പുതുതലമുറയുടെ ശരിവഴികൾ
പല വിഷയങ്ങളിലും യുവ തലമുറ അത്രപോരാ എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. യാഥാർത്ഥ്യവുമായി അത്ര ബന്ധമൊന്നുമുള്ള അഭിപ്രായമല്ലിത്. ഈ അടുത്ത് നടന്ന ഒരു സംഭവമാണ് മനസിലേക്കോടിയെത്തുന്നത്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് അല്പം പുരാണം കൂടി അറിയണം. ഒരുപാട് പഴയതല്ല, ഒന്നുരണ്ട് വർഷം പിന്നിലേക്ക് പോയാൽ മതി.
2016 ജൂണിലായിരുന്നു ആരോ ഫോർവേഡ് ചെയ്ത് തന്ന ആ ഫോട്ടോ മൊബൈലിൽ കണ്ടത്. തൊണ്ടയിൽ വെളുത്ത ഒരു പാടയുമായി ഇരിക്കുന്ന ഒരു കുട്ടിയുടെ ഫോട്ടോ. അതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ രണ്ട് മെസേജുകൾ എത്തി. ഡിഫ്തീരിയ എന്ന രോഗം ബാധിച്ച് മരിച്ച കുഞ്ഞിനെ ചികിൽസിച്ച ഡോക്ടറുടെയും മരണം കാണേണ്ടിവന്ന ഹൗസ് സർജന്റെയും. വാക്സിനേഷൻ കൊണ്ട് തടയാൻ കഴിയുമായിരുന്ന, നമ്മൾ വരുതിയിലാക്കുന്നതിനോട് അടുത്തെത്തിയിരുന്ന ഡീഫ്തീരിയ എന്ന ഭീകരൻ അന്ന് അവിടെ ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെടുകയായിരുന്നു.
ദുരന്തങ്ങൾ ആകസ്മികമായി സംഭവിക്കുന്നതല്ല, ഇതും അങ്ങനെതന്നെ. അതറിയാൻ അല്പം പിന്നോട്ട് സഞ്ചരിക്കണം. എഴുപതുകളുടെ അവസാനം ദേശീയ രോഗപ്രതിരോധ കുത്തിവെപ്പുകൾ ഇവിടെ വന്നപ്പോ കേരളത്തിലെ ജനം അത് രണ്ടു കയ്യും കൂട്ടി സ്വീകരിച്ചു, സംശയത്തിന്റെ മുറുമുറുപ്പില്ലാതെ ജാതി മത വിശ്വാസ വിത്യാസം ഇല്ലാതെ. പിന്നെ വന്ന രണ്ടു പതിറ്റാണ്ടുകളിൽ അതിന്റെ ഗുണം കണ്ടു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ, നമ്മൾ ലക്ഷ്യം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ…. ഇവിടെ കൊന്നും കൊലവിളിച്ചും നടമാടിയിരുന്ന ഡിഫ്ത്തീരിയ, വില്ലൻ ചുമ, പോളിയോ എല്ലാം വിരലിൽ എണ്ണാവുന്ന അവസ്ഥയിൽ..
ബുദ്ധി കൂടി കുബുദ്ധി ആയതു കൊണ്ടാവാം, അല്ലെങ്കിൽ കൂടിയ അറിവുകേടുകൾ വിളമ്പിയ അതി ബുദ്ധിമാന്മാരുടെ പ്രവർത്തനം കൊണ്ടാവാം, കേരളക്കര നേടിയ നേട്ടങ്ങളിൽ നിന്ന് പതിയെ താഴോട്ട് പോയിത്തുടങ്ങി. നാഴികക്കല്ലുകൾ ആദ്യം പാകിയ ഇടതു നിന്ന് നീക്കി വെക്കേണ്ട വന്നു. മേലെ പറഞ്ഞ അസുഖങ്ങൾ ഒന്നൊന്നായി വീണ്ടും തലപൊക്കി. 2015 സെപ്റ്റംബറിൽ മലപ്പുറത്ത് രണ്ടു മരണം, നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ, കേരളത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട്. അന്നത്തെ വാർത്താ പ്രാധാന്യം കഴിഞ്ഞെല്ലാവരും മറന്ന കാര്യം. വീണ്ടും തല പൊക്കിയത് 2016 മെയ് ജൂൺ മാസങ്ങളിൽ. ഒന്നും രണ്ടുമല്ല, കേരളത്തെ ആകെ ഞെട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ഒരു കൊടുങ്കാറ്റു തന്നെയുണ്ടായി.
എന്തായിരുന്നു അന്ന് സംഭവിച്ചത് ?എന്തുകൊണ്ട് ? എന്തുകൊണ്ട് കുട്ടികളിൽ നിന്ന് വലിയവരിലേക്ക് ? ഒരുപാട് ചോദ്യങ്ങൾ അന്നുയർന്നു. ഉത്തരങ്ങൾ തുടങ്ങുന്നത് രണ്ട് വാക്കുകളിൽ നിന്നാണ്. “വാക്സിൻ വിരുദ്ധത”. കുറച്ച് വർഷങ്ങൾ മുൻപ് വരെ സംപൂർണ്ണ വാക്സിനേഷനിലേക്കടുക്കുന്ന സാഹചര്യമായിരുന്നു സംസ്ഥാനത്ത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ വിരുദ്ധരുടെ തെറ്റിദ്ധരിപ്പിക്കലിന്റെ ഫലമായി വാക്സിനേഷനുകൾ 70% കവറേജ് മാത്രമുള്ള അവസ്ഥ ഉണ്ടായി. അന്നത്തെ കുട്ടികൾ സ്വഭാവികമായി ഡിഫ്തീരിയയ്ക്കെതിരെ പ്രതിരോധശേഷി ഇല്ലാത്തവരായിരുന്നു. രോഗം പ്രത്യക്ഷപ്പെടാൻ അണു ശരീരത്തിൽ പ്രവേശിക്കാൻ കാത്തിരുന്നെന്ന് മാത്രം.
മലപ്പുറത്തുണ്ടായ തെറ്റിൽ നിന്ന് നമ്മൾ പാഠമുൾക്കൊണ്ടു. ദ്രുതഗതിയിൽ ആരോഗ്യരംഗം പ്രവർത്തിച്ചു. വാക്സിനേഷൻ കാമ്പെയിൻ രൂപം കൊണ്ടു. മാസങ്ങൾക്കുള്ളിൽ തന്നെ അവിടെ വാക്സിനേഷൻ നിരക്ക് 90% കടന്നു. പക്ഷേ ഒന്ന് ആലോചിച്ച് നോക്കൂ. ഏതാനും ചിലർ സ്വാർത്ഥ താല്പര്യത്തിനായി പ്രവർത്തിച്ചപ്പോൾ കേരളത്തിലെ മൂന്നോ നാലോ ജില്ലകളായിരുന്നു ഭീതിയിലാണ്ടത്. വാക്സിൻ പല മടങ്ങ് വേണ്ടിവന്നു. കൂടാതെ ടോക്സോയിഡ് അത്യാവശ്യമായി വന്നു. ചിലവ് പല മടങ്ങ് വർദ്ധിച്ചു. വിലപ്പെട്ട കുരുന്ന് ജീവനുകൾ ഇല്ലാതായപ്പോളാണിത് തിരിച്ചറിഞ്ഞതെന്ന് മാത്രം.
എല്ലാം വെറും 16 രൂപയുടെ വാക്സിൻ എടുക്കാതിരുന്നതിന്റെ പേരിൽ…
ഇപ്പൊഴും ചില പ്രശ്നങ്ങൾ നിലനിൽപ്പുണ്ട്. മുതിർന്നവർക്കും രോഗം ബാധിക്കുന്നതായി മലപ്പുറം നമ്മെ പഠിപ്പിച്ചു. അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ എളുപ്പമാണ്. പണ്ട്, ഡിഫ്തീരിയ ഇവിടെ ആനന്ദനടനം ആടിയ കാലത്ത് ചെറിയ കുട്ടികൾക്ക് വാക്സിന്റെയും അമ്മയുടെ പക്കൽ നിന്നുള്ള ആന്റിബോഡികളുടെയും സംരക്ഷണമുണ്ടായിരുന്നു. സമൂഹത്തിൽ നിന്ന് ഉണ്ടാകുന്ന ഇടയ്ക്കിടെയുള്ള രോഗാണുവിന്റെ സന്ദർശനം വാക്സിൻ സംരക്ഷണമുള്ളതുകൊണ്ട് രോഗമുണ്ടാക്കിയില്ലെങ്കിലും ആ ഇമ്യൂണിറ്റിയുടെ ഓർമ പുതുക്കിക്കൊണ്ടിരുന്നു.
പക്ഷേ ഇപ്പൊഴോ, മിക്കവരും അവസാന വാക്സിൻ എടുത്തത് വർഷങ്ങൾക്ക് മുൻപ് പത്ത് വയസുള്ളപ്പോഴായിരുന്നു. ഡിഫ്തീരിയയുടെ ബൂസ്റ്റർ ഡോസുകളോ സ്വഭാവികമായുണ്ടാകാനിടയുണ്ടായിരുന്ന അണുബാധകളോ ഇല്ലാത്തതുകൊണ്ട് വാക്സിൻ നൽകിയ ഓർമശക്തി ശരീരത്തിനുണ്ടാകാൻ ഇടയില്ലാത്ത അവസ്ഥ. ലോകാരോഗ്യസംഘടന അടക്കമുള്ളവരുടെ നിർദേശമുണ്ടായിട്ടും ഇപ്പൊഴും ഇന്ത്യയിൽ ഡിഫ്തീരിയയ്ക്ക് മുതിർന്നവരുടെ ഇടയിൽ വാക്സിനേഷൻ കാമ്പെയിനുകൾ ഇല്ല.
പുരാണം ഇവിടെ വച്ച് കഥയിലേക്ക് കയറുന്നു. കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജൻസ് അസോസിയേഷനിലും സ്റ്റുഡന്റ്സ് യൂണിയനിലുമുള്ള ഒരു പറ്റം യുവ ഡോക്ടർമാർ ഇറങ്ങിത്തിരിച്ചു, കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ പിന്തുണയോടെ. നാല് ദിവസം കൊണ്ട് ഏകദേശം 650 യുവ ഡോക്ടർമാർ Td വാക്സിൻ കുത്തിവയ്പ് സ്വീകരിച്ചു. രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ വാക്സിന്റെ ദൗർലഭ്യമുണ്ടായി, ആരോഗ്യപ്രവർത്തകർക്ക് പോലും കിട്ടാത്ത അവസ്ഥയായി. അങ്ങനെ ഒരു ദുർവിധിയുണ്ടാകാതിരിക്കാൻ, നെട്ടോട്ടമോടാതിരിക്കാൻ വിവേകമുള്ള കന്യകകളെപ്പോലെ അവർ വിളക്കിൽ എണ്ണ കരുതിവച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നമുക്ക് കാട്ടി തന്ന ഈ മാതൃക കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ഒരു മാതൃക ആകണം. ഓരോ അധ്യാപകനും രക്ഷിതാവും ചിന്തിക്കണം, കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ ചെയ്യാൻ പറ്റുന്ന ഇതിലും മികച്ച കാര്യം വേറെ ഉണ്ടോ എന്ന്. അതെ, കുട്ടികളിലൂടെ കേരളത്തിന്റെ ആരോഗ്യവും ആരോഗ്യ അവബോധവും വളർത്താൻ ശ്രമിക്കാം. നമ്മുടെ കുട്ടികളുടെ വിലമതിക്കാനാവാത്ത ആരോഗ്യവും ജീവനും നിലനിർത്താൻ കേരളം മുഴുവൻ പടർന്നുപിടിക്കണം, ഏറ്റെടുക്കണം ഈ മാതൃക.
ഇവിടെ യുവാക്കൾ മുതിർന്നവർക്ക് മാതൃകയാകുന്നു; തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ, സംഭവിച്ചുപോയവ തിരുത്താൻ. ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച അശാസ്ത്രീയ ലേഖനങ്ങളും നവ മാധ്യങ്ങളിലൂടെ പ്രചരിക്കുന്ന വാലും തലയുമില്ലാത്ത അസത്യ സന്ദേശങ്ങളും നമുക്കവഗണിക്കാം. നമുക്കീ വഴിയിലൂടെ സഞ്ചരിക്കാം, കോട്ടയം മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും മെഡിക്കൽ വിദ്യാർത്ഥികളും സഞ്ചരിച്ച വഴിയിലൂടെ.
“കേരളം പിന്തുടരേണ്ട മാതൃക, വഴികാട്ടുന്ന യുവാക്കളോടൊപ്പം”