· 12 മിനിറ്റ് വായന

ഗ്ലൂക്കോസ് തുള്ളിയും കോവിഡും തമ്മിലെന്ത്? സാമൂഹിക നന്മയ്ക്ക് ഗ്ലൂക്കോസ് തുള്ളി മതിയാവുമോ?

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
?കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ഗ്ലൂക്കോസ് ലായനി മൂക്കിൽ ഇറ്റിച്ചാൽ മതിയെന്നും, ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസിനെയും, ICMR-നെയും ധരിപ്പിച്ചപ്പോൾ അവർ അഭിനന്ദിച്ചു എന്നും, കഴിഞ്ഞ ദിവസം ഒരു ENT ഡോക്ടർ മാതൃഭൂമി പത്രത്തിലൂടെ അവകാശവാദം ഉന്നയിച്ചു.
?ഈ വാർത്ത വന്നതിനുശേഷം മൂന്നോളം സൂം മീറ്റിങ്ങുകളിൽ ഇതിനെപ്പറ്റി സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നിൽ ഒരാൾ പറഞ്ഞത്, ഈ വാർത്ത വിശ്വസിച്ച അവർ, ഗ്ലൂക്കോസ് പൊടി വാങ്ങി വെള്ളത്തിൽ കലക്കി മൂക്കിൽ ഇറ്റിക്കാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു എന്നാണ്.
?രണ്ടു ദിവസം കൊണ്ട് തന്നെ ഈ വാർത്ത വാട്ട്സാപ്പ് യൂണിവേഴ്സിറ്റികളും, അവിടത്തെ പ്രൊഫസർ കേശവൻമാമന്മാരും ഏറ്റെടുത്തു പ്രചരിപ്പിച്ചു കഴിഞ്ഞു. നിലവിൽ ഗ്ളൂക്കോസിന് മെഡിക്കൽ ഷോപ്പിൽ വിൽപ്പന കൂടി എന്നുവരെ കേൾക്കുന്നു. സാധാരണ മനുഷ്യരെ ഈ അസംബന്ധം എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളത് ഞെട്ടലോടെയേ കേട്ടിരിക്കാൻ പറ്റൂ.
?മഹാമാരിയെ എളുപ്പവഴിയിൽ തുരത്താം എന്ന രീതിയിലുള്ള സന്ദേശങ്ങൾക്കുള്ള സ്വീകാര്യത നമുക്കിടയിൽ ചെറുതല്ലാന്നറിയാം. സാധാരണ വ്യാജന്മാരാണ് സ്ഥിരീകരിക്കാത്തതും ലോജിക്കില്ലാത്തതുമായ അവകാശവാദങ്ങളുമായി അരങ്ങു കയ്യേറുന്നത്. ഇത്തവണ ഒരു മോഡേൺ മെഡിസിൻ ഡോക്ടർ തന്നെയാണ് വലിയ അവകാശവാദവുമായി വന്നിരിക്കുന്നത്.
?ശാസ്ത്ര അവബോധം ഉള്ള അനേകം പേർ, സോഷ്യൽ മീഡിയയിലൂടെ തന്നെ ഈ അവകാശവാദത്തിൻ്റെ പൊള്ളത്തരത്തെ തുറന്നു കാട്ടി ആശയക്കുഴപ്പം ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്ന് മാതൃഭൂമി പത്രം എഡിറ്റോറിയൽ പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസ്തുത ഡോക്ടറുടെ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ അദ്ദേഹം തൻ്റെ അവകാശവാദങ്ങൾ ശക്തമായി തന്നെ ആവർത്തിക്കുന്നു.
?കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണകൾ പടർത്താൻ പോന്ന ഇത്തരം ചെയ്തികൾ നിർഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നു വിശദീകരിക്കാം.
⁉ഈ അവകാശവാദം സത്യമാവാൻ വഴിയുണ്ടോ?
ലഭ്യമായ വിവരങ്ങൾ അടിസ്ഥാനശാസ്ത്ര തത്വങ്ങൾ എന്നിവ വെച്ച് അപഗ്രഥിക്കാൻ ശ്രമിക്കാം.
? A) ഇങ്ങനെ ഒരു സിദ്ധാന്തത്തിന് സാധുത ഉണ്ടോ? പഠനത്തിന് സാധ്യത എത്രത്തോളം ഉണ്ട്??
❎അദ്ദേഹം പറയുന്ന പല അവകാശവാദങ്ങളും വിചിത്രമാണ്, പല അഭിമുഖങ്ങളിലും അദ്ദേഹം പറയുന്ന ചിലതിൽ വൈരുദ്ധ്യവും ഉണ്ട്.
❌1. “കൊറോണ വൈറസ് പ്രധാനമായും മൂക്കിൽ കൂടി തൊണ്ടയുടെ ഏറ്റവും മുകൾ ഭാഗത്താണ് തങ്ങി നിൽക്കുന്നത്”
വസ്തുത: – വൈറസ് പ്രവേശിക്കുന്ന മാർഗ്ഗം മൂക്ക് മാത്രമല്ല,
✅a. ശ്വസിക്കുന്ന സ്രവകണികകൾ വായുവിലൂടെ എത്തിക്കുന്ന രോഗാണുക്കൾ മൂക്കിലും തൊണ്ടയിലും ഒക്കെ പറ്റിപിടിച്ചു ഇരിക്കുക മാത്രമല്ല, നേരിട്ട് ശ്വാസകോശത്തിലും എത്താം.
✅b. കൂടാതെ പ്രതലങ്ങളിൽ സ്പർശിക്കുന്നത് വഴി അവിടങ്ങളിലുള്ള വൈറസ് കൈകളിൽ എത്തുകയും, പിന്നീട് കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിലെ ശ്ലേഷ്മ സ്തരത്തിൽ സ്പർശിച്ചാലും വൈറസ് ഉള്ളിലെത്താം എന്ന് ഓർക്കുക. അതുകൊണ്ടാണ് കൈ നിരന്തരം ശുചിയാക്കാൻ നമ്മൾ നിർദ്ദേശിക്കുന്നത്. ദഹനവ്യവസ്ഥ ഉൾപ്പെടെയുള്ള ശരീരാവയവങ്ങളെ കോവിഡ് ബാധിക്കാം എന്നുമോർക്കുക.
❌2. “ആദ്യ മൂന്നു നാല് ദിവസം വൈറസിന്റെ സാന്നിധ്യം അറിയാൻ വേണ്ടി മൂക്കിൽ കൂടി തൊണ്ടയിൽ നിന്നുള്ള സ്രവം പരിശോധിക്കുന്നു”
?തൻ്റെ സിദ്ധാന്തത്തെ ന്യായീകരിക്കാൻ വേണ്ടി മൂക്ക് കേന്ദ്രീകരിച്ചാണ് കോവിഡ് രോഗം ഉണ്ടാകുന്നതെന്ന് ധ്വനിപ്പിക്കാൻ വേണ്ടിയാണ് ഈ വാദങ്ങൾ.
?*എന്നാൽ കോവിഡ് വൈറസിനെ കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം Broncho Alveolar Lavage (അഥവാ ശ്വാസനാളത്തിനുള്ളിൽ ബ്രോങ്കോസ്‌കോപ് എന്ന കുഴൽ കടത്തി ശേഖരിക്കുന്ന സ്രവം) ആണ് മൂക്കിലെ സ്രവത്തേക്കാൾ പല മടങ്ങു കൃത്യതയുള്ള ഫലം തരുന്നത്.* എന്നാൽ ഇത് ചെയ്യുക പ്രയാസവും ഒരുപാടാൾക്കാരിൽ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാൻ അപ്രായോഗികവും ആയതിനാലാണ് മൂക്കിലെ സ്രവം എടുക്കുന്നത്.
?വൈറസുകൾ മൂക്കിൽ മാത്രം ‘കൂടുകെട്ടി’ ഇരിക്കുക അല്ല എന്ന് ചരുക്കം.
?മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ നശിപ്പിക്കാനായി ആരെങ്കിലും ഒരു വിദ്യ കണ്ടെത്തിയാൽ പോലും, ശ്വാസകോശത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തപ്പെടുന്ന കൊറോണ വൈറസ് അവശേഷിക്കുമല്ലോ.
❌3. ” ഗ്ലൂക്കോസ് തുള്ളി മരുന്ന് മൂക്കിൽ ഇറ്റിച്ചാൽ തൊണ്ടയിൽ വെച്ച് തന്നെ വൈറസിനെ നശിപ്പിക്കാൻ കഴിയും” എന്ന് മറ്റൊരു അവകാശ വാദം.
?നാം വൈറസിനെ പ്രവേശനമാർഗ്ഗത്തിൽ തന്നെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്നു, കൈകൾ ശുചിയാക്കുന്നു, ശരീരം മൊത്തം ആവരണം ചെയ്യുന്ന പി പി ഇ കിറ്റ് വരെ ധരിക്കുന്നു. എന്നാൽ ഏവർക്കും അറിയാം ഈ പ്രതിരോധം അത് ധരിക്കുന്ന അത്രയും നേരമേ ഉള്ളൂവെന്ന്.
?എന്നാൽ മൂക്കിൽ ഇറ്റിക്കുന്ന ഗ്ലൂക്കോസ് തുള്ളി രണ്ടു നേരം ഒഴിച്ചാൽ എങ്ങനെയാണ് 24 മണിക്കൂറും മൂക്കിൽ വൈറസിനെ കൊല്ലാൻ പ്രാപ്തമായി ഇരിക്കുന്നത്. പ്രത്യേകിച്ച് സ്രവങ്ങൾ നിരന്തരം ഉണ്ടാകുന്ന മൂക്ക് പോലുള്ള ശ്ലേഷ്മ സ്തരത്തിൽ???!!!
?മറ്റുള്ള വൈറസിനും ഈ ഗ്ലൂക്കോസ് ഇറ്റിക്കൽ ഫലം ചെയ്യും എന്നാണോ വാദം എന്നറിയില്ല. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾക്കു മൂക്കിൽ ഇറ്റിക്കുന്നത് പോലെ, ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗത്ത് ഗ്ലൂക്കോസ് ഇറ്റിച്ചു ലളിത പരിഹാരം പേവിഷ ബാധയിലോ, എച് ഐ വി യിലോ ഒക്കെ സിദ്ധാന്തമായി അവതരിപ്പിക്കാൻ സാധുത ഉണ്ടോ?
❌4 . “വൈറസിന് പ്രോട്ടീൻ കൊണ്ടുള്ള ഒരു ബാഹ്യ കവചം ഉണ്ട്. അതുണ്ടാക്കുന്ന ഒരു കണ്ടെൻസേഷൻ എന്ന പ്രക്രിയയിലൂടെയാണ്. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളത്തിന്റെ കണികകൾ പുറത്തു വിടുക എന്നതാണ്. വൈറസിന്റെ രക്ഷാകവചം നശിപ്പിക്കാൻ ഹൈഡ്രോളിസിസ് എന്ന പ്രക്രിയയിൽ കൂടെ കഴിയും.”
എന്താണ് വസ്തുത:
✔ഈ വൈറസിന് RNA എന്ന ജനിതക ഘടകവും അതിനുമേൽ പ്രധാനമായും ഒരു ലൈപ്പിഡ് ആവരണവും ആണുള്ളത്.
*Lipid എന്നാൽ കൊഴുപ്പാണ്, ആ ഡോക്ടർ പറഞ്ഞ പോലെ പ്രോട്ടീൻ അല്ലാ.* സോപ്പ് കൊണ്ട് നമ്മൾ കൈ കഴുകുമ്പോൾ വൈറസിന്റെ ഈ കൊഴുപ്പുകൊണ്ടുള്ള ആവരണത്തെയാണ് ലക്‌ഷ്യം വെക്കുന്നത്. വൈറസിൻ്റെ പുറമെ കാണുന്ന മുള്ളുകൾ പോലുള്ള ഭാഗങ്ങളിൽ പ്രോട്ടീനുണ്ട്, പക്ഷെയതും hydrolysis നടത്തി നശിപ്പിക്കൽ ലളിതമായകാര്യമല്ല.
✔കുറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് സാമാന്യ ജനത്തിനെ തെറ്റിദ്ധരിപ്പിക്കുക, അദ്ദേഹം പറയുന്നത് എന്തോ വലിയ ശാസ്ത്രീയ സംഗതിയാണെന്ന് തോന്നിപ്പിക്കുക എന്നതിൽ കവിഞ്ഞു വലിയ കഴമ്പ് ഈ ശാസ്ത്ര പ്രയോഗങ്ങളിൽ ഇല്ല.
✔“പ്രോട്ടീൻ ആവരണം” ഉണ്ടെന്നതുൾപ്പെടെയുള്ള വാദങ്ങൾ തെളിയിക്കേണ്ട ബാധ്യത “burden of proof” അദ്ദേഹത്തിൻ്റെ മേലാണെന്ന് സവിനയം അദ്ദേഹത്തെയും മാതൃഭൂമിയെയും ഓർമ്മിപ്പിക്കുന്നു.
❌5. അദ്ദേഹം തന്നെ മാതൃഭൂമിയിലും ലോക്കൽ ചാനലിലും ആയി പറഞ്ഞ മറ്റു ചില പ്രസ്താവനകൾ,
“ഗ്ളൂക്കോസിൽ അടങ്ങിയ ഓക്സിജൻ അയോൺ, വൈറസിന്റെ ബാഹ്യ ആവരണം ഇല്ലാതാക്കി അവയെ നശിപ്പിക്കും”
“വെള്ളത്തിന്റെ കണികകളിൽ അടങ്ങിയിരിക്കുന്ന ഓക്സിജനാണ് ഇതിനെ നശിപ്പിക്കുന്നത്. ഓക്സിജന്റെ എണ്ണം കൂടുംതോറും വൈറസിനെ നശിപ്പിക്കാനുള്ള ശക്തിയും കൂടും.”
” ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ ആറു ഓക്സിജൻ കണികകൾ അടങ്ങിയിരിക്കുന്നു.”
“ഹാൻഡ് സാനിറ്റയ്‌സറിൽ പ്രധാനമായും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്”
വസ്തുതകൾ :
☑i. ഗ്ലൂക്കോസിൽ ഇതിൽ പറയുന്ന പോലെ ഓക്സിജൻ അയോൺ വേറിട്ട് നിലകൊള്ളുന്നില്ല.
വെള്ളത്തിന്റെയോ ഗ്ലൂക്കോസിന്റെയോ തന്മാത്ര സാധാരണ അന്തരീക്ഷത്തിൽ വിഘടിച്ചു ഓക്സിജനും ഹൈഡ്രജനും ആയി മാറുമെന്ന രീതിയിലെ വാദത്തിനു ശാസ്ത്രീയ അടിത്തറ എന്തെന്ന് അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടത്. കെമിസ്ട്രി അറിയാവുന്നവർക്കും പറയാം.
☑ii. അങ്ങനെ ലളിത യുക്തി പ്രയോഗിക്കുക ആണെങ്കിൽ ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ ഓക്സിജൻ എന്തുകൊണ്ട് വൈറസിനെ കൊല്ലുന്നില്ല എന്നാരെങ്കിലും ചോദിച്ചാൽ ഉത്തരം തരാനും ഇദ്ദേഹം ബാധ്യസ്ഥനാണ്. ഈ അവകാശവാദം അച്ചടിച്ച മാതൃഭൂമിയുടെ പേജിലുണ്ടാവും എണ്ണമില്ലാത്തത്രയും ഓക്സിജൻ ആറ്റങ്ങൾ. അതൊക്കെ വൈറസിനെ കൊല്ലുമെന്ന് പറഞ്ഞാൽ!!
☑iii. ഓരോന്നിലും അടങ്ങിയിട്ടുള്ള ആറ്റങ്ങളുടെ മാത്രമായ സവിശേഷതകൾ അല്ല തന്മാത്രകൾക്കുള്ളത്,
ഉദാ: ഓക്സിജൻ ഹൈഡ്രജൻ ചേർന്നുള്ള H2O പച്ചവെള്ളമാണ്. H2O2 ആവട്ടെ ഹൈഡ്രജൻ പെറോക്സൈഡും, C2H6O എന്നത് ഈഥൈൽ ആൽക്കഹോളും ആണ്. ഇവയൊക്കെ വ്യത്യസ്ഥ സ്വഭാവങ്ങൾ ഉള്ള പദാർഥങ്ങളാണ്.
☑iv. അന്തരീക്ഷവായുവിൽ ഓക്സിജൻ & ഹൈഡ്രജൻ ഉള്ളപ്പോൾ പോലും സാധാരണ സാഹചര്യങ്ങളിൽ അത് ഒത്തു ചേർന്ന് വെള്ളം ഉണ്ടാവാറില്ല, തിരിച്ചു വിഭജിച്ചു ഓക്സിജനും ഹൈഡ്രജനുമായി വേർതിരിയാറുമില്ല.
☑v. ചില പ്രത്യേക സാഹചര്യങ്ങൾ വെള്ളത്തിനു അയോണൈസേഷൻ നടക്കുമ്പോഴും ഹൈഡ്രോണിയം അയോൺ OH ആണ് ഉണ്ടാവുന്നത് എന്നാണു പരിമിതമായ അറിവ്. കെമിസ്ട്രി വിദഗ്ധർ പറയട്ടെ.
☑vi . സാധാരണഗതിയിൽ ഗ്ലൂക്കോസ് ശരീരത്തിലെത്തിയാൽ, അത് വെള്ളവും (H2O) കാർബൺ ഡൈ ഓക്സൈഡുമായി (CO2) മാറുകയാണ് ചെയ്യുന്നത്. അതുപോലും സങ്കീർണ്ണമായ രാസപ്രവർത്തനങ്ങളിലൂടെയാണ്.
✖vii. “സാനിറ്റയ്‌സറിൽ 75% ത്തിലധികം ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ അത് ഗുണം ചെയ്യൂ”
☑വസ്തുതാപരമായി തെറ്റാണ്. 60 % ആൽക്കോഹോൾ ഉള്ള സാനിറ്റയ്‌സറിനു വരെ കൊറോണ വൈറസിനെ കൊല്ലാൻ കഴിയും, എന്നാൽ 70% ആണ് ഉചിതം എന്നതിനാൽ കുറഞ്ഞത് 70% വീര്യം വേണം എന്നാണു നിർദ്ദേശം.(75 അല്ല)
❌6. ഗ്ലൂക്കോസ് മൂക്കിലിറ്റിക്കുന്ന ചികിത്സ ഉണ്ടോ?
ഉണ്ട്. അട്രോഫിക് റൈനൈറ്റിസ് എന്ന രോഗത്തിൽ മൂക്കിനുള്ളിൽ ഡ്രൈ ആയി ശൽക്കങ്ങൾ രൂപപ്പെടുന്നത് തടയാനാണ് പല ചികിത്സാ വിധികളിൽ ഒന്നായി ഇത് ഉപയോഗിക്കുന്നത്. പക്ഷെ രോഗാണുക്കളെ കൊല്ലാനല്ല, അവിടെ ഗ്ലിസറിന് ഒപ്പം ചേർത്തിത് പ്രയോഗിക്കുന്നത്.
?B) വാദങ്ങളിലെ അപാകതകൾ?
തന്റെ ഭാഗം ന്യായീകരിക്കാൻ ചില Fallacy കൾ, വികലമായ വാദമുഖങ്ങൾ ഒക്കെ അദ്ദേഹം മുന്നോട്ടു വെക്കുന്നു എന്നും കൂടി പറയാതെ വയ്യ.
? 1. Evidence v/s eminence
?ശാസ്ത്രം/ മോഡേൺ മെഡിസിനിൽ എവിഡന്സ് ബേസ്ഡ് അഥവാ തെളിവ് അധിഷ്ഠിതമാണ്, എമിനെൻസ്‌ അഥവാ വ്യക്തിഗത മേന്മയല്ല പ്രധാനം. വ്യക്തിയുടെ മഹത്വം അടിസ്ഥാനമാക്കിയല്ല വസ്തുതകൾ അംഗീകരിക്കുന്നത്.
?അത്തരം മുൻവിധികളും പക്ഷപാതിത്വങ്ങളും ഒഴിവാക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രീയ ഗവേഷണ മാർഗ്ഗങ്ങൾ ചെയ്യുന്നത്.
?ലിനസ് പോളിംഗ് എന്ന ശാസ്ത്രജ്ഞൻ രണ്ട് വത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനങ്ങൾ നേടിയ അതികായനായിരുന്നു. പ്രായമായപ്പോൾ അദ്ദേഹത്തിനൊരു തോന്നലുണ്ടായി, വൈറ്റമിൻ സി കൊടുത്താൽ ജലദോഷം ഉണ്ടാവില്ല എന്ന്. അതിനുവേണ്ടി അദ്ദേഹം പ്രബന്ധങ്ങൾ വരെ രചിച്ചു. പക്ഷേ താൻ പറഞ്ഞതിനെ ശാസ്ത്രീയമായി തെളിയിക്കാൻ മാത്രം അദ്ദേഹത്തിനോ അതിൽ പരീക്ഷണം നടത്തിയ മറ്റ് ശാസ്ത്രജ്ഞർക്കും സാധിച്ചില്ല. എന്നിട്ടും താൻ പിടിച്ച മുയലിന് നാലു കൊമ്പെന്ന വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. പക്ഷെ, ശാസ്ത്രലോകം ആ വാദത്തെ അദ്ദേഹത്തിൻ്റെ ഭാവനയായി തള്ളിക്കളഞ്ഞു.
?വിശദീകരണക്കുറിപ്പിലുടനീളം അദ്ദേഹം പല തവണ ആവർത്തിക്കുന്ന കാര്യം, അദ്ദേഹം 52 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള 80 വയസ്സുള്ള വന്ദ്യവയോധികനാണ് എന്നൊക്കെയാണ്. ശ്രീ ഇ സുകുമാരനോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ ശാസ്ത്രീയ വാദങ്ങളിൽ പ്രായം ഒരു മാനദണ്ഡം അല്ലല്ലോ സർ.
?കോവിഡ് ഉണ്ടാക്കുന്ന SARS Cov 2 എന്ന വൈറസ് കണ്ടെത്തപ്പെട്ടിട്ട് ഏകദേശം 10 മാസം ആവുന്നതേയുള്ളു. ലോകം എമ്പാടുമുള്ള ഗവേഷണ വിദഗ്ദ്ധർക്കും അത്ര മാത്രമേ ഈ പുതിയ വൈറസിനെ പരിചയമുള്ളൂ എന്നതോർക്കണം. അപ്പോൾ തൻ്റെ ദീർഘകാലത്തെ ചികിത്സാ പാരമ്പര്യം പ്രോജക്ട് ചെയ്യുന്നത് എന്തിനെന്നു ആലോചിക്കുക.
?ഇനി അദ്ദേഹത്തിൻറെ തന്നെ വാദം എടുത്താലും, രോഗികളെ ചികിൽസിക്കുന്നതും മെഡിക്കൽ രംഗത്തെ പ്രത്യേകിച്ച് വൈറോളജിയിലെ ഗവേഷണ രംഗത്തെ പരിചയവും എളുപ്പം തുലനം ചെയ്യാവുന്നതല്ല. കുറഞ്ഞ പക്ഷം അവകാശ വാദം ഉന്നയിച്ച വ്യക്തിക്ക് ഗവേഷണ രംഗത്ത് എത്ര വർഷത്തെ പരിചയം ഉണ്ടെന്നും, അദ്ദേഹത്തിൻറെ മുൻകാല സംഭാവനകൾ എന്തെന്നും സമൂഹ നന്മയ്ക്കായി മാതൃഭൂമി കണ്ടെത്തി അറിയിക്കണമായിരുന്നു. ഇനി എങ്കിലും ചെയ്യാവുന്നതാണ്.
?ഏറ്റവും പ്രായമുള്ള ആൾ എന്നത് ശാസ്ത്രീയ ആധികാരികത അളക്കാനുള്ള അളവുകോലല്ല. പാവയ്ക്കക്ക് മധുരമാണെന്ന് 90 വയസുള്ള പാവയ്ക്കാകർഷകൻ പറയുന്നതിൻ്റെ അതേ ലോജിക്കിനെയാണ് മാതൃഭൂമി ഇവിടെ അതാ പ്രായമായ ഡോക്ടർ പറയുന്നത് കേട്ടില്ലേ എന്ന രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്.
? 2. Appeal to Authority എന്ന വാദമുഖം
?ഒരു വിഷയത്തിൽ അഭിപ്രായം പറയുന്നത് ആരെന്നോ, അവരുടെ മുൻകാല നേട്ടങ്ങളോ നോക്കിയല്ല, ആ അഭിപ്രായത്തിൻ്റെ മെറിറ്റ് തീരുമാനിക്കുന്നത്. പറയുന്നതിന് തെളിവുണ്ടോ യുക്തിസഹമാണോ എന്നതിനാണ് പ്രാധാന്യം.
?വാദത്തിന് ബലം നൽകാൻ ഉന്നയിച്ചതും, മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് തലക്കെട്ടായി പ്രചരിപ്പിച്ചതും, കണ്ടു പിടിത്തത്തിനു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും, ഐ സി എം ആറിൽ നിന്നും അഭിനന്ദനവും അംഗീകാരവും ഒക്കെ ലഭിച്ചു എന്ന രീതിയിൽ ആയിരുന്നു.
?എന്നാൽ ഇന്നത്തെ കുറിപ്പിൽ അദ്ദേഹം വ്യക്തത വരുത്തി പറയുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇത് ഐ. സി. എം .ആറിലേക്ക് ഫോർവേഡ് ചെയ്യുക ആണുണ്ടായത്, എന്നാൽ ഐ സി എം ആർ തന്നെ അഭിനന്ദിച്ചു എന്നുമാണ്.
?ഏതെങ്കിലും ഒരു രോഗത്തിൻ്റെ ചികിത്സാ -പ്രതിരോധ മാർഗങ്ങൾ ഗുണകരമാണോ എന്ന് തീർപ്പുകൽപ്പിക്കുന്ന ഒന്നല്ല ബഹു: പ്രധാനമന്ത്രിയുടെ ഓഫീസ് എന്നത് പൊതുവിൽ ഏവർക്കും അറിയാവുന്ന കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കോ, ICMR ലേക്കോ കത്തിടപാടുകൾ നടത്തുന്ന ആർക്കും ലഭിക്കുന്ന ഒരു കറസ്പോണ്ടൻസ് ഒരു അംഗീകാരമായി ചിത്രീകരിച്ചാൽ അത് ഉചിതമല്ല.
?അദ്ദേഹം തന്നെ ഒടുവിലായി പറയുന്നത്,
ശാസ്ത്രീയ പഠനങ്ങൾ നടത്താൻ അദ്ദേഹത്തിന് നിർദ്ദേശം നൽകി എന്ന് മാത്രമാണ്. അദ്ദേഹത്തിന് ICMR ഗവേഷണാനുമതി കൊടുത്തെങ്കിൽ, ആ ഗവേഷണമെല്ലാം കഴിഞ്ഞിട്ട് ഗുണമുണ്ടെന്ന് തെളിവുസഹിതം കണ്ടെത്തിക്കഴിഞ്ഞ ശേഷം വേണം ഇങ്ങനൊരു വാർത്ത വരേണ്ടിയിരുന്നത്. അത്തരമൊരു പഠന റിപ്പോർട്ട് പൊതു സമക്ഷം വരുന്നത് വരുന്നതുവരെയും ഇതൊരാളുടെ ഊഹം, തോന്നൽ, ഭാവന ഒക്കെ മാത്രമാണ്.
?സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ/ അവകാശ വാദങ്ങൾ ഗുണം ചെയ്യില്ലന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കിയേക്കും. ഇത്തരം പൊടിക്കൈകൾ പ്രതിരോധശക്തി തരും എന്ന് കരുതി യഥാർത്ഥത്തിൽ വേണ്ട കരുതൽ നടപടികളിൽ ആരെങ്കിലും അലംഭാവം കാണിച്ചാൽ അത് അപകടകരമായിരിക്കും. ഗ്ലൂക്കോസ് അല്ലേ, ദോഷമൊന്നും ഇല്ലല്ലോ പിന്നെന്താ, എന്നൊക്കെ ചോദിക്കുന്നവർ ആ വശം ചിന്തിക്കാറില്ല.
നിരന്തരം മൂക്കിലേക്ക് ഗ്ലൂക്കോസ് ഇറ്റിക്കുന്നതു കൊണ്ട് ബാക്ടീരിയയ്‌ക്കൊക്കെ വല്ലോ ഗുണവും ഉണ്ടാക്കുമോ എന്നതും പരീക്ഷിച്ചു അറിയേണ്ട വിഷയമാണ്.
?ഇത്തരം തെറ്റിദ്ധാരണാ ജനകമായ വാർത്ത ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി ശിക്ഷാർഹമായ തെറ്റാണ്, പ്രത്യേകിച്ച് മഹാമാരിക്കാലത്ത്.?
?C) ശാസ്ത്രീയ പഠനങ്ങളും തെളിവുകളും?
?അസാധാരണമായ അവകാശ വാദങ്ങൾക്ക് അതിശക്തമായ തെളിവുകൾ വേണമെന്നാണ് പൊതുവിലെ ആപ്തവാക്യം. എന്നാൽ വളരെ വലിയ അവകാശവാദങ്ങൾക്കു വിചിത്രവും ദുർബലവുമായ തെളിവും വ്യക്തി അനുഭവങ്ങളും സാക്ഷ്യങ്ങളും ആണ് ഇദ്ദേഹം മുന്നോട്ടു വെക്കുന്നത്.
?വ്യക്തിസാക്ഷ്യങ്ങൾക്ക് തെളിവിന്റെ പിരമിഡിൽ നേരിയ പ്രസക്തിയെ ഉള്ളൂ. സുതാര്യവും വസ്തുനിഷ്ടവുമായ ശാസ്ത്രീയ രീതിയിലെ പഠനങ്ങളിൽ ഉരുത്തിരിയുന്ന കണ്ടെത്തലുകൾക്കാണ് പ്രാധാന്യം. (വിസ്താരഭയം കൊണ്ട് ഇദ്ദേഹം പറഞ്ഞിരിക്കുന്ന വ്യക്തി സാക്ഷ്യങ്ങൾ വിശകലനം ചെയ്യുന്നില്ല)
?പുതിയ കണ്ടെത്തലുകൾ
ഉണ്ടായാൽ ശരിയായ പഠനം നടത്തി ശാസ്ത്രജേണലുകളിലേക്കു അയക്കുകയും, മെച്ചപ്പെട്ടത് പ്രസിദ്ധീകരിക്കുകയും, ശാസ്ത്രസമൂഹത്തിനുള്ളിൽ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുകയുമാണുണ്ടാവുക.
?പത്രവാർത്തയല്ലാ ആദ്യം വരിക. പത്രവാർത്തയിലൊ പത്രസമ്മേളനത്തിലോ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്, കപട ശാസ്ത്രത്തിന്റെ മുഖമുദ്രയാണ്.
?സമൂഹനന്മയ്ക്കായി പച്ചവെള്ളത്തിൽ നിന്നും പെട്രോൾ ഉണ്ടാക്കാമെന്ന് മാധ്യമങ്ങൾക്കു മുന്നിൽ അവകാശവാദം ഉന്നയിച്ച രാമർ ഇപ്പോൾ തട്ടിപ്പിന്റെ പേരിൽ ജയിലിലാണ്.
?ഇദ്ദേഹം അയച്ചപോലെ ഏതെങ്കിലും വിഷയത്തിൽ ആര് ICMR-ന് കത്തുകൾ അയച്ചാലും ‘താങ്കളുടെ നിരീക്ഷണത്തെ അങ്ങേയറ്റം മാനിക്കുന്നു. കൂടുതൽ പഠനം നടത്തി ശാസ്ത്രീയമായ തെളിവുമായി വരൂ’ എന്നവർ മറുപടി അയക്കും. അതാണ് ഇവിടെയും സംഭവിച്ചതെന്ന് വേണം അനുമാനിക്കാൻ. അതൊക്കെ അംഗീകാരമായി ചിത്രീകരിച്ചാൽ, ഇതുപോലെ ഒരു പ്രമുഖ മാധ്യമം അതിന് കൂട്ടു നിന്നാൽ, അത് സമൂഹനന്മ ആവും എന്ന് കരുതാൻ പ്രയാസമുണ്ട്.
? ഈ യുക്തി പ്രയോഗിച്ചാൽ മറുചോദ്യം, കോവിഡ് രോഗബാധയിൽ ലോകത്തു ഒന്നാം സ്ഥാനത്ത് ഇന്ത്യ എത്തുന്ന ഈ ദുരവസ്ഥയിൽ ഇത്രവലിയ ഒരു കണ്ടുപിടുത്തം ആണെന്ന് കരുതുന്ന ഒന്ന് ഈ രാജ്യത്തെയും വിദേശത്തെയും ജനങ്ങൾക്ക്‌ പ്രയോജനപ്രദമായി വിനിയോഗിക്കാൻ ദ്രുതഗതിയിൽ നടപടി എടുക്കാതെ, അഭിനന്ദനം കത്തുവഴി കൊടുത്ത് വിടുക മാത്രമാണോ ഐ സി എം ആർ ചെയ്തത്?! എന്നാണു.
?കോവിഡ് ഒരു പുതിയ രോഗമാണ്, പ്രതിസന്ധിഘട്ടത്തെ നേരിടാൻ ലഭ്യമായ അറിവുകൾ ഉപയോഗിച്ച് നാം തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്, എന്നാൽ ശാസ്ത്രീയ ഗവേഷണത്തിലൂടെ കൂടുതൽ അറിവുകൾ ഉണ്ടാവും തോറും സ്വയം പരിഷ്കരിക്കുകയോ കാലഹരണപ്പെട്ടത് തിരസ്കരിക്കുകയോ ചെയ്യുന്നതാണ് ശാസ്ത്രീയ രീതി. എന്നാൽ ശാസ്ത്രീയ ഗവേഷണം ഒട്ടുമേ ഇല്ലാതെ ഇത്തരം മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നത് സാമൂഹിക തിന്മയാണ് എന്ന് വേണം പറയാൻ.
?D) സമൂഹ നന്മയും മാധ്യമ ധർമ്മവും.?
വിവാദങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നതോടൊപ്പം, വിരുദ്ധാഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യത്തെ അദ്ദേഹം മാനിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ആ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്. വിവാദങ്ങൾക്കു മാത്രമല്ല ഒരു ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള തിടുക്കം കൂടിയാണ് അദ്ദേഹവും മാതൃഭൂമിപത്രവും ചെയ്തത്.
“നിരന്തര പഠനത്തിൽ ഏർപ്പെട്ടിരുന്നു എന്നും തൻ്റെ പഠനങ്ങളുടെ മുന്നോട്ടു പോവുക തന്നെ ചെയ്യും” എന്നും ശ്രീ സുകുമാരൻ അവകാശപ്പെടുന്നു.
*ചില ലളിതമായ ചോദ്യങ്ങൾക്ക് അദ്ദേഹം അല്ലെങ്കിൽ മാതൃഭൂമി പൊതു സമൂഹത്തോട് മറുപടി പറയും എന്ന് കരുതുന്നു.*
1. മരുന്ന് ഗവേഷണമാണ് അദ്ദേഹം രോഗികളിൽ നടത്തിയതെങ്കിൽ അതിന് പ്രോട്ടോക്കോൾ തയ്യാറാക്കി എത്തിക്കൽ കമ്മിറ്റിയുടെ അനുവാദം വാങ്ങിയിട്ടുണ്ടോ?
2. വിധേയരായവരിൽ നിന്നും വിവരങ്ങൾ വെളിപ്പെടുത്തി രേഖാമൂലം സമ്മതപത്രം വാങ്ങിയിട്ടുണ്ടോ?
3. മരുന്ന് പരീക്ഷണത്തിന് ഐ.സി.എം.ആറിന്റെ ഉൾപ്പടെയുള്ള അനുമതി വാങ്ങിയിട്ടുണ്ടോ?
മരുന്ന് ഗവേഷണത്തിന് സുതാര്യതയും, ശാസ്ത്രീയതയും ഉറപ്പു വരുത്താനും, പങ്കെടുക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും അത്തരം ചട്ടങ്ങളും നിയമങ്ങളും രാജ്യത്തുണ്ട്.
ഉദ്ഘോഷിക്കുന്നതുപോലെ സമൂഹനന്മ മാത്രമാണ് ശ്രീ സുകുമാരന്റെയും, മാതൃഭൂമിയുടെയും ലക്‌ഷ്യം എങ്കിൽ ഇതിനൊക്കെ ഉത്തരം സമൂഹത്തോട് പറഞ്ഞു ആശയക്കുഴപ്പങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
*ആരെങ്കിലും പറയുന്നത് അച്ചടിച്ച് പ്രചരിപ്പിക്കുക അല്ല മാദ്ധ്യമധർമ്മം എന്ന് കരുതുന്നു.*
വ്യക്തിയുടെ അഭിപ്രായത്തിന്റെ കണ്ടന്റ് ഞങ്ങൾ നോക്കിയിട്ടല്ല അച്ചടിക്കുന്നത് എന്ന വാദം ദുർബലമാണ്. ഈ പോസ്റ്റ് ഞങ്ങൾ മാതൃഭൂമി എഡിറ്റർക്കും അയച്ചു കൊടുക്കുന്നു. ഈ വിമർശനം ഉൾപ്പെടെ മാതൃഭൂമി പത്രത്തിൽ അച്ചടിക്കുമോ എന്ന് കാണാൻ കാത്തിരിക്കുന്നു.
മഹാമാരിക്കാലത്ത് അവാസ്തവ സന്ദേശങ്ങൾ നിയമപരമായ തെറ്റായിട്ടു കൂടി, അവകാശവാദങ്ങൾക്ക് എതിരെ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ വിഷയത്തിൽ വിദഗ്ധരായവരിൽ നിന്നോ, ആരോഗ്യവകുപ്പിൽ നിന്നോ പ്രതികരണങ്ങൾ കൂടി തേടാതെ, ഏകപക്ഷീയമായി വീണ്ടും ശ്രീ സുകുമാരന്റെ കത്തു ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു കൊണ്ട് മാതൃഭൂമി എന്ത് നന്മയാണ് സമൂഹത്തിനു നൽകുന്നത് എന്ന് ജനങ്ങളോട് പറയണം എന്ന് അഭ്യർത്ഥിക്കുന്നു.
ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ