· 5 മിനിറ്റ് വായന

പാലിയേറ്റീവ് കെയർ: സഫലമാകുന്ന യാത്രകൾ

Palliative Medicineഅംഗപരിമിതർ

ഇന്നലെ മഞ്ചേരിയിലൂടെ കാറോടിക്കുമ്പോൾ കുറെ ഓട്ടോറിക്ഷകളിൽ ഇന്നത്തെ കളക്ഷൻ ആനക്കയം pain ആൻഡ് palliative അസോസിയേഷൻ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. Palliative കെയർ ദിനം ആണ് എന്നത് ഓർമ്മ വന്നു. വാക്സിനേഷൻ പോലുള്ള വിഷയങ്ങളിൽ പഴി കേട്ടിട്ടുള്ള മലപ്പുറം ജില്ല പാലിയേറ്റീവ് ചികിത്സയെ സാമൂഹികമായി ഏറ്റെടുത്ത് ജനകീയ പ്രസ്ഥാനമാക്കുന്നതിൽ മാതൃകാപരമായ നേട്ടങ്ങൾ നേടിയെടുത്തു എന്നത് അഭിമാനകരമായ വസ്തുതയാണ്. പാലിയേറ്റീവ് കെയറിനെക്കുറിച്ച് ഒരു ഓർമപ്പെടുത്തലാണ് ഈ ലേഖനം.

എന്താണ് PALLIATIVE കെയർ?

ദീർഘകാലം നീണ്ടു നിൽക്കുന്ന, ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഏതൊരു രോഗിക്കും നൽകുന്ന സമ്പൂർണവും ക്രിയാത്മകവും ആയ പരിചരണം ആണ് Palliative Care. ലളിതമായി പറഞ്ഞാൽ ഇത്തരക്കാർക്ക്, വേദന നിവാരണം ഉൾപ്പെടെ രോഗപീഡകളിൽ നിന്ന് മോചനം നൽകി ജീവിതം പരമാവധി ക്ലേശരഹിതമാക്കുവാനും യാതനരഹിതം ആക്കുവാനും യത്നിക്കലാണ് പാലിയേറ്റീവ് പരിചരണം. ശാസ്ത്രം എന്നതിനും മുകളിൽ സ്നേഹവും ആർദ്രതയും സഹാനുഭീതിയും നിറഞ്ഞ ഒരു പ്രസ്ഥാനം ആണ് palliative care എന്ന് പറയാം.

അൽപ്പം ചരിത്രം

മരണാസന്നരായ രോഗികൾക്ക് ശാരീരകവും മാനസികവും വൈകാരികവും ആയ സൗഖ്യം ലക്ഷ്യമിട്ടു തുടങ്ങിയ hospice കളാണ് ഇന്നത്തെ palliative care പ്രസ്ഥാനത്തിന്റെ മുന്നോടി. St Christophers hospice എന്ന ലോകത്തിലെ ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ 1967ഇൽ സ്ഥാപിച്ചത് ഡെയിം സിസിലി സോണ്ടേഴ്സ് എന്ന ഡോക്ടർ ആയിരുന്നു. മരണത്തോടും മരണാസന്നരോടും സമൂഹത്തിനുള്ള മനോഭാവം ആ സമൂഹത്തെ കുറിച്ച് ഒരു പാട് നമുക്ക് പറഞ്ഞു തരും എന്ന് അവർ ഓർമിപ്പിച്ചു. നല്ല മരണം എന്ന ആശയം വളരെ പഴയതെങ്കിലും ഒരു ശാസ്ത്രമെന്ന നിലയ്ക്ക് അതോടെ പ്രചാരം നേടി തുടങ്ങി.

 

ഈ പശ്ചാത്തലം കൊണ്ടാകണം പാലിയേറ്റീവ് ചികിത്സ നിർദേശിക്കപ്പെടുന്ന എല്ലാവരും മരണം വിധിക്കപ്പെട്ടവരാണ് എന്ന ഒരു തെറ്റിധാരണയും വ്യാപകമായി. Palliative care ഇന്ന് മരണാസന്നർക്കു ശിഷ്ട ജീവിതം ക്ലേശ രഹിതമാക്കാൻ മാത്രമല്ല നൽകുന്നത്, അനിയന്ത്രിതമായ രോഗപീഡകളിൽ, രോഗത്തിന്റെ ഏതു ദശയിലും ഉപയോഗിക്കുന്നുണ്ട്.

സാന്ത്വനപരിചരണവും കേരളവും

ഭാരതത്തിൽ ഈ പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി നിർത്തിയാൽ PALLIATIVE CARE വളർന്നത് കേരളത്തിൽ ആണ് എന്ന് നിസ്സംശയം പറയാം.

ചിലവ് കുറഞ്ഞതും, സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ neighbourhood network for palliative care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ palliative കെയർ മുന്നേറിയത്. പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ ഒരു സംഘം ആണതിന്റെ ശക്തി. ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവർത്തകരും ഉണ്ടാവുന്ന ഈ മോഡൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പാത്രമായ ഒന്നാണ്. Pain and palliative care society, Pallium india പോലുള്ള ട്രസ്റ്റുകൾ ഇവയുടെയൊക്കെ സജീവമായ ഇടപെടലും എടുത്തു പറയേണ്ടതാണ്.

ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഹോം കെയർ (വീട്ടിൽ നടത്തുന്ന അടിസ്ഥാന പരിചരണം )മുതൽ മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവർത്തന രൂപ രേഖയാണ് ഇതിനുള്ളത്. ആരോഗ്യമേഖലയിൽ താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി, വയനാട്, മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്.

എന്താണ് PALLIATIVE CARE ൽ നടക്കുന്നത് ?

അതികഠിനമായ രോഗപീഢയാൽ ബുദ്ധിമുട്ടുന്ന രോഗിയോടും കുടുംബത്തോടും സംസാരിച്ചു യാതനകളുടെ തീവ്രത മനസ്സിലാക്കുകയാണ് ആദ്യ പടി. ഇതിൽ സോഷ്യൽ വർക്കർ, സന്നദ്ധ പ്രവർത്തകർ എന്നിവരും വലിയ പങ്കു വഹിക്കുന്നു.

പഴകിയതും പടർന്നതുമായ കാൻസർ, ഭേദമാകാത്ത പക്ഷാഘാതം, ഗുരുതരമായ ഹൃദയ /വൃക്ക/ ശ്വാസകോശ രോഗങ്ങൾ, സാധാരണ ജീവിതത്തിലേക്കു മടങ്ങിവരവ് ദുഷ്കരമായ രീതിയിൽ തലച്ചോറിനും സ്പൈനൽ കോർഡിനും ക്ഷതമേൽകുന്ന പരിക്കുകൾ, ഗുരുതരമായി ആരോഗ്യം വഷളായ എയിഡ്സ് രോഗികൾ, തളർച്ചാ രോഗങ്ങൾ പിടിപെട്ടവർ തുടങ്ങിയവരാണ് മിക്കപ്പോഴും ഇത് വേണ്ടി വരുന്നവർ.

പെയിൻ ക്ലിനിക്കുകൾ ഓരോ രോഗിയുടെയും രോഗാവസ്ഥയും വേദനയുടെ കാഠിന്യവും കണക്കിലെടുത്തു കൊണ്ട് ആവശ്യമായ വേദന നിവാരണ ചികിത്സ നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഏതൊക്കെ ഘട്ടത്തിൽ ഏതൊക്കെ മരുന്നുകളാണ് നൽകേണ്ടത് എന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും വേദനയുടെ കാഠിന്യം അനുസരിച്ച് മോർഫിൻ ഉൾപ്പെടെയുള്ള വേദനസംഹാരികൾ കൃത്യമായ അളവിൽ വിദഗ്ധ നിരീക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്നു . പാർശ്വഫലങ്ങൾ ഉളവാക്കാവുന്ന ഇത്തരം ഉപാധികൾ സൂക്ഷ്മനിരീക്ഷണത്തിൻ കീഴിലാണ് നൽകുന്നത് . കാൻസർ തീവ്രവേദന ഉണ്ടാക്കുന്ന ചില സന്ദർഭങ്ങളിൽ , വേദന സംവേദനം ചെയ്യുന്ന നാഡികളെ മരുന്നുകൾ കുത്തിവച്ചു മരവിപ്പിക്കുക വഴി വേദന നിവാരണത്തിന് ശ്രമിക്കാറുണ്ട്. നാഡികളുടെ കൂട്ടങ്ങളെ മരവിപ്പിക്കുന്ന “പ്ലെക്സസ് ബ്ലോക്കുകൾ” എന്ന ഉപാധി പലപ്പോഴും മോശം സ്റ്റേജിലായ കാൻസർ രോഗികളുടെ അവശേഷിക്കുന്ന ദിനങ്ങൾ വേദന രഹിതമാക്കുന്നതിന് ഈയടുത്ത കാലത്തായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് പാൻക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസറിൽ ഒക്കെ തീവ്രവേദന അനുഭവിക്കുന്ന രോഗിക്ക് ആശ്വാസം നൽകുന്നതിന് “സീലിയാക് പ്ലെക്സസ് ബ്ലോക്ക് ” ഉപയോഗിക്കുന്നു. സർജിക്കൽ ആയ രീതികളും വേദന നിവാരണത്തിനായി കൂടുതൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

സർജിക്കൽ ആയ രീതികളും ഇതിനു ഇന്ന് കൂടുതൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

വേദനാസംഹാരത്തിൽ മാത്രമൊതുങ്ങന്നതല്ല മിക്കപ്പോഴും ഇവരുടെ യാതനകൾ.

ശ്വാസം മുട്ട്, ഛർദി, തുടർച്ചയായി കിടക്കുന്നവർക്കുണ്ടാകുന്ന വ്രണങ്ങൾ, മലബന്ധം, മൂത്രതടസ്സമെന്നിങ്ങനെ പലതരം യാതനകൾ … യാതനകൾ ദുസ്സഹമാകുന്നത് പരിചരിക്കാൻ ആളില്ലാതെ വരുമ്പോഴാണ് എന്നാണ് ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ സ്ഥാപിച്ച ഡെം സിസിലി സോണ്ടേഴ്സ് പറഞ്ഞിട്ടുള്ളത്. ഇത്തരം വ്യഥകളെല്ലാം സുഖപ്പെടുത്താനുള്ള ശ്രമങ്ങളിലും ജോലി അവസാനിക്കുന്നില്ല.

ശാരീരികമായ വ്യഥകൾ പോലെ മുറിവുണ്ടാക്കുന്നതാണ് മാനസികവും സാമൂഹികവും സാമ്പത്തികവും ആയ വ്യസനങ്ങളും വ്യഥകളും ഭയങ്ങളും ഒറ്റപ്പെടലുകളും. ഇവയിലെല്ലാം ക്രിയാത്മകമായി ഇടപെടുന്നതിന് വൈദ്യസഹായത്തേക്കാൾ പ്രധാനം അയൽക്കണ്ണികളാണ്. അവർ കൂടി ഉൾപ്പെടുന്ന രീതിയിലുള്ള ഘടനയാണ് കേരളത്തിന്റെ പാലിയേറ്റീവ് സംസ്കാരം.

ജീവിതാന്ത്യത്തെ അനിവാര്യമായ യാഥാർഥ്യമായി നേർക്കുനേർ കണ്ടുകൊണ്ടിരിക്കുന്ന രോഗികൾക്ക് പലവർക്കും ആശുപത്രി പരിസരങ്ങളിൽ നിന്നും തീവ്ര പരിചരണ മുറിയുടെ അപരിചിതത്വത്തിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും വീട്ടിലെ അന്തരീക്ഷത്തിൽ ഉറ്റവരോടും ഉടയവരോടും ഒപ്പം അന്ത്യനാളുകൾ ചിലവഴിക്കാനാവും ആഗ്രഹം. ചിലപ്പോഴെങ്കിലും മരണാസന്നരായ രോഗികളെ ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലും അവരുടെ അഭിലാഷങ്ങൾക്ക് വിലകൽപ്പിക്കാത്ത ചികിത്സാ കാർക്കശ്യം (Therapeutic Obstinacy) നടപ്പിലാവുന്നുണ്ട്. ജീവിതാന്ത്യപരിചരണം, അതിഗുരുതര രോഗ ബാധിതരായ മരണാസന്നർ എന്നിവർക്ക് പലപ്പോഴും വേണ്ടത് വീട്ടിലെ അന്തരീക്ഷത്തിൽ യാതന കുറയ്ക്കുന്ന പരിചരണമാണെന്ന ആശയം നാട്ടിലും ശക്തി പ്രാപിക്കുന്നുണ്ട്.

വഴിവിളക്കുകളും വൈതരണികളും

ലോകമെമ്പാടും ആവശ്യക്കാരിൽ 14 ശതമാനത്തിനു മാത്രമേ palliative care ലഭ്യമാകുന്നുള്ളൂ എന്ന് ലോകാരോഗ്യസംഘടന കണക്കുകൾ ചൂണ്ടികാണിക്കുന്നു. വേദനയിൽ നിന്നും പീഡകളിൽ നിന്നും മോചനം നേടുക എന്ന രോഗിയുടെ ആവശ്യത്തിന് വൈദ്യലോകം അടങ്ങിയ സമൂഹം വേണ്ടത്ര മുൻഗണന നൽകിയിട്ടുണ്ടോ എന്നത് സംശയകരം ആണ്. വ്യക്തമായ ദേശീയ സാന്ത്വന പദ്ധതിയോ നയമോ പോലും മിക്ക രാജ്യങ്ങളിലും ഇക്കാര്യത്തിൽ നിലവിൽ ഇല്ല

ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.

ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റിൽ ഒട്ടും അഭിമാനകരമായ അവസ്ഥയിൽ അല്ല ഭാരതം. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും, ഉയർന്ന ജനസാന്ദ്രത, ഭൂപ്രകൃതി ഉണർത്തുന്ന വെല്ലുവിളികൾ, നാർക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ ലഭ്യതക്ക് നിയമപരമായ തടസ്സങ്ങൾ, ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങൾ ഇതിൽ ഉണ്ട്.

National Program for Palliative Care എന്ന ദേശീയ ആരോഗ്യ പദ്ധതി ഈ ദിശയിൽ വൈകിയ വേളയിലെങ്കിലും നമ്മുടെ രാജ്യം രൂപം നൽകിയിട്ടുണ്ടെങ്കിലും ഇനിയും വളരെയേറെ ചെയ്യാനിരിക്കുന്നു. നിയമ ഭേദഗതിയിലൂടെ മരുന്നുകളുടെ ലഭ്യത പോലുള്ള അവസ്ഥകൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴിച്ച് സ്ഥിതി ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസത്തിൽ PALLIATIVE CARE പാഠങ്ങൾ ഉൾപെടുത്തുക എന്നതും ഒരു ചികിത്സാ രീതി എന്ന നിലയിൽ സാന്ത്വന പരിചരണം ശാസ്ത്രീയമായി വളർച്ച നേടാൻ ആവശ്യമാണ്. കേരളത്തിലെ ആരോഗ്യ സർവകലാശാല ഈ ദിശയിൽ തീരുമാനമെടുത്തിട്ടുണ്ട്. PALLIATIVE CARE ൽ MD യും CANCERPAIN മാനേജ്മന്റ് ൽ DM കോഴ്സുകളും ചില മുൻനിര സ്ഥാപനങ്ങളെങ്കിലും ആരംഭിച്ചിട്ടുണ്ട് എന്നത് ശുഭ പ്രതീക്ഷയേകുന്നു.

സഫലമീ യാത്ര

“ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം…

വ്രണിതമാം കണ് ഠത്തില് ഇന്നു നോവിത്തിരി കുറവുണ്ട്

വളരെ നാള് കൂടി ഞാൻ നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിലലലിയും ഇരുൾ നീലിമയിൽ എന്നോ പഴകിയൊരോർമ്മകൾ മാതിരി നിന്നു വിറക്കുമീ

ഏകാന്ത താരകളെ ഇന്നൊട്ട് കാണട്ടെ…”

അർബുദ പീഡയാൽ നീറുന്ന കണ്ഠത്തിലെ നോവ് കുറഞ്ഞപ്പോൾ വളരെ നാൾ കൂടി, നേരിയ നിലാവും ഇരുൾ നീലിമയും വിറയ്കുന്ന താരകളും പകരുന്ന കാഴ്ച സഹർഷം നുകരുന്ന ചിത്രത്തോടെയൊണ് പേര് അന്വർത്ഥമാക്കുന്ന സഫലമീ യാത്ര എന്ന കവിത ആരംഭിക്കുന്നത്.

ജീവിതത്തിന്റെ വലുപ്പത്തെ ഇടുക്കുന്ന എല്ലാ വ്യഥകളിൽ നിന്നും വ്യസനങ്ങളിൽ നിന്നും ഗുരുതരമായ രോഗങ്ങളുള്ളവരെ നമുക്ക് പരിചരിക്കാം.

അവരുടെ യാത്ര സഫലം മാത്രം അല്ല സുഖകരവും ആയി തീരട്ടെ.

ലേഖകർ
Dr Pallavi Gopinathan. MBBS MD DNB Anaesthesiology. Graduated from government medical college Kottayam. Did post graduation in Anaesthesiology from government medical college Thrissur. Presently working as junior consultant anaesthesiologist in Kerala health services. Areas of interest are promotion of scientific temper, public health and strengthening of health services in public sector.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ