· 5 മിനിറ്റ് വായന

സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ്-19ശിശുപരിപാലനം
കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകൾ വീതം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ എന്തായിരിക്കണം ശാസ്ത്രീയമായ രീതി?
പുതിയൊരു അസുഖമായ കോവിഡിന്റെ പ്രാരംഭകാലത്ത് പകർച്ച തടയാൻ സ്കൂളുകൾ അടച്ചിടുക എന്ന തീരുമാനം അത്യാവശ്യമായിരുന്നു. അസുഖത്തെക്കുറിച്ച് കാര്യമായ അറിവ് ഇല്ലാത്ത കാലത്ത് കുട്ടികളുടെ സുരക്ഷിതത്വം അതീവ പ്രാധാന്യമുള്ളതാണ് എന്ന കാരണത്താലും കുട്ടികളിലൂടെ വയോധികരിലേക്കും മറ്റ് അസുഖങ്ങൾ (comorbidities) ഉള്ളവരിലേക്കും കോവിഡ് പകർന്നാൽ അവരുടെ ജീവനും ആരോഗ്യത്തിനും അപകടം കൂടുതലാണ് എന്ന് അറിയാമായിരുന്നതിനാലും ഈ അടച്ചിടൽ അത്യന്താപേക്ഷിതമായിരുന്നു.
ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നത് വിദ്യാഭ്യാസത്തെ മാത്രമല്ല ബാധിക്കുന്നത്. വിദ്യാർഥികളുടെ സ്വാഭാവികമായ ഇടപെടലുകളെയും മാനസിക ഉല്ലാസത്തെയും അത് മോശമായി ബാധിക്കുന്നുണ്ട്. ആഹ്ലാദിക്കാനും ചർച്ച ചെയ്യാനുമുള്ള വിദ്യാർഥികളുടെ ഇടങ്ങളെയും സന്ദർഭങ്ങളെയും അത് ഇല്ലാതാക്കിയിട്ടുണ്ട്. ഇത് കുട്ടികളെ ഏതൊക്കെ രീതിയിൽ ദോഷകരമായി ബാധിക്കുമെന്ന് ഇപ്പോൾ നമുക്ക് തീർത്തു പറയാനാവില്ല. വളരെ ചെറിയ പ്രായത്തിലാണ് കുട്ടികളുടെ തലച്ചോറ് വികാസം പ്രാപിക്കുന്നത് എങ്കിലും സ്വഭാവരൂപീകരണവും വ്യക്തിത്വ വികാസവും സംഭവിക്കുന്നത് കൗമാരപ്രായത്തിലും വിദ്യാഭ്യാസ കാലഘട്ടത്തിലും ആണ്. ഇതിന് സാമൂഹ്യമായ ഇടപെടലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആ അവസരം ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള കുട്ടികളുടെ അവസ്ഥ ഇങ്ങനെയാണ്.
പക്ഷേ പ്രതിദിനം ശരാശരി മുപ്പതിനായിരം കേസുകളും 15 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റീവ് നിരക്കും ഉള്ള ഒരു കാലത്ത് സ്കൂളുകൾ തുറക്കുക എന്നു കേൾക്കുന്നതുതന്നെ മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് ആവാൻ സാധ്യതയുണ്ട്. മാത്രമല്ല കുട്ടികളിൽ MIS-C സംബന്ധമായ ആശങ്കകളും രക്ഷിതാക്കൾക്ക് ഉണ്ടാവും. ലോകമാകെ പരിശോധിച്ചാൽ കോവിഡ് മൂലമുള്ള സങ്കീർണതകളും മരണവും ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും ആയിരുന്നു എന്ന് നമുക്കറിയാം. ഈ കാരണം കൊണ്ടു തന്നെ കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പകരാതിരിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ നടപ്പാക്കി. എന്നാൽ ഇന്നിപ്പോൾ നമ്മൾ വളരെ ഊർജ്ജിതമായി വാക്സിനേഷൻ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. വയോധികരിൽ ബഹുഭൂരിപക്ഷം പേർക്കും രണ്ടു ഡോസ് ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആകെയുള്ള മൂന്നരക്കോടിയോളം ജനസംഖ്യയിൽ 79 ലക്ഷത്തോളം പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചുകഴിഞ്ഞു. ഒരു ഡോസ് മാത്രം ലഭിച്ചവരുടെ എണ്ണം ഒരുകോടി മുപ്പത്തഞ്ച് ലക്ഷം കഴിഞ്ഞു. ഇതെല്ലാം 18 വയസിനു മുകളിൽ പ്രായമുള്ളവരാണ്. കേരള ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനം പേർ 18 വയസ്സിന് മുകളിലുള്ളവരാണ്. അതായത് 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് 2.6 കോടിയിൽ 2.14 കോടി പേർക്ക് ഒരു ഡോസ് എങ്കിലും ലഭിച്ചുകഴിഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കഴിഞ്ഞു. രോഗമുക്തി നേടിയവർക്കും വാക്സിൻ ലഭിച്ചവർക്കും പ്രതിരോധശേഷി ലഭിക്കുമെന്ന് നമുക്കറിയാം. അസുഖം വരുന്നത് പൂർണമായി തടയാൻ ആവില്ലെങ്കിലും രോഗതീവ്രത ഗണ്യമായി കുറയ്ക്കാൻ വാക്സിൻ സഹായിക്കും. രോഗം വന്ന് മാറിയവരിൽ രണ്ടാമത് വന്നാൽ രോഗതീവ്രത കുറവ് ആവാനാണ് സാധ്യത. ഒന്നര വർഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് എന്ന് ചുരുക്കം. വയോധികരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും കോവിഡ് പകർന്ന് ഗുരുതരാവസ്ഥ ഉണ്ടാവുന്നത് ഒരുപരിധിവരെയെങ്കിലും തടയാൻ നമുക്ക് സാധിക്കും.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കൂടുതൽ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചതിനാൽ ആശുപത്രി സംവിധാനങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ രോഗികൾ കേരളത്തിലുണ്ടായില്ല, അതുകൊണ്ടുതന്നെ മരണനിരക്ക് കുറച്ചു നിർത്താനും നമുക്ക് സാധിച്ചു. താരതമ്യേന മെച്ചപ്പെട്ട റിപ്പോർട്ടിങ്ങും കേരളത്തിൽ ഉണ്ട്. താരതമ്യേന ഫലപ്രദമായി പ്രതിരോധിച്ചതുകൊണ്ടുതന്നെ രോഗം വരാത്ത ആൾക്കാരുടെ ശതമാനം കേരളത്തിൽ താരതമ്യേന ഉയർന്ന് നിൽക്കുന്നതിനാൽ രോഗ പകർച്ചയുടെ സാധ്യതയും ഇവിടെ കൂടുതലാണ്. എന്നാലും ഏതാനും ആഴ്ചകൾ കൊണ്ട് അത് കുറഞ്ഞുതുടങ്ങും എന്ന് പ്രതീക്ഷിക്കാം.
എന്നാൽ 18 വയസ്സിൽ താഴെയുള്ളവരിൽ വാക്സിനേഷൻ ആരംഭിച്ചിട്ടില്ല എന്നതിനാൽ കുട്ടികളിൽ അടുത്തൊരു തരംഗം ഉണ്ടാകും, അത് ഗുരുതരമാകും എന്നൊരു ആശങ്ക പലർക്കുമുണ്ട്. ഇതുവരെയുള്ള വിവരങ്ങൾ അപഗ്രഥിക്കുമ്പോൾ ഇങ്ങനെയൊരു ആശങ്ക വേണ്ട എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കുട്ടികളിൽ രോഗം പകരാൻ സാധ്യത ഉണ്ടെങ്കിൽ പോലും ഗുരുതരാവസ്ഥയിൽ എത്താനുള്ള സാധ്യത താരതമ്യേന വളരെ കുറവാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റാ പരിശോധിച്ചാൽ അത് വ്യക്തമായി മനസിലാക്കാൻ സാധിക്കും. വളരെ ന്യൂനപക്ഷം കുട്ടികളിൽ മാത്രം വരാൻ സാധ്യതയുള്ള MIS-C പോലെയുള്ള സാഹചര്യങ്ങളെ നേരിടാൻ നമ്മുടെ ആരോഗ്യരംഗം സുസജ്ജവും ആണ്.
വയോധികരിലും മറ്റു ഗുരുതര രോഗമുള്ളവരിലും വരുന്നത് പോലെയല്ല കുട്ടികളിലെ അവസ്ഥ. ശ്വാസകോശസംബന്ധമായതോ മറ്റ് ഗുരുതരമായ എന്തെങ്കിലമോ സാഹചര്യം നേരത്തെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കും.
ഇങ്ങനെയൊരു സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതകാലം നീട്ടാൻ സാധിക്കില്ല. നാളെ തന്നെ സ്കൂൾ തുറക്കാൻ സാധിക്കും എന്നല്ല പറയുന്നത്. എന്നാൽ കുറച്ചു മാസങ്ങൾ കൊണ്ട് ഭാഗികമായെങ്കിലും സ്കൂൾ തുറക്കാൻ സാധിക്കുന്ന സാഹചര്യം സംജാതമാക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തണം എന്നാണ് പറയുന്നത്. അതിനുള്ള സമയമാണ് ഇത്. കുട്ടികളിൽ വാക്സിനേഷൻ പൂർത്തിയാക്കിയതിനുശഷമേ സ്കൂൾ തുറക്കൂ എന്ന് തീരുമാനിക്കാൻ പാടില്ല. അതിനുവേണ്ടി കാത്തിരിക്കേണ്ട കാര്യമില്ല. നമുക്ക് വേണ്ടത് കോവിഡ് പകർച്ച തടയുന്ന പെരുമാറ്റരീതികൾ കൂടുതൽ ജാഗ്രതയോടെ പരിശീലിക്കുക എന്നതാണ്. ചെറിയ ക്ലാസിലെ കുട്ടികൾ മുതൽ ഉയർന്ന ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വരെ ഈ ശീലം ഉണ്ടാവേണ്ടതുണ്ട്. ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും ഏവർക്കും സാധിക്കേണ്ടതുണ്ട്.
വിദ്യാർഥികളെ നിർബന്ധിച്ചു കൊണ്ടോ, അവരിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ടോ ആവരുത് കോവിഡ് പെരുമാറ്റരീതികൾ പരിശീലിപ്പിക്കേണ്ടത്. പകരം അവരെ കൂടി വിശ്വാസത്തിലെടുത്ത് ചർച്ചചെയ്തു തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കണം.
കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കും ജാഗ്രത വേണ്ടതുണ്ട്. എല്ലാ അധ്യാപകരും 2 ഡോസ് സ്വീകരിച്ചിരിക്കണം. സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ടുവന്നാക്കുമ്പോൾ ആൾക്കൂട്ടവും തിരിക്കും ഉണ്ടാവാൻ പാടില്ല. വിവിധ ക്ലാസിലെ കുട്ടികൾക്ക് വ്യത്യസ്തമായ സമയങ്ങളിൽ പ്രവേശിക്കാൻ നിർദേശം നൽകാം. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികൾ സ്കൂളിൽ വരാൻ പാടില്ല. ലക്ഷണങ്ങൾ മനസ്സിലാക്കാനും പരിശോധനകൾ നടത്താനും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തേണ്ടതുണ്ട്. കുട്ടികളെ സ്കൂളിൽ കൊണ്ടു വിടാൻ വരുന്ന മുതിർന്നവർ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്.
കുട്ടികളിൽ ഗുരുതരാവസ്ഥയും മരണനിരക്കും പലരാജ്യങ്ങളിലും തീരെ കുറവായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. പല രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം പരിശോധിച്ചാൽ മരണം സംഭവിച്ചിരിക്കുന്നത് മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ള കുട്ടികൾക്ക് കോവിഡ് ബാധിച്ചപ്പോൾ ആയിരുന്നു എന്ന് കാണാം. അതുകൊണ്ട് അങ്ങനെയുള്ള കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. കുട്ടികളിലെ വാക്സിൻ ട്രയൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് ട്രയലുകളിൽ അപഗ്രഥിക്കപ്പെടുമ്പോൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകണം. പക്ഷേ അതിന് ഇപ്പോൾ തിടുക്കം വേണ്ട. ട്രയൽ വിവരങ്ങൾ കൃത്യമായി പുറത്തുവരട്ടെ.
എല്ലാ ക്ലാസുകളും ഒരുമിച്ച് തുറക്കുന്ന രീതിയേക്കാൾ നല്ലത് ഘട്ടംഘട്ടമായി ആരംഭിക്കുന്നതായിരിക്കും. കോവിഡിന് യോജിച്ച പെരുമാറ്റരീതികൾ പഠിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ചെറിയ കുട്ടികളിൽ ആയതുകൊണ്ട് അവരുടെ ക്ലാസ് ആദ്യം തുടങ്ങി, അവരെ ഇത് പരിശീലിപ്പിക്കുന്നത് ആവും നന്ന്. അവരുടെ ക്ലാസുകൾ ആദ്യം തുടങ്ങിയാൽ അധ്യാപകർക്ക് അവരെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. അതുപോലെതന്നെ നിലവിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് മുൻഗണന നൽകണം. അവർക്കാണ് വിദ്യാഭ്യാസത്തിനും സാമൂഹ്യ ഇടപഴകലിനും ഏറ്റവും പെട്ടെന്ന് അവസരം ലഭിക്കേണ്ടത്. അതുപോലെ ഒരു സ്കൂളിലെ എല്ലാ കുട്ടികൾക്കും എല്ലാദിവസവും സ്കൂളിൽ ക്ലാസ് വേണമെന്നില്ല. ഓരോ ക്ലാസിലും ഗ്രൂപ്പ് തിരിച്ച്, ഓരോ ചെറിയ ഗ്രൂപ്പുകളിൽ ഉള്ള കുട്ടികൾക്ക് ഒരുദിവസം ക്ലാസും മറ്റുള്ളവർക്ക് അവധിയും നൽകുകയോ, അല്ലെങ്കിൽ രാവിലെ ഒരു ഗ്രൂപ്പിനും ഉച്ചയ്ക്ക് ശേഷം മറ്റൊരു ഗ്രൂപ്പിനും ക്ലാസ്സ് ഉള്ള രീതിയിലോ ക്രമീകരിക്കാവുന്നതാണ്. ഹൈബ്രിഡ് മോഡൽ അതായത് ഓൺലൈൻ + ഓഫ് ലൈൻ രീതിയെ കുറിച്ച് ആലോചിക്കണം. ഒരു ക്ലാസിലെ പകുതി കുട്ടികൾ നേരിട്ട് ക്ലാസിലും പകുതി കുട്ടികൾ ഓൺലൈൻ ആയും, ഇത്തരത്തിലുള്ള ഓഫ് ലൈൻ / ഓൺലൈൻ ക്ലാസുകൾ ഇടവിട്ട് അറ്റന്റ് ചെയ്യാം. നേരിട്ട് ക്ലാസ്സിൽ എത്താൻ സാധിക്കാത്ത / വൈമുഖ്യമുളള കുട്ടികൾക്ക് ഓൺലൈനായി അറ്റൻഡ് ചെയ്‌യാം. അങ്ങനെയൊരു ഓപ്ഷൻ കൂടി ലഭിക്കണം.
അടച്ചിട്ട റൂമുകളിൽ ആണ് രോഗവ്യാപനം കൂടുതൽ എന്ന് ഏവർക്കും അറിയാമല്ലോ. അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം.
ക്ലാസ്സുകളിൽ വായുസഞ്ചാരം ഉറപ്പു വരുത്തണം. തുറസ്സായ സ്ഥലങ്ങളിൽ (മരത്തണലിലോ മറ്റോ) ചെറിയ ഗ്രൂപ്പുകൾക്ക് ക്ലാസ്സ് എടുക്കാൻ പറ്റുമോ എന്ന സാധ്യതയും പരിശോധിക്കാവുന്നതാണ്.
ഉച്ചഭക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എല്ലാവരും ഒരുമിച്ച് കൂടിയിരുന്നുള്ള ഉച്ച ഭക്ഷണ രീതി നിരുത്സാഹപ്പെടുത്തണം. ശാരീരിക അകലവും മാസ്ക്കും ശീലം ആയി മാറണം.
സ്കൂളിലേക്കുള്ള യാത്രയിലും ശ്രദ്ധിക്കാം. ചെറിയ ദൂരമാണെങ്കിൽ കഴിവതും നടന്ന് സ്കൂളിൽ പോകാൻ ശ്രമിക്കണം. കഴിഞ്ഞ ഒന്നര വർഷമായി കളികളും വ്യായാമവും ഇല്ലാതിരുന്ന കുട്ടികളുടെ ആരോഗ്യത്തിന് അത് വളരെ നല്ലതായിരിക്കും. വളരെ ദൂരെയുള്ള കുട്ടികൾ കിലോമീറ്ററുകൾ നടന്ന് സ്കൂളിൽ പോകണം എന്നല്ല പറയുന്നത്. സ്കൂൾ ബസ് പോലുള്ള വാഹനങ്ങളിലോ, ടാക്സി വാഹനങ്ങളിലോ പോകുമ്പോൾ ഡ്രൈവർ അഥവാ വാഹനത്തിലുള്ള മുതിർന്നവർ വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം എന്ന് ഉറപ്പാക്കണം.
ഒരു കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. കുട്ടികളിൽ കോവിഡ് ബാധിച്ചാൽ സങ്കീർണതകൾ താരതമ്യേന വളരെ കുറവാണെങ്കിലും ഇവരിൽനിന്ന് വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്ക് രോഗം ലഭിച്ചാൽ അവർക്ക് രോഗം സങ്കീർണമാവാം. ഇപ്പോഴും വാക്സിൻ സ്വീകരിക്കാൻ മടികാണിക്കുന്ന ഒരു ന്യൂനപക്ഷം ആൾക്കാരുണ്ട്. അശാസ്ത്രീയത വെടിഞ്ഞ് വാക്സിൻ സ്വീകരിക്കാൻ അവർ തയ്യാറാവണം. കാരണം നിലവിലെ ഡെൽറ്റ വേരിയന്റിന് പകർച്ചാ ശേഷി കൂടുതലാണ്. കുട്ടികൾ വഴി മുതിർന്നവർക്ക് അസുഖം ഉണ്ടായി, അവർക്ക് സങ്കീർണത ആവുന്ന സാഹചര്യം ഉണ്ടാവരുത്. അതിനായി കുട്ടികൾക്കെല്ലാം വാക്സിൻ ലഭിക്കുന്നതു വരെ കാത്തിരിക്കുക അല്ല വേണ്ടത്. കുട്ടികളിലെ വാക്സിൻ ട്രയലുകളും കാര്യങ്ങളും ഒക്കെ നടന്നു വരുന്നതേയുള്ളൂ. അതുകൊണ്ട് മടി കാട്ടി നിൽക്കുന്ന മുതിർന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരാവുക ആണ് വേണ്ടത്.
ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയും സമൂഹത്തിൽ ഓരോ കുടുംബങ്ങളിലും എത്തുകയും വേണം. അതിന് ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, മാധ്യമങ്ങളും ഉത്തരവാദിത്വത്തോടെ ശ്രമിക്കേണ്ടതുണ്ട്.
രോഗവ്യാപനം ഇത്രയും കൂടി നിൽക്കുന്ന ഈ സമയത്ത് സ്കൂൾ തുറക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. അത് പാടില്ല. ഏതാനും ആഴ്ചകൾ കൊണ്ട് അല്ലെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് നിലവിലെ ഉയർന്ന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആ കാലത്തേക്ക് സ്കൂൾ തുറക്കാൻ സജ്ജമാവണം, അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം.
ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ