· 4 മിനിറ്റ് വായന

ലോക ശാസ്ത്രദിനം – ഐൻസ്റ്റീന്റെ തലച്ചോർ

Researchആരോഗ്യ അവബോധംആരോഗ്യ ദിനാചരണങ്ങള്‍

ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭയായ ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറിനെ കുറിച്ച് പലകഥകളും നമ്മൾ കേട്ടിട്ടുണ്ട് . അതിന്റെ സത്യാവസ്ഥയെ കുറിച്ചാണ് മനോജ് വെള്ളനാട് ശാസ്ത്രദിനത്തിൽ എഴുതുന്നത്

അന്നോളം മറ്റൊരു ശാസ്ത്രജ്ഞനും ചിന്തിച്ചിട്ടില്ലാത്ത ചിന്താ വഴികളിലൂടെയൊക്കെ ഒരത്ഭുതമായി നടന്നയാളാണ് ആൽബർട്ട് ഐൻസ്റ്റീൻ. ആ സവിശേഷമായ ചിന്തകളുരുത്തിരിഞ്ഞ തലച്ചോർ അന്നേ ശാസ്ത്രലോകത്തിനൊരു കൗതുകമായിരുന്നു. കൗതുകം ലേശം കൂടിയ അവർ അദ്ദേഹത്തിന്റെ മരണശേഷം ആ തലച്ചോറിനെയും വെറുതെ വിട്ടില്ല.

1955 ൽ ഐൻസ്റ്റീൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ തോമസ് ഹാർവ്വി ആ തലച്ചോർ വേർപെടുത്തിയെടുത്തു (റൊണാൾഡ് ക്ലാർക്കിന്റെ ഐൻസ്റ്റിനെ പറ്റിയുള്ള ജീവചരിത്രത്തിൽ, മരിക്കുന്നതിന് മുമ്പേ ഐൻസ്റ്റീൻ സമ്മതം കൊടുത്തിരുന്നതായി പറയുന്നുണ്ട്, മരണശേഷം തലച്ചോർ ഗവേഷണങ്ങൾക്കുപയോഗിക്കാൻ. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തിൽ സമ്മതം വാങ്ങാതെ അടിച്ചുമാറ്റുകയായിരുന്നു. ഒടുവിൽ ഐൻസ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങൾക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ എല്ലാം കോംപ്ലിമെന്റ്സാക്കി).

ഐൻസ്റ്റീന്റെ തലച്ചോറു മുറിച്ചെടുത്ത് ഭാരം നോക്കിയ ഹാർവ്വിയ്ക്കതിശയമായിരുന്നു, വെറും 1230gm മാത്രം. എങ്ങനെ അതിശയിക്കാതിരിക്കും, പ്രായപൂർത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാൾ (1300-1400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. E=mc സ്ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്ന ആ മസ്തിഷ്കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങൾ ഹാർവ്വിയെടുത്തു. ആ ചെറിയ തലച്ചോറിൽ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇൻഫീരിയർ പരൈറ്റൽ ലോബിന്റെ വലിപ്പം സാധാരണയേക്കാൾ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.

ഡോ. ഹാർവി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണിൽ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താൻ നോക്കി. എന്നാൽ 1978 വരെയും ഇതൊന്നും വേറാർക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വർഷത്തിലധികം ഒരു സിഡർ ബോക്സിനുള്ളിൽ ആൾക്കഹോളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓർമ്മയുടെയും ഇലക്ട്രോൺ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ൽ സ്റ്റീഫൻ ലെവിയെന്ന ജേണലിസ്റ്റാണ് ഹാർവിയുടെ കയ്യിൽ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങൾക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് ഈ തലച്ചോർ കഷ്ണങ്ങൾ കുറച്ചു വീതം നൽകുകയും ചെയ്തത്.

1984-ലാണ് ഐൻസ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോർട്ട് പുറത്ത് വരുന്നത്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മരിയൻ ഡയമണ്ട് തനിക്കു കിട്ടിയ നാലു കഷ്ണം തലച്ചോറിലെ ഗ്ലയൽ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകൾക്ക് ഭക്ഷണമെത്തിക്കുക, അവർക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയൽ കോശങ്ങൾ. ഐൻസ്റ്റീന്റെ തലച്ചോറിൽ ഈ സഹായീകോശങ്ങൾ ആവശ്യത്തിലധികമുണ്ടായിരുന്നത്രേ, പ്രത്യേകിച്ചും ഇൻഫീരിയർ പരൈറ്റൽ ഭാഗങ്ങളിൽ. ഏത്, നമ്മുടെ കണക്കുമുറി തന്നെ.

2001-ൽ മറ്റൊരു കാലിഫോർണിയൻ സംഘം ഐൻസ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓർത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ആപേക്ഷികസിദ്ധാന്തക്കാരന്റെ ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോർടെക്സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവർക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകളുടെ (detailed, logical, analytical & innovative thinking) സംസ്ഥാനസമ്മേളനം നടക്കുന്ന സ്ഥലമാണല്ലോ ഈ നിയോകോർട്ടെക്സ്.

2013-ലെ ബ്രെയിൻ ജേണലിൽ മറ്റൊരു പഠനം കൂടി വന്നു. ഐൻസ്റ്റീൻ തലച്ചോറിന്റെ കോർപ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതു-വലതു പാതികളെ തമ്മിൽ ഘടനാപരമായും ധാർമ്മികമായും ചേർത്തു നിർത്തുന്നതീ കോ.ക. ആണല്ലോ. ആ ബന്ധം അതിഗാഢവും അർത്ഥവത്തുമായിരുന്നു എന്നാണ് ആ പഠന റിപ്പോർട്ടിന്റെ സാരം.

വേറെയും പലതരം പലതലങ്ങളിലുള്ള ചർച്ചകളും തർക്കങ്ങളും ഐൻസ്റ്റീന്റെ തലച്ചോർ തുടങ്ങി വച്ചിരുന്നു. സിൽവിയൻ ഫിഷർ (Sylvian fissure) എന്ന രണ്ടു ലോബുകൾക്കിടയിൽ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റൽ ഓപർക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐൻസ്റ്റീൻ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ.

ഈ നിഗമനങ്ങൾ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാർവ്വി 1955 ലെടുത്ത വിവിധ കോണുകളിൽ നിന്നുള്ള മസ്തിഷ്കചിത്രങ്ങൾ വച്ചുകൊണ്ടുള്ള നിഗമനങ്ങൾ മാത്രമാണ്. തലച്ചോർ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ടമായ ശരികളല്ലാ. അതുകൊണ്ടുതന്നെ തർക്കം നിലനിൽക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോർ കഷ്ണങ്ങളും മൈക്രോസ്കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്.

പ്രകാശപ്രവേഗത്തിനൊപ്പം സഞ്ചരിച്ച ആ മസ്തിഷ്ക ഭാഗങ്ങൾ ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയത്തിലും. മട്ടർ മ്യൂസിയത്തിൽ ഈ തലച്ചോറിനെ കാണികൾക്ക് മൈക്രോസ്കോപ്പിലൂടെ കാണാവുന്ന വിധത്തിൽ സ്ലൈഡുകളായി പ്രദർശിപ്പിച്ചിട്ടുണ്ട്.

ഐൻസ്റ്റീന്റെ മാത്രമല്ലാ, ചരിത്രത്തിൽ മറ്റു ചിലരുടെയും തലച്ചോറുകൾ ഇങ്ങനെ ഗവേഷണവിധേയമായിട്ടുണ്ട്. കാൾ ഫ്രഡറിക് ഗോസ് (Gauss) എന്ന ഗണിതശാസ്ത്രജ്ഞൻ, വ്ലാഡിമിർ ലെനിൻ, എഡ്വാർഡ് റുളോഫ് തുടങ്ങിയവരൊക്കെ അതിൽപെടും.

തലച്ചോറിനെ പറ്റി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ട് ലേഖനമവസാനിപ്പിക്കാം. സ്കൂളുകളിലോ മോട്ടിവേഷൻ ക്ലാസുകളിലോ കേട്ടിരിക്കാൻ വഴിയുള്ള ഒരു ചോദ്യമാണ്, നമ്മുടെ തലച്ചോറിന്റെ എത്ര ശതമാനം നമ്മൾ ശരിക്കും ഉപയോഗിക്കുന്നുണ്ട്? ഐൻസ്റ്റീൻ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണുപയോഗിച്ചതെന്നും, നമ്മളൊക്കെ അതിലും എത്രയോ താഴെയാണെന്നുമൊക്കെ നമ്മളവിടെ കേട്ടിട്ടുണ്ടാകും. ചില സിനിമകളിലും ആ ഡയലോഗ് കേട്ടിട്ടുണ്ട് (തന്മാത്രയാണെന്നാണോർമ്മ). എന്നാലിത് തെറ്റാണ്!

നമ്മൾ നമ്മുടെ തലച്ചോറിന്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ട്. തലച്ചോറിന്റെ എല്ലാഭാഗവും എല്ലാ സമയവും പ്രവർത്തനനിരതമാണെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. എന്നാൽ എല്ലാഭാഗവും ഒരുസമയം ഒരുപോലെ ആക്റ്റീവായിരിക്കില്ലാന്ന് മാത്രം. 15% ത്തോളം കോർട്ടെക്സ് പ്രവർത്തനനിരതമായിരിക്കുമ്പോൾ മാത്രമേ നമുക്ക് ബോധത്തോടെയിരിക്കാൻ പറ്റൂ. ചിന്തിക്കാൻ, ചിന്തകളെ സ്വാംശീകരിക്കാൻ, അടക്കിയൊതുക്കി സൂക്ഷിക്കാൻ, ആവശ്യം വരുമ്പോൾ തിരിച്ചെടുത്ത് ഉപയോഗിക്കാൻ, കാണാൻ, കേൾക്കാൻ, മിണ്ടാൻ, ഓടാൻ, ചാടാൻ, ആസ്വദിക്കാൻ, സ്നേഹിക്കാൻ, ദേഷ്യപ്പെടാൻ, കാമിക്കാൻ, വിശക്കാൻ, മനസുനിറഞ്ഞു ചിരിക്കാൻ, ചിലപ്പോഴൊക്കെ ഛർദ്ദിക്കാൻ പോലും, ഇങ്ങനെ നൂറുജോലികൾ ചെയ്യാൻ ഒരൊറ്റ തലച്ചോറല്ലേ നമുക്കുള്ളൂ. കൂടാതെ, ബോധമനസറിയാതെ ആണല്ലോ ഹൃദയത്തിന്റെയും ശ്വാസനപ്രക്രിയയുടെയുമൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ, നമ്മളുണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കോമയിലായിരിക്കുമ്പോൾ പോലും ഈ ഭയങ്കരൻ ചെയ്യുന്നത്!

മാത്രമല്ലാ, നമ്മുടെ ശരീരത്തിനാവശ്യമായ ഊർജത്തിന്റെ 20 ശതമാനവും (5 ൽ 1) തലച്ചോറാണ് ഉപയോഗിച്ചു തീർക്കുന്നത്. മറ്റേതൊരു അവയവത്തേക്കാളും എത്രയോ അധികം. അത്രയ്ക്കും കിടിലമാണാള്. ഒന്ന് വന്ദിച്ചേക്കുന്നതിൽ തെറ്റില്ലാ.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

237 ലേഖനങ്ങൾ

Current Affairs

197 ലേഖനങ്ങൾ

കോവിഡ്-19

166 ലേഖനങ്ങൾ

ആരോഗ്യ അവബോധം

106 ലേഖനങ്ങൾ

സുരക്ഷ

61 ലേഖനങ്ങൾ

കിംവദന്തികൾ

52 ലേഖനങ്ങൾ

Infectious Diseases

44 ലേഖനങ്ങൾ

ശിശുപരിപാലനം

43 ലേഖനങ്ങൾ

Medicine

40 ലേഖനങ്ങൾ