· 4 മിനിറ്റ് വായന

പഞ്ചാരക്കണ്ണ്

EndocrinologyMedicineനേത്രരോഗങ്ങള്‍

പ്രണയം അന്ധമാണെന്ന് നമ്മൾ പറയാറുണ്ട്. അതുമൂലം അന്ധരാവുന്നവരെ കണ്ടിട്ടുമുണ്ട്. ആ കാൽപ്പനികമായ പറച്ചിലിന് നല്ല പഴക്കമുണ്ട്. പ്രണയം മധുരമാണ്. മധുരമായതെന്തും അമിതമായാൽ അന്ധതയുണ്ടാക്കുമെന്ന് പഴമക്കാർക്കു പോലും അറിയാമായിരുന്നു. പ്രേമമധുരം മാത്രമല്ലാ, രക്തത്തിൽ പഞ്ചാര കൂടിയാലും കണ്ണടിച്ചു പോകുമെന്ന് ആധുനികവൈദ്യശാസ്ത്രം പറയുന്നതും ഏതാണ്ടങ്ങനെ തന്നെ വായിക്കാം. ഇന്ന് (നവംബർ 14) ലോകപ്രമേഹദിനമാണ്. വരൂ, പ്രമേഹം മൂലമെങ്ങനെ അന്ധത വരുമെന്ന് നമുക്ക് ലളിതമായൊന്ന് എത്തിനോക്കാം..

പ്രമേഹമൊരു ജീവിതശൈലീ രോഗമാണെന്ന് നമുക്കറിയാം. ആരോഗ്യസൂചികകളുടെ കണക്കിൽ രാജ്യത്തൊന്നാം സ്ഥാനക്കാരായ മലയാളിക്ക്, ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിലും ഒന്നാം സ്ഥാനം തന്നെ. ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തിയ പഠനത്തിൽ കേരളത്തിൽ 19.4 ശതമാനം ആളുകൾക്കും പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തൽ.! എന്നുവച്ചാൽ 5 -ൽ ഒരാൾക്ക് !. 45 നും 69 നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് പേരും പ്രമേഹമുള്ളവരോ പ്രമേഹം ഉടൻ പിടിപെടാൻ സാധ്യതയുള്ളവരോ ആണത്രേ!

പ്രമേഹമെന്നാൽ ചായയിൽ അബദ്ധത്തിൽ പഞ്ചസാര കൂടിയതുപോലെ രക്തത്തിൽ ഗ്ലൂക്കോസ് കൂടി നിൽക്കുന്ന ഒരവസ്ഥ മാത്രമല്ല. അത് ശരീരത്തിലെ ഓരോ കോശങ്ങളെയും ബാധിക്കും, പ്രത്യേകിച്ചും കുഞ്ഞുകുഞ്ഞു രക്തക്കുഴലുകളെ. അവയവങ്ങളെ പതിയെപ്പതിയെ തളർത്തും. ഒടുവിൽ തകർക്കും. അതു തന്നെയാണ് കണ്ണിലും സംഭവിക്കുന്നതും.

ചിലർക്കെങ്കിലും പരിചയമുണ്ടാവും, നിങ്ങളുടെ ഫിസിഷ്യൻ നിങ്ങൾക്ക് പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഒരു വിദഗ്ധ നേത്രപരിശോധന നിർദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞ കുഞ്ഞുകുഞ്ഞു രക്തകുഴലുകൾക്ക് വലിയ സ്ഥാനമുള്ള സ്ഥലമാണ് കണ്ണ്. പ്രത്യേകിച്ചും നേത്രപടലം അഥവാ റെറ്റിനയിൽ. കുഞ്ഞൻ ധമനികളുടെയും സിരകളുടെയും അതിലും കുഞ്ഞൻമാരായ നാഡീഞരമ്പുകളുടെയും ഒരു സംഗമഭൂമിയാണ് റെറ്റിന. ഈ റെറ്റിനയിലാണ് ‘കാഴ്ച’ രൂപം കൊള്ളുന്നത്.

നമ്മുടെ കണ്ണിനുള്ളിലെ സിനിമാ തിയറ്ററായ റെറ്റിനയ്ക്ക് അടുക്കടുക്കി വച്ചേക്കുന്ന നാഡീകോശങ്ങളുടെ പത്ത് പാളികളുണ്ട്. അതിനിടയിലൂടെയാണ് മേൽപ്പറഞ്ഞ കുഞ്ഞൻ രക്തക്കുഴലുകളും വിന്യസിക്കപ്പെട്ടിട്ടുള്ളത്.

പ്രമേഹം മൂലം റെറ്റിനയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളെ ഡയബെറ്റിക് റെറ്റിനോപതി (Diabetic Retinopathy) എന്നാണ് പറയുന്നത്. ഈ അവസ്ഥയുണ്ടാകുന്നത് ഒരാളെത്രകാലം പ്രമേഹരോഗി ആയിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. 50% ആളുകൾക്കും പ്രമേഹം തുടങ്ങി പത്തുവർഷത്തിനകമാണ് ഡയബറ്റിക് റെറ്റിനോപ്പതി വരുന്നത്. 20 വർഷത്തോളം പ്രമേഹബാധിതരായ 70% ആളുകൾക്കും രോഗം വരാനുള്ള സാധ്യതയുണ്ട്. ചിട്ടയായ രീതിയിൽ രക്തത്തിലെ പഞ്ചസാരയുടെ തോത് നില നിർത്താത്തവരിലും, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, അമിത കൊളസ്ട്രോൾ മുതലായ അവസ്ഥകളുള്ളവരിലും ഡയബറ്റിക് റെറ്റിനോപ്പതി വേഗത്തിൽ വരുന്നതായും കണ്ടിട്ടുണ്ട്.

മനുഷ്യശരീരത്തിൽ നേരിട്ട് നോക്കി രക്തക്കുഴലുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന ഏക സ്ഥലമാണ് റെറ്റിന. ഒഫ്താൽമോസ്കോപ്പ് എന്ന ചിന്ന ഉപകരണം വഴിയോ, ലെൻസ്‌ ഉപയോഗിച്ചോ ആണ് അത് വീക്ഷിക്കുന്നത്.

പ്രമേഹം കണ്ണിനെ മാത്രമല്ലല്ലോ ബാധിക്കുന്നത്. കണ്ണിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ മറ്റ് അവയവങ്ങളിലും അതിനകം ബാധിച്ചിരിക്കാം. അതിനാൽ പ്രമേഹരോഗികളിലെ നേത്രപരിശോധന വളരെ ഗൗരവമുള്ള വസ്തുതയാണ്. കാരണം കണ്ണിലൂടെ നമ്മൾ കാണുന്നത് കണ്ണു മാത്രമല്ലാ.

ഇങ്ങനെ നോക്കുമ്പോൾ ഒരു പ്രമേഹരോഗിയുടെ കണ്ണിൽ എന്തൊക്കെയാണ് കാണാൻ കഴിയുന്നത്? അല്ലെങ്കിലെന്താണ് നോക്കേണ്ടത്? അവിടെയാ കുഞ്ഞൻ രക്തക്കുഴലുകളിലെ കോശങ്ങൾ നശിച്ച് പിണഞ്ഞിട്ടുണ്ടോ, രക്താണുക്കൾക്ക് കൂട്ടംകൂടി രക്തയോട്ടം തടസ്സപ്പെടുത്തുന്നുണ്ടോ, റെറ്റിനയിൽ നീർക്കെട്ട് ഉണ്ടോ, പഞ്ഞി പോലത്തെ കുത്തുകൾ വന്നിട്ടുണ്ടോ എന്നൊക്കെ എളുപ്പത്തിലറിയാം. ഇവയെല്ലാം എത്രത്തോളമുണ്ടെന്നതനുസരിച്ചാണ്, അവയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്, കാഴ്ചയ്ക്ക് പ്രശ്നമുണ്ടാവുന്നത്.

റെറ്റിന എന്ന അഭ്രപാളിയിൽ കാഴ്ച ഏറ്റവും കൂടുതൽ സംഭവിക്കുന്ന പീതബിന്ദുവിലേക്ക് (macula) നീർക്കെട്ട് വന്നാൽ കാഴ്ചയെ അത് ഗുരുതരമായി ബാധിക്കും. കൂടുതൽ സങ്കീർണമായ അവസ്ഥയിൽ നേത്രഗോളത്തിനുള്ളിലേക്ക് രക്തസ്രാവം ഉണ്ടാവുകയും (Vitreous Hemorrhage), തുടർന്ന് റെറ്റിന തന്നെ ഇളകിപ്പോകുന്ന അവസ്ഥയും (Retinal Detachment) ഒക്കെ വന്നുചേരാം.

രക്തക്കുഴലുകളടഞ്ഞ് ആവശ്യത്തിന് രക്തം കിട്ടാതെ വരുമ്പോൾ റെറ്റിന പുതിയ രക്തക്കുഴലുകൾ ഉണ്ടാക്കാനും ശ്രമിക്കും. അതുപക്ഷേ കൂടുതൽ ദോഷകരമാവും. കാരണം രക്തകുഴൽ കോശങ്ങൾ അനിയന്ത്രിതമായും ആവശ്യമില്ലാത്തിടത്തും പടർന്ന് കയറും (Neo Vascularization). ഇതുകാരണം ചിലരിൽ കണ്ണിനുള്ളിലെ മർദ്ദം കൂടുകയും (Neovascular Glaucoma) തിരികെ ലഭിക്കാനാവാത്ത വിധം എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്യാം.

മേല്പറഞ്ഞ വ്യത്യാസങ്ങൾ റെറ്റിനയിലെ രക്തകുഴലുകളിലെ രക്തഓട്ടം ചിത്രീകരിച്ചു മനസിലാക്കാനാവും. അതിനാണ് ‘ഫ്ലൂറെസിൻ’എന്ന ഡൈ കുത്തിവയ്ച്ച് ക്യാമറ വഴി നിരീക്ഷിച്ചുകൊണ്ടുള്ള ആൻജിയോഗ്രാഫി (Fundus Fluorescent Angiography) ടെസ്റ്റ്‌ ചെയ്യുന്നത്.

പ്രമേഹം കണ്ണിനെ അന്ധമാക്കുന്നതെങ്ങനെയെന്ന് ഏതാണ്ട് മനസിലായില്ലേ? അതിന്റെ പ്രാധാന്യവും. പക്ഷെ, ഇതൊക്കെ തടയാനാവും.

പ്രമേഹം എപ്പോൾ കണ്ടെത്തിയോ ഉടൻ തന്നെ കാഴ്ചപടലത്തിന്റെ പരിശോധനയും നടത്തേണ്ടതാണ്. പ്രമേഹം തുടങ്ങി വർഷങ്ങൾ കഴിഞ്ഞാണ് കാഴ്ചയെ ബാധിക്കാറെങ്കിലും, മറ്റൊരു പ്രധാനകാര്യമുണ്ട്. നിങ്ങൾക്ക് പ്രമേഹം കണ്ടെത്തുന്ന ദിവസം മുതലല്ലാ നിങ്ങൾ പ്രമേഹരോഗിയാകുന്നത്. രോഗം തുടങ്ങി വർഷങ്ങൾ കഴിഞ്ഞായിരിക്കാം, നിങ്ങളത് തിരിച്ചറിയുന്നത്. അപ്പോഴേക്കും കണ്ണിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടാവാം. അതുകൊണ്ട് രോഗനിർണയം നടത്തിയാലുടൻ കാഴ്ചയും പരിശോധിക്കണം.

അതുകഴിഞ്ഞാൽ പിന്നെ, എല്ലാ പ്രമേഹരോഗികളും വർഷത്തിലൊരിക്കൽ ഒരു നേത്രരോഗ വിദഗ്ധന്റെ കീഴിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കൃത്യമായ ബ്ലഡ്‌ ഷുഗർ ക്രമീകരണവും, പുകവലി ഒഴിവാക്കുകയും, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കുറക്കുകയും കൂടി ചെയ്യണം.

ഇനി റെറ്റിനോപതി സ്ഥിരീകരിച്ചവരിൽ അസുഖത്തിന്റെ ‘ഗ്രേഡ്’ അനുസരിച്ച് ആറുമാസം മുതൽ രണ്ട് മാസം വരെയുള്ള ഇടവേളകളിൽ നേത്ര പരിശോധനയ്ക്ക് വിധേയമാകണം. അസുഖത്തിന്റെ കാഠിന്യമനുസരിച്ച് തന്നെയാണ് ചികിത്സയും. കണ്ണിനുള്ളിലേക്കുള്ള ഇഞ്ചക്ഷൻ, കാഴ്ച പടലത്തിലെ ലേസർ ചികിത്സ എന്നിവ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. രക്തസ്രാവം, കാഴ്ചപടലം വിട്ടു പോകൽ, കാഴ്ചപടലത്തിന്റെ കുറുകെയുള്ള പാട (Epiretinal membrane) മുതലായ അവസ്ഥകളിൽ സർജറിയും വേണ്ടി വരാറുണ്ട്. മേല്പറഞ്ഞ ചികിത്സയോടൊപ്പം ആന്റിഓക്സിഡന്റ് ഗുളികകൾ, തുള്ളിമരുന്നുകൾ മുതലായവ നൽകാറുണ്ട്.

പ്രമേഹം അന്ധതയുണ്ടാക്കുന്നത് അത് റെറ്റിനയെ മാത്രം ബാധിക്കുന്നതിലൂടെയല്ല കേട്ടോ. കണ്ണട വയ്ക്കുന്ന പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് കാഴ്ചയിലും വ്യത്യാസം അനുഭവപ്പെടാറുണ്ട്. ഇത് കണ്ണടയുടെ പവർ പോരാ എന്ന തോന്നൽ ഉണ്ടാക്കുകയും തന്മൂലം ഇടയ്ക്കിടെ കണ്ണാടി മാറ്റുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. ആയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി ക്രമീകരിച്ച് നിർത്തേണ്ടത് അത്യാവശ്യം ആണ്. ആ നോർമൽ ഷുഗർ ലെവൽ ഉള്ളപ്പോൾ മാത്രമേ കണ്ണടയ്ക്ക് വേണ്ടിയുള്ള പരിശോധന നടത്താവൂ.

മാത്രമല്ലാ, പ്രമേഹം തിമിരബാധയുടെ തോത് വളരെ പെട്ടെന്ന് ഉയർത്തുന്നുണ്ട്. കണ്ണിനുള്ളിൽ പുതിയ ലെൻസ് പിടിപ്പിച്ച് കൊണ്ടുള്ള ശസ്ത്രക്രിയയാണ് ഇവിടെ ചികിത്സ. ഇതിൽ പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് ശസ്ത്രക്രിയ കഴിഞ്ഞാൽ കാഴ്ച ലഭിക്കുന്നത് റെറ്റിനയുടെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും.

പ്രമേഹാനുബന്ധ നേത്രരോഗചികിത്സയിൽ ഇന്നുനാം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഒരുകാലത്ത് അപ്രാപ്യമായിരുന്ന പല ചികിത്സകളും ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. നല്ലൊരു ശതമാനത്തിലും ഡയബറ്റിക് റെറ്റിനോപ്പതി മൂലം നഷ്ടമായ കാഴ്ച തിരികെ ലഭിക്കുകയില്ല. പക്ഷെ, കൂടുതൽ കാഴ്ച നഷ്ടമാകാതെ, പൂർണ അന്ധതയിലേക്ക് പോകാതെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

ചില പ്രധാനകാര്യങ്ങൾ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു,

1. നിങ്ങളെത്ര ‘കാല’മായി പ്രമേഹരോഗിയാണ് എന്നതനുസരിച്ചാണ് കണ്ണിനെ അത് ബാധിക്കുന്നതിന്റെ തോത്.

2. ഷുഗർ ലെവൽ പൂർണമായും നിയന്ത്രിച്ച് നിർത്തിയാലും കണ്ണിൽ മാറ്റങ്ങൾ വരാം.

3. പക്ഷെ, ഷുഗർ നിയന്ത്രിച്ച് നിർത്തുന്നവരിൽ കാഴ്ചപ്രശ്നങ്ങൾ വൈകിയേ വരാറുള്ളൂ. എന്നുവച്ചാൽ ഷുഗർ നിയന്ത്രിച്ചാൽ, 10 വർഷം കഴിഞ്ഞ് വരേണ്ട കാഴ്ചപ്രശ്നങ്ങൾ നിയന്ത്രിച്ചില്ലേൽ 3 വർഷം കഴിയുമ്പോ വന്നേക്കും. വളരെ വേഗം വ്യാപിക്കുകയും ചെയ്യും.

4. കണ്ണ് ഒരു കണ്ണാടിയാണ്. വൃക്കകളെയോ മറ്റവയവങ്ങളെയോ ഒക്കെ പ്രമേഹം ബാധിച്ചിട്ടുണ്ടോ എന്നതിന്റെ പ്രതിഫലനം നമുക്കവിടെ കാണാം.

5. അതിനാൽ ഓരോ പ്രമേഹരോഗിയും കൃത്യമായി കാഴ്ച പരിശോധനയ്ക്ക് വിധേയരാകണം.

ഒരു കഥ കൂടി പറഞ്ഞിട്ട് നിർത്താം. ലൈലാ-മജ്നുപ്രണയം കാരണം പൊറുതിമുട്ടിയ നാട്ടുകാർ മജ്നുവിനോട് നാടുവിട്ടു പോകാൻ പറഞ്ഞു. അപ്പോൾ മജ്നു പറഞ്ഞു, ‘ഞങ്ങളുടെ പ്രണയം കാണണമെങ്കില്‍ നിങ്ങള്‍ മജ്നുവിന്‍റെ കണ്ണിലൂടെ നോക്കണം.’ ഉടനെ അവർ മജ്നുവിനെ ഒരു കണ്ണു ഡോക്ടറുടെ അടുത്തെത്തിച്ചു. പരിശോധനയിൽ മജ്നുവിന് പ്രമേഹം മൂലമുള്ള അന്ധതയാണെന്ന് ഡോക്ടർ കണ്ടെത്തി. പുറത്തിറങ്ങിയ നാട്ടുകാർ ഒന്നടങ്കം പറഞ്ഞൂ, ‘ഇത് പ്രേമോന്നുമല്ലാ, പ്രമേഹോണ്.. ലൈലേ, മോളേ ഇവനെക്കൊണ്ടോയി ചികിത്സിക്കണം. പോയി ഡോക്ടറെ കാണീൻ..’ അന്നുമുതലാണത്രേ പ്രേമവും അന്ധമാണെന്ന പഴമൊഴി ഉണ്ടായത്.

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ