സ്മാർട്ട് അല്ലാതാകുന്ന ഫോണുകൾ
തൊണ്ണൂറ്റൊമ്പതു ശതമാനം പേര്ക്കും മൊബൈല്ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്റെയും പക്കലുള്ളത് സ്മാര്ട്ട്‌ഫോണുകളാണു താനും. ഏതാനും ക്ലിക്കുകളാല് ഏതൊരു വിഷയത്തെപ്പറ്റിയും വിവരം സംഭരിക്കാനും ട്രാഫിക്കില് കുടുങ്ങിക്കിടക്കുന്ന തക്കത്തില് മറ്റൊരു വന്കരയിലേക്കു വീഡിയോകോള് നടത്താനുമൊക്കെ സ്മാര്ട്ട്ഫോണുകള് നമ്മെ പ്രാപ്തരാക്കുന്നുണ്ട്. ഒപ്പം പക്ഷേ അവ ശാരീരികവും മാനസികവും സാമൂഹികവുമായ പല കുഴപ്പങ്ങള്ക്കും ഹേതുവാകുന്നുമുണ്ട്. അവയില് പ്രധാനപ്പെട്ടവയെ പരിചയപ്പെടാം.
? ഉറക്കക്കുറവ്:
മാറിമാറി ഉണര്വും ഉറക്കവും ഉത്പാദിപ്പിക്കാന് ശരീരത്തിനാവുന്നത്, രാവിലെകളില് ആകാശത്തിന്റെ നീലനിറം പകലിന്റെയും സന്ധ്യകളില് ചുവപ്പുവെളിച്ചം രാത്രിയുടെയും തുടക്കത്തെപ്പറ്റി തലച്ചോറിന് അറിവുകൊടുക്കുന്നതിനാലാണ്. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്’ എന്ന ഹോര്മോണിന്റെ ഉത്പാദനം പുറംലോകത്തുനിന്നുള്ള ഇത്തരം സൂചനകളില് അധിഷ്ഠിതമാണ്. രാത്രിയില്, സ്മാര്ട്ട്ഫോണുകളും സമാന സ്ക്രീനുകളും ബഹിര്ഗമിപ്പിക്കുന്ന നീലവെളിച്ചം പുറത്തു പകലാണെന്നു തലച്ചോര് തെറ്റിദ്ധരിക്കാനും, തന്മൂലം മെലാറ്റോണിന്റെ ഉത്പാദനം കുറയാനും, അതുവഴി ഉറക്കമില്ലായ്മക്കും വഴിയൊരുക്കുന്നുണ്ട്.
ഉറങ്ങാന് കിടക്കുന്നതിനു തൊട്ടുമുന്നേ വൈകാരികമായി ഉത്തേജിപ്പിക്കുന്ന പോസ്റ്റുകളോ മറ്റോ കാണുന്നതും ഉറക്കത്തെ അവതാളത്തിലാക്കാം. ഉറക്കത്തിനിടെ കോളുകള് അറ്റെന്ഡു ചെയ്യുക, ഇടയ്ക്കുണര്ന്നു മെസേജുകള്ക്കു മറുപടി കൊടുക്കുക തുടങ്ങിയ ശീലങ്ങളും പ്രശ്നമാണ്.
നിരന്തരം ഉറക്കമിളക്കുന്നത് ഐ.ക്യു. പതിനഞ്ചോളം പോയിന്റു താഴാനും, തര്ക്കങ്ങള് പരിഹരിക്കാനും മറ്റും നമ്മെ പ്രാപ്തരാക്കുന്ന ‘ഇമോഷനല് ഇന്റലിജന്സ്’ ദുര്ബലമാകാനും, ഹൃദ്രോഗത്തിനുമൊക്കെ ഇടയൊരുക്കാം.
? വാഹനാപകടങ്ങള്
“മണിക്കൂറില് 119 മൈല് സ്പീഡില് ഓടുകയായിരുന്ന ട്രെയിന് ഒരു വളവു തിരിയുന്നേരം എഞ്ചിന് ഡ്രൈവര് ഫോണ്സംഭാഷണത്തില് മുഴുകിപ്പോയതിനാല് പാളംതെറ്റി 79 പേര് കൊല്ലപ്പെട്ടു.” – സ്പെയിനില് നിന്നുള്ള വാര്ത്ത.
വണ്ടിയോടിക്കുന്നതിനിടയില് ഫോണില് സംസാരിക്കുന്നതും മെസേജുകള് വായിക്കുന്നതും മറുപടി ടൈപ്പ് ചെയ്യുന്നതു പോലും പതിവുകാഴ്ചകളായിരിക്കുന്നു. ഇതെല്ലാം ശ്രദ്ധ റോഡില്നിന്നു വ്യതിചലിക്കാനും വഴിയിലെ തടസ്സങ്ങളോടുള്ള പ്രതികരണം വൈകിപ്പോവാനും അങ്ങിനെ അപകടങ്ങള്ക്കും നിമിത്തമാകുന്നുണ്ട്. “ഫോണ് ‘ഹാന്ഡ്സ് ഫ്രീ’ ആയാണ് ഉപയോഗിക്കുന്നതെങ്കില് പേടിക്കേണ്ടതില്ല”, “ഫോണെടുക്കുന്നേരം സ്പീഡു കുറയ്ക്കുകയാണെങ്കില് സുരക്ഷിതമായി” എന്നൊക്കെയുള്ള അബദ്ധധാരണകളുള്ളവരാണു കൂടുതലും ഇത്തരം പെരുമാറ്റങ്ങള്ക്കു തുനിയാറ്. ഫോണില് സംസാരിക്കുമ്പോള്, ചെറുപ്പക്കാരായ ഡ്രൈവര്മാരുടെ “റിയാക്ഷന് ടൈം” (റോഡിലെ തടസ്സങ്ങളോടു തക്കരീതിയില് പ്രതികരിക്കാന് എടുക്കുന്ന സമയം) എഴുപതുകാരുടേതിനു സമമായിപ്പോകുന്നുണ്ട്, ഫോണില് സംസാരിച്ചോ ടൈപ്പ് ചെയ്തോ കൊണ്ടുള്ള ഡ്രൈവിംഗ് അപകടസാദ്ധ്യത യഥാക്രമം രണ്ടും ഇരുപത്തിമൂന്നും ഇരട്ടിയാക്കുന്നുണ്ട് എന്നൊക്കെയാണു ഗവേഷണങ്ങള് ചൂണ്ടിക്കാട്ടുന്നത്.
? പരിക്കുകള്
“ഫോണിലൊരു വീഡിയോയുംനോക്കി റോഡു മുറിച്ചുകടക്കുകയായിരുന്ന യുവാവ് ട്രക്കിടിച്ചു മരിച്ചു. തളംകെട്ടിക്കിടന്ന ചോരയ്ക്കു നടുവില്, ആ ഫോണില് അയാള് അവസാനമായിക്കണ്ട ആ വീഡിയോ തുടര്ന്നുകൊണ്ടിരുന്നതായി ദൃക്സാക്ഷികള് പറഞ്ഞു.” – ചൈനയില്നിന്നുള്ള വാര്ത്ത
ഒരേ സമയത്ത് രണ്ടു വ്യത്യസ്ത കാര്യങ്ങളില് ശ്രദ്ധയര്പ്പിക്കാന് തലച്ചോറിനാകില്ല. അതിനാല്ത്തന്നെ, നിരത്തിലും മറ്റും നടക്കുമ്പോള് ശ്രദ്ധ മൊത്തം ഫോണില് നിക്ഷേപിക്കുന്നത് കണങ്കാല് ഉളുക്കാനും കൈക്കുഴ തെറ്റാനും എല്ലുകള് ഒടിയാനും തലയ്ക്കു പരിക്കേല്ക്കാനും മരണങ്ങള്ക്കു പോലും ഹേതുവാകുന്നുണ്ട്. ഫോണില് ശ്രദ്ധിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതു ചില രാജ്യങ്ങളെങ്കിലും നിരോധിച്ചുതുടങ്ങിയിട്ടുമുണ്ട്.
? കണ്ണിലെ വിഷമങ്ങള്
മുഖത്തിന്റെ ഒരു വശം തലയിണയില് അമര്ത്തിക്കിടന്നോ മറ്റോ, രാത്രിയില് ഒറ്റക്കണ്ണു കൊണ്ട് ഏറെനേരം ഫോണ് നോക്കുന്നവര്ക്ക്, അതേത്തുടര്ന്ന്, ഫോണ് നോക്കാനുപയോഗിച്ചിരുന്ന കണ്ണില് കുറച്ചു സമയത്തേക്ക് കാഴ്ചക്കുറവ് അനുഭവപ്പെടാം. ‘ട്രാന്സിയന്റ് സ്മാര്ട്ട്ഫോണ് ബ്ലൈന്ഡ്നസ്’ എന്നാണിതിനു പേര്.
ഫോണിന്റെയോ മറ്റോ സ്ക്രീന് ദീര്ഘനേരം നോക്കിയിരുന്നാല് കൌമാരക്കാരില് എണ്പതു ശതമാനത്തിനും മുതിര്ന്നവരില് നാല്പതു ശതമാനത്തിനും കണ്ണില് അസ്വസ്ഥതയും വരള്ച്ചയും തളര്ച്ചയും മറ്റും തോന്നാം. ഇത് ‘ഡിജിറ്റല് ഐ സ്ട്രെയിന്’ എന്നാണറിയപ്പെടുന്നത്.
? അണുബാധകള്
പതിനേഴായിരത്തിലേറെ ബാക്ടീരിയകളെ വീതമാണ് ഒരു പഠനം ഓരോ സ്മാര്ട്ട്ഫോണിന്റെയും ഉപരിതലത്തില് കണ്ടെത്തിയത്. അരിസോണ സര്വകലാശാലയിലെ ഗവേഷണം വ്യക്തമാക്കിയത്, സ്മാര്ട്ട്ഫോണുകളിലെ ബാക്ടീരിയകളുടെയെണ്ണം ടോയ്’ലെറ്റ് സീറ്റുകളിലേതിന്റെ പത്തിരട്ടിയാണെന്നാണ്. ഭൂരിപക്ഷവും നിരുപദ്രവകാരികളായവയാണെങ്കിലും രോഗനിദാനമാകാറുള്ള എന്ററോകോക്കസ് ഫീക്കാലിസ് മുതലായവയുടെ സാന്നിദ്ധ്യവും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, കുട്ടികള്ക്കു ബ്രോങ്കൈറ്റിസ് പോലുള്ള അണുബാധകള് വരുത്താന് ഫോണുകള് ധാരാളമാണ്. തൊണ്ടവേദനയുള്ളവര് ചുമക്കുമ്പോള് ഫോണില് പതിക്കുന്ന വൈറസുകള് ആ ഫോണെടുക്കുന്ന മറ്റുള്ളവരുടെ ദേഹത്തേക്കു കടക്കാനുള്ള സാദ്ധ്യതയുമുണ്ട്.
? മറ്റു ശാരീരികപ്രശ്നങ്ങള്
ഫോണും നോക്കി ഒരിടത്തുതന്നെ കുറേയിരിക്കുന്നതു കഴുത്തിലും തോളിലും വേദനയ്ക്കും കൈകളിലെ വൈഷമ്യങ്ങള്ക്കും കാരണമാകാം. കൈ തുടര്ച്ചയായി ഫോണില് ചലിപ്പിക്കുന്നത് ‘ഐഫോണ് തമ്പ്’ എന്ന പ്രശ്നമുളവാക്കാം. വിരലുകളില്, പ്രത്യേകിച്ചു തള്ളവിരലില്, കടുത്ത വേദന, നീര്, ചുവപ്പ്, ചൂട്, ചലിപ്പിക്കാനുള്ള വൈഷമ്യം എന്നിവയാണ് ഇതിന്റെ മുഖ്യലക്ഷണങ്ങള്.
മൊബൈല്ഫോണുകളുടെ ഇലക്ട്രോമാഗ്നറ്റിക് കിരണങ്ങള് പുരുഷബീജങ്ങളുടെ ചലനശേഷി കുറയ്ക്കുന്നുണ്ട്. ഫോണിന്റെ അമിതോപയോഗമുള്ളവര്ക്ക് വ്യായാമത്തിന്റെ അഭാവം മൂലം പൊണ്ണത്തടിയും ഹൃദ്രോഗവുമൊക്കെ പിടിപെടുകയുമാവാം.
? ഏകാന്തതയുടെ അപാരതീരങ്ങളില്
ചുറ്റുമുള്ളവരില്നിന്നൊക്കെ സ്ഥിരം ഒഴിഞ്ഞുമാറി, ഉള്ള സമയം മുഴുവന് ഫോണിനോടൊത്തു ചെലവിടുന്ന ശീലക്കാരില് ഇരുന്നൂറിലധികം ജീനുകളുടെ പ്രവര്ത്തനരീതി വ്യതിയാനപ്പെടുകയും ശരീരമാസകലം നേരിയൊരു നീര്വീക്കം (inflammation) സംജാതമാവുകയും ചെയ്യാം. ഇത്, രോഗപ്രതിരോധശേഷി ദുര്ബലമാവാനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഡെമന്ഷ്യയ്ക്കും കാന്സറിനുമൊക്കെ ഇടനിലയാകാം.
? ബൗദ്ധിക പ്രത്യാഘാതങ്ങള്
അലസമായിരിക്കാന് നമുക്കവസരം കിട്ടുമ്പോള് തലച്ചോറില് “നിഷ്ക്രിയനേര നാഡീശൃംഖല” (default mode network) എന്ന, നിരവധി മസ്തിഷ്കഭാഗങ്ങളുടെയൊരു കൂട്ടായ്മ സക്രിയമാവും. അന്നേരങ്ങളില്, ആയിടെ നടന്ന സംഭവങ്ങളെ സ്മൃതിപഥത്തില്ക്കൊണ്ടുവന്ന്, വൈകാരികപ്രാധാന്യമുള്ളവയെ കൂട്ടിയിണക്കി, സമീപകാല അനുഭവങ്ങളുടെ അര്ത്ഥം ഉള്ക്കൊണ്ടെടുക്കാന് നമുക്കാവും. കുളിക്കുമ്പോഴും ബസ്സിലിരിക്കുമ്പോഴും മറ്റും സുപ്രധാനവും അപ്രതീക്ഷിതവുമായ പല ആശയങ്ങളും മനസ്സിലേക്കു വരുന്നത് ഇതിന്റെ ഭാഗമായാണ്. സര്ഗാത്മകതയ്ക്കും നൈസര്ഗികതയ്ക്കും ഈയൊരു പ്രക്രിയ അത്യന്താപേക്ഷിതവുമാണ്. തക്കം കിട്ടുമ്പോഴൊക്കെ ഫോണ് കയ്യിലെടുക്കുന്നത് ഇതിനൊക്കെയുള്ള അവസരങ്ങളെ ഇല്ലാതാക്കുന്നുണ്ട്.
തന്റെ തന്നെയും മറ്റുള്ളവരുടെയും വികാരങ്ങളെ യഥോചിതം തിരിച്ചറിയാനുള്ള കഴിവ് “ഇമോഷനല് ഇന്റലിജന്സ്” എന്നറിയപ്പെടുന്നു. ഏതുനേരവും ഫോണുമായിരിക്കുന്ന കുട്ടികള് ഇതിന്റെ കാര്യത്തില് പിന്നാക്കമാകുന്നുണ്ട്. ഫോണുകള് സ്വന്തം വികാരങ്ങളെയും ചിന്തകളെയും നിരീക്ഷിക്കാനുള്ള വേളകളെ അപഹരിക്കുകയും അക്ഷമ ജനിപ്പിക്കുകയും ചെയ്യുന്നതിനാലാണിത്.
ഏതൊരു പ്രശ്നമുണ്ടായാലും പരിഹാരത്തിന് ഫോണിനെയും നെറ്റിനെയും കൂട്ടുപിടിക്കുന്ന പ്രകൃതക്കാര്ക്ക് കാര്യകാരണബന്ധങ്ങള് മനസ്സിലാക്കാനും പ്രശ്നങ്ങളെ വിശകലനം ചെയ്യാനുമൊക്കെയുള്ള പാടവങ്ങള് ദുര്ബലമായിത്തീരാം.
? ഏകാഗ്രതക്കുറവ്
ഏതു കോലാഹലത്തിനിടയ്ക്കും ആരെങ്കിലും നമ്മുടെ പേരുച്ചരിച്ചാല്, അങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെങ്കില്പ്പോലും, അതു നാം കേള്ക്കില്ലേ? നമ്മുടെ പേരിനു നമ്മുടെ തലച്ചോര് ഏറെ പ്രാമുഖ്യം കല്പിക്കുന്നുണ്ടെന്നതിനാലാണിത്. അത്രയുംതന്നെ പ്രാധാന്യം നമ്മുടെ ഫോണിനും നല്കപ്പെടുന്നുണ്ടെന്നാണു പഠനങ്ങള് പറയുന്നത്. ഇക്കാരണത്താല്ത്തന്നെ, പ്രാധാന്യമുള്ള വല്ലതും ചെയ്തുകൊണ്ടിരിക്കുമ്പോള് ഫോണുകള് നമ്മുടെ ശ്രദ്ധയെ പല രീതിയില് താറുമാറാക്കാം:
• ഇടയ്ക്ക് നോട്ടിഫിക്കേഷന് വല്ലതും വന്നാല്, ഫോണ് എടുത്തില്ലെങ്കില്പ്പോലും, അതെന്തിന്റേതാകുമെന്ന ആകാംക്ഷയിലും “ഇപ്പോഴതു ശ്രദ്ധിക്കേണ്ട” എന്നു സ്വയം ബോദ്ധ്യപ്പെടുത്തുന്നതിനുമൊക്കെ മാനസികോര്ജ്ജം പാഴാകാം.
• ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മടുപ്പുളവാക്കുന്നതാണെങ്കില് ഇടയ്ക്കു “ചെറിയൊരു” ബ്രേയ്ക്കിനു വേണ്ടി നാം ഫോണ് കയ്യിലെടുക്കുകയും അത് ഉദ്ദേശിച്ചതിലുമധികം നേരം നീണ്ടുപോവുകയും ചെയ്യാം.
• ഫോണില് സമയം ചെലവിട്ട ശേഷം ആദ്യം ചെയ്തുകൊണ്ടിരുന്ന കാര്യത്തിലേക്കു മടങ്ങിച്ചെന്നാലും ശ്രദ്ധ അതില് പൂര്ണമായിപ്പതിയാന് സമയമെടുക്കാം.
? ഫോമോ
ഏതു നേരത്ത് എഫ്ബിയില് പോസ്റ്റിട്ടാലും ഉടനടി വന്ന് ലൈക്കോ കമന്റോ ചെയ്തിട്ടുപോവുന്ന ഒന്നോ രണ്ടോ ഫ്രണ്ട്സെങ്കിലും മിക്കവര്ക്കുമുണ്ടാവും. ഇങ്ങനെ എഫ്ബിയില്ത്തന്നെ അഹോരാത്രം കുത്തിയിരിക്കുന്നവര്ക്ക് “FOMO (Fear of Missing Out)” എന്ന പ്രശ്നമാവാം. താന് ഓണ്ലൈനല്ലാതിരുന്നാല് അന്നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താന് ഭാഗഭാക്കല്ലാതെ പോയേക്കും എന്നെല്ലാമുള്ള നിതാന്തഭീതികളാണ് ഫോമോയുടെ മുഖമുദ്ര. ക്ലാസിലിരിക്കുമ്പോഴോ വണ്ടിയോടിക്കുമ്പോഴോ ഒക്കെപ്പോലും ഫോമോ ബാധിതരുടെ ശ്രദ്ധ ഫോണിലേക്കാവാം.
നിത്യജീവിതത്തില്നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്ക്കും മോഹങ്ങള് പലതും നടക്കാതെ പോയവര്ക്കും ഫോമോയ്ക്കു സാദ്ധ്യത കൂടുതലുണ്ട്. ഫോമോ മൂലം അവരുടെ അസംതൃപ്തിയും അസന്തുഷ്ടിയും പക്ഷേ പിന്നെയും വഷളാവുകയാണു പതിവ്.
? നോമോഫോബിയ
“എന്റെ ഫോണ് എന്റെ ലോകമായിത്തീര്ന്നിരിക്കുന്നു, എന്റെയൊരു അവയവം പോലെയായിരിക്കുന്നു.” – ഒരു നോമോഫോബിയ ബാധിതന്
നോമോഫോബിയ, “നോ മൊബൈല് ഫോബിയ” എന്നതിന്റെ ചുരുക്കരൂപമാണ്. സ്വന്തം ഫോണിനെ സ്വല്പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴോ അതേപ്പറ്റി ചിന്തിക്കുമ്പോള്പ്പോലുമോ വല്ലാത്ത ഉത്ക്കണ്ഠയും ഉള്ക്കിടിലവും തോന്നുന്ന സ്ഥിതിവിശേഷത്തിന്റെ പേരാണിത്. ഇതേറെ സാധാരണവുമാണ് — ബാംഗ്ലൂരിലെയും നാഗ്’പൂരിലെയും മെഡിക്കല് വിദ്യാര്ത്ഥികളിലെ പഠനങ്ങളില്ക്കണ്ടത്, രണ്ടിടത്തും നാല്പതു ശതമാനത്തോളം പേരെ നോമോഫോബിയ പിടികൂടിയിട്ടുണ്ടെന്നായിരുന്നു. ഫോണിലൂടെയല്ലാതുള്ള ആശയവിനിമയത്തിന് പ്രാപ്തതക്കുറവുള്ളവരെ ഇതു കൂടുതലായി ബാധിക്കാം.
? റിംഗ്സൈറ്റി
കീശയില് ഫോണിന്റെ വൈബ്രേഷന് അനുഭവപ്പെട്ട് അതെടുത്തു നോക്കുമ്പോള് കോളോ നോട്ടിഫിക്കേഷനോ ഒന്നും വന്നിട്ടേയില്ലെന്നു കണ്ട അനുഭവമുണ്ടോ? അല്ലെങ്കില്, മേശപ്പുറത്തു ഫോണടിക്കുന്നതായിത്തോന്നി അതെടുക്കാനൊരുങ്ങുമ്പോള് ഫോണ് മുറിയിലേ ഇല്ലെന്നു തിരിച്ചറിയേണ്ടി വന്നിട്ടുണ്ടോ? ഇങ്ങിനെ, ഇല്ലാത്ത റിംഗോ വൈബ്രേഷനോ ഉണ്ടെന്നു തോന്നുന്നതിനെയാണ് “റിംഗ്സൈറ്റി” എന്നു വിളിക്കുന്നത്. “ഫാന്റം വൈബ്രേഷന്” എന്നൊരു പേരും ഇതിനുണ്ട്. മൂന്നില് രണ്ടോളം ആളുകള്ക്ക് ഇത്തരമനുഭവങ്ങള് ഉണ്ടാവാം. ഇവയ്ക്കു സാദ്ധ്യത കൂടുതലുള്ളത് പതിവായി വൈബ്രേഷന് മോഡ് ഉപയോഗിക്കുന്നവര്, ഏറെനേരം ഫോണുംകൊണ്ടു നടക്കാറുള്ളവര്, ഫോണ് അമിതമായി ഉപയോഗിക്കാറുള്ളവര്, കടുത്ത മാനസികസമ്മര്ദ്ദമുള്ളവര്, ടെന്ഷനോ നിരാശക്കോ ഒക്കെയൊരു സാന്ത്വനത്തിനായി ഫോണിനെ ആശ്രയിക്കാറുള്ളവര്, മെസേജുകളെയും മറ്റും ഏറെ വൈകാരികപ്രാധാന്യത്തോടെ സമീപിക്കാറുള്ളവര് തുടങ്ങിയവര്ക്കാണ്.
? വിഷാദം
മറ്റുള്ളവരുമായുള്ള താരതമ്യത്തില് തന്റെ സ്ഥാനം എവിടെയാണ് എന്നറിയാനുള്ള ത്വര മനുഷ്യസഹജമാണ്. അനേകരുമായി സ്വയം താരതമ്യപ്പെടുത്തി വിഷാദപ്പെട്ടുകൊണ്ടിരിക്കാന് സോഷ്യല് മീഡിയ ഒരുക്കിയിരിക്കുന്നത് ചരിത്രത്തില് സമാനതകളില്ലാത്ത അവസരവുമാണ്. സ്വന്തമായി അധികം പോസ്റ്റുകളോ കമന്റുകളോ ഒന്നും ഇടാതെ ചുമ്മാ മറ്റുളളവരുടേതു നോക്കിയിരിക്കുക മാത്രം ചെയ്യുന്ന ശീലം വിഷാദജനകമാവാറുണ്ട്. നോട്ടിഫിക്കേഷനുകള്ക്കു വേണ്ടി സദാ ജാഗരൂകതയോടെ കാത്തിരിക്കുന്നതും, ഒരു “പെര്ഫക്റ്റ് ഇമേജ്” പ്രദര്ശിപ്പിക്കാനുള്ള അവിരതശ്രമങ്ങളും കോര്ട്ടിസോള് എന്ന ഹോര്മോണിന്റെ ഉത്പാദനം വര്ദ്ധിപ്പിക്കുകയും അതുവഴി മാനസികസമ്മര്ദ്ദത്തിനും വിഷാദത്തിനും അമിതോത്ക്കണ്ഠയ്ക്കും വഴിയൊരുക്കുകയും ചെയ്യാം.
? അഡിക്ഷന്
ചിലര്ക്കു ഫോണ് മദ്യപാനമോ പുകവലിയോ പോലെ ഒരു അഡിക്ഷനായിത്തീരാം. 2,750 ബാംഗ്ലൂര്നിവാസികളില് നടത്തപ്പെട്ട ഒരു പഠനം വെളിപ്പെടുത്തിയത്, അക്കൂട്ടത്തില് നാലു ശതമാനത്തോളം പേര്ക്ക് മൊബൈല്ഫോണ് അഡിക്ഷന് ഉണ്ടെന്നും ആ അഡിക്ഷന് ബാധിതരില് ഏഴു ശതമാനത്തിനു തന്മൂലം ശാരീരികപ്രശ്നങ്ങള് വന്നുഭവിച്ചിട്ടുണ്ടെന്നുമാണ്.
പ്രത്യേകിച്ചൊരു കാരണവുമില്ലെങ്കിലും ഇടയ്ക്കിടെ ഫോണ് പരിശോധിക്കുക, പാതിരായ്ക്കെഴുന്നേറ്റും ഫോണ് നോക്കുക, നോമോഫോബിയയുടെ ലക്ഷണങ്ങള്, ആളുകളോട് ഇടപഴകുന്നതിലും ഭേദം ഫോണില് സമയം ചെലവിടുന്നതാണെന്ന ചിന്താഗതി, അനിയന്ത്രിതമായ ഫോണുപയോഗത്താല് പഠനമോ ജോലിയോ ഒക്കെ താറുമാറാവുക എന്നിവ അഡിക്ഷന്റെ സൂചനകളാവാം. റെസ്റ്റോറന്റില് ഒരു ടേബിളിനിരുപുറവും താന്താങ്ങളുടെ ഫോണുകളില് മുഖം പൂഴ്ത്തിയിരിക്കുന്ന കമിതാക്കളും തീയേറ്ററില് സിനിമ പുരോഗമിക്കുന്നതിനിടയിലും ഇടയ്ക്കിടെ ഫോണില് ചികയുന്നവരുമൊക്കെ അഡിക്ഷന് പിടിപെട്ടവരാകാം.
ഫോണുപയോഗം അഡിക്ഷനിലേക്കു വഴുതുന്നത് നാലു രീതികളിലാവാം. അമിതമായ ഉത്ക്കണ്ഠയോ സഭാകമ്പമോ ഏകാന്തതയോ ആത്മവിശ്വാസക്കുറവോ ഉള്ളവര് സാന്ത്വനത്തിനും പ്രശംസയ്ക്കുമൊക്കെ ഓണ്ലൈന് ബന്ധങ്ങളെ അതിരുകവിഞ്ഞ് ആശ്രയിച്ചു തുടങ്ങുകയും അഡിക്ഷനിലേക്കു കൂപ്പുകുത്തുകയും ചെയ്യാം. മുന്പിന്നോക്കാതെ തീരുമാനങ്ങളെടുക്കുന്ന, അക്ഷമയും ആത്മനിയന്ത്രണമില്ലായ്കയും മുഖമുദ്രയായ ചിലര്, അതിന്റെയൊക്കെ ഭാഗമായി, വണ്ടിയോടിക്കുക പോലുള്ള അപായസാദ്ധ്യതയുള്ള സാഹചര്യങ്ങളിലും ഫോണുപയോഗിക്കുകയും ഏറെപ്പേര്ക്ക് ലൈംഗികസന്ദേശങ്ങള് അയക്കുകയോ അവഹേളനപരമായ കമന്റുകള് കൊടുക്കുകയോ ഒക്കെച്ചെയ്യാം. ഇനിയും ചിലര്ക്ക്, വ്യക്തിത്വസവിശേഷതകള് മൂലം, പുതിയ പുതിയ ബന്ധങ്ങള് സ്ഥാപിക്കാനും ഏറെപ്പേരോട് ആശയവിനിമയം നടത്താനും എപ്പോഴുമൊരു കമ്പം നിലനില്ക്കുകയും അതിനവര് ഫോണിനെ ഉപകരണമാക്കുകയും ചെയ്യാം. ഗെയിമിംഗിനോ ഓണ്ലൈന് ചൂതാട്ടത്തിനോ അഡിക്ഷനായിക്കഴിഞ്ഞവര് പ്രസ്തുതയാവശ്യങ്ങള്ക്ക് ഫോണുപയോഗിക്കുകയുമാവാം.
ചിന്താഗതികളിലെ ഏതേതു വൈകല്യങ്ങളാണ് അഡിക്ഷന് അടിവേരാകുന്നത് എന്നു തിരിച്ചറിഞ്ഞ് അവയെ തിരുത്തിയെടുക്കാന് സഹായിക്കുന്ന ‘കോഗ്നിറ്റീവ് ബിഹേവിയര് തെറാപ്പി’ എന്ന മനശ്ശാസ്ത്രചികിത്സയും, എടുത്തുചാട്ടം കുറയ്ക്കാന് സഹായിക്കുന്ന ചില മരുന്നുകളുമൊക്കെ അഡിക്ഷന്ചികിത്സയില് ഫലപ്രദമാണ്.
? പ്രത്യേകം ചികിത്സാകേന്ദ്രങ്ങള്
ഇന്റര്നെറ്റ്, സ്മാര്ട്ട്ഫോണുകള് എന്നിവയുമൊക്കെയായി ബന്ധപ്പെട്ട അഡിക്ഷന് പോലുള്ള മാനസികപ്രശ്നങ്ങളുടെ ചികിത്സയ്ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം നാലു വര്ഷത്തോളം മുമ്പ് ബാംഗ്ലൂരിലെ നിംഹാന്സില് പ്രവര്ത്തനം തുടങ്ങുകയുണ്ടായി. SHUT (Services for Healthy Use of Technology) Clinic എന്നാണതിന്റെ പേര്. കുട്ടികള്ക്കുവേണ്ടി Centre for Children in Internet and Technology Distress എന്നൊരു കേന്ദ്രം ഡെല്ഹിയിലും പ്രവര്ത്തിക്കുന്നുണ്ട്.
? ബന്ധങ്ങളിലെ പ്രശ്നങ്ങള്
“അല്പം കാലം മുമ്പു വരേയ്ക്കും സീരിയലുകളിലെ കണ്ണീര്നായികമാരെക്കാണുമ്പോള് എനിക്കു നല്ല ചിരി വരുമായിരുന്നു. ഇന്നിപ്പോള് എന്റെയവസ്ഥ അവരുടേതിലും കഷ്ടമായിരിക്കുന്നു.” — ഫേസ്ബുക്ക് കാമുകനെ അംഗീകരിക്കാന് വീട്ടുകാര് വിസമ്മതിച്ചതോടെ വിഷാദം ബാധിച്ച ഒരു പെണ്കുട്ടി പറഞ്ഞത്.
‘ആള്ക്കൂട്ടം’ എന്ന ആനന്ദിന്റെ നോവലില്, വയസ്സു നാല്പതു കഴിഞ്ഞിട്ടും വിവാഹം കഴിക്കാനാവാതെ പോയ ഒരു കഥാപാത്രം ഓരോ അവധിദിവസവും കുളിച്ചൊരുങ്ങി സിനിമയ്ക്കു പോകുന്നുണ്ട്, തന്നോടു താല്പര്യമുള്ളൊരു യുവതിയെ അന്നെങ്കിലും കണ്ടുമുട്ടാനായേക്കുമെന്ന പ്രത്യാശയുമായി! ഇതേവിധത്തില്, പ്രേമിക്കാനോ ഭോഗിക്കാനോ ആരെയെങ്കിലും കിട്ടിയേക്കുമെന്ന മോഹവുമായാണ് ഇന്നു പലരും നിത്യവും സോഷ്യല് മീഡിയയിലേക്കിറങ്ങുന്നതും.
കൌണ്സലിംഗ് സെന്ററുകളിലും കുടുംബക്കോടതികളിലുമെത്തുന്ന ദാമ്പത്യകലഹങ്ങളില് നല്ലൊരു ശതമാനത്തിലും സോഷ്യല് മീഡിയ ഇന്നൊരു വില്ലന്സ്ഥാനത്തുണ്ട്. ഡൈവോഴ്സ് കേസുകളില്, ഒരു പങ്കാളിയുടെ വിശ്വാസവഞ്ചനയ്ക്കു തെളിവായി സോഷ്യല്മീഡിയയിലെ കമന്റുകളും മെസേജുകളുമൊക്കെ ഹാജരാക്കപ്പെടുന്നുമുണ്ട്. പഴയ പ്രേമഭാജനങ്ങളെ വീണ്ടും കണ്ടുമുട്ടാനും അണഞ്ഞുകിടക്കുകയായിരുന്ന പ്രണയക്കനലുകളെ ഒന്നുകൂടി ഊതിക്കത്തിക്കാനുമുള്ള അവസരങ്ങള് എഫ്ബിയും വാട്ട്സാപ്പിലെ അലുംനി ഗ്രൂപ്പുകളുമൊക്കെ എമ്പാടുമൊരുക്കുന്നുണ്ട്. പങ്കാളിയുടെ അക്കൌണ്ടുകളില് ആരൊക്കെ, എത്തരത്തിലൊക്കെയാണ് ഇടപഴകുന്നതെന്നു പലരും നിത്യേന പരിശോധിക്കുന്നതും, പ്രസ്തുത പരിശോധനകളും അവയുടെ കണ്ടെത്തലുകളുമൊക്കെ വഴക്കുകള്ക്കു കളമൊരുക്കുന്നതും സാധാരണമായിരിക്കുന്നു. പങ്കാളിയോടൊത്തു ചെലവിടുന്നതിലും ഏറെയധികം സമയം പലരും ഫോണിനനുവദിക്കുന്നതും പ്രശ്നനിമിത്തമാകുന്നുണ്ട്. ദാമ്പത്യത്തിലെ നേരിയ അസ്വാരസ്യങ്ങള് പോലും പരസ്പരം പറഞ്ഞുതീര്ക്കാന് തുനിയാതെ ആശ്വാസത്തിനായി ഉടനടി സോഷ്യല്മീഡിയയിലേക്കിറങ്ങുന്ന പ്രവണതയും ദോഷകരമാവുന്നുണ്ട്.
? മിഥ്യയാവുന്ന സ്വകാര്യത
“മനുഷ്യന്റെ സ്വകാര്യതയെ ഒറ്റിക്കൊടുക്കുന്ന ഒരു ബൂര്ഷ്വാ സ്നേഹിതനാണ് മൊബൈല്.”
– സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു ചെറുകഥയില്നിന്ന്
താനിപ്പോള് എവിടെയാണുള്ളതെന്നും വ്യക്തിപരമായ മറ്റു വിശദാംശങ്ങളുമൊക്കെ സോഷ്യല് മീഡിയയില് സദാ പരസ്യപ്പെടുത്തുക ശീലമാക്കിയവരുണ്ട്. സാങ്കേതികപരിജ്ഞാനത്തിന്റെ അപര്യാപ്തതയാല് പലരും സ്വയമറിയാതെ പല രഹസ്യങ്ങളും പബ്ലിക്കാക്കുന്നുമുണ്ട്. ഇത്തരം വിവരങ്ങള് തൊഴില്ദാതാക്കളും സാമൂഹ്യവിരുദ്ധരും പീഡനവാഞ്‌ഛയുള്ളവരും മോഷ്ടാക്കളും സാമ്പത്തിക കുറ്റവാളികളുമടക്കം എത്രയോ പേര് കാണാനിടയാകാമെന്നതും, ഒരിക്കല് നെറ്റിലിട്ട വിവരങ്ങള് പൂര്ണമായും തിരിച്ചെടുക്കുക അസാദ്ധ്യമാവാമെന്നതും പലരും വിസ്മരിക്കുന്നുണ്ട്.
? എടുക്കാവുന്ന ചില മുന്കരുതലുകള്
1. രാത്രി വൈകി ഫോണുപയോഗിക്കാതിരിക്കുക. രാത്രിയില് സ്ക്രീനില് നിന്നുള്ള നീലവെളിച്ചത്തെ തടുക്കാന് Twilight, f.lux തുടങ്ങിയ ആപ്പുകള് ഉപയോഗപ്പെടുത്താം.
2. വണ്ടിയോടിക്കുമ്പോഴോ നടന്നുപോകുമ്പോഴോ ഫോണ് നോക്കാതിരിക്കുക.
3. ഫോണ് ബാത്ത്റൂമിലേക്കു കൊണ്ടുപോവാതിരിക്കുന്നതും, മൈക്രോഫൈബര് തുണി കൊണ്ടും അനുയോജ്യമായ ക്ലീനറുകളോ വൈപ്പുകളോ ഉപയോഗിച്ചും ഇടയ്ക്കിടെ തുടക്കുന്നതും അതിലെ അണുക്കളുടെയെണ്ണം നിയന്ത്രിക്കാന് സഹായിക്കും.
4. പരമാവധിയെണ്ണം നോട്ടിഫിക്കേഷനുകളും “സൈലന്റ്” ആക്കുക.
5. പ്രാധാന്യമുള്ള കാര്യങ്ങള് വല്ലതും ചെയ്തുതുടങ്ങുമ്പോള് നെറ്റോ ഫോണ് തന്നെയോ ഓഫാക്കിയിടുന്നതു പരിഗണിക്കുക.
6. എന്തിനുമേതിനും ഫോണുകളെ ആശ്രയിക്കാതെ മറ്റുപാധികളും പ്രയോജനപ്പെടുത്തുക — കുറിപ്പെഴുതുന്നത് ആപ്പില്ത്തന്നെ വേണോ അതോ ഒരു കടലാസുതുണ്ടിലാവാമോ, അലാറം വെയ്ക്കാന് വീട്ടിലെ പഴയ ടൈംപീസ് മതിയാകുമോ എന്നൊക്കെ പരിഗണിക്കുക.
7. രാവിലെ ഉണര്ന്നയുടന് ഫോണ് നോക്കാതിരിക്കുക. പകല്നേരത്തും ഫോണ് പരിശോധിക്കുന്നത് കൂടുതല് ഇടവേളകളിട്ടാവാന് മനസ്സിരുത്തുക.
8. സശ്രദ്ധം തെരഞ്ഞെടുക്കുന്ന സന്തോഷനിമിഷങ്ങള് മാത്രമാണു മിക്കവാറും പേര് സോഷ്യല്മീഡിയയില് പങ്കുവെക്കുക, അബദ്ധങ്ങളെയോ പരാജയങ്ങളെയോ കുറിച്ച് മിക്കവരും അവിടെ ഒന്നും മിണ്ടില്ല എന്നതൊക്കെ മറക്കാതിരിക്കുക.
9. പങ്കാളി എങ്ങനെയൊക്കെയാണ് സോഷ്യല് മീഡിയ കൈകാര്യംചെയ്യാന് ഉദ്ദേശിക്കുന്നതെന്നതു ചോദിച്ചറിയുക. സ്വന്തം താല്പര്യങ്ങളും വെളിപ്പെടുത്തുക. പങ്കാളിയുടെ ഏതെങ്കിലും ഓണ്ലൈന് നടപടിയെപ്പറ്റി സന്ദേഹങ്ങള് ഉണരുന്നെങ്കില് കാര്യം മനസ്സിലിട്ടു പെരുപ്പിക്കാതെ തുറന്നു ചര്ച്ചചെയ്യുക.
10. സോഷ്യല് മീഡിയാ സൈറ്റുകളിലെ പ്രൈവസി സെറ്റിങ്ങുകള് അവഗണിക്കാതിരിക്കുക.