· 7 മിനിറ്റ് വായന

പഠനത്തകരാറുകൾ: തിരിച്ചറിയാം, ലഘൂകരിക്കാം

Neurologyആരോഗ്യ അവബോധംശിശുപരിപാലനം

പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.

വാക്കുകളെയും ദൃശ്യങ്ങളെയും ഇങ്ങിനെ കൃത്യതയോടും കാര്യക്ഷമതയോടും ഗ്രഹിക്കാനോ കൈകാര്യംചെയ്യാനോ തലച്ചോറിനാവാതെ പോയാലോ? ആരോഗ്യമുള്ള കണ്ണും കാതും, നല്ല ബുദ്ധിയും, മതിയായ ഭൌതികസൌകര്യങ്ങളും അദ്ധ്യാപകരുമൊക്കെയുണ്ടെങ്കില്‍പ്പോലും കുട്ടിക്കു പഠനം കീറാമുട്ടിയാവുകയും വായനയോ എഴുത്തോ കണക്കോ ദുഷ്കരമാവുകയും ചെയ്യാം. ഇത്തരമവസ്ഥകളെയാണ് പഠനത്തകരാറുകള്‍ (learning disorders) എന്നു വിളിക്കുന്നത്. ഏതു കഴിവാണ് കുഴപ്പത്തിലായത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇവ വായനാക്ലേശം (dyslexia), രചനാക്ലേശം (dysgraphia), ഗണിതക്ലേശം (dyscalculia) എന്നിങ്ങനെ തിരിക്കപ്പെട്ടിട്ടുണ്ട്. (പഠനത്തകരാറുകളെ ഒന്നടങ്കം പലരും “പഠനവൈകല്യങ്ങള്‍” [learning disability] എന്നു വിളിക്കാറുണ്ടെങ്കിലും അനുയോജ്യമായ പരിശീലനങ്ങള്‍ നല്കപ്പെട്ടിട്ടും പരിഹരിക്കപ്പെടാത്തത്ര തീവ്രമായ പഠനത്തകരാറുകള്‍ക്കേ ആ പേരു ചേരൂ.)

ഇന്ത്യന്‍പഠനങ്ങള്‍ പറയുന്നത് രാജ്യത്തെ സ്കൂള്‍ക്കുട്ടികളില്‍ രണ്ടു തൊട്ട് പത്തു വരെ ശതമാനം പേര്‍ പഠനത്തകരാറു ബാധിച്ചവരാണെന്നാണ്.

വായനാക്ലേശവും രചനാക്ലേശവും ഒന്നാംക്ലാസിലോ രണ്ടാംക്ലാസിലോ ദൃശ്യമായിത്തുടങ്ങാമെങ്കില്‍ ഗണിതക്ലേശം ശ്രദ്ധിക്കപ്പെടുന്നത് മൂന്നിലോ നാലിലോ വെച്ചാവാം. പഠനത്തകരാറിന്‍റെ സാന്നിദ്ധ്യം ആ സമയത്തേ തിരിച്ചറിയുന്നതും മാതാപിതാക്കളും അദ്ധ്യാപകരും ചികിത്സകരും ഒത്തൊരുമിച്ച് തക്ക പ്രതിവിധികള്‍ നടപ്പാക്കുന്നതും കുട്ടിയുടെ ആത്മാഭിമാനത്തെയും പഠനനിലവാരത്തെയും ഏറെ സഹായിക്കും. മറിച്ച്, പ്രശ്നം തിരിച്ചറിയപ്പെടാതെ പോയാല്‍, ബുദ്ധിക്കോ ശ്രദ്ധക്കോ ഉത്സാഹത്തിനോ ഒരു കുറവുമില്ലാത്ത കുട്ടി മാര്‍ക്കിന്‍റെ കാര്യത്തില്‍ സദാ പിന്നാക്കം പോവുന്നതും ലളിതവാചകങ്ങള്‍ പോലും വായിക്കാനോ എഴുതാനോ ആവാതെ കുഴയുന്നതുമെല്ലാം രക്ഷകര്‍ത്താക്കളിലും അദ്ധ്യാപകരിലും കുട്ടിയില്‍ത്തന്നെയും അമ്പരപ്പും ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും മനോവൈഷമ്യങ്ങളും സൃഷ്ടിക്കുകയും “ചൂരല്‍ചികിത്സ”കള്‍ക്കും മറ്റും കളമൊരുക്കുകയും ചെയ്യാം. രോഗനിര്‍ണയമോ ചികിത്സകളോ പ്രാപ്യമാവാതെ പോവുന്നവരില്‍ പകുതിയോളംപേര്‍ ഹൈസ്കൂള്‍തലം മുഴുമിക്കാതെ പഠനംനിര്‍ത്തുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പഠനത്തകരാറു പിടിപെട്ടവര്‍ നിയമപ്രശ്നങ്ങളില്‍ കുരുങ്ങാനും തൊഴിലില്ലായ്മ നേരിടാനും മാനസികപ്രശ്നങ്ങളോ ആത്മഹത്യാപ്രവണതയോ പ്രകടിപ്പിക്കാനുമുള്ള സാദ്ധ്യതകളും കൂടുതലാണ്.

എങ്ങിനെ തിരിച്ചറിയാം?

വിവിധ പഠനത്തകരാറുകളുടെ പ്രധാനലക്ഷണങ്ങള്‍ താഴെപ്പറയുന്നു. ഇതില്‍ ഒന്നോ രണ്ടോ എണ്ണമെല്ലാം നോര്‍മല്‍ കുട്ടികളിലും കണ്ടേക്കാം —രണ്ടിലധികം ലക്ഷണങ്ങള്‍, അതും ഒരാറു മാസത്തോളം നിലനിന്നുകണ്ടാലേ പഠനത്തകരാറു സംശയിക്കേണ്ടതുള്ളൂ.

വായനാക്ലേശം

വായനാനേരത്ത് വാക്കുകള്‍ തിരിഞ്ഞുകിട്ടാനും അര്‍ത്ഥം മനസ്സിലാവാനും ഏറെ നേരമെടുക്കുകയോ തീരെ കഴിയാതെ പോവുകയോ ചെയ്യുക. നീളമുള്ള വാക്കുകള്‍ കൂടുതല്‍ പ്രശ്നകാരികളാവാം.
അക്ഷരങ്ങള്‍ വിട്ടുപോവുകയോ സ്വന്തമായി ഉണ്ടാക്കിപ്പറയുകയോ ചെയ്യുക. അക്ഷരങ്ങളുടെ ക്രമം മാറിപ്പോവുക. വാക്കുകളോ വരികളോ വായിക്കാതെവിടുകയോ രണ്ടാമതും വായിക്കുകയോ ചെയ്യുക. ആദ്യാക്ഷരം മാത്രം വായിച്ച് വാക്കിന്‍റെ ബാക്കിഭാഗം ചുമ്മാ ഊഹിക്കുക. “pin”, “pan”, “pun” എന്നിങ്ങനെ ഏറെ സമാനമായ വാക്കുകളെ വേര്‍തിരിച്ചറിയാന്‍ വിഷമമുണ്ടാവുക. “b”-യെ “d” എന്നു വായിക്കുക.
കുത്തും കോമയുമൊക്കെ അവഗണിക്കുക. വാക്കുകള്‍ക്കിടയിലെ വിടവുകള്‍ കണ്ണില്‍പ്പെടാതിരിക്കുകയോ അല്ലെങ്കില്‍ സ്ഥാനംതെറ്റി ദൃശ്യമാവുകയോ ചെയ്യുക — മുന്‍വാചകം വായനാക്ലേശബാധിതര്‍ക്കു ദൃശ്യമാവുന്നത് “അല്ലെ ങ്കില്‍സ്ഥാനം തെറ്റിദൃശ്യമാവുക യോചെയ്യുക” എന്നാവാം.
തക്ക ഊന്നലുകള്‍ നല്‍കാതെ ഏകതാനമായ രീതിയില്‍ വായിക്കുകയോ, ഊന്നല്‍ ആവശ്യമില്ലാത്തിടത്ത് അതു കൊടുക്കുകയോ ചെയ്യുക.
ഏതു ഭാഗമാണു വായിച്ചുകൊണ്ടിരുന്നത് എന്നു സദാ മറന്നുപോവുക. അതു തടയാന്‍ വാക്കുകളിലൂടെ വിരലോടിച്ചുകൊണ്ട് വായിക്കുക.
പകര്‍ത്തിയെഴുതുമ്പോള്‍ ഏറെ പിഴവുകള്‍ പിണയുക.
ചിത്രങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവുക.
വായന വല്ലാതെ ക്ഷീണജനകമാവുക. സ്വന്തമായി വായിക്കാന്‍ ഇഷ്ടമില്ലാതിരിക്കുകയും എന്നാല്‍ മറ്റാരെങ്കിലും വായിച്ചുകേള്‍പ്പിക്കുന്നതില്‍ താല്പര്യം കാട്ടുകയും ചെയ്യുക.
വായിക്കുന്ന കാര്യങ്ങള്‍ വേഗം മറന്നുപോവുകയും എന്നാല്‍ അതേ കാര്യങ്ങള്‍ കേട്ടാണു മനസ്സിലാക്കുന്നതെങ്കില്‍ ഓര്‍മയില്‍ നില്‍ക്കുകയും ചെയ്യുക.
കണ്ണിനു ചൊറിച്ചിലോ മങ്ങലോ അനുഭവപ്പെടുക. വായിക്കുമ്പോള്‍ കണ്ണീരു വരിക.

രചനാക്ലേശം

എഴുത്തിന് ഏറെ നേരമെടുക്കുക. എഴുതുമ്പോള്‍ പെട്ടെന്നു ക്ഷീണിച്ചുപോവുക. എഴുത്തില്‍നിന്നു കഴിവതും ഒളിച്ചോടാനുള്ള മനോഭാവമുണ്ടാവുക.
സ്പെല്ലിംഗ്, വ്യാകരണം, വാചകഘടന എന്നിവയില്‍ ധാരാളം പിഴവുകള്‍ വരിക. b-d, p-q, n-u, ന-ധ, സ-ഡ എന്നിങ്ങനെ പ്രതിബിബങ്ങളായ അക്ഷരങ്ങള്‍ പരസ്പരം മാറിപ്പോവുക. അക്ഷരങ്ങളോ വാക്കുകളോ വാചകഭാഗങ്ങളോ വിട്ടുപോവുക. ഒരേ വാക്ക് പല നേരത്ത് പല രീതിയിലെഴുതുക. വാക്കുകള്‍ക്കിടയില്‍ വിടവോ കുത്തോ കോമയോ ഒക്കെ ഇടാന്‍ വിട്ടുപോവുക. കയ്യക്ഷരം മോശമായിരിക്കുക. എഴുതിയതില്‍ ഏറെ വെട്ടും തിരുത്തുമുണ്ടാവുക.

ഇംഗ്ലീഷിലെഴുതുമ്പോള്‍ ക്യാപിറ്റല്‍ അക്ഷരങ്ങളും ചെറിയക്ഷരങ്ങളും കൂട്ടിക്കുഴക്കുക. ഉച്ചരിക്കുന്നതു പോലെയല്ലാതെ എഴുതുന്ന വാക്കുകള്‍ (ഉദാ: two, said) കൂടുതല്‍ പ്രശ്നമാവുക. വാക്കുകളെ അവ ഉച്ചരിക്കപ്പെടുന്ന അതേരീതിയില്‍ എഴുതുക (going – goying).
എഴുതുമ്പോള്‍ പേന തെറ്റായ രീതിയില്‍ പിടിക്കുക.
താന്‍ ഇടംകയ്യനോ വലംകയ്യനോ എന്നതില്‍ കുട്ടിക്കു സംശയമുണ്ടാവുക.

ഗണിതക്ലേശം

കണക്കു ചെയ്യാന്‍ ഏറെ സമയം വേണ്ടിവരിക.
ചെറിയ സംഖ്യകള്‍ പോലും കൂട്ടാനോ കുറക്കാനോ ബുദ്ധിമുട്ടുണ്ടാവുക.
ഗുണനപ്പട്ടികകള്‍ ഓര്‍ത്തുവെക്കാനാവാതിരിക്കുക.
24-നു പകരം 42 എന്നിങ്ങനെ അക്കങ്ങള്‍ പരസ്പരം മാറിപ്പോവുക.
ഓരോ അക്കത്തിന്‍റെയും ശരിക്കുള്ള “വലിപ്പം” ഉള്‍ക്കൊള്ളാന്‍ പ്രയാസംനേരിടുക.
“ശിഷ്ട”ങ്ങളും മറ്റും മനസ്സില്‍നിര്‍ത്താന്‍ വൈഷമ്യമുണ്ടാവുക. 71+9 എന്നതിന്‍റെ ഉത്തരം അവര്‍ 710 എന്നെഴുതാം.
മനക്കണക്കുകള്‍ ചെയ്യുമ്പോള്‍ കാര്യത്തെപ്പറ്റി അടിസ്ഥാനധാരണ പോലുമില്ലാത്ത രീതിയില്‍ ഉത്തരംപറയുക — 24 ആപ്പിളുകള്‍ നാലു കുട്ടികള്‍ക്ക് തുല്യമായി വീതിച്ചാല്‍ ഒരാള്‍ക്ക് എത്രയെണ്ണം വീതം കിട്ടും എന്നു ചോദിച്ചാല്‍ ഉത്തരം “20” എന്നാവാം.
സമയം നോക്കാനും പണം കൈകാര്യംചെയ്യാനും പ്രയാസംനേരിടുക.
വേഗം, ദൂരം, നേരം, വ്യാപ്തി എന്നൊക്കെയുള്ള സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക.

പല കുട്ടികളിലും ഇപ്പറഞ്ഞതില്‍ ഒന്നിലധികം ക്ലേശങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടേക്കാം.

അടിസ്ഥാനപ്രശ്നങ്ങള്‍
മേല്‍വിശദീകരിച്ച മൂന്നു ക്ലേശങ്ങള്‍ക്കും പൊതുവെ അടിസ്ഥാനമാവാറുള്ളത് ഉച്ചാരണാവബോധം (phonemic awareness), കാഴ്ചകളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് (visual perception), കേള്‍ക്കുന്നതുള്‍ക്കൊള്ളാനുള്ള കഴിവ് (auditory processing) എന്നിവയിലെ ന്യൂനതകളാണ്. ഇവയോരോന്നിനെയും പറ്റി കൂടുതലറിയാം.

ഉച്ചാരണാവബോധം

Hobby എന്നെഴുതിയത് ഉച്ചരിക്കപ്പെടുമ്പോള്‍ h, o എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന് “ഹോ” എന്ന ശബ്ദമാവുന്നുണ്ട്. “ഹോ”, “ബി” എന്നീ രണ്ടു ശബ്ദങ്ങള്‍ ചേരുമ്പോഴാണ് “ഹോബി” എന്ന ഉച്ചാരണം പൂര്‍ണമാവുന്നത്. ഉച്ചാരണത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ ഇത്തരം ശബ്ദങ്ങള്‍ ഇംഗ്ലീഷില്‍ phonemes എന്നും മലയാളത്തില്‍ സ്വനിമം, വര്‍ണം എന്നീ പേരുകളിലുമാണ് അറിയപ്പെടുന്നത്. ഓരോ വാക്കിലും ഒന്നോ അതിലധികമോ സ്വനിമങ്ങളുണ്ടാവും, എഴുതുമ്പോഴും വായിക്കുമ്പോഴും സ്വനിമങ്ങളെ ആവശ്യാനുസരണം വേര്‍തിരിക്കുകയോ ഒന്നിച്ചുചേര്‍ക്കുകയോ വേണം എന്നൊക്കെയുള്ള ബോദ്ധ്യങ്ങളെയാണ് ഉച്ചാരണാവബോധം എന്നുവിളിക്കുന്നത്.

ഉച്ചാരണാവബോധത്തിലെ ന്യൂനത ഇനിപ്പറയുന്ന രീതികളില്‍ പ്രകടമാവാം:

വായന വൈഷമ്യപൂര്‍ണമാവുക — “Bat” എന്നതു വായിക്കുമ്പോള്‍ “Ba” എന്നെഴുതിയതിനെ “ബാ” എന്ന സ്വനിമമായി പരിവര്‍ത്തിപ്പിക്കാനും വാക്കിന്‍റെ “Ba”, “t” എന്നീ രണ്ടുഭാഗങ്ങളെ ഏകോപിപ്പിച്ചുള്‍ക്കൊള്ളാനും പ്രയാസമുണ്ടാവാം.

ഓരോ വാക്കിനെയും ഇഴപിരിച്ചു മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടിവരിക. ഇത് തൊട്ടുമുമ്പു വായിച്ച വാക്കുകളുടെ വരെ അര്‍ത്ഥം മറന്നുപോവാനിടയൊരുക്കുകയും അങ്ങിനെ വാചകങ്ങളുടെ പൊരുള്‍ മനസ്സിലാക്കിയെടുക്കുക അസാദ്ധ്യമായിത്തീരുകയും ചെയ്യാം.
സ്പെല്ലിങ്ങുകള്‍ എഴുതാനും പറയാനും പഠിക്കാനും വിഷമം നേരിടുക.
കാഴ്ചകളെ ഉള്‍ക്കൊള്ളാനുള്ള കഴിവ്
കണ്ണുകളിലൂടെ കിട്ടുന്ന വിവരങ്ങളെ കൈകാര്യംചെയ്യുന്നതില്‍ തലച്ചോര്‍ പിന്നാക്കമാണെങ്കില്‍ വായനാനേരത്ത്, ‘താരേ സമീന്‍ പറി’ലെ കുഞ്ഞുനായകന് അനുഭവപ്പെട്ടതുപോലെ, അക്ഷരങ്ങള്‍ ചലിക്കുന്നതായിത്തോന്നുകയോ ഇരുണ്ടോ മങ്ങിയോ കാണപ്പെടുകയോ ചെയ്യാം. മുഖങ്ങളോ പേരുകളോ സ്ഥലങ്ങളോ ദിശകളോ ഓര്‍മയില്‍ നിര്‍ത്താനും നിറങ്ങള്‍ വേര്‍തിരിച്ചറിയാനും ബുദ്ധിമുട്ടു നേരിടാം.

കേള്‍ക്കുന്നതുള്‍ക്കൊള്ളാനുള്ള കഴിവ്
ഇതിനു പരിമിതിയുണ്ടായാല്‍ അതു താഴെപ്പറയുന്ന രീതികളില്‍ പ്രകടമാവാം:

വാക്കുകള്‍ വ്യക്തമായിക്കേള്‍ക്കാന്‍ പ്രയാസമുണ്ടാവുക.

അങ്ങോട്ടു വല്ലതും പറയുമ്പോള്‍ ഇടക്കിടെ “എന്ത്?” “ഏ?” എന്നെല്ലാം ചോദിക്കുക.
സംസാരിക്കുന്നവരുടെ ചുണ്ടില്‍ സൂക്ഷിച്ചുനോക്കുക.
കഥകളും മറ്റും വായിച്ചുകേള്‍ക്കുന്നതില്‍ താല്പര്യമില്ലാതിരിക്കുക.
ബഹളമയമായ അന്തരീക്ഷങ്ങളില്‍ സംഭാഷണങ്ങള്‍ മനസ്സിലാവാന്‍ വിഷമക്കൂടുതലുണ്ടാവുക.
പതിവു വാക്കുകള്‍ പോലും ശരിക്ക് ഉച്ചരിക്കാനാവാതിരിക്കുക.
സംസാരിക്കുമ്പോള്‍ വാക്കുകളുടെ ഒടുക്കഭാഗം വിട്ടുകളയുക.

ഇതിനൊക്കെപ്പുറമെ, ചില കുട്ടികളില്‍ സാമൂഹ്യസദസ്സുകളില്‍ യഥോചിതം പെരുമാറാനുള്ള കഴിവില്ലായ്മയും കാണാം. ശരീരഭാഷ അനുയോജ്യമാംവിധം പ്രയോഗിക്കുന്നതിലും മുഖഭാവങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതിലും മറ്റുള്ളവരെയ്യുന്ന സൂചനകള്‍ പിടിച്ചെടുക്കുന്നതിലുമെല്ലാം ഇക്കൂട്ടര്‍ പിന്നാക്കമാവാം.

എന്തുകൊണ്ടിതൊക്കെ?

പഠനത്തകരാറുകള്‍ക്കു പിന്നിലുള്ള മസ്തിഷ്കപ്രശ്നങ്ങള്‍ പല കാരണം കൊണ്ടും വരാം. ഗര്‍ഭിണികള്‍ പുകവലിക്കുകയോ മദ്യപിക്കുകയോ പോഷകാഹാരമെടുക്കാതിരിക്കുകയോ ചെയ്യുക, ഗര്‍ഭകാലം മറ്റേതെങ്കിലും രീതിയില്‍ ദുരിതപൂര്‍ണമാവുക, കുട്ടി തൂക്കക്കുറവോടെ ജനിക്കുക എന്നിവ ഉദാഹരണങ്ങളാണ്. മാസമെത്താതെ ജനിക്കുകയോ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാവുകയോ ചെയ്‌താലും പഠനത്തകരാറിനു സാദ്ധ്യത കൂടുന്നുണ്ട് — എന്നാല്‍ കുട്ടിക്കു മുമ്പേതന്നെയുള്ള മസ്തിഷ്കപ്രശ്നം പ്രസവത്തിനു തടസ്സങ്ങളുണ്ടാക്കുകയാണ് ഇവിടെ സംഭവിക്കുന്നത്, അല്ലാതെ പ്രസവം സുഗമമല്ലാതെ പോവുന്നതിനാല്‍ പഠനത്തകരാറിനു കളമൊരുങ്ങുകയല്ല.

ഭാഷാപരമായ കഴിവുകള്‍ നന്നായി വികസിക്കാന്‍ ഒരു മൂന്നുവയസ്സുവരെ പാട്ടുകേള്‍പ്പിക്കുകയോ സംസാരിക്കുകയോ വല്ലതും വായിച്ചുകൊടുക്കുകയോ ഒക്കെച്ചെയ്ത് കുഞ്ഞുതലച്ചോറുകളെ നന്നായി ഉത്തേജിപ്പിക്കേണ്ടതുണ്ടെന്നതിനാല്‍ ഇതു ലഭ്യമാവാതെ പോവുന്ന കുട്ടികള്‍ക്ക് പഠനത്തകരാറിനു സാദ്ധ്യത കൂടുന്നുണ്ട്. കുഞ്ഞുപ്രായത്തില്‍ തലക്കു പരിക്കേല്‍ക്കുകയോ ഈയമോ മെര്‍ക്കുറിയോ അമിതതോതില്‍ ശരീരത്തിലെത്തുകയോ ചെയ്താലും പ്രശ്നമാവാം. ജനിതകഘടകങ്ങള്‍ ഏറെ പ്രസക്തമായതിനാല്‍ പഠനത്തകരാറുള്ളവരുടെ മക്കള്‍ക്കും പ്രശ്നം പകര്‍ന്നുകിട്ടാം. ആണ്‍കുട്ടികളെ പഠനത്തകരാറു ബാധിക്കാനുള്ള സാദ്ധ്യത പെണ്‍കുട്ടികളുടേതിനേക്കാള്‍ മൂന്നിരട്ടിയുമാണ്.

നേരത്തേ മനസ്സിലാക്കാം
പരിശീലനം കിട്ടിയ ചികിത്സകര്‍ക്ക് അഞ്ചുവയസ്സായവരില്‍പ്പോലും പഠനത്തകരാറു തിരിച്ചറിയാനാവും. ആ പ്രായത്തില്‍ താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ചിലതു പ്രകടമാണെങ്കില്‍ വിദഗ്ദ്ധപരിശോധന തേടുന്നതു നന്നാവും:

സംസാരിക്കാന്‍ തുടങ്ങാന്‍ വൈകുക. സംസാരത്തിനു വ്യക്തതയില്ലാതിരിക്കുക. സമപ്രായക്കാരെ അപേക്ഷിച്ച് പദസമ്പത്ത് തുച്ഛമായിരിക്കുക. സാധാരണ വസ്തുക്കളുടെ പോലും പേരുപറയാന്‍ ബുദ്ധിമുട്ടുണ്ടാവുക.
കഥകളും സംഭവങ്ങളും ക്രമത്തില്‍ വിവരിക്കാനോ പാട്ടുകള്‍ തെറ്റാതെ പാടാനോ പ്രയാസമുണ്ടാവുക. മറ്റുള്ളവര്‍ പറയുന്നത് ആവര്‍ത്തിക്കേണ്ട തരം കളികളോട് താല്പര്യമില്ലാതിരിക്കുക.
സ്വന്തം പേരിലുള്‍പ്പെട്ട അക്ഷരങ്ങള്‍ പോലും തിരിച്ചറിയാനാവാതിരിക്കുക.
ഇടതും വലതും സദാ മാറിപ്പോവുക.
ശ്രദ്ധക്കുറവ് കാണപ്പെടുക.

പരിശോധനകള്‍

കുട്ടിയുടെ പ്രശ്നങ്ങള്‍ക്കു കാരണം പഠനത്തകരാറാണ് എന്നുറപ്പുവരുത്താന്‍ പലതരം വിദഗ്ദ്ധരുടെ സഹായം വേണ്ടിവന്നേക്കാം. കണ്ണിനോ കാതിനോ കൈകളിലെ നാഡീപേശികള്‍ക്കോ കുഴപ്പമില്ല എന്നുറപ്പുവരുത്താന്‍ പിഡിയാട്രീഷ്യനെയോ അതതു സ്പെഷ്യലിസ്റ്റുകളെയോ കാണേണ്ടിവരാം. പഠനത്തകരാറു മാത്രമേയുള്ളോ, അതോ കൂടെ എ.ഡി.എച്ച്.ഡി.യോ വിഷാദമോ പോലുള്ള മറ്റു മാനസികപ്രശ്നങ്ങളും ഉണ്ടോ എന്നറിയാനും, അങ്ങനെയുണ്ടെങ്കില്‍ അവക്കായുള്ള മരുന്നുകളടക്കമുള്ള ചികിത്സകള്‍ക്കും സൈക്ക്യാട്രിസ്റ്റുകളുടെ സഹായം ആവശ്യമാവാം. (പഠനത്തകരാറു ചികിത്സിച്ചുമാറ്റാനുള്ള മരുന്നുകളൊന്നും പക്ഷേ ഇപ്പോള്‍ നിലവിലില്ല.) മറ്റു ശാരീരികപ്രശ്നങ്ങളല്ല പഠന പിന്നാക്കാവസ്ഥക്കു കാരണം എന്നുറപ്പുവരുത്താന്‍ രക്തപരിശോധനകളോ ഇ.ഇ.ജി.യോ തലയുടെ സ്കാനിങ്ങോ വേണ്ടിവരാം.

മനശ്ശാസ്ത്ര പരിശോധനകളും പ്രസക്തമാണ്.

ബുദ്ധിവികാസം, എഴുതാനും വായിക്കാനും കണക്കുചെയ്യാനുമുള്ള കഴിവുകള്‍, ഉച്ചാരണാവബോധം, കാഴ്ചയും കേള്‍വിയും വഴി വിവരങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് തുടങ്ങിയവ അനുയോജ്യമായ ടെസ്റ്റുകളിലൂടെ അളന്നറിയുന്നത് പഠനത്തകരാര്‍ ഉണ്ടോ, ഉണ്ടെങ്കില്‍ ഏതൊക്കെ മേഖലയില്‍, എന്തു തീവ്രതയില്‍ എന്നൊക്കെക്കണ്ടെത്താന്‍ സഹായിക്കും. ഒരു കുട്ടിയുടെ വായനാക്ലേശത്തിനു പിന്നിലെ അപര്യാപ്തത ഉച്ചാരണാവബോധത്തിന്‍റെയാണോ അതോ കാഴ്ചകളെ ഉള്‍ക്കൊള്ളാനുള്ള കഴിവിന്‍റെയാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ഇത്തരം പരിശോധനകളില്‍നിന്നു കിട്ടും. കുട്ടിക്കുള്ള കുറവുകളും കഴിവുകളും എന്തൊക്കെയാണ്, അവ കണക്കിലെടുത്താല്‍ കുട്ടിക്ക് എന്തൊക്കെ പരിശീലനരീതികളാണ് ഗുണം ചെയ്തേക്കുക, മീഡിയമോ സിലബസോ മാറ്റേണ്ടതുണ്ടോ എന്നൊക്കെപ്പറഞ്ഞുതരാന്‍ നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള സൈക്കോളജിസ്റ്റുകള്‍ക്കും മറ്റു വിദഗ്ദ്ധര്‍ക്കും ആവും.

കാത്തിരിക്കുന്ന ഭാവി

പഠനത്തകരാറു ബാധിച്ചവര്‍ക്ക് ബുദ്ധിയോ മറ്റു കഴിവുകളോ ന്യൂനമായിരിക്കില്ല; അവരുടെ തലച്ചോറുകള്‍ വിവരങ്ങളെ ഉള്‍ക്കൊള്ളുന്ന രീതി വ്യത്യസ്തമാണ് എന്നതു മാത്രമാണ് പ്രശ്നം. പഠനത്തകരാറു പിടിപെട്ടിട്ടും തങ്ങളുടെ മേഖലകളില്‍ മികവു തെളിയിച്ച അനേകരുണ്ട്: ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, വാള്‍ട്ട് ഡിസ്നി, അലക്സാണ്ടര്‍ ഗ്രഹാംബെല്‍, ലിയോനാര്‍ഡോ ഡാവിഞ്ചി, തോമസ്‌ ആല്‍വാ എഡിസണ്‍, ബെര്‍ണാഡ്‌ ഷാ, ടോം ക്രൂസ് എന്നിവരടക്കം!

ഒരു കുട്ടിയുടെ പഠനത്തകരാറിന്‍റെ “ഭാവി” പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് — അതിലേറ്റവും പ്രധാനം പ്രശ്നത്തെ മറികടക്കുന്ന കാര്യത്തില്‍ കുട്ടി എത്രത്തോളം സ്ഥിരോത്സാഹം കാണിക്കുമെന്നതാണ്. ഒപ്പം കുട്ടിയുടെ പ്രശ്നം എത്രത്തോളം തീവ്രമാണ്, പഠനത്തകരാറു മാത്രമേയുള്ളോ അതോ കൂടെ എ.ഡി.എച്ച്.ഡി.യോ കണ്ടക്റ്റ് ഡിസോര്‍ഡറോ പോലുള്ള മറ്റസുഖങ്ങളും ഉണ്ടോ, ബുദ്ധിവികാസവും സാമൂഹ്യബന്ധങ്ങള്‍ക്കുള്ള കഴിവും വേണ്ടുവോളമുണ്ടോ, സ്വഭാവപ്രകൃതം എത്തരത്തിലുള്ളതാണ്, അനുയോജ്യമായ പരിശീലനം കിട്ടുന്നുണ്ടോ, അത് ചെറുപ്രായത്തിലേ തുടങ്ങുന്നുണ്ടോ, അച്ഛനമ്മമാര്‍ എത്രത്തോളം താല്പര്യമെടുക്കുന്നു, ഗൃഹാന്തരീക്ഷം പൊതുവെ ആരോഗ്യകരമാണോ എന്നീ വശങ്ങള്‍ക്കും പ്രസക്തിയുണ്ട്.

പഠനത്തകരാറിനെ വേരോടെ പിഴുതുമാറ്റുന്ന ചികിത്സകളൊന്നും നിലവിലില്ല. പ്രത്യേക പരിശീലനമൊന്നും കൊടുത്തില്ലെങ്കില്‍ പ്രശ്നം കുട്ടി മുതിരുന്നതിനനുസരിച്ച് സ്വയം പരിഹൃതമാവും എന്നു പ്രതീക്ഷിക്കാനുമാവില്ല. കുട്ടിയെ സഹായിക്കാന്‍ അച്ഛനമ്മമാര്‍ക്കും അദ്ധ്യാപകര്‍ക്കും പൊതുവെ ഉപയോഗിക്കാവുന്ന ചില മാര്‍ഗങ്ങളിതാ:

അച്ഛനമ്മമാര്‍ക്കു ചെയ്യാനുള്ളത്

തന്‍റെ വിഷമതകളെപ്പറ്റി കുട്ടി പറയുമ്പോഴൊക്കെ പൂര്‍ണശ്രദ്ധയോടെ കേള്‍ക്കുക.
കുട്ടിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും നേട്ടങ്ങളെ ആഘോഷിക്കുകയും ചെയ്യുക.
കുട്ടിക്കുള്ള ഇതര കഴിവുകളെ ആവുന്നത്ര നേരത്തേ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നല്ല ഹോബികളും താല്പര്യങ്ങളും വളര്‍ത്തിയെടുക്കുന്നത് മോഹഭംഗങ്ങളെ അതിജയിക്കാനും ആസൂത്രണവും ഒത്തിണക്കവും ശീലിക്കാനും വ്യക്തിബന്ധങ്ങളും സ്വയംമതിപ്പും മെച്ചപ്പെടുത്താനും കുട്ടിക്കു തുണയാവും.
കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക. മാര്‍ക്കിനും റാങ്കിനും ഉപരിയായ ഒരു അസ്തിത്വം തനിക്കുണ്ട് എന്ന ബോദ്ധ്യം കുട്ടിയിലുളവാക്കുക.
പഠനത്തകരാറു പിടിപെട്ടവരെ പരിശീലിപ്പിക്കാന്‍ ഉപയുക്തമാക്കാവുന്ന നിരവധി മൊബൈല്‍ ആപ്പുകളും സോഫ്റ്റ്‌വെയറുകളും മറ്റും സൌജന്യമായിപ്പോലും ലഭ്യമാണ്. ഏതൊക്കെ മേഖലയിലാണ് കുട്ടിക്കു സഹായമാവശ്യമുള്ളത് എന്നതിനനുസരിച്ച് അനുയോജ്യമായ സാങ്കേതികസാമഗ്രികള്‍ ചികിത്സകരുമായി ചര്‍ച്ചചെയ്തു തെരഞ്ഞെടുക്കുക.
കുട്ടി അച്ചടക്കമില്ലാതെയോ ആശാസ്യമല്ലാത്ത രീതിയിലോ പെരുമാറുന്നെങ്കില്‍ അത് പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമത്തിന്‍റെ ഭാഗമാവാം എന്നോര്‍ക്കുക.

അദ്ധ്യാപകര്‍ക്കു ചെയ്യാനുള്ളത്

മുന്‍നിരയില്‍ ഇരിപ്പിടം നല്‍കുക.
നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു നല്‍കാനും കാഠിന്യമുള്ള ഭാഗങ്ങള്‍ വായിച്ചുകൊടുക്കാനും സഹപാഠികളിലാരെയെങ്കിലും ചട്ടംകെട്ടുക.
ക്ലാസിനൊന്നടങ്കം വല്ല ജോലികളും നല്‍കുമ്പോള്‍ കുട്ടി അത് ചെയ്തുതുടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ചുനല്‍കുക.
ജോലികള്‍ തക്ക സമയത്ത്, യഥാവിധം തീര്‍ത്താല്‍ പ്രശംസിക്കുകയോ ചെറിയ സമ്മാനങ്ങള്‍ വല്ലതും നല്‍കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയോ ചെയ്യുക.
ജോലിയില്‍ പിഴവുകളുണ്ടെങ്കില്‍ അക്കാര്യം കുട്ടിയെ ഉടന്‍തന്നെ അറിയിക്കുക.
എഴുത്തും മറ്റും തീര്‍ക്കാന്‍ ലഞ്ചിന്‍റര്‍വെല്ലിലോ മറ്റോ അധികസമയം അനുവദിക്കുകയും വേണ്ട സൌകര്യങ്ങളൊരുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
രചനാക്ലേശമുള്ളവര്‍ക്ക് എഴുത്തുപരീക്ഷക്കു പകരം വൈവ പരിഗണിക്കുക.
വിദഗ്ദ്ധസഹായം തേടാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുക.
പഠനത്തകരാറുകളുള്ള കുട്ടികള്‍ക്ക് വിവിധ ബോര്‍ഡുകള്‍ പരീക്ഷയെഴുത്തിലും മറ്റും അനുവദിക്കുന്ന ആനുകൂല്യങ്ങളും അതിന്‍റെ കൃത്യം മാനദണ്ഡങ്ങളും അറിഞ്ഞിരിക്കുക. മാതാപിതാക്കളെ ഇതേപ്പറ്റി കാലേക്കൂട്ടി ബോധവത്ക്കരിക്കുക.
കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോവുന്നതിന്‍റെ പല കാരണങ്ങളില്‍ ഒന്നുമാത്രമാണ് പഠനത്തകരാറുകള്‍ എന്നോര്‍ക്കുക. പഠിത്തത്തില്‍ താല്പര്യമില്ലായ്ക, പ്രതികൂലമായ ഗൃഹാന്തരീക്ഷം, കുട്ടിയും സ്കൂളും തമ്മിലെ ചേര്‍ച്ചക്കുറവ് എന്നിങ്ങനെ നിരവധി മറ്റു ഘടകങ്ങളിലേതെങ്കിലുമാവാം ശരിക്കും വില്ലന്‍ എന്ന സാദ്ധ്യതയും പരിഗണിക്കുക.
നിശ്ചിത പ്രശ്നങ്ങളുടെ പ്രതിവിധികള്‍
ഓരോ കുട്ടിക്കും എന്തൊക്കെ പരിശീലനങ്ങളാണ് പ്രയോജനപ്പെടുക എന്നു നിശ്ചയിക്കുന്നതും അവ നടപ്പാക്കുന്നതും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളോ പഠനത്തകരാറുകളില്‍ പ്രാവീണ്യമുള്ള മറ്റു വിദഗ്ദ്ധരോ ഇക്കാര്യത്തില്‍ പരിജ്ഞാനമുള്ള അദ്ധ്യാപകരോ ആണ്. അവര്‍ കുട്ടിയെ നേരിട്ടു പരിശീലിപ്പിക്കുകയോ അച്ഛനമ്മമാരെ അതിനു പ്രാപ്തരാക്കുകയോ ചെയ്യാം.

ലേഖകർ
Passed MBBS from Calicut Medical College and MD (Psychiatry) from Central Institute of Psychiatry, Ranchi. Currently works as Consultant Psychiatrist at St. Thomas Hospital, Changanacherry. Editor of Indian Journal of Psychological Medicine. Was the editor of Kerala Journal of Psychiatry and the co-editor of the book “A Primer of Research, Publication and Presentation” published by Indian Psychiatric Society. Has published more than ten articles in international psychiatry journals. Awarded the Certificate of Excellence for Best Case Presentation in Annual National Conference of Indian Association of Private Psychiatry in 2013. Was elected for the Early Career Psychiatrist Program of Asian Federation of Psychiatric Societies, held in Colombo in 2013. Was recommended by Indian Psychiatric Society to attend the Young Health Professionals Tract at the International Congress of World Psychiatric Association held in Bucharest, Romania, in 2015.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ