· 7 മിനിറ്റ് വായന
കോവിഡിൻ്റെ ഇൻകുബേഷൻ കാലയളവ് നീളുന്നുണ്ടോ?
നിരവധി മലയാളികളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ആശങ്കയിലാക്കുന്ന ഒരു ചോദ്യമാണിത്. കാരണം മറ്റൊന്നുമല്ല, കോവിഡിൻ്റെ ഇൻകുബേഷൻ പീരീഡ് 14 ദിവസം വരെ എന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോഴോ, വിദേശത്തു നിന്നും വന്നിട്ട് മൂന്നാഴ്ചയും നാലാഴ്ചയും കഴിഞ്ഞ ആൾക്കാർക്ക് ഒക്കെ ഇപ്പോഴാണ് പോസിറ്റീവ് ആണെന്നറിയുന്നത്.
ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാനസർവീസുകളും, മാർച്ച് ഇരുപത്തിമൂന്നാം തീയതി മുതൽ നിർത്തിയതാണ്. എന്നിട്ട് ഇപ്പോഴും ഇവിടെ പുതിയ രോഗികൾ ഉണ്ടാകുന്നു, സമ്പർക്കത്തിലൂടെ അല്ലാതെയും. മാർച്ച് 22-ന് തിരികെ വന്ന പ്രവാസിയായ ഒരാൾക്ക് കണക്കുകൾ പ്രകാരം പരമാവധി ഏപ്രിൽ അഞ്ചിനകം രോഗലക്ഷണങ്ങൾ ഉണ്ടാവണം. ഇനി അയാളെ ടെസ്റ്റ് ചെയ്ത് റിപ്പോർട്ട് കിട്ടാൻ മൂന്നു ദിവസം കൂടി വൈകിയാൽ പോലും ഏപ്രിൽ എട്ടിനകം അയാളുടെ രോഗവിവരം അറിയേണ്ടതാണ്. കണ്ണൂരിൽ ഒരാൾ വിദേശത്തു നിന്നും വന്നിട്ട് ഇരുപത്തിയാറാം ദിവസമാണ് രോഗം കണ്ടെത്തുന്നത്. പാലക്കാട് മറ്റൊരാൾക്ക് 24 ദിവസം കഴിഞ്ഞിട്ടാത്രേ രോഗലക്ഷണങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഇരുപത്തിയഞ്ചാം ദിവസവും രോഗിയെ കണ്ടെത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഈ സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്.
കോവിഡിന്റെ ഇൻകുബേഷൻ കാലയളവ് ലോകാരോഗ്യസംഘടന നിർണ്ണയിച്ചിരുന്നത്, രണ്ടു മുതൽ പതിനാലു ദിവസങ്ങൾ വരെ എന്നാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം, എത്ര സമയം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് എന്നതാണല്ലോ ഇൻകുബേഷൻ കാലയളവ്.
ഇൻകുബേഷൻ കാലയളവ് നിർണ്ണയിക്കുന്നത് എങ്ങനെയാണ്?
രോഗിയുമായി സമ്പർക്കമുണ്ടായ ദിവസം മുതൽ ലക്ഷണങ്ങൾ ഉണ്ടാവുന്നത് വരെയുള്ള ദിവസങ്ങൾ, അനേകം വ്യക്തികളിൽ കണക്ക് കൂട്ടി രേഖപ്പെടുത്തുന്നു.
ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ കാലയളവ് അനേകരിൽ നിന്നെടുത്ത്, ഒരു റേഞ്ച് കണക്കു കൂട്ടുന്നു. ഈ രോഗത്തിൽ 2 മുതൽ 14 ദിവസങ്ങൾ.
ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടെത്തിയ ഇൻകുബേഷൻ കാലയളവ് (മീഡിയൻ ഇൻകുബേഷൻ) കോവിഡിൽ അഞ്ചു മുതൽ ആറു ദിവസങ്ങൾ വരെയാണ്.
അത്യപൂർവമായി നീണ്ട കാലയളവ് ചില കേസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്ളവരെ ‘ഔട്ട്ലയേഴ്‌സ്’ എന്ന് വിശേഷിപ്പിക്കുന്നു.
ഫെബ്രുവരി 9-ന് പുറത്തുവന്ന ഒരു പഠനത്തിൽ 24 ദിവസത്തെ ഇൻകുബേഷൻ കാലയളവ് കണ്ടെത്തിയതായി പറയുന്നുണ്ട്. കൂടാതെ, ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച 5 കേസുകളെക്കുറിച്ചുള്ള JAMA പഠനത്തിൽ 19 ദിവസത്തെ ഇൻകുബേഷൻ കാലയളവുള്ള ഒരു കേസും കണ്ടെത്തി. 27 ദിവസത്തെ ഇൻകുബേഷൻ കാലയളവുള്ള കേസ് ഫെബ്രുവരി 22-ന് ചൈനയിലെ ഹുബെ പ്രവിശ്യയിലെ പ്രാദേശിക സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഔട്ട്ലയേഴ്സ് ആണ്.
ഒരാൾ, ഔട്ട്ലയർ ആണോ എന്നത്, മറ്റെല്ലാ സാധ്യതകളും തള്ളിക്കളഞ്ഞതിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ പാടുള്ളൂ എന്ന് ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുണ്ട്. പലപ്പോഴും നീണ്ട കാലയളവ് രേഖപ്പെടുത്തിയിട്ടുള്ള കേസുകളിൽ, രണ്ടാമതൊരു സ്രോതസിന്റെ സാന്നിധ്യം പിന്നീട് കണ്ടെത്താനായിട്ടുണ്ട്.
ഒരു പുതിയ രോഗത്തിന്റെ ഇൻകുബേഷൻ കാലയളവ് പഠിക്കുവാൻ, ഏറ്റവും ഉചിതമായ സമയം, രോഗവ്യാപനത്തിന്റെ ആദ്യഘട്ടമാണ്. കൃത്യമായി ഏതു വ്യക്തിയിൽ നിന്ന് രോഗം പകർന്നു കിട്ടിയിരിക്കാം എന്നത് ഈ കാലഘട്ടത്തിൽ ഉറപ്പു വരുത്താൻ സാധിക്കും.
വലിയ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിച്ചതിനുശേഷം, ഇൻകുബേഷൻ കാലയളവ് നിർണയിക്കുമ്പോൾ, പിഴവുകൾക്ക് സാധ്യതയുണ്ട്. എന്തെന്നാൽ, ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് വ്യക്തിയിലേക്ക് രോഗാണു പകർന്നു കിട്ടിയിരിക്കാനുള്ള സാധ്യത ഈ ഘട്ടത്തിൽ ഉണ്ടായിരിക്കും. അതും ചിലപ്പോൾ വ്യത്യസ്തമായ സമയങ്ങളിൽ.
ഇങ്ങനെയുള്ള എല്ലാ സ്രോതസ്സുകളും കൃത്യമായി കണ്ടെത്താനായില്ലെങ്കിൽ, ആദ്യ സ്രോതസ്സിൽ നിന്ന് മാത്രമുള്ള കാലയളവ് കണക്ക് കൂട്ടുമ്പോൾ, നീണ്ട ഇൻകുബേഷൻ കാലയളവ് ആണെന്ന പ്രതീതി ഉണ്ടായേക്കാം.
ഇവിടെ നീണ്ട ഇൻകുബേഷൻ കാലയളവ് എന്നു ഉറപ്പിക്കുന്നതിനു മുൻപ് കണക്കിലെടുക്കേണ്ട മറ്റു സാധ്യതകൾ എന്തെല്ലാം ?
ചില രോഗികളിൽ എങ്കിലും, ചെറിയ രോഗലക്ഷണങ്ങൾ വിദേശ രാജ്യത്ത് നിന്ന് ഇവിടേക്ക് എത്തുന്നതിനും ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായി ഭേദമായിപ്പോയിരിക്കാം.
ലോകത്തുതന്നെ 80 ശതമാനത്തോളം രോഗികളിലും നിസ്സാര ലക്ഷണങ്ങളോടു കൂടി രോഗം വന്ന് മാറി പോകുന്നതായാണ് കാണുന്നത്. എന്നാൽ പി.സി.ആർ പരിശോധനയിൽ, ലക്ഷണങ്ങൾ തുടങ്ങി, ഏതാനും ആഴ്ച്ചകൾ കൂടി വരെ പരിശോധനാഫലം പോസിറ്റീവായി ലഭിച്ചേക്കാം.
മറ്റൊരു സാധ്യത, നിർദ്ദേശമനുസരിച്ച് മുറികളിൽ കഴിയുന്നവർ പോലും, തങ്ങൾക്കുണ്ടാകുന്ന ചെറിയ ജലദോഷമോ, വരണ്ട ചുമയോ, ചെറിയ തൊണ്ടവേദനയോ പലപ്പോഴും കാര്യമാക്കണമെന്നില്ല.
ഇത്തരം നിസ്സാര ലക്ഷണങ്ങൾ കാലാവസ്ഥാമാറ്റം, തണുത്ത ഭക്ഷണം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടാണെന്ന് ധരിക്കുന്ന പതിവ് ജനങ്ങൾക്കിടയിലുണ്ട്. ലക്ഷണങ്ങൾ ഒരല്പം കൂടി, ശ്രദ്ധിക്കുവാൻ തക്കനിലയിൽ എത്താൻ ഒരാഴ്ച്ചയോളം എടുത്തേക്കാം.
ഈ സമയത്ത് മാത്രമായിരിക്കാം ആരോഗ്യ പ്രവർത്തകരോട് വിവരമറിയിക്കുന്നതും, പരിശോധനയ്ക്ക് വിധേയമാവുന്നതും. ഇത് പലപ്പോഴും, ഇൻകുബേഷൻ കാലയളവ് നീണ്ടു പോയതാണെന്ന സംശയം ഉണ്ടാക്കിയേക്കാം.
നിസ്സാര ലക്ഷണങ്ങൾക്ക് (ക്യാറ്റഗറി A) , കോവിഡ് പരിശോധന ചെയ്യേണ്ടതില്ല എന്നതാണ് മാർഗ്ഗരേഖ. ഇനി ചെറിയ ലക്ഷണങ്ങൾ ഉള്ളവരിൽ അണുബാധയുണ്ടെങ്കിൽ തന്നെ, രോഗവ്യാപനം ഇല്ലാതിരിക്കാൻ കൃത്യമായി 28 ദിവസം തന്നെ സമ്പർക്കമില്ലാതെ, വീട്ടിൽ കഴിയണമെന്ന് നിർദ്ദേശം നൽകാറുണ്ട്. ഇതിനിടയിൽ, എപ്പോഴെങ്കിലും, ലക്ഷണങ്ങൾ കൂടുന്ന സ്ഥിവിശേഷം ഉണ്ടാവുമ്പോൾ തന്നെ, ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. അങ്ങനെ വരുന്ന പരിശോധനാഫലങ്ങളും, നീണ്ട ഇൻകുബേഷൻ കാലയളവുണ്ടോ എന്ന സംശയം പ്രഥമദൃഷ്ട്യാ ഉണ്ടാക്കിയേക്കാം.
ചുരുക്കിപ്പറഞ്ഞാൽ അത്യപൂർവമായി നീണ്ട ഇൻകുബേഷൻ പീരീഡ് ഉണ്ടാവാറുണ്ട്. പക്ഷേ കേരളത്തിലെ രോഗികൾ ഈ പറയുന്ന ‘ഔട്ട്ലയർ’ ഗ്രൂപ്പുകളിൽ പെടുന്നത് ആണെന്ന് പറയാൻ മാത്രം തെളിവുകൾ ഒന്നുമില്ല. ഇൻകുബേഷൻ പീരീഡ് പരമാവധി 14 ദിവസം എന്നുള്ളത് തന്നെയാണ് നമ്മളും സ്വീകരിക്കേണ്ടത്
നമ്മുടെ നാട്ടിലെ ഈ വൈകി കണ്ടുപിടിക്കപ്പെടുന്ന രോഗികൾക്ക് ഇവിടെ വന്നതിനുശേഷം രോഗബാധ ഉണ്ടായതായിക്കൂടെ?
സംശയം ജനുവിൻ ആണ്. എപ്പോഴും ഒരു നീണ്ട ഇൻകുബേഷൻ പീരീഡ് കണ്ടെത്തി കഴിഞ്ഞാൽ അവിടെ ഒരു ‘സെക്കൻഡ് സോഴ്സി’നുള്ള സാധ്യത ഇല്ല എന്ന് ഉറപ്പാക്കണമെന്ന് WHO പറയുന്നുണ്ട്. പക്ഷേ കേരളത്തിലെ സാഹചര്യത്തിൽ വിദേശത്തു നിന്ന് വന്നവർ കൃത്യമായ നിരീക്ഷണത്തിലായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അതുകൊണ്ടുതന്നെ, പ്രത്യേകിച്ചും രോഗത്തിൻ്റെ സാമൂഹ്യവ്യാപനം നടന്നിട്ടില്ലാത്ത ഒരു സാഹചര്യത്തിൽ, അവർക്ക് ഇവിടെ വന്നശേഷം രോഗം കിട്ടിയതാകാനുള്ള സാധ്യത മാറ്റിവയ്ക്കാവുന്നതാണ്.
ഇൻകുബേഷൻ പീരീഡ് പതിനാല് ദിവസമേ ഉള്ളൂ എങ്കിൽ പിന്നെ എന്തുകൊണ്ട് 28 ദിവസം ക്വാറന്റൈൻ?
ക്വാറന്റൈൻ സമയം തീരുമാനിച്ചത്, IP മാത്രം നോക്കിയിട്ടോ, PCR നെഗറ്റീവ് ആകുന്ന സമയം വെച്ചോ അല്ലാ, മറിച്ച് ഒരാൾക്ക് രോഗബാധ വന്നാൽ മറ്റൊരാൾക്ക് രോഗം പകരാൻ സാധ്യതയുള്ള പരമാവധി സമയം കണക്കാക്കിയാണ്. നിരവധി പഠനങ്ങളിൽ രോഗലക്ഷണം വന്നശേഷം 8 ദിവസങ്ങൾ മുതൽ രോഗിക്ക് രോഗം പകർന്നു കൊടുക്കാനുള്ള കഴിവ് (infectivity) നഷ്ടപ്പെടും എന്നാണ് കാണാൻ കഴിഞ്ഞത്. അത് ചിലരിൽ പിന്നെയും ഒരാഴ്ച കൂടി നീണ്ടു നിന്നേക്കാം.
ചെറിയ ശതമാനം രോഗികളിൽ, സമ്പർക്കത്തിന് ശേഷം പന്ത്രണ്ട് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിൽ രോഗലക്ഷണം തുടങ്ങിയേക്കാം. അതിന് മുൻപുള്ള രണ്ടോ മൂന്നോ ദിവസങ്ങളും, ഇതിന് ശേഷമുള്ള എട്ട് ദിവസങ്ങളിലുമാണ് അയാളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത ഏറ്റവും കൂടുതൽ.
അതുകൊണ്ടുതന്നെ 28 ദിവസം പൂർണ്ണമായും വീടുകളിൽ തന്നെ ഐസൊലേറ്റ് ചെയ്യുകയാണെങ്കിൽ, ഭൂരിഭാഗം രോഗികളിലും, രോഗം താനേ ഭേമാവുകയും, മറ്റൊരാളിലേക്ക് രോഗപ്പകർച്ച ഉണ്ടാവാതിരിക്കുകയും ചെയ്യും.
അതാണ് ക്വാറൻ്റൈൻ്റെയും ഐസൊലേഷൻ്റെയും കാലാവധി തീരുമാനിക്കുന്ന ഘടകം.
സമൂഹ വ്യാപനം നടക്കുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും തന്നെ നിസ്സാരലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കാറില്ല. ലക്ഷണങ്ങൾ മൂർച്ഛിക്കുന്നില്ലെങ്കിൽ, ഇവരോട് വീടുകളിൽ തന്നെ കഴിയാനാണ് യൂ.കെ അടക്കമുള്ള രാജ്യങ്ങളിൽ ആവശ്യപ്പെടുന്നത്. ഇതിനൊരു പ്രധാന കാരണം പരിശോധനാ കിറ്റുകളുടെ ലഭ്യത കുറവാണ്.
ലോകം മുഴുവൻ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കിറ്റുകളുടെ ദൗർലഭ്യം. ചെറിയ ലക്ഷണങ്ങൾക്ക് പരിശോധന നടത്താൻ സാധിച്ചില്ലെങ്കിലും, 28 ദിവസത്തെ ഐസൊലേഷനിലൂടെ രോഗപ്പകർച്ച പൂർണമായും തടയാൻ സാധിക്കും.
അതേ സമയം വാർത്തകളിൽ കണ്ടപോലെ ഒരു കുടുംബത്തിൽ നിരവധി പേർ ഇൻകുബേഷൻ പിരീഡ് കഴിഞ്ഞും PCR ടെസ്റ്റ് പോസിറ്റീവാകുന്നത് എന്തു പാഠമാണ് നമുക്ക് നൽകുന്നത്?
ഇവിടെ മാധ്യമങ്ങൾ ഊന്നൽ നൽകിയ കൂടുതൽ ദിവസങ്ങൾ കഴിഞ്ഞ് പോസിറ്റീവായി എന്നതിലല്ല നാം ശ്രദ്ധിക്കേണ്ടത്, പകരം കൂടുതൽ ആളുകൾ പോസിറ്റീവായി എന്നതിലാണ്. ഒരാൾ വിദേശ രാജ്യത്തു നിന്ന് രോഗബാധിതനായി നാട്ടിലെത്തിയാൽ അയാളോട് ബാഹ്യസമ്പർക്കമില്ലാതെ ജീവിക്കാൻ ആണ് ആവശ്യപ്പെടുന്നത്. അത് എത്രത്തോളം പ്രാവർത്തികമാക്കുന്നു എന്നതിൻ്റെ അളവുകോലാണ് രോഗബാധിതരാകുന്നവരുടെ എണ്ണം.
ഒരു വീടിനുള്ളിലെ ചലനവും സമ്പർക്കവും വൈറസിനെ മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്നു, അവിടെ നിന്ന് മൂന്നാമതൊരാൾക്ക്, അങ്ങനെ. ഇവരിൽ പലരും ഒരു ലക്ഷണവും കാണിക്കണമെന്നില്ല. ലോക്ഡൗൺ കർശനമായതിനാൽ അവരുടെ പുറം ലോകവുമായുള്ള സമ്പർക്കം കുറവാണെന്ന് വിശ്വസിക്കാം.
വീട്ടിനുള്ളിൽ ഇങ്ങനെ രണ്ടോ മൂന്നോ തലമുറ വൈറസ് കൈമാറി കൊടുക്കുകയും മൂന്നാമത്തെ തലമുറക്ക് വൈറസ് കൈമാറിക്കിട്ടിയ ഉടൻ ലോക്ഡൗൺ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വൈറസ് വാഹകനായ മൂന്നാം തലമുറക്കാരൻ പുറത്തിറങ്ങുകയും യഥേഷ്ടം വിരാചിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ഇത് അടുത്ത ഒരു രോഗതരംഗത്തിന് തിരികൊളുത്തുകയും ചെയ്യും. അതിനാൽ ഓരോ വീട്ടിലും നിഷ്കർഷിച്ച ക്വാറന്റൈൻ സമയം ഒരു സമ്പർക്കവും ഇല്ലാതെ ശ്രദ്ധിക്കൽ വളരെ പ്രധാനമാണ്.
മേൽ പറഞ്ഞ വൈറസ് ബാധിതനായ മൂന്നാം തലമുറക്കാരൻ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചാൽ മറ്റൊരാൾക്ക് പകർത്തുന്നത് ഗണ്യമായി കുറക്കാൻ കഴിയും. രോഗവാഹകനാണോ എന്നൊരാൾക്ക് സ്വയം മനസ്സിലാക്കാൻ സാധിക്കാത്തതു കൊണ്ട് (ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാവാത്തതു കൊണ്ട്) എല്ലാവരും മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
മേൽപ്പറഞ്ഞ പലവിധ ഘടകങ്ങൾ കൊണ്ട് തന്നെ, പല രോഗികൾക്കും ഇൻകുബേഷൻ കാലയളവ് കൂടുതലാണെന്ന് ആദ്യ നോട്ടത്തിൽ തോന്നാം. എന്നാൽ ഇവിടെ ഓർക്കേണ്ടത് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം തന്നെയാണ്. മറ്റെല്ലാ സാധ്യതകളും സസൂക്ഷ്മം പരിശോധിച്ചതിന് ശേഷം മാത്രമേ, അത്യപൂർവമായ നീണ്ട ഇൻകുബേഷൻ കാലയളവ് എന്ന സാധ്യത ഏത് രോഗിയിലും ഉറപ്പിക്കാൻ പാടുകയുള്ളൂ.
പുതിയ രോഗികളെ കണ്ടെത്തിയതുകൊണ്ട് നമ്മൾ ഇതുവരെ പ്രചരിപ്പിച്ച തത്വങ്ങൾ ഒന്നും തെറ്റി പോയെന്ന് ഭയപ്പെടേണ്ട. ഇതു വരെ പറഞ്ഞും ചെയ്തും നാം സ്വായത്തമാക്കിയ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ സംഭവങ്ങൾ നമ്മെ പ്രേരിപ്പിക്കേണ്ടത്.