· 4 മിനിറ്റ് വായന

ഒരുങ്ങാം മയങ്ങാൻ

Anaesthesiaആരോഗ്യ അവബോധം

ഇന്ന് ലോക അനസ്തീസിയ ദിനം.

അല്ല, ശരിക്കും ഈ അനസ്തേഷ്യ ഡോക്ടർടെ ജോലി എന്താ? അങ്ങനെ ചിലരുണ്ടിവിടെ, ആശുപത്രികളിൽ, പ്രധാനമായും ശസ്ത്രക്രിയാ മുറികളിൽ. ആധുനിക വൈദ്യശാസ്ത്രം ഇപ്പോഴവരെ പെരിഓപ്പറേറ്റീവ് ഫിസിഷ്യൻ എന്നു വിളിക്കുന്നു – അതായത്, ശസ്ത്രക്രിയയ്ക്ക് മുൻപും ശസ്ത്രക്രിയാസമയത്തും ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗിക്കാവശ്യമായ സേവനം നൽകുന്ന ഡോക്ടർ.

💠അപ്പച്ചാ, അമ്മച്ചിയെ മൂന്നാം നിലയിൽ മയക്കു ഡോക്ടറെ കാണിച്ചേച്ച് വാ.. പേപ്പറെല്ലാം എടുത്തോണേ..

പിഏസി എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന അനസ്തീസിയ പൂർവ പരിശോധനയാണ് സംഭവം. ഓപ്പറേഷൻ ചെയ്യേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്ന രോഗിയെ കണ്ട്, പരിശോധിച്ച്, ആവശ്യമായ ലാബ് പരിശോധനകൾ നടത്തി, ആ പരിശോധന ഫലങ്ങൾ വിലയിരുത്തി, നിലവിലെ ശാരീരിക സ്ഥിതി വിലയിരുത്തി, ശാരീരിക ക്ഷമത അളക്കുന്നതാണ് ഈ പരിശോധനയുടെ ലക്ഷ്യം.

പി ഏ സി ക്ക് പോകുമ്പോൾ?

🔸ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുക. മുമ്പ് ഉണ്ടായിരുന്ന രോഗങ്ങൾ, മുമ്പ് കഴിച്ചിരുന്ന/ ഇപ്പോൾ തുടരുന്ന മരുന്നുകൾ, മുൻകാല ശസ്ത്രക്രിയകൾ എന്നിവയുടെ വിവരങ്ങൾ പ്രധാനമാണ്. മറന്നു പോകാതിരിക്കാൻ കുറിപ്പ് എഴുതി കൈയിൽ വെയ്ക്കാം.

🔸 പരിശോധന ഫലങ്ങൾ കൈയിൽ കരുതുക. റിസൾട്ടെല്ലാം മറ്റേ ഡോക്ടർ കണ്ടതാണ്. ഇനി ഇവിടെ വീണ്ടും കണ്ടിട്ടെന്തിനാ എന്ന് കരുതരുത്. അനസ്തീസിയയെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ അനസ്തേഷ്യോളജിസ്റ്റാണ്. പരിശോധനഫലങ്ങൾ കൃത്യമായി കണ്ടാൽ മാത്രമേ അത് സാധ്യമാകൂ.

🔸കൊറേ ടെസ്റ്റ് ചെയ്തതല്ലേ. വയറിന്റെ സ്കാൻ ഒക്കെ എടുത്തു. ഇനി ഇവരെന്തിനാ രക്തം പരിശോധിക്കണമെന്ന് പറയുന്നത്?

രോഗനിർണയത്തിനും സർജറിക്കും ആവശ്യമായ പരിശോധനകൾ ആവും ആദ്യം സർജൻ നടത്തിയിട്ടുണ്ടാവുക. അനസ്തീസിയയെ സംബന്ധിച്ചിടത്തോളം വിവിധ അവയവ വ്യവസ്ഥകളുടെ പൊതുവായ പ്രവർത്തനം വിലയിരുത്തേണ്ടതുണ്ട്. ചെയ്യാൻ പോകുന്ന ഓപ്പറേഷൻ എന്ത് എന്നതും, എന്തൊക്കെ തരം അനസ്തീസിയ തരാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്നും അനുസരിച്ച് ആവശ്യമായ പരിശോധനകളിൽ വ്യത്യാസം വരാം. ആവശ്യമെങ്കിൽ മറ്റു സ്പെഷ്യലിസ്റ്റുകളുടെ വിദഗ്ധാഭിപ്രായം തേടിയുള്ള കൺസൾട്ടേഷനും വേണ്ടി വരാം.

🔸 രോഗിയുടെ രോഗവിവരങ്ങൾ അറിയുന്ന, കാര്യങ്ങൾ വ്യക്തമായി ശ്രദ്ധിച്ചു മനസിലാക്കാൻ കഴിയുന്ന ഒരു ബൈസ്റ്റാൻഡർ ഒപ്പമുണ്ടാകുന്നതാണ് അഭികാമ്യം. പലപ്പോഴും ഓപ്പറേഷൻ തീരുമാനിച്ചതിനെക്കുറിച്ചുള്ള ആശങ്കയിൽ PAC യ്ക്കെത്തുന്ന രോഗിക്ക് എല്ലാ നിർദേശങ്ങളും പെട്ടെന്ന് ഓർത്തു വയ്ക്കാൻ കഴിഞ്ഞെന്നു വരില്ല.

🔸ചില മരുന്നുകളുടെ ഡോസ് വ്യത്യാസപ്പെടുത്താം, ചിലത് താൽക്കാലികമായി നിർത്തി വച്ചേക്കാം. നിർദേശങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം.

🔸 സമ്മതപത്രം കണ്ടിട്ട് കണ്ണുതള്ളിപ്പോയി. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കണോ?

പ്ലാൻ ചെയ്യുന്ന ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തീസിയ ഏതൊക്കെ രീതിയിൽ ആവും എന്ന അനസ്തീസിയ പ്ലാൻ ഉണ്ടാവും.

ചിലപ്പോൾ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാത്രം മരവിപ്പിക്കുന്ന റീജിയണൽ അനസ്തീസിയ ആകും പ്രാഥമിക പ്ലാൻ. പക്ഷേ, പല കാരണങ്ങൾ കൊണ്ട് ഇത് ഫലപ്രദമാകാതിരിക്കാം, ശസ്ത്രക്രിയ പല കാരണങ്ങളാൽ നീണ്ടു പോകാം. അത്തരം സന്ദർഭങ്ങളിൽ പൂർണമായും ബോധം കെടുത്തുന്ന ജനറൽ അനസ്തീസിയയിലേക്ക് മാറേണ്ടി വരാം. അതുകൊണ്ടുതന്നെ അനസ്തീസിയക്കുള്ള സമ്മതപത്രത്തിൽ ഇതിന്റെയെല്ലാം വിശദാംശങ്ങളും സങ്കീർണതകളും ഉണ്ടാകും.

സമ്മതപത്രം കൃത്യമായി വായിച്ചു മനസിലാക്കിയ ശേഷം വേണം ഒപ്പിടാൻ. അത് രോഗിയുടെ അവകാശമാണ്.

🔸 പച്ചവെള്ളം പോലും കുടിക്കാൻ സമ്മതിക്കില്ല ഇവര്..

അനസ്തേഷ്യക്ക് മുൻപ് ഭക്ഷണം ഒഴിവാക്കാൻ ഉള്ള നിർദേശം തരുന്നത് അബോധാവസ്ഥയിൽ ഭക്ഷണമോ വെള്ളമോ ശ്വാസനാളത്തിലേക്ക് കടക്കാൻ സാധ്യത ഉള്ളതു കൊണ്ടാണ്. അത് മരണകാരണം ആയേക്കാം.

നിഷ്കർഷിക്കപ്പെട്ട അത്രയും സമയം ഉപവാസത്തിൽ അല്ലാതെ അനസ്തീസിയ നൽകുന്നത് അപകടമാണ്.

💠 എപ്പോഴും മൊത്തം മയക്കത്തില്ല, അല്ല്യോ?

🔸‘മൊത്തം മയക്കൽ’ എന്ന ജനറൽ അനസ്തേഷ്യയിൽ , രോഗിക്ക് ചില മരുന്നുകൾ നൽകി ഉറക്കുന്നു, ഈ മരുന്നുകൾ ശ്വാസത്തിലൂടെ നൽകുന്നവയാകാം (inhalational) , ഇഞ്ചക്ഷനിലൂടെ നൽകുന്നവയാകാം.

ഉറക്കം മാത്രമല്ല അനസ്തീസിയ. പേശികളെ താത്കാലികമായി പ്രവർത്തിക്കാതെയാക്കുന്ന മരുന്നുകളും വേദന സംഹാരികളും നൽകും. അപ്പോൾ ശ്വസിക്കാനും സഹായം നൽകേണ്ടതുണ്ട്. അതിനു ശ്വാസനാളത്തിലേക്ക് ട്യൂബ് ഇട്ട് ശ്വാസം നൽകേണ്ടി വരാം.

🔸 അപ്പോ നിങ്ങളിത് കൊടുത്തിട്ട് എവിടെ പോകും?

എവിടെയും പോകില്ല. ഈ മരുന്നുകളൊക്കെ നൽകിയ രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം ,ശ്വസനം ഇവയൊക്കെ കൃത്യമായി നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കണം. ശസ്ത്രക്രിയ നടക്കുമ്പോൾ രോഗിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റവും ശ്രദ്ധിക്കുകയും, ആവശ്യമായ അളവിൽ മറ്റു മരുന്നുകളും അനസ്തീസിയയുടെ തുടർച്ചയും നൽകുകയും വേണം.

അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സങ്കീർണതകളെ കൃത്യമായി തിരിച്ചറിഞ്ഞ് ഉടനടി ഇടപെട്ടു ചികിത്സിക്കേണ്ട നിർണായകമായ റോൾ അനസ്തേഷ്യോളജിസ്റ്റിനുണ്ട്.

കൂടാതെ, ശസ്ത്രക്രിയാ സമയത്തെ രക്തനഷ്ടം തിട്ടപ്പെടുത്തുകയും ആവശ്യമായ പക്ഷം രക്തവും രക്തഘടകങ്ങളും നൽകുകയും ശരീരത്തിലെ ലവണാംശം അടക്കമുള്ള ഘടകങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അവ ശരിയാംവിധം ക്രമീകരിക്കുകയും അനസ്തീസിയ നൽകുന്ന ഡോക്ടറുടെ ജോലിയാണ്.

ചുരുക്കത്തിൽ, ഉറക്കിയാൽ പോരാ ഉറങ്ങുന്ന രോഗിക്ക് ഒരു നിമിഷം പോലും കണ്ണെടുക്കാതെ കാവലിരിക്കുകയും വേണം.

🔸‘തരിപ്പിക്കൽ’ എന്ന റീജിയണൽ അനസ്തീസിയ യിൽ ശസ്ത്രക്രിയ ചെയ്യേണ്ട ശരീര ഭാഗം വേദനയില്ലാതെ ഇരിക്കുവാൻ നാഡികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണ് ചെയ്യുക. ഈ ‘ബ്ലോക്കാക്കൽ’ പല തലങ്ങളിൽ ചെയ്യാം. ഒരു പ്രത്യേക നാഡിയെ മാത്രം മരവിപ്പിക്കാം, ഒരു കൂട്ടം നാഡികൾ മരവിപ്പിക്കാം, ത്വക്കിനു താഴെ മരവിപ്പിക്കുന്ന മരുന്ന് കുത്തിവച്ചു ഒരു ചെറിയഭാഗം മാത്രം മരവിപ്പിക്കാം.

🔸 റീജിയണൽ അനസ്തീസിയയിൽ തന്നെ ഉൾപ്പെടുന്നതാണ്, central neuraxial block എന്ന് അനസ്തേഷ്യ ഡോക്ടറും ‘തണ്ടെല്ലു കുത്തി തരിപ്പിക്കൽ’ എന്ന് നാട്ടുകാരും വിളിക്കുന്ന ചില അനസ്തീസിയ രീതികൾ. തണ്ടെല്ലിൽ കുത്തുകയല്ല, സുഷുമ്ന നാഡിയിൽ നിന്ന് പുറത്തു വരുന്ന നാഡികളെ ഒരു കൂട്ടത്തെ ഒന്നിച്ചു, അവയുടെ ആവരണത്തിനു ചുറ്റും മരുന്ന് വച്ച് തരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ വിഭാഗത്തിൽ പ്രധാനമായും സ്പൈനൽ അനസ്തീസിയ എന്ന് സാധാരണ വിളിക്കാറുള്ള subarachnoid block, എപിഡ്യൂറൽ ബ്ലോക്ക്, caudal epidural block എന്നിവ ഉൾപ്പെടുന്നു.

ഈ റീജിയണൽ അനസ്തീസിയ നൽകുന്നതിനൊപ്പം രോഗിയുടെ ആകാംക്ഷ കുറയ്ക്കാനുള്ള മരുന്നുകളോ, ഉറങ്ങാനുള്ള മരുന്നുകളോ നൽകിയേക്കാം.

🔸ഓരോ രോഗിയുടെയും രോഗാവസ്ഥയും, ശസ്ത്രക്രിയയുടെ സ്വഭാവവും, രോഗിക്ക് ഉള്ള മറ്റ് അസുഖങ്ങളും, ശാരീരികമായ പ്രത്യേകതകളും ഒക്കെ ഇതിൽ ഏതു തരം അനസ്തീസിയ വേണം എന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.

അനസ്തീസിയ യുടെ സങ്കീർണതകളും ഈ പറഞ്ഞ കാര്യങ്ങളെ ഒക്കെ ആശ്രയിച്ചിരിക്കുന്നു.

💠 പണ്ടത്തെക്കാളൊക്കെ വല്യ പുരോഗമനമുള്ള ഫീൽഡാണല്ലേ?

തീർച്ചയായും. കൂടുതൽ കൂടുതൽ സുരക്ഷിതമായ അനസ്തീസിയ എന്ന ലക്ഷ്യത്തിലേക്കടുക്കാൻ സമസ്ത മേഖലകളിലും ടെക്നോളജിയുടെ വളർച്ചയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിത്. കൂടുതൽ സുരക്ഷിതമായ മരുന്നുകൾ, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കുന്ന മെഷീനുകൾ ഒക്കെ രോഗികളുടെ അനസ്തീസിയ അനുഭവത്തെ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

🔸അനസ്തീസിയയിൽ ഉള്ള രോഗിയുടെ നിരന്തരമായ നിരീക്ഷണത്തിലാണ് സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് ഒരുപാട് നമ്മെ സഹായിക്കുന്നത്. പല സങ്കീർണതകളും ചെറിയ വ്യതിയാനങ്ങളും ഒക്കെ ഏറ്റവുമാദ്യം കണ്ടുപിടിക്കാൻ ഡോക്ടറെ സഹായിക്കുന്ന ഉപകരണങ്ങൾ വഴി ഈ സാങ്കേതിക വിദ്യകൾ രക്ഷിക്കുന്ന ജീവനുകളുടെ എണ്ണം ചെറുതല്ല.

🔸ശസ്ത്രക്രിയക്ക് ശേഷവും, രോഗിയുടെ മേൽനോട്ടം, വേദന നിവാരണം , ഐ സി യു വിൽ വച്ചുള്ള പരിചരണം എന്നിവയിലും അനസ്തീഷ്യോളജിസ്റ്റിനു പങ്കുണ്ട്.

🔸ശസ്ത്രക്രിയകൾക്ക് മാത്രമല്ല, പലതരം പ്രോസീജ്യറുകൾക്കും അനസ്തീസിയ സേവനം ആവശ്യമായി വരാറുണ്ട്. ഉദാഹരണത്തിന് ഇലക്ട്രോകൺവൾസീവ് തെറാപ്പി മുതലായവ.

🔸വേദന രഹിത പ്രസവം, പെയിൻ ക്ലിനിക്ക് തുടങ്ങി എവിടെയെല്ലാം വേദന നിവാരണത്തിനു പ്രസക്തിയുണ്ടോ, അവിടെയെല്ലാം അനസ്തീസിയയുടെ സേവനവുമുണ്ട്.

അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്തീഷ്യോളജിയുടെ മോട്ടോ ‘eternal vigilance’ എന്നാണ്. നിതാന്ത ജാഗ്രതയോടെ, ശസ്ത്രക്രിയയ്ക്ക് മുൻപും, ഒപ്പവും, ശേഷവും.

ലേഖകർ
Dr Pallavi Gopinathan. MBBS MD DNB Anaesthesiology. Graduated from government medical college Kottayam. Did post graduation in Anaesthesiology from government medical college Thrissur. Presently working as junior consultant anaesthesiologist in Kerala health services. Areas of interest are promotion of scientific temper, public health and strengthening of health services in public sector.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

79 ലേഖനങ്ങൾ

പൊതുജനാരോഗ്യം

48 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

34 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Medicine

32 ലേഖനങ്ങൾ

Pediatrics

31 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ