· 5 മിനിറ്റ് വായന

ദേശീയതയോ ശാസ്ത്രീയതയോ?

ആരോഗ്യമേഖലകോവിഡ്-19നൈതികതപൊതുജനാരോഗ്യം
വാക്സിൻ ആയോ? ഇതു വരെ ആയില്ലേ? എന്നീ ചോദ്യങ്ങൾക്കും, കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യയിൽ കോവിഡ് 19 വാക്സിൻ കൊടുത്തു തുടങ്ങി. ഈ ബൃഹദ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്ന തിരക്കിലാണ് ആരോഗ്യ വകുപ്പ്.
വാക്സിൻ എത്തിയതോടെ, പ്രതീക്ഷിച്ചത് പോലെ തന്നെ, പണ്ട് തൊട്ടേ വാക്‌സിൻ വിരുദ്ധത പ്രചരിപ്പിച്ചിരുന്നവർ മുന്നോട്ടു വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ, പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിൽ നിന്നും വരെ ചെറുതും വലുതുമായ തോതിൽ പല സംശയങ്ങളും ഉയരുന്നതും കാണുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള “depopulation” അജണ്ട വരെ സടകുടഞ്ഞ് എഴുന്നേറ്റിട്ടുണ്ട്. കൊറോണ നടത്തിയ “depopulation” കണ്ടില്ലാന്നു നടിച്ചാണ് വാക്സിൻ depopulation നടത്തുമോ എന്ന കേവല ശങ്ക പടർത്തുന്നത്. വ്യാപകമായ വാക്സിൻ ഉപയോഗം തുടങ്ങിയ ശേഷം ലോക ജനസംഖ്യയിൽ വന്നിരിക്കുന്ന മാറ്റമൊന്ന് നിരീക്ഷിച്ചാൽ ഈ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേയുള്ളൂ. ഗർഭധാരണം തടയാനായി ട്യൂബെക്ടമി, വാസെക്ടമി തുടങ്ങിയ ശസ്ത്രക്രിയകൾ വരെ ചെയ്യുന്നവർ ഉള്ള നാട്ടിലാണ് ഒരു കുത്തിവെപ്പ് എടുത്താൽ ഗർഭധാരണം തടയാം എന്ന് പറയുന്നത് എന്നെങ്കിലും ഇവർ ഓർത്തിരുന്നെങ്കിൽ!
സോഷ്യൽ മീഡിയ വഴിയും മറ്റും ഉന്നയിക്കപ്പെട്ട സംശയങ്ങളിൽ നിന്നും മനസിലാകുന്നത് പലരും ഇതിനകം ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ടെന്നാണ്. ആവശ്യത്തിൽ കൂടുതൽ അറിവുകൾ പല വഴിക്ക് ലഭിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഭാസം. ജന്മനാ വാക്സിൻ വിരുദ്ധരല്ലാത്ത ആളുകൾക്ക് കൃത്യമായ ചില വിവരങ്ങൾ നൽകിയാൽ വാക്സിൻ പേടി ഇല്ലാതാകും. അത്തരക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്. “പാരമ്പര്യ വാക്സിൻ വിരുദ്ധരെ” നേരത്തെ കൈവിട്ടതാണ്, എന്തു പറഞ്ഞു കൊടുത്താലും ഗൂഡാലോചന സിദ്ധാന്തത്തിൽ അഭിരമിക്കുന്നവർ… അവർ തൽക്കാലം അങ്ങനെ തന്നെ പോകട്ടെ. അവരെ നമുക്ക് തിരുത്താനാവില്ല. ഉറങ്ങുന്നവരെ വിളിച്ച് എണീപ്പിക്കാം, ഉറക്കം നടിച്ച് തിരിഞ്ഞു കിടക്കുന്നവരെ വിളിച്ച് എണീപ്പിക്കാൻ സാധിക്കില്ല.
ഇന്ത്യയിൽ നിലവിൽ രണ്ട് വാക്സിനുകൾക്കാണ് അനുവാദം ലഭിച്ചിരിക്കുന്നത്, സ്വാഭാവികമായും ചർച്ച ചെയ്യപ്പെടുന്നതും ഇവയെക്കുറിച്ചാണ്.
1. Oxford – AstraZeneca വികസിപ്പിച്ചെടുത്ത, ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടീൽ വെച്ചു നിർമ്മിക്കുന്ന കോവിഷീൽഡ് (Covishield) വാക്സിൻ
2. ഭാരത് ബയോടെക് കമ്പനി ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത കൊവാക്സിൻ (Covaxin).
സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സ്വകാര്യകമ്പനികൾ തന്നെയാണ്.
നിലവിൽ കേരളത്തിൽ കൊടുത്തു തുടങ്ങിയിട്ടുള്ളത് Oxford – AstraZeneca യുടെ കോവിഷീൽഡ് വാക്സിനാണ്. ഇതൊരു Vector vaccine ആണ്. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനിക്ക കമ്പനിയും വികസിപ്പിച്ചെടുത്ത കോവിഷീൽഡ് എന്ന വാക്സിൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്നു.
അതായത് കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയിൽ വെച്ചു കാർ നിർമ്മിക്കുന്നതിന് ഏറെക്കുറെ സമാനമായ ഒരു പ്രക്രിയ. ഏത് രാജ്യത്ത് നിർമ്മിച്ചാലും ഉൽപ്പന്നം സാങ്കേതിക മാനദണ്ഡങ്ങളും ക്വാളിറ്റിയും പാലിക്കും. അത് പോലെയാണ് കോവിഷീൽഡും. Oxford – AstraZeneca യുടെ കാര്യത്തിൽ ഗുണ നിലവാരവും മേന്മയും ഉറപ്പു വരുത്തുന്ന അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഉൽപ്പാദിപ്പിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യുട്ടിൽ ഉൽപ്പാദിപ്പിക്കുന്ന ഈ വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും.
അതായത് കോവിഷീൽഡ് ശാസ്ത്രം അനുശാസിക്കുന്ന ഫേസ് 1, 2 & 3 ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കി ഫലപ്രാപ്തിയും, സുരക്ഷിതത്വവും അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിനു മുന്നിൽ നിലവിൽ തെളിയിച്ചു തന്നെയാണ് നമുക്ക് മുന്നിൽ എത്തിയിട്ടുള്ളത്.
അനേകം വർഷങ്ങളായി നിലവിലുള്ള മീസിൽസ്, പോളിയോ തുടങ്ങിയ വാക്സിനുകളുടെ efficacy, safety ഉറപ്പു പറയുന്ന പോലെ കോവിഡ് വാക്സിനുകളെ കുറിച്ച് പറയാൻ നിലവിൽ സമയമായിട്ടില്ല എന്ന് വേണമെങ്കിൽ വിമർശിക്കാം. കാരണം വളരെ വ്യക്തമാണ്. മറ്റു വാക്സിനുകളെക്കുറിച്ച് ദീർഘ കാല പഠനങ്ങളുടെയും അനുഭങ്ങളുടെയും പിൻബലമുണ്ട്, എന്നാൽ അവയുടെ തുടക്കവും ഇങ്ങനെ തന്നെ ആയിരുന്നു.
അതിനർഥം ഇപ്പോഴുള്ളവ പഠനങ്ങൾ ഒന്നും തന്നെയില്ലാതെ പുറത്തിറങ്ങി എന്നല്ല. മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുന്പുള്ള pre-clinical പഠനങ്ങൾ തീർത്ത്, മനുഷ്യരിൽ നടത്തുന്ന പഠനങ്ങളുടെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയവയാണ് മിക്കവയും. അതിൽ പതിനായിരക്കണക്കിന് പേരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന മൂന്നാമത്തെ ഘട്ടത്തിന് (Phase III) സാധാരണ ഒന്ന് മുതൽ അഞ്ച് വർഷങ്ങൾ വരെ വേണ്ടി വരാവുന്നതാണ്. അത്രയും കാലം കാത്തിരിക്കുവാൻ ഈ അസുഖം നമുക്ക് അവസരം നൽകുന്നില്ല. ഇക്കാരണത്താൽ നിലവിൽ പുറത്തിറങ്ങിയിരിക്കുന്ന കോവിഡ് വാക്സിനുകൾ പലതും പല രാജ്യങ്ങളിലായി പതിനായിരക്കണക്കിന് പേരിൽ ഫേസ് 3 അടക്കമുള്ള ട്രയലുകൾ പൂർത്തീകരിക്കുകയാണ് ചെയ്തത്.
കോവിഡ് ഇത്ര വലിയ പൊതുജനാരോഗ്യ പ്രശ്നം (വേഗതയിലെ വ്യാപനം, മരണം, രോഗാതുരത etc.) ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല എങ്കിൽ ഇത്ര വേഗതയിൽ വാക്സിൻ പുറത്തിറങ്ങുമായിരുന്നില്ല എന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. ഒരു പക്ഷെ അല്പം കൂടി വിപുലമായ പഠനങ്ങൾ നടത്തി ഏറ്റവും പെർഫെക്ട് ആയ സന്ദർഭത്തിലേ വരുമായിരുന്നുള്ളൂ. എന്നാൽ കോവിഡ് പോലുള്ള ഒരു വലിയ ശത്രു ആക്രമിക്കാൻ തൊട്ടടുത്തു നിൽക്കുമ്പോൾ കൈയിൽ ഉള്ളത് ഒരു പേനാ കത്തിയാണെങ്കിൽ പോലും അത് മൂർച്ച കൂട്ടാൻ കല്ലിൽ ഉരച്ചു കൊണ്ടിരിക്കാതെ മൂർച്ച ഉണ്ടായാലുടൻ ആക്രമിക്കാൻ നമ്മൾ ശ്രമിക്കും. അത് തന്നെയാണ് വാക്സിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സയൻസിന്റെ അഭൂതപൂർവ്വമായ വളർച്ചയുടെ ഫലമായി വാക്സിൻ ഗവേഷണങ്ങൾ വളരെ വേഗത്തിൽ നടന്നു എന്നത് ചുരുങ്ങിയ കാലം കൊണ്ട് വാക്സിനുകൾ നിർമ്മിക്കാൻ സാധിച്ചതിന് ഒരു പ്രധാന കാരണമാണ്. മുൻപൊക്കെ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത്ര വേഗത്തിൽ വൈറസിന്റെ ജനിതകഘടന അടക്കമുള്ള കാര്യങ്ങൾ പഠിക്കാനും വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് പലതരത്തിലുള്ള വാക്സിനുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാനും സാധിച്ചു.
ഫേസ് 3 ട്രയൽ വരെ കഴിഞ്ഞ വാക്സിനുകളെല്ലാം ദീർഘകാല അടിസ്ഥാനത്തിലുള്ള സുരക്ഷിതത്വവും ഗുണനിലവാരവും വഴിയേ തെളിയിക്കും എന്ന് ഏറെക്കുറെ നമ്മുക്ക് ഉറപ്പിച്ചു വിശ്വസിക്കാം.
രണ്ടാമത്തെ വാക്സിനിലേക്ക് വരാം,
ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത killed viral വാക്‌സിനാണ് കൊവാക്സിൻ. ഇപ്പോഴും ഉപയോഗിച്ച് വരുന്ന പല പഴയ വാക്സിനുകളും (ഉദാ: പോളിയോ കുത്തിവെപ്പ്) ഇത്തരത്തിലുള്ള killed vaccine ആണ്. താരതമ്യേനെ പഴയ ടെക്നോളജി ഉപയോഗിച്ചു നിർമിക്കുന്ന ഇത്തരം killed വാക്സിനുകൾ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന വെക്ടർ/mRNA വാക്സിനുകളുടെ അത്രതന്നെ കാര്യക്ഷമത ഉള്ളവ ആയിരിക്കുമോ എന്നൊരു സംശയം ശാസ്ത്രലോകത്തുണ്ട്. എന്നാൽ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിനിൽ ഉപയോഗിക്കുന്ന അഡ്ജുവന്റ്സ് ഉൾപ്പെടെയുള്ള ചില പ്രത്യേകതകൾ മൂലം ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല എന്നും പ്രതീക്ഷിക്കുന്നു.
എന്തു കൊണ്ടാണ് കൊവാക്സിനെതിരെ ഡോക്ടർമാർ ഉൾപ്പെടെ രംഗത്ത് വന്നിട്ടുള്ളത്?
അത് ഇന്ത്യൻ നിർമ്മിത വാക്സിൻ ആയതു കൊണ്ടാണോ?
ഒരിക്കലുമല്ല.
മറ്റു വാക്സിനുകളുമായി കിടപിടിക്കാവുന്ന ഫലസിദ്ധിയും സുരക്ഷിതത്വവും ഉറപ്പു നൽകുന്ന ഒരു വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചാൽ വിമർശനങ്ങൾ ഉണ്ടാവുകയില്ല. ഭാവിയിൽ കൂടുതൽ മികച്ച വാക്സിനുകൾ നിർമ്മിക്കാൻ അതൊരു പ്രചോദനമാവുകയും ചെയ്യും. കുറഞ്ഞ വിലയിൽ വാക്സിൻ ലഭ്യമാക്കാനും അത് സഹായിക്കും. അതൊക്കെ നമുക്ക് സന്തോഷമുള്ള, അഭിമാനകരമായ കാര്യങ്ങളാണ്.
വിപണിയിൽ ഉണ്ടായിരുന്ന വിദേശനിർമ്മിതമായി മാത്രം ലഭിച്ചിരുന്ന Hepatitis B വാക്സിന്റെ വില അമ്പത് ശതമാനത്തോളം കുറയുവാൻ കാരണം, അവ ഇവിടെ നിർമ്മിച്ച് തുടങ്ങിയ ഭാരത് ബയോടെക് ആണ്. അവർ വർഷങ്ങളായി ഇന്ത്യയിൽ വിവിധ വാക്സിനുകൾ നിർമ്മിക്കുന്നവരാണ്. അവരെ വിലകുറച്ചു കാണുകയോ, ഇന്ത്യയിൽ നിർമ്മിക്കുന്നവ മോശം എന്ന് കരുതുകയോ ചെയ്യുന്നില്ല.
പിന്നെ എന്താണ് പ്രശ്നം?
കോവാക്സിൻ അവസാനഘട്ട ക്ലിനിക്കൽ ട്രയൽ മുഴുവനാക്കിയിട്ടില്ല എന്നത് മാത്രമാണ് പ്രശ്നം, ആയതിനാൽ മാത്രമാണ് ശാസ്ത്രലോകത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നത്.
ട്രയൽ മുഴുവനാക്കി, ഫലപ്രാപ്തിയും സുരക്ഷിതത്വവും തെളിയിക്കുകയും ആ പഠന റിപ്പോർട്ടുകൾ ലോകത്താർക്കും ലഭ്യമാകുന്ന രീതിയിൽ പുറത്തു വിടുകയും വേണം. അതിന് ശേഷം മാത്രമാണ് ഒരു ചികിത്സാ രീതി എന്ന നിലയിൽ ഈ വാക്സിൻ ജനങ്ങളിൽ പ്രയോഗിക്കാറുള്ളത്, അതാണ് ശാസ്ത്രീയമായ രീതിയും.
ട്രയൽ വിജയകരമായി പൂർത്തിയാക്കിയ കോവിഷീൽഡ് കൊടുക്കുന്നതിന്റെ കൂടെ ഇളവുകൾ നൽകി ട്രയൽ മുഴുവനാകാത്ത വാക്സിൻ കൂടി ഉൾപ്പെടുത്തുന്നതിനെ മാത്രമാണ് എതിർക്കുന്നത്.
അപ്പോൾ ഒരു കാരണവശാലും കൊവാക്സിൻ ഇപ്പോൾ കൊടുക്കാൻ പാടില്ലേ?
കൊടുക്കാം. പക്ഷെ ഇപ്പോൾ കൊടുക്കുന്നത് ട്രയൽ ആണെന്ന കാര്യം അത് എടുക്കുന്ന ആളുകളോട് കൃത്യമായി പറഞ്ഞുകൊടുത്ത്, ക്ലിനിക്കൽ ട്രയലിന് സാധാരണഗതിയിൽ പാലിക്കുന്ന നിബന്ധനകൾ എല്ലാം ഉൾപ്പെടുത്തി,‌ സമ്മത പത്രം ഒപ്പിട്ടു വാങ്ങണം. ട്രയൽ വാക്സിൻ എടുക്കുമ്പോൾ ട്രയൽ ആണെന്ന പൂർണ്ണ ബോധ്യത്തോടെ വേണം എടുക്കാൻ. ട്രയൽ വാക്സിൻ എടുക്കാനും എടുക്കാതിരിക്കാനും പൂർണ്ണ സ്വാതന്ത്ര്യം വേണം. ട്രയലിനിടെ എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ വന്നാൽ അതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും, എന്തു ചെയ്യും എന്നെല്ലാം വ്യക്തമായ ധാരണയുണ്ടാവുകയും വേണം. ഇപ്പോൾ അതില്ല എന്നതാണ് കൊവാക്സിനെതിരെ ഉയർന്നു വന്നിട്ടുള്ള എതിർപ്പുകളുടെ അടിസ്ഥാനം.
ശാസ്ത്രീയമായ ട്രയലുകളിൽ, പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുന്ന കുത്തിവെപ്പിൽ വാക്സിൻ ഉണ്ടാവില്ല. പകുതി പേർക്ക് മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ. ബാക്കി ആൾക്കാർക്ക് പ്ലസിബോ ആണ് ലഭിക്കുക. ഫെയ്സ് ത്രീ ഘട്ടത്തിൽ കാര്യക്ഷമത നിർണയിക്കുന്നതിൽ ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വ്യത്യാസം അവലോകനം ചെയ്യുന്നതിന് വലിയ റോൾ ഉണ്ട്. തനിക്ക് ലഭിക്കുന്ന കുത്തിവെപ്പിൽ വാക്സിൻ ആണോ പ്ലസിബോ ആണോ എന്ന് കുത്തിവെപ്പ് സ്വീകരിക്കുന്ന വ്യക്തിയോ കുത്തിവെപ്പ് നൽകുന്ന വ്യക്തിയോ അറിയാത്ത തരത്തിൽ കോഡിങ് ഉണ്ടാവും. ഈ കാര്യങ്ങളൊക്കെ കുത്തിവെപ്പ് സ്വീകരിക്കുന്ന വ്യക്തി മനസ്സിലാക്കുകയും സമ്മതം നൽകുകയും വേണം.
ശാസ്ത്രത്തിൽ ദേശീയതയ്ക്ക് അല്ല മുൻഗണന, മരുന്ന് എവിടെ നിർമ്മിച്ചു എന്നതിനേക്കാൾ അത് മാനവരാശിക്ക് എന്ത് ഗുണം ചെയ്യുന്നു എന്നതാണ് പ്രസക്തം. സർവ്വജനീനമായി ശാസ്ത്രീയ അറിവുകൾ കൈമാറ്റം ചെയ്യുന്നത് കൊണ്ടാണ് ഭൂമി എന്ന ഈ ചെറിയ ഗോളത്തിനു മുകളിൽ മനുഷ്യൻ എന്ന സ്പീഷീസ് അതിജീവിക്കുന്നത്.
ഇതേ പോലുള്ള killed vaccine വിഭാഗത്തിൽ പെടുന്ന Covid വാക്സിനുകൾ ചൈന മുൻപ് തന്നെ പുറത്തിറക്കിയിരുന്നു. എന്നാൽ അവരുടെ പഠനങ്ങൾ സുതാര്യമായിരുന്നില്ല എന്ന് തുടക്കം മുതൽ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന ചില പഠനങ്ങൾ അനുസരിച്ച് അവർ അവകാശപ്പെടുന്ന efficacy അതിനില്ല എന്നാണ് മനസ്സിലാകുന്നത്. റഷ്യയിൽ നിന്നും പുറത്ത് വന്ന Vector vaccine-ഉം പഠനങ്ങളുടെ സുതാര്യതയില്ലായ്മയുടെ പേരിൽ ശാസ്ത്രലോകത്ത് വിമർശനം നേരിട്ടവയാണ്.
ഈ ട്രയലിനു സ്വമേധയാ ആളുകൾ മുന്നോട്ടു വന്ന്, ആ മിഷൻ പൂർത്തീകരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയും അത് വിജയിച്ചാൽ ആ വാക്സിനെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയുമാണ് നാം ചെയ്യേണ്ടത്.
ട്രയൽ മുഴുവനായി പൂർത്തീകരിച്ച്, ഡാറ്റാ പുറത്തു വിടുന്നതിന് മുൻപ് തന്നെ വാക്സിൻ 101% എഫക്റ്റീവ് എന്ന് പറയുന്നത് ആരാണെങ്കിലും അത് ശാസ്ത്രീയ അടിത്തറയുള്ള പ്രസ്താവന അല്ല എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ശാസ്ത്രീയത ദേശീയതയുപയോഗിച്ച് നേർപ്പിക്കേണ്ട ഒന്നല്ല. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകാം. പക്ഷേ ഒരു വാക്സിന്റെ കാര്യത്തിൽ അങ്ങനെ ഒരു അഭിപ്രായവ്യത്യാസത്തിന് സ്ഥാനമില്ല.
ലേഖകർ
Dr Jamal TM, completed his mbbs from thrissur govt medical college and MD in internal medicine from calicut medical college. Worked as physician at valluvanad hospital ottapalam for 6 yrs and then migrated to oman. Currently working as specialist physician at Aster -oman al khair hospital , IBRI ,Oman. Special interest in Photography and travel. Blogs at "My clicks and thoughts " www.jamal-photos.blogspot.in
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ