· 3 മിനിറ്റ് വായന

മരണം വിലയ്ക്കു വാങ്ങുന്നതെങ്ങനെ?!

Infectious DiseasesMedicineVaccinationആരോഗ്യ അവബോധംപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം (1901 ൽ) ലഭിച്ചത് വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാരുന്നു. അദ്ദേഹം ഒരു വാക്സിൻ കണ്ടെത്തിയതിനായിരുന്നു അത്. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, “ഈ വാക്സിൻ കൊണ്ട് …………. രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്”.

നിപ്പയ്ക്ക് മരുന്നില്ല, വാക്സിനില്ല. കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാണ്. എന്നിട്ടും നമ്മൾ പൊരുതി. നിപ്പയുടെ ശാസ്ത്രവും രാഷ്ട്രീയാർജ്ജവവും വൈദ്യശാസ്ത്രം ഇന്നോളം സ്വരൂപിച്ച സകല ആയുധങ്ങളും കൊണ്ടാണ് നമ്മൾ നിപ്പയോട് പൊരുതിയത്. വിജയിച്ചത്. പക്ഷെ ആ വിജയത്തിന്റെ നിറം കെടുത്തിയ വാർത്തയാണ് ഇന്ന് കേൾക്കുന്നത്. മറ്റൊരു രോഗം വന്ന് മലപ്പുറത്ത് ഒരാൾ മരിച്ച വാർത്ത.

വോൺ ബറിംഗ് കണ്ടെത്തിയ വാക്സിൻ കൊണ്ട് ലോകം ആ രോഗത്തെ വരുതിയിലാക്കി. നമ്മളും. പക്ഷെ വാക്സിൻ വിരുദ്ധ വിചാരങ്ങളും വികാരങ്ങളും ചേർന്ന് ആ രോഗത്തെ തിരികെക്കൊണ്ടുവന്നു. 10 വർഷങ്ങൾക്ക് മുമ്പ് പുസ്തകങ്ങളിൽ മാത്രമൊതുങ്ങിക്കഴിഞ്ഞിരുന്ന ആ രോഗം കഴിഞ്ഞ വർഷങ്ങളിലൊക്കെ പലരുടെയും ജീവനെടുത്തിട്ടുണ്ട്. മേളിലത്തെ ……. പൂരിപ്പിക്കാനുള്ള ആ രോഗത്തിന്റെ പേര് ‘ഡിഫ്തീരിയ’ എന്നാണ്.

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ (Chorynebacterium diphtheriae) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു അത്. 1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആ വർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായതുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗം ഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്.

സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ) 3-5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ എന്ന, അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് തന്നെ 1885 ൽ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനാണ്.

ഇതിന്റെ ചികിൽസ വളരെ വിഷമകരമാണെന്ന് മനസിലായില്ലേ. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റി ടോക്സിന്റെ ലഭ്യത വളരെ കുറവാണ്. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ സുലഭമായി ഉള്ളപ്പോൾ. 90% ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താൻ പറ്റും.

കഴിഞ്ഞ ദിവസം ചെർണോബിൽ ദുരന്തത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ തകർന്ന കഥ പറഞ്ഞല്ലോ. അതിന്റെ തുടർച്ചയായി അവിടെ രാഷ്ട്രീയമായ അസ്ഥിരത കാരണം യൂണിയനിൽ പെട്ട ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ വലിയ കുറവുണ്ടായി. 1990-95 കാലയളവിൽ 1,50,000 പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയും ചെയ്തു.

വെറും 14 രൂപയാണ് ഡിഫ്തീരിയ വാക്സിന്റെ വില. ഏതു പ്രായക്കാർക്കും എടുക്കാം. സർക്കാർ ആശുപത്രികളിൽ താമസിയാതെ TT വാക്സിന് പകരം Td വാക്‌സിൻ ലഭ്യമായി തുടങ്ങും. വാക്സിൻ വിരുദ്ധരുടെ ‘മരുന്ന് മാഫിയാ’ ഗാനം കേട്ടു കോൾമയിർ കൊള്ളുന്നവർ ഇത്രേം മാത്രം ചിന്തിച്ചാ മതി. 14 രൂപയ്ക്ക് രോഗം വരാതെ തടയുന്നതാണോ, രോഗം വന്ന് ലക്ഷങ്ങൾ ചിലവാക്കി ചികിത്സിച്ച്, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്നതാണോ ലാഭമെന്ന്. ആരാണ് ശരിക്കും മാഫിയയെന്ന്..

വാക്സിനേഷൻ കുട്ടികളുടെ അവകാശമാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം. അത് ഹനിക്കുന്നത് മനുഷ്യത്വരഹിതവും.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

98 ലേഖനങ്ങൾ

പൊതുജനാരോഗ്യം

66 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Medicine

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

36 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ