· 6 മിനിറ്റ് വായന
കുട്ടികൾക്ക് ഇനി സൗജന്യം ആയി ന്യൂമോകോക്കാൾ വാക്‌സിനും
കോവിഡ് കാലത്ത് എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയുണ്ട്. കേരളത്തിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ന്യൂമോകോക്കൽ വാക്സിൻ സാർവ്വത്രിക രോഗപ്രതിരോധ കുത്തിവെപ്പു പരിപാടിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകാൻ പോകുന്നു എന്നതാണത്.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക് പ്രധാന കാരണമാണ് ന്യൂമോകോക്കസ് മൂലമുള്ള അസുഖങ്ങൾ. ന്യൂമോകോക്കസ് അഥവാ സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയേ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയ, മെനിഞ്‌ജൈറ്റിസ്, സെപ്റ്റിസീമിയ എന്നിവയാണ് ഇവയിൽ പ്രധാനം.
രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളും , രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും വൃദ്ധരും പോഷകാഹാരക്കുറവ് (malnourished) അനുഭവിക്കുന്നവരും ന്യൂമാകോക്കൽ അണുബാധ വന്നുപെടാൻ സാധ്യത ഏറിയവരാണ്.


ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ന്യൂമോണിയ അഥവാ ശ്വാസകോശത്തിലെ കഫക്കെട്ട്. 2 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം ന്യൂമോണിയക്കാണ്. പനി, ചുമ, ശ്വാസഗതിവേഗത്തിലാവുക, ശ്വാസം മുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . രോഗം ഗുരുതരമാകുമ്പോൾ മുലപ്പാൽ വലിച്ചു കുടിക്കാൻ പറ്റാതാവുക, ബോധം മറയുക, ശരീരം നീലനിറമാവുക, അപസ്മാരം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. തുടക്കത്തിൽ തന്നെ ഉചിതമായ ആന്റിബയോട്ടിക് ചികിൽസ ലഭ്യമാക്കിയാൽ രോഗം ഭേദമാക്കാമെങ്കിലും ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ ആവിർഭാവം പ്രശ്നത്തെ സങ്കീർണ്ണമാക്കുകയാണ്. അത് കൊണ്ടു തന്നെ പ്രതിരോധകുത്തിവെപ്പുകൾ വഴി രോഗം വരാതെ നോക്കുന്നതിനു അതിയായ പ്രാധാന്യമുണ്ട്.

ചികിൽസ വൈകിയാൽ മാരകമായേക്കാവുന്ന ഈ രോഗം ചികിൽസിച്ചാലും പൂർണ്ണമായും സുഖപ്പെടണമെന്നില്ല. ബുദ്ധിമാന്ദ്യം, അപസ്മാര രോഗം, തലച്ചോറിനകത്ത് വെളളം കെട്ടിനിൽക്കുന്ന രോഗമായ ഹൈഡ്രോസെഫാലസ്, കൈകാലുകൾക്ക് തളർച്ച, ബധിരത, അന്ധത തുടങ്ങി അനേകം പ്രശ്നങ്ങൾ മെനിഞ്ചൈറ്റിസിനെ തുടർന്ന് ഉണ്ടായേക്കാം.
മറ്റ് കാരണങ്ങളൊന്നും കൂടാതെ, മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലാതെ കുട്ടികൾക്കുണ്ടാകുന്ന പനിയുടെ ഒരു കാരണം രക്തത്തിൽ ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ്. ന്യൂമോകോക്കൽ ബാക്ടീരീമിയ എന്ന് പറയുന്ന ഈ അവസ്ഥ ചിലപ്പോൾ തനിയെ ഭേദമായേക്കാം. ചിലപ്പോൾ അത് സെപ്റ്റിസീമിയ എന്ന ഗുരുതരമായ അവസ്ഥയിൽ എത്തപ്പെടുകയും, ശരീരത്തിലെ പ്രധാന അവയവങ്ങളുടെയൊക്കെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യാം.
ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ മൂന്ന് ഡോസുകളായിരിക്കും UlP യുടെ ഭാഗമായി നൽകുക.
ഒന്നര ( ആറാഴ്ച), മൂന്നര (14 ആഴ്ച ) മാസങ്ങളിലാണ് രണ്ട് പ്രൈമറി ഡോസുകൾ നൽകുക.ഇത് പെന്റാവാലന്റ് , ഓറൽ പോളിയോ , ഇഞ്ചക്ടബിൾ പോളിയോ ,റോട്ടാ വൈറൽ വാക്സിനുകൾ നൽകുന്നതിനോടൊപ്പമാണ് നൽകുക.
ഒമ്പത് മാസം തികയുമ്പോൾ PCV ബൂസ്റ്റർ ഡോസ് നൽകും. (ആ സമയത്ത് നൽകേണ്ടതായ MR ആദ്യ ഡോസ്, വൈറ്റമിൻ A ആദ്യ ഡോസ് എന്നിവയോടൊപ്പം.)








താരതമ്യേന വളരെ സുരക്ഷിതമായ ഒരു വാക്സിൻ ആണ് PCV
കരച്ചിൽ, വാശി, സൂചി വെച്ചിടത്ത് വേദന, ചെറിയ പനി എന്നിവയാണ് സാധാരണ കാണപ്പെടുന്ന പാർശ്വഫലങ്ങൾ.


മറ്റുള്ള വാക്സിൻ നൽകുന്നതു പോലെത്തന്നെ പൂർണമായും സൗജന്യമായാണ് PCV യും സാർവ്വത്രിക രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി സർക്കാർ നൽകുന്നത്.






PCV – 10 (Pnuemosil – Serum institute of India)
PCV – 13 ( Prevnar – Pfizer)
10,13 എന്നിവ വാക്സിനിൽ അടങ്ങിയിരിക്കുന്ന സീറോ ടൈപ്പുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.
PCV – 10, PCV -13 ഇവ രണ്ടും ഗുരുതരമായ ന്യൂമോകോക്കൽ അണുബാധയ്ക്ക് കാരണമാകുന്ന സീറോ ടൈപ്പുകളായ 14,19F,5,6A,6B എന്നിവക്കെതിരെ പ്രതിരോധ ശേഷി നൽകുന്നുണ്ട്.
ഇവ പരസ്പരം മാറി ഉപയോഗിക്കാമെന്നും കേന്ദ്രസർക്കാർ ഗൈഡ്‌ലൈനിൽ പറയുന്നു.അതായത് ആദ്യത്തെ ഡോസ് PCV – 10 ലഭിച്ച കുട്ടി രണ്ടാമത്തെ ഡോസിനായി വരുമ്പോൾ PCV -13 ആണ് സ്റ്റോക്ക് ഉള്ളതെങ്കിൽ നമുക്ക് രണ്ടാം ഡോസായി PCV -13 നൽകാവുന്നതാണ്. നേരെ തിരിച്ചും.
നമ്മുടെ ദേശീയ പ്രതിരോധ കുത്തിവെപ്പു പരിപാടിയിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ ഒരു വാക്സിൻ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമാകുന്നത് മാതാപിതാക്കൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് എന്നതിൽ സംശയമുണ്ടാകില്ല. പ്രത്യേകിച്ചും ഗുരുതരമായ ന്യൂമോണിയ, മെനിഞ്‌ജൈറ്റിസ് എന്നിവ തടയാൻ കഴിയുന്ന ഒരു വാക്സിൻ സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ കുഞ്ഞിന് നൽകാൻ കഴിയാത്തവർക്ക്.
കഴിഞ്ഞ ദശകത്തിനിടയിൽ സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന വിലയേറിയ പെന്റാവാലന്റ്, റോട്ടാ വൈറൽ വാക്സിനുകൾ സർക്കാർ മേഖലയിൽ സൗജന്യമായി ലഭ്യമായിരുന്നു. അവയുടെ പിൻഗാമിയായി PCV കൂടി അടുത്തു തന്നെ നമ്മുടെ കുഞ്ഞാവകൾക്ക് ലഭ്യമാകും.
എഴുതിയത്