· 5 മിനിറ്റ് വായന

RCC-യും HIV-യും- ഇനിയും തുറക്കാത്ത ചില ജാലകങ്ങൾ

EthicsInfectious DiseasesMedicineTransfusion Medicineഅനുഭവങ്ങൾപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

RCC-യും HIV-യും- ഇനിയും തുറക്കാത്ത ചില ജാലകങ്ങൾ – See Beyond the “WINDOW period”

RCC യിൽ ചികിത്സയിലിരിക്കുന്ന 9 വയസുള്ള കുഞ്ഞിന് രക്തം സ്വീകരിച്ചതിനെ തുടർന്ന് HIV ബാധയുണ്ടായതായുള്ള വാർത്തയും, അതിനോടുള്ള പ്രതികരണങ്ങളും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പൊതുവേ നമ്മുടെ സമൂഹം സമചിത്തതയോടെ തന്നെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നത് ആശ്വാസകരമാണ്. രക്താർബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി ആ കുഞ്ഞിന് 49 തവണ രക്തമോ, രക്തഘടകങ്ങളോ നൽകുകയുണ്ടായിട്ടുണ്ട്. സമീപകാലത്ത് നടത്തിയ ടെസ്റ്റിൽ HIV ബാധയുണ്ടായിട്ടുള്ളതായി സംശയം ഉണ്ടാവുകയും തുടർന്ന് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ തുടർപരിശോധനയിൽ രോഗബാധ സ്ഥീരികരിക്കുകയുമാണ് ഉണ്ടായത്. ഇത് ഏറെ നിർഭാഗ്യകരവും, വേദനിപ്പിക്കുന്നതുമായ സംഭവമാണെന്നതിൽ തർക്കമില്ല. രക്തദാനം വഴി HIV പകർന്ന സംഭവം മുമ്പുമുണ്ടായിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയരായവരിലും സ്ഥിരമായി രക്തം സ്വീകരിക്കേണ്ടി വരുന്ന താലസീമിയ, ഹീമോഫീലിയ പോലുള്ള രോഗികളിലും മുമ്പും രക്തസന്നിവേശം വഴി HIV പകർന്നിട്ടുണ്ട്. അന്നൊക്കെ അതെല്ലാം വിവാദവുമായിരുന്നു. എന്നാൽ ഇവയിലൊക്കെ അനാസ്ഥ ആരോപിക്കും മുമ്പ് അറിയേണ്ട ചില ശാസ്ത്രസത്യങ്ങളുണ്ട്. HIV അണുബാധയെക്കുറിച്ചും രോഗനിർണയ രീതികളെപ്പറ്റിയും പൊതുസമൂഹത്തിന് അധികം അറിവില്ലാത്ത ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.

ലൈംഗികബന്ധത്തിലൂടെയോ അണുവിമുക്തമല്ലാത്ത സൂചിയോ സിറിഞ്ചോ ഉപയോഗിക്കുന്നതിലൂടെയോ അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെയോ ആണ് ഒരാൾ HIV ബാധിതനാകുന്നതെന്ന് നമുക്കറിയാം. വൈറസിനെതിരായുള്ള പ്രതിവസ്തുക്കൾ (Antibodies) ശരീരത്തിലില്ലാത്തതുകൊണ്ട് തന്നെ അണുബാധയുണ്ടായി ആദ്യനാളുകളിൽ ഈ വൈറസ് രക്തത്തിൽ അതിവേഗം പെറ്റുപെരുകും. ഈ നാളുകളിൽ ശരീരസ്രവങ്ങളിലെ വൈറസിന്റെ എണ്ണം (Viral load) ഏറ്റവുമധികമായിരിക്കും. അക്യൂട്ട് HIV ഇൻഫെക്ഷൻ (AHI) എന്നാണ് ഈയവസ്ഥയ്ക്ക് പറയുന്നത്. ദിവസങ്ങളോ ആഴ്ചകളോ മാത്രം നീണ്ടുനിൽക്കുന്ന ഈ അവസ്ഥ, പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകും.

ഈ AHI എന്ന അവസ്ഥയ്ക്ക് രണ്ട് പ്രധാനപ്രശ്നങ്ങളാണുള്ളത്. ഒന്ന്, വൈറൽ ലോഡ് കൂടുതലായതിനാൽ രോഗം മറ്റൊരാളിലേയ്ക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. രണ്ട്, രോഗബാധിതനാണോ എന്നറിയാനുള്ള പരിശോധനകളെല്ലാം ഈ സമയത്ത് നെഗറ്റീവായിരിക്കും. HIV ബാധിക്കുന്ന ഒരാളിൽ, രോഗബാധയുണ്ടായി കുറച്ചുനാളുകൾ കഴിഞ്ഞാലേ ടെസ്റ്റുകളിൽ അത് തെളിയുകയുള്ളൂ. ശരീരത്തിൽ രോഗാണു പ്രവേശിച്ച ശേഷം ടെസ്റ്റ് പോസറ്റീവ് ആകുന്നത് വരെയുള്ള സമയത്തെ വിൻഡോ പിരിയഡ് (window period) എന്നാണ് പറയുന്നത്. HIV അണുബാധയെയും രോഗനിർണയത്തെയും സംബന്ധിച്ച് ആധുനികവൈദ്യശാസ്ത്രം നേരിടുന്ന പ്രധാനവെല്ലുവിളികളിൽ ഒന്നാണീ “ജാലകസമയം”

HIV അണുബാധ കണ്ടെത്താൻ പലതരം പരിശോധനകൾ നിലവിലുണ്ട്. ഈ പറയുന്ന എല്ലാ ടെസ്റ്റുകൾക്കും ഒരു വിൻഡോ പിരീഡും ഉണ്ട്. ELISA അഥവാ Enzyme Linked Immuno Sorbent Assay എന്നുപറയുന്ന പരിശോധന നമുക്കൊക്കെ ഏറെക്കുറെ പരിചിതവുമാണ്. ഏറ്റവും ലളിതമായതും ചെലവുകുറഞ്ഞതുമായ ഒന്നാണ് ELISA. ഒരാൾക്ക് HIV അണുബാധയുണ്ടായിക്കഴിഞ്ഞാൽ ശരീരം ആ വൈറസിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കിത്തുടങ്ങും. ഈ ആന്റിബോഡിയാണ് ELISA പരിശോധനയിൽ നമ്മൾ കണ്ടെത്തുന്നത്. ഒരു സാധാരണ ELISA ടെസ്റ്റിൽ കണ്ടെത്തപ്പെടാൻ മാത്രം ആന്റിബോഡി ശരീരത്തിലുണ്ടാകാൻ ഏകദേശം 84 ദിവസമെടുക്കും. ഈ 12 ആഴ്ച അല്ലെങ്കിൽ മൂന്നുമാസമാണ് ഒരു സാധാരണ ELISA പരിശോധനയുടെ വിൻഡോ പിരീഡ്.

ഇനി ELISA പോസിറ്റീവായി വന്നാൽ തന്നെ, അപ്പൊഴേ അയാൾക്ക് രോഗബാധയുണ്ടെന്ന് ഉറപ്പിക്കാൻ കഴിയില്ലാ. അത് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റാണ് വെസ്‌റ്റേൺ ബ്ലോട്ട് (Western blot). Western blot ലും ഇതേ ആൻറിബോഡിയെ തന്നെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ടെസ്റ്റിന്റെ വിൻഡോ പിരീഡും 3 മാസത്തോളമാണ്.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന ELISA യേക്കാൾ കാര്യക്ഷമമാണ് തേർഡ് ജനറേഷൻ ELISA ടെസ്റ്റ്. 95 ശതമാനം HIV അണുബാധിതരിലും 21- 34 ദിവസത്തിനുള്ളിൽ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താൻ ഈ മൂന്നാം തലമുറക്കാരന് സാധിക്കും. പക്ഷേ പരിശോധനയ്ക്കുള്ള ചെലവ് ആദ്യത്തേതിനെക്കാൾ കൂടുതലാണ്. വിൻഡോ പിരീഡ് ഇതിലും കുറവുള്ള ടെസ്റ്റാണ് നാലാം തലമുറക്കാരനായ P24 assay. ഇവിടെ രോഗബാധയുണ്ടായി 15 മുതൽ 20 ദിവസത്തിനുള്ളിൽ തന്നെ രോഗമുണ്ടെന്നറിയാം. ആന്റിബോഡിയ്ക്ക് പകരം P-24 എന്നുപറയുന്ന ആന്റിജനാണ് ഇവിടെ ടെസ്റ്റ് ചെയ്യുന്നത്. ചെലവ് അവിടെയും ആദ്യത്തേതിനേക്കാൾ കൂടുതലാണ്. മറ്റൊരു ടെസ്റ്റാണ് നാലാം തലമുറ ELISA. ഇതിൽ ആന്റിബോഡിയും P24 ആന്റിജനും പരിശോധിക്കും. അതുകൊണ്ട് തന്നെ പരിശോധനയുടെ കൃത്യത (Specificity) മറ്റെല്ലാ പരിശോധനകളേക്കാളും ഉയർന്നതാണ്, അതുപോലെ ചെലവും.

ആധുനികവൈദ്യശാസ്ത്രം എപ്പോഴും ഏറ്റവും കൃത്യതയുള്ളതും നിലവിലുള്ളവയുടെ പോരായ്മകൾ പരിഹരിക്കുന്നതുമായ കണ്ടെത്തലുകളിൽ മുഴുകിയിരിക്കുകയാണ്. ഇവിടെയും അങ്ങനെ തന്നെ. HIV രോഗനിർണയ പരിശോധനകളിൽ ഏറ്റവും പുതിയതാണ് NAT അഥവാ Nucleic acid Amplification Test. HIV അണുവിന്റെ ജനിതകവസ്തുവായ RNA ആണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നിലവിലുള്ളതിൽ ഏറ്റവും ചെറിയ വിൻഡോ പിരീഡുള്ളത് ഈ ടെസ്റ്റിനാണ്. 7 മുതൽ 15 ദിവസം വരെയാണിത്. അതായത് രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ പരിശോധനയിലൂടെ HIV അണുബാധ സ്ഥിരീകരിക്കാൻ NAT ലൂടെ സാധിക്കുമെന്നർത്ഥം. എന്നാൽ NAT മറ്റുള്ള ഏത് ടെസ്റ്റിനെക്കാളും ചെലവേറിയതാണ്. കേരളത്തിൽ IMA യുടെ ബ്ലഡ് ബാങ്കിലും ഒരു സ്വകാര്യ ബ്ലഡ്ബാങ്കിലുമാണ് നിലവിൽ ഈ ടെസ്റ്റ് ലഭ്യമായിട്ടുള്ളത്. പക്ഷേ സാധാരണക്കാരന് ഇതിന്റെ ഗുണങ്ങൾ ലഭിക്കണമെങ്കിൽ സർക്കാർ ബ്ലഡ്ബാങ്കുകളിൽ കൂടി ഇത് നടപ്പിലാക്കണം. ഇപ്പോൾ RCC യിലുണ്ടായതിന് സമാനമായ സംഭവം കുറച്ചുനാൾ മുമ്പ് ഒറീസയിലുമുണ്ടായി. വിവാദമായി. അതിന് പരിഹാരവുമുണ്ടായി. ഇപ്പോളവിടുത്തെ സർക്കാർ രക്തബാങ്കുകളിൽ NAT ചെയ്തുകൊടുക്കുന്നുണ്ട്. ധാരാളം AIDS രോഗികളുള്ള കർണാടകത്തിലെ രക്തബാങ്കുകളിൽ NAT ഉപയോഗിക്കുന്നുണ്ട്.

നമ്മൾ രക്തബാങ്കിൽ പോയി ദാനം ചെയ്യുന്ന രക്തം, ഒരുപാട് പരിശോധനകൾക്ക് വിധേയമായ ശേഷമാണ് സ്വീകർത്താവിന്റെ അടുക്കലെത്തുന്നത്. രക്തത്തിലൂടെ പകരുന്ന HIV, Hepatitis B& C തുടങ്ങി പല രോഗങ്ങളും നെഗറ്റീവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് രോഗിയ്ക്ക് നൽകുന്നത്. നിലവിൽ സർക്കാർ രക്തബാങ്കുകൾ വഴി സൗജന്യമായി നൽകുന്ന ഈ ഓരോ യൂണിറ്റ് ബ്ലഡിനും ഈ ടെസ്റ്റുകൾക്ക് മാത്രമായി 650 ഓളം രൂപ ചെലവ് വരുന്നുണ്ട്. അപ്പോൾ NAT കൂടി ചെയ്യേണ്ടി വരുന്നത് ഓരോ യൂണിറ്റ് രക്തത്തിനും ചെലവ് മൂന്നോ നാലോ മടങ്ങായെങ്കിലും ഉയരാനാണ് സാധ്യത. ഇത് സർക്കാരിന് അധികബാധ്യതയാകുമെന്നത് സത്യം. എന്നിരുന്നാലും പൊതുജനാരോഗ്യത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൽപ്പിക്കുന്ന കേരളത്തിൽ, സർക്കാർ മേഖലയിൽ NAT സൗകര്യം വരേണ്ടതത്യാവശ്യമാണ്.

നാഷണൽ എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2015-16 ൽ 1559 പേർക്ക് രക്തദാനം വഴി HIV പകർന്നു എന്നാണ് സംശയിക്കുന്നത്. UK യിൽ 2005 ന് ശേഷവും US ൽ 2008 ന് ശേഷവും ഈവിധം ഒരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ. നമ്മുടെ നാട്ടിൽ ദാനം ചെയ്തുകിട്ടുന്ന രക്തത്തിന്റെ 0.2% HIV പോസിറ്റീവാണെന്നാണ് കണക്കുകൾ പറയുന്നത്. ആ രക്തം അപ്പോൾ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് 2nd/3rd generation ELISA വച്ചുള്ള പരിശോധനാഫലമാണ്. NAT പരിശോധന നമുക്കെത്ര മാത്രം അത്യാവശ്യമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

നമ്മുടെ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന സാധാരണ ELISA യിൽ നിന്ന് NAT ലെത്തുമ്പോൾ “ജാലകസമയം” 90 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറയും. അപ്പോൾ പോലും ആ ഏഴ് ദിവസത്തിന്റെ ചെറിയൊരു റിസ്ക് ബാക്കിയുണ്ട്. ഈയവസ്ഥയിൽ ഇതുവായിയ്ക്കുന്ന ഏതൊരാൾക്കും ഉണ്ടായേക്കാവുന്ന സംശയമാണ്, അപ്പോൾ പിന്നെ എന്ത് ധൈര്യത്തിൽ നമ്മൾ രക്തം സ്വീകരിക്കും എന്നത്. ഇത് തീർത്തും പ്രസക്തമായ സംശയം തന്നെ. രക്തം സ്വീകരിക്കുന്നത് വഴിയുള്ള HIV അണുബാധാസാധ്യത കുറയ്ക്കാൻ ചില മാർഗ്ഗങ്ങൾ നമുക്ക് അവലംബിക്കേണ്ടതുണ്ട്.

  1. സ്വമേധയായുള്ള രക്തദാനം (voluntary blood donation) പ്രോഹത്സാഹിപ്പിക്കണം. ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ ബ്‌ളഡ് ബാങ്കിൽ പോയി രക്തം നൽകുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം. നിർഭാഗ്യവശാൽ, സന്നദ്ധരക്തദാനം ചെയ്യുന്നവർ കേരളത്തിൽ വളരെ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ഇവിടെ ആകെയുള്ള രക്തദാനത്തിന്‍റെ 27% മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ നടക്കുന്നുള്ളൂ. അതു 60% എങ്കിലും ആക്കണം. സന്നദ്ധ രക്തദാനത്തിന്‍റെ ഗുണങ്ങൾ ഇവയാണ്
  2. സന്നദ്ധ രക്തദാതാവ് അവർക്ക് ആരോഗ്യവാനാണെന്നു പൂർണബോധ്യമുണ്ടെങ്കിൽ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
  3. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്‍റെ ലഭ്യത രക്തബാങ്കുകളിൽ ഉറപ്പാകുന്നു.
  4. അത്യാവശ്യഘട്ടത്തിൽ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
  5. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാകുന്നു.

കാശിനുവേണ്ടിയുള്ള ദാതാക്കളെ (Professional blood donors) നിരുത്സാഹപ്പെടുത്തണം.

  1. അത്യാവശ്യഘട്ടങ്ങളിൽ രോഗസാധ്യത കുറവാണെന്ന് നമുക്ക് നേരിട്ടുള്ള ബോധ്യമുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് കഴിയുന്നതും രക്തം സ്വീകരിക്കണം.
  2. ചിലവ് കൂടുമെങ്കിലും ഏറ്റവും പുതിയ ടെസ്റ്റുകൾ ഉപയോഗിക്കുന്നത് വിൻഡോ പിരിയഡ് കുറയ്ക്കുവാൻ സഹായിക്കും. സാധാരണക്കാരനുതകും വിധം അവ പ്രാബല്യത്തിൽ വരുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. വയനാട്ടിൽ 8 വയസുള്ള കുട്ടിയ്ക്ക് സമാനമെന്ന് കരുതുന്ന രീതിയിൽ HIV പകർന്നിരുന്നു. അതിന്റെ ഭാഗമായി ഒരു എക്സ്പർട്ട് കമ്മിറ്റി രൂപീകരിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുകയുമുണ്ടായി, 2013-ൽ. എല്ലാ സർക്കാർ ബ്ലഡ് ബാങ്കുകളിലും നാലാം തലമുറ ELISA (For HIV, Hepatitis-B&C) തന്നെ ഉപയോഗിക്കണമെന്ന് അതിൽ നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ കേരളത്തിലെ മൂന്നുസോണുകളിലായി ഓരോന്നിലും ഓരോ NAT സൗകര്യമുള്ള ലാബ് വേണമെന്നും താലസീമിയ രോഗികൾക്ക് നിർബന്ധമായും NAT കഴിഞ്ഞേ രക്തം നൽകാവൂ എന്നും നിർദ്ദേശമുണ്ടായിരുന്നു. ഇവയൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലായെന്ന് പറയണ്ടല്ലോ. ഇക്കാര്യങ്ങളിൽ സർക്കാരുകൾ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതത്യാവശ്യം.
  3. ഇതോടൊപ്പം നമ്മൾ മനസിലാക്കേണ്ടത്, ഒരിക്കലും രക്തം ദാനം ചെയ്യുന്നതുവഴി നിങ്ങൾക്ക് HIV അണുബാധ ഉണ്ടാകുകയില്ലാ. അതുപേടിച്ച് രക്തദാനപ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കരുത്.

വിവാദങ്ങളല്ല, വസ്തുതകളെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമാണ് നമുക്കിക്കാര്യത്തിലും ആരോഗ്യസംബന്ധമായ എല്ലാകാര്യങ്ങളിലും വേണ്ടത്. തീർച്ചയായും കാലത്തിനനുസരിച്ചുള്ള മുന്നേറ്റങ്ങൾ നമുക്കത്യാവശ്യമാണ്. രക്ത പരിശോധന നടത്താതെയാണ് RCC യിൽ നിന്ന് കുഞ്ഞിന് രക്തം നൽകിയതെങ്കിൽ അത് അനാസ്ഥയാണ്, കടുത്ത നടപടികൾ അനിവാര്യവുമാണ്. RCC യിലെ രക്തബാങ്ക് ദേശീയ നിലവാരത്തിലുള്ളതാണ്. ഒരോ യൂണിറ്റു ബ്ലഡും എല്ലാ പരിശോധനകൾക്കും ശേഷമാണവിടെ നൽകുന്നത്. കൃത്യതയുള്ള നൂതനമായ പരിശോധനാമാർഗ്ഗങ്ങൾ എത്രയും വേഗം അവിടെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം നമ്മെ വീണ്ടുംവീണ്ടും ഓർമ്മിപ്പിക്കുന്നത്.

HIV യ്ക്ക് മാത്രമല്ല മറ്റു പല രോഗങ്ങൾക്കും ഈ “ജാലകസമയ” ത്തിന്റെ പ്രശ്നമുണ്ട്. വിൻഡോ പിരിയഡിൽ ഉണ്ടാകുന്ന അണുബാധ നിർഭാഗ്യകരമാണ്. എന്നാൽ അതിന് ആശുപത്രിയെയോ രക്തബാങ്കിലെ ജോലിക്കാരെയോ പഴിക്കാൻ നമുക്ക് കഴിയില്ല. നമുക്ക് HIV യെ അറിഞ്ഞ്, ശാസ്ത്രീയമായും വസ്തുതാപരമായും ചിന്തിക്കാം. HIV പകരാതിരിക്കാൻ ഒരുമിച്ച് പരിശ്രമിക്കാം.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ