കോവിഡ് 19: സ്പാനിഷ് ഫ്ലൂവിന്റെ തനിയാവർത്തനമോ?
സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 50 ലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ് അന്നാ വൈറസ് ഒന്ന് കെട്ടടങ്ങിയത് തന്നെ. ഒന്നാം ലോകമഹായുദ്ധത്തിന് ഇടയിൽ പൊട്ടിപ്പുറപ്പെട്ട രോഗം, ആശയവിനിമയത്തിന് ടെലിഫോൺ പോലും ഇല്ലാത്ത കാലം, അന്താരാഷ്ട്ര യാത്രകൾക്ക് കപ്പലുകളെ ആശ്രയിച്ചിരുന്ന കാലം, രോഗാണുക്കളെ പറ്റി വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലം, അങ്ങനെ ഇന്നത്തെ കാലത്തിരുന്ന് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു സാമൂഹിക സാഹചര്യത്തിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ, ഇപ്പോൾ കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്.
മനുഷ്യരാശിയെ പിടിച്ചുലച്ച സ്പാനിഷ് ഫ്ലൂവിന്റെ തനിയാവർത്തനം തന്നെയല്ലെ കോവിഡ് 19? നാം അവിടെ തന്നെയല്ലേ ഇപ്പോഴും നിൽക്കുന്നത്? എന്നൊക്കെ പലരും ചോദിക്കുന്നത് കേൾക്കാം..
സ്പാനിഷ് ഫ്ലൂവും കൊവിഡും തമ്മിൽ സമാനതകൾ ഉണ്ടോ എന്നാണു ചോദ്യമെങ്കിൽ, ഉണ്ട്.
എന്നാൽ നാം അവിടെത്തന്നെയാണോ നിൽക്കുന്നത് എന്ന് ചോദിച്ചാൽ, തീർച്ചയായും അല്ല.
സ്പാനിഷ് ഫ്ലൂവിൻ്റെ ചരിത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് കമൻ്റിൽ.
അന്ന് v/s ഇന്ന് ?!
സമാനതകൾ
പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് എത്തി എന്ന് കരുതുന്ന സ്പാനിഷ് ഫ്ളൂ.
വവ്വാലിൽ നിന്ന് മനുഷ്യനിൽ എത്തിയെന്ന് കരുതപ്പെടുന്ന കോവിഡ്.
രണ്ടിനും ലക്ഷണങ്ങൾ ലഘൂകരിക്കുന്ന സപ്പോർട്ടീവ് ചികിൽസ.
പ്രതിരോധ ചികിൽസയായി വാക്സിൻ ( നിലവിൽ ) ഇല്ല.
രണ്ടും ചുമ അല്ലെങ്കിൽ തുമ്മൽ (എയറോസോൾ അല്ലെങ്കിൽ ഡ്രോപ്ലെറ്റ് അണുബാധ) അല്ലെങ്കിൽ രോഗം ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെ പടരുന്നു.
സ്പാനിഷ് ഫ്ലൂവും COVID-19 ഉം അതാത് കാലത്തെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനത്തിന്റെ വേഗതയിൽ ലോകമെമ്പാടും പരക്കുന്നു (1918 ൽ സ്റ്റീംഷിപ്പുകളും സ്റ്റീം ലോക്കോമോട്ടീവുകളും 2020 ൽ ജെറ്റ് വിമാനങ്ങളും).
ന്യുമോണിയയിലേക്കും ജീവവായു നിഷേധിക്കുന്ന രീതിയിൽ ശ്വസനവ്യവസ്ഥയെ തകർക്കുന്ന രീതിയിലേക്ക് വഷളാകുവാനും രണ്ടിനും കഴിയും.
സാമൂഹ്യ അകലം പോലുള്ള നോൺ-ഫാർമസ്യൂട്ടിക്കൽ പ്രതിരോധ ഇടപെടലുകൾ രണ്ടിലും പ്രധാനമായിരുന്നു. സമാനതകളില്ലേ?
ഉണ്ട്,
സമാനതകൾ സത്യത്തിൽ അവിടെ അവസാനിക്കുന്നു.
എങ്ങനെ ഈ രണ്ട് മഹാമാരികളും, അവയെ ശാസ്ത്രം നേരിടുന്ന രീതികളും വത്യസ്തമാവുന്നു?
1918 ൽ വൈറസുകളെ പറ്റി വ്യക്തമായ അറിവുകളില്ല. വൈറസുകളുടെ ജനിതക വസ്തുക്കൾ അതുവരെ കണ്ടെത്തിയിരുന്നില്ല എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
ഇന്ന് ഗവേഷകർക്ക് ഒരു വൈറസിനെ എങ്ങനെ വേർതിരിക്കാമെന്നു അറിയാം.
കോവിഡ് 19 ഉണ്ടാക്കുന്ന വൈറസിൻ്റെ ജനിതകക്രമം അതിവേഗതയിലാണ് നമ്മൾ കണ്ടെത്തിയത്. ഇതൊരു പുതിയ രോഗാണു ആണെന്ന് തിരിച്ചറിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ വൈറസിൻ്റെ ജനിതകജാതകം പൂർണമായും വേർതിരിച്ച്, പഠനം നടത്തി, അതുപയോഗിച്ച് രോഗനിർണയത്തിനുള്ള ടെസ്റ്റുകൾ കണ്ടെത്തി ലോകരാജ്യങ്ങൾക്ക് നൽകാൻ ശാസ്ത്രത്തിന് കഴിഞ്ഞു.
വൈറസിൻ്റെ സ്വഭാവം കൃത്യമായി അറിയുന്നതുകൊണ്ട് തന്നെ ആൻറിവൈറൽ മരുന്നുകൾ പരീക്ഷിക്കാനും വാക്സിൻ വികസിപ്പിക്കാനും നമുക്കിന്ന് കഴിയും. അതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു. ഈ പകർച്ച സീസണിൽ അത് വിജയം കാണുമോയെന്ന് ഉറപ്പില്ല എന്ന് മാത്രം .
പ്രാരംഭലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ടെസ്റ്റ് ചെയ്തുറപ്പിക്കാനും രോഗികളെ സെൽഫ് ക്വാറൻ്റൈൻ/ ഐസൊലേഷൻ ചെയ്യാനുമുള്ള പ്രായോഗികത അന്നില്ലായിരുന്നു.
മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ഒരു രോഗം എങ്ങനെ പകരുന്നു എന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെ എങ്ങനെ പ്രതിരോധിക്കാനാകുമെന്നും അറിയാൻ കഴിയൂ. സാമൂഹിക അകലം പാലിച്ചും കൈകൾ കഴുകിയും മാസ്ക് ഉപയോഗിച്ചും നമ്മൾ കൊവിഡിനെ പ്രതിരോധിക്കുന്നത് ശാസ്ത്രീയമായ ആ അറിവിൻ്റെ പിൻബലത്തിലാണ്.
ഇന്ന് നമുക്ക് മനുഷ്യൻ്റെ രോഗപ്രതിരോധ വ്യവസ്ഥയെ പറ്റിയും ഒരു രോഗം വരുമ്പോൾ അതെങ്ങനെ പ്രതികരിക്കും എന്നതിനെപ്പറ്റിയും വ്യക്തമായ ധാരണകളുണ്ട്. ഒരു രോഗാണു ശരീരത്തിൽ കടന്നു കഴിഞ്ഞാൽ എത്ര ദിവസത്തിനകം ബ്ലഡിൽ ആൻ്റിജൻ ഉണ്ടാകാമെന്നും എത്ര ദിവസത്തിനകം ആൻറിബോഡി ഉണ്ടാകുമെന്നും നമുക്ക് നല്ല ധാരണയുണ്ട്. ഒരു തുള്ളി രക്തത്തിൽ നിന്നും അത് കണ്ടെത്താനുള്ള സാങ്കേതികവിദ്യയും നമുക്ക് ഇന്ന് നിലവിലുണ്ട്.
PCR പോലുള്ള ടെസ്റ്റുകൾ വഴി വളരെ ചെറിയ അളവിലുള്ള രോഗാണു സാന്നിധ്യം പോലും നമുക്ക് വളരെ കൃത്യതയോടെ കണ്ടെത്താൻ ഇന്ന് കഴിയുന്നു.
കോൺടാക്റ്റ് ട്രെയ്‌സിംഗ് ചെയ്യുന്നത് ഏതാണ്ട് അസാധ്യമായിരുന്നു 1918-ൽ.
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര സംരക്ഷണ ഉപകരണങ്ങൾ അന്നില്ലായിരുന്നു,
ഇന്ന് കൊറോണ വൈറസ് ബാധിച്ച് തീവ്ര പരിചരണം വേണ്ട ആളുകൾക്ക് നൽകാവുന്ന ചികിൽസാ സങ്കേതങ്ങൾ ഒന്നും തന്നെ അന്ന് നിലവിലില്ല.
ഇന്നു നമ്മൾ ഉപയോഗിക്കുന്ന പല അത്യാധുനിക ചികിത്സാ സംവിധാനങ്ങൾക്കും പല രോഗാണുക്കളോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.
എൻഡോട്രക്കിയൽ ഇൻറ്റുബേഷൻ, അഥവാ ശ്വാസനാളത്തിലേക്ക് ട്യൂബിട്ട് ശ്വാസം നൽകുന്ന രീതി ആദ്യമായി പരീക്ഷിച്ചത് ഒരു ഡിഫ്തീരിയ രോഗിയിലാണ്. 1885-ൽ.
വെന്റിലേറ്റർ എന്നു പറയുന്ന കൃത്രിമ ശ്വസന സഹായി വികാസം പ്രാപിച്ചത് പോളിയോ രോഗികൾക്ക് ശ്വാസം നൽകാൻ വേണ്ടിയായിരുന്നു. 1950 കളിൽ അയൺ ലംഗ് എന്ന ഇരുമ്പ് പേടകമായിരുന്നു ഉപയോഗിച്ചിരുന്നത്.
ഈ പറഞ്ഞ endotracheal intubation ഉം വെൻറിലേറ്ററും ഓക്സിജൻ മോണിറ്ററുകളും മറ്റുപകരണങ്ങളും ഒക്കെ തന്നെയാണ് അതീവ ഗുരുതരമാകുന്ന രോഗികളെ രക്ഷിക്കാൻ നമ്മളിന്നുപയോഗിക്കുന്നത്.
1918 ലെ ഇൻഫ്ലുവൻസ പ്രായമായവരെക്കാൾ ചെറുപ്പക്കാരിൽ ആണ് കൂടുതൽ മാരകമായത് എന്ന വ്യത്യാസം പ്രകടമായിരുന്നു. ഈ വൈറസിൻ്റെ തീവ്രത കുറഞ്ഞ പതിപ്പുകളിലൂടെ പ്രായമായവർക്ക് പ്രതിരോധ ശക്തി ലഭിച്ചു എന്നതാണ് ഇതിനെ കുറിച്ച് ഒരു തിയറി.
സുതാര്യമായ സംവിധാനങ്ങളിലൂടെ കൃത്യമായ വാർത്തകൾ അറിയുവാൻ ഇന്ന് കൂടുതൽ കഴിയുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ മുഖേനെയും മറ്റും വ്യാജ വാർത്തകളുടെ വേലിയേറ്റമെന്ന വെല്ലുവിളി കൂടെ വന്നത് മറക്കുന്നില്ല. പക്ഷേ അതേ സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ രോഗത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഏറ്റവും താഴെക്കിടയിലുള്ള ആൾക്കാരിലേക്ക് പോലും എത്തിക്കാനും സാധിക്കുന്നുണ്ട് ഇന്ന്.
സ്പാനിഷ് ഫ്ലൂവിന് ശേഷം മെഡിക്കൽ രംഗത്തും സാമൂഹിക രംഗത്തും വന്ന മാറ്റങ്ങൾ !
1920 കൾക്കുശേഷം പല സർക്കാരുകളും പകർച്ചവ്യാധികളെ പറ്റി കൂടുതൽ ജാഗരൂകരാവുകയും എല്ലാവർക്കും ആരോഗ്യ സംരക്ഷണം എന്ന ആശയത്തെ പ്രത്യേക പരിഗണനയോടെ സ്വീകരിച്ചു തുടങ്ങുകയും ചെയ്തു.
1920- ൽ റഷ്യ കേന്ദ്രീകൃതമായ ഒരു പൊതുജനാരോഗ്യ സംവിധാനം നടപ്പിലാക്കി .
എപ്പിഡെമിയോളജിക്ക് ഡാറ്റകൾക്കായി ഓരോ പകർച്ചവ്യാധിയെയും കുറിച്ച്, തുടർന്നുള്ള വർഷങ്ങളിൽ ആരോഗ്യ സ്ഥിതിവിവര റിപ്പോർട്ടിംഗ് കൂടുതൽ ചിട്ടയായി പല രാജ്യങ്ങളിലും.
പല രാജ്യങ്ങൾക്കും ഒരു പൊതുജനാരോഗ്യനയം ഉണ്ടാവുകയും ബ്രിട്ടനിൽ എൻഎച്ച്എസ് പോലുള്ള ആരോഗ്യസേവന സംവിധാനങ്ങൾ നിലവിൽ വരികയും ഒക്കെ ചെയ്തത് സ്പാനിഷ് ഫ്ലു വന്നു പോയതിൻ്റെ പശ്ചാത്തലത്തിലായിരുന്നു.
എന്ത് മാറ്റങ്ങളാവും കോവിഡ് മഹാമാരി ഭാവിയിൽ മുന്നോട്ട് വെക്കുക.
മനുഷരുടെ വംശമറ്റ് പോവാൻ തക്ക മാരക പ്രഹരശേഷിയൊന്നും ഈ കൊറോണ വൈറസിനില്ല.
ആഘാതങ്ങളൊക്കെ ഉണ്ടായാലും നാം അതിജീവിക്കുക തന്നെ ചെയ്യും. പക്ഷേ ലോകം കോവിഡിന് മുൻപ്, പിൻപ് എന്ന രീതിയിൽ തരം തിരിക്കാവുന്ന വിധ സാമൂഹിക മാറ്റങ്ങൾ വന്നേക്കാം. രാഷ്ട്രനേതാക്കൾ മാറി ചിന്തിക്കാൻ ഈ ഇത്തിരിക്കുഞ്ഞൻ വൈറസുകൾ കാരണമായേക്കാം.
ശാസ്ത്രം ഇത്രയും വികസിച്ചിട്ടും എന്തേ ശാസ്ത്രം ഞൊടിയിടയിൽ ഈ മഹാമാരിയെ പിടിച്ചു കെട്ടുന്നില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. എന്താണ് കാരണം?
മനുഷ്യർക്കും രാജ്യങ്ങൾക്കുമിടയിൽ വേർതിരിവുകളും വേലികളും കെട്ടിപ്പെടുത്ത്, അപ്പുറത്തൊരു ശത്രുവിനെ സൃഷ്ടിച്ച് നിഴൽ യുദ്ധവും നേർയുദ്ധവും ഒരുക്കുന്നതിലും അതിലേക്കായി അളവറ്റ ധനം ചെലവിട്ട് വെടിക്കോപ്പുകൾ സംഭരിക്കുന്നതിലുമായിരുന്നല്ലോ ലോക രാജ്യങ്ങളുടെ മുൻഗണന.
ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യശാസ്ത്ര ഗവേഷണങ്ങൾ, മരുന്നു പരീക്ഷണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് തുലോം നീക്കി വെച്ചിട്ട് സമ്പത്തിൻ്റെ വലിയൊരു ഭാഗം പ്രതിരോധ ബജറ്റിലേക്കും, ആയുധങ്ങൾ വാങ്ങാനുമൊക്കെ നീക്കി വെക്കുകയായിരുന്നു പല രാജ്യങ്ങളും.
മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണി ആയേക്കാവുന്ന, ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന, യഥാർത്ഥ ശത്രു വന്നപ്പോൾ നാം ഇതുവരെ ശേഖരിച്ചു വെച്ച പീരങ്കിയും തോക്കും ബോംബും ഒന്നും മതിയാവുന്നില്ല നമുക്ക് യുദ്ധം ചെയ്യാൻ.
ഈ അദൃശ്യനുമായുള്ള യുദ്ധത്തിൽ മുൻനിര പോരാളികൾ ആയിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം, അവർക്കു പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ, അവർക്കു വേണ്ടുന്ന പ്രതിരോധ പടച്ചട്ടയാവേണ്ടിയിരുന്ന വ്യക്തിഗത സുരക്ഷാ ഉപാധികൾ ഇവയൊക്കെ ലോക രാജ്യങ്ങൾക്കെല്ലാം തന്നെ പരിമിതമാണ്.
രോഗം പടർന്നു പിടിക്കുന്ന ഓരോ രാജ്യത്തും മാസ്ക്കുകളേക്കാൾ കൂടുതൽ എണ്ണം വെടിയുണ്ടകൾ സ്റ്റോക്ക് ഉണ്ടാവുമെന്നത് തീർച്ചയാണ്. വെടിയുണ്ട ഉതിർത്ത് വൈറസിനെയൊട്ട് തുരത്താനുമാവില്ലല്ലോ. പകരം വേണ്ട മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ ഒന്നും നാം ആവശ്യത്തിന് കരുതിയിട്ടുണ്ടായിരുന്നുമില്ല.
മരുന്നു ഗവേഷണം ഉൾപ്പെടെയുള്ള ഗവേഷണങ്ങളെക്കാൾ നാം പ്രാധാന്യം കൊടുത്തത് വെടിക്കോപ്പുകൾക്കായിരുന്നു. യുദ്ധവിമാനങ്ങളുടെ എണ്ണം കുറച്ച്, അതു വാങ്ങുന്ന കാശു കൊണ്ട് അനേകായിരം ജീവൻ രക്ഷാ വെൻ്റിലേറ്ററുകൾ വാങ്ങാമായിരുന്നു. 110 ലക്ഷം കോടിയോ മറ്റോ ആണ് 190 ഫൈറ്റർ പ്ലെയിൻ വാങ്ങാനായി നാം ഒടുവിൽ തിട്ടപ്പെടുത്തിയിരിക്കുന്നത്, ഒരു വെൻ്റിലേറ്ററിന് 45000 മുതൽ 1.5 ലക്ഷം വരെയൊക്കെയാണ്. ലോകരാജ്യങ്ങളുടെയെല്ലാം മുൻഗണന ഇങ്ങനെയാണ് പലപ്പോഴും.
ആരോഗ്യരക്ഷ നമ്മുടേതടക്കം പല മുൻകിട രാജ്യങ്ങളുടെയും മുൻഗണനകളിലെവിടുയുമില്ല എന്നത് വിചിത്രമാണ്. എന്തായാലും സ്പാനിഷ് ഫ്ലൂവിന് ശേഷം ഉണ്ടായതിന് സമാനമായതോ അതിലും ആശാവഹമായതോ ആയ പൊതുജനാരോഗ്യ മുന്നേറ്റത്തിന് കോവിഡ് കാരണമാകുമെന്ന് പ്രത്യാശിക്കാം. കേന്ദ്രീകൃതമായ, സാർവത്രികമായ പൊതുജനാരോഗ്യ പദ്ധതികളുടെ അഭാവത്തിൽ, അമേരിക്ക പോലുള്ള പരിഷ്കൃത വികസിതസമൂഹം കാലിടറിയത് ഒരു പുനർവിചിന്തനത്തിന് എല്ലാവരെയും പ്രേരിപ്പിക്കാൻ കാരണമാകുമെന്ന് കരുതാം.
പറഞ്ഞുവരുന്നത് ബജറ്റിൽ കൂടുതൽ കാശ് ഉണ്ടാവുക എന്നത് മാത്രമല്ല പ്രധാനം, വ്യക്തമായ പൊതുജനാരോഗ്യ നയങ്ങൾ കൂടി ഉണ്ടെങ്കിൽ മാത്രമേ പകർച്ചവ്യാധികളെ നമുക്ക് നേരിടാനാവൂ. ഏറ്റവും താഴെത്തട്ടിലുള്ള ആളിലേക്ക് പോലും ഇറങ്ങിച്ചെല്ലുന്ന ഒരു ആരോഗ്യ സംവിധാനത്തിന് മാത്രമേ ഇതുപോലുള്ള വലിയ വലിയ രോഗങ്ങളെ പ്രതിരോധിച്ചു നിൽക്കാനാവൂ.
ഇന്നിപ്പോൾ രാജ്യങ്ങൾക്ക് പണത്തിന് കുറവില്ല, സാങ്കേതികവിദ്യയ്ക്ക് പരിമിതികളില്ല, അറിവിൻ്റെയോ ലഭിച്ച അറിവുകൾ കൈമാറ്റം ചെയ്യുന്നതിനോ പരിമിതിയില്ല. എന്നിട്ടും ഇപ്പോഴും നമുക്ക് കാലിടറുന്നുണ്ടെങ്കിൽ, ഇതുപോലുള്ള സൂക്ഷ്മജീവികളുടെ മുന്നിൽ തോറ്റു പോകുന്നുണ്ടെങ്കിൽ, അതിനു കാരണം നമ്മുടെ പ്രയോറിറ്റികൾ എവിടെയോ തെറ്റിയെന്ന് തന്നെയാണ്.
പരിസ്ഥിതിയെയും കാലാവസ്ഥയേയും സംരക്ഷിച്ചുകൊണ്ടുള്ള, മാനവികതയിൽ ഊന്നിയ നയങ്ങൾ രൂപീകരിക്കാൻ ഇനിയും ലോകരാജ്യങ്ങൾ മടിക്കുകയാണെങ്കിൽ, ചിലപ്പോൾ ഇതിലും ഭീകരമായ ഒരു വൈറസ് ഒരു നാളിൽ ഉണ്ടായാൽ, നമുക്ക് പിടിച്ചുനിൽക്കാൻ ആവുമെന്ന് വലിയ പ്രതീക്ഷ വേണ്ട.
വൈറസുകളും മനുഷ്യനും ആയുള്ള യുദ്ധത്തിൻറെ ചരിത്രം മനുഷ്യരാശിയുടെ തന്നെ ചരിത്രമാണ്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന യുദ്ധത്തേക്കാൾ കൂടുതൽ വൈറസുകൾ മനുഷ്യനെ കൊന്നിട്ടുണ്ട്. ഭൂമിയിൽ പല മനുഷ്യഗോത്രങ്ങളും ജീവിവർഗങ്ങളും വൈറസുകൾ കാരണം ഇല്ലാതായിട്ടുണ്ട്.
സ്പാനിഷ് ഫ്ലൂവിൽ നിന്നും പഠിച്ച പാഠങ്ങൾ നമ്മൾ മറന്നു തുടങ്ങിയ സമയത്താണ് എച്ച്ഐവി, പക്ഷിപ്പനി പോലുള്ള പാൻഡെമിക്കുകളും ഉണ്ടായത്. ഇതേ ശാസ്ത്രം തന്നെയാണ് ഇതിനെയെല്ലാം നേരിട്ട് വരുതിയിലാക്കിയത്. പിന്നീട് എബോള വന്നപ്പോഴും ഇതേ ശാസ്ത്രം കൊണ്ട് തന്നെയാണ് നമ്മളതിനെ തടഞ്ഞുനിർത്തിയത്. പക്ഷേ ശാസ്ത്രം അതു ചെയ്തതുകൊണ്ടുതന്നെ ഇത്തരം പകർച്ചവ്യാധികൾ ഉണ്ടാക്കാമായിരുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങളെ പറ്റി പല രാഷ്ട്രങ്ങളും ചിന്തിച്ചതേയില്ല.
ആൽഫ്രഡ് നോബൽ കണ്ടെത്തിയ ഡൈനാമിറ്റ് കിണർ കുഴിക്കാനായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീടത് ആയിരക്കണക്കിന് മനുഷ്യരെ കൊല്ലാനാണ് ഉപയോഗിച്ചത്. അത് ശാസ്ത്രത്തിൻ്റെ പിഴവല്ല. ആ ശാസ്ത്രം കൈകാര്യം ചെയ്ത മനുഷ്യൻ്റെ മാത്രം പിഴവാണ്. മനുഷ്യൻ്റെ മുൻഗണനകൾ മാറിയതിനുള്ള കൃത്യമായ ഉദാഹരണമായിരുന്നു അത്.
ശാസ്ത്രം എപ്പോഴും മുന്നോട്ടു തന്നെയാണ് സഞ്ചരിക്കുന്നത്. ആ സഞ്ചാരം അതിവേഗത്തിലും ആണ്. മനുഷ്യന് ഉൾക്കൊള്ളാൻ കഴിയാത്തത്ര വേഗത അതിനുണ്ടോ എന്നതും സംശയമാണ്.
ശാസ്ത്രത്തിൻ്റെ വളർച്ചയെ ശരിയായ രീതിയിൽ ഉൾക്കൊള്ളുകയും ഒപ്പം മാനവികതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു പുതിയലോകത്ത്, ഇനി ഒരു പുതിയ വൈറസ് ഉണ്ടാവുകയാണെങ്കിൽ കൂടി നമ്മൾ മനുഷ്യർ അത് അതിജീവിക്കും.