· 8 മിനിറ്റ് വായന

തേൾവിഷബാധ

Toxicology
മിക്കവർക്കും കണ്ടാൽ ഭയമുള്ള ഒരു ജീവിയാണ് തേൾ. ഇവരുടെ വാല് കൊണ്ടുള്ള കുത്തിനെ കുറിച്ചുള്ള നിരവധി കഥകൾ കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുണ്ടാവും. തേളുകൾ അത്ര നിസാരക്കാരല്ല. മനുഷ്യൻ മരണങ്ങൾക്ക് വരെ കാരണമാകാവുന്നത്ര വിഷമുള്ള തേളുകളുണ്ട്. ലോകത്ത് തേൾ വിഷബാധയും അതിനെ തുടർന്നുള്ള മരണങ്ങളും ഏറ്റവും കൂടുതലായി കാണുന്നത് മെക്സിക്കോ, ഇറാൻ, അഫ്രിക്ക, ടുണീഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.
ലോകത്ത് ആകെ 1500 ഓളം സ്പീഷിസ് തേളുകൾ ഉണ്ടെങ്കിലും അതിൽ 30 എണ്ണത്തിന് മാത്രമേ മനുഷ്യന് അപകടകരമാം വിധം വിഷബാധയേൽപ്പിക്കാൻ കഴിവുള്ളൂ.
ഇന്ത്യയിൽ എകദേശം 86 സ്പീഷിസുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ട് എണ്ണത്തിന് മാത്രമെ മനുഷ്യജീവന് അപകടകരം ആകുന്നത്ര വിഷ ബാധയേൽപ്പിക്കാനുള്ള കഴിവുള്ളൂ.
1) Hottentotta tamulus (Mesobuthus tamulus or Indian Red Scorpion / ചെന്തേൾ )
2) Heterometrus species (Palamneus gravimanus or Indian Black Scorpion / കരിന്തേൾ )
തേളിൻ്റെ വലിപ്പത്തിന് വിഷബാധയേൽപ്പിക്കാനുള്ള കഴിവുമായി യാതൊരു ബന്ധവും ഇല്ല. ചെന്തേളിന് എകദേശം 2 – 4 cm ആണ് വലിപ്പം. കരിന്തേളിന് ഏകദേശം 2 – 20 cm ഉം. ഇവരിൽ അപകടകരമാകും വിധം വിഷ ബാധയേൽപ്പിക്കാനുള്ള കഴിവ് കൂടുതൽ ചെന്തേളിനാണ്. വലിപ്പം കൂടുതലുള്ള കരിന്തേളിനാണ് കൂടുതൽ വിഷം എന്ന ധാരണയാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. എന്നാൽ അങ്ങനെയല്ല വസ്തുത.
എങ്ങനെയാണ് തേളുകൾ വിഷബാധ ഏൽപ്പിക്കുന്നത് ?
തേളിൻ്റെ വാലിൻ്റെ അറ്റത്ത് തടിച്ച് വീർത്ത പോലെ കാണുന്ന Telson എന്ന ഭാഗത്താണ് വിഷം ഉള്ളത്. ഇവ കടിക്കമ്പോളല്ല, കുത്തുമ്പോൾ ആണ് വിഷബാധയേൽക്കുന്നത്. 6 -10 മാസം പ്രായം മുതൽ കുഞ്ഞുങ്ങൾക്ക് വിഷബാധ ഏൽപ്പിക്കാനുള്ള കഴിവ് ലഭിക്കും.
വാസസ്ഥലം:
സാധരന്നമായി മരത്തിൻ്റെ വിണ്ടുകീറിയ തൊലിക്കടിയിൽ, വിറക് ശേഖരം, ഇഷ്ടിക തളം, വീടിൻ്റെ ഭിത്തി, വാതിൽ, ജനാല തുടങ്ങിയവിലെ വിടവുകൾക്കിടയിൽ, ഷൂസിൻ്റെ ഉള്ളിൽ, ഇരുണ്ട പ്രദേശങ്ങൾ തുടങ്ങിയവയിലാണ് തേളുകളെ കാണാറ്.
തേൾ വിഷം:
വിഷമുള്ള തേളിൻ്റെ കുത്തേറ്റാൽ എപ്പോഴും വിഷം കയറണമെന്നില്ല. സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി വിഷബാധയേൽപ്പിക്കാതെ കുത്താനുള്ള (Dry Sting) കഴിവ് തേളിനുണ്ട്. ഒരിക്കൽ വിഷം തൊലികൾക്കടിയിലുള്ള കൊഴുപ്പു പാളികളിൽ (Subcutaneos tissue) പ്രവേശിച്ചാൽ എകദേശം 70% വിഷവും 15 മിനിറ്റിനുള്ളിൽ രക്തത്തിൽ പ്രവേശിക്കും. എകദേശം 7 – 8 മണിക്കൂർ കൊണ്ട് 100 % വിഷവും രക്തത്തിൽ അലിഞ്ഞു ചേരും.
തേളിൻ്റെ വിഷത്തിൽ അതിസങ്കീർണമായ അനേകം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. Phospholipase, acetylcholine esterases, hayluronidase, serotonin, neurotoxin 1 – 4 തുടങ്ങിയവയാണ് അതിൽ ചിലത്. ഇതിലെ neurotoxin 1 – 4 ശരീരത്തിലെ ഞരമ്പുകളിൽ പ്രവർത്തിച്ച് catecholamine, acetylcholine എന്നിവ വളരെ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്നു. ഇതാണ് രോഗലക്ഷണങ്ങൾക്കും സങ്കീർണതകൾകും നിദാനം.
വിഷബാധയുടെ ലക്ഷണങ്ങൾ:
രോഗലക്ഷണങ്ങളുടെ ആരംഭവും തീവ്രതയും തേളിൻ്റെ സ്പീഷിസ് അനുസരിച്ച് വ്യത്യാസപെടാം. സാധരണ രോഗലക്ഷണങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കാറുണ്ടെങ്കിലും ചിലപ്പോൾ 24 മണിക്കൂർ വരെ താമസിക്കാം.
⛔ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന, കടച്ചിൽ, നിറവ്യത്യാസം, പുകച്ചിൽ തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ.
⛔ ക്രമേണ കൈകാലുകൾക്ക് തരിപ്പും വായ്ക്ക് ചുറ്റും മരവിപ്പും അനുഭവപ്പെടാം.
⛔ തുപ്പൽ കൂടുതലായി ഉൽപാദിപ്പിക്കപെടാം.
⛔ വയറുവേദന, ശർദ്ദി, വയറിളക്കം തുടങ്ങിയവ വരാം.
⛔ അമിതമായി വിയർക്കാൻ സാധ്യതയുണ്ട്.
⛔ കടിയേറ്റ ഭാഗത്ത് നീർവീക്കം ഉണ്ടാവാനും ആ ഭാഗം ദ്രവിക്കാനും (necrosis) സാധ്യതയുണ്ട്.
⛔ കുട്ടികളിൽ വേദനാജനകമായ ലിംഗോദ്ധാരണം (priapism) സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. എന്താണ് കടിച്ചത് എന്ന് തിരിച്ചറിയാതെ ആശുപത്രിയിൽ കൊണ്ടു വരുന്ന കുട്ടികളുടെ കേസുകളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും പാമ്പുകടി ആണോ എന്ന് സംശയം കൊണ്ടുവരുന്നവർക്ക് ഉണ്ടാവും. എന്നാൽ ഈ ലക്ഷണം കണ്ടാൽ തേൾ കുത്തിയതിനുള്ള സാധ്യതയാണ് എന്ന് മനസ്സിലാക്കണം.
⛔ വിഷബാധ കൂടും തോറും ഹൃദയതാളത്തിലും, രക്തസമ്മർദ്ദത്തിലും ഏറ്റകുറച്ചിലും പാകപ്പിഴയും വരാം.
⛔ ചിലപ്പോൾ ഹൃദയ സ്തംഭനത്തിലേയ്ക്കോ, ഇരു വൃക്കകളുടെയും തകരാറിലേയ്ക്കോ നയിച്ചേക്കാം.
⛔ ചിലർക്ക് അമിതമായ രക്തസ്രാവം (DIC ) വരാം.
⛔ ചിലരിൽ ആഗ്നേയ ഗ്രന്ഥിക്ക് വീക്കം വരാം.
⛔ ചിലർക്ക് പക്ഷാഘാതം (Stroke), അപസ്മാരം (seizure) എന്നിവയും വരാം.
⛔ ഗുരുതരമായി വിഷബാധയേറ്റവർക്ക് ശ്വാസകോശസംബന്ധമായ ARDS അതിസങ്കീർണമായ അവസ്ഥയിൽ എത്താൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള രോഗികൾക്ക് വെന്റിലേറ്ററിൻ്റെ സഹായം വേണ്ടി വന്നേയ്ക്കാം.
⛔ ചിലർക്ക് തേൾ വിഷത്തോട് അലർജി ( anapnyIaxis ) ഉണ്ടാകാം. ഇങ്ങനെയുള്ള രോഗികൾക്ക് കൺപോളകൾക്കും ചുണ്ടിനും നീരുവയ്ക്കുകയും ബി പി താഴുകയും ചെയ്യാം.
പ്രഥമക ശുശ്രൂഷ:
?️ കുത്തേറ്റ ആൾക്ക് ആത്മവിശ്വാസം പകർന്നു നൽകുക. പരിഭ്രാന്തി കൊണ്ട് ദൂഷ്യമേ ഉണ്ടാകൂ. കൂടുതൽ പരിഭ്രാന്തരായാൽ രക്തചംക്രമണം കൂടുകയും വിഷം കൂടുതൽ വ്യാപിക്കുകയും ചെയ്യും.
?️ കുത്തേറ്റ ഭാഗം പരമാവധി അനക്കാതിരിക്കുക.
?️ കടിയേറ്റ ഭാഗത്ത് വിഷം ഒഴുക്കിക്കളയാൻ വേണ്ടി മുറിവേൽപ്പിക്കാതിരിക്കുക. ഇത്തരത്തിലുള്ള അശാസ്ത്രീയമായ നടപടികൾ കൊണ്ട് ദൂഷ്യമേ ഉണ്ടാവൂ.
?️ കടിയേറ്റ ഭാഗത്ത് നിന്ന് വായ് കൊണ്ട് രക്തം വലിച്ചെടുത്ത് തുപ്പി കളയാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ മറ്റൊരാൾക്ക് കൂടി അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
?️ Tourniquet (വള്ളി കൊണ്ടോ, കയറു കൊണ്ടോ കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടുന്ന രീതി) പാടില്ല.
?️ കടിയേറ്റ ഭാഗത്ത് pressure bandage ചുറ്റുകയും ice pack വെക്കുകയും ചെയ്താൽ വേദനയും നീരും കുറയുന്നതോടൊപ്പം വിഷത്തിൻ്റെ വ്യാപനവും കുറയ്ക്കാൻ പറ്റും. ബാൻഡേജ് ലഭ്യമല്ലെങ്കിൽ അതിനായി ശ്രമിച്ച് സമയം കളയാതെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
?️ എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുക. രോഗിയെ കൊണ്ടു പോകുമ്പോൾ എതെങ്കിലും ഒരു വശത്തേയ്ക്ക് ചെരിച്ചു കിടത്തുന്നതാണ് നല്ലത്.
ചികിത്സ:
? എത്രയും പെട്ടെന്ന് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കുക.
? തേൾ വിഷബാധയേറ്റ രോഗിക്ക് വിഷത്തിനോടുള്ള അലർജിയുടെ സൂചന ലഭിച്ചാൽ Adrenalin കുത്തിവെയ്പ്പ് നൽകേണ്ടതാണ്.
? ചിലപ്പോൾ രോഗിക്ക് അസഹ്യമായ വേദന ഉണ്ടാവാൻ സാധ്യതയുണ്ട്. പാരസെറ്റമോൾ, opioid ഗ്രൂപ്പിൽപെട്ട മരുന്നുകൾ തുടങ്ങിയവ ആവശ്യമായി വന്നേക്കാം. ചിലപ്പോൾ കുത്തേറ്റ് ഭാഗത്ത് ലോക്കൽ അനസ്തീഷ്യ നൽകേണ്ടതായും വന്നേക്കാം.
? രോഗിയെ തുടർച്ചയായി കാർഡിയാക് നീരീക്ഷണത്തിന് വിധേയമാക്കണം. കാരണം ഹൃദയതാളത്തിലെ ഏറ്റകുറച്ചിലുകൾ രോഗിയെ അപകടത്തിലേയ്ക്ക് നയിച്ചേക്കാം.
? രക്തസമ്മർദം (BP), പൾസ് (HR), ശ്വസനത്തിൻ്റെ ക്രമം (RR), രക്തത്തിലെ ഒക്സിജൻ്റെ അളവ് (SPo2) തുടങ്ങിയവ തുടർച്ചയായി നിരീക്ഷിക്കേണ്ടതാണ്.
? വിഷബാധയുടെ സൂചന ലഭിച്ചാൽ prazosin എന്ന മരുന്ന് നൽകേണ്ടി വന്നേക്കാം.
? ചിലപ്പോൾ നിർജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ട്രിപ്പ് (IV Fliud) നൽകേണ്ടിവരും.
?ഗുരുതരമായി വിഷബാധയേറ്റവർക്ക് AScV (Antiscorpion Venin) നൽകണം (പാമ്പു കടിയേറ്റ വർക്ക് നൽകുന്ന ASV ക്ക് തുല്യം.) സാധരണ AScV നൽകുന്നത് തഴെ പറയുന്നവർക്കാണ്.
? 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിഷബാധയേറ്റാൽ
? ഏത് പ്രായത്തിലുള്ളവർക്കും കടിയേറ്റ ഭാഗത്തെ വേദന സാധാരണ മരുന്നുകൊണ്ടു മാറുന്നില്ല എങ്കിൽ
? ഗുരുതരമായ വിഷബാധയേറ്റിട്ടുണ്ടെങ്കിൽ
AScV ഇന്ന് കേരളത്തിലെ ചുരുക്കം ചില ആശുപത്രകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
? ടെറ്റനസ് പ്രതിരോധ കുത്തിവെപ്പ് ആവശ്യമെങ്കിൽ നൽകണം.
? വിഭ്രാന്തി കാണിക്കുന്നവർക്ക് diazepam, haloperdol തുടങ്ങിയ മരുന്നുകൾ ആവശ്യമായി വന്നേക്കാം.
? രക്തസമ്മർദ്ദം, ഹൃദയത്തിൻറെ പ്രവർത്തനത്തിൽ താളംതെറ്റൽ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ അതിന് ആവശ്യമായ മരുന്നുകൾ നൽകേണ്ടി വരും.
? ഗുരുതരമായ ശ്വാസം മുട്ടൽ ഉള്ള രോഗികൾക്ക് ചിലപ്പോൾ വെൻറിലേറ്റർ സഹായം ആവശ്യമായി വരാം.
? രോഗികളെ പൊതുവെ പ്രകാശം കുറഞ്ഞ സ്ഥലത്ത് ചികിത്സിക്കുന്നതാണ് ഉത്തമം.
തേളു കടിയോൽ ക്കാതിരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ:
? വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
? ഉപയോഗശുന്യമായ വസ്തുക്കൾ നീക്കം ചെയ്യുക.
? വിറക്, ഇഷ്ടിക തുടങ്ങിയവ കുന്നുകൂടി കിടക്കാതെ നോൽക്കുക.
? ഷൂ ധരിക്കുന്നതിനു മുമ്പ് അകം പരിശോധിക്കുക. കയ്യിട്ട് പരിശോധിക്കുന്നത് അപകടകരമാണ് എന്ന് പറയേണ്ടതില്ലല്ലോ…
? വസ്ത്രങ്ങൾ ബെഡ്ഷീറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് മുമ്പ് പതിശോധിക്കുക.
? ഇരുട്ടു കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കുക.
? വീടിൻ്റെ പുറംഭിത്തിയുടെ താഴെ ഒരു പാളി ceramic ടൈൽ ഗുണകരമാണ് എന്ന് കരുതപ്പെടുന്നു.
? വീടിൻ്റെ വാതിലിൻ്റെ ചവിട്ടുപടി തറയിൽ നിന്ന് 20 cm ഉയർന്നാണു നിൽക്കുന്നത് എങ്കിൽ തേൾ അകത്ത് കയറാനുള്ള സാധ്യത കുറയും.
? വീടിൻ്റെ ഭിത്തിയിൽ ഉള്ള വിടവുകൾ നികത്തുക.
? 10% DDT, 2 % pyrethrin spray എന്നിവ തേളിനെ അകറ്റാൻ സഹായിക്കും.
? ഒരു തേളിനെ ഒരു സ്ഥലത്ത് കണ്ടാൽ, അവിടെ കൂടുതൽ തേളുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ഓർക്കുക.
പാമ്പ് കടിയും ആയി താരതമ്യം ചെയ്താൽ തേൾ കുത്തുന്നതും തുടർന്നുണ്ടാകുന്ന അപകടങ്ങളും നമ്മുടെ നാട്ടിൽ കുറവാണ്. എങ്കിലും ചിലപ്പോഴെങ്കിലും ഗൗരവകരം ആകാൻ സാധ്യത ഉള്ളതിനാൽ തീർച്ചയായും ജാഗ്രത പുലർത്തേണ്ടതുണ്ട്. വീടിന് വെളിയിലോ ടെന്റിലോ ഒക്കെ ഉറങ്ങുമ്പോൾ ഉറക്കത്തിൽ കുത്ത്/കടി ഏറ്റ അനുഭവം പലരും പറയാറില്ലേ… എന്താണ് കടിച്ചത്/കുത്തിയത് എന്ന് മനസ്സിലാകാത്ത സാഹചര്യം പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ചികിത്സ തേടാൻ അമാന്തിക്കരുത്.
എഴുതിയത്: Dr. Jobi Paul, Dr. Purushothaman K K & Jinesh P S
തേളുകളുടെ ചിത്രത്തിന് കടപ്പാട്: David Raju
ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ