എലിയെ പേടിച്ച് ഇല്ലം ചുട്ടാൽ: ഓക്സിടോസിൻ നിയന്ത്രണത്തിൻ്റെ അനന്തരഫലങ്ങൾ
❤ഓക്സിറ്റോസിൻ: Love heals❤
?1990കളിൽ ഓരോ വര്ഷവും പ്രതിലക്ഷം അഞ്ഞൂറിലധികം മാതൃ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തുനിന്ന് 2014-15 ആകുമ്പോഴേക്കും മാതൃ മരണങ്ങളുടെ എണ്ണം പ്രതിലക്ഷം 130 എന്ന നിരക്കിലേക്ക് കുറച്ചുകൊണ്ടുവരാൻ നമ്മുടെ രാജ്യത്തിന് സാധിച്ചു.
?ഈ നേട്ടം സാധ്യമാക്കിയത് ശാസ്ത്രീയമായ ചികിത്സാരീതിയിലൂടെയാണ്, ഇതില് ചില അവശ്യമരുന്നുകളുടെ ഉപയോഗം പ്രധാന പങ്കു വഹിച്ചുട്ടുണ്ട്. അത്തരത്തിൽ ഒരു മരുന്നാണ് ഓക്സിടോസിൻ.
⚠എന്നാൽ ഇക്കഴിഞ്ഞ ജൂലൈ ഒന്നാം തീയതിമുതൽ ഈ മരുന്നിന്റെ ഉല്പ്പാദനത്തിലും വിതരണത്തിലും വില്പ്പനയിലും കര്ശന നിയന്ത്രണം ഏര്പ്പെടുത്താന് തീരുമാനിച്ചിരിക്കുകയായിരുന്നു സര്ക്കാര്.⚠
☀പ്രൈവറ്റ് കമ്പനികള് മരുന്ന് നിര്മ്മിക്കുന്നതും, ഇറക്കുമതി ചെയ്യുന്നതും പൂര്ണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷന്ഇറക്കിയിരിക്കുകയാണ്. ഈ ഉത്തരവ് നിലവില് വരുമ്പോള് മുതല് രാജ്യത്ത് ഒരേ ഒരു സ്ഥാപനത്തിന് മാത്രമേ
ഒക്സിറ്റോസിൻ നിർമിക്കാനും വിതരണം ചെയ്യാനും കഴിയൂ, അതും പലവിധ നിയന്ത്രണങ്ങളോടെ!
കർണാടക ആൻറിബയോട്ടിക് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (KAPL) എന്ന ഈ പൊതുമേഖലാ സ്ഥാപനമാവട്ടെ പ്രസ്തുത മരുന്ന് ആദ്യമായാണ് ഉല്പ്പാദിപ്പിക്കുന്നത് !
☀ഒരു പുതിയ ഉത്തരവു പ്രകാരം ഇതു നടപ്പാക്കുന്നത് വരുന്ന സെപ്റ്റംബർ മാസം വരെ നീട്ടി വെച്ചിട്ടുണ്ടെങ്കിലും, മെഡിക്കല് സമൂഹത്തില് നിന്നും ആശങ്കകള് ഉയര്ന്നത് പരിഗണിച്ച് ഈ തീരുമാനം പുന:പരിശോധിക്കുന്നതിനോ പിൻവലിക്കുന്നതിനോ സർക്കാർ തയ്യാറായിട്ടില്ല.
- ഇതിനു പ്രേരകമായ കാര്യങ്ങളായി സര്ക്കാര് വക്താക്കള് ചൂണ്ടി കാണിക്കുന്നത്.
➊ പശുക്കൾ പാൽ ചുരത്തുന്നത് വർദ്ധിപ്പിക്കാൻ ക്ഷീരകർഷകർ ഈ മരുന്ന് ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തല്.
➋ 2016 ല് ഹിമാചൽപ്രദേശ് ഹൈക്കോടതിയില് വന്ന ഒരു കേസിന്റെ വിധിയിലെ പന്ത്രണ്ടു നിര്ദ്ദേശങ്ങളിലൊന്ന് കന്നുകാലികളുടെ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഈ മരുന്നിന്റെ സ്വതന്ത്ര വിപണനം നിയന്ത്രിക്കുന്നതിനെക്കുറിച്ചായിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സ്വയം കൈകൊണ്ട് ഒരു നടപടിയായിരുന്നു ഇപ്പോഴത്തേത്.
⚠എന്നാൽ മനുഷ്യരില് പ്രയോഗിക്കാന് ആവശ്യത്തിനു ലഭിക്കാതെ വന്നാല്ഇന്ത്യയിലെ മാതൃമരണങ്ങളുടെ നിരക്ക് പലമടങ്ങ് വർധിപ്പിക്കാൻ കാരണമാകുന്ന ഒരു തീരുമാനമാകുമിതെന്ന ആശങ്ക മെഡിക്കൽ സമൂഹം പങ്കുവയ്ക്കുന്നു.
❝എന്താണ് ഓക്സിടോസിൻ?❞
?നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്ന ഒരു ഹോർമോണാണ് ഓക്സിടോസിൻ. തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തു നിന്നും നിർമ്മിക്കപ്പെട്ട് പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നു സ്രവിക്കപ്പെടുന്ന ഹോർമോണാണ് ഇത്. സാമൂഹ്യബന്ധങ്ങൾ, ലൈംഗികത, പ്രസവം, മുലയൂട്ടൽ എന്നിവയിലൊക്കെ വലിയ പങ്കുവഹിക്കുന്നു എന്നതിനാൽ, മനുഷ്യൻറെ സാമൂഹ്യഘടനയുടെ തന്നെ പ്രധാനപങ്ക് ഓക്സിടോസിന് കൂടി അവകാശപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ സ്നേഹത്തിന്റെ ഹോർമോൺ എന്നും ഇത് അറിയപ്പെടുന്നു.
?പ്രസവശേഷം ഗർഭപാത്രം സ്വാഭാവികമായും സങ്കോചിക്കുന്നതിലും, സ്തനത്തിൽ നിന്ന് പാൽ പുറത്തേക്ക് ചുരത്തപെടുന്നതിലും, അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തിപ്പെടുന്നതിലും ഓക്സിടോസിൻ വലിയ പങ്കുവഹിക്കുന്നു.
?ഗര്ഭപാത്രത്തിന്റെ സങ്കോചങ്ങള് നിയന്ത്രിക്കുക വഴി സുഖ പ്രസവത്തെ സഹായിക്കുന്നതിനും, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്നതിനും, പ്രസവശേഷം ഗർഭാശയത്തിന്റെ ചുരുങ്ങൽ ശക്തിപ്പെടുത്തുന്നതിനുമാണ് പ്രധാനമായും നാം ചികിത്സയിൽ ഈ മരുന്നിനെ ഉപയോഗപ്പെടുത്തുന്നത്.
?കൃത്രിമമായി നിർമ്മിച്ച ഓക്സിടോസിൻ പ്രസവത്തിനു ശേഷം നേരിട്ട് സിരകളിലേക്കു കുത്തിവെപ്പായി നൽകുന്നു. ഇത് ഉടൻ തന്നെ ഗർഭപാത്രത്തെ സങ്കോചിപ്പിക്കുകയും മറുപിള്ള വിട്ടുപോകുന്ന ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം പൊടുന്നനെ കുറയ്ക്കുകയും ചെയ്യും. പ്രസവശേഷമുള്ള രക്തസ്രാവമാണ് അമ്മമാരുടെ മരണത്തിൽ മൂന്നിലൊന്നിനും കാരണം എന്നതിനാൽ ഈ മരുന്നിന്റെ ഉപയോഗം മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന് ഏറ്റവും പ്രധാനമായ ഒരു നീക്കമാണ് എന്നു പറയാം .
?അതുകൊണ്ടുതന്നെ ആധുനിക സൂതികാകർമ്മത്തിൽ ഒഴിച്ചുകൂടാനാകാത്ത പങ്കാണ് ഓക്സിടോസിന് ഉള്ളത്.
?പ്രസവശേഷവും ശരീരത്തിൽ പല ധർമ്മങ്ങളും ഓക്സിടോസിന് വഹിക്കാനുണ്ട്. കുഞ്ഞ് സ്തനത്തിൽ നിന്ന് പാൽ കുടിക്കുമ്പോൾ ഓക്സിടോസിൻ കൂടുതലായി സ്രവിക്കപ്പെടുകയും സ്തനത്തിലെ പാൽ ഗ്രന്ഥികളെ പൊതിയുന്ന പേശീകോശങ്ങൾ സങ്കോചിക്കുകയും ചെയ്യുന്നു. സ്തനത്തിൽ നിന്ന് കൂടുതൽ പാൽ പുറത്തുവരാൻ ഇതു കാരണമാകുന്നു.
?മനുഷ്യരിലും മറ്റു സസ്തനികളിലും കണ്ടുവരുന്ന ഓക്സിറ്റോസിൻ തന്മാത്രയുടെ ഘടനയിൽ വലിയ വ്യത്യാസമില്ല. അതുകൊണ്ടുതന്നെ മനുഷ്യരിൽ ഉപയോഗിക്കുന്ന ഓക്സിടോസിൻ പശുക്കളിൽ ഉപയോഗിക്കാനും അതുവഴി അവ പാൽ ചുരത്തുന്നത് വർദ്ധിപ്പിക്കാനും ക്ഷീരകർഷകർക്ക് കഴിയുന്നു എന്നതു കൊണ്ടാണ് ഈ മരുന്ന് പശുക്കളിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്.
❝എന്നാൽ ഇതു തടയാൻ കേന്ദ്രസർക്കാർ ഈ മരുന്നിൻറെ വിപണനവും നിർമാണവും ഇറക്കുമതിയും പൊടുന്നനെ നിരോധിച്ചാല് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണു അനുമാനിക്കപ്പെടുന്നത്.
എന്തൊക്കെയാണ് അവ?❞
❗രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും വരെ ലഭ്യമായിരുന്ന, ആര്ക്കും കുറിപ്പടിയുമായി പോയി അവശ്യ സമയത്ത് വാങ്ങി ഉപയോഗിക്കാവുന്ന മരുന്നായിരുന്നു ഇത് ഗ്രാമങ്ങളിലൊക്കെ പ്രസവം നടക്കുന്ന ചെറിയ ക്ലിനിക്കുകള്ക്കും മറ്റും ഇത് ഉപകാരപ്രദമായിരുന്നു.
❗എന്നാല് ഇനി മുതല് ഇന്ത്യയില് ഈ മരുന്ന് ഉല്പ്പാദിപ്പിക്കുന്ന ഏക കമ്പനിയില് നിന്നും മുന്പേറായി വരുത്തി സ്റ്റോക്ക് ചെയ്തു മാത്രമേ ഇത് ഉപയോഗിക്കാന് കഴിയുകയുള്ളൂ.
❗ഓക്സിടോസിന് പകരം വെയ്ക്കാന് പറ്റിയ മരുന്നുകൾ വേറെ ഇല്ല എന്നതും പ്രശ്നത്തിന് രൂക്ഷത വർദ്ധിപ്പിക്കും.
❗വിപണിയിൽ നിലവിലുണ്ടായിരുന്ന അൻപതോളം ബ്രാൻഡുകള് ഇതോടെ ഇല്ലാതാവും.
വലിയൊരു വിരോധാഭാസം എന്തെന്നാല് മുന്പ് ലഭ്യമായിക്കൊണ്ടിരുന്നതില്അഞ്ചു രൂപയിൽ താഴെ വരെ വിലയ്ക്ക് ലഭ്യമായിക്കൊണ്ടിരുന്ന മരുന്ന് ഇനിയുള്ള ഏക കമ്പനി 17 രൂപയ്ക്ക് മുകളിൽ ആണ് വില്ക്കുന്നത്. മുന്പത്തേക്കാള് കൂടിയ വിലയില് മരുന്ന് വാങ്ങാന് ഏവരും നിര്ബന്ധിതരാവും!!
❗ആശുപത്രികളും ക്ലിനിക്കുകളും കെ എ പി എല്ലിൽ നിന്ന് നേരിട്ട് മരുന്നുകൾ വരുത്തേണ്ട സാഹചര്യമാണ് ഇനി മുതല്, മരുന്നുകളുടെ ലഭ്യതയും ആശ്രയിക്കാൻ പറ്റാത്തതായേക്കാം.
നികുതിയടക്കം 18 രൂപയ്ക്ക് അല്പം താഴെയാണ് KAPL മരുന്നിന് വിലയായി ഈടാക്കുന്നത്. കൂടാതെ ഓർഡർ ചെയ്യുമ്പോൾ മിനിമം 1000 ആമ്പ്യൂളുകൾ എങ്കിലും ഓർഡർ ചെയ്യണം എന്ന നിബന്ധനയുമുണ്ട്. ചെറിയ നേഴ്സിംഗ് ഹോമുകൾക്കും മറ്റും വലിയ ആഘാതമാണ് ഇത് ഏൽപ്പിക്കുക. കേരളത്തെ ബാധിക്കുന്നതിലും ഏറെ രൂക്ഷമായി ഗ്രാമീണ ഇന്ത്യയെ ഈ കൃത്രിമ മരുന്നുക്ഷാമം ബാധിക്കും.
❗രാജ്യത്തെ ആകമാനം ഓക്സിടോസിൻ ആവശ്യകത മുന്കൂട്ടി കണക്കാക്കാനോ, ആ അളവില് നിര്മ്മിക്കാനോ, ഇത്ര വലിയ ഒരു രാജ്യത്തെല്ലായിടത്തും സമയോചിതമായി എത്തിക്കാനോ ഉള്ള ശേഷി ഈ നിർമ്മാണശാലയ്ക്ക് ഇന്നുണ്ടോ എന്ന കാര്യവും സംശയത്തിലാണ്.
❗രണ്ടര ദശലക്ഷം ആംപ്യൂൾ ഓക്സിടോസിൻ ആണ് ഓരോ മാസവും നമ്മുടെ രാജ്യത്തിന് വേണ്ടതെന്നു ഏകദേശ കണക്കുകള് പറയുന്നു. ജൂലൈ രണ്ടാം തീയതി മാത്രം നിർമ്മാണമാരംഭിച്ച ഈ സംരംഭത്തിന് ഇതിനു ശേഷിയുണ്ടോ എന്നു വിദഗ്ദർക്കു സംശയമുണ്ട്.
❗ഇതിനു സാധിച്ചില്ലെങ്കിൽ ഒരു ചികിത്സാദുരന്തമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. മരുന്ന് സുലഭമായി ലഭ്യമാകുന്ന നിലവിലെ സാഹചര്യത്തില്പോലും 32,000 ത്തോളം മാതൃമരണങ്ങള് പ്രതിവര്ഷം നടക്കുന്ന നാടാണ് നമ്മുടേത് എന്നത് കൂടി ഓര്ക്കണം. മരുന്ന് ദൗര്ലഭ്യം ഉണ്ടായാല്ഒഴിവാക്കാമായിരുന്ന അനേകം മാതൃമരണങ്ങള്/മറ്റു ഗുരുതരാവസ്ഥകള്ഒക്കെത്തന്നെ ഉണ്ടായേക്കാം.
❗ഇത്ര പ്രാധാന്യം ഉള്ള ഒരു മരുന്നിനു രാജ്യത്ത് ഏക ഉല്പ്പാദന കേന്ദ്രം മാത്രം ആവുന്നത് ഭാവിയില് മറ്റു പ്രതിസന്ധികളും ഉണ്ടാക്കാം. മുന്കൂട്ടി കാണാന്കഴിയാത്ത ഘടകങ്ങള് നിര്മ്മാണത്തെയും വിതരണത്തെയും ബാധിക്കാം. ഉദാ: പ്രകൃതിക്ഷോഭം, ഉല്പ്പാദന കേന്ദ്രത്തില് ഉണ്ടാവുന്ന സാങ്കേതിക/യന്ത്ര തകരാറുകള്, പ്രാദേശിക പ്രശ്നങ്ങള്, പൊതുമേഖലാ സ്ഥാപനത്തില് ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങള് മുതലായവ ഏതു നിമിഷവും പ്രതിസന്ധികള് സൃഷ്ടിക്കാം.
❝നിലവിൽ പശുവിന്റെ കാര്യം അൽപ്പം മാറ്റിവച്ച് മനുഷ്യർക്ക് മുന്ഗണന കൊടുത്തുകൊണ്ട് അവശ്യമായ ഒരു ജീവൻരക്ഷാമരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം.❞
?വാര്ത്താമാധ്യമങ്ങള് പരാമര്ശിക്കുന്നത് പ്രകാരം ഇത് പ്രധാനമന്തിയുടെ ഓഫീസിൽ നിന്നു നേരിട്ടു വന്ന ഉത്തരവായതിനാല് ഇതു ഭേദഗതി വരുത്തുന്നതിനുള്ള ശ്രമങ്ങളും ഉയർന്ന തലത്തിൽ നടക്കേണ്ടതുണ്ട്. ഉത്തരവു നടപ്പാക്കാൻ തീരുമാനിച്ച സെപ്റ്റംബർ മാസത്തിനകം സർക്കാർ ഈ നടപടി തിരുത്താൻ തയ്യാറാകും എന്നു പ്രതീക്ഷിക്കാം.
?മൃഗങ്ങളില് മരുന്നുകളുടെ ദുരുപയോഗം നടക്കുന്നുണ്ട് എങ്കില് അത് കണ്ടെത്തി തടയാനുള്ള സംവിധാനങ്ങള് കാര്യക്ഷമമാക്കുക ആണ് കരണീയം, മനുഷ്യരില്പ്രയോഗിക്കാന് മരുന്ന് കിട്ടാതെ വരുന്ന രീതിയില് ഉള്ള നിരോധനമോ നിയന്ത്രണമോ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള് ഉണ്ടാക്കാം എന്നതിനാല് ഈ നീക്കത്തില് ആശങ്കപ്പെടെണ്ടിയിരിക്കുന്നു.
എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന്റെ പ്രത്യാഘാതങ്ങള് അറിയാവുന്ന ജനതയാണല്ലോ നാം❓❗