ക് ആശുപത്രിയിലും അവ ലഭ്യമാക്കുക. ചെവിയില്‍ മെഴുകടഞ്ഞു കിടപ്പുണ്ടെങ്കില്‍, പറ്റുമെങ്കില്‍ വിദഗ്ദ്ധസഹായം ഉപയോഗപ്പെടുത്തി, അതെടുത്തുകളയുക.
  • കഴിച്ചുകൊണ്ടിരുന്ന എല്ലാ മരുന്നുകളും ഡോക്ടറെക്കാണിക്കുക.
  • കട്ടിലില്‍ക്കിടത്തുന്നത് പുറത്തു രാത്രിയോ പകലോ എന്നതു ജനലിലൂടെ മനസ്സിലാക്കാനാവുംവിധമാവാന്‍ ശ്രദ്ധിക്കുക.
  • തിയ്യതിയടക്കം വ്യക്തമായിക്കാണാവുന്ന ഒരു ക്ലോക്ക് അരികിലെവിടെയെങ്കിലും വെച്ചുകൊടുക്കുക. പത്രം ലഭ്യമാക്കുക. റേഡിയോ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനവസരമൊരുക്കുക.
  • ഇഷ്ടഗാനങ്ങള്‍ കേള്‍പ്പിക്കുക. പരിചയമുള്ള ഫോട്ടോകള്‍ മുറിയില്‍ വെക്കുക.
  • വാര്‍ത്തകളെയോ പഴയ സംഭവങ്ങളെയോ കുടുംബത്തിലെ വിശേഷങ്ങളെയോ ഒക്കെപ്പറ്റി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയും അഭിപ്രായമാരായുകയും ചെയ്യുക. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുക.
  • രാത്രി മുറിക്കകത്ത് നേരിയ വെളിച്ചം സജ്ജീകരിക്കുക.
  • വേണ്ടത്ര വെള്ളം കുടിക്കുന്നെന്നും ആഹാരം കഴിക്കുന്നെന്നും ഉറപ്പുവരുത്തുക. അതേസമയം, കിടക്കുന്ന കിടപ്പില്‍ ഒന്നുംതന്നെ വായില്‍വെച്ചുകൊടുക്കാതിരിക്കുക.
  • മലബന്ധമുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കുക.
  • ഉറങ്ങാനുമുണരാനും വീട്ടില്‍ പാലിക്കാറുണ്ടായിരുന്ന അതേ സമയക്രമം പിന്തുടരാന്‍ ശ്രമിക്കുക. പറ്റുമെങ്കില്‍ പകലുറക്കം തടയുക.
  • ഡോക്ടറുടെ അനുവാദമുണ്ടെങ്കില്‍ ദിവസവും കുറേശ്ശെ നടത്തിക്കുക.
  • കാനുല കുത്തിയിടുന്നതും മൂത്രതടസ്സത്തിനോ ഭക്ഷണം കൊടുക്കുന്നതിനോ ട്യൂബിട്ടുവെക്കുന്നതും ഡെലീരിയത്തിനു സാദ്ധ്യതയേറ്റുമെന്നതിനാല്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്താനാവുമോ, മൂത്രതടസ്സത്തിന് ഉള്ളിലിടുന്ന ട്യൂബിനു പകരം പുരുഷന്മാര്‍ക്ക് കോണ്ടം കത്തീറ്റര്‍ പരിഗണിക്കാനാവുമോ എന്നൊക്കെ ഡോക്ടറുമായി ചര്‍ച്ചചെയ്യുക.

ഇത്തരം നടപടികളിലൂടെ നാല്പതു ശതമാനത്തോളം ഡെലീരിയവും തടയാനാവുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഡെലീരിയം തുടങ്ങിക്കഴിഞ്ഞിട്ടാണെങ്കിലും ഇക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നത് അതിന്‍റെ തീവ്രതയും ദൈര്‍ഘ്യവും കുറയാനും സഹായിക്കും.

ചികിത്സ

ഡെലീരിയത്തിന്‍റെ മൂലകാരണങ്ങള്‍ കണ്ടെത്താന്‍ രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും ടെസ്റ്റുകളും വിവിധ ഭാഗങ്ങളുടെ എക്സ്റേ, സ്കാനിങ്ങ് മുതലായവയും ആവശ്യമാവാറുണ്ട്.

ഡെലീരിയത്തിനായിട്ടു പ്രത്യേക പ്രതിവിധികളൊന്നും നിലവിലില്ല. ഏതു കാരണങ്ങളാലാണോ ഡെലീരിയം വന്നത്, അവ ഭേദമാക്കുന്നതിലാണ് ചികിത്സകര്‍ ശ്രദ്ധയൂന്നുക. വലിയ അത്യാവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ത്തുക, ജലാംശത്തിന്‍റെയോ ഓക്സിജന്‍റെയോ അപര്യാപ്തതയോ ലവണങ്ങളുടെ ഏറ്റക്കുറച്ചിലുകളോ ഉണ്ടെങ്കില്‍ പരിഹരിക്കുക, അണുബാധകള്‍ പോലുള്ള മറ്റസുഖങ്ങളുണ്ടെങ്കില്‍ അവക്കുവേണ്ട ചികിത്സയൊരുക്കുക എന്നിവയൊക്കെയാണ് പൊതുവെ സ്വീകരിക്കപ്പെടാറുള്ള നടപടികള്‍.

ഉറക്കമരുന്നുകള്‍ ഡെലീരിയത്തെ വഷളാക്കാമെന്നതിനാല്‍ അവ കഴിവതും ഒഴിവാക്കുകയാണു ചെയ്യാറ്. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതിനാല്‍ വരുന്ന ഡെലീരിയത്തിന് ചിലതരം ഉറക്കമരുന്നുകള്‍ നിര്‍ബന്ധമാണ്‌. ചില സാഹചര്യങ്ങളില്‍ — ഡെലീരിയത്തിന്‍റെ ഭാഗമായ പെരുമാറ്റക്കുഴപ്പങ്ങള്‍ പരിശോധനകളോടോ ചികിത്സകളോടോ നിസ്സഹകരണത്തിനു നിമിത്തമാവുന്നെങ്കിലോ, മറ്റുള്ളവര്‍ക്കോ തനിക്കുതന്നെയോ അപായമെത്തിക്കാവുന്ന രീതിയില്‍ പെരുമാറുന്നെങ്കിലോ, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നെങ്കിലോ ഒക്കെ —അല്‍പകാലത്തേക്കു മനോരോഗമരുന്നുകളും ആവശ്യമായേക്കാം.

ആകെ പാഞ്ഞുനടക്കുകയോ അക്രമവാസന കാണിക്കുകയോ ചെയ്യുന്നവരെ കെട്ടിയിടുന്നതു പക്ഷേ ഡെലീരിയത്തെ പിന്നെയും രൂക്ഷമാക്കാമെന്നതിനാല്‍ കഴിവതും അങ്ങിനെ ചെയ്യാതിരിക്കയാവും നല്ലത്.

കൂടെനില്‍ക്കുന്നവര്‍ ശ്രദ്ധിക്കാന്‍

രോഗിക്കു കൂട്ടുനില്‍ക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തിയാലത് ഡെലീരിയം വേഗം സുഖപ്പെടാനും അതിന്‍റെ പല പ്രത്യാഘാതങ്ങളും തടയാനും അവരുടെതന്നെ ക്ലേശങ്ങളും കുറയാനും സഹായകമാവും:

  • പെരുമാറ്റം സ്വതേയുള്ള രീതിയില്‍ നിന്നു വ്യതിചലിക്കുന്നതായിക്കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെയോ നഴ്സുമാരെയോ അറിയിക്കുക.
  • ആളോടു വല്ലതും പറയുന്നത് ലളിതവും ഹ്രസ്വവുമായ വാചകങ്ങളില്‍ വേണം. കാര്യം ഗ്രഹിക്കപ്പെട്ടോ എന്നു ശ്രദ്ധിക്കുകയും ആവശ്യമെങ്കില്‍ വീണ്ടുമാവര്‍ത്തിക്കുകയും ചെയ്യുക.
  • ആളോടോ മുറിയിലെ മറ്റുള്ളവരോടോ സംസാരിക്കുമ്പോള്‍ ശാന്തത പാലിക്കുക. ഒച്ചയധികം പൊങ്ങാതെ നോക്കുക.
  • ദിവസമേതാണ്, തിയ്യതിയെത്രയാണ്, സമയമെന്തായി എന്നൊക്കെയുള്ള വിവരങ്ങളും ഇന്ന ആശുപത്രിയിലാണെന്ന കാര്യവും സംസാരമദ്ധ്യേ, തന്നെ കൊച്ചാക്കുകയാണോ എന്ന് ആള്‍ക്കു സംശയം തോന്നാത്ത രീതിയില്‍, ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുക. (“മണി ഒമ്പതായി, ഡോക്ടര്‍ ഇപ്പോള്‍ വന്നേക്കും.”, ഇന്നിപ്പൊ ഞായറാഴ്ചയായതുകൊണ്ട് കുട്ടികളൊക്കെ വീട്ടില്‍ത്തന്നെയുണ്ടാവും.”)
  • സ്കാനിംഗ് പോലുള്ള പരിശോധനകള്‍ക്കു വല്ലതും വിധേയരാവേണ്ടതുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി ധരിപ്പിക്കുക.
  • “ഇതൊരിക്കലും ഭേദമാവില്ലേ?” എന്നൊക്കെ ആശങ്കപ്പെടുന്നെങ്കില്‍ സാന്ത്വനിപ്പിക്കുക. അതേസമയം, “ആരോ കൊല്ലാന്‍ വരുന്നു” എന്നൊക്കെപ്പോലുള്ള അനാവശ്യ ഭീതികള്‍ പ്രകടിപ്പിക്കുന്നെങ്കില്‍ സമ്മതിച്ചുകൊടുക്കാനോ വിയോജിപ്പു കാണിക്കാനോ തര്‍ക്കിച്ചു ജയിക്കാനോ ചെല്ലാതെ, വിഷയം മാറ്റാന്‍ നോക്കുകയോ “ആലോചിക്കട്ടെ”, “അന്വേഷിക്കാം” എന്നോ മറ്റോ പറഞ്ഞൊഴിയുകയോ ചെയ്യുക.
  • വേദനയുടെയോ വിസമ്മതത്തിന്‍റെയോ സൂചനകള്‍ മുഖഭാവത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ സംവേദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നു ജാഗരൂകത പുലര്‍ത്തുക.
  • ഉറക്കക്കുറവുള്ളപ്പോള്‍ രാത്രിയില്‍ ഇളംചൂടുള്ള പാലുകൊടുക്കുന്നതും പുറം തലോടിക്കൊടുക്കുന്നതും പ്രശാന്തമായ പാട്ടുകള്‍ കേള്‍പ്പിക്കുന്നതും ഫലംചെയ്തേക്കും.
  • കട്ടിലില്‍നിന്നു വീഴാനോ ചാടിയിറങ്ങാനോ സാദ്ധ്യതയുണ്ടെങ്കില്‍ സൈഡ്റെയിലുകള്‍ പിടിപ്പിക്കുന്ന കാര്യം നഴ്സുമാരോടാലോചിക്കുക. എന്നാല്‍ തീവ്രരോഗമുള്ളവര്‍ അവക്കു മുകളിലൂടെയും ചാടുകയും പരിക്കിനിടയാക്കുകയും ചെയ്യാമെന്നുമോര്‍ക്കുക. ചില സന്ദര്‍ഭങ്ങളില്‍ കട്ടിലൊന്നും കൂടാതെ ആളെ നിലത്തു കിടക്കയിട്ടു കിടത്തുന്നതും പരിഗണിക്കേണ്ടതായി വരാം.
  • ഒരാക്രമണത്തിനുപയോഗിച്ചേക്കാവുന്ന വസ്തുക്കള്‍ മുറിയില്‍നിന്നു മാറ്റുക.
  • പരിചരണത്തിന് ഏറെപ്പേര്‍ മാറിമാറി നില്‍ക്കാതെ, ആശുപത്രിയിലുള്ളേടത്തോളം നാള്‍ ഒന്നോരണ്ടോ പേര്‍ തന്നെ കൂടെപ്പാര്‍ക്കുന്നതാവും നല്ലത്.
  • തീവ്രമായ ഡെലീരിയമുള്ളപ്പോള്‍ അധികം സന്ദര്‍ശകര്‍ വരാതെ നോക്കുക.
  • രോഗി നിര്‍മര്യാദം പെരുമാറുന്നെങ്കില്‍ അതില്‍ വിഷമമോ മോശമോ കരുതാതിരിക്കുക. ഒന്നും അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലെന്നും എല്ലാം അസുഖത്തിന്‍റെ ഭാഗമാണെന്നും സ്വയമോര്‍മിപ്പിക്കുക.
ലേഖകർ
Passed MBBS from Calicut Medical College and MD (Psychiatry) from Central Institute of Psychiatry, Ranchi. Currently works as Consultant Psychiatrist at St. Thomas Hospital, Changanacherry. Editor of Indian Journal of Psychological Medicine. Was the editor of Kerala Journal of Psychiatry and the co-editor of the book “A Primer of Research, Publication and Presentation” published by Indian Psychiatric Society. Has published more than ten articles in international psychiatry journals. Awarded the Certificate of Excellence for Best Case Presentation in Annual National Conference of Indian Association of Private Psychiatry in 2013. Was elected for the Early Career Psychiatrist Program of Asian Federation of Psychiatric Societies, held in Colombo in 2013. Was recommended by Indian Psychiatric Society to attend the Young Health Professionals Tract at the International Congress of World Psychiatric Association held in Bucharest, Romania, in 2015.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ