· 6 മിനിറ്റ് വായന

കോവിഡ് വായുവിലൂടെ പടരുമോ?

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
?Covid19 രോഗം വായുവിലൂടെയും പടരാം (Airborne transmission) എന്ന വാർത്ത വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. മിക്കവാറും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ആശങ്കപ്പെടുത്തുന്ന തലക്കെട്ടുകളോടെ വാർത്തകൾ വന്നുകഴിഞ്ഞു. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) അങ്ങനെ പ്രസ്താവിച്ചു എന്ന രീതിയിലാണ് ഇത്തരം വാർത്തകൾ വരുന്നത്.
?അങ്ങനെയൊക്കെ വാർത്തകൾ വരുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. കാരണം, കൊവിഡ് വൈറസിനെ നമ്മൾ പരിചയപ്പെട്ടിട്ട് 10 മാസമാകുന്നതേയുള്ളൂ. അതിൻ്റെ സ്വഭാവം, ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ, ചികിത്സാമാർഗങ്ങൾ ഒക്കെ നമ്മളിപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ. ഇത്തരം പഠനങ്ങളുടെ ഗുണമെന്താന്ന് വച്ചാൽ, ഈ ന്യൂജെൻ വൈറസിനെപ്പറ്റി ഒരു 3 മാസം മുമ്പ് നമുക്കറിയാമായിരുന്ന കാര്യങ്ങളുടെ 10 മടങ്ങ് സംഗതികൾ നമുക്കിപ്പോളറിയാം. കൊവിഡിലെ മരണ നിരക്ക് തന്നെയെടുക്കൂ, 6% ഒക്കെ ആയിരുന്നു ആവറേജ് മരണങ്ങൾ 3-4 മാസം മുമ്പുവരെ. ഇപ്പോഴത് 3% -ൽ താഴെയാണ്.
?ശാസ്ത്രീയമായ പഠനങ്ങളുടെ ഗുണമതാണ്. അതെപ്പോഴും മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേക്ക് പൊയ്ക്കോണ്ടിരിക്കും. ശാസ്ത്രീയമായ അറിവുകളും അങ്ങനെയാണ്, നിലവിലുള്ള ഏറ്റവും മികച്ച തെളിവുകളെ അപഗ്രഥിച്ചാണ് ഒരറിവ് നിർമ്മിക്കുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് ആ അറിവ് കൂടുതൽ ബലപ്പെടുകയോ, അല്ലെങ്കിലതിൽ മാറ്റങ്ങൾ വരികയോ, ചിലപ്പോൾ പൂർണമായും തള്ളിക്കളയേണ്ടി വരികയോ ചെയ്യാം. അങ്ങനെയാണ് ശാസ്ത്രം വളരുന്നത്.
?ഇനി വിഷയത്തിലേക്ക് വരാം. എന്താണ് ശരിക്കും CDC പറഞ്ഞത്?
CDC പണ്ടു പറഞ്ഞ കാര്യങ്ങൾ തന്നെയേ ഇപ്പോഴും പറഞ്ഞിട്ടുള്ളൂ. കഴിഞ്ഞ Oct 5-നു CDC അവരുടെ വെബ്‌സൈറ്റിൽ “Scientific Brief: SARS-CoV-2 and Potential Airborne Transmission” എന്ന തലക്കെട്ടിൽ കുറച്ച് വിവരങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതിനു താഴെയുള്ള കാര്യങ്ങൾ എന്താണെന്ന് ഒന്ന് ചുരുക്കി പറയാം.
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾ പ്രധാനമായും മൂന്നു മാർഗ്ഗത്തിലൂടെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
1. സ്പർശനം (contact) / “ഫോമൈറ്റ് ട്രാൻസ്മിഷൻ” – രോഗാണുക്കൾ ഉള്ള പ്രതലത്തിലോ, ശരീരത്തെയോ സ്പർശിക്കുന്നതും, തുടർന്ന് രോഗാണുക്കളെ വഹിക്കുന്ന കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ മുഖഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നത് വഴി .
2. സ്രവകണികകളിലൂടെ (Droplet infection)
3. വായുവിലൂടെ (Airborne transmission)
ശ്വസനവ്യവസ്‌ഥയെ ബാധിക്കുന്ന രോഗാണുക്കളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് “മുഖ്യമായും എയർബോൺ” (preferential airborne) രീതിയിൽ പകരുന്നവ.
സ്രവകണികകൾ മുഖേനയുള്ള പകർച്ചയും വായുവിലൂടെയുള്ള പകർച്ചയും തമ്മിലെന്താണ് വ്യത്യാസം?
Droplet transmission & Airborne transmission എന്നീ സാങ്കേതിക പദങ്ങളെ ആശയത്തിൽ വ്യക്തത നിലനിർത്തിക്കൊണ്ട് മലയാളത്തിലേക്ക് നേരിട്ട് പരിഭാഷപ്പെടുത്താൻ പരിമിതികളുണ്ട്. ആയതിനാൽ ലളിതമായി വിശദീകരിക്കാം.
?ഡ്രോപ്‌ലെറ്റ് വഴിയുള്ള പകർച്ച:
ഒരാൾ ചുമയ്ക്കുകയോ, തുമ്മുകയോ, ഉച്ചത്തിൽ സംസാരിക്കുകയോ, ഉറക്കെ ചിരിക്കുകയോ, പാട്ടുപാടുകയോ ഒക്കെ ചെയ്യുമ്പോൾ പുറത്തേക്കു തെറിക്കുന്ന ചെറുകണികകളാണ് ഡ്രോപ്ലെറ്റുകൾ. പ്രത്യേകത എന്തെന്നാൽ ഇത്തരം കണികകളുടെ വലിപ്പം മൂലം അവ അധികം നേരം വായുവിൽ തങ്ങി നിൽക്കുകയോ കൂടുതൽ ദൂരം സഞ്ചരിക്കുകയോ ചെയ്യില്ല. അവ ഏകദേശം രണ്ടു മീറ്റർ ചുറ്റളവിൽ ഉള്ള പ്രതലങ്ങളിലേക്ക് അധികം താമസിയാതെ തന്നെ താഴ്ന്നു അടിയുന്നു.
ഈ ചുറ്റളവിനുള്ളിൽ നിൽക്കുന്ന ആൾക്ക് ശ്വസനം വഴിയോ, ആ പ്രതലങ്ങളിൽ സ്പർശിക്കുന്നത് മുഖേന രോഗാണുക്കൾ കൈകളിലെത്തുന്ന ആൾക്ക് ഫോമൈറ്റ് ട്രാൻസ്മിഷൻ വഴിയോ രോഗപ്പകർച്ച ഉണ്ടാവാം.
?എയർ ബോൺ പകർച്ച :
പരിഭാഷപ്പെടുത്തുമ്പോൾ വായുവിലൂടെ ഉള്ള രോഗപ്പകർച്ച എന്നാണു പ്രയോഗം. ഇവിടെ രോഗമുള്ളയാളുടെ നിശ്വാസ വായുവിലൂടെ പുറത്തെത്തുന്ന രോഗാണുക്കൾ വായുവിലൂടെ സഞ്ചരിച്ചു ദൂരെയുള്ള മറ്റൊരാളിലെത്തി രോഗമുണ്ടാക്കാം.
ഇവ ഡ്രോപ്‌ലെറ്റ് പകർച്ചയിൽ നിന്നും വിഭിന്നമായി, വായുവിൽ കൂടുതൽ നേരം തങ്ങി നിൽക്കുകയും (മണിക്കൂറുകളോളം), കൂടുതൽ ദൂരം സഞ്ചരിക്കുകയും, അതുകൊണ്ടു തന്നെ ദൂരെയുള്ള ഒരാൾക്കുപോലും രോഗം പകർന്നു കൊടുക്കാൻ പ്രാപ്തമായിരിക്കുകയും ചെയ്യും.
അതായത് ഡ്രോപ്‌ലെറ്റിന്റെ കാര്യത്തിൽ നാം നിഷ്കർഷിക്കുന്ന രണ്ടു മീറ്ററിനും അപ്പുറത്തേക്ക് ഉള്ളവരെ ബാധിക്കുന്ന ഇത്തരം ഒന്നിനെയാണ് Airborne അഥവാ വായുവിലൂടെയുള്ള പകർച്ച എന്ന് പറയുന്നത്. ക്ഷയരോഗം പകർത്തുന്ന ബാക്ടീരിയ, ചിക്കൻ പോക്സ് വൈറസ് എന്നിവ ചില ഉദാഹരണങ്ങളാണ്.
?കോവിഡിന്റെ പകർച്ചയുടെ കാര്യത്തിൽ മറ്റൊരു സാങ്കേതിക പദം കൂടിയുണ്ട്,
‘എയറോസോൾ’ മുഖേനയുള്ള രോഗസംക്രമണം. എന്താണ് ഇത്?
രോഗാണുക്കളെ പേറുന്ന എന്നാൽ വായുവിൽ തങ്ങി നിൽക്കാൻ കെൽപ്പുള്ള ചെറുകണികകൾ/ കണികകളുടെ ചെറു മേഘപടലം ആണ് എയറോസോളുകൾ.
ഏറോസോളുകൾ ഗണ്യമായി ഉണ്ടാവുന്നത് ചില മെഡിക്കൽ പ്രക്രിയകൾ ചെയ്യുമ്പോഴാണ്. ശ്വാസനാളത്തിലേക്കു കുഴൽ കടത്തുന്ന ഇന്റ്യുബേഷൻ, ബ്രോക്കോസ്‌കോപ്പി, നെബുലൈസേഷൻ, ദന്തരോഗ ചികിത്സയുമായി ബന്ധപ്പെട്ട ചില പ്രക്രിയകൾ, ഓട്ടോപ്സി etc. എയ്റോസോളുകൾ മുഖേനയും കോവിഡ് രോഗം പകരാം എന്ന് ശാസ്ത്രലോകം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആയതിനാൽ ഈ പ്രക്രിയയിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകരും മറ്റും ശ്രദ്ധിക്കണമെന്ന് നിർദ്ദേശങ്ങളും നിലവിലുണ്ട്.
?CDC എന്താണ് മുമ്പ് ഇക്കാര്യത്തിൽ പറഞ്ഞത്?
Covid19 പ്രധാനമായും ഡ്രോപ്ലെറ്റ് ഇൻഫക്ഷൻ വഴിയാണ് പകരുന്നതെന്ന്. പിന്നെ aerosol വഴിയും. Airborne transmission അപൂർവ്വമാണെന്ന്.
?CDC October 5-ന് എന്തൊക്കെയാണ് പുതുതായി പ്രസ്താവിച്ചിട്ടുള്ളത്?
?വളരെ അടുത്ത് ഇടപഴകുന്നതിലൂടെയുള്ള ഡ്രോപ്പ്ലറ്റ് ഇൻഫെക്ഷൻ തന്നെയാണ് പ്രധാനം.
?എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ എയർബോൺ ഇൻഫെക്ഷന്റെ സാധ്യത തള്ളിക്കളയാനാവില്ല.
?പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയുള്ള ഫോമൈറ്റ് ട്രാൻസ്സ്മിഷന്റെ സാധ്യത ഡ്രോപ്പ്ലറ്റ് ഇൻഫെക്ഷനുമായി താരതമ്യം ചെയ്താൽ കുറവാണ്.
എന്തുകൊണ്ട് Airborne transmission സാധ്യത അപൂർവ്വമാണെന്ന് കൂടി ഇതിൽ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് airborne transmission അപൂർവ്വമാണെന്ന് പറയുന്നത്?
?Airborne transmission ഉണ്ടെന്നു കണ്ടെത്തിയിട്ടുള്ള ശ്വാസകോശ രോഗാണുക്കളെ പറ്റി മേലിൽ സൂചിപ്പിച്ചല്ലോ. ക്ഷയരോഗാണു, മീസിൽസ്, ചിക്കൻ പോക്സ് വൈറസ് എന്നിവയൊക്കെയാണ് വായുവിലൂടെ പകരാൻ കൂടുതൽ സാധ്യതയുള്ളവ. ഇവ ഓരോന്നും എടുത്താൽ മനസിലാവും, വായുവിലൂടെ ഉള്ള പകർച്ചാ സാധ്യത ഇവയ്ക്കോരോന്നിനും ഒരേപോലെ അല്ലയെന്ന്. മീസിൽസ് വളരെ വേഗത്തിൽ പകരുന്ന രോഗമാണ്. അതിൻ്റെ R0 ( ഒരു രോഗിയിൽ നിന്നും രോഗം കിട്ടാൻ സാധ്യതയുള്ളവരുടെ എണ്ണം) 12 മുതൽ 18 വരെയാണ്. ചിക്കൻ പോക്സിനത് 10-12 ഒക്കെയാണ്. പക്ഷെ കൊവിഡിനത് 1-1.2 വരെയേ ഉള്ളൂ.
?Airborne transmission ആയിരുന്നെങ്കിൽ കുറഞ്ഞ സമയം കൊണ്ട് അങ്ങനെ കൂടുതൽ ആൾക്കാർക്ക് രോഗം വന്നേനെ. കോവിഡിനു അങ്ങനെ പടരാൻ കഴിയുമായിരുന്നെങ്കിൽ 2020-ൻ്റെ ആദ്യ മാസങ്ങളിൽ തന്നെ വളരെ വ്യാപകമായി ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും മഹാമാരി പടർന്നു പിടിച്ചേനെ, ആന്റിബോഡി സർവ്വേകളിൽ കൂടുതൽ പോസിറ്റിവിറ്റി കാണിച്ചേനെ എന്നുമാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
?അപ്പോൾ എന്താണ് CDC പറയാൻ ഉദ്ദേശിച്ചത്?
വായുവിലൂടെ പടരുന്ന രോഗങ്ങളുടെ അറ്റാക്ക് റേറ്റ് വളരെ ഉയർന്നതായിരിക്കും (മുകളിലത്തെ R0 നോക്കുക). അതായത് കൂടുതൽ പേരിലേക്ക് കുറഞ്ഞ സമയം കൊണ്ട് പടരാൻ അത്തരം രോഗങ്ങൾക്ക് കഴിയണം. ഇതുവരെയുള്ള ശാസ്ത്രീയമായ തെളിവുകൾ അപഗ്രഥിക്കുമ്പോൾ മനസ്സിലാകുന്നത്, കോവിഡ് ഉണ്ടാക്കുന്ന SARS-CoV-2 വൈറസ് പ്രധാനമായും പകരുന്നത് അടുത്ത സമ്പർക്കത്തിലൂടെയാണ്, വായുവിലൂടെ അല്ല എന്നാണ്..
?എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വായുവിലൂടെ കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത സി ഡി സി പറയുന്നുണ്ട്.
?3 സാഹചര്യങ്ങളാണ് CDC പറയുന്നത്
1.അടഞ്ഞ മുറികൾ (Enclosed Spaces) :
കേരളത്തിൽ ആദ്യകാലത്ത് വിവാദമായ റാന്നിയിലെ രോഗികളെ ഉദാഹരിച്ച് പറയാം, അവർ ഒരുപാട് ആൾക്കാരുമായി ഇടപെട്ടെങ്കിലും, അവരോടൊപ്പം ഒരുമിച്ച് കാറിൽ യാത്ര ചെയ്തവർക്ക് മാത്രമാണ് രോഗം പകർന്നത്. അതായത് കാറോ വായു സഞ്ചാരമില്ലാത്ത മുറിയോ പോലുള്ള അടഞ്ഞയിടങ്ങളിൽ ഒരു രോഗിയുമായി നേരിട്ട് കൂടുതൽ നേരം ചിലവഴിക്കുമ്പോഴോ, രോഗി പോയതിനു ശേഷം ഉടനെ ആ ഇടത്തേക്ക് വന്നുചേരുന്നൊരാളിനോ വായു വഴി രോഗം കിട്ടാം.
2. ഒരു ജിമ്മോ ഡാൻസ് പ്രാക്റ്റീസോ കൂടിയിരുന്ന് പാട്ടുപാടുന്നതോ ഒക്കെ ഒന്ന് സങ്കൽപ്പിക്കൂ. അവിടുള്ളവരെല്ലാം ഒരുപാട് ചെറു കണികകൾ ചെറിയ സമയത്തിനുള്ളിൽ വായുവിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്. ഇങ്ങനെ കണികകളുടെ വായുവിലുള്ള സാന്ദ്രത കൂടുന്നതും രോഗിയിൽ നിന്നും രണ്ടു മീറ്ററിനപ്പുറം നിൽക്കുന്നൊരാൾക്ക് പോലും രോഗം പകരാൻ സാധ്യതയുണ്ട്.
3.നെഗറ്റീവ് പ്രഷർ വെൻ്റിലേഷൻ ഇല്ലാത്ത ICU അല്ലെങ്കിൽ ഓപറേഷൻ തിയറ്റർ എന്നിവ. അകത്തെ വായു പുറത്തുപോകാതെ തങ്ങിക്കിടക്കുന്ന ഇത്തരം ഇടങ്ങളിലും വൈറസ് വായുവിൽ തങ്ങി നിന്ന് രോഗവ്യാപനം ഉണ്ടാക്കാം..
?വായുവിലൂടെ പടരാനുള്ള സാധ്യത വിരളമാണെന്ന് മനസിലായല്ലോ. അഥവാ ഇനിയത് വായുവിലൂടെ പടരുമെന്ന് തന്നെ കരുതൂ. അപ്പോൾ രോഗവ്യാപനം എങ്ങനെ അത് ഒഴിവാക്കാം?
❤️നിലവിൽ നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ വായുവിലൂടെ ഉള്ള പകർച്ചാ സാധ്യതയേയും തടയാൻ ഉതകുന്നതാണ്. അതായത്, ശാരീരിക അകലം, മാസ്ക്, കൈകളുടെ ശുചിത്വം, പ്രതലങ്ങളുടെ അണു നശീകരണം എന്നിവ പാലിക്കുക. ഒപ്പം, മുറികളിൽ വായൂ സഞ്ചാരം ഉറപ്പു വരുത്തണം, ആൾക്കൂട്ടം ഒഴിവാക്കണം, അടഞ്ഞ മുറികളിൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കണം.
ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ