· 3 മിനിറ്റ് വായന

മനോരോഗചികിത്സകള്‍: 7 തെറ്റിദ്ധാരണകള്‍

Psychiatryആരോഗ്യ അവബോധം

ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവ രോഗം യഥാസമയം തിരിച്ചറിയപ്പെടാതെ പോവാനും ശാസ്ത്രീയ ചികിത്സകള്‍ വൈകി മാത്രം ലഭ്യമാവാനും ചികിത്സകള്‍ പൂര്‍ണമായി ഫലിക്കാത്ത ഒരവസ്ഥയിലേക്കു രോഗം വഷളാവാനുമെല്ലാം ഇടയാക്കുന്നുമുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം മനോരോഗബാധിതര്‍ക്കായുള്ള നൂറുകണക്കിന് റീഹാബിലിറ്റേഷന്‍ സെന്ററുകളുണ്ട്; അവിടെയെല്ലാംകൂടി ആയിരക്കണക്കിനു രോഗികള്‍ വര്‍ഷങ്ങളായി ബന്ധുമിത്രാദികളില്‍ നിന്നകന്നു ജീവിക്കുന്നുമുണ്ട്. ഈയൊരവസ്ഥ ഭാവിയിലെങ്കിലും മാറണമെങ്കില്‍ താഴെപ്പറയുന്ന തെറ്റിദ്ധാരണകളില്‍ നിന്നു നാം മുക്തരാവേണ്ടതുണ്ട്:

  1. മനോരോഗങ്ങള്‍ ഒരാളുടെ മനസ്സ് ദുര്‍ബലമായതു കൊണ്ടോ മുജ്ജന്മപാപം കൊണ്ടോ സ്വഭാവദൂഷ്യം കൊണ്ടോ വളര്‍ത്തുദോഷം കൊണ്ടോ ഉപബോധമനസ്സില്‍ അജ്ഞാതഭയങ്ങള്‍ ഒളിച്ചിരിക്കുന്നതു കൊണ്ടോ വരുന്നതല്ല. മനോവൃത്തികള്‍ എന്നു നാം ഗണിക്കുന്ന ചിന്ത, ഓര്‍മ, വികാരങ്ങള്‍ തുടങ്ങിയവയെല്ലാം തലച്ചോറിന്‍റെ വിവിധ ഘടകഭാഗങ്ങളുടെ സൃഷ്ടികളാണ്. മാനസികരോഗങ്ങള്‍ ഉണ്ടാവുന്നത് പ്രസ്തുത മസ്തിഷ്കഭാഗങ്ങളില്‍ പാരമ്പര്യം, ലഹരിയുപയോഗം, പരിക്കുകള്‍, അപസ്മാരം പോലുള്ള മസ്തിഷ്കരോഗങ്ങള്‍, ഹൈപ്പോതൈറോയ്ഡിസം പോലുള്ള ശാരീരികരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ചില തകരാറുകള്‍ പറ്റുമ്പോഴാണ്. അതിനാല്‍ത്തന്നെ, മനോരോഗങ്ങള്‍ക്കു വേണ്ടത് തലച്ചോറുകളെ തിരിച്ചു നോര്‍മലാക്കാനുള്ള ചികിത്സകളാണ്.
  2. സൈക്ക്യാട്രിമരുന്നുകളെല്ലാം ഉറക്കഗുളികകളോ ആളെ ചുമ്മാ തളര്‍ത്തിയിടാന്‍ കൊടുക്കുന്നവയോ ആണെന്ന വികലധാരണ പ്രബലമാണ്. മിക്ക മനോരോഗങ്ങളിലും തലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നുണ്ട്; ഇതു പരിഹരിക്കുകയാണ് ഭൂരിഭാഗം സൈക്ക്യാട്രിമരുന്നുകളും ചെയ്യുന്നത്. രോഗത്തിന്‍റെ ഭാഗമായി സാരമായ ഉറക്കക്കുറവു പിടിപെട്ടവര്‍ക്കേ, അതും ചികിത്സാരംഭത്തില്‍ അല്‍പനാളുകള്‍ മാത്രം, പൊതുവെ ഉറക്കഗുളികകള്‍ കുറിക്കപ്പെടാറുള്ളൂ.
  3. സൈക്ക്യാട്രിമരുന്നുകള്‍ അഡിക്ഷനാവുന്നവയല്ല. ഒരാള്‍ക്ക് ഒരു പദാര്‍ത്ഥം അഡിക്ഷനായി എന്നുപറയുക അതുപയോഗിക്കാനുള്ള ത്വര സദാ ഉണര്‍ന്നുകൊണ്ടിരിക്കുക, സര്‍വ ഉത്തരവാദിത്തങ്ങളെയും അവഗണിച്ച് ആള്‍ അതിന്‍റെ പിറകെ മാത്രം കൂടുക, കാലക്രമത്തില്‍ ആ പദാര്‍ത്ഥം കൂടുതല്‍ക്കൂടുതലളവില്‍ ഉപയോഗിക്കേണ്ടി വരിക എന്നൊക്കെയുള്ളപ്പോഴാണ്. സൈക്ക്യാട്രിമരുന്നുകളുടെ കാര്യത്തില്‍ ഇപ്പറഞ്ഞതൊന്നും സംഭവിക്കാറില്ല — കുറച്ചുകാലം മരുന്നു കഴിച്ചാല്‍പ്പിന്നെ ഡോസ് ക്രമേണ കുറക്കുകയാണ് പതിവ്, അല്ലാതെ അഡിക്ഷനുകളിലെപ്പോലെ കൂട്ടിക്കൂട്ടിപ്പോവുകയല്ല.
  4. മനോരോഗങ്ങള്‍ക്കെല്ലാം നല്ലത് കൌണ്‍സലിങ്ങാണ്, അതു ഫലിച്ചില്ലെങ്കില്‍ മാത്രം ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ കണ്ടാല്‍മതി എന്ന ധാരണ പലര്‍ക്കുമുണ്ട്. ചില പ്രശ്നങ്ങള്‍ക്ക് — ഉദാഹരണത്തിന് പരീക്ഷാപ്പേടി, ദാമ്പത്യാസ്വാരസ്യങ്ങള്‍, ചേരേണ്ട ജോലിയെയോ കോഴ്സിനെയോ കുറിച്ചുള്ള ചിന്താക്കുഴപ്പം തുടങ്ങിയവക്ക് — കൌണ്‍സലിംഗ് തികച്ചും മതിയാവും. എന്നാല്‍ കൂടുതല്‍ സാരമായ ലക്ഷണങ്ങളുള്ളപ്പോള്‍ അവ മസ്തിഷ്കപരമോ ശാരീരികമോ ആയ പ്രശ്നങ്ങളുടെ ഭാഗമല്ല എന്നു പരിശോധിച്ചുറപ്പുവരുത്താന്‍ ഒരു സൈക്ക്യാട്രിസ്റ്റിനെയോ മറ്റേതെങ്കിലും ഡോക്ടറെയോ കാണുന്നതാണ് നല്ലത്. എന്നു മാത്രമല്ല, സാരമായ രോഗങ്ങള്‍ മിക്കതിനും മരുന്നുകളെടുക്കുകയും ഒപ്പം കൌണ്‍സലിംഗോ സൈക്കോതെറാപ്പിയോ കൂടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. അതേസമയം, അത്ര തീവ്രമല്ലാത്ത വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവക്ക് സൈക്കോതെറാപ്പി മാത്രമാണെങ്കിലും ഫലിച്ചേക്കും.
  5. സൈക്ക്യാട്രി മരുന്നുകള്‍ ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താനേ പറ്റില്ല എന്നൊരു ധാരണയുമുണ്ട്. നല്ലൊരു ശതമാനം രോഗികള്‍ക്കും — പ്രത്യേകിച്ച് ഒട്ടും വൈകിക്കാതെ ചികിത്സ തുടങ്ങിയവര്‍ക്കും തീവ്രത താരതമ്യേന കുറഞ്ഞ രോഗമുള്ളവര്‍ക്കും — ഏതാനും മാസങ്ങളിലോ ഒന്നോ രണ്ടോ വര്‍ഷങ്ങളിലോ മരുന്നു പൂര്‍ണമായും നിര്‍ത്താനാവാറുണ്ട്. എന്നാല്‍ ചില രോഗികള്‍ക്ക്, ഉദാഹരണത്തിന് രോഗം കൂടുതല്‍ ചിരസ്ഥായിയായിപ്പോയവര്‍ക്കും കുടുംബത്തില്‍ മറ്റു പലര്‍ക്കും രോഗമുള്ളവര്‍ക്കുമൊക്കെ, കുറച്ചധികം കാലം മരുന്നെടുക്കേണ്ടി വരാറുമുണ്ട് — പ്രമേഹമോ ബിപിയോ കൊളസ്ട്രോളോ അപസ്മാരമോ ഒക്കെ ബാധിച്ചവരെപ്പോലെതന്നെ.
  6. സൈക്യാട്രി മരുന്നുകള്‍ ഏറെ സൈഡ് എഫക്റ്റ് ഉള്ളവയാണ്, കിഡ്നി കേടാക്കും, ഭാവിയില്‍ പല പ്രശ്നങ്ങളുമുണ്ടാക്കും എന്നൊക്കെയുള്ള വിശ്വാസങ്ങളും സജീവമാണ്. ഏതൊരു മരുന്നുകളെയും പോലെ സൈക്ക്യാട്രി മരുന്നുകള്‍ക്കും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഫോളോഅപ്പുകള്‍ മുടക്കാതിരിക്കുകയും കാലാകാലങ്ങളില്‍ തക്ക പരിശോധനകള്‍ക്കു വിധേയരാവുകയും ചെയ്‌താല്‍ ഇത്തരം പാര്‍ശ്വഫലങ്ങളെ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനുമാവും. സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലധികം മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്, അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്താറുള്ളത്. ഏതൊരു മരുന്നിന്‍റെയും പാര്‍ശ്വഫലങ്ങള്‍ അവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലത്തേ പ്രത്യക്ഷപ്പെടൂ, അല്ലാതെ മരുന്നു നിര്‍ത്തി ഏറെക്കാലം കഴിഞ്ഞു തലപൊക്കുന്ന ഒരു പാര്‍ശ്വഫലവും സൈക്ക്യാട്രിയിലില്ല.
  7. ഇനിയുമൊരു ധാരണയുള്ളത് മരുന്നുകള്‍ ശരീരത്തിലും മരുന്നില്ലാത്ത ചികിത്സകളായ കൌണ്‍സലിങ്ങും സൈക്കോതെറാപ്പിയും “മനസ്സിലും” ആണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. അതിനാല്‍ത്തന്നെ ഇത്തരം ഔഷധരഹിത ചികിത്സകള്‍ എന്തോ കുറഞ്ഞ കാര്യമാണെന്ന ധാരണയില്‍ അവയോടു മുഖംതിരിക്കുന്നവരും ഉണ്ട്. കൌണ്‍സലിങ്ങും സൈക്കോതെറാപ്പിയും പ്രവര്‍ത്തിക്കുന്നതും നമ്മുടെ തലച്ചോറിന്റെ ഘടനയിലും ജീനുകളുടെ പ്രവർത്തനത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടു തന്നെയാണ്.
ലേഖകർ
Passed MBBS from Calicut Medical College and MD (Psychiatry) from Central Institute of Psychiatry, Ranchi. Currently works as Consultant Psychiatrist at St. Thomas Hospital, Changanacherry. Editor of Indian Journal of Psychological Medicine. Was the editor of Kerala Journal of Psychiatry and the co-editor of the book “A Primer of Research, Publication and Presentation” published by Indian Psychiatric Society. Has published more than ten articles in international psychiatry journals. Awarded the Certificate of Excellence for Best Case Presentation in Annual National Conference of Indian Association of Private Psychiatry in 2013. Was elected for the Early Career Psychiatrist Program of Asian Federation of Psychiatric Societies, held in Colombo in 2013. Was recommended by Indian Psychiatric Society to attend the Young Health Professionals Tract at the International Congress of World Psychiatric Association held in Bucharest, Romania, in 2015.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ