· 8 മിനിറ്റ് വായന

“ജൈവ വിഷങ്ങൾ” 100% പ്രകൃതിദത്തം

Life StyleToxicologyആരോഗ്യ അവബോധം

“ഓര്‍ഗാനിക്‌” / “ജൈവ” പോലുള്ള ടാഗിനു പ്രത്യേക മാര്‍ക്കറ്റ്‌ നിലവിലുണ്ട് 100% ഓര്‍ഗാനിക്‌ എന്നൊക്കെയുള്ള അമിത വിശേഷണവും കാണാം, ഒരു വസ്തു പ്രകൃതിജന്യം ആയത് കൊണ്ട് മാത്രം മനുഷ്യന് ഗുണകരം ആവുമോ ?

പ്രകൃതി ജന്യമായത്, പ്രത്യേകിച്ച് സസ്യജന്യമായത് എല്ലാം ആരോഗ്യ സംവര്‍ദ്ധകം എന്നൊരുസാമന്യവല്‍ക്കരണം നിലവിലുണ്ട്, എന്നാല്‍ പ്രകൃതിയില്‍ “100% ഓര്‍ഗാനിക്‌” ആയ മനുഷ്യ ജീവന് ഹാനീകരകമായ പലതും ഉണ്ട്, അതില്‍ ചിലതിനെക്കുറിച്ച് പറയാം.

കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും. അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ, ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ കൊതിക്കും. തീരെ ചെറിയ കുട്ടികളാണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും. കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ, നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണമെന്നില്ല.

കാണാൻ ഏറെ ഭംഗിയുള്ള കടൽജീവികളും കരജീവികളും ഉണ്ട്. അവയുടെ ദംശനം പോലും, വേണ്ട വെറും സ്പർശനമോ സാമീപ്യമോ പോലും ചിലപ്പോൾ അപകടമാവാം. അത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ചെടികളിലും മരങ്ങളിലും. നമ്മുടെ ഇന്ദ്രിയങ്ങളെ അങ്ങോട്ടേക്ക് ക്ഷണിച്ചു കെണിയിൽ പെടുത്തുന്നവ.

അങ്ങനെ ഉള്ള സസ്യജാലങ്ങളിലെ ഇത്തിരി ഉദാഹരണങ്ങൾ പറയാം.

മനുഷ്യൻ ഉണ്ടാവുന്നതിനു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തു മരങ്ങളും ചെടികളും പൂവും കായും ഉണ്ടായിരുന്നു. ചലിക്കുന്നവരും ചലിക്കാത്തവരുമായ ജീവജാലങ്ങൾ പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞ കോടിക്കണക്കിനു വർഷങ്ങൾ. ഷഡ്പദങ്ങളും സസ്യജാലങ്ങളും ആയിരുന്നത്രേ സ്വന്തം നിലനിൽപ്പിനു അന്ന് പരസ്പരം മല്ലടിച്ചിരുന്നത്. സ്വന്തം നിലനിൽപ്പിനു ആധാരമായ ചില രാസപദാർത്ഥങ്ങൾ ജനിതകമാറ്റങ്ങളിലൂടെ ചെടികളിലും മരങ്ങളിലും കാലങ്ങള്‍ കൊണ്ട് ഉണ്ടായി. കണ്ണഞ്ചിക്കുന്ന മനോഹാരിതക്ക് പിറകിൽ കൊടിയ വിഷവസ്തുക്കൾ ഒരുക്കിവെച്ചു കൊണ്ട് അവ ഷഡ്പദങ്ങളെ “ഒതുക്കാൻ” കാത്തിരുന്നിരുന്നത്രേ! സസ്യങ്ങളിങ്ങനെ ഉണ്ടാക്കി വെച്ച് പ്രയോഗിച്ച ഒരുപാട് തരത്തിലുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും ആൽക്കലോയിഡുകൾ ആണ് ഇതിൽ ഏറ്റവും പ്രധാനം.

ആദിമനുഷ്യൻ ഇതിന്റെയൊക്കെ സാധ്യതകൾ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. മൃഗങ്ങളെ വേട്ടയാടുമ്പോ അമ്പേറ്റു ഓടിമറയുന്ന മൃഗങ്ങളെ തേടി അലയേണ്ടി വരുന്നതിനു ഒരു പരിഹാരം “വിഷം പുരട്ടിയ അമ്പുകൾ”പ്രയോഗിക്കുകയായിരുന്നു. പലപ്പോഴും മൃഗങ്ങൾ ചലനമറ്റു വീഴുന്നത് മുറിവ് കൊണ്ടായിരുന്നില്ല വിഷം ഏല്‍ക്കുന്നത് കൊണ്ടായിരുന്നു. കാഞ്ഞിരം പോലുള്ള വൃക്ഷങ്ങളിൽ നിന്ന് നിമിഷ നേരം കൊണ്ട് ഞരമ്പുകളെ തളർത്തുന്ന വിഷവസ്തുക്കൾ അവർ കണ്ടെത്തി.
മീനുകളെമയക്കി പിടിക്കാനും, എലികളെ കൊല്ലാനും, ഗർഭം അലസിപ്പിക്കാനും, എല്ലാമിത് പ്രയോഗിക്കാമെന്നവര്‍ നിരീക്ഷിച്ചു.

എന്ന് മാത്രമല്ല ജീവിപ്പിക്കാനും ഇവക്കു കഴിയും എന്നവർ തിരിച്ചറിഞ്ഞു. പല വിഷങ്ങളും നേരിയ അളവിൽ മരുന്നായും ഭവിക്കും. ഇരുതല മൂർച്ചയുള്ള വാൾ. രോഗചികിത്സയുടെ അന്നത്തെ രീതി പലപ്പോഴും ചെടികളിലും മരങ്ങളിലും നിന്നായിരുന്നു. ഔഷധ ഗുണമുള്ള പച്ചമരുന്നുകൾക്കൊപ്പം ചിലപ്പോഴെങ്കിലും ഇവയും സ്ഥാനം പിടിച്ചിരുന്നു. അവയിൽ ചിലവയെ അപൂർവം ചില കാൻസറുകൾക്കെതിരെ പോലും ഗുണം ചെയ്യുന്ന മരുന്നുകൾ ആയി ഉപയോഗപ്പെടുത്താം.

ഈ പച്ചില വിഷങ്ങളെക്കുറിച്ചു എണ്ണി പറയാനും അടുക്കി പെറുക്കി പറയാനും ആണെങ്കിൽ ഒരു പാടുണ്ട്. അതിനു മുതിരുന്നില്ല. എങ്കിലും കടന്നു വന്ന വഴികളിൽ എപ്പോഴൊക്കെയോ കണ്ട കാഴ്ചകൾ, അനുഭവങ്ങൾ, അവ മനസ്സിനേൽപ്പിച്ച നോവുകൾ അവയിലെല്ലാം മേലെ അവയിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണിവിടെ പങ്കു വെക്കുന്നത്.

1. കുന്നിക്കുരു (Abrus precatorius എന്ന് ശാസ്ത്ര നാമം)

കുട്ടിക്കാലത്തെ ഓർമ്മയിൽ ആദ്യം കുന്നിക്കുരു കണ്ടത് “സറാപ്പ് കണ്ണേട്ടൻറെ പൊന്നുരുക്കുന്ന മൺചട്ടിക്കരികെ”. (കണ്ണൂരുകാര് സ്വർണ്ണപ്പണിക്കാരെ തട്ടാൻ എന്നും സറാപ്പ് എന്നും വിളിച്ചിരുന്നു ). ചാണകം മെഴുകിയ ഇറയത്തു മൺചട്ടിയിൽ നിറയെ ഉമിയിൽ ചിരട്ട കരി ഇട്ടു മുളം കുഴല് കൊണ്ട് ഊതുമ്പോ ചുമന്നു തുടിക്കുന്ന കനലിൽ ഇത്തിരി പൊന്മണികൾ ഉരുകും. ഇത്തിരി വെള്ളമെടുത്തു കുടഞ്ഞു തീ കെടുത്തി, പൊന്മണികൾ എടുത്തു തട്ടിയും മുട്ടിയും ഓരോ ഷേപ്പ് മാറുന്നത് നോക്കി നേരം കളയാറുണ്ട്. ഉമിയും കരിയും പണി സാമഗ്രികളും വെക്കുന്ന ഇടത്തു ചെറിയൊരു പിച്ചള പാത്രത്തിൽ വെച്ച കുന്നിമണികൾക്കു ഒരു പാട് ഭംഗി തോന്നി എങ്കിലും അതെന്തിനാണെന്നറിഞ്ഞില്ല,
“അതിൽ ഒന്ന് തരുവോ” എന്ന് ചോദിയ്ക്കാൻ ധൈര്യം ഇല്ലായിരുന്നു.

യക്ഷിയായി മാറിയ സുരസുന്ദരി:

വർഷങ്ങൾ കഴിഞ്ഞു. ഒരു ഡ്യൂട്ടി ദിവസം രണ്ടു കുട്ടികളെ കൊണ്ട് വന്നിരിക്കുന്നു. ഒരാൾ ഛർദിച്ചു നന്നായി അവശ ആയിട്ടുണ്ട്. എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു കൊണ്ട് കളിക്കുകയായിരുന്നു എന്ന കാര്യം അമ്മ അപ്പോഴാണ് ഓർത്തെടുത്തത്. ആ അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു വിഷം ഉള്ള വസ്തു ആണെന്ന് അത് വരെ എനിക്കും അറിയില്ലായിരുന്നു. അന്ന് വിരൽ തുമ്പിൽ വിവരം കിട്ടുന്ന ഇന്റർനെറ്റും മൊബൈലും ഒന്നുമില്ല. വലിയ ജേർണലുകളും പുതിയ പുസ്തകങ്ങളും ഒക്കെ നോക്കാനും ലൈബ്രറി അകലെ. ഉള്ള പുസ്തകങ്ങൾ തപ്പി, ആരോടൊക്കെയോ ചോദിച്ചു, ഇത്തിരി അറിഞ്ഞു.

രസകരമായ വസ്തുത ഇതിന്റെ തൂക്കം ആണ്. ഓരോ മണിക്കും ഒരേ തൂക്കം ഒരു ഗ്രാമിന്റെ പത്തിലൊന്ന്. അത് കൊണ്ട് സ്വർണ്ണം തൂക്കാനും ഈ മണികൾ ഉപയോഗിച്ചിരുന്നു. ഇതിന്റെ ഇലയും കായും നേരിയ അളവിൽ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ടത്രേ. ശോധനക്കും, ലൈംഗിക ഉത്തേജനത്തിനും ഒക്കെ.
ചവക്കാതെ പൊട്ടിക്കാതെ അതെ പടി വിഴുങ്ങിയാൽ അതപ്പാടെ മലത്തിൽക്കൂടി പുറത്തു പോവും. പലപ്പോഴും അപകടം ഒന്നും സംഭവിക്കില്ല. ചവച്ചരച്ചു കഴിച്ചാൽ ഒരെണ്ണം മതി. ഇതിലെ അപകടകാരിയായ ഘടകം “അബ്രിൻ“ എന്ന വിഷമാണ്. Toxalbumin എന്ന വിഭാഗത്തിൽപ്പെടുന്ന വിഷം. ആദ്യം ഇത് ഛർദിയും വയറിളക്കവും ഉണ്ടാക്കും. അത് കഴിഞ്ഞ് ഈ വിഷം ഹൃദയത്തെ ആണ് പ്രധാനമായി ബാധിക്കുന്നത്. ഹൃദയതാളം തെറ്റും. അതിന്റെ പ്രവർത്തനം ആകെ തകരാറിൽ ആവും. ചിലപ്പോ ഞരമ്പുകളെയും കിഡ്നിയെയും ബാധിക്കും. മരണം സംഭവിക്കാൻ 90 മുതൽ 120 മില്ലിഗ്രാം വരെ പൊടി ഉള്ളിൽ ചെന്നാൽ മതി, അതായത് ഒന്നോ രണ്ടോ കുരു.

എന്തിനു പറയുന്നു രണ്ടു പേരിൽ ഒരാൾ ഛർദിയും കഴിഞ്ഞു പതിയെ നോർമൽ ആയി. മറ്റെയാൾ ഗുരുതരാവസ്ഥയിലേക്ക് തന്നെ പോയി. എന്ത് ചെയ്തിട്ടും മേലോട്ട് കയറി വരാൻ മടിച്ച രക്ത സമ്മർദ്ദം, ഹൃദയ മിടിപ്പ് പതിയെ കുറഞ്ഞ കുറഞ്ഞു വന്നു.

ഈ വിഷത്തിനു പ്രതി മരുന്ന് ഉണ്ട്, “ആന്റി അബ്രിൻ “. ഇവിടെ നമ്മുടെ നാട്ടിൽ കിട്ടാനില്ല. ഒന്ന് ശ്രമിച്ചു നോക്കി. ശ്രമം വിജയിച്ചില്ല.

കുട്ടിയെ ഞങ്ങൾക്ക് കിട്ടിയില്ല. മൂന്നാം നാൾ എന്നേക്കുമായി പോയി.

മാണിക്യ നിറമുള്ള ചേലയും ചുറ്റി കണ്ണിൽ മയക്കുന്ന മഷിയെഴുതി നൃത്തമാടി ഏഴുനിലമാളികയിലേക്കു കൂട്ടി കൊണ്ട് പോയി ഒരു നിമിഷം കൊണ്ട് രൂപം മാറിയ യക്ഷിയുടെ കഥ ഓർമ്മ വന്നു.

2. ആവണക്ക് ( Ricinus communis )

വേദനയ്ക്കും മറ്റും മരുന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, കായ ഉള്ളിൽ ചെന്നാൽ മാരക വിഷമാണ്. റിസിൻ എന്ന് പേരുള്ള toxalbumin വളരെ അപകടകാരിയാണ്. അഞ്ചു മുതൽ 10 വരെ കുരുക്കൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.

3. കമ്മട്ടി ( Jatropha curcas )

പലപ്പോഴും പറമ്പിന്റെ വേലികളിൽ ആവും ഇതിന്റെ സ്ഥാനം. കായകള്‍ വിഷമുള്ളതു തന്നെ എങ്കിലും ഗൗരവം ആയ പ്രശ്നങ്ങൾ പതിവില്ല.

കുരുവിൽ നിന്നും ലഭിക്കുന്ന ദ്രാവകത്തിൽ നിന്നും ബയോഡീസൽ ഉൽപാദിപ്പിക്കാം. പക്ഷേ കുരുവിനുള്ളിൽ curcin എന്ന toxalbumin ഉണ്ട്. കൂടാതെ ജട്രോഫിക് ആസിഡും.

കഴിച്ചാൽ വായ മുതൽ എരിച്ചിലും പൊള്ളലും ആരംഭിക്കും. പിന്നീട് ഛർദ്ദിയും വയറുവേദനയും ഒഴിച്ചിലും. പിന്നെ ദാഹവും നിർജലീകരണവും, കേൾവി ശക്തി കുറയുകയും കാഴ്ച മങ്ങുകയും ചെയ്യും. പിന്നെ വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിൻറെ പ്രവർത്തനവും നിലയ്ക്കും. നാലോ അഞ്ചോ കായ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. അപൂര്‍വ്വമായി മാത്രമേ ഗൗരവമുള്ള പ്രശ്നങ്ങൾ പതിവുള്ളൂ.

4. എരുക്ക് ( Calotropis )

പർപ്പിൾ നിറത്തിലുള്ള പൂക്കളുണ്ടാവുന്ന Calotropis gigantia, വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്ന Caltrops procera എന്നീ രണ്ടു വിഭാഗങ്ങളാണ് സാധാരണ.

ഗർഭഛിദ്രം നടത്താൻ വേണ്ടി വ്യാജ വൈദ്യന്മാർ ഉപയോഗിച്ചിരുന്നു. അങ്ങനെ പലപ്പോഴും മാതൃ മരണങ്ങൾക്ക് കാരണക്കാരൻ ആയിട്ടുണ്ട്.

ശരീരത്തിൽ ചതവ് പറ്റിയതായി മറ്റുള്ളവരെപ്പറ്റിക്കാൻ ഇതിൻറെ നീര് ഉപയോഗിക്കാറുണ്ട്. നീര് ശരീരത്തിൽ പറ്റിയാൽ അലർജിയും വീക്കവും ഉണ്ടാവും. പക്ഷേ ഉള്ളിൽ ചെന്നാൽ അത്ര സുഖകരമായിരിക്കില്ല. വയറുവേദനയും ഛർദിയും ഒഴിച്ചിലും സാധാരണ സംഭവിക്കാം. എന്നാൽ അപസ്മാരവും കൊളാപ്സും കോമയും മരണവും അപൂർവമായെങ്കിലും സംഭവിക്കാവുന്നതാണ്.

5. ചേര് ( Semicarpus anacardium )

മുകളിൽ പറഞ്ഞതുപോലെ ശരീരത്തിൽ ചതവുകൾ ഉണ്ടായതായി മറ്റുള്ളവരെ കബളിപ്പിക്കാൻ ഉപയോഗിക്കാം. ലക്ഷണങ്ങൾ മുകളിൽ പറഞ്ഞത് തന്നെ. ആറു മുതൽ എട്ടുവരെ കായകൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.

6. മഞ്ഞ അരളി ( Cerbera thevetia )

മഞ്ഞരളിക്കായ കഴിച്ചു കുട്ടികളെ കൊണ്ടുവരാറുണ്ടായിരുന്നു. കുട്ടികൾ അറിയാതെ കഴിച്ചു പോവുന്നതാണ്. ഇത് കൊടിയ വിഷം ആണെന്ന് അറിയാതെ ആണോ എന്നറിയില്ല പലയിടത്തും ഈ ചെടി വളർത്തുന്നു. ചെടിയുടെ കായ മാത്രമല്ല എല്ലാ ഭാഗവും വിഷമുള്ളതു തന്നെ ഇലയും തണ്ടും വേരും, എന്തിനു ഏറെ പറയണം ഇത് വെട്ടി തീയിട്ടാൽ ഉണ്ടാവുന്ന പുകയിലും വിഷം ഉണ്ടാവും.

ഇത്തിരി മാത്രം കഴിച്ചു പോയ കേസുകൾ ഛർദിയും വയറിളക്കവും ആയി ഒതുങ്ങാം. എന്നാൽ ഇത്തിരി കൂടിയാൽ ഹൃദയതാളം പിഴക്കും. ചികിത്സയുടെ ശാസ്ത്രീയ വശങ്ങൾ ഇവിടെ പറയുന്നില്ല. ഒരു കാര്യം മാത്രം. കിട്ടാനുള്ളതിന്റെ അങ്ങേയറ്റത്തെ ചികിത്സക്കും ജീവൻ തിരിയെ തരാൻ ആവുമെന്നുറപ്പില്ല.

ഉള്ളിൽ ചെന്നാൽ ഹൃദയത്തിൻറെയും നാഡീവ്യൂഹങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കും. എട്ടുപത്ത് കായകൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.

7. ഒതളങ്ങ ( Cerbera odollum-suicide tree )

 

ആത്മഹത്യക്കോ കൊലപാതകത്തിനോ പറ്റിയ ഒന്ന് ആയതു കൊണ്ടും നാട്ടുമ്പുറങ്ങളിൽ സുലഭം ആയതു കൊണ്ടുമാവാം നമ്മുടെ നാട്ടിൽ ആത്മഹത്യക്ക് വേണ്ടിയുള്ള “പ്ലാന്റ് പോയിസണിംഗിൽ” പകുതിയിൽ കൂടുതലും ഒതളങ്ങ കാരണമാണ്. മൊത്തം “പോയിസണിംഗിൽ” ഏകദേശം പത്തു ശതമാനവും ഇത് കഴിച്ചാണ്.

ഹൃദയത്തെ തന്നെയാണിതിന്റെ വിഷവും ബാധിക്കുന്നതു. നേരിട്ടും പരോക്ഷമായും രക്തത്തിലെ ധാതു ലാവണങ്ങളുടെ അളവിൽ മാറ്റം വരുത്തിയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം.
പ്രതിമരുന്നുകൾ ഇന്ത്യയിൽ കിട്ടാനില്ല. ഹൃദയ താളം നേരെയാക്കാൻ “ടെമ്പററി പേസിങ്” പ്രക്രിയ നടത്തി നോക്കും. താളം നേരെ ആവും എന്നുറപ്പില്ല. മരണപ്പെടാന്‍ സാധ്യത ഏറെ.

മാങ്ങയാണെന്ന് കരുതി ഒതളങ്ങ കഴിക്കാൻ തുടങ്ങിയ ഒരു ഡോക്ടറെ ഒരിക്കൽ തടഞ്ഞിട്ടുണ്ട്. അത്രയേറെ രൂപസാദൃശ്യം ഉണ്ട് മാങ്ങയുമായി. ചെറിയ കുട്ടികൾക്ക് അബദ്ധം പറ്റിയാൽ തെറ്റുപറയാൻ പറ്റില്ല എന്ന് ചുരുക്കം. ഒരു കായ്ക്കുള്ളിലെ kernel മതിയാവും മരണം സംഭവിക്കാൻ.

8. അരളി (Nerium odorum/ Nerion oleandrum)

പിങ്കും വെള്ളയും കളറിൽ ദേശീയപാതയുടെ നടുക്കുള്ള മീഡിയനിൽ നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. പക്ഷേ അടിമുടി വിഷമാണ് ഈ സസ്യം. ഇലയും തണ്ടും വേരും കായും ഒക്കെ വിഷമാണ്, എന്തിനേറെ പൂവിനുള്ളിലെ nectar പോലും വിഷമാണ്.

മുകളിൽ പറഞ്ഞതുപോലെ ഹൃദയത്തിൻറെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുക. എട്ടുപത്ത് കായ, അല്ലെങ്കിൽ 15 മുതൽ 20 ഗ്രാം വരെ വേര്, അതുമല്ലെങ്കിൽ 5 മുതൽ 10 വരെ ഇലകൾ( ചെറിയ കുട്ടികളില്‍ ഒരൊറ്റ ഇല പോലും) …എന്നിവ മരണകാരണം ആവാം.

9. ഉമ്മം ( Datura fustuvosa )

ട്രെയിൻ യാത്രയിലും മറ്റും ബോധംകെടുത്തി മോഷണം നടത്താൻ വേണ്ടി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ റോഡ് പോയിസൺ അല്ലെങ്കിൽ റെയിൽവേ പോയിസൺ എന്ന പേരുണ്ട്. ഭക്ഷണത്തിലോ വെള്ളത്തിൽ കലർത്തി നൽകിയാൽ, സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തും. പിന്നെ മോഷണം നടത്തുക എളുപ്പമാണല്ലോ.

Atropine, hyoscine, hyoscyamine എന്നിവ ആദ്യം മസ്തിഷ്കത്തെ ഉത്തേജിപ്പിക്കും, പിന്നെ നേരെ വിപരീത പ്രവർത്തനവും. പരാലിസിസ് വരെ സംഭവിക്കാം. ശ്വസന പ്രക്രിയ ആദ്യം ഉത്തേജിപ്പിച്ച ശേഷം തളർത്തും. വായും തൊണ്ടയും ഒക്കെ വറ്റിവരളും. കൃഷ്ണമണി വികസിക്കും. ശരീരത്തിൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ വിവരിച്ചാൽ തീരില്ല.

മരണം അത്ര സാധാരണമല്ല. എങ്കിലും ഒരു ഗ്രാം ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.

10. കാഞ്ഞിരം ( Strychnos nux-vomica )

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ” കുഞ്ചൻ നമ്പ്യാർ എഴുതിയത് പഠിച്ചത് മറന്നോ ? കയ്പ്പിനെ കുറിച്ചാണ് കുഞ്ചൻ നമ്പ്യാർ പറഞ്ഞതെങ്കിലും അടിമുടി വിഷമാണ് കാഞ്ഞിരം. മാംസപേശികളെ ബാധിക്കും. Convulsion പ്രധാന ലക്ഷണമാണ്. സുഷുമ്നയെ ബാധിക്കുന്ന വിഷമാണ്. മാംസപേശികൾ വല്ലാണ്ട് സങ്കോചിക്കും. ടെറ്റനസ് രോഗബാധയാണോ എന്നുപോലും സംശയം തോന്നാം.

വളരെ അപകടകരമാണ്. 60 മുതൽ 100 മില്ലിഗ്രാം വരെ അതായത് മൂന്നു മുതൽ അഞ്ചുവരെ കുരുക്കൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. ചികിത്സയ്ക്കായി അധികസമയമൊന്നും കിട്ടണമെന്നില്ല. രണ്ടു മണിക്കൂറിനകം മരണ സംഭവിച്ച അവസരങ്ങൾ ധാരാളം.

ലിസ്റ്റ് അപൂര്‍ണ്ണമാണ്, പ്രകൃതിയില്‍ ഒരു വസ്തുവും മനുഷ്യന്‍റെ ഉപയോഗ സാധ്യതയെ മുന്‍ നിര്‍ത്തി ഉണ്ടാക്കപ്പെട്ടതല്ല, അനേകം ജീവജാലങ്ങളില്‍ ഒന്ന് മാത്രമായ മനുഷ്യന്‍ പരിണാമ നാള്‍വഴികളില്‍ അതിജീവനത്തിനുള്ള പോരാട്ടത്തില്‍ സ്വാംശീകരിച്ച അറിവ് ഉപയോഗിച്ച് തനിക്ക് ഗുണകരമായവ ഉപയോഗയുക്തമാക്കുകയും, അപകടകരമായത് വര്‍ജ്ജിക്കുകയും ചെയ്തു, ശാസ്ത്രീയ അപഗ്രഥനത്തിലൂടെ ഈ അറിവുകളെ കൂടുതല്‍ സംശുദ്ധീകരിച്ചു.

“കെമിക്കലുകള്‍” എന്ന പദം ഭീതിജനകമായ രീതിയില്‍ പ്രയോഗിച്ചു “കീമോഫോബിയ” പടര്‍ത്തുകയും സസ്യങ്ങളില്‍ നിന്നും കിട്ടുന്നത് കൂടുതല്‍ ഗുണകരം എന്ന പൊതുവല്‍ക്കരണം നടത്തുകയും ചെയ്യുന്ന പുതിയ പ്രചരണങ്ങളുടെ പിന്നിലെ സ്ഥാപിത താല്പര്യങ്ങളും പൊള്ളത്തരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

സസ്യജന്യ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തന്നെയാണ് അവയുടെ ഗുണദോഷ പ്രഭാവങ്ങള്‍ക്കു പിന്നില്‍, പലതും ഹാനീകരമാവാനുമിടയുണ്ടെന്നത് കൂടി കണക്കിലെടുത്ത് വിലയിരുത്തലുകൾ നടത്തുക.

ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും

ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ