· 4 മിനിറ്റ് വായന

സ്ഫടികപ്പാത്രത്തിലെ ഗർഭങ്ങൾ

GynecologyObstetricsആരോഗ്യ അവബോധംഗവേഷണം

നമ്മുടെ പുരാണങ്ങൾ ശ്രദ്ധിച്ചാൽ, ഋഷ്യശൃംഗമുനി (വൈശാലി ഫെയിം) രണ്ടു പ്രധാനയാഗങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് കാണാം. ഒന്ന്, ദി മോസ്റ്റ് ഫേമസ് മഴ പെയ്യിക്കൽ യാഗം. അത് ശരിക്കുമൊരു സാമൂഹ്യപ്രവർത്തനമായിരുന്നു. ലോമപാദ മഹാരാജാവിന്റെ വരണ്ടരാജ്യത്തെ ഏതാനും നിമിഷങ്ങൾ കൊണ്ടദ്ദേഹം പ്രളയഭൂമിയാക്കി. രണ്ടാമത്തേത് പക്ഷെ, ഒരു ചികിത്സാ പദ്ധതിയായിരുന്നു. ദശരഥമഹാരാജാവിന്റെ ‘ദ്വിതീയ വന്ധ്യത’യുടെ ചികിത്സയ്ക്കായി നടത്തിയ, തന്റെ യാഗകരിയറിലെ മോസ്റ്റ് സക്സസ് സ്റ്റോറിയായി മാറിയ ‘പുത്രകാമേഷ്ടി’ യാഗമായിരുന്നു അത്. ‘ങേ.. ദ്വിതീയവന്ധ്യതയോ! അതെന്തൂട്ട്?’ എന്ന് നിങ്ങളിപ്പോൾ അറിയാതെ ചിന്തിച്ചെങ്കിൽ തുടർന്ന് വായിക്കാം. കാരണം, വന്ധ്യതയെ പറ്റിയും ആധുനിക വൈദ്യശാസ്ത്രത്തിലെ പുത്രകാമേഷ്ടിയായ IVF-നെ പറ്റിയുമാണ് പറയാൻ പോകുന്നത്. (മിത്രോം, ചുമ്മാ കോറിലേറ്റ് ചെയ്തെന്നേയുള്ളു. ഇനി IVF നെ പറ്റി രാമായണത്തിൽ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വരരുതേ. അങ്ങനേന്നുമില്ല.)

വന്ധ്യത രണ്ടുതരമാവാം. ‘പ്രാഥമികവന്ധ്യത’യും (primary Infertility) ‘ദ്വിതീയവന്ധ്യത’ യും (Secondary infertility). ലോമപാദരാജാവിന് കുട്ടികളേ ഉണ്ടാകുമായിരുന്നില്ല. ഈ അവസ്ഥയെയാണ് പ്രൈമറി ഇൻഫെർട്ടിലിറ്റിയെന്ന് പറയുന്നത്. എന്നാൽ ദശരഥന് കൗസല്യയിൽ ആദ്യമൊരു മകളുണ്ടായതാണ്. ശാന്ത. പക്ഷെ, പിന്നീട് മൂന്ന് ഭാര്യമാരിലും കുട്ടികളൊന്നും ഉണ്ടായില്ല. ഇങ്ങനെ ഒരിക്കൽ കുട്ടികളുണ്ടാകുകയും പിന്നീടുണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പറയുന്നതാണ്, സെക്കന്ററി ഇൻഫെർട്ടിലിറ്റി. വന്ധ്യതയുടെ തരമേതായാലും, അതിന്റെ ചികിത്സയിലെ വലിയ വിപ്ലവമായിരുന്നു, IVF എന്ന സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തം.

സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു ശിശുവായി വളർത്തിയെടുക്കുകയും ചെയ്യുന്നതാണ്‌ ഐ.വി.എഫ്‌. അഥവാ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ.
വിട്രോ എന്ന ലാറ്റിൻ പദത്തിനു പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ചെറിയ സ്‌ഫടികപാത്രം (glass) എന്നാണ്‌ അർത്ഥം. കോശങ്ങളെ ശരീരത്തിനു പുറത്തുവച്ചു വളർത്തിയെടുക്കുന്നത്‌ ഉൾപ്പടെയുള്ള ജൈവപരീക്ഷണങ്ങളെല്ലാം ആദ്യഘട്ടത്തിൽ ബീക്കറുകളിലോ ടെസ്‌റ്റ് ട്യൂബുകളിലോ ആണു നടന്നിരുന്നത്‌ എന്നതിനാലാണ്‌ ഇൻ വിട്രോ എന്ന പേര്‌. ശരീരത്തിനുള്ളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് in vivo എന്നും പറയും.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജനിച്ച റോബർട്ട്. ജി. എഡ്വേർഡ്‌സ് ആണ് IVF-ന് പിന്നിലെ മാസ്റ്റർ ബ്രെയ്ൻ. 1950 ന്റെ തുടക്കത്തിലാണ് അദ്ദേഹം വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്‌നങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗർഭപാത്രത്തിൽത്തന്നെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിർപ്പും സാമ്പത്തിക പരാധീനതയും മറികടന്നുള്ള അദ്ദേഹത്തിന്റെ ഗവേഷണം പതിറ്റാണ്ടുകൾ നീണ്ടു. സ്ത്രീരോഗ വിദഗ്ദ്ധൻ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേർഡ്‌സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലും കേംബ്രിജ് സർവകലാശാലയിലുമായിരുന്നു അവരുടെ ഗവേഷണങ്ങൾ. ലസ്ലി ബ്രൗണും ഭർത്താവ് ജോണും ഒമ്പതുവർഷം കുട്ടികൾക്കുവേണ്ടി കാത്തിരുന്ന ശേഷമാണ് അതുവരെയും കേട്ടുകേൾവി പോലുമില്ലാതിരുന്ന IVF എന്ന പരീക്ഷണത്തിനു തയ്യാറായത്. ചരിത്രം അവിടം മുതൽ വഴിമാറി സഞ്ചരിക്കുകയായിരുന്നു. അങ്ങനെ, 1978 ജൂലായ് 25ന് രാത്രി 11.47 ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു, ലൂയിസ് ബ്രൗൺ ജനിച്ചു. ലൂയിസ് ബ്രൗണിലേക്കും പ്രധാനപ്പെട്ട മറ്റു ചിലരിലേക്കും എന്തിന്, ഋഷ്യശൃംഗനിലേക്കു തന്നെ തിരികെ വരേണ്ടതുണ്ട്. അത് IVF-നെ പറ്റി അടിസ്ഥാനമായി ചിലതൊക്കെ പറഞ്ഞശേഷമാകാം.

വന്ധ്യതയ്ക്ക് ധാരാളം കാരണങ്ങളും നിരവധി ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്, IUI (Intra Uterine Insemination), ICSI (Intra Cytoplasmic Sperm Injection), IVF അങ്ങനെ നിരവധി. എന്നാൽ എപ്പോഴൊക്കെയാണ് IVF ചെയ്യേണ്ടിവരിക?

1. അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉളളവരിൽ. അണ്ഡവാഹിനിക്കുഴലിലാണ് (fallopian tube) സ്വാഭാവിക ഗർഭധാരണത്തിൽ അണ്ഡ-ബീജസംയോഗം (Fertilisation) നടക്കുന്നതെന്ന് അറിയാമല്ലോ. അപ്പോൾ കേടുപാടുകളുള്ള ട്യൂബിൽ ഈ സംയോഗം നടക്കില്ലാ. ട്യൂബിനെ ബാധിക്കുന്ന TB-യോ ട്യൂമറോ ഒക്കെ ഇതിന് കാരണമാകാം. നേരത്തെ പ്രസവം നിർത്തൽ ശസ്ത്രക്രിയ ചെയ്തവരുമാകാം.

2.പുരുഷബീജത്തിന്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്നങ്ങൾ ഉള്ളവരിൽ

3.ഓവുലേഷൻ (Ovulation) കൃത്യമായി നടക്കാത്തവരിൽ. അണ്ഡാശയത്തിൽ നിന്ന് അണ്ഡം (ovum) ഫാളോപ്പിയൻ ട്യൂബിലേയ്ക്ക് പുറന്തള്ളുന്ന പ്രക്രിയയാണ് ഓവുലേഷൻ. PCOD പോലുള്ള രോഗങ്ങളുള്ളവരിൽ ഇത് കൃത്യമായി നടക്കാറില്ലാ.

4.എൻഡോമെട്രിയോസിസ് (Endometriosis) ഉള്ളവരിൽ

5.ക്യാൻസർ രോഗികളിൽ പ്രത്യുത്പാദനശേഷി നിലനിർത്താൻ. ക്യാൻസറിന് കീമോ/റേഡിയോതെറാപ്പി എടുക്കുന്നവരിൽ ചികിത്സ തുടങ്ങുന്നതിന് മുമ്പേ അണ്ഡമോ ബീജമോ എടുത്തുസൂക്ഷിച്ച് വയ്ക്കാം. ചികിത്സയെല്ലാം കഴിഞ്ഞ്, ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം IVF വഴി ഗർഭം ധരിക്കാം.

IVF ന് പ്രധാനമായും അഞ്ച് സ്റ്റെപ്പുകളാണുള്ളത്.

Step 1:Stimulation (Super Ovulation)
മരുന്നുനൽകി ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ അണ്ഡാശയങ്ങളിൽ വളർത്തിയെടുക്കുകയാണ് ആദ്യഘട്ടം. IVF പ്രക്രിയയുടെ വിജയസാധ്യത കൂട്ടുന്നതിനാണ് ഇത്രയും അണ്ഡങ്ങൾ വേണ്ടത്.

Step 2:Egg Retrieval
അൾട്രാസൗണ്ട് സ്കാനിലൂടെ അണ്ഡാശയങ്ങളെ നേരിൽ കണ്ടുകൊണ്ട്, ഒരു സൂചി വഴി അണ്ഡങ്ങൾ ശേഖരിക്കുകയാണ് അടുത്തഘട്ടം. പത്തുമുതൽ മുപ്പതുവരെ അണ്ഡങ്ങൾ ഇങ്ങനെ ശേഖരിക്കാറുണ്ട്.

Step 3:Insemination and Fertilization
ശേഖരിച്ച അണ്ഡത്തിലേയ്ക്ക് പുരുഷബീജം കുത്തി വയ്ക്കുന്ന പ്രക്രിയയാണിത്. വളരെ സങ്കീർണമായ, അതീവ ശ്രദ്ധയോടെ മൈക്രോസ്കോപ്പിന്റെ സഹായത്തോടെ ചെയ്യുന്നതാണീ പ്രക്രിയ. പത്തോ അതിലധികമോ അണ്ഡങ്ങൾ ഇതുപോലെ പ്രത്യേകം ശേഖരിക്കുന്ന പുംബീജവുമായി സംയോജിപ്പിച്ച് വളർത്തും.

Step 4:Embryo Culture
ഫെർട്ടിലൈസേഷൻ വഴി ഉണ്ടാകുന്ന സിക്താണ്ഡം കൃത്യമായി വളരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അടുത്തപടി. ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെയാണ് കുഞ്ഞായി വളരാൻ തെരെഞ്ഞെടുക്കുക.

Step 5:Embryo Transfer
ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെ ശേഖരിച്ച് അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന എംബ്രയോ ഗർഭപാത്രത്തിന്റെ അകത്തെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുമ്പോൾ (Implantation) IVF വിജയകരമായി എന്ന് പറയാം. തുടർന്നുള്ള കാര്യങ്ങളൊക്കെ സാധാരണ ഗർഭധാരണത്തിലേതു പോലെ തന്നെ. പക്ഷേ, ഒന്നിലധികം കുട്ടികൾ ഒറ്റഗർഭത്തിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നതും ഓർക്കുക.

1978-ൽ പരീക്ഷണശാലയിൽ പരീക്ഷണക്കുഴലിൽ ഉരുവം കൊണ്ട ലൂയിസ് ബ്രൗണിന്റെ ജനനത്തോടെ IVF എന്ന നവീന ജൈവസാങ്കേതികവിദ്യയുടെ ജൈത്രയാത്രയും തുടങ്ങുകയായിരുന്നു. വന്ധ്യതാ ചികിത്സാരംഗം അന്നുമുതൽ പുതിയൊരു പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആദ്യ ടെസ്‌റ്റ് ട്യൂബ്‌ ബേബിയായി 1978-ൽ പിറന്ന ലൂയിസ്‌ ബ്രൗണിനു കൂട്ടായി അനുജത്തി നതാലി എത്തിയതു നാലുവർഷം കൂടി കഴിഞ്ഞാണ്‌. പക്ഷെ അവൾ ലോകത്തെ നാൽപ്പതാമത്തെ ടെസ്‌റ്റ് ട്യൂബ്‌ ശിശുവായിരുന്നു! അതായത് അപ്പോഴേയ്ക്കും തന്നെ വേറെയും മുപ്പത്തെട്ട് പരീക്ഷണശാലാക്കുഞ്ഞുങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിച്ചിരുന്നു. പക്ഷേ ലൂയിയും നതാലിയും ലോകത്തെ ആദ്യത്തെ ടെസ്‌റ്റ് ട്യൂബ്‌ സഹോദരിമാരായി. അതും മറ്റൊരു ചരിത്ര-ശാസ്ത്രകൗതുകം.

ലൂയിസ്- നതാലി സഹോദരിമാരിൽ ചേച്ചിയെ കടത്തിവെട്ടി അനന്തരം ചരിത്രമെഴുതിയത്‌ അനുജത്തിയാണ്‌. കെയ്‌സിയെ പ്രസവിച്ചപ്പോൾ നതാലി ലോകചരിത്രത്തിൽ സ്വാഭാവികമായി ഗർഭംധരിച്ചു പ്രസവിച്ച ആദ്യ ടെസ്‌റ്റ് ട്യൂബ്‌ ശിശുവായി! കുറച്ചു വൈകിയാണെങ്കിലും ലൂയിസ്‌ ബ്രൗൺ ആദ്യം കാമറൂണിനേയും പിന്നെ എയ്‌ഡനേയും ഗർഭം ധരിച്ചതും പ്രസവിച്ചതും സ്വാഭാവികരീതിയിൽ തന്നെ ആയിരുന്നു.

ലോകത്തെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ബ്രിട്ടനില്‍ പിറന്ന് വെറും 67 ദിവസം കഴിഞ്ഞ്, 1978 ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ടെസ്റ്റ്ട്യൂബ് ശിശുവായ ‘ദുര്‍ഗ’ (കനുപ്രിയ അഗര്‍വാള്‍) പിറന്നു. കൊല്‍ക്കത്തയിലെ പരിമിതമായ സൗകര്യങ്ങളില്‍ ചില നൂതനവിദ്യകളുപയോഗിച്ച് ഡോ. സുഭാഷ് മുഖര്‍ജിയാണ് ഈ നേട്ടമുണ്ടാക്കിയത്. പക്ഷെ, ഇന്ത്യൻ സമൂഹം ഈ ഇന്ത്യൻ ശാസ്ത്രജ്ഞനെ തട്ടിപ്പുകാരനായി മുദ്രകുത്തുകയും ക്രൂരമായി വേട്ടയാടുകയും ഒടുവിലദ്ദേഹത്തെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുക വരെ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമാണ്. 1986-ൽ പിറന്ന ഹർഷയ്ക്കാണ് ആ പദവി ഇന്ത്യയിൽ ലഭിച്ചത്. പക്ഷെ, ഡോ. സുഭാഷ് മുഖർജിയുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും ഒരു പശ്ചാത്താപം പോലെ നമുക്ക് അംഗീകരിക്കേണ്ടി വന്നു, അതും അദ്ദേഹം മരിച്ച് 22 വർഷങ്ങൾക്കു ശേഷം മാത്രം.

ലൂയിസ് ബ്രൗണിന്റെ പിൻഗാമികളായി ലോകമെമ്പാടുമായി 50 ലക്ഷത്തിലധികം ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഇതിനകം ജന്മമെടുത്തു കഴിഞ്ഞു. ഇപ്പോൾ പ്രതിവർഷം രണ്ടര ലക്ഷം പേർ ഈ സാങ്കേതിക വിദ്യയിലൂടെ അച്ഛനുമമ്മയുമാകുന്നു. വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി ലോകം ഇൻ വിട്രോ ഫെർട്ടിലൈസേഷനെ അംഗീകരിച്ചു കഴിഞ്ഞു.

വൈശാലി സിനിമയുടെ ക്ലൈമാക്സ് കണ്ടവർക്കെല്ലാം ഓർമ്മകാണും, മഴയുടെ മറവിൽ ഒരു കല്യാണം. ഋഷ്യശൃംഗന്റെ രഥത്തിലേക്ക് നാണത്തോടെ കയറുന്ന പാർവ്വതിയുടെ കഥാപാത്രത്തെ ഓർക്കുന്നുണ്ടോ? അതാണ് ശാന്ത. ദശരഥന്റെ കടിഞ്ഞൂൽ കണ്മണി. കുട്ടികളില്ലാത്ത ലോമപാദന് സുഹൃത്തായ അയോധ്യാധിപൻ ദത്തുനൽകിയതാണ്. കഥയുടെ കിടപ്പ് ഏതാണ്ട് മനസിലായില്ലേ? ഇനി ഇതൊന്നാലോചിച്ചേ, ‘പ്രൈമറി ഇൻഫർട്ടിലിറ്റി’ ഉണ്ടായിരുന്ന ലോമപാദന് എങ്ങനെ വൈശാലി എന്നൊരു മകളുണ്ടായി? അതോ ചതിയൻ ചന്തുവിനെ മാറ്റിയെഴുതിയതു പോലെ അതും എം.ടി.യുടെ ലീലയായിരുന്നോ? തൂലിക കൊണ്ടൊരു IVF?!

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ