· 9 മിനിറ്റ് വായന

പുതുവർഷം: വരവായി വാക്സിനുകൾ.

Current AffairsInfectious Diseasesകോവിഡ്-19പകര്‍ച്ചവ്യാധികള്‍
കോവിഡിന്റെ ആരംഭം മുതൽ നാം കാത്തിരുന്ന നിമിഷമാണ് ഈ മാസം എത്താൻ പോകുന്നത്. ശാസ്ത്രത്തിനു മാത്രമേ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്ക് ഫലപ്രദമായ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ സാധിക്കൂ എന്ന ബോധം എല്ലാവർക്കും ഉണ്ടായ കാലമായിരുന്നു ഇത്. അദ്ഭുതാവഹമായ വേഗത്തിൽ, നിരവധി വാക്സിനുകൾ ഒരു വർഷത്തിൽ കുറഞ്ഞകാലം കൊണ്ട് നാം വികസിപ്പിക്കുകയും പരിശോധനകൾക്കു വിധേയമാക്കുകയും ചെയ്തു. ഇവയിൽ ചിലതെങ്കിലും ഈ മാസം തന്നെ ഇന്ത്യയിൽ വിതരണം ചെയ്യപ്പെട്ടു തുടങ്ങുമെന്നാണ് പ്രതീക്ഷ.അമേരിക്കയിലെ Duke University-യുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ ഓർഡർ ചെയ്തു കാത്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. നിലവിൽ 1.6 ബില്യൺ ഡോസുകൾ. രണ്ടാം സ്ഥാനത്തുള്ള യൂറോപ്പ്യൻ യൂണിയൻ 1.43 ബില്യൺ ഡോസുകളും മൂന്നാമതുള്ള USA 1.01 ബില്യൺ യൂണിറ്റുകളുമാണ് ഓർഡർ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആയിരിക്കും നൽകി തുടങ്ങുക എങ്കിലും അധികം വൈകാതെ പൊതുജനങ്ങൾക്കും ലഭ്യമായി തുടങ്ങും. വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ ( വാക്സിൻ വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന പരിപാടി) ഇന്ന് (ജനുവരി രണ്ടാം തിയ്യതി) വിജയകരമായി നടന്നുകഴിഞ്ഞു. മരുന്നുകൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ചുള്ള Central Drugs Standard Control Organization (CDSCO) ലെ വിദഗ്ധസമിതി ഓക്സ്ഫഡ് വാക്സിൻ അംഗീകാരത്തിനു വേണ്ടി ശുപാർശ ചെയ്തിട്ടുണ്ട്. എതാനും ദിവസങ്ങൾക്കുള്ളിൽ ഓക്സ്ഫഡ് വാക്സിന് കേന്ദ്രസർക്കാർ ഡ്രഗ് കണ്ട്രോളർ ജനറലിന്റെ ഓഫീസ് അംഗീകാരം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ വിതരണം ചെയ്യപ്പെടാൻ ഇടയുള്ള വാക്സിനുകളും അവയുടെ പ്രവർത്തന ക്ഷമതയും പാർശ്വഫലങ്ങളും അറിഞ്ഞിരിക്കാം.
1. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി / ആസ്ട്രസെനെക്ക വാക്സിൻ
വൈദ്യശാസ്ത്രലോകം കോവിഡ് വ്യാപനത്തിന്റെ ആദ്യകാലം മുതലേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിട്യൂട്ടും ആസ്ട്രസെനക്ക എന്ന കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന AZD1222 എന്ന വാക്സിൻ. കോവിഷീൽഡ് എന്ന പേരിലാണ് ഈ വാക്സിൻ ഇന്ത്യയിൽ വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ഡോസിന് ശരാശരി 250 രൂപ നിരക്കിൽ 10 കോടി ഡോസുകൾ ആദ്യഘട്ടത്തിൽ വാങ്ങാനാണ് സർക്കാർ പ്ലാൻ ചെയ്യുന്നത്. ഏതാണ്ട് പത്തു ദിവസത്തിനുള്ളിൽത്തന്നെ വാക്സിൻ വിതരണം തുടങ്ങിയേക്കും.
ഇത് ഒരുതരം ‘വൈറൽ വെക്റ്റർ’ വാക്സിനാണ്. താരതമ്യേന നിരുപദ്രവകാരിയായ ഒരു വൈറസിൻ്റെ (ഇവിടെ അഡിനോവൈറസ്) ജനിതക പദാർത്ഥത്തിലേക്ക് വാക്സിൻ ഉണ്ടാക്കേണ്ട വൈറസിൻ്റെ (ഇവിടെ കോവിഡ് വൈറസ്) ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്ത്, ആ വൈറസിനെ ജീവനോടെ വാക്സിനിൽ ഉപയോഗിക്കുന്നതാണ് ‘വൈറസ് വെക്റ്റർ വാക്സിൻ’. ജീവനുള്ള വൈറസിനെ തന്നെ വാക്സിനിൽ ഉപയോഗിക്കുന്നതിനാൽ ആൻറിബോഡി നിർമ്മാണത്തിൻ്റെ കാര്യക്ഷമതയിൽ കിൽഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകൾ. പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുൻപ് എബോളക്കെതിരെ ഇത്തരമൊരു വാക്സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസികളിൽ ജലദോഷം പോലൊരു നിസാരരോഗമുണ്ടാക്കുന്ന ഒരുതരം അഡിനോവൈറസിനെയാണ് ഓക്സ്ഫോഡ് വാക്സിനിൽ വെക്റ്ററായി ഉപയോഗിച്ചിരിക്കുന്നത്. ഈ വൈറസിനെ ഉപയോഗിച്ച് കൊറോണ വൈറസിന്റെ പ്രധാന ആന്റിജനായ സ്പൈക്ക് പ്രോട്ടീൻ ഉണ്ടാക്കുന്ന ജനിതക പദാർഥത്തെ മനുഷ്യ ശരീരത്തിൽ എത്തിക്കുന്നു. ശരീരം സ്പൈക്ക് പ്രോട്ടീനെതിരെ ആൻറിബോഡി ഉൽപാദിപ്പിക്കുമ്പോൾ നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കുന്നു.
ആഗസ്റ്റിൽ മുപ്പതിനായിരം പേരെ ഉൾപ്പെടുത്തിക്കൊണ്ട് അവസാനഘട്ട പഠനം ആരംഭിച്ച ഈ വാക്സിന്റെ പരീക്ഷണം ഒക്ടോബറിൽ താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. യുകെയിൽ ഒരാൾക്ക് പാർശ്വഫലം ഉണ്ടായി എന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ പരീക്ഷണം തുടരുന്നത് സുരക്ഷിതമാണ് എന്നു വിശദമായ പരിശോധനകൾക്കു ശേഷം തെളിഞ്ഞതു കൊണ്ട് ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചിരുന്നു. വാക്സിൻ പഠനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ബ്രസീലിലെ 28 വയസ്സുള്ള ഒരു ഡോക്ടർ നിർഭാഗ്യവശാൽ കോവിഡ് രോഗത്തിൻറെ സങ്കീർണതകൾ കാരണം ഒക്ടോബർ 15ന് മരിച്ചത് ചില സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങളും ഇടയാക്കിയിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഇദ്ദേഹത്തിന് പ്ലാസിബോ ആണ് ലഭിച്ചത് എന്നു കണ്ടെത്തിയിരുന്നു ( വാക്സിന്റെ ഫലം അറിയാൻ പരീക്ഷണം നടത്തുന്ന നിശ്ചിത ശതമാനം ആളുകൾക്ക് പ്ലാസിബോ ആണ് നൽകുന്നത്. ഇതിൽ മരുന്ന് ഉണ്ടാവുകയില്ല. ബാക്കി ആളുകൾക്ക് വാക്സിൻ നൽകുകയും ചെയ്യുന്നു. തുടർന്ന് ഈ രണ്ടു കൂട്ടരും നേടിയ രോഗപ്രതിരോധശേഷി താരതമ്യം ചെയ്താണ് വാക്സിന് എത്ര ഫലം ഉണ്ട് എന്ന് അറിയുന്നത്)
വിവിധ ഡോസുകൾ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ ഈ വാക്സിൻ പഠന വിധേയമായിട്ടുണ്ട്. വിവിധ പഠനങ്ങളിൽ 62 മുതൽ 90 ശതമാനം വരെ ആളുകൾക്ക് രോഗപ്രതിരോധശേഷി ലഭിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. കുറഞ്ഞ ഡോസിൽ വാക്സിൻ നൽകുമ്പോഴാണ് കൂടുതൽ രോഗപ്രതിരോധശേഷി ലഭിക്കുന്നത് എന്നും കണ്ടെത്തി. ഡിസംബർ എട്ടിന് ഈ പഠനങ്ങളുടെയെല്ലാം ഫലം പൂർണമായും പ്രസിദ്ധീകരിച്ചിരുന്നു. പഠനത്തിൽ പങ്കെടുത്ത ഒരാൾക്കു മാത്രമാണ് ഗുരുതരമായ നാഡീ പ്രശ്നം(ട്രാൻസ്വേഴ്സ് മയലൈറ്റിസ്) ഉണ്ടായത് എന്നാണു കണ്ടത്. വാക്സിൻ ലഭിക്കാത്ത കണ്ട്രോൾ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിൻ ലഭിച്ച ആളുകളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തിയില്ല.
ലോകമെമ്പാടും വിതരണത്തിന് തയ്യാറായിരിക്കുന്ന ഈ വാക്സിൻ നിലവിൽ 20 കോടി ഡോസുകൾ നിർമ്മിച്ചു സ്റ്റോക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതിൽ അഞ്ചുകോടി ഇന്ത്യക്ക് വേണ്ടി മാത്രം നിർമ്മിച്ചതാണ്. ഓരോ മാസവും 10 മുതൽ 20 വരെ കോടി അധിക ഡോസുകൾ നിർമ്മിക്കാനുള്ള ശേഷിയും ഇപ്പോഴുണ്ട്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നൂറുകോടി വാക്സിൻ വിതരണം ചെയ്യാനുള്ള നിർമ്മാണ കരാർ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി ആസ്ട്രസെനെക ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം വാക്സിനുകൾ നിർമ്മിക്കുന്ന കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒരു സ്വകാര്യ കമ്പനിയാണ്. തുടക്കത്തിൽ ഒരു ഡോസിന് 1000 രൂപ ചെലവ് വരുമെന്നു പറഞ്ഞിരുന്നെങ്കിലും നിലവിൽ ഡോസിന് 250 രൂപ നിരക്കിൽ 5 കോടി ഡോസ് കരാർ ആക്കിയിട്ടുണ്ട് എന്നാണ് വിവരം. ഭാവിയിൽ വില ഇതിലും കുറയും എന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട്, സർക്കാർ വാക്സിൻ സൗജന്യമായി എല്ലാവർക്കും നൽകാൻ തയ്യാറായില്ലെങ്കിൽപോലും കോവിഷീൽഡ് വാക്സിൻ ജനങ്ങൾക്കു വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കാൻ ഇടയില്ല.
ഈ വാക്സിന്റെ മറ്റൊരു പ്രത്യേകത ഇത് സൂക്ഷിക്കാൻ അധികം തണുത്ത താപനില ആവശ്യമില്ല എന്നതാണ്. സാധാരണ റഫ്രിജറേറ്ററുകളുടെ താപനിലയായ 2 മുതൽ 8 വരെ ഡിഗ്രി സെൽഷ്യസിൽ കേടുകൂടാതെ ഈ വാക്സിൻ സൂക്ഷിക്കാൻ കഴിയും. അതിനാൽ എളുപ്പത്തിൽ പലസ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും ചെറിയ ക്ലിനിക്കുകളിൽ വച്ചുപോലും വിതരണം ചെയ്യുന്നതിനും സാധിക്കും എന്നത് വലിയ മേന്മയാണ്. തൊണ്ണൂറു ശതമാനം രോഗപ്രതിരോധം ലഭിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്.
2. റഷ്യൻ സ്പുട്നിക്-V വാക്സിൻ
ഇടക്കാലത്തു വലിയ വാർത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു റഷ്യയുടെ Sputnik-V എന്ന വാക്സിൻ. ഇതും ഓക്സ്ഫോഡ് വാക്സിൻ പോലെ ഒരു വൈറൽ വെക്റ്റർ വാക്സിനാണ്. ഹ്യൂമൻ അഡിനോ വൈറസാണ് വെക്റ്റർ. Gameliya Research Institute വികസിപ്പിച്ച ഈ വാക്സിന് 92 ശതമാനം കാര്യക്ഷമത ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. വെറും രണ്ട് മാസം മാത്രം ടെസ്റ്റ് നടത്തി റഷ്യയിൽ വിതരണം ചെയ്യാൻ അനുമതി നേടി എന്ന പശ്ചാത്തലത്തിൽ ലോകമാസകലം ഇതു വിമർശനത്തിന് വിധേയമായിരുന്നു. ഇതിൻറെ മൂന്നാംഘട്ട ട്രയൽ ഇതുവരെ പൂർത്തിയായിട്ടുമില്ല. മൂന്നാംഘട്ട ട്രയലിന്റെ പഠനഫലങ്ങൾ എല്ലാം പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര നിയന്ത്രണ ഏജൻസികൾ അവ പരിശോധിച്ച് അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ഈ വാക്സിൻ വ്യാപകമായി വിതരണം ചെയ്യാനാകൂ. നാൽപ്പതിനായിരം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ട് നടക്കുന്ന മൂന്നാംഘട്ട ട്രയൽ പൂർത്തിയാകണമെങ്കിൽ 2021 മെയ് മാസം ആകുമെന്ന് കരുതപ്പെടുന്നു.
രണ്ടുതരം അഡിനോ വൈറസുകളെ വെക്റ്റർ ആയി ഉപയോഗിച്ചുകൊണ്ടുള്ള വാക്സിനാണ് സ്പുട്നിക്. ഇവ രണ്ടും 21 ദിവസത്തെ ഇടവേളയിൽ തോളത്ത് വെക്കുന്ന ഇഞ്ചക്ഷൻ ആയി നൽകുന്നു. മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട പൊടി രൂപത്തിലാണ് നിലവിൽ വാക്സിൻ നിർമ്മിക്കുന്നത്. കൂടുതൽ എളുപ്പത്തിൽ സൂക്ഷിക്കാവുന്നതും ട്രാൻസ്പോർട്ട് ചെയ്യാവുന്നതുമായ മറ്റൊരു രൂപം വികസിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതിന് കൂടുതൽ സമയവും ചെലവും ആവശ്യമാണ്. റഷ്യയിൽ തന്നെ ഈ വാക്സിൻ വിതരണം പൂർത്തിയാകുന്നതിന് ഒമ്പത് മുതൽ 12 വരെ മാസമെങ്കിലും കാലമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ തുടക്കത്തോടെ തന്നെ റഷ്യയിൽ ഒരു ലക്ഷം പേർക്കെങ്കിലും വാക്സിൻ വിതരണം ചെയ്തതായി അവരുടെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി മാസാവസാനത്തോടെ റഷ്യയിൽ മുക്കാൽ കോടി ഡോസുകളെങ്കിലും ലഭ്യമാക്കുമെന്നാണ് റഷ്യൻ ഉപപ്രധാനമന്ത്രി അവകാശപ്പെടുന്നത്.
നിലവിൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി 120 കോടി ഡോസിനുള്ള ഓർഡർ റഷ്യയ്ക്ക് ലഭിച്ചുകഴിഞ്ഞു. ഇതിൽ 10 കോടി ഡോസ് ഓർഡർ ചെയ്തിരിക്കുന്നത് ഇന്ത്യയാണ്. ഒരു ഡോസ് വാക്സിന് ഏതാണ്ട് 700 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിലവരും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വാക്സിന് അംഗീകാരം ലഭിച്ചാൽ മാത്രമേ വിതരണം സാധ്യമാകൂ. ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലാബുമായി ചേർന്ന് ഈ വാക്സിന്റെ പരീക്ഷണം നിലവിൽ നടക്കുന്നുണ്ട്.
3. നോവാവാക്സ് വാക്സിൻ (NVX-CoV2373)
ഇൻഡ്യ ആകെ ഓർഡർ ചെയ്ത
1.6 ബില്യണിൽ ബാക്കിയുള്ള 1 ബില്യൺ (100 കോടി) വാക്സിനും വാങ്ങുന്നത് അമേരിക്കൻ വാക്സിൻ നിർമ്മാതാക്കളായ NOVAVAX എന്ന കമ്പനിയിൽ നിന്നാണ്. NVX-CoV2373 എന്ന ഈ വാക്സിൻ മേൽ സൂചിപ്പിച്ച മറ്റു വാക്സിനുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ‘നാനോ പാർട്ടിക്കിൾ ബേസ്‌ഡ്’ വാക്സിനാണ്. വൈറസിന്റെ ശരീരത്തിലെ ഏതെങ്കിലുമൊരു പ്രോട്ടീൻ ആന്റിജൻ ആണ് ഈ വാക്സിനിലെ പ്രധാനഘടകം. പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിനുകൾ എന്നാണ് ഇവയെ പറയുന്നത്. ആ പ്രോട്ടീനെ ശരീരം നശിപ്പിച്ചു കളയാതിരിക്കാൻ അതിനെ ചില പ്രത്യേകതരം നാനോ പാർട്ടിക്കിളുകൾ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നു. 5 microgram പ്രോട്ടീൻ ആൻ്റിജനും 50 microgram Matrix-M പാർട്ടിക്കിളുകളും ചേർന്നതാണ് Novavax നിർമ്മിക്കുന്ന NVX-CoV2373 വാക്സിൻ.
2020 മെയ് മാസത്തിൽ ഓസ്ട്രേലിയയിൽ ഈ വാക്സിന്റെ മനുഷ്യരിലുള്ള സുരക്ഷാ പരിശോധന ആരംഭിച്ചിരുന്നു. ഇതിനു മുൻപ് അമേരിക്കയിലെ ബാൾട്ടിമോറിലുള്ള എമർജന്റ് ബയോ സൊല്യൂഷൻസ് എന്ന കമ്പനിയുമായി നോവാവാക്സ് വാക്സിൻ നിർമ്മാണത്തിന് കരാർ ഒപ്പിട്ടിരുന്നു. ഉയർന്നതോതിൽ വാക്സിൻ നിർമ്മിക്കാൻ കഴിവുള്ള കമ്പനിയാണ് എമർജന്റ് ബയോ സൊല്യൂഷൻസ്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അമേരിക്കയിൽ ഈ വാക്സിന്റെ വലിയ തോതിലുള്ള പരീക്ഷണം ആരംഭിക്കുകയുണ്ടായി. തുടർന്ന് ഡിസംബറിൽ അമേരിക്കയിലും മെക്സിക്കോയിലും ഫേസ് ത്രീ ട്രയലും ആരംഭിച്ചു. ഇതിൻറെയെല്ലാം ഫലങ്ങൾ വിശകലനം ചെയ്ത ശേഷമേ വാക്സിൻ എത്രത്തോളം ഫലപ്രദമാണ് എന്നും എത്ര ഡോസ് ആവശ്യമുണ്ട് എന്നും ആർക്കൊക്കെ നൽകാൻ കഴിയുമെന്നുമൊക്കെ മനസ്സിലാക്കാൻ സാധിക്കൂ. ഇന്ത്യക്ക് വേണ്ട വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ നിർമിക്കാനും സാധ്യതയുണ്ട്.
4. ഭാരത് ബയോടെക്- കോവാക്സിൻ.
ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സ്വകാര്യ വാക്സിൻ നിർമാണ കമ്പനിയാണ് ഭാരത് ബയോടെക്. റോട്ടാവൈറസിനെതിരെയുള്ള റോട്ടാവാക് വാക്സിൻ വിതരണം ചെയ്യുന്നതിലൂടെ ഇവർ ശ്രദ്ധനേടിയിരുന്നു. ഈ കമ്പനി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ചെടുക്കുന്ന വാക്സിനാണ് കോവാക്സിൻ. അമേരിക്കൻ കമ്പനിയായ ഫ്ലൂജെനുമായും ഇവർ സഹകരിക്കുന്നുണ്ട്.
പെരുകാനുള്ള ശേഷി നശിപ്പിച്ച വൈറസിനെ (ലളിതമായി പറഞ്ഞാൽ കൊന്ന വൈറസിനെ) ഉപയോഗിച്ച് നിർമ്മിച്ച വാക്സിനാണ് കോവാക്സിൻ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആണ് ഇതിനുവേണ്ട വൈറസുകളെ നൽകിയത്. കോവാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാംഘട്ടത്തിലാണ്. കഴിഞ്ഞ നവംബർ മാസത്തിൽ ആരംഭിച്ച ട്രയൽ 22 ഇടങ്ങളിലായി 26000 പേരിൽ പുരോഗമിക്കുന്നുണ്ട്. ഡൽഹി, കർണാടക , വെസ്റ്റ് ബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളിൽ 22 കേന്ദ്രങ്ങളിലാണ് ഗവേഷണം പുരോഗമിക്കുന്നത്. ആദ്യ രണ്ടുഘട്ട ട്രയലുകളിൽ 60 ശതമാനമായിരുന്നു ഈ വാക്സിൻ്റെ കാര്യക്ഷമത. മൂന്നാം ഘട്ട ട്രയൽ പൂർത്തിയാവാൻ ഫെബ്രുവരിയെങ്കിലും ആവും.
നിലവിൽ കമ്പനിക്ക് സ്വന്തമായുള്ള വീരോ സെൽ മാനുഫാക്ചറിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വാക്സിൻ നിർമ്മിക്കുന്നത്. ഒരു വർഷം 30 കോടി ഡോസുകൾ നിർമ്മിക്കാൻ ഇതുവഴി സാധിക്കും. എന്നാൽ കൂടുതൽ ഡോസുകൾ നിർമ്മിക്കാൻ ഹൈദരാബാദിൽ മറ്റൊരു പ്ലാൻറ് തുറക്കുന്നതിനായും ഒഡിഷയിൽ പുതിയ സംവിധാനം ആരംഭിക്കുന്നതിനുമുള്ള നടപടികൾ കമ്പനി സ്വീകരിച്ചു വരുന്നുണ്ട്. അടിയന്തരമായി വാക്സിൻ വിതരണം ചെയ്യാനുള്ള അംഗീകാരം ( എമർജൻസി യൂസ് ഓതറൈസേഷൻ) തേടി ഭാരത് ബയോടെക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഇന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്.ഇ. സി.) ഈ വാക്സിനും പ്രയോഗാനുമതി നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. അനുമതി ലഭ്യമായാൽ കോവാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യാൻ സാധിക്കും.
5. Pfizer/BioNTech വാക്‌സിൻ
UK-യിൽ വിതരണം ചെയ്യാൻ അനുമതി ലഭിച്ച Pfizer/BioNTech- ന്റെ BNT162(ടോസിനാമെറാൻ) എന്ന വാക്സിൻ ഒരു RNA വാക്സിനാണ്. RNA എന്നാലൊരു ജനിതകവസ്തുവാണ്. കോവിഡിനെതിരെ അംഗീകരിക്കപ്പെടുന്ന ആദ്യത്തെ വാക്സിനെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത, മനുഷ്യന് ഏതെങ്കിലും രോഗത്തിനെതിരെ നൽകാനായി അംഗീകരിക്കപ്പെടുന്ന ആദ്യത്തെ ‘RNA വാക്സിൻ’ കൂടിയാണ് BNT162.
43000 മനുഷ്യരിലാണ് ഇതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. കാര്യമായ സൈഡ് എഫക്റ്റുകൾ ആരിലും ഉണ്ടായില്ല എന്നും 95 ശതമാനം എഫിഷ്യൻസി ഈ വാക്സിനുണ്ടെന്നും Pfizer/BioNTech കഴിഞ്ഞമാസം അവകാശപ്പെട്ടിരുന്നു. ഇതിന് ആധാരമായ പഠനങ്ങൾ പരിശോധിച്ചശേഷമാണ് UK-യിലെ Medicines and Healthcare products Regulatory Agency (MHRA) ഈ വാക്സിൻ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയത്. യുകെയിൽ നിന്ന് ആദ്യ അനുമതി കിട്ടിയ ശേഷം പല രാജ്യങ്ങളിലും ഈ വാക്സിന് അനുമതി ലഭിക്കുകയുണ്ടായി.
മൂന്നാഴ്ചത്തെ ഇടവേളയിൽ ആകെ രണ്ട് ഡോസ് വാക്സിനുകളാണ് ഒരാൾക്ക് നൽകേണ്ടത്. തോളത്ത് ഇഞ്ചക്ഷനായാണ് ഇതു നൽകുക. വൈറസിന്റെ സ്പൈക് പ്രോട്ടീൻ കോഡ് ചെയ്യുന്ന mRNA യെ ഒരു കൊഴുപ്പ് നാനോപാർട്ടിക്കിളിൽ നിറച്ച് കുത്തി വെയ്ക്കുകയാണ് ചെയ്യുന്നത്. ആർക്കൊക്കെ ആദ്യം വാക്സിൻ നല്കണമെന്നതിൻ്റെ മുൻഗണനാ ക്രമവും MHRA നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവുമാദ്യം വാക്സിൻ ലഭിക്കുന്നത് വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കും അവരെ പരിപാലിക്കുന്നവർക്കും ആണ്. ശേഷം 85 വയസിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും. തുടർന്ന് പ്രായം കുറയുന്നതിനനുസരിച്ചു മുൻഗണനാ ലിസ്റ്റിൽ പിന്നിലേക്ക് പോകും. പക്ഷെ എന്തെങ്കിലും ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന ലഭിക്കുകയും ചെയ്യും. പൂർണമായും സൗജന്യമായാണ് UK ഗവൺമെൻറ് ഈ വാക്സിൻ ജനങ്ങൾക്ക് നൽകാൻ പോകുന്നത്. ഡിസംബർ 20നകം തന്നെ ബ്രിട്ടനിൽ അഞ്ചുലക്ഷം പേർക്ക് ഈ വാക്സിനുകൾ നൽകിക്കഴിഞ്ഞു.
ഈ വാക്സിൻറെ ഒരു പോരായ്മയായി കണക്കാക്കുന്നത്, ഇത് മൈനസ് 70-80 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം എന്നതാണ്. വാക്സിനേഷൻറെ അഞ്ചു ദിവസം മുൻപ് വരെയെങ്കിലും ഈ താപനില കൃത്യമായി നിലനിർത്തിയില്ലെങ്കിൽ വാക്സിന്റെ ശേഷി നഷ്ടപ്പെട്ടു പോകും. ഇതു പാലിക്കുന്നതിനുള്ള ‘Deep Freeze Delivery System’ കൂടുതൽ ചെലവും സാങ്കേതിക പരിജ്ഞാനവും വേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ എമർജൻസി യൂസ് ഓതറൈസേഷന് ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എങ്കിലും ഇവിടെ ഈ വാക്സിൻ ശേഖരിക്കാനും വിതരണം ചെയ്യാനും വലിയ സാങ്കേതിക വെല്ലുവിളികൾ നേരിടേണ്ടിവരും. വാക്സിൻ വിതരണം ചെയ്യാനുള്ള നമ്മുടെ കോൾഡ് ചെയിൻ -20 ഡിഗ്രി, 2-8 ഡിഗ്രി സെന്റിഗ്രേഡ് എന്നീ താപനിലയിൽ സൂക്ഷിക്കേണ്ട വാക്സിനുകൾക്കു വേണ്ടിയാണ് പ്രധാനമായും സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് കാരണം. നിലവിൽ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായി വാക്സിൻ വിതരണം ചെയ്യുന്നതിന് ഫൈസർ കരാർ ഒപ്പിട്ടിട്ടുണ്ട്.
6. മോഡേണ വാക്സിൻ
കോവിഡ് രംഗപ്രവേശം ചെയ്തശേഷം വികസിപ്പിച്ചെടുത്ത വാക്സിനുകളിൽ ആദ്യം മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയ വാക്സിനാണ് അമേരിക്കയിലെ മോഡേണ (MODERNA) എന്ന വാക്സിൻ നിർമ്മാതാക്കൾ വികസിപ്പിച്ച mRNA-1273 വാക്സിൻ. ഇതും Pfizer/BioNTech- ന്റെ വാക്സിൻ പോലെ തന്നെ ഒരു mRNA വാക്സിനാണ്. ഈ വാക്സിന്റെയും ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടം ഉടനെ അവസാനിക്കും. അമേരിക്കയും കാനഡയും ഈ വാക്സിന് എമർജൻസി യൂസ് ഓതറൈസേഷൻ നൽകിയിട്ടുണ്ട്. നിലവിൽ 95 ശതമാനം പ്രതിരോധം ഈ വാക്സിൻ നല്കുന്നുണ്ടെന്നാണ് 30000 പേരിൽ പരീക്ഷണം നടത്തിയ കമ്പനി അവകാശപ്പെടുന്നത്. മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുന്നതിനാൽ ഫൈസർ വാക്സിനേക്കാൾ സൂക്ഷിക്കുന്നതിനും ട്രാൻസ്പോർട്ട് ചെയ്യുന്നതിനും എളുപ്പം ഈ വാക്സിനായിരിക്കും. നാല് ആഴ്ചകളുടെ ഇടവേളയിൽ രണ്ട് ഡോസാണ് ഈ വാക്സിന് വേണ്ടി വരുന്നത്. ഇഞ്ചക്ഷനായാണ് വാക്സിൻ നൽകുന്നത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം വാക്സിൻ ലഭിച്ച ആൾക്ക് പൂർണ്ണ രോഗപ്രതിരോധശേഷി ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ടാംഘട്ട പരീക്ഷണം കഴിഞ്ഞ ഇന്ത്യയുടെ മറ്റൊരു വാക്സിനാണ് സൈക്കോവ് ഡി. അഹമ്മദാബാദിലെ സൈഡസ് കാഡില എന്ന കമ്പനിയുടേതാണത്. മൂന്നാം ഘട്ടത്തിനിനിയും അനുമതിയായിട്ടില്ല. അതുപോലെ ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ലാബായ Panacea biotech അയർലൻഡിലെ Rafana ഗ്രൂപ്പുമായി ചേർന്ന് സംയുക്തമായ വാക്സിൻ ഗവേഷണവും നടക്കുന്നുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്ന ലാബ് അമേരിക്കയിലെ Codagenix-മായി ചേർന്ന് ഒരു ലൈവ് അറ്റന്വേറ്റഡ് കൊവിഡ് വാക്സിൻ്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ട്.
ഇതൊക്കെയും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെങ്കിലും വാക്സിൻ എല്ലാവർക്കും ലഭിക്കാൻ എത്രകാലം വേണ്ടിവരുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. 60 മുതൽ 70 വരെ ശതമാനം ആളുകൾക്ക് എങ്കിലും വാക്സിൻ ലഭിച്ചാലേ രോഗത്തിൻറെ പകർച്ച തടയുന്ന രീതിയിൽ ഹേ(ർ)ഡ് ഇമ്മ്യൂണിറ്റി സാധ്യമാകൂ. ഇതിന് 150ഓളം കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ വേണ്ടിവന്നേക്കാം. നിലവിലത്തെ നിർമ്മാണശേഷി അനുസരിച്ച് ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഇത്രയും വാക്സിനുകൾ വികസിപ്പിക്കാൻ വേണ്ടിവരും. വികസനത്തെക്കാൾ വലിയ വെല്ലുവിളി വാക്സിനുകൾ വിതരണം ചെയ്യുന്നതാണ്. കൃത്യമായ താപനില ഉറപ്പുവരുത്തി ഈ ബൃഹത്തായ രാജ്യത്തിൻറെ ഓരോ കോണുകളിലും വാക്സിൻ വിതരണം ചെയ്യുന്നത് ഭീമമായ ഒരു പ്രക്രിയയാണ്. എങ്കിലും ഇതിനുവേണ്ട ചെലവുകൾ പൂർണമായും സർക്കാർ വഹിക്കും എന്നാണ് കേന്ദ്ര സർക്കാരും പല സംസ്ഥാന സർക്കാരുകളും അവകാശപ്പെടുന്നത്. സമാനമായ മാതൃകകളാണ് ലോകത്തെമ്പാടും നിലനിൽക്കുന്നത്. നിലവിൽ വാക്സിൻ കൊടുത്തു തുടങ്ങിയ UK-യും വാക്സിൻ ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ച USA-യും പൂർണമായും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
കൊവിഡ് രോഗത്തെപ്പറ്റി നമുക്കുള്ള ഏറ്റവും പഴയ അറിവിനുപോലും ഒരു വർഷത്തെ പഴക്കമേയുള്ളൂ. ശാസ്ത്രമിപ്പോഴും ഇതിനെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ നേടിയ അറിവുകളുടെ അടിസ്ഥാനത്തിലാണ് വാക്സിനുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈദ്യശാസ്ത്രം ഉത്തരം പറയുന്നത്. അതുകൊണ്ടു തന്നെ ആദ്യം അംഗീകരിക്കപ്പെട്ട വാക്സിനാണ് മികച്ചതെന്നോ ചെലവു കൂടിയ വാക്സിനുകളാണ് കൂടുതൽ സുരക്ഷിതമെന്നോ ഒന്നും പറയാൻ ഇപ്പോൾ പറയാൻ സാധിക്കില്ല. ക്ലിനിക്കൽ ട്രയലുകൾ കഴിഞ്ഞതാണെങ്കിലും പൊതുജനങ്ങൾക്ക് നൽകുമ്പോഴും വാക്സിന്റെ സുരക്ഷിതത്വത്തെയും ഫലത്തെയും സംബന്ധിച്ച നിരീക്ഷണങ്ങൾ തുടരും. എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ആ വാക്സിൻ വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാനോ പിൻവലിക്കാനോ അതു കാരണമാകുകയും ചെയ്യും. മനുഷ്യരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പരമപ്രാധാന്യം നൽകി മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേക്കുള്ള പ്രയാണം ലക്ഷ്യമാക്കിയ ശാസ്ത്രത്തിന്റെ രീതിയാണ് അത്.
2021 എളുപ്പമുള്ള ഒരു വർഷമായിരിക്കുകയില്ല. ഈ വാക്സിനുകൾ വേണ്ട തോതിൽ നിർമ്മിക്കുകയും എല്ലാവർക്കും വിതരണം ചെയ്യുകയും അതിൻറെ ഫലങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നത് ഈ ഒരു കൊല്ലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രക്രിയയായിരിക്കും. നാം ഇതുവരെ തുടർന്ന കരുതൽ ഇനിയും അൽപ്പകാലം കൂടി അതുപോലെ തുടരേണ്ടതുണ്ട്.
This article is shared under CC-BY-SA 4.0 license. 
ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ