ആധുനിക വൈദ്യത്തിലെ നീരാളിക്കൈകൾ
നൂറ്റിപ്പത്തിലധികം ലേഖനങ്ങളിലൂടെ, അതോടനുബന്ധിച്ച ചർച്ചകളിലൂടെ, ചില വീഡിയോകളിലൂടെ, കുറച്ചു സംവാദങ്ങളിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ചില അറിവുകളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുകയായിരുന്നു. ശാസ്ത്ര സത്യങ്ങൾ തെളിവുകളുടെ പിൻബലത്തോടെ പറഞ്ഞു കൊടുക്കുകയായിരുന്നു. ഇതിനിടയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരിൽ മുൻപേ നിൽക്കുന്ന ചിലരുടെ മുഖം മൂടി വലിച്ചെറിയാനും ആയി. അപ്പോഴൊക്കെ ഞങ്ങൾ അഭിമുഖീകരിച്ചോരു ചോദ്യം ഉണ്ടായിരുന്നു “മോഡേൺ മെഡിസിൻ കുറ്റമറ്റതാണോ? മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന വ്യക്തികളുടെ സ്ഥാപനങ്ങളുടെ തെറ്റുകൾക്കും അഴിമതികൾക്കും നേരെ നിങ്ങൾ കണ്ണടക്കുന്നതെന്തേ?” ഇൻഫോക്ലിനിക്കിന്റെ ഉത്തരം അർത്ഥഗർഭമായ മൗനം. ചിലപ്പോ ഒരൊറ്റ വാക്കിൽ ഉപഗുപ്തന്റെ ഉത്തരം “സമയമായില്ല”
പരീക്ഷണങ്ങളിലൂടെ, പഠനങ്ങളിലൂടെ പുതിയ അറിവുകൾ കിട്ടുമ്പോൾ പുതിയ ശരികൾ മനസ്സിലാക്കുമ്പോൾ തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുക എന്ന രീതി ആണ് മോഡേൺ മെഡിസിന്റെത്. അത് അങ്ങനെയാണ് വേണ്ടതും. അങ്ങനെ ആണ് ഇന്നത്തെ നേട്ടങ്ങൾ ഓരോന്നും എത്തിപ്പിടിക്കാൻ ആയത്. ഇവിടെ ഉള്ള എല്ലാ അഴിമതിയും അനാശാസ്യ പ്രവണതകളും തുറന്നു കാട്ടാമെന്നും പരിഹരിക്കാമെന്നും വ്യാമോഹിക്കുന്നില്ല. എങ്കിലും ആ വഴിയിലുള്ള ഒരെളിയ ശ്രമം.
അശാസ്ത്രീയ ചികിൽസകൾ എന്നും എതിർക്കുന്ന ഇൻഫോക്ലിനിക് “ഡോക്ടർ രോഗീ ബന്ധത്തെക്കുറിച്ച്” ഏതാനും ദിവസങ്ങളായി തുടർന്നുവന്നിരുന്ന പരമ്പര ഇവിടെ പൂർണമാവുകയാണ് ഈ പോസ്റ്റോടെ.
ഏതാനും മാസങ്ങൾക്ക് മുൻപ് വാട്ട്സാപ് ഗ്രൂപ്പുകളിൽ വൈറലായ ഒരു കുറിപ്പടിയെക്കുറിച്ച് ഫേസ്ബുക്കിൽ ചർച്ച ചെയ്തിരുന്നു. ഓപ്പറേഷനില്ലാതെ – ആഞ്ജിയോപ്ലാസ്റ്റിയും ബൈപാസുമില്ലാതെ – ഹൃദ്രോഗം സുഖപ്പെടുത്തുമെന്ന പരസ്യ വാചകവുമായി പ്രവർത്തിക്കുന്ന ഡോക്ടറുടെ പ്രിസ്ക്രിപ്ഷനായിരുന്നു അത്. എന്താണ് ഹൃദ്രോഗമെന്നും ബ്ലോക്കെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നുമൊക്കെ പിന്നാലെ. ആദ്യം ആ കുറിപ്പടിയെക്കുറിച്ച്.
*35 ഗുളികകളും 1 ഇഞ്ചക്ഷനും ആണ് കുറിപ്പടിയിൽ കണ്ടത്.
*അറ്റോർവാസ്റ്റാറ്റിൻ – കൊളസ്ട്രോൾ നിയന്ത്രണത്തിനായി നൽകുന്ന മരുന്ന്. 5 വ്യത്യസ്ത ട്രേഡ് നെയിമിലുള്ളത് നൽകിയിരിക്കുന്നു. അതിൽ തന്നെ മറ്റ് മരുന്നുകളുമായി കോമ്പിനേഷനിലുള്ളതും അല്ലാത്തവയുമുണ്ട്. ഒരു ടാബ്ലറ്റിന് 8 തൊട്ട് 20 രൂപ വരെ വ്യത്യസ്ത വിലകളിലുള്ളത്. ഇതുവരെ കൊടുത്ത് കണ്ടിട്ടുള്ള കൂടിയ ഡോസ് 80 മില്ലിഗ്രാമാണ്. 100 മില്ലി കൊടുത്തത് മറക്കാമെന്ന് വച്ചാലും അഞ്ച് വ്യത്യസ്ത കമ്പനികൾ ജസ്റ്റിഫൈ ചെയ്യാൻ പറ്റില്ല.
* മൾട്ടി വൈറ്റമിൻ ടാബ്ലറ്റുകൾ 7 എണ്ണത്തോളം. അത് വൈറ്റമിൻ ബി കോമ്പ്ലക്സ്, വൈറ്റമിൻ സി (കോമ്പിനേഷനിലും അല്ലാതെയും), വൈറ്റമിൻ ഡി-3, വൈറ്റമിൻ ഇ, കൂടാതെ അയൺ – ഫോളിക് ആസിഡ് ടാബ്ലറ്റുകൾ, മൈക്രോന്യൂട്രിയന്റുകൾ തുടങ്ങിയവയാണു ഘടകങ്ങൾ. ഇത്രയധികം ഗുളികകളുടെ ആവശ്യം ജസ്റ്റിഫൈ ചെയ്യാൻ കഴിയുന്നില്ല.
* ഈ മരുന്നുകളിൽ നാലെണ്ണമൊഴിച്ച് (അതിന്റെ വില കണ്ടെത്താൻ പറ്റിയില്ല) മറ്റുള്ളവയ്ക്കെല്ലാം കൂടി 83,705 രൂപ 35 പൈസയാണ് ഒരു വർഷത്തെ ചിലവ്. കുറിപ്പ് ഒരു വർഷത്തേക്കാണ്. അതിന്റെയൊപ്പം മറ്റ് മരുന്നുകളുടെ ചിലവും യാത്ര, ഫോളോ അപ്, പരിശോധനകൾ എന്നിവയും കൂടിയാകുമ്പോൾ ഒരു ലക്ഷത്തിനു മുകളിലേക്ക് കടക്കും.
ചിലവാകുന്ന പണമല്ല വിഷയം. സ്റ്റാറ്റസ്റ്റിക്കലായി ഗുണമുണ്ടെന്ന് തെളിയിക്കപ്പെടാത്ത – എവിഡൻസ് ബേസ്ഡ് അല്ലാത്ത- ഒരു ചികിൽസയ്കാണ് ഈ പണം ചിലവാക്കുന്നതെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ച് മോഡേൺ മെഡിസിൻ പഠിച്ച ഒരാൾ ചെയ്യുമ്പോൾ ഗൗരവമേറും.
എന്തുകൊണ്ടാണ് ഇത്തരം നീരാളികളുടെ അടുക്കൽ പൊതുജനങ്ങൾ എത്തിപ്പെടുന്നത്? ഉത്തരം ലളിതമാണ്. ഭയവും ശരിയായ അറിവിന്റെ അഭാവവും.
ഹൃദയാഘാതവുമായി വരുന്ന ഒരു രോഗിക്ക് ഒട്ടുമിക്കപ്പോഴും രക്തക്കുഴലിലെ തടസം മാറ്റി (അതായത് ആഞ്ജിയോഗ്രാമും പ്ലാസ്റ്റിയും വഴി) രക്തയോട്ടം പുനസ്ഥാപിക്കുന്നതാണ് പണ്ട് നാം ചെയ്തുകൊണ്ടിരുന്ന സാമ്പ്രദായികമായ , മരുന്നുപയോഗിച്ചുള്ള ചികിൽസയെക്കാൾ മികച്ചത്. അതായിരിക്കും ഡോക്ടർ ഒട്ടുമിക്കപ്പോഴും ആദ്യം രോഗിയോട് പറയുന്നത്. അത് സാദ്ധ്യമല്ലെങ്കിലോ താങ്ങാനാവുന്നില്ലെങ്കിലോ ആണ് മറ്റ് രീതികളിലേക്ക് തിരിയുക.
ചില പ്രത്യേക സന്ദർഭങ്ങളിൽ രോഗിക്ക് ബൈപാസ് സർജറിയാകും ഉത്തമം. ആഞ്ജിയോഗ്രാം ചെയ്യുമ്പോൾ ബൈപാസാണ് രോഗിക്ക് ഉത്തമമെന്ന് മനസിലാക്കുമ്പോൾ ഡോക്ടർ ഹൃദയാഘാതമുണ്ടാക്കാൻ പ്രധാന കാരണമായ രക്തക്കുഴലിലെ ബ്ലോക്കിനെ നീക്കുകയും പിന്നീട് ബൈപാസ് ചെയ്യുകയുമാണ് രീതി.
സാധാരണയായി ആഞ്ജിയോപ്ലാസ്റ്റി 1%ൽ താഴെ കോമ്പ്ലിക്കേഷനുകളുള്ള ഒരു സേഫായ പ്രൊസീജ്യറാണ്. ഇനി ഈ രണ്ട് രീതിയിലും ചികിൽസ നടത്താൻ രോഗിക്ക് താല്പര്യമില്ലെങ്കിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിൽസാരീതികളെ ആശ്രയിക്കാവുന്നതാണ്. ഒരിക്കലും മേല്പറഞ്ഞ തരത്തിലുള്ള ചികിൽസകൾ പാടില്ല. മുകളിൽ പറഞ്ഞവ കൂടാതെ ആ കുറിപ്പിൽ മറ്റ് പ്രശ്നങ്ങളുമുണ്ട്.
അതായത് 80 മില്ലിഗ്രാമിൽ കൂടുതൽ സ്റ്റാറ്റിനുകൾ (കൊളസ്ട്രോളിന്റെ മരുന്ന്) നൽകുന്നതിന് ശാസ്ത്രീയ പിന്തുണയില്ല. പെന്റോക്സിഫിലിൻ എന്ന മരുന്നിനും അത് തന്നെയാണ് കഥ. കൂടാതെ ഈ മരുന്ന് ലിസ്റ്റിലെ മറ്റ് മരുന്നുകളോടൊപ്പം ഉപയോഗിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം. EDTA ഉപയോഗിച്ചുള്ള കീലേഷൻ തെറാപ്പി ഹൃദ്രോഗത്തിൽ ഉപയോഗപ്രദമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയല്ലാതെ (aspirin, clopidogrel, statin, betablocker and nitrates) മറ്റ് മരുന്നുകൾ കൊറോണറി ആർട്ടറി ഡിസീസ് ചികിൽസയിൽ ഉപയോഗശൂന്യവുമാണ്.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഡോക്ടർമാർക്ക് നൽകിയിരിക്കുന്ന ചില നിർദ്ദേശങ്ങളിലേക്കൊന്ന് കണ്ണോടിക്കാം. ഭിഷഗ്വരവൃത്തിയുടെ മാന്യതയും അഭിമാനവും ഉയർത്തിപ്പിടിക്കുക എന്നത് ഒരു ഡോക്ടറുടെ കടമയാണ്. മനുഷ്യരെ സേവിക്കുക എന്നതാണ് ഒരു ഭിഷഗ്വരന്റെ പ്രാഥമികമായ കർത്തവ്യം. ധനസമ്പാദനം എന്നത് രണ്ടാമതേ വരാവൂ. നല്ല പെരുമാറ്റത്താലും കൃത്യമായ ചികിത്സയിലൂടെയും രോഗിയുടെ വിശ്വാസമാർജ്ജിക്കാൻ ഡോക്ടർക്കാവണം. ഏറ്റവും പുതിയ അറിവുകൾ കരഗതമാക്കുക എന്നത് വളരെ പ്രധാനമാണ്. ശാസ്ത്രീയമായി ആർജ്ജിച്ച അറിവുകൾ ചികിത്സക്കായി ഉപയോഗിക്കുകയാണ് വേണ്ടത്. അശാസ്ത്രീയമായി പരിശീലിക്കുന്നവരുമായി സഹകരിച്ചു ചികിത്സിക്കാൻ പാടില്ല.
മരുന്ന് നിർമാണ കമ്പിനികളിൽ നിന്നോ അനുബന്ധ ആരോഗ്യ സേവനദാതാക്കളിൽ നിന്നോ അവരുടെ പ്രതിനിധികളിൽ നിന്നോ a) എന്തെകിലും പാരിതോഷികമോ, b) ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന തുടർ വിദ്യാഭ്യാസ പരിപാടികൾക്കും സെമിനാറുകൾക്കും ഉള്ള യാത്രാ ചെലവോ, c) താമസ സൗകര്യങ്ങളോ, d) മറ്റെന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള പണമോ, e) അംഗീകാരമുള്ള സ്ഥാപനങ്ങളുടെ അനുവാദമില്ലാതെ റിസർച്ചിനോ പഠനങ്ങൾക്കോ വേണ്ടി പോലും ധനസഹായം; ഇതൊന്നും സ്വീകരിക്കാൻ പാടില്ല.
01-02-2016-ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദേശങ്ങളിൽ നിബന്ധന 6.8.1-ൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളും വിശദീകരിച്ചിട്ടുണ്ട്.
1000 – 5000 രൂപ മതിക്കുന്ന പാരിതോഷികമോ, പണമോ, യാത്രക്കോ മറ്റോ ഉള്ള സഹായമോ വാങ്ങിയാൽ മെഡിക്കൽ കൗൺസിൽ അവർക്ക് താക്കീത് നൽകണം.
5,000 – 10,000 മതിക്കുന്ന സൗജന്യമാണെങ്കിൽ മൂന്ന് മാസത്തേക്ക് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ നിന്നോ സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിൽ നിന്നോ മാറ്റിനിർത്തണം.
10,000 – 50000 ആണെങ്കിൽ ആറ് മാസത്തേക്ക് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ നിന്നോ സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിൽ നിന്നോ മാറ്റിനിർത്തണം.
50000 – 1 ലക്ഷം ആണെങ്കിൽ ഒരു വർഷത്തേക്ക് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ നിന്നോ സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിൽ നിന്നോ മാറ്റിനിർത്തണം.
മാറ്റിനിർത്തപ്പെടുന്ന കാലയളവിൽ അവർക്ക് ഭിഷഗ്വരവൃത്തി (ഡോക്ടർ എന്ന ജോലി) ചെയ്യാനാവില്ല.
നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി റിസേർച്ചിനായി പണമോ പാരിതോഷികങ്ങളോ വാങ്ങിയാൽ ആദ്യം ശാസനയും അതിനു ശേഷം കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചുള്ള ശിക്ഷയും നൽകണം.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോളും ഇതൊക്കെ തെറ്റിക്കുന്നുവെങ്കിൽ അങ്ങനെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കണം.
ഉന്നത നൈതിക നിലവാരം പുലർത്തേണ്ട ജോലികളിലൊന്നാണ് ഭിഷഗ്വരവൃത്തി. നൈതിക നിലവാരം കുറയുമ്പോൾ ചികിത്സയിലടക്കമുള്ള വിശ്വാസ്യത നഷ്ടമാവുകയും വാക്സിൻ വിരുദ്ധത പോലുള്ള അബദ്ധധാരണകൾക്ക് സമൂഹം തലവെച്ചുകൊടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യാം. അതിനെ ബോധപൂർവ്വം പ്രതിരോധിക്കേണ്ടത് ഡോക്ടർമാർ തന്നെയാണ്. ഉന്നത നൈതിക നിലവാരം പുലർത്തുന്ന വൈദ്യവൃത്തി തന്നെയാണാ പ്രതിരോധം.
ഡോക്ടർമാർ മാത്രമല്ല, ഡോക്ടർമാരുടെ സംഘടനകൾക്കും ധാർമ്മികമായ ഉത്തരവാദിത്തമുണ്ടിതിൽ. സംഘടനകളുടെ ഭാഗത്തിനിന്നും ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്ന പ്രവണതകൾ ഉണ്ടായാൽ, അതും നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങളില്‍ 2016 ഫെബ്രുവരി വരുത്തിയ ഭേദഗതി പ്രകാരം ഈ പെരുമാറ്റ ചട്ടങ്ങളുടെ പരിധിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘടനകളെ ഒഴിവാക്കുകയുണ്ടായി. അതുപാടില്ല എന്ന് മെഡിക്കൽ കൗൺസിൽ സംബന്ധമായ നയങ്ങൾ രൂപീകരിക്കാനാണ് സൃഷ്ടിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇവിടെ നൽകിയിരിക്കുന്ന ഈ മരുന്ന് കുറിപ്പടിയിൽ ഒരേ മരുന്ന് തന്നെ പല കോമ്പിനേഷനിൽ നൽകുന്നു. മരുന്നുകമ്പിനികളുടെ കയ്യിൽ നിന്നും പണം വാങ്ങാനല്ലാതെ മറ്റൊരു കാരണവും അതിന് പിന്നിൽ കാണാനാവുന്നില്ല. അല്ലെങ്കിൽ വളരെ അശാസ്ത്രീയമായ ചികിത്സ. ഇത്തരം നീരാളികളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നത്. ഇതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നത് അശാസ്ത്രീയത തന്നെയാണ്. ആധുനിക വൈദ്യശാസ്ത്ര വിഭാഗത്തിൽ തന്നെ അശാസ്ത്രീയമായ ചികിത്സാ രീതികൾ തുടരുന്നവർ ജനങ്ങളെ കപടവൈദ്യന്മാരുട അടുത്തേക്കാണ് നയിക്കുന്നത്. ഇവിടെ നഷ്ടമാകുന്നത് ജനങ്ങളുടെ ജീവനും ആരോഗ്യവുമാണ്.
ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്നവരുടെ നൈതിക വിരുദ്ധ നടപടികൾ തുറന്നുകാണിക്കേണ്ടതും വിഭാഗത്തിലെ മറ്റുള്ളവരുടെ കടമയാണ്. അതിനാൽ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്നവരുടെ നൈതിക വിരുദ്ധ നടപടികൾ തുറന്നുകാട്ടാൻ ഇന്ഫോക്ലിനിക്കും പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ ശക്തമായ രീതിയിൽ തന്നെ അധാർമ്മിക നടപടികളെ എതിർക്കാൻ ഞങ്ങളുണ്ടാകും.