ഹാൻഡ് സാനിട്ടൈസറും പൊള്ളിയ കൈകളും
ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷമുള്ള പാചകം!
കൈ പൊള്ളാൻ സാധ്യതയുണ്ടോ ??
?ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്ത വീട്ടമ്മയുടെ കൈ കണ്ടോ? എന്നൊക്കെ മധുരോദാരമായ മലയാളത്തിൽ, നാട്ടിലെ പെണ്ണുങ്ങളുടെ കൈ ഏതു വിധേനയും സംരക്ഷിച്ചേ പറ്റൂ എന്ന ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത ഏതോ ഒരു ചേട്ടൻ്റെ ഓഡിയോ കേട്ടു.. കൂടെ രണ്ടു കൈയിലും മുറിവുള്ള, പേടിപ്പെടുത്തുന്നൊരു പടവും.
?എല്ലാവർക്കുമറിയാം ഹാൻഡ് സാനിട്ടൈസറിൽ ആൾക്കഹോൾ ചേർന്നിട്ടുണ്ടെന്ന്. അതാ പാക്കറ്റിൽ എഴുതിയിട്ടുമുണ്ടാവും. പക്ഷെ സാധാരണ നിഷ്കർഷിക്കുന്ന പോലെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ തീയിൽ കാണിച്ചാലും അത് കൈയിലിരുന്ന് കത്തില്ലാ.
?കാരണം, ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകളിലെ ഈ ആൾക്കഹോൾ കൈകളിൽ പുരട്ടിക്കഴിഞ്ഞ്, ഏതാനും സെക്കൻഡുകൾക്കുള്ളിൽ പൂർണ്ണമായും ബാഷ്പീകരിക്കപ്പെടും. എന്തെങ്കിലും കൈയിൽ അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നെങ്കിൽ, അത് ഹാൻഡ് സാനിറ്റൈസറിലെ അഡിറ്റീവുകളായിരിക്കും ഉദാ: സാധാരണയായി ആൾക്കഹോളിന്റെ ഈ ബാഷ്പീകരണം വൈകിപ്പിക്കുന്ന ചിലതരം ഇമോൾവെന്റ്സ് & മോയ്‌സ്ചുറൈസറുകൾ.
?എന്നാൽ കൈയിൽ ആവശ്യത്തിലധികം സാനിട്ടൈസർ ഒഴിച്ചാൽ അത് ബാഷ്പീകരിക്കപ്പെടാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ആവശ്യമുള്ള അളവിലാണോ എടുത്തതെന്നറിയാൻ കൈ 20-30 സെക്കൻഡുകൾക്കുള്ളിൽ പൂർണമായും ഉണങ്ങിയോ എന്ന് നോക്കിയാ മതിയെന്ന് നമ്മൾ പറയാറുണ്ട്. അപ്പോഴേക്കും ഉണങ്ങിയില്ലെങ്കിൽ അളവ് കൂടുതലാണെന്നർത്ഥം. ആദ്യ പ്രാവശ്യം അളവ് കൂടുതലാണെങ്കിൽ, അടുത്ത പ്രാവശ്യം എടുക്കുമ്പോൾ അതിനനുസരിച്ച് അളവ് കുറയ്ക്കുക.
✳ചിത്രത്തെ പറ്റി, ആ ചിത്രത്തിലെ വലതു കൈത്തണ്ടയിലെ മുറിവിൻ്റെ അരികുകൾ നേർ രേഖ പോലെയുള്ളതാണ്. തുടർന്ന് കാണുന്ന തൊലിയിലെ പാറ്റേണും സൂചിപ്പിക്കുന്നത് അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാനായി തൊലി ചീകിയെടുത്തതിൻ്റെ പാടായിരിക്കാം എന്നാണ്. അതുമല്ലെങ്കിൽ രണ്ടു കൈയും പൊള്ളലേൽപ്പിക്കാൻ പാകത്തിനുള്ള ഏതെങ്കിലും ലായനിയിൽ മുക്കിയതാവാം. എന്തായാലും ഒരു യഥാർത്ഥ ‘തീ’ പൊള്ളൽ ഇങ്ങനെയല്ലാ, ഷാർപ്പ് മാർജിനോടെയല്ലാ കാണുന്നത്..
✳സാനിട്ടൈസറിൻ്റെ കുപ്പിയിൽ ശ്രദ്ധിച്ചാലിങ്ങനെയും എഴുതിയിട്ടുണ്ടാവും, ആൾക്കഹോൾ ഉള്ളതു കാരണം ഇത് inflammable അഥവാ കത്തുന്ന ദ്രാവകമാണെന്ന്. അതിനാൽ ഇത് ഉയർന്ന താപനിലയിൽ നിന്നും തീജ്വാലകളിൽ നിന്നും അകറ്റി നിർത്തുന്നത് നല്ലതാണെന്നും. എന്നുവച്ച് ഒരാളുടെ കൈ വൃത്തിയാക്കാൻ ഇത് ഉപയോഗിച്ചുകഴിഞ്ഞാൽ ആ കൈയ്ക്ക് തീ പിടിക്കുകയൊന്നുമില്ല. കാരണം കൈയിലെ ആൾക്കഹോൾ ബാഷ്പീകരിച്ചു പോയല്ലോ…!
ഇനിയും വിശ്വാസമാവാത്തവർക്കും, കൂടുതൽ വായിക്കാൻ താല്പര്യം ഉള്ളവർക്കും വേണ്ടി ചിലതും കൂടി,
?ഹാൻഡ് സാനിട്ടയ്‌സറുകളുടെ ജ്വലന സാധ്യതകളെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്.
?വിമാനത്തിൽ ഇവ കൊണ്ട് പോവുമ്പോൾ എത്രത്തോളം ജ്വലന സാധ്യതയുണ്ട് ? ഇത് കൊണ്ട് പോവുന്നത് സുരക്ഷിതമാണോ എന്നൊക്കെ U.S. Department of Transportation Federal Aviation Administration പഠനം നടത്തിയിട്ടുണ്ട്.
?പഠന ഫലത്തിൽ പറയുന്നത് : അത്തരമൊരു അപകട സാധ്യത ഇവ ഉയർത്തുന്നില്ല, ആയതിനാൽ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം കൊണ്ട് പോവാം എന്നുമാണ് .
?ഹാൻഡ് സാനിറ്റയ്‌സർ എന്നല്ല ആൽക്കഹോൾ കണ്ടന്റ് ഉള്ള എന്ത് ദ്രാവകവും കൂടുതൽ അളവിൽ തീയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ തീപിടിക്കാം എന്നത് ലളിത സത്യമാണ്.
?എന്നാൽ സാധാരണ രീതിയിൽ ഹാൻഡ് സാനിറ്റയ്‌സർ കൊണ്ട് കൈ വൃത്തിയാക്കിയതിനു ശേഷം പാചകം ചെയ്യാൻ പോവുന്നതിൽ അപകടം ഉണ്ടെന്നത് വ്യാജ പ്രചാരണം ആണ്. അല്ലെങ്കിൽ ഹാൻഡ് സാനിറ്റയ്‌സർ അടുപ്പത്തു വെച്ചുള്ള വല്ലോ പാചകവും ചെയ്യേണ്ടി വരും.
ഇങ്ങനൊരു വ്യാജ പടവും തപ്പിയെടുത്ത്, അതിനൊരു ഓഡിയോയും ഉണ്ടാക്കി വിടുന്നവന്മാർക്ക് വേറെ ഒരു പണിയുമില്ലെങ്കിൽ , വൈകുന്നേരങ്ങളിൽ പുരപ്പുറത്ത് കയറി നിന്ന്, ”ഗോ കൊറോണ, കൊറോണ ഗോ.” എന്നെങ്കിലും പറഞ്ഞൂടേ..?!