കൊറോണ: പോർമുഖത്തെ പോരാളികൾക്ക് വേണ്ടതെന്തെല്ലാം
2019 ഡിസംബർ 30
“ഗുരുതരമായ SARS പോലൊരു രോഗം പടരുന്നുണ്ട് മുൻകരുതൽ സ്വീകരിക്കണം”
ചൈനയിലെ ഒരു യുവ ഡോക്ടർ വീചാറ്റിൽ പങ്കുവെച്ച കുറിപ്പാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പങ്കുവെച്ചു എന്ന കാരണത്താൽ അയാൾക്ക് പോലീസ് നടപടി നേരിടേണ്ടി വന്നു.
ജനുവരി 8,
ഡോക്ടർ ഒരു ഗ്ലോക്കോമ രോഗിയെ പരിശോധിക്കുന്നു.
ജനുവരി 10,
ഡോക്ടർക്ക് പനിയും ചുമയും മറ്റു ലക്ഷണങ്ങളും ആരംഭിക്കുന്നു.
ജനുവരി 12,
ഡോക്ടറെ താൻ ജോലി ചെയ്തുകൊണ്ടിരുന്ന വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ ഐ സി യു വിൽ അഡ്മിറ്റ് ചെയ്യുന്നു. തുടർന്ന് നടത്തിയ പല പരിശോധനകളും നെഗറ്റീവ്.
ജനുവരി 30,
പരിശോധനയിൽ നോവൽ കൊറോണ വൈറസ് പോസിറ്റീവായതായി റിപ്പോർട്ട്.
ഫെബ്രുവരി 7,
ഡോക്ടറുടെ മരണം സ്ഥിരീകരിച്ചതായി പ്രസ്താവന.
പുതിയൊരു രോഗത്തെ പറ്റി ലോകത്തോട് ആദ്യമായി പറയാൻ ശ്രമിച്ച അദ്ദേഹത്തിൻ്റെ മരണത്തിൽ ലോകാരോഗ്യസംഘടന ഉൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.
ഡോക്ടറുടെ പേര് ലീ വെൻലയാങ്. നേത്രരോഗ വിദഗ്ദ്ധൻ, 35 വയസിൽ താഴെ പ്രായം. പകർച്ചവ്യാധികളുടെ വിഷയത്തിൽ രാജ്യങ്ങൾ സ്വീകരിക്കേണ്ട സുതാര്യത ചർച്ചയാക്കിക്കൊണ്ട് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിന് ലഭിക്കേണ്ട നീതിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചത് ലക്ഷക്കണക്കിന് പേർ.
അതിനും പത്ത് ദിവസങ്ങൾക്ക് മുൻപ് നടന്ന മറ്റൊരു സംഭവം. മരണമടഞ്ഞത് മറ്റൊരു ഡോക്ടർ, പേര് ലിയാങ് വുഡോങ്. ഇ എൻ ടി സർജൻ. നോവൽ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ അറുപത്തിരണ്ടാം വയസ്സിൽ ജോലിക്ക് തിരികെയെത്തിയ ആളാണ്. രോഗബാധ മൂലം ജനുവരി 25-ന് മരണമടഞ്ഞു.
ഇതിനിടയിൽ നോവൽ കൊറോണ വൈറസിന് കോവിഡ് -19 എന്ന പേര് ലഭിച്ചു. പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ-ഹുബൈ പ്രവിശ്യകൾ ക്വാറന്റൈൻ ചെയ്യപ്പെട്ടു.10 ദിവസം കൊണ്ട് ആയിരത്തിലധികം ബെഡ്ഡുകൾ ഉള്ള ആശുപത്രി നിർമ്മിക്കപ്പെട്ടു. ചൈനയിൽ മാത്രം എൺപതിനായിരത്തിലധികം രോഗികളുണ്ടായി. പക്ഷേ പതിയെ അവരാ അസുഖത്തെ പിടിച്ചുകെട്ടി. അപ്പോഴേക്കും ധാരാളം ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിച്ചിരുന്നു, പലരും നമ്മെ വിട്ടു പോയിരുന്നു.
പിന്നെ വാർത്തകൾ വരുന്നത് യൂറോപ്പിൽ നിന്നാണ്. അസുഖം ഇറ്റലിയെ തകർത്തുകളഞ്ഞു. ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾക്ക് ഉടമയായിരുന്ന ഇറ്റലിയിൽ ആശുപത്രികൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിനേക്കാൾ രോഗികൾ. വൈകാതെ സ്പെയിനിലും അതേ അവസ്ഥ.
“ഞങ്ങളുടെ ഗ്ലൗസുകൾ തീർന്നു. ഞങ്ങൾക്ക് ആവശ്യത്തിന് സുരക്ഷ ഉപാധികൾ ലഭ്യമല്ലായിരുന്നു. ഞങ്ങൾ കൊറോണ വൈറസിനെതിരെ നല്ല രീതിയിൽ തയ്യാറെടുത്തിട്ടില്ലായിരുന്നു. ഞങ്ങളുടെ തലമുറയ്ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു..”
ഡോ. മാഴ്സെല്ലോ നതാലിയുടെ വാക്കുകളാണ്. മരിക്കുന്നതിനു മുൻപ് അവസാനമായി നൽകിയ ടെലിവിഷൻ ഇൻറർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ. ഇറ്റലിയിലെ കൊറോണ ബാധിച്ച സ്ഥലങ്ങളിൽ ഒന്നായ കൊഡോഗ്നോയിൽ ഡോക്ടറായിരുന്നു അവർ.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിച്ചു. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ വാർഡുകളിൽ വൈറസ് സ്ഥിരീകരിച്ച ഡോക്ടർമാരും നഴ്സുമാരും ജോലി ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി.
അറുപതിലധികം ആരോഗ്യപ്രവർത്തകർ മരണമടഞ്ഞതായി വാർത്തകൾ.
അയ്യായിരത്തിലധികം ആരോഗ്യപ്രവർത്തകർ ക്വാറന്റൈൻ ചെയ്യപ്പെട്ടു.
രോഗമുക്തി നേടി വരുന്ന ആരോഗ്യപ്രവർത്തകർ വീണ്ടും കോവിഡ് രോഗികളെ പരിചരിക്കുന്ന അവസ്ഥ.
ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം തന്നെ തുലാസിലാക്കുന്ന സവിശേഷ പ്രശ്നങ്ങൾക്ക് പ്രധാന പരിഹാരം PPE എന്നു വിളിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളാണ്. മുൻ നിരയിൽ പോരാടുന്ന ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി ആരോഗ്യ സംവിധാനമാകെ തളരുന്ന അവസ്ഥയുണ്ടാവാതിരിക്കാൻ PPE യാണ് പ്രതിരോധവും പ്രതിവിധിയും.
എന്താണ് PPE കിറ്റ്?
കൊവിഡ് പോലുള്ള രോഗാണുക്കളെ നേരിടുമ്പോൾ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കിറ്റിൽ (PPE കിറ്റ്) ഉണ്ടായിരിക്കേണ്ട സാധനങ്ങൾ ഇവയാണ്- ഷൂ കവർ, ഗ്ലൗസ്, ഗൗൺ, മാസ്ക് (N95 or 3 layer mask), ഗോഗിൾസ് തുടങ്ങിയവ.
രോഗികളെ ചികിത്സിക്കുമ്പോൾ ഇവയെല്ലാം തന്നെ, ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതാണ്. ഇല്ലെങ്കിൽ രോഗം വരാനുള്ള സാധ്യത 100% ത്തിനടുത്താണ്.
അതല്ലാതെ, രോഗവ്യാപനം സംശയിക്കുന്ന സമയങ്ങളിൽ മാസ്ക്, ഗ്ലൗസ് എന്നിവയെങ്കിലും നിർബന്ധമായും ഉപയോഗിക്കണം. കാരണം ഈ രോഗം പകർന്നു കിട്ടാൻ ഏറ്റവും സാധ്യതയുള്ള വഴികൾ അടക്കുവാനുള്ള ഏറ്റവും അടിസ്ഥാന ഉപാധികളാണിവ. രോഗിയിൽ നിന്നുമുള്ള സ്രവങ്ങൾ മുഖത്തേക്ക് തെറിക്കാൻ സാധ്യതയുള്ളപ്പോൾ കണ്ണിനെ സംരക്ഷിക്കുന്ന ഗോഗിൾസ് വയ്ക്കണം. ഇത്രയെങ്കിലും വ്യക്തിഗത സുരക്ഷാ ഉപാധികൾ നിർബന്ധമായും ആരോഗ്യപ്രവർത്തകർക്ക് ലഭ്യമാക്കേണ്ടതാണ്.
ഇതൊന്നുമില്ലാതെ അറിഞ്ഞോ അറിയാതെയോ രോഗബാധയുള്ളൊരാളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർക്ക് എത്ര ആരോഗ്യവാനാണെങ്കിലും രോഗാണുബാധയുണ്ടാവാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികൾ പോലും രോഗത്തിൻ്റെ ‘കാരിയർ’ ആയി പ്രവർത്തിക്കാം, രോഗം പകർന്നു നൽകാം.
അയാളുടെ വീട്ടുകാർക്കും മറ്റു രോഗികൾക്കും ഇടപഴകുന്ന ഓരോരുത്തർക്കും രോഗം പകർന്നു കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാത്രമല്ലാ, ഒരു ഡോക്ടർ നിരീക്ഷണത്തിൽ പോയാൽ ചുറ്റുമുള്ള ആയിരക്കണക്കിന് പേർ നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയുമുണ്ട്. ഇങ്ങനെ കുറച്ച് പേർക്ക് സംഭവിച്ചാൽ തന്നെ ആരോഗ്യ സംവിധാനങ്ങൾ തകിടം മറിഞ്ഞേക്കും.
ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം ഉണ്ടായാൽ, ഉള്ളവർ കൂടുതൽ ജോലി ചെയ്യേണ്ടി വരും, പല രോഗികൾക്കും വേണ്ടത്ര പരിചരണം കിട്ടാതെ വരും, അത് വഴി ആരോഗ്യപ്രവർത്തകരുടെയും, രോഗികളുടെയും ജീവനും ആരോഗ്യവും അപകടത്തിലാകും.
ആശുപത്രികളിൽ മറ്റു രോഗികളെയും, ഇതേ ഡോക്ടർമാർക്ക് പരിചരിക്കേണ്ടി വന്നേക്കാം എന്നും ഓർക്കുക. ആരോഗ്യ പ്രവർത്തകരുടെ ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിക്കാവുന്നതല്ല.
പരിമിതമായ സാഹചര്യങ്ങളിൽ വേണ്ട സുരക്ഷാ ഇല്ലാതെ അമിത ഭാരമുള്ള ജോലി ചെയ്യാനും, കരളലിയിപ്പിക്കുന്ന രംഗങ്ങൾ കാണാനും, ഇടയാവുന്ന ആരോഗ്യ പ്രവർത്തകർക്ക് കടുത്ത മാനസിക സംഘർഷവും, മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതായി ലോകം എമ്പാടും നിന്നുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നു.
ഒരു ആരോഗ്യ പ്രവർത്തകന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതുവഴി നമ്മൾ സംരക്ഷിക്കുന്നത് അയാളെ മാത്രമല്ല, ആരോഗ്യ സംരക്ഷണ മേഖലയെ ആകെത്തന്നെയാണെന്ന് നാം മറന്നു പോകരുത്. അതൊരാളുടെ ആത്മവിശ്വാസത്തെയും കാര്യക്ഷമതയെയും എത്രകണ്ട് വർദ്ധിപ്പിക്കുമെന്നത് നേരിട്ടനുഭവമുള്ളവരാണ് ഞങ്ങൾ.
സത്യസന്ധമായി അപഗ്രഥിച്ചാൽ ഇതുപോലൊരു അവസ്ഥയെ നേരിടാൻ സജ്ജമായിരുന്നില്ല എന്നതാണ് ചൈനയിലും ഇറ്റലിയിലും സ്പെയിനിലും സംഭവിച്ചത്. ചൈനയിൽ ആകസ്മികമായിരുന്നു എങ്കിലും മറ്റുള്ളവർക്ക് തയ്യാറെടുക്കാൻ അൽപമെങ്കിലും സമയം ഉണ്ടായിരുന്നു. പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്നവർ കരുതി. ഫലമോ? പതിനായിരക്കണക്കിന് പേർ മരണമടഞ്ഞു.
ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താതിരുന്നതും, യഥാർത്ഥ വിഷയങ്ങൾ ഭരണ നേതൃത്വത്തിൽ എത്തിക്കാതിരിക്കുന്നതും, ഇത്തരം സാഹചര്യങ്ങളിൽ സ്ഥിതിവിശേഷംഅപകടകരമാക്കുമെന്നാണ് ലോകത്ത് പല ഭാഗങ്ങളിലും സംഭവിച്ച കാര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കേണ്ടതും കാര്യക്ഷമമായി ഇടപെടേണ്ടതുമായ ഒരു സംഗതിയാണ് PPE യുടെ ദൗർലഭ്യമെന്ന് ഒരിക്കൽ ഓർമ്മിപ്പിക്കാൻ വേണ്ടി കൂടി എഴുതുന്ന ലേഖനമാണ്.
ചിലയിടങ്ങളിലെങ്കിലും തുണി മാസ്കുകൾ കെട്ടിക്കൊണ്ട് രോഗികളെ നോക്കുന്ന അവസ്ഥ പോലുമുണ്ട്. പലയിടങ്ങളിലും ഈ പ്രശ്നങ്ങൾ കൃത്യമായ വിവരങ്ങൾ ഭരണ നേതൃത്വത്തിലേക്ക് എത്തുന്നില്ല. ശ്രേണീകൃതമായ അസമത്വം നിലനിൽക്കുന്ന മെഡിക്കൽ മേഖലയിൽ മേലധികാരികളെ ചോദ്യം ചെയ്യാൻ ഭയമുള്ള ആൾക്കാരുടെ എണ്ണവും ഒട്ടും കുറവല്ല. ഇങ്ങനെയുള്ള പല ഘടകങ്ങൾ കൂടി ചേരുമ്പോൾ ആവശ്യത്തിന് സുരക്ഷാ ഉപാധികൾ ലഭിക്കാതെ വരാനുള്ള സാധ്യത കൂടുന്നു.
നമുക്ക് മാത്രമല്ല, ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഇതൊരു പുതിയ അനുഭവമായിരുന്നു. ആരോഗ്യമേഖലയിൽ വേണ്ടത്ര ശ്രദ്ധ നൽകാത്ത രാജ്യങ്ങളൊക്കെ വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായി. വെന്റിലേറ്ററുകളും, PPE യും നിർമ്മിക്കാൻ വാഹന നിർമാതാക്കളോടും, ടെക്സ്റ്റൈൽ ഇൻഡസ്ട്രിയോടും തുടങ്ങി പല സംരംഭകരോടും ആവശ്യപ്പെടുന്ന സാഹചര്യം പല രാജ്യങ്ങളിലും നമ്മൾ കണ്ടതാണ്. ഇങ്ങനെ അസാധാരണമായ ഒരു സാഹചര്യത്തിൽ അസാധാരണമായ നടപടിക്രമങ്ങൾ വേണ്ടിവന്നേക്കാം.
നമ്മളും സജ്ജരാവണം. കേരളത്തിൽ ഇതിനകം 3 ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായിട്ടുണ്ട്. ഇനിയൊരാൾക്കു പോലും അങ്ങനെയുണ്ടാവരുതെന്ന നിഷ്കർഷയോടെ ഭരണ സംവിധാനങ്ങൾ ഇടപെടണമെന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുന്നു, അങ്ങനെ സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ശുചീകരണ തൊഴിലാളികൾ, ഡോക്ടർ, നേഴ്സ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആത്മവിശ്വാസം നൽകാൻ അത് ഉപകരിക്കും.
യുദ്ധമുഖത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ട് നിൽക്കുന്ന പോരാളിയുടെ ആത്മവിശ്വാസത്തോടെ, ഏത് കാഠിന്യമേറിയ സാഹചര്യത്തിലും പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർ എപ്പോഴും തയ്യാറാണ്, അവർക്ക് അത്യാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ ശ്രദ്ധിക്കണം.