തൊഴിലും മാനസികസമ്മര്‍ദ്ദവും
തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍ ലോകരാജ്യങ്ങളുടെ വാര്‍ഷികോത്പാദനം പത്തു ശതമാനത്തോളം കുറയാന്‍ ഇടയാക്കുന്നുണ്ട്. സമയപരിമിതികള്‍, താന്താങ്ങളുടെ നിയന്ത്രണത്തിനു ബാഹ്യമായ ഘടകങ്ങളുടെ ആധിക്യം, പൊതുവേയുള്ള അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ “ന്യൂ ജനറേഷന്‍” തൊഴില്‍സ്ഥലങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുണ്ടെന്നും സൂചനകളുണ്ട്. “തൊഴിലിടങ്ങളിലെ മാനസികാരോഗ്യം” എന്ന പ്രമേയവുമായി ഇന്ന് ലോകമാനസികാരോഗ്യ ദിനം ആചരിക്കപ്പെടുകയാണ്. തൊഴില്‍ മൂലം സംജാതമാകുന്ന മാനസികസമ്മര്‍ദ്ദത്തെ തിരിച്ചറിയുന്നതും വരുതിയിലാക്കുന്നതും എങ്ങിനെയൊക്കെയെന്നൊന്നു പരിശോധിക്കാം.
………………………………………………………….
തൊഴില്‍ മനക്ലേശങ്ങള്‍ക്കിടയാക്കുന്നതെപ്പോള്‍?
………………………………………………………….
തൊഴില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍ എല്ലാവരെയും ഒരേ തരത്തിലല്ല ബാധിക്കുന്നത്. ഒരാളുടെ വ്യക്തിത്വം, ആരോഗ്യസ്ഥിതി, ജീവിതരീതി, വിദ്യാഭ്യാസം, സാമ്പത്തികനില, ആത്മവിശ്വാസം, ജോലി ചെയ്യുന്ന ശൈലി, മുന്നനുഭവങ്ങള്‍ തുടങ്ങിയവ തന്‍റെ ജോലിയുടെ സമ്മര്‍ദ്ദം അയാളെ എത്രത്തോളം ബാധിക്കുമെന്നതിനെ സ്വാധീനിക്കുന്നുണ്ട്. പ്രശ്നങ്ങളെ മറികടക്കാനും വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും തന്‍റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെ അതിജയിക്കാനുമുള്ള കഴിവുകളും പ്രസക്തമാണ്.
ജോലിയുടെ ആവശ്യകതകളോ ജോലിചെയ്യുന്ന സാഹചര്യങ്ങളോ ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളുമായോ പ്രതീക്ഷകളുമായോ ആദര്‍ശങ്ങളുമായോ പൊരുത്തപ്പെടാതിരിക്കുമ്പോഴോ, ക്ലേശരഹിതമായി ജോലി ചെയ്തുതീര്‍ക്കാനാവശ്യമായത്ര വൈദഗ്ദ്ധ്യമോ ശാരീരികക്ഷമതയോ അയാള്‍ക്കില്ലാതിരിക്കുമ്പോഴോ ആണ് ആ ജോലി അയാളില്‍ മാനസികസംഘര്‍ഷമുളവാക്കാന്‍ തുടങ്ങുന്നത്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സ്വാഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം കിട്ടാത്ത, എല്ലാ തീരുമാനങ്ങളും തൊഴില്‍ദാതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യവും സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും നിസ്സഹകരണവുമാണ് ഒരാള്‍ക്ക് തന്‍റെ ജോലിയെ ക്ലേശകരമാക്കിത്തീര്‍ക്കുന്ന മുഖ്യ ഘടകങ്ങളെന്ന് ചില ഗവേഷകര്‍ സമര്‍ത്ഥിക്കുന്നുണ്ട്. അദ്ധ്വാനത്തിനനുസൃതമായ പ്രതിഫലം കിട്ടാതെ വരുന്നതാണ് കൂടുതല്‍ വലിയ പ്രശ്നം എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. അമിതമായ ജോലിഭാരവും ക്ലിപ്തസമയത്തിനു ശേഷവും ജോലി തുടരേണ്ടി വരുന്നതും ഇതു രണ്ടും വ്യക്തിജീവിതത്തെ ബാധിക്കാന്‍ തുടങ്ങുന്നതും ജോലിയില്‍ വൈവിധ്യങ്ങളില്ലാതെ പോകുന്നതും പണിക്കിടയില്‍ ഇടവേളകള്‍ ലഭിക്കാതെ വരുന്നതുമൊക്കെ മാനസികസമ്മര്‍ദ്ദത്തിനു കാരണമാകാറുണ്ട്. ഇതിനൊക്കെപ്പുറമെ കുടുംബപ്രശ്നങ്ങളും മറ്റു ജീവിതവൈഷമ്യങ്ങളും സൃഷ്ടിക്കുന്ന മനക്ലേശങ്ങള്‍ തൊഴിലിടങ്ങളിലേക്കും വ്യാപിക്കാറുമുണ്ട്.
………………………………………………………….
മാനസികസമ്മര്‍ദ്ദത്തെ മെരുക്കിയില്ലെങ്കില്‍
………………………………………………………….
ഒരിത്തിരി സമ്മര്‍ദ്ദം നിരാശയും ബോറടിയും ഒഴിഞ്ഞുപോകാനും, സര്‍ഗാത്മകതയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഉത്തേജിപ്പിക്കപ്പെടാനുമൊക്കെ സഹായകരമാകാറുണ്ട്. എന്നാല്‍ അമിതമായ മനക്ലേശം ഒരാളുടെ ആത്മവിശ്വാസവും വ്യക്തിത്വവികസനവും താറുമാറാകുന്നതിനും, രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതിനും, വിഷാദമോ ഉത്ക്കണ്ഠാരോഗങ്ങളോ പോലുള്ള മാനസികപ്രശ്നങ്ങളോ ഹൃദ്രോഗങ്ങള്‍ പോലുള്ള ശാരീരികവൈഷമ്യങ്ങളോ പിടിപെടുന്നതിനുമൊക്കെ ഹേതുവാകാറുണ്ട്. മാനസികസമ്മര്‍ദ്ദം ബാധിച്ചവരില്‍ സാധാരണമായ പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങള്‍ വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളും പ്രസക്തമാണ്.
ദീര്‍ഘകാലം നീളുന്ന ടെന്‍ഷന്‍ പലപ്പോഴും ‘ബേണ്‍ഔട്ട്’ എന്ന അവസ്ഥയ്ക്കു വഴിവെക്കാറുണ്ട്. അമിതമായ ക്ഷീണം, എല്ലാറ്റിനോടുമുള്ള വെറുപ്പും വിരക്തിയും തുടങ്ങിയവ ബേണ്‍ഔട്ടിന്‍റെ മുഖമുദ്രകളാണ്. തൊഴിലിനോടുള്ള അതിരു കവിഞ്ഞ അര്‍പ്പണ മനോഭാവമോ ഏറ്റെടുത്ത ജോലി ഏറ്റവും വൃത്തിയായിത്തന്നെ ചെയ്യണമെന്ന പിടിവാശിയോ ഒക്കെയുള്ളവര്‍ക്ക് കാലക്രമത്തില്‍ ബേണ്‍ഔട്ട് പിടിപെടാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്.
………………………………………………………….
ജോലി സമ്മര്‍ദ്ദജനകമാകുന്നുണ്ടോ എന്നു പരിശോധിക്കാം
………………………………………………………….
(മൂന്നു തലക്കെട്ടുകള്‍ക്കും കീഴിലുള്ള ഓരോ ചോദ്യങ്ങള്‍ക്കും “അതെ” എന്നോ “ഇല്ല” എന്നോ ഉത്തരം നല്‍കുക.)
- കാഠിന്യം
- എന്‍റെ ജോലി അതികഠിനമാണ്.
- ഞാന്‍ വളരെയധികം ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്.
- എന്‍റെ ജോലി മുഴുവനും ചെയ്യാന്‍ വേണ്ടത്ര സമയം എനിക്കു കിട്ടാറില്ല.
- നിയന്ത്രണം
- ഞാന്‍ ചെയ്യുന്ന ജോലിയില്‍ അത്യാവശ്യം വൈവിധ്യങ്ങള്‍ ഉണ്ട്.
- എന്‍റെ ജോലി എനിക്ക് സര്‍ഗവൈഭവം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ തരുന്നുണ്ട്.
- എന്‍റെ ജോലി എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
- ജോലിസ്ഥലത്തു നടക്കുന്ന കാര്യങ്ങളെപ്പറ്റി എനിക്ക് മറ്റുള്ളവരോട് ഒരുപാടു കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടാവാറുണ്ട്.
- ഞാന്‍ എന്‍റെ ജോലി എങ്ങിനെ ചെയ്യുന്നു എന്നു നിശ്ചയിക്കാനുള്ള പൂര്‍ണ സ്വാതന്ത്യ്രം എനിക്കുണ്ട്.
- പിന്തുണ
- എന്‍റെ സഹപ്രവര്‍ത്തകര്‍ സഹായമനസ്കത ഉള്ളവരാണ്.
- എന്‍റെ സഹപ്രവര്‍ത്തകര്‍ എന്‍റെ കാര്യങ്ങളില്‍ വ്യക്തിപരമായ താല്പര്യം കാണിക്കാറുണ്ട്.
- എന്‍റെ മേലുദ്യോഗസ്ഥന്‍ സഹായമനസ്ഥിതിയുള്ള ഒരു വ്യക്തിയാണ്.
- എന്‍റെ മേലുദ്യോഗസ്ഥന്‍ എന്‍റെ ഉന്നമനം കാംക്ഷിക്കുന്ന ആളാണ്.
“അതെ” എന്ന ഓരോ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ഇടുക. എന്നിട്ട് കാഠിന്യം, നിയന്ത്രണം, പിന്തുണ എന്നീ ഭാഗങ്ങള്‍ക്ക് എത്ര മാര്‍ക്കു വീതം കിട്ടി എന്നു കൂട്ടിനോക്കുക. കിട്ടിയ മാര്‍ക്കുകളുടെ പൊരുളറിയാന്‍ താഴെക്കൊടുത്ത സൂചിക കാണുക.
എന്‍റെ ജോലിക്ക് കാഠിന്യം ……………..
(0-1: കുറവാണ്; 2-3: കൂടുതലാണ്)
എന്‍റെ ജോലിക്കു മേല്‍ എനിക്ക് നിയന്ത്രണം ……………..
(0-2: കുറവാണ്; 3-5: ഉണ്ട്)
ജോലിസ്ഥലത്ത് എനിക്കു കിട്ടുന്ന പിന്തുണ ……………..
(0-1: വളരെ കുറവാണ്; 2: വലിയ കുഴപ്പമില്ലാത്തതാണ്; 3-4: വളരെ നല്ലതാണ്)
കാഠിന്യം അധികമാണെന്നോ, നിയന്ത്രണമോ പിന്തുണയോ കുറവാണെന്നോ സൂചന കിട്ടിയവര്‍ക്ക് മാനസികസമ്മര്‍ദ്ദവും അനുബന്ധപ്രശ്നങ്ങളും പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്.
………………………………………………………….
തൊഴിലിടങ്ങളെ ടെന്‍ഷന്‍ഫ്രീയാക്കാന്‍
………………………………………………………….
ഒരാള്‍ സമ്മര്‍ദ്ദജനകമെന്നു വിശ്വസിക്കുന്ന അതേ സാഹചര്യത്തെ മറ്റൊരാള്‍ ഒരു വെല്ലുവിളിയായോ തന്‍റെ കഴിവു തെളിയിക്കാനുള്ള നല്ലൊരവസരമായോ ഉള്‍ക്കൊണ്ടേക്കാം. ഒരു സാഹചര്യം എന്തുമാത്രം അപകടകരമാണ്, അതിനെ തരണം ചെയ്യാന്‍ വേണ്ട കഴിവുകള്‍ തനിക്ക് എത്രത്തോളമുണ്ട് എന്നീ വിഷയങ്ങളില്‍ ഒരാള്‍ നടത്തുന്ന വിലയിരുത്തലുകള്‍ ആ സാഹചര്യം അയാള്‍ക്കു ടെന്‍ഷനുണ്ടാക്കുമോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. വിഷമസന്ധികളെ നേരിടുന്നതില്‍ ഒരാള്‍ക്കുള്ള മുന്നനുഭവങ്ങളും അയാളുടെ പ്രതികരണത്തിന്‍റെ സ്വഭാവങ്ങളെ സ്വാധീനിക്കുന്നുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ വിഷമസന്ധികളെ വിലയിരുത്തുക, എങ്ങിനെ പ്രതികരിക്കണമെന്നു തീരുമാനിക്കുക, ഉചിതമെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കുക, കുറഞ്ഞ തോതിലോ കൂടിയ അളവിലോ മാനസികസമ്മര്‍ദ്ദം അനുഭവിക്കുക എന്നിവയൊക്കെ ഒരു തുടര്‍പ്രക്രിയയുടെ ഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ പ്രശ്നസാഹചര്യങ്ങളെ വിലയിരുത്തുന്നതിലും അവയോടു പ്രതികരിക്കുന്നതിലും വരുന്ന പാളിച്ചകളെ തിരിച്ചറിഞ്ഞും പരിഹരിച്ചും അത്തരം സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി അതിജീവിക്കാനുള്ള കഴിവു കൈവരിക്കാവുന്നതാണ്.
വിഷമസന്ധികളില്‍ അകപ്പെടുമ്പോള്‍ നാം പോലുമറിയാതെ നമ്മുടെ മനസ്സില്‍ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാത്ത ചില ദുഷ്ചിന്താശകലങ്ങള്‍ തലപൊക്കിയേക്കാം. “ഇതോടെ എല്ലാം തീര്‍ന്നു!”, “എനിക്കു മാത്രമെന്തേ എപ്പോഴും ഇങ്ങനെ?” എന്നൊക്കെപ്പോലെ. ഇത്തരം ചിന്തകള്‍ ഉത്ക്കണ്ഠ വര്‍ദ്ധിക്കാനും അതുവഴി ആ സാഹചര്യത്തെ മറികടക്കാനുള്ള കഴിവു ദുര്‍ബലമാകാനും ഇടയാക്കാം. മനസ്സില്‍ രൂഢമൂലമായിക്കഴിഞ്ഞ ചില അബദ്ധധാരണകളും നിരന്തരം മാനസികസംഘര്‍ഷമുളവാകുന്നതിനു നിമിത്തമാകാം. “ചെയ്യുന്ന ഒരു കാര്യത്തിലും ഞാന്‍ പരാജയപ്പെടരുത്”, “എന്നെ ഒരിക്കലും ക്ഷീണമോ രോഗങ്ങളോ ബാധിക്കരുത്” തുടങ്ങിയ ചിന്താഗതികളെ ഇക്കൂട്ടത്തില്‍പ്പെടുത്താം. അതിരുകവിഞ്ഞ നിരാശയോ ഉത്ക്കണ്ഠയോ ദേഷ്യമോ അനുഭവപ്പെടുമ്പോഴൊക്കെ അതിനു മുന്നോടിയായി എന്തൊക്കെ ചിന്തകളാണു കടന്നുപോയത് എന്നു പരിശോധിക്കുകയും, മനസ്സു ശാന്തമായ ശേഷം ആ ചിന്തകള്‍ എത്രത്തോളം അര്‍ത്ഥവത്താണ് എന്നു വിശകലനം നടത്തുകയും, എന്നിട്ട് അവയ്ക്കു പകരം വെക്കാവുന്ന കുറച്ചു മറുചിന്തകള്‍ ആലോചിച്ചുവെക്കുകയും ചെയ്യാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം:
അബദ്ധധാരണ: മറ്റൊരാളുടെ സഹായം തേടേണ്ടിവരിക എന്നതിന്‍റെ അര്‍ത്ഥം എനിക്കു പോരായ്മകളുണ്ടെന്നു ഞാന്‍ തന്നെ സമ്മതിക്കുന്നുവെന്നാണ്.
മറുവാദം: ഇടക്കൊക്കെ വേറൊരാളുടെ സഹായം തേടുകയെന്നത് ഏതൊരു സാമൂഹ്യജീവിക്കും ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്.
അബദ്ധധാരണ: എടുത്തു കഴിഞ്ഞ ഒരു തീരുമാനത്തില്‍ മാറ്റം വരുത്തുന്നത് ഞാനൊരു വിഡ്ഢിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണ്.
മറുവാദം: പുതിയ അനുഭവങ്ങള്‍ക്കും മറ്റുള്ളവരുടെ പ്രതികരങ്ങള്‍ക്കും അനുസൃതമായി തീരുമാനങ്ങളില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തുന്നത് ബുദ്ധിയാണ്, വിഡ്ഢിത്തമല്ല.
അബദ്ധധാരണ: മറ്റൊരാള്‍ എന്നെ തിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് എന്നെ ഇഷ്ടമില്ലെന്നും ഞാനൊരു പരാജയമാണെന്നുമാണു വിവക്ഷ.
മറുവാദം: ആരെങ്കിലും എന്‍റെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നത് എന്നെ ദോഷമറ്റ ഒരു വ്യക്തിയായി കാണാനുള്ള ആഗ്രഹം കൊണ്ടുമാവാം.
അബദ്ധധാരണ: എല്ലാം അറിയാനും മനസ്സിലാക്കാനും മുന്‍കൂട്ടിക്കാണാനും എനിക്കു കഴിയണം.
മറുവാദം: എന്‍റെ അറിവിലുള്ളതില്‍വെച്ച് ഒരാള്‍ക്കു പോലും ഇത്തരം സിദ്ധികളില്ല. ഏതൊരാള്‍ക്കും പിഴവുകള്‍ പിണയുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.
പിന്നീടൊരിക്കല്‍, അതേ പോലൊരു സാഹചര്യം ആവര്‍ത്തിക്കുമ്പോള്‍, നേരത്തേ ആലോചിച്ചുവെച്ച മറുചിന്തകള്‍ സ്വയമോര്‍മിപ്പിക്കുന്നത് ആ സമയത്ത് നിരാശയോ കോപമോ പോലുള്ള ദുര്‍വികാരങ്ങള്‍ അമിതമായിപ്പോവാതിരിക്കാന്‍ സഹായകമാകും.
കോപത്തെ നിയന്ത്രിക്കാനും, കയ്യിലുള്ള സമയത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും, ലക്ഷ്യങ്ങളെ യഥോചിതം നിര്‍ണയിക്കാനും, ആളുകളെ പിണക്കാതെ തന്നെ അവരോട് “എനിക്കു പറ്റില്ല” എന്നു പറയാനും, പ്രശ്നങ്ങളെ വിശകലനം ചെയ്യാനും, അവയ്ക്ക് ഏറ്റവും പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്താനുമൊക്കെയുള്ള ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കുന്നതും, റിലാക്സേഷന്‍ വ്യായാമങ്ങള്‍, യോഗ തുടങ്ങിയ മാനസികപിരിമുറുക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന വിദ്യകള്‍ പരിശീലിക്കുന്നതുമൊക്കെ ടെന്‍ഷന്‍റെ ആവിര്‍ഭാവത്തെ തടയാനും അതിന്‍റെ കാഠിന്യം മയപ്പെടുത്താനും സഹായകമാകാറുണ്ട്.
പുകവലിയും മദ്യപാനവുമൊക്കെ തല്‍ക്കാലത്തേക്ക് ആശ്വാസം തരുന്നുവെന്നു തോന്നിച്ചേക്കാമെങ്കിലും, കാലക്രമത്തിലവ തൊഴില്‍ ചെയ്യാനുള്ള കഴിവിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന വസ്തുത തിരിച്ചറിഞ്ഞ്, ശാശ്വതപരിഹാരം തരുന്ന മുകളില്‍പ്പറഞ്ഞ വിദ്യകള്‍ കൂടുതലായി ഉപയോഗിക്കാന്‍ മനസ്സു വെക്കേണ്ടതാണ്.
………………………………………………………….
തൊഴില്‍ദാതാക്കള്‍ക്കു ചെയ്യുവാനുള്ളത്
………………………………………………………….
തൊഴിലാളികളെ മാനസികസമ്മര്‍ദ്ദം പിടികൂടുന്നത് അവരുടെ തന്നെ കൊള്ളരുതായ്മ കൊണ്ടാണെന്ന മനോഭാവം മൂലം ആ സമ്മര്‍ദ്ദത്തിന്‍റെ കാര്യകാരണങ്ങളെ കണ്ടെത്താനോ പരിഹരിക്കാനോ അടുത്തകാലംവരേക്കും മിക്ക തൊഴില്‍ദാതാക്കളും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ബോധവല്‍ക്കരണങ്ങളും നിയമനിര്‍മാണങ്ങളും ഈ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയിട്ടുണ്ട്. മാനസികസമ്മര്‍ദ്ദത്തിന്‍റെ ആധിക്യം തൊഴിലാളികള്‍ വര്‍ദ്ധിച്ച തോതില്‍ അവധികളെടുക്കുന്നതിനും കൊഴിഞ്ഞു പോകുന്നതിനും പ്രായമെത്തുംമുമ്പേ വിരമിക്കുന്നതിനും അവശേഷിക്കുന്ന സ്റ്റാഫിലും മനക്ലേശം ഉറവെടുക്കുന്നതിനുമൊക്കെ വഴിവെക്കുന്നുണ്ടെന്നും, തൊഴില്‍സ്ഥലങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാര്യക്ഷമത കുറയുന്നതിനും ഉപഭോക്താക്കളുടെ അസംതൃപ്തിക്കുമൊക്കെ ഇടയാക്കുന്നുണ്ടെന്നും മറ്റുമുള്ള കണ്ടെത്തലുകള്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മുന്‍കയ്യെടുക്കാന്‍ തൊഴില്‍ദാതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. സ്ഥാപനത്തെ സമ്മര്‍ദ്ദരഹിതമാക്കാനുദ്ദേശിച്ച് വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ നടത്തുന്നത് താല്‍ക്കാലികാശ്വാസം മാത്രമേ തരികയുള്ളൂവെന്നും, ശാശ്വതമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
തങ്ങളുടെ തൊഴിലാളികളില്‍ മാനസികസമ്മര്‍ദ്ദം ജനിപ്പിക്കുന്ന കാരണങ്ങളെ മനസ്സിലാക്കി സ്ഥാപനത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ളവരുടെ സഹകരണത്തോടെ അവയെ ഇല്ലാതാക്കാനോ ലഘൂകരിക്കാനോ ശ്രമിക്കുകയാണ് തൊഴിലുടമകള്‍ ചെയ്യേണ്ടത്. അമിത ജോലിഭാരമാണു തൊഴിലാളികളെ തളര്‍ത്തുന്നതെങ്കില്‍ ഷിഫ്റ്റ് രീതികളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുക, കൂടുതല്‍ പരിശീലനങ്ങള്‍ ഒരുക്കുക, അനുയോജ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ ആലോചിക്കാവുന്നതാണ്. തീരുമാനങ്ങളെല്ലാം അടിച്ചേല്പിക്കപ്പെടുകയാണ് എന്ന പരാതി വ്യാപകമാണെങ്കില്‍ തങ്ങള്‍ ആരുടെ കൂടെ, എപ്പോള്‍, എന്തു ജോലി, എങ്ങിനെ ചെയ്യുന്നു എന്നു നിശ്ചയിക്കുന്നതില്‍ കുറേയൊക്കെ സ്വാതന്ത്ര്യം തൊഴിലാളികള്‍ക്ക് അനുവദിക്കാവുന്നതാണ്. സൂപ്പര്‍വൈസര്‍മാരെ ഇത്തരം കാര്യങ്ങളില്‍ നിരന്തരം ബോധവല്‍ക്കരിക്കുന്നതും, ജീവനക്കാരില്‍ തെരഞ്ഞെടുത്ത ചിലരെ കൌണ്‍സലിംഗ് വിദ്യകള്‍ പരിശീലിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്. കടുത്ത മാനസികസമ്മര്‍ദ്ദമോ മാനസികവൈഷമ്യങ്ങളോ ബാധിച്ചവര്‍ക്ക് തക്കതായ ചികിത്സയും പുനരധിവാസവും ഒരുക്കാനും ശ്രദ്ധിക്കേണ്ടതാണ്.