· 4 മിനിറ്റ് വായന

മദ്യം മുടങ്ങുന്നതും വിഭ്രാന്തിയും

Current AffairsPsychiatryകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

മദ്യം മുടങ്ങുന്നത് വിഭ്രാന്തിക്കു വഴിവെക്കുമ്പോള്

ബാറുകളും ബെവ്കോ ഔട്ട്‌ലെറ്റുകളും അടക്കണമെന്ന ആവശ്യമുയര്ന്നപ്പോള് പലരുമുന്നയിച്ച മറുവാദമായിരുന്നു, അങ്ങിനെ ചെയ്‌താല് പലര്ക്കും വിത്ത്ഡ്രോവല് സിംപ്റ്റംസ് വരും, ചിലരെങ്കിലും അവ മൂലം മരണപ്പെട്ടേക്കും എന്നൊക്കെ. അമിതമദ്യപാനമുള്ളവര് പൊടുന്നനെ കുടിനിര്ത്തുമ്പോള് സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തില് ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമന്സ് (ഡി.റ്റി.). ചികിത്സ കിട്ടാതെ പോകുന്ന ഡി.റ്റി. ബാധിതരില് മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരില്പ്പോലും അഞ്ചോളം ശതമാനവും പേര് രോഗമദ്ധ്യേ മരണമടയാറുണ്ട്.

? കുടി നിര്ത്തുമ്പോള് ?

മദ്യപാനം നിയന്ത്രിക്കുകയോ നിര്ത്തുകയോ ചെയ്യുമ്പോള് എന്തെല്ലാം അസ്വാസ്ഥ്യങ്ങളാണു നേരിടേണ്ടിവരിക എന്നത് ആ വ്യക്തിയുടെ അഡിക്ഷന് എത്രത്തോളം തീവ്രമാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഭൂരിപക്ഷത്തിനും മദ്യം നിര്ത്തി ഏകദേശം ആറു മണിക്കൂര് ആയാല് കൈവിറയല് പ്രത്യക്ഷപ്പെടാം. ഒപ്പം മുന്കോപം, ഉറക്കക്കുറവ്, ദുസ്വപ്നങ്ങള്, അമിതവിയര്പ്പ്, ഉത്ക്കണ്ഠ, വിശപ്പില്ലായ്ക, ഓക്കാനം, ഛര്ദ്ദില്, നെഞ്ചിടിപ്പ് എന്നിവയും കാണാം.

അഡിക്ഷന് കുറച്ചുകൂടി പുരോഗമിച്ചിട്ടുള്ള ചിലര്ക്ക് ഒന്നോ രണ്ടോ തവണ അപസ്മാരം വന്നേക്കാം. മദ്യം മുടങ്ങിയതിന്റെ രണ്ടാം നാളിലാണ് ഇതു സംഭവിക്കാറ്.

? ഡി.റ്റി. ബാധിക്കുന്നതാരെ? ?

അഡിക്ഷന് അതിന്റെ പാരമ്യത്തിലെത്തിയിട്ടുള്ളവരെയാണ് ഡി.റ്റി. ബാധിക്കാറുള്ളത്. സ്ഥിരം മദ്യപിക്കുന്നവരില് അഞ്ചു തൊട്ടു പത്തു വരെ ശതമാനം പേര്ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഡി.റ്റി. പിടിപെടാമെന്നാണു കണക്ക്. ഈ റിസ്കു കൂടുതലുള്ളത് താഴെപ്പറയുന്നവര്ക്കാണ്:

വയസ്സ് നാല്പത്തഞ്ചു കഴിഞ്ഞവര്
പത്തുവര്ഷത്തിലധികമായി വല്ലാതെ മദ്യപിക്കുന്നവര്
കുടി പലവുരു നിര്ത്തുകയും പിന്നെയും തുടങ്ങുകയും ചെയ്തിട്ടുള്ളവര്
കരളിന്റെയോ പാന്ക്രിയാസിന്റെയോ രോഗങ്ങളോ എന്തെങ്കിലും അണുബാധകളോ മറ്റു ശാരീരികപ്രശ്നങ്ങളോ ബാധിച്ചവര്
തലക്കു പരിക്കേറ്റിട്ടുള്ളവര്
കുടിനിര്ത്തുമ്പോള് അപസ്മാരമുണ്ടായിട്ടുള്ളവര്
മദ്യം നിര്ത്തുന്നതിനു തൊട്ടുമുന്ദിവസങ്ങളില് ഏറെയളവില് കഴിപ്പുണ്ടായിരുന്നവര്

ഡി.റ്റി. ഒരിക്കല് വന്നിട്ടുള്ളവര്ക്ക് പിന്നീടെപ്പോഴെങ്കിലും കുടിനിര്ത്തുമ്പോഴും അതാവര്ത്തിക്കാന് സാദ്ധ്യതയേറെയുണ്ട്. കോലഞ്ചേരി എം.ഓ.എസ്.സി. മെഡിക്കല്കോളേജില് ഡീഅഡിക്ഷനു വേണ്ടി അഡ്മിറ്റായ 104 രോഗികളില് നടന്നൊരു പഠനത്തിന്റെ കണ്ടെത്തല്, അക്കൂട്ടത്തില് മുമ്പു ഡി.റ്റി. വന്ന പതിനാറുപേര് ഉണ്ടായിരുന്നതില് മുഴുവനും പേര്ക്കും ആ തവണയും ഡി.റ്റി. പിടിപെട്ടുവെന്നാണ്.

? ലക്ഷണങ്ങളെന്തൊക്കെ? ?

കൈകാലുകള് ശക്തിയായി വിറക്കുക, വല്ലാതെ വിയര്ക്കുക, തീരെ ഉറക്കമില്ലാതാവുക, ചുറ്റുമുള്ള ശബ്ദങ്ങളും വെളിച്ചങ്ങളും ഏറെ കഠോരമായിത്തോന്നുക, അശരീരിശബ്ദങ്ങള് കേള്ക്കുക, പേടിപ്പെടുത്തുന്ന മായക്കാഴ്ചകള് കാണുക, ശരീരത്തില് ജീവികളും മറ്റും പാഞ്ഞുനടക്കുന്നതായിത്തോന്നുക, സ്ഥലകാലബോധം നഷ്ടമാവുക, അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാവാതിരിക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ആരോ കൊല്ലാന് വരുന്നെന്നും മറ്റും അകാരണമായി പേടിക്കുക എന്നിവയാണ് ഡി.റ്റി.യുടെ മുഖ്യലക്ഷണങ്ങള്. അടങ്ങിയിരിക്കായ്കയും അമിതകോപവും അക്രമാസക്തതയും കാണപ്പെടുകയുമാവാം. ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ രക്തസമ്മര്ദ്ദമോ പരിധിവിട്ടുയരാം. നേരിയ പനി കണ്ടേക്കാം. ഇടക്ക് അല്പനേരമൊക്കെ നോര്മലായിപ്പെരുമാറുകയും പിന്നീട്, പ്രത്യേകിച്ച് നേരമിരുട്ടിക്കഴിഞ്ഞാല്, പ്രശ്നങ്ങള് വീണ്ടും പ്രകടമാവുകയും ചെയ്യാം.
മരണത്തിനിടയാക്കുന്നതെങ്ങനെ?
അപകടങ്ങള്ക്കും ചില ശാരീരികപ്രശ്നങ്ങള്ക്കും ഇടയൊരുക്കിക്കൊണ്ടാണ് ഡി.റ്റി. മരണനിമിത്തമാവാറുള്ളത്. നിര്ജലീകരണമോ ലവണങ്ങളുടെ അപര്യാപ്തതയോ ഹൃദയതാളത്തില് വ്യതിയാനങ്ങള് വരുത്തുന്നതും, ബോധക്കുറവു മൂലം ഭക്ഷണമോ വെള്ളമോ വഴിതെറ്റി ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉളവാക്കുന്നതും, ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങളെ മന്ദത ബാധിക്കുന്നതും, ശരീരോഷ്മാവ് ക്രമാതീതമാവുന്നതുമൊക്കെ ഡി.റ്റി. രോഗികളുടെ ജീവനെടുക്കാം.

? വരുന്നതെന്തുകൊണ്ട്? ?

ഉറക്കത്തിന്റെയും ഉണര്വിന്റെയും ചാക്രികതയിലൂടെ നമ്മെ ചുവടുപിഴക്കാതെ വഴിനടത്തുന്നതു മുഖ്യമായും ഗാബ, ഗ്ലൂട്ടമേറ്റ് എന്നീ നാഡീരസങ്ങളാണ്. ഗാബ ഉറക്കത്തിനും ഗ്ലൂട്ടമേറ്റ് ഉണര്വിനുമാണ് സഹായകമാവുന്നത്. മദ്യം തലച്ചോറില് പ്രവര്ത്തിക്കുന്നതു ഗാബയെപ്പോലാണ് എന്നതിനാല് ഒരാള് ദിനംപ്രതി മദ്യമെടുക്കുമ്പോള് അത് ഗാബക്കു ഗ്ലൂട്ടമേറ്റിന്മേല് ഒരു മേല്ക്കൈ കിട്ടാനിടയാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില് ബാലന്സ് പുനസ്ഥാപിക്കേണ്ടതുള്ളതിനാല് തലച്ചോര് കാലക്രമത്തില് ഗാബയുടെ പ്രവര്ത്തനക്ഷമത കുറക്കുകയും ഗ്ലൂട്ടമേറ്റിന്റേതു കൂട്ടുകയും ചെയ്യും. ഇതിനൊക്കെ ശേഷം പെട്ടെന്നൊരു മുഹൂര്ത്തത്തില് മദ്യം കളമൊഴിയുമ്പോള് തലച്ചോറിങ്ങനെ ശക്തിമത്താക്കി നിര്ത്തിയിരിക്കുന്ന ഗ്ലൂട്ടമേറ്റിന് എതിരാളിയില്ലാത്ത അവസ്ഥ വരുന്നതാണ് ഉറക്കക്കുറവിനും കൈവിറയലിനും തൊട്ട് അപസ്മാരത്തിനും ഡി.റ്റി.ക്കും വരെ അടിസ്ഥാനമാവുന്നത്.

? തടയാനെന്തുചെയ്യാം? ?

ഡി.റ്റി. വരാതെ സ്വയംകാക്കാനുള്ള ഏറ്റവും നല്ല ഉപായം, സ്വാഭാവികമായും, അമിതമദ്യപാനം ഒഴിവാക്കുകയെന്നതു തന്നെയാണ്. മദ്യപാനം നിയന്ത്രണാതീതമാവുന്നതിനു മുന്നേതന്നെ ചികിത്സയെടുത്തോ അല്ലാതെയോ അതില്നിന്നു പിന്വാങ്ങുന്നതു പരിഗണിക്കുക.

മദ്യത്തിനടിപ്പെട്ടുകഴിഞ്ഞവര്, പ്രത്യേകിച്ച് ഡി.റ്റി. വരാന് സാദ്ധ്യത കൂടുതലുണ്ടെന്ന് മുമ്പുസൂചിപ്പിച്ച വിഭാഗങ്ങളില്പ്പെടുന്നവര്, മദ്യപാനം കുറക്കാനോ നിര്ത്താനോ തീരുമാനിച്ചാല് അത് ഡോക്ടര്മാരുടെ മേല്നോട്ടത്തില്, മരുന്നുകളുടെ സഹായത്തോടെ മാത്രമാവാന് ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും പ്രശ്നത്തിനായാണ് അഡ്മിറ്റാവുന്നത് എങ്കിലും മദ്യപാനക്കാര്യം ഡോക്ടര്മാരോടു നിശ്ചയമായും വെളിപ്പെടുത്തുക. മദ്യംനിര്ത്തുന്നതിന്റെ ആദ്യ ദിവസങ്ങളില് നന്നായി വിശ്രമിക്കുകയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. അസാധാരണ ശബ്ദങ്ങളോ ദൃശ്യങ്ങളോ സ്പര്ശങ്ങളോ അനുഭവപ്പെട്ടു തുടങ്ങുന്നെങ്കില് ഡോക്ടറെയോ നഴ്സുമാരെയോ അറിയിക്കുക.

കുടി നിര്ത്തുന്ന ആരെങ്കിലും വല്ല അസ്വസ്ഥതകളും വെളിപ്പെടുത്തിയാല് അത് “വീണ്ടും കഴിക്കാനുള്ള ആശകൊണ്ടു തോന്നുന്നതാണ്” എന്നും മറ്റും പരിഹസിക്കാതെ അതിനെ മുഖവിലക്കെടുക്കുകയും വിദഗ്ദ്ധാഭിപ്രായം തേടാന് പ്രേരിപ്പിക്കുകയും ചെയ്യുക.

? പ്രതിവിധിയെന്താണ്? ?

ഡി.റ്റി. തന്നെയാണ്, മറ്റസുഖങ്ങളൊന്നുമല്ല എന്നുറപ്പുവരുത്താന് ചില ടെസ്റ്റുകള് ആവശ്യമായേക്കാം. കരളിന്റെയോ വൃക്കയുടെയോ മറ്റോ കുഴപ്പങ്ങളുണ്ടോ, സോഡിയവും പൊട്ടാഷ്യവും പോലുള്ള ലവണങ്ങളുടെ പോരായ്‌മയുണ്ടോ എന്നൊക്കെയറിയാന് രക്തം പരിശോധിക്കേണ്ടതായി വരാം. ശ്വാസംമുട്ടുള്ളവര്ക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ടിട്ടുണ്ടോ എന്നറിയാന് നെഞ്ചിന്റെ എക്സ്റേയും, അപസ്മാരമിളകുകയോ തലക്കു പരിക്കേല്ക്കുകയോ ചെയ്തവര്ക്ക് തലയുടെ സ്കാനിംഗും വേണ്ടിവന്നേക്കാം.

ഡി.റ്റി. ബാധിച്ചവര്ക്കു കിടത്തിച്ചികിത്സ കൂടിയേതീരൂ. വലിയ ബഹളങ്ങളില്ലാത്ത, ആവശ്യത്തിനു വെളിച്ചമുള്ള ഇടങ്ങളാണ് ഇത്തരം രോഗികള്ക്കു വേണ്ടത്. മുറിക്കകത്തുനിന്ന് ഒരാക്രമണത്തിനുപയോഗിച്ചേക്കാവുന്ന വസ്തുക്കളൊക്കെ മാറ്റേണ്ടതുമുണ്ട്.

ഡി.റ്റി.യുടെ ലക്ഷണങ്ങള്ക്കു ശമനമുണ്ടാക്കുക, മരണമടക്കമുള്ള സങ്കീര്ണതകള് വരാതെ കാക്കുക, മദ്യപാനം പിന്നെയും തുടങ്ങാതിരിക്കാന് രോഗിയെ പ്രാപ്തനാക്കുക എന്നിങ്ങനെ മൂന്ന് ഉദ്ദേശങ്ങളാണ് ചികിത്സക്കുണ്ടാവുക. ഉറക്കക്കുറവും വിറയലും പോലുള്ള, ഗ്ലൂട്ടമേറ്റിന്റെ അതിപ്രവര്ത്തനം മൂലമുളവാകുന്ന, ലക്ഷണങ്ങളെ മയപ്പെടുത്താന് ഗാബയെപ്പോലെ പ്രവര്ത്തിക്കുന്ന “ബെന്സോഡയാസെപിന്സ്” എന്ന ഗണത്തില്പ്പെട്ട മരുന്നുകളാണ് ഉപയോഗിക്കാറ്. അശരീരികള്ക്കും മായക്കാഴ്ചകള്ക്കും അനാവശ്യ ഭീതികള്ക്കും “ആന്റിസൈക്കോട്ടിക്സ്‌” എന്ന തരം മരുന്നുകള് വേണ്ടിവരാം. ആവശ്യത്തിനു ശ്വാസവും ഭക്ഷണപാനീയങ്ങളും കിട്ടുന്നുണ്ടെന്നുറപ്പുവരുത്തുക, ആവശ്യമെങ്കില് ഓക്സിജന് നല്കുകയോ ഡ്രിപ്പിടുകയോ മൂക്കിലൂടെ ആഹാരം കൊടുക്കുകയോ ചെയ്യുക, ഗ്ലൂക്കോസും തയമിനും കയറ്റുക, വയറ്റില്നിന്നു പോവുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നടപടികളും പ്രധാനമാണ്.

സാധാരണ നിലക്ക് ഡി.റ്റി. അഞ്ചോളം ദിവസമേ നീളൂ. അപൂര്വം ചിലരില് പക്ഷേയത് ആഴ്ചകളോളം തുടരുകയും ചെയ്യാം. ഡി.റ്റി.യുടെ ലക്ഷണങ്ങള് വിട്ടുപോവുന്നതുവരെയേ മുമ്പുപറഞ്ഞ ബെന്സോഡയാസെപിന്സോ ആന്റിസൈക്കോട്ടിക്സോ കൊടുക്കേണ്ടതുള്ളൂ.

മദ്യം മുടങ്ങിയതാണു പ്രശ്നനിമിത്തമായത് എന്നയനുമാനത്തില് തിരിച്ചു മദ്യം കഴിക്കാനോ കൊടുക്കാനോ തുടങ്ങുന്നതു ബുദ്ധിയല്ല — എന്തുതന്നെ ചെയ്താലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞ ലക്ഷണങ്ങള് തിരിച്ചുപോവാന് അതിന്റേതായ സമയമെടുക്കുമെന്നും, ഇങ്ങിനെയൊരു നടപടി മദ്യം ഉളവാക്കിക്കഴിഞ്ഞ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള് കൂടുതല് തീവ്രമാവാനും പിന്നീടെപ്പോഴെങ്കിലും മദ്യം നിര്ത്താന് നോക്കിയാല് കൂടുതല് വേഗത്തില്, കൂടുതല് രൂക്ഷതയോടെ ഡി.റ്റി. വീണ്ടും വരാനും വഴിയൊരുക്കുമെന്നും ഓര്ക്കുക.

ഡി.റ്റി. കലങ്ങിത്തെളിഞ്ഞ ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാന് വേണ്ട മരുന്നുകളും കൌണ്സലിംഗും ലഭ്യമാക്കേണ്ടത് ഏറെ പ്രധാനമാണ്. ഡി.റ്റി.വേളയില് പ്രകടിപ്പിച്ച പെരുമാറ്റ വൈകല്യങ്ങള് വീഡിയോയില്പ്പിടിച്ച് ഡി.റ്റി. മാറിക്കഴിഞ്ഞിട്ടു കാണിച്ചുകൊടുക്കുന്നത് മദ്യത്തിലേക്കു വീണ്ടും മടങ്ങാതിരിക്കാന് രോഗിക്കു പ്രചോദനമേകുമെന്നു പഠനങ്ങള് സൂചിപ്പിക്കുന്നുമുണ്ട്.

? ഹാനികരമാവാറുള്ള തെറ്റിദ്ധാരണകള് ?

മദ്യംനിര്ത്തുന്ന ഒരാള്ക്ക് ശരിക്കൊന്നുറങ്ങാനാവാന് എന്തളവില് മരുന്നുകള് ആവശ്യമായേക്കുമെന്നു മുന്കൂട്ടി പ്രവചിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ, ഫലംചെയ്തേക്കാമെന്നനുമാനിക്കുന്ന ഒരു ഡോസ് കുറിക്കുകയും, ഉറക്കക്കുറവുണ്ടെങ്കില് ആവശ്യാനുസരണം കൂടുതല് മരുന്നു നല്കാന് നഴ്സുമാരോടു നിര്ദ്ദേശിക്കുകയുമാണ്‌ മിക്ക ഡോക്ടര്മാരും ചെയ്യാറ്. എന്നാല് ഉറക്കംവരാത്ത കാര്യം പക്ഷേ പലരും നഴ്സുമാരെ അറിയിക്കാറില്ല. മരുന്നുകള്ക്ക് അഡിക്ഷനായിപ്പോവും എന്ന പേടിയാണ് പലപ്പോഴും ഇതിനുപിന്നിലുണ്ടാവാറുള്ളത്. ഉറക്കക്കുറവ് ഇത്തരത്തില് യഥാവിധി ചികിത്സിക്കപ്പെടാതെ പോവുന്നത് അപസ്മാരത്തിനും ഡി.റ്റി.ക്കും സാദ്ധ്യതയേറ്റുമെന്നും, രണ്ടോ മൂന്നോ രാത്രി വിദഗ്ദ്ധ മേല്നോട്ടത്തില് ഉറക്കമരുന്നുകളെടുത്തെന്നുവെച്ച് അവക്ക് അഡിക്ഷനൊന്നുമാവില്ലെന്നും ഓര്ക്കുക.

ആശുപത്രിയില് പ്രവേശിച്ചു രണ്ടാമത്തെയോ മൂന്നാമത്തെയോ നാള് ഡി.റ്റി. പ്രത്യക്ഷമാവുമ്പോള് അത് അവിടെനിന്നു നല്കപ്പെട്ട എന്തോ മരുന്നോ ഇഞ്ചക്ഷനോ മൂലം സംഭവിച്ചതാണ് എന്ന അനുമാനത്തിലെത്തുകയോ അതിന്റെ പേരില് ചികിത്സകരുമായി വഴക്കിനു ചെല്ലുകയോ ചെയ്യാതിരിക്കുക.

ഡി.റ്റി. മാറിക്കഴിഞ്ഞാല് മദ്യാസക്തിക്കുള്ള തുടര്ചികിത്സയെടുക്കേണ്ടത് അതിപ്രധാനമാണെങ്കിലും പലപ്പോഴും രോഗികളും ബന്ധുക്കളും അതിനോടു മുഖംതിരിക്കാറുണ്ട്. ഡീഅഡിക്ഷന്ചികിത്സയെടുത്താല് ജീവിതത്തിലൊരിക്കലുംപിന്നെ അല്പംപോലും മദ്യം തട്ടാന് പറ്റില്ലെന്നും അഥവാ അങ്ങിനെ സംഭവിച്ചാല് മനോരോഗമാവുകയോ മരിച്ചുപോവുകയോ ചെയ്യുമെന്നുമൊക്കെയുള്ള ഭീതികളാണ് പൊതുവെയിതിനു നിമിത്തമാവാറ്. അവ പക്ഷേ അടിസ്ഥാനരഹിതമാണ്.

ലേഖകർ
Passed MBBS from Calicut Medical College and MD (Psychiatry) from Central Institute of Psychiatry, Ranchi. Currently works as Consultant Psychiatrist at St. Thomas Hospital, Changanacherry. Editor of Indian Journal of Psychological Medicine. Was the editor of Kerala Journal of Psychiatry and the co-editor of the book “A Primer of Research, Publication and Presentation” published by Indian Psychiatric Society. Has published more than ten articles in international psychiatry journals. Awarded the Certificate of Excellence for Best Case Presentation in Annual National Conference of Indian Association of Private Psychiatry in 2013. Was elected for the Early Career Psychiatrist Program of Asian Federation of Psychiatric Societies, held in Colombo in 2013. Was recommended by Indian Psychiatric Society to attend the Young Health Professionals Tract at the International Congress of World Psychiatric Association held in Bucharest, Romania, in 2015.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ