· 5 മിനിറ്റ് വായന

പ്രസവാനന്ദം

Gynecologyസ്ത്രീകളുടെ ആരോഗ്യം

“സുഖപ്രസവം ന്ന് മിണ്ടിപ്പോകരുത്. ഞാനെന്താണ്ട് വേദനയൊന്നൂല്ലാതെ പ്രസവിച്ച പോലെ. നോർമലായിരുന്നൂന്ന് പറഞ്ഞാ മതി”

ഫോണിലൂടെ സകലരോടും “സുഖപ്രസവം ആരുന്നേ” എന്ന് പറയുന്ന ഭർത്താവിനോട് ഭാര്യ പറഞ്ഞതാണ്, ഈയിടെ.

അന്താരാഷ്ട്ര വേദന പഠന അസോസിയേഷൻ നിർവചനം അനുസരിച്ച്, ” സംവേദനപരമോ വികാരപരമോ ആയ ഒരു അലോസരപ്പെടുത്തുന്ന അനുഭവമാണ് വേദന, അനുബന്ധമായി ശരീരകലകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടാവുകയോ സംഭവിക്കാൻ സാധ്യതയുണ്ടാവുകയോ ആവാം.”

പ്രസവപ്രക്രിയയിലൂടെ കടന്നു പോകുന്ന ഒരുവൾക്ക്, വേദനയില്ലാത്ത , സുരക്ഷിതമായ പ്രസവം സാധ്യമാക്കുകയും, ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും സ്വാസ്ഥ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ശാസ്ത്രീയ ചികിത്സാ മാർഗമാണ് പ്രസവവേദന നിവാരണം അഥവാ ഒബ്സ്റ്റട്രിക് അനാൽജീസിയ.

ഓ, ഓരോ പുതിയ ഫാഷൻ. പുതിയതല്ല.

1847 ൽ ഇംഗ്ലണ്ടിൽ ജെയിംസ് സിംപ്സൺ ഈതർ ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു. പ്രശസ്ത കവി H W ലോങ്ഫെലോയുടെ ഭാര്യ ഫാനി ലോങ്ഫെലോ ആയിരുന്നു അതേ വർഷം തന്നെ ഈ സേവനം ലഭിച്ച അമേരിക്കയിലെ ആദ്യ വനിത.

അനസ്തീസിയ എന്ന ശാസ്ത്ര ശാഖയുടെ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലുകളിൽ ഒന്നാണ് വിക്ടോറിയ രാജ്ഞിയ്ക്കു നൽകിയ പ്രസവവേദന നിവാരണ ചികിത്സ.

ആധുനിക അനസ്തീസിയയുടെ പിതാവായ ഡോക്ടർ ജോൺ സ്നോ , രാജ്ഞിക്ക് ഒരു തൂവാലയിൽ ക്ലൊറോഫോം നൽകി. ലിയോപോൾഡ് രാജകുമാരനെ പ്രസവിച്ച ശേഷം രാജ്ഞി ക്ലൊറോഫോമിനെ ” സുഖവും ശാന്തതയും അളവറ്റ സന്തോഷവും” തരുന്ന ഒന്നായി വാഴ്ത്തി. രാജ്ഞിയുടെ ഈ പോസിറ്റീവ് സമീപനത്തോടെ, പ്രസവവേദന നിവാരണത്തെക്കുറിച്ചുണ്ടായിരുന്ന മതപരവും സാമൂഹികവുമായ എതിർപ്പ് കുറയുകയും അക്കാലത്തെ ഉയർന്ന സാമൂഹ്യ ശ്രേണിയിലുള്ള വനിതകൾക്ക് ഈ സേവനം ലഭിക്കുകയും ചെയ്തു.

വേദന ഒരോ വ്യക്തിയും ഓരോ രീതിയിൽ അനുഭവപ്പെടുന്ന ഒരു ലക്ഷണമാണ്. പരിഷ്കൃത സമൂഹത്തിൽ വേദനയ്ക്ക് ആശ്വാസം കിട്ടേണ്ടത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണ് ( right to pain relief)

അപ്പോ പ്രസവവേദന?? ശാസ്ത്രീയ മാർഗങ്ങൾ ലഭ്യമാണ്, ഉപയോഗപ്പെടുത്തുക തന്നെ വേണം.

വേദന എങ്ങനെ ഉണ്ടാകുന്നു?

പ്രസവപ്രക്രിയയെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.

ഗർഭപാത്രത്തിന്റെ സങ്കോചങ്ങൾ ( contractions) മൂലമുണ്ടാകുന്ന വിട്ടു വിട്ടുള്ള വേദന, അതായത് തനി പ്രസവ വേദനയുടെ( true labor pain) തുടക്കം മുതൽ ഗർഭാശയഗളം അഥവാ സെർവിക്സ് പൂർണ്ണമായും വികസിക്കുന്നത് വരെ ഒന്നാം ഘട്ടം.

രണ്ടാം ഘട്ടമാണ് കുഞ്ഞുവാവയുടെ പുറത്തേക്കുവരൽ. സെർവിക്സിന്റെ പൂർണ വികസനം മുതൽ ഗർഭസ്ഥ ശിശു പൂർണമായും പുറത്തേക്ക് എത്തുന്നത് വരെ.

മൂന്നാം ഘട്ടത്തിലാണ് മറുപിള്ള അഥവാ പ്ളാസന്റ പുറത്തേക്ക് വരുന്നത്.

ആദ്യ ഘട്ടത്തിൽ വേദനയുടെ കാരണങ്ങൾ പ്രധാനമായും ഗർഭപാത്രത്തിന്റെ സങ്കോചവികാസങ്ങൾ ( contractions) , ഗർഭപാത്രഭിത്തിയുടെ താഴ്ഭാഗത്തെ വലിച്ചിൽ, സെർവിക്സിന്റെ വികാസം എന്നിവയാണ്. ആദ്യമായി അമ്മയാവുമ്പോൾ പത്തു മണിക്കൂർ ഒക്കെ നീളാറുണ്ട് ഈ ഘട്ടം. രണ്ടാം ഘട്ടത്തിൽ കുഞ്ഞു പുറത്തേയ്ക്ക് വരുമ്പോഴുള്ള ക്ഷതം കൊണ്ടും കൂടാതെ മറ്റു പെൽവിക് അവയവങ്ങൾ (മൂത്രസഞ്ചി, മലാശയം ഒക്കെ) ഞെരുങ്ങുന്നതു കൊണ്ടും വേദന ഉണ്ടാകുന്നു.

എത്ര തീക്ഷ്ണമാണു പ്രസവവേദന?

” ഓ, ചുമ്മാ പറയുന്നതാന്നേ. കൊച്ചൊണ്ടായിക്കഴിഞ്ഞാ അങ്ങു മറന്നോളും”

” ഈ രാജ്യത്ത് പിന്നെ വേറെ പെണ്ണുങ്ങളൊന്നും പെറ്റിട്ടില്ലല്ലോ”

പിന്നെ ദ ക്ലാസിക്കൽ നെല്ലുകുത്ത്- ഡെലിവറി- നെല്ലുകുത്ത് .

അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല. വേദന അളക്കാനും നമുക്കുണ്ട് ശാസ്ത്രീയ മാർഗങ്ങൾ. വേദന പലരിലും പലതാണ് എന്നൊക്കെ പറഞ്ഞാലും, വേദനയെ അളക്കുന്ന സൂചകങ്ങളിൽ ഒന്നായ മക് ഗിൽ പെയിൻ ഇൻഡക്സ് പ്രകാരം ഏതാണ്ട് ഒരു വിരൽ അങ്ങു മുറിച്ചു മാറ്റുന്ന വേദനയ്ക്ക് തുല്യമാണ് പ്രസവവേദന. ഇൻഡക്സ് നാൽപത്. വിരൽ മുറിച്ച വേദന അറിഞ്ഞിട്ടില്ലെങ്കിലും എല്ലൊടിഞ്ഞ വേദന പലർക്കും പരിചയമുണ്ടാകും, ഇൻഡക്സ് ഇരുപതേയുള്ളൂ. പല്ലുവേദനയും ഇരുപതാണ്.

വേദന എങ്ങനെ ഉണ്ടാകുന്നു, ഏതാണ്ട് എങ്ങനെ ഉണ്ടാകും എന്നു കണ്ടു. എങ്ങനെ കുറയ്ക്കാം??

പ്രസവവേദന നിവാരണത്തിനായി ഏതെങ്കിലും മാർഗങ്ങൾ ഒരു പരിധി വരെ സാധാരണ എല്ലാ ആശുപത്രിപ്രസവങ്ങളിലും സ്വീകരിക്കാറുണ്ട്. ഫലപ്രദമായ ചികിത്സ പലപ്പോഴും നടക്കാറില്ല എന്നു മാത്രം.

പ്രസവവേദന അമ്മയിലും കുഞ്ഞിലും പലതരം ശാരീരിക പ്രതികരണങ്ങൾ ഉണ്ടാക്കും. അമ്മയുടെ ഹൃദയമിടിപ്പിന്റെ നിരക്ക് , ശ്വസനനിരക്ക് , രക്തസമ്മർദ്ദം തുടങ്ങിയവ വേദനയ്ക്കൊപ്പം വർദ്ധിക്കുന്നു. രണ്ടു കൺട്രാക്ഷനുകൾക്ക് ഇടയ്ക്കുള്ള സമയം അമ്മ ക്ഷീണിതയായി ശ്വസനനിരക്ക് കുറയാം. കുഞ്ഞിനുള്ള ഓക്സിജൻ ലഭ്യതയിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാം.

സാധാരണ ഗതിയിൽ ഈ വ്യതിയാനങ്ങൾ കുഞ്ഞിനോ അമ്മയ്ക്കോ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചെന്നു വരില്ല. ഗർഭത്തോടനുബന്ധിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ, ഹൃദ്രോഗം ഉള്ളവരിൽ ഒക്കെ വേദനയുടെ പ്രതികരണങ്ങൾ ജീവനു ഹാനികരമായേക്കാം. അത്തരം സന്ദർഭങ്ങളിൽ പ്രസവവേദന നിവാരണ മാർഗങ്ങൾ കാത്തു രക്ഷിക്കുന്നത് അമ്മയുടെ ജീവൻ തന്നെയാണ്.

അമ്മയ്ക്ക് ആവശ്യമായ വേദന നിവാരണം നൽകുന്നതും , ഒപ്പം അമ്മയ്ക്കും കുഞ്ഞിനും ദോഷഫലങ്ങൾ ഉണ്ടാക്കാത്തതും , പ്രസവത്തെ സഹായിക്കുന്നതുമാവണം പ്രസവവേദന നിവാരണ മാർഗങ്ങൾ. പലതരം മാർഗങ്ങൾ ലഭ്യമാണ്- മരുന്നുകൾ ഉപയോഗിച്ചുള്ള ( pharmacological) മാർഗങ്ങളും മരുന്നിതര ( non pharmacological ) മാർഗങ്ങളും.

മരുന്നിതര മാർഗങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് മാനസികമായ തയ്യാറെടുപ്പും വൈകാരിക പിന്തുണ ഉറപ്പാക്കലുമാണ്.

ലാമേസ് ടെക്നിക്കിൽ ( Lamaze technique) പ്രസവതീയതിക്ക് ആറാഴ്ച മുൻപു മുതൽ പരിശീലനം തുടങ്ങും. ഗർഭിണിയുടെ ഭയാശങ്കകൾ ഇല്ലാതാക്കുകയും ശ്വസന രീതിയിൽ പരിശീലനം നൽകി റിലാക്സ്ഡ് ആക്കുകയും ചെയ്യുന്നതാണ് ഈ രീതി. സമാനമായ മറ്റു പല മാർഗ്ഗങ്ങളിലും ഭർത്താവിന്റെ സാമീപ്യം, തലോടൽ ഒക്കെ ഉപയോഗിക്കാറുണ്ട്.

ബയോഫീഡ്ബാക്ക് , ടെൻസ് ( transcutaneous electrical nerve stimulation ) തുടങ്ങി പല ചികിത്സകളും നടത്താറുണ്ട്. പക്ഷേ ഈ മാർഗങ്ങൾ വേദന നിവാരണം ഫലപ്രദമായി ഉറപ്പുവരുത്തുന്നതിൽ പലപ്പോഴും പരാജയപ്പെട്ടേക്കാം.

ആശുപത്രിയിൽ നടക്കുന്ന സാധാരണ പ്രസവങ്ങളിൽ വേദന കുറയ്ക്കാൻ ഇൻജക്ഷനുകൾ നൽകാറുണ്ട്. ചെറിയ ഡോസിലുള്ള വേദന സംഹാരികളാവും ഇവ. താൽക്കാലിക ആശ്വാസം ലഭിക്കും എങ്കിലും വേദന നിവാരണം പൂർണമായി സാധ്യമായെന്നു വരില്ല.

വേദന രഹിത പ്രസവം എന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം ന്യൂറാക്സിയൽ അനാൽജീസിയ, അതായത് സുഷുമ്നയിൽ നിന്നു വരുന്ന നാഡികളെ മരുന്നു വച്ചു മരവിപ്പിക്കുന്ന രീതി ആണ്. എപ്പിഡ്യൂറൽ അനാൽജീസിയ സേവനം വേദനരഹിതപ്രസവം വാഗ്ദാനം ചെയ്യുന്ന ആശുപത്രികളിൽ ലഭ്യമാവും. നൽകുന്നത് അനസ്തീസിയ ഡോക്ടർ ആയിരിക്കും. ഗർഭിണിയുടെ അറിവോടു കൂടിയ സമ്മതം പരമപ്രധാനമാണ്.

ഒരു ഇൻജക്ഷൻ വഴി നേർത്ത ഒരു കുഞ്ഞിക്കുഴൽ ( എപിഡ്യൂറൽ കത്തീറ്റർ) സുഷുമ്നയെ പൊതിയുന്ന ഡ്യൂറ എന്ന ആവരണത്തിനു പുറത്തായി ഇട്ടുവയ്ക്കും. അതിലൂടെ മരവിക്കൽ മരുന്നുകൾ തരും. വേദന സിഗ്നലുകൾ കൊണ്ടു പോകുന്ന ഞരമ്പുകളെ അത് ബ്ലോക്ക് ചെയ്യും.

കാലുകളുടെ മസിലുകൾ അനങ്ങാൻ കാരണമായ ഞരമ്പുകളെ ബ്ളോക്ക് ചെയ്യാത്ത വണ്ണം ഡോസ് ക്രമീകരിച്ചാൽ പലപ്പോഴും എപിഡ്യൂറൽ ഇട്ട് നടക്കാനും പറ്റും. വാക്കിംഗ് എപിഡ്യൂറൽ എന്ന ഈ രീതിയിൽ, ഗർഭിണിയുടെ രക്തസമ്മർദ്ദം നോർമലാണ്, കൂടെ പിച്ചവെച്ചു നടത്താൻ ആളൊക്കെ ഉണ്ട് എങ്കിൽ മുറിക്കുള്ളിൽ നടക്കാൻ വിടും. ഡോസ് ക്രമീകരണം, നിരന്തര നിരീക്ഷണം തുടങ്ങി അനസ്തീസിയ ഡോക്ടറുടെ നേതൃത്വത്തിൽ ഒരു ലേബർ അനാൽജീസിയ ടീം ഉണ്ടാവും ഗർഭിണിക്ക് കൂട്ടായി.

വേദന ഇല്ലാത്തതു കൊണ്ട് വയറിൽ കൈ വച്ച് കൺട്രാക്ഷൻ ശ്രദ്ധിക്കാൻ ഗർഭിണിയെ ശീലിപ്പിക്കും. കുഞ്ഞു പുറത്തു വരുന്ന രണ്ടാം ഘട്ടത്തിൽ വേദന ഇല്ലാത്തതു കൊണ്ട് അമ്മ ശക്തിയിൽ മുക്കുകയില്ല, അതു കൊണ്ട് പ്രസവം നീളും, വാക്വമോ ഫോർസപ്സോ വേണ്ടി വരും എന്ന് ഒരു ധാരണ പരക്കെയുണ്ട്. എന്നാൽ വേദന ഇല്ലാത്തതു കൊണ്ട് അമ്മയ്ക്ക് ക്ഷീണം കുറവായിരിക്കും, കൂടുതൽ കൃത്യമായി പുഷ് ചെയ്യാൻ കഴിയും എന്നും വാക്വം ,ഫോർസപ്സ് എന്നിവയുടെ ഉപയോഗനിരക്ക് കൂടുന്നില്ല എന്നുമാണ് പഠനങ്ങൾ പറയുന്നത്.

ഹൃദ്രോഗിയായ അമ്മ. ഇരുപത്തിരണ്ട് വയസ്. വിവാഹം കഴിച്ചപ്പോൾ വീട്ടുകാർ രോഗം മറച്ചു വച്ചു, മരുന്നുകളും മുടക്കി. ആദ്യ പ്രസവസമയത്ത് ഹൃദയം പണിമുടക്കി. ദിവസങ്ങളോളം മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നു. ഗർഭം, പ്രസവം ഒക്കെ ക്ഷീണിച്ച ഹൃദയത്തിന് ഇനിയും താങ്ങാനായേക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു. വീണ്ടും ഗർഭിണിയായി. ഇത്തവണ അവൾ ആദ്യം മുതലേ കൃത്യമായി വിവരങ്ങൾ ഡോക്ടർമാരോട് പറഞ്ഞു, ചെക്കപ്പുകൾക്ക് തെറ്റാതെ വന്നു. സമയത്തു വന്ന് അഡ്മിറ്റ് ആയി. എപിഡ്യൂറൽ സഹായത്തോടെ വേദന നിയന്ത്രിച്ച്, നിരന്തര നിരീക്ഷണത്തിൽ സാധാരണ പ്രസവം. ഇക്കുറി അവളുടെ ഹൃദയം ചതിച്ചില്ല. അമ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു.

രക്തം കട്ടപിടിക്കാത്ത രോഗങ്ങൾ, അണുബാധ, ശരിയായ നിരീക്ഷണസൗകര്യങ്ങളുടെ അഭാവം തുടങ്ങി ചില അവസ്ഥകളിൽ എപിഡ്യൂറൽ സാധ്യമല്ല.

സാധാരണയായി വേദന രഹിത പ്രസവം ഗർഭിണിയും ഒബ്സ്റ്റട്രീഷ്യനും അനസ്തീസിയ ഡോക്ടറും ചേർന്ന് സാധ്യതകൾ ചർച്ച ചെയ്തെടുക്കുന്ന ഒരു കൂട്ടു തീരുമാനം ആണ്.

അഥവാ പ്രസവപ്രക്രിയ സാധാരണ മട്ടിൽ പുരോഗതിക്കാതെയിരുന്നതിനാലോ, മറ്റെന്തെങ്കിലും കാരണത്താലോ സിസേറിയൻ വേണ്ടി വന്നാൽ അനസ്തീസിയ തരാനും ഇതേ എപിഡ്യൂറൽ ഉപയോഗപ്പെടുത്താം.

ഒരു എപിഡ്യൂറൽ അനുഭവം കൂടി.

ഗർഭിണി ഒരു ഫിസിഷ്യന്റെ മകളാണ്. താൻ ജോലി ചെയ്യുന്ന സർക്കാരാശുപത്രിയുടെ ലേബർ റൂം തന്നെയാണ് മകളുടെ പ്രസവത്തിന് ഏറ്റവും വിശ്വാസമുള്ള ഇടം എന്നായിരുന്നു ആ പിതാവിന്റെ വാക്കുകൾ.

എപിഡ്യൂറൽ കൊടുത്ത് അനസ്തീസിയ ടീം കൂട്ടിരുന്നു. സാധാരണ പ്രസവം. കുഞ്ഞു മകൾക്ക് ഉമ്മ കൊടുത്ത് തിരിഞ്ഞ് ഞങ്ങളുടെ ചീഫിനെ നോക്കി അമ്മയായതിന്റെ മുഴുവൻ സന്തോഷം മുഖത്തു നിറച്ച് അവൾ പറഞ്ഞു, “നിങ്ങളെന്നെ ഒട്ടും കരയിച്ചില്ലാട്ടോ. ഇനീം വരും”.

ഫലവത്തായ മറ്റൊരു മാർഗം ഇൻഹലേഷണൽ അനാൽജീസിയ- ശ്വാസത്തിൽ മരുന്ന് നൽകുന്ന രീതി ആണ്.

എന്റനോക്സ് എന്ന മിശ്രിതം ആണ് ഉപയോഗിക്കാറ്. അനസ്തീസിയയിൽ സാധാരണ ഉപയോഗിക്കുന്ന വാതകമായ നൈട്രസ് ഓക്സൈഡ്, ഓക്സിജൻ എന്നിവയുടെ 50:50 മിശ്രിതം ആണ് ഇത്. കൃത്യമായി ശ്വാസഗതി ക്രമീകരിച്ചു ഓരോ കൺട്രാക്ഷന്റെയും തുടക്കം മുതൽ ഈ മിശ്രിതം ശ്വസിക്കണം. ഈ മാർഗങ്ങൾ ഉപയോഗിക്കുമ്പോഴെല്ലാം ഗർഭിണി നിരന്തരമായി നിരീക്ഷണത്തിലാണ്.

പെൽവിസിലെ വിവിധ ഞരമ്പുകളെ ഇൻജക്ഷനുകൾ കൊണ്ട് മരവിപ്പിക്കാം. പ്രസവത്തെ സഹായിക്കാൻ ഉണ്ടാക്കുന്ന ചെറുമുറിവായ എപിസിയോട്ടമി തുന്നലിടുമ്പോൾ വേദന കുറയ്ക്കാനും മരവിപ്പിക്കൽ ഉപയോഗിക്കാറുണ്ട്.

വികസിത രാജ്യങ്ങളിൽ പ്രസവവേദന നിവാരണം വ്യാപകമായി ഉപയോഗത്തിൽ വന്നിട്ടു കാലമൊരുപാടായി. നമ്മുടെ നാട്ടിലും

പ്രചാരത്തിലായി വരുന്നു. കൂടുതൽ വ്യാപകമാവുക തന്നെ ചെയ്യുമെന്ന് കരുതാം. മാറേണ്ടത് മനോഭാവമാണ്. നോവാതെ പ്രസവിച്ചു കടലോളം സ്നേഹിക്കുന്ന അമ്മമാരുണ്ടാവട്ടെ.

ലേഖകർ
Dr Pallavi Gopinathan. MBBS MD DNB Anaesthesiology. Graduated from government medical college Kottayam. Did post graduation in Anaesthesiology from government medical college Thrissur. Presently working as junior consultant anaesthesiologist in Kerala health services. Areas of interest are promotion of scientific temper, public health and strengthening of health services in public sector.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ