· 5 മിനിറ്റ് വായന

നിസ്സാരമല്ല അതിസാരം…

ആരോഗ്യ അവബോധംപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു… അതിൽ ഒരു 11 വയസ്സുകാരൻ ഈ രോഗം മൂലം മരണപ്പെടുകയും ചെയ്തു… അതേ മേഖലയിൽ തന്നെ ഏകദേശം ഇരുപത്തിയഞ്ചോളം ആളുകൾക്ക് സമാനമായ രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്…
എന്താണ് ഈ രോഗം എന്ന് നമുക്കൊന്നു പരിശോധിക്കാം…
ആദ്യം അൽപം ചരിത്രത്തിലേക്ക്….
1897ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് ‘ബാസില്ലസ് ഡിസെൻറ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.കാലവർഷക്കെടുതിയുടെ ഭാഗമായി നമ്മുടെ നാട്ടിലും വയറിളക്കരോഗങ്ങൾ പെരുകിത്തുടങ്ങി. കുടിവെള്ളം മലിനമാകുന്നതാണ് പ്രധാന കാരണം. കുറച്ചു കൂടി വ്യക്തമാക്കിയാൽ മനുഷ്യമലം കലർന്ന വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോളാണ് ഈ കോളി, ഷിഗെല്ലാ എന്നീ ബാക്ടീരിയകളെക്കൊണ്ടുള്ള വയറിളക്കം ഉണ്ടാകുന്നത്. ഇത്രയും മനസ്സിലാക്കിയാൽ ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് മനസ്സിലാക്കൽ വളരെ സിംപിൾ ആണ്.
വയറിളക്കരോഗങ്ങളിൽ 90%ൽ അധികവും വെള്ളം പോലെ മലം പോകുന്ന (അക്യൂട്ട് വാട്ടറി ഡയേറിയ) തരം വയറിളക്കമാണ്. കൂടുതലും വൈറസുകളാണ് ഇതിന് കാരണമെങ്കിലും, മേൽപറഞ്ഞ ബാക്ടീരിയകളും, വിബ്രിയോ കോളറാ എന്ന ബാക്ടീരയും ഇത്തരം രോഗം ഉണ്ടാക്കാം. മുൻ കാലങ്ങളിൽ കുട്ടികളുടെ മരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം അക്യൂട്ട് വാട്ടറി ഡയേറിയ ആയിരുന്നു. മലത്തിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന നിർജ്ജലീകരണം മൂലമായിരുന്നു മരണങ്ങളിൽ ഭൂരിഭാഗവും. എന്നാൽ ORS ന്റെ ആവിർഭാവവും, വിവേകപൂർണ്ണമായ ഉപയോഗവും കാരണം ഈ രോഗം മൂലമുള്ള മരണം ഏതാണ്ട് ഇല്ലാതായി എന്നു തന്നെ പറയാം.
പത്ത് ശതമാനത്തിൽ താഴെ വയറിളക്ക രോഗങ്ങളിൽ മലത്തിൽ രക്തവും കഫവും കൂടെ കലർന്നിരിക്കും. ഇത്തരം വയറിളക്കങ്ങളെയാണ് Acute Dystentery എന്ന് പറയുന്നത്. ഷിഗെല്ല എന്ന ബാക്ടീരിയയാണ് ഇത്തരം വയറിളക്കത്തിന് പ്രധാന കാരണം. ആഗോളതലത്തിൽ ഈ ഒരു രോഗം പ്രതിവർഷം ഏകദേശം ആറു ലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുവേ രണ്ടു വയസ്സിനും നാലു വയസ്സിനുമിടയിലുള്ള കുട്ടികളിലാണ് ഈ രോഗാണുബാധ അധികമായും കണ്ടുവരുന്നത്.
രോഗം ബാധിച്ച രോഗിയുടെ മലം കുടിവെള്ളത്തിൽ കലരുന്നത് വഴിയാണ് ഈ രോഗം മറ്റൊരു വ്യക്തിയിലേക്ക് പടരുന്നത്. നമ്മൾ, നമ്മുടെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ എത്ര നിഷ്കർഷ വെച്ചു പുലർത്തിയാലും പെട്ടു പോകുന്ന ചില ഘട്ടങ്ങളുണ്ട്. ചടങ്ങുകളിൽ ക്ഷണിതാക്കളായി ചെല്ലുമ്പോൾ അവിടെ നിന്നും കിട്ടുന്ന ഭക്ഷണം മര്യാദയുടെ പേരിൽ കഴിക്കേണ്ടി വരുന്നു. ചൂടുവെള്ളവും പച്ച വെള്ളവും മിക്സ് ചെയ്താണ് പലയിടത്തും കുടിക്കാൻ നൽകുക. വെൽകം ഡ്രിങ്ക് എന്ന് പറഞ്ഞ് നൽകുന്ന സാധനം എന്ത് വെള്ളത്തിൽ ഉണ്ടാക്കുന്നു എന്ന് ആർക്കും അറിയില്ല. ഉപയോഗിക്കുന്ന ഐസിന്റെ കാര്യവും വ്യത്യസ്തമല്ല. കലാപരമായി മുറിച്ച് അലങ്കരിച്ചു വെക്കുന്ന സാലഡുകൾ പലപ്പോഴും കഴുകാതെയാണ് മുറിക്കുന്നത് എന്നതാണ് വാസ്തവം.
വെറും നൂറിൽ താഴെ ഷിഗല്ല ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളിൽ കടന്നാൽ തന്നെ ഈ രോഗാണുബാധയുള്ള സാധ്യത വളരെയധികമാണ്. കുടലിനുള്ളിൽ പ്രവേശിച്ചതിനു ശേഷം കുടലിലെ ശ്ലേഷ്മസ്തരത്തിനുള്ളിലേക്ക് നുഴഞ്ഞുകയറുന്ന ഈ ബാക്ടീരിയകൾ അവിടെ കോശങ്ങൾക്കുള്ളിൽ വച്ചുതന്നെ പെറ്റുപെരുകുകയും, ചില വിഷപദാർത്ഥങ്ങൾ (ShET1, ShET2, Shigatoxin) ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പ്രവർത്തനം കുടലിൻറെ സ്വാഭാവികമായ പ്രവർത്തനങ്ങളെ ബാധിക്കുകയും, കുടലിലെ സ്തരത്തിൻറെ ഏറ്റവും മുകൾഭാഗം അഴുകി മലത്തോടൊപ്പം പുറത്തേക്ക് പോകുന്നതിന് കാരണമാകുന്നു, ഇതാണ് ഡിസെൻറ്രി (മലത്തോടൊപ്പം രക്തവും ഞോളയും പഴുപ്പും പുറത്തേക്ക് പോകുന്നു ) എന്ന അവസ്ഥയ്ക്ക് കാരണം.
രോഗാണു ശരീരത്തിനുള്ളിൽ കടന്ന് പരമാവധി ഏഴു ദിവസത്തിനുള്ളിൽ തന്നെ ( സാധാരണയായി രണ്ടാം ദിനം തന്നെ ) രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ വയറിളക്കം, അതിസാരം, പനി, ഓക്കാനം, ചർദ്ദിൽ, വയറുവേദന, ദഹനക്കുറവ്, പുറത്തേക്കൊന്നും പോകാൻ ഇല്ലാതിരിക്കുന്ന അവസ്ഥയിൽ പോലും തുടരെത്തുടരെ കക്കൂസിൽ പോകണമെന്ന തോന്നൽ എന്നിവയാണ്.
രോഗ സങ്കീർണതകൾ:
തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി (seizures ) വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് (രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ടാകുന്നു) നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി, പൊട്ടി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് peritonitis എന്ന അവസ്ഥയിലേക്കു നയിക്കാം.
ഷിഗെല്ല എർസെഫലൈറ്റിസ്-ഷിഗെല്ല രോഗാണു ഉണ്ടാക്കുന്ന ഒരു ടോക്സിൻ തലച്ചോറിനെ ബാധിക്കുന്നതിനാൽ അപസ്മാരം, പൂർണ്ണ ബോധമില്ലായ്മ, അബോധാവസ്ഥ എന്നീ പ്രശ്നങ്ങളുണ്ടാകുന്നു. അപൂർവ്വമായി ഇത് വളരെ മാരകമാകുന്നു. എകിരി സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ മൂലം എല്ലാ വർഷവും ഏതാനും കുട്ടികൾ മരണപ്പെടാറുണ്ട്. ചികിൽസിച്ച് ഭേദമാക്കാൻ വളരെ വിഷമമുള്ള ഈ അവസ്ഥ പക്ഷേ വരാതെ നോക്കാൻ എളുപ്പമാണ്.
പ്രതിരോധം:
ഈ അസുഖത്തിന് എതിരെ ഒരു വാക്സിന് വേണ്ടിയുള്ള ശ്രമം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമാക്കപ്പെട്ടിട്ടില്ല. ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നൽകേണ്ടത്.
1. കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക.
2. ചെറിയ കുട്ടികൾ കൈ കഴുകുമ്പോൾ മുതിർന്നവർ ഒരു മേൽനോട്ടം വഹിക്കുക.
3. രോഗിയുടെ മലവും മറ്റു വിസർജ്ജ്യങ്ങളും പറ്റിയ തുണികൾ വേണ്ടത്ര അവധാനതയോടെ കൈകാര്യം ചെയ്യുക.
4. അണുനാശിനികൾ ഉപയോഗിച്ച് രോഗികളുടെ വസ്ത്രങ്ങൾ വൃത്തിയാക്കുക.
5. വയറിളക്കം ഉള്ള വേളകളിൽ നിങ്ങൾ പാചകം ചെയ്യുന്നതിൽ നിന്നും, ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക
6. വയറിളക്കം ഉള്ള സമയങ്ങളിൽ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പറഞ്ഞയയ്ക്കാതെ വീട്ടിൽ തന്നെ സംരക്ഷിക്കുക.
7. പൊതു കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നും സ്വിമ്മിംഗ് പൂളുകളിൽ നിന്നും വെള്ളം വയറ്റിനുള്ളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
8. കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
9. ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
10. കൃത്യമായ ഇടവേളകളിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുക.
11. അതാത് കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
രോഗനിർണയം:
പ്രധാനമായും മേൽസൂചിപ്പിച്ച രോഗലക്ഷണങ്ങളിൽ നിന്നാണ് ഈ രോഗം തിരിച്ചറിയപ്പെടാറുള്ളത്. സംശയമുള്ള രോഗികളുടെ മലത്തിൻറെ കൾച്ചർ പരിശോധനയിലൂടെ ഈ രോഗാണുവിനെ തിരിച്ചറിയുന്നതാണ് ഇതിൻറെ സ്ഥിരീകരണ പരിശോധന. പക്ഷേ കണ്ടെത്തപ്പെടുന്ന രോഗബാധയെക്കാൾ 10 ഇരട്ടിയിലധികം രോഗവാഹകർ സമൂഹത്തിൽ ഉണ്ട്.
ചികിത്സ:
രോഗബാധിതരിൽ ബഹുഭൂരിഭാഗവും അഞ്ചുമുതൽ ഏഴു ദിവസത്തിനുള്ളിൽ തന്നെ സ്വാഭാവികമായും രോഗത്തിൽ നിന്ന് രക്ഷ നേടുന്നതാണ്. എന്നാൽ വയറിളക്ക രോഗബാധിതരിൽ പനിയോ, മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയോ വയറുവേദനയോ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന എയ്ഡ്സ്/കാൻസർ ബാധിതർ, പ്രമേഹ രോഗികൾ എന്നിവർ കൂടുതൽ കരുതലോടെ ഈ രോഗത്തെ സമീപിക്കേണ്ടതാണ്.
ഏതൊരു വയറിളക്കരോഗത്തെയും പോലെ, നിർജലീകരണം തടയുക എന്നത് ഈ അസുഖത്തിന്റെ ചികിത്സയിലും പ്രഥമശ്രദ്ധ അർഹിക്കുന്നു. ഒ ആർ എസ് ലായനി ഉപയോഗിച്ചും, തീവ്രത കൂടുന്നതനുസരിച്ച് സിരകൾ വഴി ഡ്രിപ്പായും അതു നൽകുന്നു. രോഗാവസ്ഥ നീണ്ടുപോകാൻ കാരണമാകും എന്നതിനാൽ വയറിളക്കം കുറയ്ക്കാനുള്ള മരുന്നുകൾ സാധാരണ ഉപയോഗിക്കാറില്ല. സാധാരണ വയറിളക്കരോഗങ്ങളെ അപേക്ഷിച്ച് ഷിഗെല്ല ഭക്ഷണവസ്തുക്കൾ ആഗിരണം ചെയ്യാനുള്ള കുടലിന്റെ കഴിവിനെ കൂടുതലായി നശിപ്പിക്കുന്നു. ഇക്കാരണത്താൽ, ഷിഗെല്ലൊസിസ് ബാധിച്ച കുട്ടിയുടെ ആഹാരക്രമത്തിൽ പ്രത്യേകശ്രദ്ധ ആവശ്യമാണ്. സിങ്ക്, വൈറ്റമിൻ എ (ആവശ്യമെങ്കിൽ) എന്നിവ നൽകേണ്ടതാണ്. രോഗാണുവിനെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണ്. കൾച്ചർ പരിശോധനാഫലം അനുസരിച്ച് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുളിൽ മാറ്റം വരാം. അസുഖം ബാധിച്ച കുഞ്ഞിന് മുലപ്പാൽ തുടരുന്നത് അത്യാവശ്യമാണ്. രോഗത്തോടൊപ്പം സംഭവിച്ചേക്കാവുന്ന സങ്കീർണതകളിലേക്ക് പോയിക്കഴിഞ്ഞാൽ ഒരു ആധുനിക സംവിധാനമുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സ തന്നെ വേണ്ടി വന്നേക്കാം.
കേരളത്തിൽ:
കേരളത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് നാളിതുവരെ ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിൽ മാത്രം. അടുത്തകാലത്തായി നമ്മുടെ ആരോഗ്യവകുപ്പ് അടിസ്ഥാന രോഗപ്രതിരോധത്തിനായി നടത്തിപ്പോരുന്ന വാക്സിനേഷൻ, കിണറുകളുടെ ക്ലോറിനേഷൻ എന്നിവയ്ക്കെതിരെ പ്രചാരണം നടത്തുന്ന ഒരു വലിയ ലോബി തന്നെ ഉയർന്നു വരുന്നത് പൊതു സമൂഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണല്ലോ. മുൻപ് കേട്ടുകേൾവിയില്ലാത്ത വിധം ഷിഗല്ല പോലുള്ള രോഗങ്ങൾ കേരളം പോലൊരു സംസ്ഥാനത്ത് തിരിച്ചുവരുന്നത് ഇവയോടൊപ്പം കൂടി ചേർത്ത് വായിക്കേണ്ടതാണ്. വെള്ളം തിളപ്പിച്ചു കുടിക്കുന്നത് സ്വാഭാവികമായ ജലത്തിൻറെ ‘ഓജസും ജീവനും നഷ്ടപ്പെടത്തും’ എന്നതുപോലെയുള്ള വികലമായ പ്രചാരണങ്ങളിൽ വീണുപോകുന്നത് ഇത്തരം രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഇത്തരം പ്രചാരകരുടെ ലക്ഷ്യവും ഇതുതന്നെയാണെന്ന് വേണം കരുതുവാൻ.
ലേഖകർ
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
Manu Muraleedharan did his MBBS, and Diploma in Child Health from Govt Medical College, Kottayam. He works in the state health service, and presently serves as Junior Consultant in Paediatrics at Community Health Centre, Kumarakom. He works for 'Amrithakiranam' , an immunization and public health awareness initiative of the Kerala Govt Medical Officers' Association. Apart from public health, he is interested in photography and art.
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ