· 4 മിനിറ്റ് വായന

NICU വിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്

Emergency MedicinePediatricsപൊതുജനാരോഗ്യംശിശുപരിപാലനം

      ഏതാണ്ട് പതിനഞ്ച് വർഷം മുമ്പാണ്. കോട്ടയം ICH ആശുപത്രിയിൽ നവജാത ശിശുക്കൾക്കായുള്ള ICU (Neonatal Intensive Care Unit-NICU) പോസ്റ്റിംഗ് ആണ്. NICU പോസ്റ്റിംഗ് വളരെ സമ്മർദ്ദം നിറഞ്ഞ ഒന്നാണ്. വളരെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളാണ് വിവിധ ജില്ലകളിൽ നിന്ന്‌ ഇങ്ങോട്ടെത്തുക. പാതിരാത്രിയായപ്പോൾ അപ്പോൾ റഫർ ചെയ്തു വന്ന ഒരു കുഞ്ഞുമായി ഡോ. മിനു കൃഷ്ണൻ ഓടിയെത്തി. തൊട്ടുപിന്നാലെ ഡ്യൂട്ടി എം.ഒ യും.

കുഞ്ഞിന്റെ നില വളരെ ഗുരുതരമായിരുന്നു. ശ്വാസം വലിയൊക്കെ ഏതാണ്ട് നിലച്ച മട്ട്. പെട്ടെന്ന് തന്നെ ഇൻറുബേറ്റ് ചെയ്ത് ആംബു ബാഗ് വഴി കൃത്രിമ ശ്വാസോച്ഛാസം നൽകി. ജനിച്ച ഉടനെത്തന്നെ തുടങ്ങിയ ശ്വാസം മുട്ടാണ് കുഞ്ഞിന്. തുടർ പരിശോധനയിൽ ഡയഫ്രമാറ്റിക് ഹെർണിയയാണ് കുഞ്ഞിന്റെ അസുഖമെന്ന് കണ്ടെത്തി. വയറിനേയും നെഞ്ചിൻ കൂടിനേയും വേർതിരിക്കുന്ന ഡയഫ്രത്തിലൂടെ ആമാശയവും മറ്റു ആന്തരികാവയവങ്ങളും നെഞ്ചിനുള്ളിലെത്തി ശ്വാസകോശത്തെ ഞെരുക്കുന്ന ഭീകരമായ അവസ്ഥ.

പീഡിയാട്രിക്സ് സർജറിയിലെ അസോ: പ്രൊഫസർ ഡോ. ചന്ദ്രൻ വന്നു കുഞ്ഞിനെ പരിശോധിച്ചു. എമർജൻസി സർജറി വേണം എന്ന് കുഞ്ഞിന്റെ കൂടെയെത്തിയ അച്ഛനോടും അച്ഛമ്മയോടും പറഞ്ഞു. സങ്കടത്തിരകൾ ഉള്ളിലൊതുക്കി നിസ്സഹായതയുടെ കടൽ പോലെ ആ അച്ഛനും അച്ഛമ്മയും ഞങ്ങളുടെ മുമ്പിൽ കൈ കൂപ്പി നിന്നു.

സർജറി വിജയകരമായി പൂർത്തിയാക്കിയിറങ്ങിയ ഡോ. ചന്ദ്രന്റെ മുഖത്ത് അത്ര തെളിച്ചമില്ല. സർജറിക്ക് ശേഷമുള്ള പരിചരണമാണ് പ്രധാനം. നവജാത ശിശുക്കൾക്കായുള്ള വെന്റിലേറ്റർ ഐ.സി.എച്ചിൽ ലഭ്യമല്ല. ഡയഫ്രമാറ്റിക് ഹെർണിയ കേസുകളിൽ മരണനിരക്ക് വളരെ കൂടുതലാണ് താനും. വരും വരായ്കകളെപ്പറ്റി കേട്ടറിഞ്ഞ ആ അച്ഛൻ ദൈന്യതയുടെ ആൾരൂപമായി ആ ഓപ്പറേഷൻ തിയറ്ററിന് മുമ്പിൽ പ്രാർത്ഥനാനിരതനായി നിൽക്കുന്നുണ്ടായിരുന്നു.

ആ പ്രാർത്ഥനകൾ ഞങ്ങൾക്ക് കൂട്ടായി വന്നു. പി.ജി. ഡോക്ടർമാരും ഹൗസ് സർജൻസും നേഴ്സുമാരും ചേർന്ന് ഞങ്ങളുടെ കഴിവിന്റെ പരമാവധി ആ കുഞ്ഞിന് വേണ്ടി പരിശ്രമിച്ചു. ഞങ്ങൾ മാറി മാറി ആംബു ബാഗ് പീച്ചി ആ കുഞ്ഞു ജീവന് പ്രാണവായു നൽകി.ഒടുവിൽ ഞങ്ങളെ വിസ്മയിച്ച്, ജീവിതം തിരിച്ചുപിടിച്ച ആ കുഞ്ഞാവയുടെ മുഖത്തെ ചോരത്തുടുപ്പിന് ഞങ്ങളുടെ പിൽക്കാല ജീവിതങ്ങളെ മുഴുവൻ പ്രകാശമാനമാക്കി മാറ്റുവാൻ വേണ്ടത്ര വെളിച്ചമുണ്ടായിരുന്നു.

പരിമിതികൾക്കുള്ളിലും ആതുരസേവനത്തിനായി ആത്മാർപ്പണം ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർമാരടക്കമുള്ള നിരവധി സുമനസ്സുകൾ നേടിയെടുത്ത ഐ.സി.എച്ചിന്റെ വിശ്വാസ്യതയ്ക്കും യശസ്സിനും മേലെ കരിനിഴൽ പരത്താൻ അവിടുത്തെ NICU യിൽ ചിത്രീകരിച്ച ഒരു വീഡിയോയുമായി ഒരു യുവതി എത്തിയപ്പോൾ മനസ്സിൽ ഒളിമങ്ങാത്ത ഓർമ്മയായ ആ കുഞ്ഞിനേയും അച്ഛനേയും കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?

മെഡിക്കൽ കോളജിനെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച ഒരു സംഭവവും അതേറ്റു പിടിച്ച ഓൺ ലൈൻ മാദ്ധ്യമവും സൃഷ്ടിച്ച സാഹചര്യവുമാണ് ഈ കുറിപ്പിനാധാരം. ഇന്ന് ലോകത്തെ ഏതു മേഖലയിലെയും ഏറ്റവും ഉയരത്തിൽ എത്തിയ കോട്ടയംകാരനോട് ചോദിച്ചാൽ ചിലപ്പോ ഈ പുൽത്തൊട്ടിയിൽ പിറന്നു വീണ കഥയാവും പറയാനുണ്ടാവുക. നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ (NICU-Neonatal ICU) നടക്കുന്നത്‌ നീതിക്ക്‌ നിരക്കാത്ത കാര്യങ്ങളാണെന്ന്‌ വിധിക്കുന്ന രീതിയിലുള്ള വീഡിയോ കണ്ടു. അതുകൊണ്ടുതന്നെ അവിടെ നടക്കുന്നത് എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

കോട്ടയത്തെക്കുറിച്ച് തന്നെ പറയാം.

പ്രധാനമായും രണ്ടോ മൂന്നോ രീതിയിലാണ് നിയോനേറ്റൽ ഐ.സി.യുവിൽ അഡ്മിഷനായി കുഞ്ഞുങ്ങൾ എത്തുന്നത്. മറ്റ് ഹോസ്പിറ്റലുകളിൽ നിന്ന് സാമ്പത്തികമോ അല്ലാത്തതോ ആയ കാരണങ്ങളാൽ എത്തുന്ന കുഞ്ഞുങ്ങൾ, മറ്റ് ഹോസ്പിറ്റലുകളിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്തത്ര സങ്കീർണമായ പ്രശ്നങ്ങളുള്ളവർ, മെഡിക്കൽ കോളജ് ഒ.പി വഴി അഡ്മിഷൻ നേടുന്നവർ എന്നിവരാണവർ. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾ, ഭാരക്കുറവുള്ള കുഞ്ഞുങ്ങൾ, സാരമായ ജന്മവൈകല്യങ്ങൾ ഉള്ളവർ, അണുബാധയുള്ളവർ, പ്രസവസമയത്ത്‌ അപകടനിലയുണ്ടായി തരണം ചെയ്യാത്തവർ എന്നിവർക്കാണ്‌ NICU പ്രവേശനം നൽകപ്പെടുന്നത്‌.

തൊണ്ണൂറ്റൊൻപത്‌ ശതമാനം പ്രസവവും ആശുപത്രിയിൽ വെച്ച്‌ നടക്കുന്ന കേരളത്തിൽ, നവജാതശിശു തീവ്രപരിചരണ വിഭാഗം ആവശ്യമുള്ളത്ര ശിശുക്കൾക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം. സർക്കാർ ആശുപത്രികളിലെ NICU അർഹതപ്പെട്ട രോഗികൾക്ക്‌ മുഴുവൻ ലഭിക്കാൻ തക്ക സൗകര്യങ്ങൾ നമുക്കില്ല.അത്‌ കൊണ്ട്‌ തന്നെ സർക്കാർ ആശുപത്രിയിലെ NICU-വിൽ ഒരു കുഞ്ഞ്‌ ഒരു മാസത്തേക്ക്‌ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ടു എന്ന്‌ പറയുന്നത്‌ കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി അത്രയേറെ ആശങ്കാകുലമാണെന്നാണ്‌ സൂചിപ്പിക്കുന്നത്‌.

കോട്ടയത്തെ കഥ തുടരാം. രണ്ട് ഐ.സി.യുകളാണ് നവജാത ശിശുക്കൾക്കായുള്ളത്. ഗൈനക്കോളജി വിഭാഗത്തിന്റെയും പ്രസവവാർഡിന്റെയും അടുത്തായി സ്ഥിതിചെയ്യുന്ന ഇൻബോൺ ഐ.സി.യു ഒന്ന്. കുട്ടികളുടെ ആശുപത്രിയിലുള്ള ഔട്ട് ബോൺ ഐ.സി.യു മറ്റൊന്ന്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആശുപത്രിയിലെ ഔട്ട് ബോൺ ഐ.സി.യുവിനെക്കുറിച്ചാണ് കൃത്രിമ വിവാദങ്ങളെന്നതിനാൽ അതിനെപ്പറ്റി വിശദമാക്കാം.

ഖൊരഗ്‌പൂർ സംഭവുമായി താരതമ്യം നടത്താനുള്ള ശ്രമം ആ വീഡിയോയിൽ നടന്നെങ്കിലും അർഹിക്കുന്ന അവജ്‌ഞയോടെ ജനങ്ങൾ തള്ളിയെന്നത്‌ സന്തോഷകരമാണ്‌. മെഡിക്കൽ കോളേജിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്ന ICH ആശുപത്രിയിൽ 2016 വർഷത്തിൽ ഓപിയിൽ വന്നത്‌ 1,73,158 കുട്ടികളാണ്‌. 58,954 കുഞ്ഞുങ്ങൾ അത്യാഹിതവിഭാഗത്തിൽ വന്നു. അവരിൽ 8241 കുട്ടികൾ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ടു. അവരിൽ നവജാതർ 816 പേരായിരുന്നു. കഴിഞ്ഞ വർഷം അവിടെ മരണപ്പെട്ടത്‌ 54 കുട്ടികളാണ്‌.

2017 ഓഗസ്‌റ്റ്‌ 1-14 വരെ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ട നവജാതരുടെ എണ്ണം 45, അവരിൽ മരണപ്പെട്ടവർ 6. ആറിൽ രണ്ടു പേർ സാരമായ ഹൃദയവൈകല്യങ്ങൾ ഉൾപ്പെടെയുള്ള ജന്മവൈകല്യങ്ങളോടെ ജനിച്ചവരായിരുന്നു. മാസം തികഞ്ഞ്‌ ജനിച്ച ഒരു കുഞ്ഞ്‌ വലിയ തോതിൽ മഷി കുടിച്ചിരുന്നു (Meconium Aspiration Syndrome), ഒരു കുഞ്ഞിന്‌ സുഷുമ്‌നാ നാഡിയെയും മസ്‌തിഷ്‌കത്തെയും സംബന്ധിക്കുന്ന സാരമായ രോഗമുണ്ടായിരുന്നു. രണ്ട്‌ കുഞ്ഞുങ്ങൾ മാസം തികയാതെ ജനിച്ചത്‌ മൂലം മരണപ്പെട്ടു. അവരിൽ ഒരാളുടെ ഭാരം വെറും 930 ഗ്രാമായിരുന്നു, സാരമായ അണുബാധയുമുണ്ടായിരുന്നു. നവജാതർക്ക്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ശ്രദ്ധ നൽകുന്ന ഈ ആശുപത്രിയിൽ വന്നു ചേരുന്ന രോഗാവസ്‌ഥകളെക്കുറിച്ച്‌ ഒരേകദേശ ധാരണ കിട്ടിക്കാണുമല്ലോ.

ഇവിടുത്തെ ഐ.സി.യുവിനെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നു. പ്രധാന ഐ.സി.യു, ബിലിറുബിന്റെ അളവ് കൂടി മഞ്ഞനിറം ബാധിച്ച കുഞ്ഞുങ്ങൾക്ക് ഫോട്ടോതെറാപ്പി നൽകാനുള്ള ലൈറ്റ് റൂം, രോഗം കണ്ടുപിടിക്കപ്പെട്ട് ഐസൊലേഷൻ ആവശ്യമായി വരുന്ന കുഞ്ഞുങ്ങൾക്കുള്ള ഐസൊലേഷൻ റൂം, പ്രധാന ഐ.സി.യുവിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപോ മറ്റെവിടേയ്ക്കെങ്കിലും മാറ്റുന്നതിനു മുൻപോ കിടത്തുന്ന സ്റ്റെപ് ഡൗൺ ഏരിയ, തൂക്കക്കുറവും മാസം തികയാതെയും ജനിച്ച കുഞ്ഞുങ്ങളെ കിടത്തുന്ന ഗ്രോയിങ്ങ് റൂം എന്നിവയാണവ.

കൂട്ടിരിപ്പുകാർക്കോ എന്തിനേറെപ്പറയുന്നു മെഡിക്കൽ വിദ്യാർഥികൾക്കോ പോലും മേൽപ്പറഞ്ഞ എല്ലായിടങ്ങളിലും പ്രവേശനം അനുവദിക്കുകയില്ല. കൈകൾ അണുവിമുക്തമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളുണ്ട്. മൂന്ന് മെഡിക്കൽ ഓഫീസർമാരും നാല് പോസ്റ്റ് ഗ്രാജ്വേറ്റ് റസിഡന്റ് ഡോക്ടർമാരും യൂണിറ്റ് ചീഫുമാണ് ഐ.സി.യുകൾ മാനേജ് ചെയ്യുന്നത്. എല്ലാ ചികിൽസകളും നാഷണൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ളവയാണ്. വെന്റിലേറ്ററുകളും ബെഡ് സൈഡ് അൾട്രാസൗണ്ട് സംവിധാനങ്ങളുമടക്കം ഈ ഐ.സി.യുകളിൽ ലഭ്യമാണ്.

വെറുതെ നിസാര രോഗത്തിന് പരിശോധിക്കുന്നെന്നും എപ്പോഴും കുത്തുന്നെന്നുമൊക്കെ ആരോപണങ്ങളുണ്ടായിരുന്നു. നവജാത ശിശുക്കളുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്ന് പോകുന്നുണ്ടോ എന്നറിയാനായി ചിലപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോൾ അത് പരിശോധിക്കേണ്ടതായി വരും. അത് ചെയ്യുന്നതും ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ്. എം.ആർ.ഐ പോലെയുള്ള ചിലവേറിയ പരിശോധനകളും വില കൂടിയ മരുന്നുകളും ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പരമാവധി സൗജന്യമായാണ് ലഭ്യമാക്കപ്പെടുന്നത്.

ഐ.സി.യുവിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഷം ഒരു വർഷത്തിനു മേലെ കുഞ്ഞിന്റെ വളർച്ചയും ഡെവലപ്മെന്റൽ സ്റ്റേജുകളും പരിശോധിച്ച് വിലയിരുത്തുകയും ചെയ്യാറുള്ളതാണ്. ഇത് കോട്ടയത്തെ മാത്രം കഥയല്ല. ഇതുപോലെയോ ഇതിലും മികച്ച രീതിയിലോ ആണ് കേരളത്തിലെ മിക്ക മെഡിക്കൽ കോളജുകളും പ്രവർത്തിക്കുന്നത്. 24 മണിക്കൂർ ഡോക്ടറുള്ള നവജാത ശിശു ഐ.സി.യുകൾ ഒരുപക്ഷേ മെഡിക്കൽ കോളജുകളുടെ മാത്രം പ്രത്യേകതയായിരിക്കാം…

ഒരു സമൂഹത്തിന്റെ ആരോഗ്യ സൂചികകളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ശിശു മരണ നിരക്ക്. ശിശുമരണത്തിൽ ഏറെയും നടക്കുന്നത് അഞ്ചുവയസ്സിൽ താഴെ അതിൽ ഏറ്റവും കൂടുതൽ ഒരു വയസ്സിനു താഴെ ഉള്ള കുഞ്ഞുങ്ങളുടെ. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആദ്യത്തെ മാസത്തിൽ അതിന്റെ മുക്കാൽ ഭാഗവും ആദ്യത്തെ ആഴ്ചയിൽ. ഇത്രയും പ്രാധാന്യ ഉള്ളൊരു കാലഘട്ടം തരണം ചെയ്തു മുന്നോട്ടു പോവാൻ ഉണ്ടാക്കുന്ന ഏതു സാഹചര്യവും ഒരു രാജ്യത്തിന്റെ തന്നെ ആരോഗ്യ സൂചികകളിൽ മാതൃകാപരമായ മാറ്റങ്ങൾ ഉണ്ടാക്കും

പരിമിതികളുണ്ട്… ശരിയാണ്. പക്ഷേ കഴിവുകൊണ്ടും അർപ്പണമനോഭാവം കൊണ്ടും അവയെ മറികടക്കാൻ ശ്രമിക്കുന്ന ഒരു സ്ഥാപനത്തെ കരിവാരിപ്പൂശാൻ ശ്രമിക്കുമ്പോൾ അത് കാണാതെ കണ്ണടച്ച് നിൽക്കുന്നതെങ്ങനെ !? ഇത്രകാലവും ഇതൊന്നും പുറം ലോകം അറിയാതിരുന്നതും തെറ്റിദ്ധാരണകളുണ്ടാക്കിയിട്ടുണ്ടാവാം. ഇനി അതുണ്ടാവാതിരിക്കട്ടെ..

(പ്രത്യേക നന്ദി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ഗവണ്മെന്റ് മെഡിക്കൽ കോളജ് കോട്ടയം & ഡോ. ഹരിപ്രിയ ജയകുമാർ)

ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ